തര്‍ജ്ജനി

കെ. ആര്‍. ഹരി

സൌഗന്ധികം,
ലോകനാഥ് വീവേഴ്സിനു സമീപം,
ചൊവ്വ,
കണ്ണൂര്‍ 670 006
ഇ മെയില്‍: leodynasty@yahoo.com

Visit Home Page ...

യാത്ര

ചന്ദനമരങ്ങള്‍ കടന്ന്‌

"പച്ച പുതച്ച പാടങ്ങള്‍, തെളിഞ്ഞ ആകാശം, മരങ്ങളും പൂക്കളും. പിന്നാലെ വന്ന ഇരുട്ടിന്‌ എന്റെ ഓര്‍മ്മയിലെ എല്ലാമൊന്നും മായ്ക്കാനായില്ല" - ഹെലെന്‍ കെല്ലര്‍ (ദി സ്റ്റോറി ഓഫ്‌ മൈ ലൈഫ്‌)

മാഘ മാസത്തിലെ വെളുത്ത പക്ഷത്തില്‍ മറയൂറിന്റെ പ്രകൃതി വല്ലാതെ മനോഹരമായിരുന്നു. നേര്‍ത്ത കുളിരിന്റെ വഴിയോരകാഴ്ചകള്‍ നിറയെ പൊന്നാര്യനുകള്‍ പൂത്തു കിടന്നു. കാട്ടു പൂക്കളുടെ മണം കൊണ്ട്‌ കാറ്റ്‌ മതിമറന്ന ലഹരിയിലും. പ്ലാശുകളുടെയോ, കാനനജ്വാലകളുടെയോ ചെം നിറങ്ങളും, പിന്നെ കാടിന്റെ നിബിഡതകളും കഴിഞ്ഞ്‌ അങ്ങ്‌ ദൂരെ പാറക്കൂട്ടങ്ങളില്‍ പോക്കുവെയിലിന്റെ തങ്കപതക്കങ്ങള്‍ വീണുകിടന്നു. ചിനാറില്‍ നിന്ന്‌ മറയൂരിലേക്കുള്ള വഴികളില്‍ കാഴ്ചക്കാരായി കാടിന്റെ ഗന്ധങ്ങളില്‍ മയിലുകള്‍ പതുങ്ങി നിന്നു. അമരാവതിയുടെ അകലങ്ങളില്‍ പണി കഴിഞ്ഞ്‌ മടങ്ങുന്ന കൃഷീവലന്‍മാരെയും പെണ്ണാളുകളെയും കാണാം. ചെറുകൂട്ടങ്ങളുടെ ആട്ടിന്‍പറ്റങ്ങള്‍ അവിടങ്ങളില്‍ മേഞ്ഞു നടന്നു. ഒരു സായാഹ്നം നിര്‍വചനങ്ങള്‍ക്കപ്പുറം സ്വച്ഛന്ദമായിരുന്നു.

ജനുവരിയുടെ അവസാനം ആയതു കൊണ്ടാകാം തണുപ്പ്‌ കുറവായിരുന്നു. തെളിഞ്ഞ പ്രഭാതങ്ങളില്‍ മലമടക്കുകളുടെ മട്ടുപ്പാവില്‍ ശുഭ്രവസ്ത്രധാരികളെപ്പോലെ മേഘത്തുണ്ടുകള്‍ ആരെയോ കാത്തു നിന്നു. പച്ചിലച്ചാര്‍ത്തുകള്‍ ചാടിക്കടന്ന്‌, വന്‍മരങ്ങളില്‍ മുകളിലേക്കും, താഴേക്കു പാഞ്ഞ് ക്യാമറാക്കണ്ണുകള്‍ക്കു പോലും പിടിതരാതെ തിമര്‍ക്കുന്ന മലയണ്ണാന്‍മാര്‍. സമൃദ്ധമായ രോമരാജികള്‍ ചുഴറ്റി ഓടി മറഞ്ഞ്‌, പിന്നെ ചന്ദനമരങ്ങള്‍ കടന്ന്‌, കാടിന്റെ ഗഹനതകളിലേക്ക്‌ ഊളിയിട്ട്‌ - ആ സുന്ദരന്‍മാരുടെ കുറുമ്പിന്‌ കണക്കില്ല. 15 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ട മറയൂരല്ലിന്ന്‌. ഗ്രാമ്യതകള്‍ വെടിഞ്ഞ്‌, നഗരത്തിന്റെ അധിനിവേശങ്ങളില്‍ മറയൂരിന്‌ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. കമ്പോളങ്ങള്‍ വലുതായി. ചന്ദനഫാക്ടറിയുടെ അടുത്തുള്ള ബസ്റ്റാന്‍ഡില്‍ നല്ല തിരക്ക്‌. എല്ലായിടങ്ങളിലേക്കും ബസ്സ്‌ സര്‍വ്വീസുകള്‍. താമസിക്കാന്‍ ഹോട്ടലുകള്‍. പാര്‍ട്ടി ഓഫീസുകള്‍, സമ്മേളനങ്ങള്‍, കൊടിത്തോരണങ്ങള്‍! അങ്ങനെ ഒരു മിനി ടൗണ്‍ ആയിരിക്കുന്നു മറയൂര്‍.

