തര്‍ജ്ജനി

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മാത്തൂര്‍ തപാല്‍
പത്തനംതിട്ട.

ഫോണ്‍: 09313383690

Visit Home Page ...

കവിത

ഫോസ്സില്‍

നിലവിളികളുടെ ഇടയിലൂടെ
എരിയുന്നതു കണ്ടു, എന്റെ
ഇന്ത്യയുടെ തിരുഹൃദയം.

ദണ്ഡനങ്ങളുടെ ബാക്കിപത്ര-
മിപ്പൊഴുമൊളിഞ്ഞും തെളിഞ്ഞും
പിച്ചിച്ചീന്തപ്പെടുന്നുണ്ടു്- ഒഴുക്കു്
അടിക്കും വഴിയെ ഞാനോട്ടമാണു്‌,
മെഴുക്കടിഞ്ഞ നിലത്തിന്നടിയില്‍
ഒരു ഞരക്കം- വരഞ്ഞു നോക്കുമ്പോള്‍
കിടക്കുന്നെന്റെ ഫോസ്സില്‍!!
ഞാനൊരിക്കല്‍ ജീവിച്ചിരുന്നു,
തോക്കിനു നേരെ തിരിഞ്ഞിരുന്നു!!

പൊലിഞ്ഞുപോയൊരു തിരയുടെ വെണ്‍-
പൊഴികളില്‍ നിന്നൊരാരവം
പതിഞ്ഞുകേട്ടു - എനിക്കൊരിക്കല്‍
ശബ്ദവും സ്പന്ദവുമുണ്ടായിരുന്നു..
ചിപ്പികളില്‍ തുരന്നിറങ്ങി
ഉണര്‍ത്തുപാട്ടുപാടാനൂറ്റമുള്ളൊരു
പൊള്ളുംപാട്ടിന്‍ ശ്രതിയുണ്ടായിരുന്നു...
പട്ടമുണ്ടായിരുന്നുയരങ്ങളുടെ
ഉള്ളില്‍ചെന്നു തെരുതെരെയുരുമ്മാന്‍,
ചോരകണ്ടാല്‍ മയക്കവും,
ചോരനല്കാന്‍ തിടുക്കവുമുള്ളവന്‍,
ഞാനൊരിക്കല്‍ ജീവിച്ചിരുന്നു.....

ചിറകടികളിലോരോന്നിലും നിന്റെ
വിളിവിവരമറിയിപ്പായുണ്ടു്- ഒടുവില്‍
ഒറ്റയായൊരമ്മയെന്‍ കൂരയിലുമുണ്ടു്‌...
വിറകൈകളില്‍, ചോര വറ്റും ചര്‍മ്മ
ഞൊറിവുകളിലിനിയുമൊരു മകനേ വിളി....

മണ്ണേ, ഇതു നിന്‍ മകനല്ല;
അവന്‍ ദശാബ്ദങ്ങള്‍ക്കു മുമ്പേ
പിറവിയെടുത്തു്, ഉയിരു കൊടുത്തവന്‍,
അവന്റ ഫോസിലാണു ഞാന്‍,
അനക്കമേയുള്ളു, അധികമൊന്നുമില്ലാ-
നിനക്കിനിയാശ വയ്‌ക്കാന്‍..!

Subscribe Tharjani |