തര്‍ജ്ജനി

സുബൈര്‍ തുഖ്ബ

Visit Home Page ...

സാമൂഹികം

ചരിത്രം ഉറഞ്ഞുപോയവര്‍

മനുഷ്യന്റെ ഉത്ഭവത്തെപ്പറ്റി വ്യത്യസ്തമായ നിഗമനങ്ങള്‍ ഇന്നും നില നില്ക്കുന്നുണ്ട്‌. അവയില്‍ പ്രബലമായതാണ്‌ സൃഷ്ടിവാദവും പരിണാമവാദവും. ഇവയില്‍ ശരിയേത്‌ തെറ്റേത്‌ എന്ന തര്‍ക്കം ഇവിടെ ഉദിക്കുന്നില്ല. ഇവ രണ്ടും പരസ്പരവിരുദ്ധങ്ങളാണെങ്കിലും, അവ ശരിയായലും തെറ്റായാലും, രണ്ടിലും സമാനമായ ഒരു ഘടകമുണ്ട്‌. എല്ലാ മനുഷ്യരും ഒരു അമ്മയുടെ മക്കളാണെന്നതാണത്‌. സൃഷ്ടിവാദത്തില്‍ ഈ അമ്മയെന്നത്‌ ഒരു നാള്‍ സൃഷ്ടിക്കപ്പെട്ടതാണെങ്കില്‍ പരിണാമവാദത്തില്‍ പരിണാമത്തിലെ ഒരു ദശയില്‍ പരിണമിച്ചുണ്ടായതാണ്‌. അതായത്‌ അതിനു മുന്‍പും മനുഷ്യനു സമാനമായ ജീവികള്‍ നിലനിന്നിരുന്നെന്നും പിന്നെയും വളരെ വര്‍ഷങ്ങള്‍ക്ക്‌ പിന്നോട്ടു പോയാല്‍ ജീവജാലങ്ങള്‍ മൊത്തം നാലോ അഞ്ചോ ജീവകണങ്ങളില്‍ നിന്നു തുടങ്ങിയതാണെന്നും വരെ. അതായത്‌ എന്തോ ചില ഏകതാനതകള്‍ ജീവികള്‍ തമ്മില്‍ നിലനില്ക്കുന്നുണ്ട്‌. ഇതു രണ്ടിലും സമാനഘടകമായ ഒരു അമ്മ എന്ന സങ്കല്പം മാത്രം അവലംബിച്ചാണ്‌ അല്ലാതെ അവയ്ക്കെതിരായി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടല്ല നാം ഈ ചര്‍ച്ച തുടങ്ങുന്നത്‌. എന്തുകൊണ്ടെന്നാല്‍ നാം ഇപ്പോള്‍ മനുഷ്യരെക്കുറിച്ചു മാത്രമാണ്‌ ചര്‍ച്ചചെയ്യുന്നത്‌. ജീവിവര്‍ഗങ്ങളില്‍ മനുഷ്യന്‌ മാത്രമായ ധാരാളം പ്രതേകതകള്‍ അവന്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുത്തത്‌ അവനെ തന്നെ നിയന്ത്രിക്കാനുണ്ട്‌.

