![]() |
|||||
മനസ്സമ്മതത്തിന്റെ തലേന്ന് , ശനിയാഴ്ച രാത്രി മേഘയ്ക്ക് രവിയുടെ ഫോണ്‍ വന്നു. അങ്ങേത്തലയ്ക്കല്‍ രവിയുടെ ശബ്ദം മുഴങ്ങിയ ഉടനെ എന്തിനെന്നറിയാതെ അവള്‍ നടുങ്ങി.
തിരക്കുള്ള ഒരു ദിവസമായിരുന്നു അത്. പതിവുപോലെ ഉറങ്ങാത്ത ഒരു രാത്രിയ്ക്കു ശേഷം രാവിലെ എങ്ങനെയോ ഒരു ഊര്‍ജ്ജം തന്റെ സിരകളില്‍ നിറയുന്നതായി മേഘ അറിഞ്ഞു. വസ്ത്രങ്ങളെടുക്കാന്‍ ചങ്ങനാശ്ശേരിയില്‍ താനും കൂടി വരുന്നെന്നു ചാച്ചന്റെ പെങ്ങളോടു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞുള്ള വിവാഹത്തിനു അമ്മയെടുത്തു വച്ച കാപ്പിപ്പൊടി നിറമുള്ള സാരി മാറ്റി വാങ്ങണം. ബാങ്കിലുള്ള പണമെടുത്ത് രണ്ടു വളകള്‍ കൂടി വാങ്ങിച്ചിടണം. ഗീതയുടെ കൈയില്‍ മുന്‍പ് നോക്കി വച്ചിരുന്ന മാതൃകയിലുള്ളത്. മിന്ന് എങ്ങനെയുള്ളതാവണം എന്നു കൂടി താന്‍ തീരുമാനിക്കേണ്ടതുണ്ടെന്നു അവള്‍ക്കു തോന്നി. പക്ഷേ വര്‍ഗീസിന്റെ മുഖത്തു നോക്കിയപ്പോള്‍ അതു മാത്രം അവള്‍ക്ക് പറയാന്‍ കഴിഞ്ഞില്ല. യാത്രയ്ക്കിടയില്‍ അവള്‍ രണ്ടോ മൂന്നോ പ്രാവശ്യം അതു തന്നെ ആലോചിച്ചിരുന്നു.
മുറ്റത്തെ ചെമ്പരത്തിച്ചെടികളുടെ ചുവട്ടില്‍ പിടിച്ചിട്ട കസേരയിലിരുന്ന് വൈകുന്നേരം ബന്ധുക്കളോട് വലിയവായില്‍ വര്‍ത്തമാനം പറയുന്നതിനിടയില്‍ വിവാഹ ആഭരണങ്ങളുടെ കാര്യം അവന്‍ പറഞ്ഞു.
“എടീ.. വല്ല ഡിസൈനും നിന്റെ മനസ്സിലുണ്ടെങ്കില്‍ പറയണം.. ....”
തനിക്ക് അങ്ങനെയൊരിഷ്ടമില്ല എന്നവനറിയാം. അവള്‍ വിചാരിച്ചു. കുരിശു കൊരുത്തിട്ടിരിക്കുന്ന മാല മാറ്റി പുതിയത് വാങ്ങാന്‍ അമ്മ പല പ്രാവശ്യം നിര്‍ബന്ധിച്ചതാണ്. ‘പട്ടണത്തിലൊക്കെയാവുമ്പോള്‍...‘ അമ്മ പറയും. പക്ഷേ രവിക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ ഇഷ്ടമുണ്ടായിരുന്നില്ല.
ചാച്ചന്‍ മരിച്ചയിടയ്ക്ക്, ഇനി താനാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുവാന്‍ എന്നൊരു ഗൌരവും വന്നു നിറഞ്ഞ നാളുകളില്‍, വര്‍ഗീസ് ഒരിക്കല്‍ രവിയെ കണ്ടിരുന്നു. നേരെ രവിയുടെ വീട്ടില്‍ പോയി താന്‍ മേഘയുടെ അനിയനാണെന്ന് മുഖവുര കൂടാതെ പറഞ്ഞുകൊണ്ട്, രവിയുടെ അമ്മയുടെ കൈയില്‍ നിന്ന് ചായ ചോദിച്ചു വാങ്ങിച്ചു കുടിച്ചു കൊണ്ട്.