ഇത്‌ അങ്കമുത്തു. വയസ്സറിയില്ല. മറയൂരിലെ ആദിവാസി സമൂഹങ്ങളില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്നതില്‍ പ്രായം കൂടിയ ഒരാള്‍. ആരോഗ്യത്തിന്‌ വലിയ കുറവൊന്നുമില്ല. കാഴ്ചയ്ക്ക്‌ കണ്ണട വേണ്ട. ഏത്‌ മഞ്ഞിലും മഴയിലും പരപരാ വെളുക്കും മുമ്പ്‌ എഴുന്നേറ്റ്‌ മറയൂരിന്റെ മാറിലൂടെ നടന്നു പോകുന്നത്‌ കാണാം. മറയൂരില്‍ എല്ലാവര്‍ക്കും അങ്കമുത്തുവിനെ അറിയാം. കാലങ്ങളെത്ര കടന്നു! പരിഷ്കൃത സമൂഹം ആവശ്യപ്പെടുന്ന ഒരു പരിരക്ഷയും കിട്ടാതിരുന്ന ജീവിതം. ഇന്നും. അതാണ്‌ അങ്കമുത്തു. മണ്ണിന്റെ മകന്‍. വയസ്സറിയാത്തതുകൊണ്ട്‌ അങ്കമുത്തുവിന്‌ വേവലാതികളുമില്ല.

യാത്രകളുടെ ആരംഭം പാലക്കാട്ടുനിന്ന്‌ മീറ്റര്‍ ഗേജു വഴി പൊള്ളാച്ചിയിലേക്കും, ഉദുമലപ്പേട്ടയിലേക്കും അവിടെ നിന്ന്‌ ചിനാര്‍ കടന്ന്‌ മറയൂരിലേക്കുമായിരുന്നു. തമിഴ്‌നാടിന്റെ സമതലങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കാറ്റാടിപ്പാടങ്ങള്‍ വേറിട്ടൊരു കാഴ്ചയായിരുന്നു. കാറ്റുമായി സദാ കൈകോര്‍ത്തുകളിക്കുന്ന യന്ത്ര സൗന്ദര്യങ്ങള്‍. ഡോണ്‍ ക്വിക്സോട്ടിലെ കാറ്റാടികളെ ഓര്‍മ്മ വരും. കാറ്റാടികള്‍ രാക്ഷസന്‍മാര്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ കുന്തവുമായി പാഞ്ഞടുക്കുന്ന ഡോണ്‍ ക്വിക്സോട്ടെന്ന അരക്കിറുക്കനായ മാടമ്പി. പക്ഷേ ആ പ്രാകൃതരൂപങ്ങള്‍ വെടിഞ്ഞ്‌, സാങ്കേതികത്തികവിന്റെ രൂപസൗകുമാര്യങ്ങളാണ്‌ ഇവിടുത്തെ കാറ്റാടികള്‍. ഭ്രമണങ്ങളില്‍, കേളികളില്‍ കാറ്റിന്റെ ഊര്‍ജ്ജത്തെ അവ ചുരത്തിയെടുത്തു കൊണ്ടിരുന്നു.