ഡാര്‍വിന്‍ പരിണാമത്തിനുള്ള ധാരാളം കാരണങ്ങളെ നിരത്തുന്നുണ്ട്‌. അവ ശാസ്ത്രമായതിനാല്‍ തന്നെ അവയൊക്കെ നമുക്ക്‌ ചോദ്യം ചെയ്യാവുന്നതുമാണ്‌. അവയിലൊന്നാണ്‌ ഊക്കുള്ളവന്റെ അതിജീവനം. ഇങ്ങനെ പറയുമ്പോള്‍ അതിജീവനശേഷിക്ക്‌ തുല്യമായ ഊക്കില്ലാത്തവന്‍ നശിക്കുകയും വേണമല്ലോ. പല തലങ്ങളില്‍ നിന്ന്‌ ഈ വാദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഊക്കുള്ളവന്റെ അതിജീവനം ശരിയെങ്കില്‍ മനുഷ്യരിലുള്ള ആദിവാസികള്‍ എങ്ങനെയുണ്ടായി എന്നതാണ്‌ ഒരു ചോദ്യം. ഇടയ്ക്ക്‌ പറയട്ടെ പരിണാമസിദ്ധാന്തത്തിന്റെ പരിമിതികളില്‍ ഭാഷാശാസ്ത്രത്തിലും മറ്റു ഭൌതികശാസ്ത്രങ്ങളുടെ പുരോഗതിയിലും ഒക്കെ ഉത്തരം അന്വേഷിക്കേണ്ടതുണ്ട്‌.

ഒരു വര്‍ഗം അതിജീവിച്ചുവെങ്കില്‍ അതേവര്‍ഗത്തില്‍ തന്നെ അവയുടെ സ്വഭാവങ്ങളില്‍ പലതും ആര്‍ജ്ജിക്കാത്ത ഒരു വിഭാഗം എങ്ങനെയുണ്ടായി? അല്ലെങ്കില്‍ ആര്‍ജ്ജിതസ്വഭാവങ്ങള്‍ വര്‍ഗ്ഗങ്ങളില്‍ വിതരണം ചെയ്യപ്പെടുന്നതില്‍ മനുഷ്യനില്‍ മാത്രം ഇത്രയധികം അസമത്വം എങ്ങനെ ഉടലെടുത്തു ‍? മനുഷ്യരില്‍ മൃഗതുല്യരായി ജീവിക്കുന്നവരും വ്യക്തമായ ഭാഷയില്ലാത്തവരും വരെയുണ്ട്‌. ആദിവാസികള്‍ എന്ന വിഭാഗം മനുഷ്യനില്‍ മാത്രമേയുള്ളൂതാനും. അതിനു കാരണം മനുഷ്യനെ അങ്ങനെയാക്കുന്ന, മൃഗത്തില്‍ നിന്ന്‌ വ്യത്യസ്തനാക്കുന്ന മനുഷ്യന്‍ തന്നെ സ്വരൂപിച്ച ധാരാളം ഘടകങ്ങളുണ്ട്‌ എന്ന്‌ മേല്‍ സൂചിപ്പിച്ച സംഗതികളാണ്‌. ഈ ഘടകങ്ങള്‍ സ്വായത്തമാക്കിയശേഷം അവ ഉപയോഗിച്ച്‌ ചിലര്‍ ചിലരെ പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിച്ചതിനാലും, പരിഷ്കാരങ്ങള്‍ക്ക്‌ പുറം തിരിഞ്ഞു നില്ക്കുന്ന സമീപനം സ്വയം തന്നെ തെരഞ്ഞെടുത്തതിനാലുമായിരിക്കണം അപരിഷ്കൃതരായ ജനതകളുണ്ടായത്‌