അതൊരു എടുത്തുച്ചാട്ടമായിപ്പോയെന്നു മേഘയ്ക്കു തോന്നി. അവനോട് ഇനി സംസാരിക്കേണ്ടെന്നും സംസാരിച്ചാല്‍ താന്‍ പൊട്ടിത്തെറിച്ചേക്കുമെന്നും അവള്‍ വിചാരിച്ചു. ‘അവനെന്തവകാശം തന്റെ കാര്യങ്ങളിലിടപെടാന്‍...? അതും തന്റെ അനുവാദമില്ലാതെ..‘
ആ ആഴ്ച വീട്ടില്‍ ചെല്ലുമ്പോള്‍ അവന്‍ ഇറയത്ത് ചാച്ചന്റെ കസാലയില്‍ കിടക്കുകയാണ്. അവന്റെ മുഖത്തെ കുട്ടിത്തത്തിനു ചേരാത്ത ഒരു ഗൌരവം അവന്റെ ശബ്ദത്തിലുണ്ടായിരുന്നു.
“ഇക്കാര്യത്തില്‍ നിനക്ക് വലിയ തെറ്റാണ് പറ്റിയിരിക്കുന്നത്...” അവളുടെ മുഖത്തെ ദേഷ്യം തീര്‍ത്തും അവഗണിച്ചു കൊണ്ട് വര്‍ഗീസു പറഞ്ഞു. “അയാള്‍ നട്ടെല്ലില്ലാത്ത ജാതിയാണ്.”
അവള്‍ നടുങ്ങി, അമ്മ അതു കേള്‍ക്കുന്നുണ്ടൊ എന്നറിയാന്‍ അകത്തേയ്ക്കു പാളി നോക്കി. അവന് പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. അവള്‍ ഒന്നും മിണ്ടിയില്ല. അപ്പോഴേയ്ക്കും നനഞ്ഞകൈകള്‍ മടിയില്‍ തുടച്ച് അകത്തു നിന്ന് അമ്മ വന്നു. ആ പഴുതില്‍ അവള്‍ അവളുടെ മുറിയിലേയ്ക്ക് രക്ഷപ്പെട്ടു.
രാത്രി ആലോചിച്ചിരിക്കുമ്പോള്‍ അവളുടെ മനസ്സില്‍ അവ്യക്തമായി ഉണ്ടായിരുന്ന എന്തിനോ അവന്‍ ആകൃതി നല്‍കുകയായിരുന്നു എന്ന് അവള്‍ക്ക് തോന്നി. ഒരുപാട് നാളായി കൊണ്ടു നടന്ന ചോദ്യത്തിന്റെ ഉത്തരം ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ചതു പോലെ. അങ്ങനെയല്ല. അവള്‍ക്കത് അറിയാമായിരുന്നു. കുറ്റബോധം കൊണ്ട് അവളത് ചിന്തിക്കാതിരുന്നതാണ്.
പിന്നീട് രവി തീരെ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നു എന്നു തോന്നിയ സന്ദര്‍ഭത്തില്‍ ദ്വേഷ്യം കൊണ്ട് വര്‍ഗീസിന്റെ അഭിപ്രായം അയാളോട് പറഞ്ഞു പോയിട്ടുണ്ട്.
രവി മുന്‍പൊന്നുമില്ലാത്ത വിധം തളരുന്നത് അന്നു മേഘ കണ്ടു.
പതിവു പോലെ രവി ഹലോ എന്നു പ്രത്യേക ഈണത്തില്‍ നീട്ടി വിളിച്ചില്ല, അവള്‍ തന്നെയാണോ എന്നു തിരക്കിയില്ല. അവ്യക്തമായി എന്തോ പറഞ്ഞു. ചോദ്യമായിരുന്നോ അത്..? അവള്‍ ശ്രദ്ധിച്ചില്ല. മനസ്സമ്മതക്കാരിയുടെ തിരക്കുള്ള ഒരു പകല്‍ അയാളെ മായ്ച്ചു കളഞ്ഞിരുന്നു എന്ന് അയാള്‍ അറിഞ്ഞിരിക്കില്ല. ചിലതൊക്കെ മേഘ മൂളിക്കേട്ടു, ഇല്ല എന്നോ അല്ല എന്നോ പറഞ്ഞു. ഫോണ്‍ വച്ചു.
