തര്‍ജ്ജനി

ശിവകുമാര്‍ ആര്‍ പി

ഫോണ്‍: 9447761425

ഇ-മെയില്‍: sivanrp@rediffmail.com

Visit Home Page ...

സിനിമ

ചിത്രമേളയ്ക്കു തിരി തെളിയുമ്പോള്‍

മലയാളിയുടെ കാഴ്ചവട്ടങ്ങളെ പൊലിപ്പിച്ചെടുക്കുന്നതില്‍ നമ്മുടെ ഫിലിം സൊസൈറ്റികള്‍ വഹിച്ച പങ്ക് ചെറുതല്ല. എഴുപതുകളില്‍ കേരളത്തിലാരംഭിച്ച സമാന്തര നവീന സിനിമാ സംരംഭങ്ങള്‍ക്കും അതിനും മുന്നേ അവയ്ക്കു വഴിയൊരുക്കിക്കൊണ്ട് പാരമ്പര്യവഴിയില്‍ മിന്നിത്തിളങ്ങിയ ചില ചലച്ചിത്രനിര്‍മ്മാണങ്ങള്‍ക്കും പിന്നില്‍ ശക്തിസ്രോതസ്സായി നിലക്കൊണ്ടത് ദൃശ്യപരിചരണത്തിലും ലോകാവബോധത്തിലും ലോകസിനിമ ആവിഷ്കരിച്ച കാലാതിവര്‍ത്തിയായ മിന്നിച്ചകള്‍ പിടിച്ചെടുത്ത ചില കണ്‍‌വഴികളാണ്. അതൊകൊണ്ട് മലയാള സിനിമയുടെ പുഷ്കല കാലത്തെയും അപചയ കാലത്തെയും കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി അന്വേഷിക്കാവുന്നതാണ്. പരസ്യപ്പലകകളും അതിമാനുഷന്മാരുമായി നമ്മുടെ ചലച്ചിത്ര കഥാപാത്രങ്ങള്‍ വഴിമാറിച്ചവിട്ടിയതിനു്, സമൂഹത്തിന്റെ ദൃശ്യാവബോധപരമായ ഉദാസീനതയ്ക്കു കാര്യമായ പങ്കുണ്ട്. ഇതേ ഉദാസീനതയാണ് ആര്‍ട്ട് -എന്നും ജനപ്രിയമെന്നും ചലച്ചിത്രങ്ങള്‍ രണ്ടായി പിരിച്ചു നിര്‍ത്തി സമൂഹത്തെ പിന്നിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്നത്.

കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം ചലച്ചിത്ര സംഘങ്ങള്‍ വീണ്ടും സജീവമാവുകയാണ്. ചലച്ചിത്ര അക്കാദമി നേതൃത്വം നല്‍കി സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള, ഇന്ത്യന്‍ ഫിലിം ഫെസ്റ്റുകളെക്കാള്‍ ശ്രദ്ധപിടിച്ചു പറ്റി കഴിഞ്ഞിട്ടുണ്ട്. ഒപ്പം നിരവധി ചലച്ചിത്രപ്രേമികളുടെ സംഘങ്ങള്‍ അനുബന്ധമേളകളുമായി രംഗത്തുണ്ട്. തിരുവനന്തപുരത്തിനു പുറമേ തൃശ്ശൂരും കോഴിക്കോടും കല്‍പ്പറ്റയിലും പ്രാദേശിക ഫിലിം സംഘങ്ങള്‍ നടത്തുന്ന ചലച്ചിത്രോത്സവങ്ങള്‍ ശ്രദ്ധേയമാണ്. ഡിജിറ്റല്‍ രംഗത്തു് കുറഞ്ഞകാലം കൊണ്ടുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ ചലച്ചിത്രങ്ങളുടെ നിര്‍മ്മാണത്തിലും പ്രദര്‍ശനത്തിലും സൃഷ്ടിച്ച കുതിച്ചുച്ചാട്ടം ലോകക്ലാസിക്കുകളെ ഏതു സാധാരണക്കാരന്റെയും കൈപ്പിടിയിലാക്കി തീര്‍ത്തിരിക്കുന്നു എന്നു തന്നെ പറയാം. സമൂഹത്തിന്റെ സ്വപ്നം എന്ന നിലവിട്ട് അസ്തിത്വത്തിന്റെ നേര്‍ക്കാഴ്ചകളും രാഷ്ട്രീയ കാലാവസ്ഥകളുടെ വിശകലനവുമായി സിനിമകള്‍ ഭൂമിയിലേയ്ക്ക് കൂടുതല്‍ ഇറങ്ങി വന്നിരിക്കുന്നു. എങ്കില്‍ പോലും സിനിമാനുഭവം ഒരു സാമൂഹികാനുഭവം ആണ്. വ്യത്യസ്ത സാഹചര്യങ്ങളിലെ സമൂഹത്തെ കാലത്തില്‍ പണിയുന്നു എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല, കൂട്ടായ ആസ്വാദനത്തിന്റെ ചില മൂലകങ്ങള്‍ അതില്‍ കൂടിക്കലരുന്നു എന്നതുകൊണ്ടും കൂടി. ഡി വി ഡികളുടെയും സി ഡി കളുടെയും വരവോടെ വ്യക്തിഗത സിനിമാനുഭവങ്ങള്‍ എന്ന സങ്കല്‍പ്പത്തിനു നിറച്ചാര്‍ത്തു ലഭിച്ചു കഴിഞ്ഞെങ്കിലും ഫിലിമോത്സവങ്ങളുടെ പ്രസക്തി തീരെ വരണ്ടു പോകുന്നില്ല. കൂട്ടങ്ങള്‍ തെരെഞ്ഞെടുക്കുന്ന സിനിമകള്‍ കൂട്ടങ്ങളായി ആസ്വദിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ’കാര്‍ണിവല്‍’ സന്നിഹിതമാവുന്നുണ്ട്.

തിരുവനന്തപുരത്തെ പ്രമുഖ ഫിലിം സൊസൈറ്റികളിലൊന്നായ ‘ഫില്‍ക്ക’ (Film Lovers Cultural Association)യുടെ ഏഴാമതു അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയ്ക്ക് അരങ്ങൊരുക്കുമ്പോള്‍ ഈ വക ചിന്തകള്‍ക്ക് പ്രസക്തിയുണ്ടെന്നു തോന്നുന്നു. ഫിലിം അക്കാദമി സംഘടിപ്പിച്ച പതിനൊന്നാമത് ചലച്ചിത്രോത്സവത്തിനും ‘ചലച്ചിത്ര‘ യുടെ ഇന്ത്യന്‍ ക്ലാസ്സിക്കുകളുടെ പനോരമയ്ക്കും കെസ്ലോവ്സ്കി ചലച്ചിത്രമേളയ്ക്കും പിന്നാലെയാണ് ഈ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വരവ്. അതുകൊണ്ട് വ്യത്യസ്തകള്‍ക്ക് സംഘാടകര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. മെയ് 4 മുതല്‍ 10 വരെ തിരുവനന്തപുരത്തെ കലാഭവന്‍ തിയേറ്ററിലാണ് മേള നടക്കുക. ദിവസം അഞ്ചു പ്രദര്‍ശനങ്ങള്‍ വീതം ഏഴു ദിവസത്തെ ഉത്സവം. ദിവസവും സിനിമാ സംബന്ധിയായ ചര്‍ച്ചകളും സംവിധായകരും സിനിമകളുടെ അണിയറ പ്രവര്‍ത്തകരുമായി മുഖാമുഖവും ഉണ്ടാവും. പൂന നാഷണല്‍ ഫിലിം ആര്‍ക്കൈവ്, കേരള സര്‍ക്കാരിന്റെ സംസ്കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റികളുടെ ഫെഡറേഷന്‍ എന്നിവര്‍ ഇത്തവണത്തെ മേളയില്‍ സഹകരിക്കുന്നുണ്ട്.

