തര്‍ജ്ജനി

മുഖമൊഴി

നീതിമാന്മാരുടെ പ്രതിസന്ധി

ഈ കപടലോകത്തില്‍ എന്‍ കാപട്യം ഏവരും കാണ്മതാണെന്‍ പരാജയം എന്നു് കാല്പനികകവിയെ തിരുത്തിയെഴുതിയതു് കുഞ്ഞുണ്ണി എന്ന ആധുനികകവി. ഫലിതത്തിനും തിരുത്തിയെഴുതലിനുമപ്പുറം കാപട്യത്തിന്റെ സര്‍വ്വംകഷമായ അവസ്ഥ തന്നെയാണു് ഇതില്‍ പ്രതിപാദിക്കപ്പെട്ടതെന്നു് പറയാതിരിക്കാനാവില്ല. സ്വാതന്ത്ര്യസമരകാലത്തെ ത്യാഗവും സഹനവും മൂല്യങ്ങളുമെല്ലാം പൊതുജീവിതത്തില്‍ നിന്നും മാഞ്ഞുപോവുകയാണു് എന്ന കാല്പനികവിഷാദം യാഥാര്‍ത്ഥ്യവുമായി ഭാഗികമായി മാത്രമേ പൊരുത്തപ്പെടുന്നുള്ളൂ. എല്ലാ കാലത്തും പൊതുജീവിതത്തിന്റെ തലപ്പത്തു്, അധികാരത്തിന്റെ ഇടനാഴികളില്‍ വ്യക്തിതാല്പര്യങ്ങളും പക്ഷപാതവും സജീവമായിരുന്നു. പക്ഷെ മാദ്ധ്യമങ്ങളിലൂടെ അതു് വാര്‍ത്തകളായി പുറത്തു വരികയും അക്ഷരാഭ്യാസം നേടിയവരെല്ലാം വായിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നില്ല. കോഴയ്ക്കു് വിലപേശുന്നതിന്റേയും രഹസ്യ ഇടപാടുകള്‍ ഉറപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ടെലിവിഷന്‍ ഒളിക്യാമറകള്‍ ഇന്നു് നമ്മുക്കു് മുന്നിലെത്തിക്കുന്നു. ജനാധിപത്യത്തിന്റെ പരമോന്നതവേദിയില്‍ കോടിക്കണക്കിനു് രൂപയുമായി കടന്നെത്തി കൂറുമാറാന്‍ തന്ന കൈക്കൂലിയാണിതെന്നു് ലോകസഭാസാമാജികര്‍ പറയുന്നതു് വിശ്വാസവോട്ടെടുപ്പിനിടയിലെ നാടകീയ മുഹൂര്‍ത്തമായി നാടൊട്ടുക്കുമുള്ള ജനങ്ങള്‍ കണ്ടു. പക്ഷെ ആരും അതു് കണ്ടു് നടുങ്ങിയിരിക്കാനിടയില്ല. സംഭവിക്കാവുന്നതു് എന്തെല്ലാം എന്നതിനെക്കുറിച്ചുള്ള പൊതുബോധത്തിന്റെ പരിധിക്കു പുറത്തല്ല ഇതൊന്നും എന്നതു തന്നെ കാര്യം.

നീതിരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കു് പൊതുസമൂഹത്തില്‍ സാധൂകരണം സൃഷ്ടിച്ചെടുക്കുന്നതില്‍ ഏറ്റവും മികച്ച പങ്കു് വഹിക്കുന്നതു് രാഷ്ട്രീയക്കാരാണു്. ആരോപണമാണു് രാഷ്ട്രീയത്തിലെ കാര്യപരിപാടി. എതിരാളിക്കു നേരെ ഉന്നയിക്കാവുന്ന ആരോപണങ്ങള്‍ ഉന്നയിക്കുക. അന്വേഷണം വേണമെന്നു് ആവശ്യപ്പെടുക. അന്വേഷണം തന്റെ താല്പര്യത്തിനു് പാകത്തിലല്ലെങ്കില്‍ പക്ഷപാതപരമെന്നു പറയുക. ഇതൊക്കെയാണു് തങ്ങളുടെ പണിയെന്നു കരുതുന്നവരാണു് രാഷ്ട്രീയപ്രവര്‍ത്തകര്‍. ഏതെങ്കിലും ആദര്‍ശാത്മകമായ നിലപാടില്‍ നിന്നല്ല അവര്‍ ഇങ്ങനെ ചെയ്യുന്നതു് എന്നറിയാന്‍ ആരോപണം ഉന്നയിക്കുന്നവരുടെ പൂര്‍വ്വചരിത്രം സഹായകമാണു്. ചേരിതിരിഞ്ഞു് നടത്തുന്ന ആരോപണപ്രത്യാരോപണങ്ങള്‍ എല്ലാ ദിവസവും സ്ഥലം നിറയ്ക്കാന്‍ പത്രക്കാരെ സഹായിക്കുന്നു. രാഷ്ട്രീയക്കാരുടെ കഴമ്പില്ലാത്ത പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കില്ല എന്നു തീരുമാനിച്ചാല്‍ പത്രങ്ങള്‍ ഒന്നോ രണ്ടോ പുറം മാത്രമായി ചുരുങ്ങും. അത്രയും കടലാസ് ലാഭിക്കാം. കടലാസ് നിര്‍മ്മിക്കാനായി വെട്ടുന്ന മരങ്ങള്‍ രക്ഷപ്പെടും. പാരിസ്ഥിതികമായ പ്രാധാന്യം അങ്ങനെയൊരു തീരുമാനത്തിനു് കൈവരും എന്നു സംശയിക്കേണ്ടതില്ല.