എന്തായിരുന്നു അയാള്‍ ചോദിച്ചത്...? ഇനി ഒരു പക്ഷേ എല്ലാ കാമുകന്മാരെയും പോലെ തന്നെ ഭര്‍ത്താവുമായി സ്വസ്ഥമായി ജീവിക്കാന്‍ വിടില്ല എന്നതിന്റെ മുന്നറിയിപ്പായിരിക്കുമോ ഇത്? ഇനി നിരന്തരമായ ഫോണ്‍ വിളികള്‍, കത്തെഴുത്ത്, പഴയ കത്തുകളും ഒന്നിച്ചെടുത്ത ഫോട്ടോകളും ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന ഭീഷണി....
അല്ലെങ്കില്‍ ...
ഒരാത്മഹത്യയുടെ തയാറെടുപ്പ്.....?
താഴത്തെ വീട്ടിലെ റോസി- സദ്യയ്ക്ക് വീട്ടില്‍ സഹായിക്കാന്‍ കൂടിയിരിക്കയാണവള് - മേഘയെ നോക്കിയെന്തോ തമാശ പറഞ്ഞു. ഇറയത്തു കൂടിയിരുന്നവരെല്ലാം ഉച്ചത്തില്‍ ചിരിക്കുന്നതു കേട്ടു..
വര്‍ഗീസിനെ വിളിച്ച് രവി വിളിച്ച കാര്യം പറയണമെന്ന് അവള്‍ക്ക് തോന്നി. അവനെ അവിടെ കണ്ടില്ല. അവള്‍ നേരെ മുറിയിലേയ്ക്കു പോന്നു.
‘ഞാന്‍ നിന്നെ കല്യാണം കഴിക്കാം‘ എന്നാണ് രവി പറഞ്ഞത്. അവസാന നിമിഷത്തില്‍ തന്റെ കാമുകിയുടെ ജീവിതം രക്ഷപ്പെടുത്താന്‍ അയാള്‍ ഒരു മാര്‍ഗം കണ്ടെത്തിയ പോലെ. വീണ്ടും ആലോചിച്ചപ്പോള്‍ അയാളുടെ ശബ്ദത്തിന് വല്ലാതെ പതര്‍ച്ചയുണ്ടായിരുന്നതായി മേഘയ്ക്കു തോന്നി. പൂര്‍ണ്ണമായും തകര്‍ന്നിട്ടും അതേ ആകൃതിയില്‍ കുറച്ചുനേരം കൂടി നിലകൊള്ളാന്‍ തീരുമാനിച്ച കണ്ണാടിപ്പാത്രം പോലെ. പ്രണയിച്ച ആറുവര്‍ഷകാലവും അവഗണിച്ചിരുന്ന കാര്യം എന്തേ അയാളിപ്പോള്‍ പരിഗണിക്കാന്‍? പ്രണയം മനുഷ്യരെ വിഡ്ഢികളാക്കുന്നു. ഇക്കാലമത്രയും അയാള്‍ വിവാഹം എങ്ങനെ സ്വാര്‍ത്ഥതയാകുന്നു എന്നും യഥാര്‍ത്ഥ പ്രണയത്തില്‍ എങ്ങനെ മനുഷ്യര്‍ പരസ്പരം സമര്‍പ്പിക്കുന്നു എന്നും പറഞ്ഞു കൊണ്ടിരുന്നു. എന്നെങ്കിലുമൊരിക്കല്‍ അയാള്‍ മനസ്സുമാറി നമുക്കൊരിക്കലും വേര്‍പിരിയാനാവില്ല എന്ന ആവേശത്തോടെ വിവാഹത്തിലെത്തിച്ചേരും എന്നു താന്‍ വിചാരിച്ചു കൊണ്ടിരുന്നു.
ഒന്നും സംഭവിച്ചില്ല.
