തര്‍ജ്ജനി

ആര്യ അല്‍ഫോണ്‍സ്

ഫ്ലാറ്റ് E3, പി. ആര്‍. എസ്. കോര്‍ട്ട്, അംബുജവിലാസം റോഡ്, സ്റ്റാച്ച്യൂ, തിരുവനന്തപുരം

ഇ-മെയില്‍: aryaalphonse@gmail.com

വെബ്: www.geocities.com/aryadayalam

Visit Home Page ...

കവിത

റെസ്റ്റൊറന്റ്‌


ഞാന്‍ പോകുന്നത്‌

നീ കണ്ടില്ല.

അതോ നീ പോയത്‌

ഞാന്‍ കാണാഞ്ഞതാണോ

ആരാണ്‌ ഇപ്പോഴിവിടെ ഇരിക്കുന്നത്‌

നമ്മള്‍ ഇപ്പോള്‍ എവിടെയാണ്‌ ?

ആരാണ്‌ പാടുന്നത്‌

പറയൂ

ഈ റെസ്റ്റൊറന്റിന്റെ ഉള്ളില്‍ നിന്നാണോ ?

അതോ ആ കടല്‍ക്കരയില്‍ നിന്നോ

ഓ ഇതു റെക്കോഡാണ്‌

എനിക്കോര്‍മ്മയുണ്ട്‌

നമ്മള്‍ പണ്ടു കണ്ടുമുട്ടുമ്പൊഴൊക്കെ

ഇത്‌ കേള്‍ക്കാറുണ്ടായിരുന്നു.

നീ ഇപ്പോള്‍ എവിടെയാണ്‌ ?

ഭയപ്പെടേണ്ട.

പണ്ടത്തെപ്പോലെ

തിരക്കുപിടിച്ച റോഡു മുറിച്ചുകടന്ന്‌

പ്രിയപ്പെട്ടവളേ എന്ന്‌ വിളിച്ച്‌

ധൃതിയില്‍ നിന്റെ മുറിയിലേക്ക്‌

ഞാന്‍ ഓടിക്കയറുകയൊന്നുമില്ല

ഭയപ്പെടേണ്ട.

ഈ നശിച്ച തലവേദന

എന്നെ കൊന്നുകൊണ്ടിരിക്കുകയാണ്‌.

നീ എപ്പോഴെങ്കിലും

ഇവിടെത്തെക്കുറിച്ചൊക്കെ ഓര്‍ക്കാറുണ്ടോ ?

ഇവിടത്തെ വിളമ്പുകാരെക്കുറിച്ച്‌

അന്നൊക്കെ നീയില്ലാതെ

കൂട്ടുകാരുമൊത്ത്‌ വന്നാല്‍

എന്നോട്‌ ചിരിക്കില്ലായിരുന്നു അവര്‍

ഇപ്പോള്‍ നീ ഏതു റെസ്റ്റോറന്റുകളിലാണ്‌ പോകാറ്‌

അവിടത്തെ വിളമ്പുകാര്‍

നിന്നെ ഓര്‍മ്മിക്കാറുണ്ടോ ?

പിന്നെ

ഒരു വിധത്തില്‍ പറഞ്ഞാല്‍

റസ്റ്റൊറന്റുകള്‍

ഇടയ്ക്ക്‌ മാറുന്നതുതന്നെയാണ്‌

നല്ലത്‌

പക്ഷേ, അന്ന്‌

ഇവിടെ നിന്ന്‌ ആദ്യം പോയത്‌

ആരായിരുന്നു ?

ഞാനായിരുന്നില്ല

പ്രിയപ്പെട്ടവളെ..

Subscribe Tharjani |