രാജ്യ പരിഗണനാ വിഭാഗത്തില്‍ (Country Focus) ഇത്തവണ ചെക്കോസ്ലോവാക്യയാണ്. കാറല്‍ സെമാന്‍ സംവിധാനം ചെയ്ത യുദ്ധവിരുദ്ധ സിനിമയായ A Jester's Tale, ജെറി മിന്‍സെലിന്റെ Closely Guarded Trains, ഇവാന്‍ പാസ്സറുടെ Intimate Lighting, ഒറ്റാകര്‍ വാവ്‌രയുടെ Romance for the bugle, യുവ ദമ്പതികളുടെ സങ്കീര്‍ണ്ണമായ ജീവിത കഥ അവതരിപ്പിക്കുന്ന, ജെറൊമില്‍ ജിറെസിന്റെ The Cry, Valerie and Her week of Wonders, One flew over cockoo's nest-ലൂടെ ലോക പ്രസിദ്ധനായ മിലോസ് ഫോര്‍മാന്റെ A Blonde's Love എന്നിവയാണ് ഈ ഗണത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങള്‍. ചെക്കോസ്ലൊവാക്യന്‍ ന്യൂ വേവ് ചലച്ചിത്രങ്ങളില്‍പ്പെടുന്നവയാണ് ചിത്രങ്ങളെല്ലാം.

റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഇംഗ്‌മര്‍ ബെര്‍ഗ്‌മാന്റെ Cries and Whispers, Seventh Seal, Silence, So close to Life, The Rite, Through a Glass Darkly, Wild Strawberries എന്നീ ചിത്രങ്ങളാണുള്ളത്. എത്ര കണ്ടാലും കൂടുതല്‍ ചിന്തിക്കാനും ഒന്നുകൂടി കാണാനും പ്രേരിപ്പിക്കുന്ന കലാപരത ബെര്‍ഗ്മാന്‍ ചിത്രങ്ങള്‍ക്കുണ്ട്. മണ്‍ മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്കുള്ള ആദരാഞ്ജലിയായി ഹൃഷികേശ് മുക്കര്‍ജിയുടെ ‘അനുരാധ’ പി ഭാസ്കരന്റെ ‘ഇരുട്ടിന്റെ ആത്മാവ്’ നൌഷാദിന്റെ ‘രത്തന്‍’ പദ്മിനിയുടെ ‘സ്നേഹസീമ’ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 1944-ല്‍ പുറത്തിറങ്ങിയ ‘രത്തന്‍’ സംഗീതവില്പനയുടെ കാര്യത്തില്‍ എല്ലാ റിക്കോര്‍ഡുകളും ഭേദിച്ച ആദ്യ ഇന്ത്യന്‍ചിത്രമാണ്.

അരുണാചലിലെ പ്രാദേശികഭാഷയായ സോന്‍പയില്‍ നിര്‍മ്മിച്ച ‘സോനം’ ഹോമി അഡാജനിയ സംവിധാനം ചെയ്ത സൈഫ് അലി ഖാന്റെ ആദ്യ ഇംഗ്ലീഷ് ചലച്ചിത്രം ‘ബീയിംഗ് സൈറസ്’ എന്നിവ സമകാലിക ഭാരതീയ സിനിമ വിഭാഗത്തിലെ മുഖ്യാകര്‍ഷണങ്ങളാണ്. സീനത്ത് എന്നും മീര എന്നും പേരുള്ള രണ്ടു സ്ത്രീകളുടെ കഥ പറയുന്ന, നാഗേഷ് കുക്കുനൂറിന്റെ ‘ഡോര്‍’ പ്രണയവും സൌഹൃദവും നഷ്ടബോധവും മുഖ്യപ്രമേയമാക്കുന്നു. സൌത്ത് കൊറിയയിലെ പുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച, മലയാളിയായ ബിജു വിശ്വനാഥ് സംവിധാനം ചെയ്ത സിനിമയാണ് ‘മഹോത്സവ്’. ‘ദെജാ-വു’ എന്ന ആദ്യ ചിത്രം കൊണ്ടു തന്നെ പ്രസിദ്ധനായ വ്യക്തിയാണ് ബിജു. ലൊക്കാര്‍ണൊ ഫെസ്റ്റില്‍ പ്രത്യേക പരാമര്‍ശം നേടിയ ചിത്രമാണ് ബ്രിട്ടീഷ് അഭിനേതാക്കള്‍ അഭിനയിച്ച ‘ദെജാ-വൂ’. എം. ടി വാസുദേവന്‍ നായരെക്കുറിച്ചുള്ള ചിത്രത്തിന് ബിജുവിന് ദേശീയ പുരസ്കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചു. മുംബായ് നഗരത്തിലെ രണ്ടു തലങ്ങളിലുള്ള ജീവിതങ്ങളെ സമാന്തരമായി ചിത്രീകരിക്കുന്ന മിലന്‍ ലുതറിയായുടെ ‘ടാക്സി 9211‘ മധുര്‍ ഭണ്ഡാര്‍ക്കറുടെ ‘ട്രാഫിക് സിഗ്നല്‍’ കോര്‍പ്പറേറ്റ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