കാഴ്ചയില്‍ ആധുനികമനുഷ്യന്റെ ശരീരഘടന പേറുന്ന പല ആദിവാസി സമൂഹങ്ങളും പെരുമാറ്റത്തില്‍ അങ്ങനെയാവുന്നില്ല. ബാഹ്യമായ പരിണാമമല്ലാതെ ആശയപരമായ പരിണാമമുണ്ടാകുന്നില്ല. ചരിത്രത്തിന്റെ മനുഷ്യന്‍ മറികടന്ന പല ദശാസന്ധികളും ഇന്നും ഈ ജനവിഭാഗങ്ങളില്‍ വലിയ മാറ്റമില്ലാതെ നിലനില്ക്കുന്നതായി ഈ ജനവിഭാഗങ്ങളെ മൊത്തമായി നിരീക്ഷിച്ചാല്‍ ബോധ്യമാകും. ആദിവാസികള്‍ക്കിടയില്‍ തന്നെ പരിഷ്കാരത്തിന്റെ സംസ്കാരത്തിന്റെ, വിവിധഘട്ടങ്ങള്‍ കാണാവുന്നതാണ്‌. അവരില്‍ വസ്ത്രം ധരിക്കാത്തവരുണ്ട്‌, ഭോഗത്തിന്‌ നിയന്ത്രണമില്ലാത്തവരും ബന്ധങ്ങളെ പരിഗണിക്കാത്തവരുമുണ്ട്‌, ഭാഷയില്ലാത്തവരുമുണ്ട്‌. ഭക്ഷണം വേവിക്കുന്ന സൂത്രം അറിയാത്തവര്‍പോലുമുണ്ട്‌. ആ ഘട്ടങ്ങളുടെ വ്യത്യസ്ഥമായ നിരവധി അവസ്ഥകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ പരിഷ്കൃതസമൂഹങ്ങളിലും കാണാവുന്നതാണ്‌ എങ്കിലും. വിശേഷിച്ചും ശാസ്ത്രത്തെ ഒരവസ്ഥയായി പരിഗണിക്കുമ്പോള്‍ . അതായത്‌ പരിഷ്കാരങ്ങളോട്‌ പെട്ടെന്ന്‌ പ്രതികരിക്കാത്തവരും സ്വായത്തമാക്കാത്തവരും ശാസ്ത്ര പുരോഗതിയെ ഭയപ്പെടുന്നവരും അതിനാല്‍ തന്നെ പുറകെ സഞ്ചരിക്കുന്നവരും. സംസ്കാരത്തെയും പരിഷ്കാരത്തെയും നിരീക്ഷിക്കുമ്പോള്‍ നാമെന്തൊക്കെ പറഞ്ഞാലും ചില ജനസമൂഹങ്ങള്‍ ഉന്നതമായ നിലകളില്‍ ജീവിക്കുന്നവരാണ്‌. അത്‌ വെറും ധനശേഷികൊണ്ട്‌ ആര്‍ജ്ജിച്ചത്‌ മാത്രമല്ല. ധനശേഷി ആര്‍ജ്ജിച്ച പലരും അപരിഷ്കൃതരായി കഴിയുന്നതായും കാണാം. ഇത്‌ കേവലം വസ്ത്രധാരണത്തിലോ ഭക്ഷണരീതിയിലോ മാത്രമുള്ള വ്യതിയാനമല്ല. അവരുടെ സമീപനങ്ങളില്‍ മൊത്തം ഇത്‌ കാണാവുന്നതേയുള്ളൂ. അങ്ങനെ ജീവിക്കുന്നത്‌ നല്ലതും അപരിഷ്കൃതമായത്‌ ചീത്തയും എന്ന വിലയിരുത്തല്‍ ഞാനിവിടെ നടത്തുന്നില്ല. എങ്കിലും നാമാഗ്രഹിക്കുന്ന, സങ്കല്പിക്കുന്ന പലതും നമ്മേക്കാള്‍ മുന്‍പെ ആര്‍ജ്ജിച്ചവരാണവര്‍ . നമ്മുടെ സംസ്കാരവും പരിഷ്കാരവും ഏറ്റവും മുന്തിയതാണെന്ന്‌ പറയുകയും അവയിലെ ഗുണങ്ങളെയും മറ്റുള്ളവരിലെ ദോഷങ്ങളേയും പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്നത്‌ ആളുകളുടെ പതിവാണെങ്കിലും തങ്ങളിലുള്ള ഭൂരിഭാഗം വരുന്ന സാമാന്യജനങ്ങളാരും ഇത്‌ കൊണ്ടൊണും തൃപ്തരല്ല എന്നത്‌ ഇവരാരും നോക്കാറില്ല. ഈ വാദമാവട്ടെ നാം ആദിവാസികളെന്നും അപരിഷ്കൃതരെന്നും പരിഗണിക്കുന്നവരും നടത്താറുണ്ട്‌.