കാന്തളൂരിലേക്കുള്ള ദൂരം 12 കി.മീ. ഉള്ളൂവെങ്കിലും 5000 അടി ഉയരത്തില്‍ മലനിരകള്‍ കയറണം. പ്രകൃതി പെട്ടെന്ന്‌ മാറിവന്നു. തണുപ്പിന്‌ കട്ടി കൂടി. ഓരോ ചുറ്റു കയറി വരുമ്പോഴേക്കും ദൂരകാഴ്ചകളില്‍ പുകമഞ്ഞ്‌ കനത്തു. താഴ്‌വാരങ്ങള്‍ അതിന്റെ പുതപ്പിനുള്ളില്‍ ഉറങ്ങി കിടന്നു. വാറ്റുപുല്ലിന്റെ ഗന്ധം കാന്തളൂരിന്റെ വഴികളെ ചൂഴ്‌ന്ന്‌ നിന്നു. ശര്‍ക്കരപ്പൂരകളുടെ അടുത്തെത്തുമ്പോള്‍ കരിമ്പ്‌ വാറ്റുന്ന മണവും. മുരിക്കിന്‍ പൂക്കളും, കാട്ടുചെമ്പരത്തികളും ഇടയ്ക്കെല്ലാം കാഴ്ചകളുടെ വിരസതകളെ ഒഴിവാക്കിയിരുന്നു. കിളികളുടെ സംഗീതവും. തീഷ്ണ നിറങ്ങളെ പച്ചപ്പുകള്‍ക്കിടയില്‍ അങ്ങനെ അണിയിച്ചു നിറുത്തിയിരിക്കുകയാണ്‌ പ്രകൃതി, സഞ്ചാരികള്‍ക്കു വേണ്ടി. കോവില്‍ കടവും, പയസ്സ്‌ നഗറും കടന്നു പോകുമ്പോള്‍ ചുറ്റിടങ്ങളിലെല്ലാം മുനിയറകള്‍ കാണാം. കല്‍പാളികള്‍ മറച്ചുണ്ടാക്കിയ ചതുരാകൃതിയിലുള്ള കുടീരങ്ങള്‍. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന്‌ അവയെല്ലാം. ചരിത്രാതീതകാലത്തെ ജീവിത ക്രമങ്ങളിലേക്ക്‌ ഇറ്റു വെളിച്ചം വീശുന്നവയാണിവ. ശിലായുഗ മനുഷ്യന്‍ ശവം മറവു ചെയ്യാന്‍ ഉപയോഗിച്ചതാണെന്ന്‌ കരുതപ്പെടുന്നു. അഞ്ചനാട്‌ വാലിയെക്കുറിച്ച്‌ കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്ത്‌ ജിജോ കുമാര്‍ പറഞ്ഞു. മണ്‍ മറഞ്ഞു പോയ ഒരു ആദിമ സംസ്കൃതി അവിടെ നിലനിന്നിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌. സിന്ധു നദീതടവും, ഹാരപ്പ മോഹന്‍ജൊദാരോ പോലെയും കേരളത്തിന്റെ മണ്ണില്‍ നിലനിന്നിരുന്ന പുരാതന നാഗരികത. പിന്നീടത്‌ മണ്‍ മറഞ്ഞതിന്റെ കാരണങ്ങള്‍ തികച്ചും അജ്ഞാതം.

