തര്‍ജ്ജനി

രാജേഷ് ആര്‍ വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കവിത

ആശ്രാമത്തെ മരങ്ങള്‍ *

ആശ്രാമത്തെ വഴിമരങ്ങള്‍
രാത്രിയാത്രക്കാരുടെ തലകളിലേക്കു കാഷ്ഠിക്കുന്നു.

മൂടല്‍ മഞ്ഞില്‍ മുങ്ങിക്കിടക്കുന്ന മൈതാനത്തിനപ്പുറത്ത്‌
സ്വീകരണമുറികളിലെ നീര്‍ച്ചുഴികളിലേക്കു
വിരുന്നുണ്ണാന്‍ പോകുന്നവരുടെ തലകളിലേക്ക്‌,
വാരിക്കൂട്ടിയ ചൂതുപടവും കരുക്കളും നാണയങ്ങളുമായി
ഇനിയുമൊരു യുദ്ധത്തിലേക്കു
പലായനം ചെയ്യുന്നവരുടെ തലകളിലേക്ക്‌,
ആശ്രാമത്തെ ബോധിമരങ്ങള്‍
രാത്രിയാത്രക്കാരുടെ തലകളിലേക്കു കാഷ്ഠിക്കുന്നു.

തലച്ചോറു നിറയെ ഉറുമ്പിന്‍ മുട്ടകളുമായി
നിദ്രാടനം ചെയ്യുന്നവരെ
അവിശുദ്ധസ്പര്‍ശത്താല്‍ വിളിച്ചുണര്‍ത്തി
അവ ചോദിക്കുന്നു:
മൂഢാ, നീ ആരാണെന്നോര്‍മ്മയുണ്ടോ?
നിന്റേതല്ലാത്ത ഈ വഴികളിലൂടെ നീ എവിടേക്കു പോകുന്നു?
പാര്‍ത്തിരിക്കുന്നവരെയും പതിയിരിക്കുന്നവരെയും മറന്ന്‌,
നിന്റെ കൈത്തണ്ടയിലെ ഈ പിഴച്ച സമയവുമായി
നീ ഏത്‌ അശുഭദശയിലേക്കു പോകുന്നു?

ശൂന്യമായി മിഴിച്ചു നോക്കി,
തലയിലെഴുത്തു തലോടി,
ഭൂരിപക്ഷം പേരും യാത്രതുടരുന്നു.
ചുരുക്കം ചിലരാകട്ടെ,
ശിരസ്സില്‍ ഉണങ്ങാത്ത ഒരു വ്രണവുമായി
ശിഷ്ടകാലം ചരിക്കുകയും
ഒടുക്കം
തണല്‍മരങ്ങളായി പുനര്‍ജ്ജനിക്കുകയും ചെയ്യുന്നു.

* കൊല്ലത്ത്‌ ആശ്രാമം മൈതാനത്തിനു ചുറ്റും പക്ഷികള്‍ ചേക്കേറുന്ന മരങ്ങള്‍

Subscribe Tharjani |