ജോണ്‍ ലെസെറ്റര്‍ സംവിധാനം ചെയ്ത മുഴുനീള ആനിമേഷന്‍ ചിത്രം ‘കാറുകള്‍’ ജീവിതത്തിന്റെ പലഭാഗങ്ങള്‍ ഫോര്‍വേഡ് ചെയ്യാനും റീവൈന്‍ഡ് ചെയ്യാനും സഹായിക്കുന്ന ഒരു റിമോട്ട് കണ്ട്രോള്‍ കണ്ടുപിടിക്കുന്ന മനുഷ്യന്റെ കഥ പറയുന്ന ‘ക്ലിക്ക്’ (സംവിധാനം ഫ്രാങ്ക് കൊറാസി) ഗബ്രിയെല മുസിനോയുടെ ‘ഇന്‍ പെര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്” എന്നിവ ലോക സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആനന്ദ ഭൈരവി, അതിഥി, ദൃഷ്ടാന്തം, ഏകാന്തം, കറുത്തപക്ഷികള്‍, പുലിജന്മം, രാത്രിമഴ, തകരച്ചെണ്ട എന്നീ ചിത്രങ്ങളാണ് മലയാള വിഭാഗത്തിലുള്ളത്.

സിനിമകള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക പാസ് സൌകര്യം സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe Tharjani |
Submitted by Sivan on Tue, 2007-04-24 13:20.

മുന്‍ നിശ്ചയിച്ചതില്‍ നിന്നും ചിലമാറ്റങ്ങള്‍ ഷെഡ്യൂളില്‍ വരുത്തിയതായി സംഘാടകര്‍ അറിയിക്കുന്നു.
ലോകസിനിമ ഇന്ന് വിഭാഗത്തിലെ ‘പെര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്സും’ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലെ ‘സോനമും’ ഒഴിവാക്കിയിട്ടുണ്ട്. ആദരാഞ്ജലി വിഭാഗത്തില്‍ ‘ദൈവത്തിന്റെ വികൃതികള്‍’ (ശ്രീവിദ്യ) ‘രാരിച്ചന്‍ എന്ന പൌരന്‍’(പി. ഭാസ്കരന്‍) ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’(പദ്മിനി) എന്നിവ പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. പുതിയ ഇറാനിയന്‍ സിനിമകളുടെ വിഭാഗമാണ് മറ്റൊരാകര്‍ഷണം. ദാരിയൂഷ് മെഹ്രുജിയുടെ ‘മാമാ’സ് ഗസ്റ്റ് എന്ന് പ്രസിദ്ധമായ ചിത്രത്തിനൊപ്പം ലൌ വിത്തൌട്ട് ബൌണ്ടറീസ്, ഇന്‍സെക്ട്സ് ഫ്ലൂ എവേ, പോയറ്റ്സ് ഓഫ് വേയ്സ്, വെറ്റ് ഡ്രീം എന്നിവയാണ്` പുതുതായി ഉള്‍പ്പെടുത്തിയ ഇറാനിയന്‍ പാക്കേജിലെ ചിത്രങ്ങള്‍.

ഫില്‍ക്ക സെക്രട്ടറി ഡോ. എം കെ പി നായര്‍ അറിയിച്ചതാണ് ഈ വിവരം.