രംഗച്ചാമി കാന്തളൂര്‍ വച്ച്‌ ഞങ്ങളുടെ സംഘത്തിലേക്ക്‌ കയറിപ്പറ്റിയ ഒരു സഹായി ആയിരുന്നു. കാന്തളൂരിന്റെ സ്വപ്നസമാനമായ വന്യതകളിലേക്കും, ആപ്പിള്‍ തോട്ടങ്ങളുടെ ചരിവുകളിലേക്കും അയാള്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഓറഞ്ചു മരങ്ങളുടെ ചില്ലകളിലേക്ക്‌ ഒരു മലയണ്ണാന്റെ ലാഘവത്തോടെ അയാള്‍ വലിഞ്ഞു കയറി. ചില്ലകളുതിര്‍ത്ത്‌ ഓറഞ്ചുകള്‍ പൊഴിച്ചിട്ടു. പീച്ചിന്‍ കായകള്‍ ഞങ്ങള്‍ക്ക്‌ അടര്‍ത്തി തന്നു. മഞ്ഞു മൂടിയ താഴ്‌വാരങ്ങളെ കുറിച്ച്‌ അയാള്‍ വാചാലനായി. കാന്തളൂരിന്റെ ശൃഖത്തിലെ ഗുഹാക്ഷേത്രമായ രാമര്‍ കോവിലിന്റെ മുന്നില്‍ അയാള്‍ കുമ്പിട്ട്‌ നിന്ന്‌ തൊഴുതു. ഞങ്ങളേയും നിര്‍ബന്ധിച്ചു. അയാളുടെ വിശ്വാസങ്ങളുടെ കാതലായിരുന്നു രാമര്‍ കോവില്‍. അതിനു മുന്നിലെ രാമര്‍ മരവും. രംഗച്ചാമിയുടെ ഒരു സഹോദരിയെ കല്യാണം കഴിച്ചിരിക്കുന്നത്‌ സായ്‌വ്‌ ആണത്രെ! ദൂരെ മൂടല്‍ മഞ്ഞില്‍ ഉറങ്ങി കിടക്കുന്ന കോളോണിയലിസത്തിന്റെ ബാക്കി പത്രത്തിലേക്ക്‌ അയാള്‍ വിരല്‍ ചൂണ്ടി. പ്രൗഢമായ ബംഗ്ലാവിനു മുന്നില്‍ ഇപ്പോഴും കുതിരകള്‍ ചുരമാന്തി നില്‍പ്പുണ്ടാവും. അധിനിവേശങ്ങള്‍ കഴിഞ്ഞിട്ടും സായിവിന്‌ കാന്തളൂര്‍ വിട്ടു പോകാന്‍ തോന്നിയില്ല. കാന്തളൂരിലെ തമിഴ്‌ പെണ്‍കൊടിയെ അയാള്‍ വേട്ടു. കറുപ്പിന്റെ സൗന്ദര്യങ്ങളുടെ മേല്‍ സായ്‌വിന്റെ ജീവിതം തഴച്ചു കിടന്നു. രംഗച്ചാമി നടക്കുമ്പോഴെല്ലാം ഇടയ്ക്ക്‌ കാലുകളിടറി. രാവിലെ തന്നെ അയാള്‍ നല്ല ലഹരിയിലായിരുന്നു. മഞ്ഞില്‍ പൂത്തുലയുന്ന ലഹരി. കാന്തളൂര്‍ തന്നെയും രംഗച്ചാമിക്ക്‌ ഒരു ലഹരിയായിരുന്നു.

വിശ്രമവേളകളില്‍ കൂട്ടത്തിലുണ്ടായിരുന്ന റോബിന്‍ വക്കീല്‍ പാടി. പഴയകാല സിനിമാഗാനങ്ങളുടെ ഒരു ആരാധകനായിരുന്നു അയാള്‍. കൂടെ കൊണ്ടു വന്നിരുന്ന ഓടക്കുഴലില്‍ പി.ഭാസ്കരന്റെയും, വയലാറിന്റെയും പാട്ടുകള്‍ അദ്ദേഹം മനോഹരമായി വായിച്ചു. ഇടയ്ക്കേതോ മൗനങ്ങളില്‍ കാലങ്ങളിലേക്ക്‌ അദ്ദേഹം ഊളിയിട്ടു. മറയൂര്‍ ടൗണില്‍ വച്ച്‌ രണ്ട്‌ തമിഴ്‌ യുവാക്കള്‍ അദ്ദേഹത്തെ കണ്ട്‌ പരിചയപ്പെടാനെത്തി. പഴയ ചില കേസുകളുമായുള്ള ബന്ധമാണ്‌. കാളിമുത്തു ഏത്‌ ജയിലിലാണെന്ന്‌ വക്കീല്‍ ചോദിക്കുന്നതു കേട്ടു. ‘വിയ്യൂര്‍ സെന്‍ട്രലില്‍‘ - കലങ്ങിയ കണ്ണുകളുള്ള യുവാവാണ്‌ ഉത്തരം നല്‍കിയത്‌. കൂലിക്ക്‌ ജാമ്യം നില്‍ക്കുന്ന സംഘങ്ങളുടെ വൈരങ്ങളുടെ കഥകള്‍ പിന്നീട്‌ വക്കീല്‍ പറഞ്ഞു. അങ്ങനെയുള്ള ഒരു കേസിലെ പ്രധാന സാക്ഷികളായിരുന്നു രണ്ട്‌ യുവാക്കള്‍.