താന്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചു എന്ന വാര്‍ത്ത മുഖത്തു നോക്കി പറഞ്ഞിട്ടും നിസ്സംഗതയോടെ കേട്ടു കൊണ്ടിരുന്ന രവിയുടെ മുഖം മേഘയ്ക്ക് ഓര്‍മ്മയുണ്ട്. ആറു വര്‍ഷം നീണ്ട ഒരു ബന്ധം മുറിയുമ്പോള്‍ ഒരു തുള്ളി ചോരയുടെ നനവുപോലും ആ മനസ്സില്‍ പടരുന്നില്ല എന്ന അറിവ് എല്ലാ നൊമ്പരങ്ങള്‍ക്കും മീതെ അവളെ തളര്‍ത്തി. അന്നു രാത്രി മുഴുവന്‍ അവള്‍ വല്ലാതെ കരഞ്ഞു.
“നീ ഇതുവരെ ജീവിച്ച ഒരു ലോകത്തെ ഉടച്ച് വാര്‍ത്ത് ദൈവം മറ്റൊന്നു നിനക്കായി ഉണ്ടാക്കുകയാണ്...അങ്ങനെ വിചാരിച്ചുകൂടേ...” തോമസിനെ കണ്ട് തിരിച്ചു വരും വഴി വര്‍ഗീസ് ചോദിച്ചു. വിവാഹം കഴിക്കാന്‍ പോകുന്ന ആളിനെ പുറത്തു വച്ച് കാണണം എന്നും സംസാരിക്കണമെന്നും വര്‍ഗീസിനോട് മേഘ പറഞ്ഞിരുന്നു. പെണ്ണു കണ്ട് ഇഷ്ടപ്പെട്ടു എന്നു അറിയിച്ച തോമസിനെ വിളിച്ച് ചേച്ചിയ്ക്ക് സംസാരിക്കാനുണ്ടെന്നറിയിച്ചത് വര്‍ഗീസാണ്. അവനാണ് അവളെ മല്ലപ്പള്ളിയിലെ കോഫീബീന്‍സില്‍ കൊണ്ടുചെന്നാക്കിയതും.
തോമസിന് ആകെകൂടിയൊരു പരിഭ്രമമായിരുന്നു. കൈലേസെടുത്ത് അയാള്‍ ആവശ്യത്തിലധികം തടിച്ചു തുടുത്ത മുഖം തുടച്ചുകൊണ്ടിരുന്നു. കാലാവസ്ഥ അയാള്‍ക്ക് പിടിക്കുന്നുണ്ടാവില്ല. ഇവിടത്തെ പൊടിയും ചൂടും.
“ഞാന്‍ വല്ലാതെ വിയര്‍ക്കുന്നു.” അയാള്‍ പറഞ്ഞു.
“വിയര്‍ത്തോട്ടെ...” മേഘ പറഞ്ഞു. “പക്ഷേ കര്‍ചീഫെടുത്തു ഇങ്ങനെ തുടയ്ക്കുന്ന ശീലം ഉപേക്ഷിക്കണം.”
അയാള്‍ വിളറിച്ചിരിച്ചു.
പിന്നീട് ആലോചിക്കുമ്പോഴൊക്കെ ആ ചിരി പുരണ്ട മുഖമാണ് തോമസ് എന്ന പേരില്‍ മനസ്സിലെത്തുന്നത്. രവി അങ്ങനെ ഒരിക്കലും ചിരിക്കാറില്ല. അയാളില്‍ ചിരിയില്ല. അയാള്‍ വിയര്‍ക്കാറില്ല. ഒരു കിണറ്റിനുള്ളിലാണയാള്‍ എന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. എപ്പോഴാണ് അയാള്‍ പുറത്തു വരുന്നത്?
അയാള്‍ വിയര്‍ക്കാറുണ്ടോ.........? ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം. അയാള്‍ കൊണ്ടു നടക്കുന്ന കര്‍ചീഫിന്റെ നിറമെന്താണ്? അയാള്‍ക്ക് കര്‍ചീഫുണ്ടോ....? എങ്ങനെ കിടന്നാണ് അയാള്‍ ഉറങ്ങാറുള്ളത്...? ഒരു പ്രണയത്തില്‍ നമ്മളറിയുന്ന കാര്യങ്ങള്‍ എത്ര തുച്ഛമാണ് ! പ്രണയം മറ്റൊരു ലോകമാണ്. മഞ്ഞിലൂടെ എന്ന വണ്ണം അവ്യക്തമാണ് അവിടെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങളെല്ലാം.
