തര്‍ജ്ജനി

ഡോ. മഹേഷ് മംഗലാട്ട്

മംഗലാട്ട്, ചൂടിക്കൊട്ട, മയ്യഴി - 673 310
ഇ-മെയില്‍: mangalat@chintha.com
വെബ്: മഹേഷ് മംഗലാട്ട്

Visit Home Page ...

മുഖമൊഴി

അര്‍ത്ഥം നഷ്ടപ്പെട്ടുപോയ വാക്കുകള്‍

തെരഞ്ഞടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്രയുടെ മുന്നില്‍ അനൌണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്നും ആവേശഭരിതരായ പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു: ......വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിപ്പിച്ച ഇന്നാട്ടിലെ നല്ലവരായ നാട്ടുകാര്‍ക്ക്, ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

പിന്നാലെ വലിയ ആരവമൊന്നുമില്ലാതെ വന്ന പരാജിതസ്ഥാനാര്‍ത്ഥിയുടെ പ്രകടനത്തിനു മുന്നിലും ജനാധിപത്യവിശ്വാസികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അനൌണ്‍സ്‌മെന്റ് വാഹനം.

തെരഞ്ഞടുപ്പ് കാലത്തുടനീളം നാട്ടുകാരെല്ലാം ജനാധിപത്യവിശ്വാസികളായി മാറുന്നു. അവര്‍ സമ്മതിദായകരാണ്. അവരുടെ വോട്ടിന്റെ ബലത്തിലാണ് വിജയവും പരാജയവും. ജയം ഉറപ്പാക്കാനുള്ള എല്ലാ തന്ത്രവും അവിടെ എല്ലാവരും പയറ്റുന്നു. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് എതിര്‍സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞടുപ്പ് ഏജന്റിനെ ബുത്തിന്റെ നാലയലത്തു വരാന്‍ സമ്മതിക്കാതെ, നാട്ടിലില്ലാത്തവരുടേയും മരിച്ചവരുടേയും വോട്ടുകള്‍ ചെയ്ത് പ്രകടമാക്കുന്നത് ജനാധിപത്യവിശ്വാസം തന്നെ! പലയിടത്തും ബീഹാറിന്റെ ചെറുപതിപ്പുകള്‍ തന്നെ ജനാധിപത്യവിശ്വാസത്തിന്റെ പേരില്‍ എല്ലാ തെരഞ്ഞടുപ്പുകളിലും കേരളത്തില്‍ അരങ്ങേറുന്നുണ്ടെന്ന് നമ്മുക്കെല്ലാം അറിയാം.

തങ്ങള്‍ക്കെതിരെ വോട്ടു ചെയ്യുന്നവന് അതിനു ശേഷം കഷ്ടകാലം എന്നു ഭീഷണിപ്പെടുത്തി വിജയം ഉറപ്പിക്കുന്നത് ഒരു തെരഞ്ഞടുപ്പുകാല പ്രവര്‍ത്തനരീതിയാണ്. ഭീഷണികൊണ്ട് കീഴടങ്ങാത്തവരെ കായികമായി നേരിട്ട് വാക്കും പ്രവര്‍ത്തനവും തമ്മിലുള്ള ഗാഢബന്ധം വെളിവാക്കുന്നതും പതിവാണ്. ചതുരുപായങ്ങളും പഞ്ചതന്ത്രങ്ങളും ഇക്കാലത്ത് അതിന്റെ വൈവിദ്ധ്യമാര്‍ന്ന പ്രയോഗരൂപങ്ങള്‍ നമുക്കു മുന്നില്‍ വെളിവാക്കുന്നു. കീശബലവും പേശീബലവും വിജയത്തിന്റെ അനിവാര്യ മുന്നുപാധികളാണ്. ഇതൊന്നും സ്വരൂപിക്കാനാകാത്തവന് അപ്രാപ്യമായ വിജയസോപാനമാണ് നമ്മുടെ തെരഞ്ഞടുപ്പുകളുടേത്. സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയോ അവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയമോ ആണ് തെരഞ്ഞെടുപ്പ് വിജയങ്ങളുടെ നിയാമകഘടകം എന്ന് വിശ്വസിക്കുന്നവര്‍ നിഷ്കളങ്കരോ വിഡ്ഢികളോ ആണ്. നമ്മുടെ നാട്ടില്‍ അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനുസ്സ്.