ശാന്തമായ രാത്രികളില്‍ മറയൂര്‍ ചന്ദനയുടെ മുറ്റത്തിരുന്ന്‌ കൊച്ചിക്കാരനായ റോബിന്‍ വക്കീല്‍ ഉറക്കെ പാടി - ‘’നഗരം, നഗരം, മഹാസാഗരം...” - കൊച്ചിയുടെ ഭ്രാന്തമായ തിരക്കുകളെ ഓര്‍ത്താകണം റോബിന്‍ അങ്ങനെ പാടിയത്‌. ക്വട്ടേഷന്‍ സംഘങ്ങളുടെ കൊച്ചി! ആ വാക്ക്‌ ഉച്ചരിക്കാന്‍ നാം മലയാളികള്‍ ലജ്ജിക്കണം.

ചിനാറിന്റെ തെളിനീരൊഴുക്ക്‌ ശോഷിച്ചിരുന്നു. ഫോറസ്റ്റ്‌ സ്റ്റേഷന്റെ ഓഫീസില്‍ നിന്ന്‌ കാട്ടിലേക്ക്‌ ഞങ്ങളെ വിട്ടത്‌ വിജയനെന്ന ഗാര്‍ഡിനൊപ്പമാണ്‌. ചിനാറിന്റെ ഞരമ്പോടിയ തടങ്ങളില്‍ കലമാനിന്റെ കാല്‍പാടുകളെ വിജയന്‍ ഞങ്ങള്‍ക്ക്‌ കാട്ടിതന്നു. ഹില്‍ പുലയ സമുദായത്തില്‍പ്പെട്ടവനാണ്‌ വിജയന്‍. ചമ്പക്കാട്‌ കോളനിയില്‍ താമസം. പട്ടാളം എന്ന സിനിമയുടെ ഷൂട്ടിംഗ്‌ നടന്നത്‌ ചമ്പക്കാട്ട്‌ വച്ചായിരുന്നു. ഷൂട്ടിംഗിന്റെ വിശേഷങ്ങളും, മമ്മൂട്ടി വീട്ടില്‍ വന്നതും എല്ലാം അതിരറ്റ ആഹ്ലാദത്തോടെ വിജയന്‍ വിവരിച്ചു. അടിക്കാടുകള്‍ ഉണങ്ങാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ഫയര്‍ ലൈനുകള്‍ തെളിച്ചിരുന്നു. പുല്ലും ചെടികളും വകഞ്ഞുമാറ്റി, ഒരരഞ്ഞാണം പോലെ അത്‌ ഉടനീളം കാണപ്പെട്ടു. വഴിയിലുപേക്ഷിക്കുന്ന ഒരു സിഗരറ്റ്‌ കുറ്റിമതി വേനല്‍ക്കാലത്ത്‌ കത്തിപ്പടരാന്‍. സഞ്ചാരികള്‍ പലപ്പോഴും കാടിനോട്‌ ക്രൂരത കാട്ടും. കാട്ടുമൃഗങ്ങളോടും. ആനകളുടെ പകവീട്ടലുകളുടെ കഥകളും വിജയന്‍ പറഞ്ഞു. ദ്രോഹം സഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ അവ വൈരികളാകുന്നത്‌. കാലിന്‌ തൂക്കിയെടുത്ത്‌ കല്‍ഭിത്തികളില്‍ അടിച്ചു കൊന്ന ചരിത്രം വരെയുണ്ട്‌. മനുഷ്യന്‍ അവന്റെ ഭൗതിക സുഖങ്ങളുടെ അഹന്തകള്‍ എവിടെയും കാട്ടും. അതിന്റെ ദുരന്തങ്ങളും അവന്‍ ഏറ്റുവാങ്ങും. അത്‌ അങ്ങനെയാണ്‌. ചന്ദനക്കൊള്ളയും നിര്‍വിഘ്നം നടന്നു പോകുന്നുണ്ട്‌.