പരിഷ്കാരങ്ങളിലെ തിന്മ മാത്രം ചികയുന്നവരും സംശയം പ്രകടിപ്പിച്ചു മാറിനില്ക്കുന്നവരും അതിന്‌ ബദല്‍ കണ്ടെത്തി തങ്ങളുടെ സംസ്കാരത്തെയും മറ്റും പരിഷ്കരിക്കാതിരുന്നവരും ആയിരിക്കണം ആദിവാസികളായിപ്പോയവര്‍ ‍. ചരിത്രം ഉറഞ്ഞുപോയവരാണവര്‍ ‍. അല്ലെങ്കില്‍ മനപ്പൂര്‍വം ചരിത്രത്തെ ഘനീഭവിപ്പിച്ചവര്‍ , ബോധപൂര്‍വം ചരിത്രത്തിന്റെ പ്രയാണത്തില്‍ നിന്ന്‌ അടര്‍ത്തിമാറ്റപ്പെട്ടവര്‍ ‍. അതുമല്ലെങ്കില്‍ ചരിത്രത്തിന്റെ പ്രവാഹത്തില്‍ അതിനു പ്രതികരിക്കാതെ ചില സ്ഥലങ്ങളില്‍ നിന്നുപോയവര്‍ ‍. ഒരു പക്ഷെ ഈ ചടുലമായ പ്രവാഹം സമ്മാനിച്ച ചില പിരിമുറുക്കങ്ങളെ അതിജീവിക്കാനാവും അവര്‍ ഇങ്ങനെ നിന്നു കളഞ്ഞത്‌.

ചരിത്രത്തെ ഘനീഭവിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കാവുന്ന രാസസൂത്രങ്ങളാണ്‌ മതങ്ങളും വിശ്വാസങ്ങളും. അതാതു കാലഘട്ടത്തിലെ വിശ്വാസങ്ങളെ പരിഷ്ക്കാരത്തിന്‌ വിധേയമാക്കുകയോ ഉപേക്ഷിച്ച്‌ പുതിയവ സ്വീകരിക്കുകയോ ചെയ്യുന്നില്ല എങ്കില്‍ അങ്ങനെ ചെയ്ത്‌ ചരിത്രഗതിയോടൊപ്പം ചലനസാധ്യതകള്‍ ആര്‍ജ്ജിച്ച ജനവിഭാഗങ്ങളുടെ കണ്ണില്‍ മറ്റുള്ളവര്‍ ആദിവാസികളായിപ്പോകും. പരിഷ്കാരങ്ങളോട്‌ പുറം തിരിഞ്ഞ്‌ നിന്ന്‌ അപരിഷ്കൃതരായിപ്പോയതിന്‌ ഏറ്റവും നല്ല ഉദാഹരണം അമിഷ്‌ ഗോത്രക്കാരാണ്‌. വടക്കെ അമേരിക്കയില്‍ ജീവിക്കുന്ന പ്രൊട്ടസ്റ്റന്റ്‌ ഇവാഞ്ചലിക്കല്‍ വിശ്വാസികളായ ഒരു കൂട്ടം ആളുകളാണവര്‍ . ജേക്കബ്‌ അമ്മന്‍ എന്ന സ്വിസ്‌ പാതിരിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ജീവിതം കെട്ടിപ്പടുത്തവര്‍ . വസ്ത്രധാരണം തുടങ്ങിയ ചെറിയ കാര്യങ്ങള്‍ തൊട്ട്‌ വിവാഹം മുതലായ വലിയ കാര്യങ്ങളില്‍ വരെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും യാതൊരുവിധ പരിഷ്കാരങ്ങള്‍ക്കും വിധേയരാവാത്തവരുമാണവര്‍ . ഒരു കാലത്ത്‌ അവരും അക്കാലത്തെ ജനവിഭാഗങ്ങള്‍ക്കൊപ്പം പുരോഗതിയാര്‍ജ്ജിച്ച്‌ സഞ്ചരിച്ചിരുന്നവരായിരുന്നു. എന്നാല്‍ ക്രമേണ അവര്‍ അപരിഷ്കൃതരായി കണക്കാക്കപ്പെട്ടു.