പള്ളിയില്‍ വച്ച് നാളെ തീരെ പരിചയ്മില്ലാത്ത മറ്റൊരാളിനെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് താന്‍ പറയും. ചാച്ചന്‍ മരിച്ചതിനുശേഷം തന്നെ പ്രതി ഒറ്റയ്ക്കു തിന്ന തീയെല്ലാം ആ നിമിഷം വിട്ടൊഴിഞ്ഞതായി അമ്മയ്ക്കു തോന്നും. ബന്ധുക്കളെ നോക്കി വരവു വയ്ക്കുന്നതിനിടയിലും ആ ഒരു നിമിഷം തന്റെ ശബ്ദം കേള്‍ക്കാന്‍ വേണ്ടി വര്‍ഗീസ് തിരിഞ്ഞു നോക്കിയേക്കും. തോമസ് അപ്പോഴും വിയര്‍ക്കുന്നുണ്ടാവും.
രവി.. രവി അപ്പോള്‍ എന്തു ചെയ്യുകയായിരിക്കും?
ഓര്‍ക്കാന്‍ സുഖമില്ലാത്ത എന്തൊക്കെയോ കാണുന്നു. വളര്‍ച്ച മുരടിച്ച ചെമ്പരത്തിച്ചെടികള്‍. നിലാവു വീണുകിടക്കുന്ന അവയുടെ കറുത്തയിലകള്‍. പേടിപ്പിക്കുന്ന വേഗത്തില്‍ അവയ്കിടയിലൂടെ ഓടുന്ന താന്‍. എന്നിട്ടും ഒരിടത്തുമെത്തുന്നില്ല. കാലിലെന്തോ തടയുന്നു. തട്ടി വീഴുമെന്നു തോന്നി. പാമ്പല്ല. അത്ര വഴുവഴുപ്പില്ല. എന്നാല്‍ അതിനേക്കാള്‍ ബലമുണ്ട്! അതു മാലയാണ്. മിന്നു കൊരുത്തിട്ട മാല. തട്ടിവീണാല്‍ തന്റെ ചോര ചെമ്പരത്തിച്ചെടികള്‍ക്കു മേല്‍ വീണു പൂക്കും.
ശ്വാസം കിട്ടുന്നില്ല. അട്ടിയിട്ട മണ്ണിനടിയില്‍ താന്‍..........വെള്ളത്തിനടിയിലെന്ന പോലെ താണു താണു പോകുന്നു......
ഞെട്ടി കണ്ണു തുറന്നു. ഉറങ്ങിയതല്ല. കണ്ണുകള്‍ അടഞ്ഞുപോയതാണ്. ഇപ്പോഴും രാത്രിയാണ്. ജനാലകള്‍ അടച്ചിട്ടല്ല കിടന്നത്. എപ്പോഴാണ് ഉറങ്ങിപ്പോയത് എന്ന് ഓര്‍മ്മയില്ല. കൈയെത്തി ജനാലപ്പാളി പിടിച്ച് അടയ്ക്കാന്‍ നോക്കവേ അവള്‍ക്ക് കരച്ചില്‍ വന്നു. പുറത്തെവിടെയോ രവിയുണ്ടെന്നു തോന്നി. ഹോസ്റ്റലില്‍ വച്ച് അങ്ങനെ എത്ര രാത്രികളില്‍ അവള്‍ അങ്ങനെ വിചാരിച്ച് ജനാലകള്‍ തുറന്നിട്ട് കിടന്നിട്ടുണ്ട്. ഒരു ഉറക്കത്തിന്റെ വിടവില്‍ മെല്ലെ കണ്ണുകള്‍ തുറന്ന് തിരിഞ്ഞു കിടക്കാനായുമ്പോള്‍ ജനാലയ്ക്കു വെളിയില്‍ തന്നെ തന്നെ എത്രയോ നേരമായി സൂക്ഷിച്ചു നോക്കി നില്‍ക്കുകയായിരുന്ന..... ...രവി... അത് സങ്കല്പിക്കാന്‍ സുഖമുള്ള ദൃശ്യമായിരുന്നു.