ചിനാറിലെ വാച്ച്‌ ടവ്വറിന്റെ ഉയരത്തില്‍ നിന്ന്‌ നോക്കിയപ്പോള്‍ ദൂരെ മാന്‍ കൂട്ടങ്ങളെ കണ്ടു. മറ്റൊരു കോണില്‍ മ്ലാവുകളും, ചെന്നായ്ക്കള്‍ പലപ്പോഴും മ്ലാവുകളെ കൂട്ടത്തോടെ ആക്രമിക്കാറുണ്ട്‌. അവയെ കടിച്ചു കോന്നിടും. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പടര്‍ന്ന കുളമ്പുരോഗത്താല്‍ മൃഗങ്ങള്‍ ഏറെ ചത്തൊടുങ്ങിയ കാര്യം വിജയന്‍ സൂചിപ്പിച്ചു. ഒരു മഹാമാരി പോലെ കുളമ്പു രോഗം അന്ന്‌ പടര്‍ന്ന്‌ പിടിച്ചു. എറണാകുളത്തുകാരനായ ദിലീപ്‌ എന്ന സുഹൃത്ത്‌ കൊണ്ടു വന്ന ശക്തിയേറിയ ഒരു ബൈനോക്കുലറിലൂടെ മ്ലാവിന്‍ കൂട്ടങ്ങളെ അടുത്തു കണ്ടു. എത്ര കരുതലോടെയാണ്‌ അവ കുഞ്ഞുങ്ങളെ മുന്നോട്ട്‌ കൊണ്ടു പോകുന്നത്‌! ഇടയില്‍ നിറുത്തി, ചുറ്റും വീക്ഷിച്ച്‌ അപകടം ഒന്നും ഇല്ലെന്ന്‌ ഉറപ്പു വരുത്തി. ഇവര്‍ അത്രകണ്ട്‌ ഭയപ്പെടുന്നത്‌ ഒരു പക്ഷേ മനുഷ്യനെ ആയിരിക്കണം. കഴുത്തില്‍ തൂങ്ങികിടന്ന ബൈനോക്കുലറില്‍ മാഞ്ഞു തുടങ്ങിയെങ്കിലും ആലേഖനം ചെയ്തിരിക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം കണ്ടു. മിലിട്ടറി ഡിസൈന്‍ ഓര്‍മ്മിപ്പിക്കുന്ന അത്‌ പഴയ സോവിയറ്റ്‌ യൂണിയനില്‍ നിന്നുള്ളതാണ്‌. ഒരു സുഹൃത്ത്‌ ദീലീപിന്‌ സമ്മാനമായി നല്‍കിയത്‌. അതിന്റെ കണ്ണുകള്‍ ചേര്‍ത്ത്‌ വെയ്ക്കുന്ന ഭാഗത്തെ ഗ്ലാസിന്‌ ചുവപ്പ്‌ നിറമായിരുന്നു!

സ്ലൈസറിന്‍കോ റോമ മരിച്ചു. മുപ്പത്തിയൊന്ന്‌ വയസ്സ്‌. റഷ്യന്‍ ഫെഡറേഷനിലെ പ്രമോസ്‌ കിരായിയില്‍ പിറന്നവന്‍. നമ്മുടെ ഭാഷയില്‍ പൊടുന്നനെയുള്ള മരണമായിരുന്നു - സ്പോട്ട്‌ ഡെത്ത്‌.