ക്ഷിപ്രപുരോഗതി ആര്‍ജ്ജിക്കപ്പെടുന്നവര്‍ ബോധപൂര്‍വം മറ്റുള്ളവരില്‍ ചരിത്രത്തെ ഘനീഭവിപ്പിക്കുന്നതിനാവശ്യമുള്ള രാസസൂത്രങ്ങളായ, മാറ്റത്തിന്‌ വിധേയമാവാത്ത അല്ലെങ്കില്‍ പതുക്കെ മാത്രം വിധേയമാവുന്ന, വിശ്വാസങ്ങളെ അടിച്ചേല്പിക്കുന്നതിന്‌ പണവും തങ്ങളുടെ കഴിവും മുടക്കി എന്നും വരാം. അല്ലെങ്കില്‍ അവര്‍ നടത്തുന്ന മാറ്റത്തിനുള്ള ശ്രമങ്ങളെ തടഞ്ഞുനിര്‍ത്തുന്നതിന്‌. മാറ്റം എന്നുള്ളത്‌ ഒരു അനിവാര്യതയാണ്‌ എന്ന നിബന്ധനയില്‍ നിന്നാണ്‌ ഈ നിഗമനങ്ങള്‍ . അത് അംഗീകരിക്കാത്തവര്‍ ഇന്നു ചുരുക്കമായിരിക്കും. എങ്ങനെന്ന എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേ അവര്‍ക്ക്‌ തര്‍ക്കം കാണൂ. ഇന്ത്യയിലെ പഴഞ്ചന്‍ ആചാരങ്ങളെ തിരിച്ചു കൊണ്ടുവരണമെന്നു പറയുന്നവര്‍ ഇങ്ങനെ ഒരു ഉദ്ദേശം കൂടി കാണുന്നുണ്ടാവുമോ? 100 കോടി വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ ഒരുമിച്ച്‌ പുരോഗമിച്ചാല്‍ അത്‌ തങ്ങള്‍ക്ക്‌ ഭീഷണിയാവുമെന്ന്‌ ആരെങ്കിലും അകത്തളങ്ങളില്‍ കണക്കു കൂട്ടുന്നുണ്ടാവുമോ? ഇന്ത്യയില്‍ പുതുതായി ഉത്ഭവിച്ച പല ദൈവങ്ങളുടേയും ധനസമാഹരണത്തെപ്പറ്റി നാം കണക്കെഴുതേണ്ടത്‌ ഈ ഒരു എക്കൌണ്ടു കൂടി ഉള്‍പ്പെടുത്തിയാണ്‌.