ഇത്തരം ഒരു സാഹചര്യത്തില്‍ ജനാധിപത്യം എന്നാല്‍ എന്താണെന്നാണ് നാം മനസ്സിലാക്കേണ്ടത് ? ആരാണ് ജനാധിപത്യവിശ്വാസി ? സമ്മതിദാനം എന്ന പവിത്രകര്‍മ്മം നിര്‍വ്വഹിച്ച് ധന്യതയാളുന്ന പാവം പൌരനോ ? വിജയത്തിന് ഏത് മാര്‍ഗ്ഗവും സ്വീകരിക്കാമെന്നു കരുതുന്ന, മാര്‍ഗ്ഗം ലക്ഷ്യത്തെ സാധൂകരിച്ചുകൊള്ളുമെന്ന് വിശ്വസിക്കുന്ന നേതാക്കളോ ? വാസ്തവത്തില്‍ ഈ നാടകം ജനാധിപത്യത്തിന്റെ ഏതെങ്കിലും മൂല്യത്തെ സാര്‍ത്ഥകമായി വെളിവാക്കുന്നുവെന്ന് കരുതാനാകുമോ ?

ചോദ്യങ്ങള്‍ നിരവധിയാണ്.

മറിച്ചും ചിന്തിക്കാം. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ എന്തിനാണ് ആര്‍ക്കും വിശ്വാസമില്ലാത്ത ആ വാക്കിനെ സ്ഥാനത്തും അസ്ഥാനത്തും എടുത്ത് പ്രയോഗിക്കുന്നത് ?
വിജയിയുടെ ജനാധിപത്യവിശ്വാസി അവര്‍ക്ക് വോട്ട് നല്തിയ സമ്മതിദായകരും വോട്ട് സംഘടിപ്പിച്ചു കൊടുത്ത പ്രവര്‍ത്തകരുമാണ്. അവരാണ് നല്ലവരായ നാട്ടുകാര്‍ . എനിക്കു വേണ്ടി നിലക്കൊള്ളുന്നുവെന്നതാണ് നന്മ. അങ്ങനെ നിങ്ങള്‍ ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ നല്ലവരായ നാട്ടുകാരാകുന്നു. അങ്ങനെ ചെയ്യാത്തവരുണ്ടല്ലോ. അവര്‍ ആരായിരിക്കും. മേല്പറഞ്ഞ പ്രയോഗമനുസരിച്ച് അവര്‍ അതിന്റെ വിപരീതമാണ് ചെയ്തത്. അതിനാല്‍ അവര്‍ നന്മയില്ലാത്ത,തിന്മ നിറഞ്ഞവരാണ്.

പാര്‍ലമെന്റ് , അസംബ്ലി തെരഞ്ഞടുപ്പുകള്‍ മുതല്‍ പഞ്ചായത്ത് , സഹകരണസംഘം, സ്കൂള്‍ പാര്‍ലമെന്റ് വരെ എല്ലായിടത്തും പ്രയോഗിച്ച് പൊതുസമ്മതി നേടിക്കഴിഞ്ഞ ഒരു ജനാധിപത്യമര്യാദയെക്കുറിച്ചാണ് നാം ആലോചിക്കുന്നത്. പ്രസ്താവനകളുമായി പത്രമാപ്പീസിലെത്തുന്ന സാംസ്കാരികനായകന്മാര്‍ വരെ സമ്മതിച്ചു കൊടുത്ത ജനാധിപത്യപ്രയോഗരീതിയാണത്. ഹിംസാത്മകവും അസംബന്ധവുമായ ഈ പരിപാടിയെക്കുറിച്ച് ഇതില്‍ നഷ്ടം പറ്റിയവരല്ലാതെ മറ്റാരും വേവലാതിപ്പെടാറില്ല. അടുത്ത അവസരം മെച്ചപ്പെട്ട കളിയിലൂടെ വിജയം വരിക്കാനാഗ്രഹിക്കുകയല്ലാതെ ഇതിലെ നൈതികവും ധാര്‍മ്മികവുമായ പ്രശ്നങ്ങള്‍ ഇതു വരെ ആരുടെയെങ്കിലും ഗൌരവപൂര്‍ണ്ണമായ ആലോചനയ്ക്ക് വിഷയമായിട്ടിണ്ടോ എന്ന് സംശയമാണ്.