സ്ലൈസറിന്‍കോ സഞ്ചാരിയായിരുന്നു. ഗോവയില്‍ നിന്ന്‌ ദൈവത്തിന്റെ നാടുകാണാന്‍ തിരിച്ചവന്‍. കാസര്‍ഗോഡ്‌ ജില്ലയിലെ കുമ്പളയില്‍ വെച്ച്‌ മാര്‍ച്ച്‌ രണ്ടിന്‌ (തട്ടേക്കാട്‌ ദുരന്തം നടന്ന്‌ ഒരാഴ്ച കഴിയുന്നു) സ്ലൈസറിന്‍കോയുടെ ആ സ്വപ്നം പൊലിഞ്ഞു. സ്ലൈസറിന്‍കോ റോമയുടെ ബുള്ളറ്റിലേക്ക്‌ നമ്മുടെ ബസ്സ്‌ പാഞ്ഞു കയറി. നമ്മുടെ ബസ്സുകള്‍ അങ്ങനെയാണ്‌. നമ്മുടെ ട്രാഫിക്‌ നിയമങ്ങളും. അത്‌ സ്ലൈസറിന്‍കോ റോമയ്ക്ക്‌ അറിയില്ലായിരുന്നു. ഒരു വലിയ വാര്‍ത്തയായിരുന്നില്ല ഇത്‌. യാതൊരു കോലാഹലങ്ങളും ഇത്‌ ഉണ്ടാക്കിയില്ല. സ്ലൈസറിന്‍കോ റോമയുടെ മൃതശരീരം പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റപ്പെട്ടു. ഇങ്ങനെയുള്ള വാര്‍ത്തകളുമായി നാം പൊരുത്തപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു. നമ്മുടെ ബസ്സുകള്‍ ദൈനംദിനം ഇങ്ങനെ എത്രയോ പേരെ ഇടിച്ചു തെറിപ്പിക്കുന്നു. എത്ര ജീവിതങ്ങളെ ഛിന്നഭിന്നമാക്കുന്നു! ഇതൊന്നും നമ്മുടെ ഇടയില്‍ വാര്‍ത്ത അല്ലാതെയായിരിക്കുന്നു. ഈ ലേഖനത്തിന്റെ ആദ്യഭാഗം എഴുതുന്നതിനിടയിലാണ്‌ സ്ലൈസറിന്‍കോ റോമ വിട പറഞ്ഞത്‌.

സ്ലൈസറിന്‍കോ --- നിന്റെ നാട്ടുകാരി കാണുന്ന ഒരു സ്വപ്നത്തെക്കുറിച്ച്‌ ഞാന്‍ വായിക്കുകയുണ്ടായി. അവരും ഒരു സഞ്ചാരിയാണ്‌. നിനക്കറിയാം ആ പേര്‌. നിനക്ക്‌ മാത്രമല്ല, ഞങ്ങള്‍ക്ക്‌ എല്ലാവര്‍ക്കും. സ്കൂള്‍ കാലം തൊട്ടേ ഞങ്ങളുടെ ചുണ്ടുകളില്‍ തത്തികളിക്കുന്ന പേര്‌ - വാലന്റിന ടെരഷ്കോവ. സോവിയറ്റ്‌ യൂണിയന്റെ ശീത യുദ്ധ കാലത്തെ വന്‍ വിജയങ്ങളിലൊന്ന്‌. സോവിയറ്റ്‌ യൂണിയന്റെ പതനത്തിനു ശേഷം നിശബ്ദതയിലേക്ക്‌ മടങ്ങിയ അവര്‍ ഇന്നും സ്വപ്നം കാണുന്നു. കൊംസോമോസ്കയ പ്രവ്ദ ദിനപത്രത്തിനോട്‌ അവര്‍ പറഞ്ഞു. “എന്റെ കൈയ്യില്‍ പണമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ചൊവ്വയിലേക്ക്‌ പറന്നേനെ. ശേഷിക്കുന്ന ജീവിതത്തിനിടയ്ക്കെങ്കിലും അതിന്‌ കഴിഞ്ഞിരുന്നെങ്കില്‍. ഒരു വണ്‍വേ ടിക്കറ്റ്‌ മാത്രം മതി. തിരിച്ചു വരണമെന്ന്‌ എനിക്കാഗ്രഹമില്ല.“ -- അവരുടെ ആഗ്രഹം സഫലമാകട്ടെ.