പൊതുജീവിതത്തില്‍ നൈതികത നഷ്ടമാകുന്നുവെന്നതു് ഒരു സമകാലികപ്രതിഭാസമല്ല. അതു് സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമാണു്. പൊതുജനങ്ങള്‍ അതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നുവെന്നതാണു് ഇതിലെ പുതിയ കാര്യം. വാര്‍ത്താമാദ്ധ്യമങ്ങള്‍ സാര്‍വ്വത്രികമായതിനാലും വിവരങ്ങള്‍ ജനങ്ങളിലേക്കു് എത്തുന്നുവെന്നതിനാലും സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും എല്ലാവരും അറിയുന്നു. ഓരോ പ്രശ്‌നത്തിന്റേയും വിശകലനം മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും എങ്ങനെ നിര്‍വ്വഹിക്കുന്നുവെന്നു് ജനസാമാന്യത്തിനറിയാം. അതിനാല്‍ ഒരു കഥയുടെ തുമ്പില്‍ നിന്നു് ബാക്കി വികസിപ്പിച്ചെടുക്കുവാനും സ്വന്തം നിഗമനങ്ങളിലെത്തിച്ചേരാനും സാധിക്കുന്നവരാണു് ഇന്നത്തെ പൊതുസമൂഹത്തിലെ അംഗങ്ങള്‍. അവരുടെ മുന്നില്‍ ആരോപണം നിഷേധിച്ചിട്ടോ പ്രത്യാരോപണം ഉന്നയിച്ചിട്ടോ വിശേഷിച്ചു് നേട്ടമൊന്നുമില്ല, തല്ക്കാലം നാണക്കേടു് മറച്ചുപിടിക്കാമെന്നേയുള്ളൂ.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു പറഞ്ഞാല്‍ ആരും കല്ലെറിയാന്‍ കാണില്ല എന്നു ബൈബിള്‍ക്കാലം മുതല്‍ നമ്മുക്കറിയാവുന്നതാണു്. ആരോപണപ്രത്യാരോപണങ്ങളെക്കാള്‍ കുറ്റകൃത്യത്തിനു് നിയമവിധേയമായ ശിക്ഷയാണു് വേണ്ടതു്. കുറ്റകൃത്യം രാഷ്ട്രീയക്കാരന്‍ ചെയ്താല്‍ അതു് രാഷ്ട്രീയപ്രശ്‌നമാകുന്നതും പുരോഹിതന്‍ ചെയ്താല്‍ വിശ്വാസത്തിന്റെ പ്രശ്‌നം ആവുകയും ചെയ്യുന്ന വിചിത്രയുക്തിയാണു് ഇന്നു് നമ്മുടെ നാട്ടിലെ പുതുവിശേഷം. ക്രിമിനല്‍ കുറ്റം ആരു ചെയ്താലും കുറ്റമല്ലാതാകുന്നില്ല. കുറ്റവാളികള്‍ നീതിയുടെ മുന്നില്‍ സവിശേഷപരിഗണന ലഭിക്കേണ്ടവരല്ല. അതിനാല്‍ നീതിയുടെ കുറ്റമറ്റ നിര്‍വ്വഹണമാണു് വേണ്ടതു്. ശിക്ഷയില്‍ നിന്നു് പ്രാര്‍ത്ഥനകൊണ്ടു് രക്ഷപ്പെടാമെങ്കില്‍ പുരോഹിതര്‍ പ്രാര്‍ത്ഥിക്കട്ടെ. പ്രത്യയശാസ്ത്രവിശകലനം കൊണ്ടു് പരിഹാരമാകുമെങ്കില്‍ രാഷ്ട്രീയക്കാര്‍ വിശകലനം നടത്തട്ടെ.

Subscribe Tharjani |