രാഷ്ട്രീയത്തിലെ ശരി തെറ്റുകള്‍ക്കപ്പുറം നന്മ, തിന്മ എന്നീ കേവല ആശയങ്ങള്‍ തെരഞ്ഞടുപ്പിന്റെ വ്യവഹാരമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്നത് നല്കുന്ന സൂചനകള്‍ അവഗണിക്കാവുന്നതല്ല. അമിതാധികാരപ്രവണതയുടെ ആദ്യരൂപം തന്റെ ആള്‍ക്കാര്‍ അല്ലാത്തവര്‍ എന്ന വിവേചനമാണ്. തന്റേതല്ലാത്ത സംഘത്തില്‍ പെട്ടവരില്‍ എല്ലാ തിന്മയും ദുര്‍ഗുണങ്ങളും ആരോപിക്കുകയും താന്‍ നീതിമാന്റെ പക്ഷത്താണെന്നു കരുതുകയും കരുതിപ്പിക്കുയും ചെയ്യുകയാണ് അതിന്റെ രീതി. വംശവെറി മുതല്‍ എന്തൊക്കെ കാര്യങ്ങളാണ് ഇതിന് സഹായകമാകുന്നത്, അതു മുഴുവന്‍ ഉപയോഗപ്പെടുത്തുകയാണ് അതിന്റെ രീതിശാസ്ത്രം. എതിര്‍പക്ഷത്തോടുള്ള അസഹിഷ്ണുതയും ശത്രുതയുമാണ് ഈ സംഘസംസ്കാരത്തിന്റെ കാതല്‍ . എതിരാളിയില്‍ ആരോപിക്കുന്ന ദുര്‍ഗുണങ്ങള്‍ തനിക്കും തന്റെ സംഘാംഗങ്ങള്‍ക്കുമുള്ളതാണോ എന്ന ആലോചന ഒരിക്കലും സംഘത്തെ അലോസരപ്പെടുത്താറില്ല. എതിരാളി ഏതു രീതിയിലുള്ള ശിക്ഷാനടപടിയും അര്‍ഹിക്കുന്നുവെന്നു ചിന്തിക്കുവാനും എതിരാളിയോട് ആര് കാണിക്കുന്ന അക്രമവും നീതീകരിക്കാവുന്നതാണെന്നു കരുതുവാനും സംഘാംഗങ്ങള്‍ തയ്യാറാവുന്നു.

തെരഞ്ഞടുപ്പുകാലത്തെ അക്രമങ്ങള്‍ക്ക് അങ്ങനെയല്ലാത്ത കാലത്തെ അക്രമസംഭവങ്ങള്‍ക്ക് കിട്ടുന്ന ജനശ്രദ്ധ പോലും കിട്ടാതെ പോകുന്നത് പതിവാണ്. അതൊക്കെ കളിയുടെ ഒരു ഭാഗമാണെന്നും മതിയായ കാരണം അതിനുണ്ടെന്നും തെളിവൊന്നുമില്ലാതെ ആലോചിക്കുവാനുള്ള മന:സംസ്കാരം സംഘാംഗങ്ങള്‍ക്കു സഹജമാണ്. ജനാധിപത്യത്തിന്റെ ഉന്നതമായ ആശയങ്ങളില്‍ നിന്ന് എത്രത്തോളം നാം അകലുന്നുവെന്ന് ആലോചിക്കുവാന്‍ വിവേകശാലികളെന്നു വിളികൊണ്ടവര്‍ക്കു പോലും സാധിക്കാതെ വരുന്നു.

അര്‍ത്ഥലോപം വന്ന ഒരു വാക്ക് അര്‍ത്ഥാന്തരങ്ങളിലേക്ക് ചേക്കേറുകയും മാനുഷികതയുടെ നിലനില്പിനു തന്നെ മാരകമായ പ്രഹരം ഏല്പിക്കുകയും ചെയ്യുന്നു. വാക്ക് പറയുക മാത്രമല്ല പറയാതിരിക്കുക കൂടി ചെയ്യുന്നുവെന്നത് സത്യം.

Subscribe Tharjani |
Submitted by രാ‍ഘവന്‍ പി കെ (not verified) on Wed, 2007-04-11 22:26.

ജനാധിപത്യത്തിന്റെ ഉന്നതമായ ആശയങ്ങളില്‍ നിന്ന് വിവേകശാലികള്‍ കൂടി അകലുമ്പോള്‍ ഒരു സാധാരണക്കാരന്‍ വെറും സമ്മതിദായക യന്ത്രമായ് മാറുന്നു.

Submitted by ഡ്രിസില്‍ മൊട്ടാമ്പ്രം (not verified) on Sun, 2007-04-15 13:12.

അന്ധമായ സംഘടനാ പക്ഷപാതിത്തമാണ്‌ നമ്മുടെ 'ജനാധിപത്യം' നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. താന്‍ നിലകൊള്ളുന്ന ആശയാടിത്തറ എന്തെന്ന് മനസ്സിലാക്കാതെ, ആശയസംഘട്ടനങള്ക്ക് പകരം, പാര്ട്ടി സംഘട്ടനങള്ക്ക് പ്രാധാന്യം നല്‍കുന്ന അന്ധമായ സംഘടനാ പക്ഷപാതിത്തം. ഇത്തരമൊരു പ്രവര്ത്തകകൂട്ടത്തെയാണ്‌ പാര്ട്ടി നേതാക്കളൂം ആഗ്രഹിക്കുന്നത്. വീണ്ടുവിചാരത്തിനു തയ്യാറാവാത്ത പ്രവര്ത്തകക്കൂട്ടത്തെ.