ഇനിയെന്ത് ?
ഇനിമുതല്‍ തനിക്ക് ആറു വര്‍ഷമായി പരിചയമുണ്ടായിരുന്ന രവിയില്ല. അയാളുടെ കത്തുകളില്ല. കാത്തുകാത്തിരിക്കുന്ന ടെലഫോണ്‍ വിളികളില്ല. ഒന്നിച്ചുള്ള നടത്തം.കോഫി.... ബീച്ച്.....ശനിയാഴ്ച ഉച്ചകളിലെ സിനിമ..... വഴക്ക്.... ഒന്നുമില്ല.
ഇനിമുതല്‍ തനിക്കൊട്ടും പരിചയമില്ലാത്ത തോമസ് ഉണ്ട്. ശരീരത്തെക്കുറിച്ച് ബോധമുണ്ടായ കാലം മുതല്‍ ആരുമായും താന്‍ പങ്കിടാതിരുന്ന കിടക്കയില്‍ അടുത്ത ഞായറാഴ്ച മുതല്‍ ഒരാള്‍ കൂടി കിടക്കും. തടിച്ച ഒരാള്‍...വെറുതെ വിയര്‍ക്കുന്ന ഒരാള്‍. ദിവസങ്ങള്‍ കഴിയുമ്പോള്‍ പങ്കപ്പാടൊടെയുള്ള ചിരി മാഞ്ഞു മാഞ്ഞു പോകും. അറപ്പിക്കുന്ന ഗൌരവം വന്നു നിറയും. അയാള്‍ ചോദ്യങ്ങള്‍ ചോദിക്കും. എന്റെ ശീലങ്ങള്‍ മാറ്റണമെന്ന് ഉപദേശിക്കും. കേട്ടില്ലെങ്കില്‍ ശിക്ഷിക്കും. ഇല്ലാത്ത ബലം വരുത്തി ഉറക്കെ ഒച്ചവയ്ക്കും...”എടീ...................”
എന്താണു വ്യത്യാസം?
അവള്‍ മെല്ലെ എഴുന്നേറ്റു. കണ്ട സ്വപ്നത്തിന്റെ പൊരുള്‍ മനസ്സിലായതായി അവള്‍ക്കു തോന്നി. രാവിലെ അനുഭവപ്പെട്ട ഊര്‍ജ്ജം ഒരു കള്ളമായിരുന്നു. ആറുവര്‍ഷമായി താന്‍ ചുറ്റി നടന്ന മുരടിച്ച ചെമ്പരത്തിക്കാടുകളില്‍ തന്നെയാണ് താനിനിയും. ഒന്നും മാറുന്നില്ല. ഈ രാത്രിപോലും.
മുറിയ്ക്കു വെളിയില്‍ മെഴുകുതിരി നാളത്തിന്റെ രൂപത്തില്‍ കത്തുന്ന വൈദ്യുതവിളക്കിന്റെ അരണ്ട പ്രകാശത്തില്‍ മേഘ, ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. പിറകില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ കരുണയോടെയും ഫോട്ടോയില്‍ നിന്നും തന്നെ ഉറ്റുനോക്കുന്ന ചാച്ചന്റെ കണ്ണുകള്‍ ആ ഇരുട്ടിലും അവള്‍ കണ്ടു.
“പിതാവേ ഞാന്‍ കുടിക്കാതെ ഇതു കടന്നു പോവുകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ”
ഉള്ളു പിളര്‍ന്ന് ഒരു വാള്‍ ഇറങ്ങി വരുന്നതു പോലെ തീരെ പ്രതീക്ഷിക്കാതെ അവളുടെ നാവിന്‍ തുമ്പത്തെത്തിയ ആ വാക്യം വല്ലാതെ കയ്ക്കുന്നതായി മേഘ അറിഞ്ഞു. വീണ്ടുമൊരു കരച്ചിലിന് അവള്‍ തയാറെടുത്തു.
സോമാ റേച്ചല്‍