ഇത്‌ ഫണ്ടിംഗിന്റെ കാലമാണ്‌. പണം കൊടുത്ത്‌ എന്തിനേയും വാങ്ങാവുന്ന കാലം. ഞാനതിനെതിരല്ല. കൂടാതെ ഫണ്ടിംഗിനെ ഒരു കുറ്റമായി കാണുന്ന പലരും കാര്യങ്ങളെ ലളിതവല്‍കരിച്ച്‌ നമ്മുടെ കുറ്റങ്ങള്‍ മറ്റൊരാളില്‍ ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിക്കുന്നവരുമാണ്‌. ഇതില്‍ നിന്ന്‌ വിഭിന്നമായി നമ്മുടെ കുറ്റങ്ങളെ സ്വയം മനസ്സിലാക്കുകയും ശത്രുക്കള്‍ ഏതു വിധേനയും നമ്മെ പരാജയപ്പെടുത്താന്‍ എപ്പോഴും ശ്രമിക്കുമെന്ന്‌ തിരിച്ചറിയുകയും അതുവഴി നമ്മുടെ തന്നെ അടവുകളെ അതിനനുസരിച്ച്‌ പരുവപ്പെടുത്തുകയും അതിനായി ശത്രുവിന്റെ തന്നെ ആയുധങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനു പകരം ഞങ്ങളുടെ ശത്രുക്കളാണ്‌ ഞങ്ങളെ ചീത്തയാക്കിയത്‌ എന്ന്‌ വിലപിക്കുന്നത്‌ തികഞ്ഞ യുക്തിരാഹിത്യവും പരാജയം സമ്മതിക്കലുമാണ്‌. ഇക്കാര്യത്തിന്‌ നാമതിനെപ്പറ്റി ബോധമുള്ളവരാവണം. വിശേഷിച്ചും നമ്മുടെ ദൌര്‍ബല്യങ്ങളെക്കുറിച്ച്‌ ജാഗ്രതയുള്ളവരായിരിക്കണം. ഇല്ലെങ്കില്‍ ഏതെങ്കിലും മാനസികരോഗത്തിന് അടിമപ്പെട്ടവര്‍ തരുന്ന ഗോമൂത്രവും ചാണകപ്പൊടിയും നാമിനിയും ഒരുപാടു നാള്‍ കഴിക്കേണ്ടിവരും. നമ്മുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രവും അതിനുള്ള ജ്ഞാനമാര്‍ജ്ജിക്കലും ഒരിക്കലും ഫണ്ടിങ്ങിനു വിധേയമായാകരുത്‌. അതായത്‌ പണം കൊടുത്തു നേടാനാവാത്ത എന്തോ ഒന്ന്‌ അപ്പോഴും നാം ബാക്കി നിര്‍ത്തണം. ഫണ്ട്‌ ശേഖരിക്കരുതെന്നല്ല, അവ മുടക്കുന്നതിലുള്ള നമ്മുടെ സ്വാതന്ത്ര്യങ്ങളെ പണയപ്പെടുത്തുന്നതിലാണ്‌ പ്രശ്നം. അങ്ങനെ വരുന്ന ഫണ്ടുകളെ അവഗണിക്കുന്നതു തന്നെയാണ്‌ മേല്പറഞ്ഞ സ്വാതന്ത്ര്യങ്ങളില്‍ പ്രധാനം. അതായത്‌ അവയ്ക്ക്‌ പിന്നിലെ ഉദ്ദേശങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്‌. അതിന്റെ ഉപയോഗത്തിനുള്ള സ്വാതന്ത്ര്യം നാം നേടേണ്ടതുണ്ട്‌. ഈ തിരിച്ചറിവ്‌ ആ ഉദ്ദേശ്യത്തെ മറികടക്കാനുപയോഗിക്കാം. ചുരുങ്ങിയത്‌ വഴിതെറ്റുന്നു എന്ന്‌ തോന്നുന്ന അവസരത്തില്‍ അവയില്‍ നിന്ന്‌ മാറാനെങ്കിലും നാം പ്രാപ്തരാവേണ്ടതുണ്ട്‌. എന്നാല്‍ നാം തന്നെ രൂഢമൂലമായ ധാരാളം വിശ്വാസങ്ങളുടെ തടവറയിലായതിനാല്‍ പണം മുടക്കുന്ന ഒരാള്‍ക്ക്‌ അവയിലൊന്നിനെ പ്രോത്സാഹിപ്പിച്ചാല്‍ മതി. അതിനുള്ളില്‍ നില്ക്കുന്നേടത്തോളം അതിലുള്ള ചതി നമുക്ക്‌ തിരിച്ചറിയാനാവില്ല.