മന്നവന്‍ ചോലയിലേക്ക്‌ പോകണമെന്ന്‌ ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടായിരുന്നു. ചിനാര്‍ അഭയാരണ്യകത്തിന്റെ തെക്കു കിഴക്കന്‍ പ്രദേശമാണിതെന്ന്‌ കേട്ടിട്ടുണ്ട്‌. കാന്തളൂരില്‍ നിന്നും പോകാം. കാട്ടു ചെമ്പരത്തികളും, ചോലക്കുയിലുകളും ചോലപ്രാവുകളും, മലയണ്ണാന്‍മാരും നിറഞ്ഞതാണ്‌ ഈ സുന്ദരഭൂവ്‌. പക്ഷേ ദിവസങ്ങള്‍ സമ്മതിക്കുന്നില്ല. മടങ്ങണം. ഇനി മറ്റൊരിക്കലാകാം. ചിനാറിലൂടെ നടക്കുമ്പോള്‍ കാട്ടുതുളസിയുടെ കാലില്‍ കുരുങ്ങി കിടക്കുന്ന ലെയ്സ്‌ കവറുകള്‍ കണ്ടു. അന്തകനെ നാം കാടിന്റെ ജൈവതയിലും നിക്ഷേപിച്ചിരിക്കുന്നു! എന്നിട്ടും ചിനാറിലെ കാടുകള്‍ മറ്റൊരു വസന്തം കാത്തു കിടന്നു.

മാര്‍ച്ച്‌ 6, സ്ലൈസറിന്‍കോ റോമയെ തേടി ബന്ധുക്കള്‍ ആരും വന്നില്ല. ചെന്നൈയില്‍ നിന്ന്‌ റഷ്യന്‍ എംബസിയുടെ സൗത്ത്‌ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ജനറല്‍ വ്ലാഡിസ്ലവ്‌ .വി .ആന്റോണിയുക്ക്‌ ഒഴികെ. അദ്ദേഹം മൃതദേഹം ഏറ്റുവാങ്ങി കണ്ണൂരിലെ കടല്‍ത്തീര ശ്മശാനമായ പയ്യാമ്പലത്തേക്ക്‌ കൊണ്ടു വന്നു. വ്ലാഡിസ്ലവ്‌ തന്നെയാണ്‌ ചിതയ്ക്ക്‌ തീ കൊളുത്തിയത്‌. സ്ലൈസറിന്‍കോ റോമ ജീവിതത്തില്‍ ഒരിക്കലും നിനച്ചിട്ടില്ലാത്ത അന്ത്യ കര്‍മ്മം! ഒരു പക്ഷേ സോവിയറ്റ്‌ യൂണിയന്‍ ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങളുടെ പര്യവസാനം ഇങ്ങനെയാകുമോ? അറിയില്ല. എന്തായാലും പയ്യാമ്പലത്തെ തീനാളങ്ങളില്‍ സ്ലൈസറിന്‍കോ റോമ എരിഞ്ഞടങ്ങി.

ഈ വിവരണം വായിക്കുന്ന ആരെങ്കിലുമൊരാള്‍ സ്ലൈസറിന്‍കോ റോമയുടെ ആത്മാവിനു വേണ്ടി ക്രാസ്നയ അക്ത്യാര്‍ ബസ്കയില്‍ ഒരു ശാന്തി ഗീതം വായിക്കുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു. തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലുള്ള വിശേഷപ്പെട്ട പിയാനോ ആണ്‌ . ”ക്രാസ്നയ അക്ത്യാര്‍ ബസ്കയ“. ഒക്ടോബര്‍ വിപ്ലവത്തിന്റെ ഓര്‍മ്മയ്ക്കായാണ്‌ ആ പേര്‌ നല്‍കിയിരിക്കുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന്‌ 1991 മുതല്‍ 2000 വരെ ക്രാസ്നയ അക്ത്യാര്‍ ബസ്കയ നിശ്ശബ്ദമായിരുന്നു. ഇപ്പോള്‍ ധാരാളം പേര്‍ അതില്‍ സംഗീതം അഭ്യസിക്കുന്നുണ്ടെന്ന്‌ അറിഞ്ഞു. എനിക്കറിയാം, ആരെങ്കിലുമൊരാള്‍ സ്ലൈസറിന്‍കോ റോമയ്ക്ക്‌ വേണ്ടി പാടും . ഉറപ്പ്‌.

സ്ലൈസറിന്‍കോ - നീ ഉറങ്ങിക്കൊള്ളൂ, ശാന്തമായി. ഇത്‌ ദൈവത്തിന്റെ നാടാണ്‌. ദൈവത്തിന്റെ സ്വന്തം നാട്‌.

Subscribe Tharjani |