ജീവിതമത്സരത്തില്‍ ആളുകളെ കുറയ്ക്കുക എന്നത്‌ ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ മനുഷ്യരില്‍ നിലനില്ക്കുന്നുവെന്നത്‌ ഒരു കാരണമാവാം, ഒരു വിഭാഗത്തിനെ മാറ്റിനിര്‍ത്തുന്നതിലെ പ്രചോദനം. ഇതാവട്ടെ ജീവജാലങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ടുകിടക്കുന്നതുമാണ്‌. ഊക്കുള്ളവന്റെ അതിജീവനമല്ലാതെ ഇത്‌ മറ്റൊന്നുമല്ല. ചില മേഖലകളില്‍ അതിജീവനം സാദ്ധ്യമാകാത്ത ചിലര്‍ മറ്റു ചില മേഖലകള്‍ തെരഞ്ഞെടുത്തെന്നേയുള്ളൂ. മറ്റു ജീവികളില്‍ പരസ്പരം കൊല്ലുന്നതില്‍ നിന്നാണ്‌ ഇത്‌ സാദ്ധ്യമാകുന്നത്‌. അനുസരിപ്പിക്കുകയും അടിമകളാക്കുകയും ചെയ്യാവുന്ന ഒരു ജനവിഭാഗത്തെ എല്ലാ കാലത്തേയും സമൂഹങ്ങള്‍ സൃഷ്ടിച്ചെടുക്കാറുണ്ട്‌. വിശ്വാസങ്ങളും മതങ്ങളും മാറ്റത്തിനോട്‌ മേല്പറഞ്ഞ സ്വഭാവം, ചരിത്രത്തെ ഘനീഭവിപ്പിക്കുക എന്ന സ്വഭാവം, ഏറിയും കുറഞ്ഞും കാണിക്കുന്നവയാണ്‌. ഈ ഒരു സ്വഭാവം പ്രകടിപ്പിക്കാത്ത ഒരു വിശ്വാസവുമില്ല. മാറ്റത്തിന്‌ വിധേയമാകാത്ത ഒരു വിശ്വാസത്തെ മഹത്വവല്ക്കരിച്ച്‌ ഒരു വിഭാഗത്തെ അതിന്റെ അടിമകളാക്കിയാല്‍ ഇത്‌ കുറേക്കൂടി എളുപ്പമാകും. കാരണം വിശ്വാസങ്ങള്‍ക്ക്‌ അതിഭീമമായ ശക്തിയുണ്ട്‌. പുതിയതൊരെണ്ണം കൊണ്ടുവരുന്നതിലും എളുപ്പമാണ്‌ പഴയത്‌ പുനസ്ഥാപിക്കുക എന്നത്‌. എന്നാല്‍ പഴയ മതങ്ങളുണ്ടായ സാഹചര്യത്തെ ഇതുമായി ചേര്‍ത്തു വായിക്കേണ്ടതില്ല. അവയൊക്കെ അക്കാലത്തെ പുരോഗമനങ്ങളായിരുന്നു. അന്നും അതിനെതിരായി പുറംതിരിഞ്ഞു നിന്നവരെ കാണാവുന്നതാണ്‌.

ഇവിടെ വിശ്വാസങ്ങളെ സമഗ്രമായ പ്രതിപാദിച്ചെങ്കിലും പ്രധാനമായും ഊന്നിയത്‌ നിലച്ചു പോകുന്ന വിശ്വാസങ്ങളേയാണ്‌. കാരണം മനുഷ്യപുരോഗതിക്ക്‌ പുതിയ പുതിയ വിശ്വാസങ്ങള്‍ ആവശ്യമാണ്‌. എന്നാല്‍ അവ നാം തള്ളിക്കളഞ്ഞവയുടെ പുനരാവര്‍ത്തനമാവരുത്‌.

ഇന്നത്തെ സമൂഹങ്ങളിലേക്ക്‌ നോക്കിയാല്‍ ആദിവാസികളും അപരിഷ്കൃതരും ആയി മാറ്റപ്പെടാന്‍ സാദ്ധ്യതയുള്ള ധാരാളം വിഭാഗങ്ങളെക്കാണാവുന്നതേയുള്ളൂ.

Subscribe Tharjani |