തര്‍ജ്ജനി

കഥ

ഒറ്റമുലച്ചി

കാറ്റു കയ്യേറാന്‍ നോക്കിയ ഒന്നു രണ്ടു പട്ടങ്ങള്‍ ചാവോക്കു മരത്തിനു മേലെ കുടുങ്ങി കിടന്നു. എവിടെയോ ഇഴ പിരിഞ്ഞ അവയുടെ നൂലുകളില്‍ അവയുടെ പിടയ്ക്കലും പൊങ്ങലും നിന്നു പോയിരിക്കണം. ഇടയ്ക്കിടെ കാറ്റ് പറത്തിക്കൊണ്ടു വരുന്ന പൊടിയില്‍ കണ്ണടച്ച് ടെറസ്സിലിരിക്കുമ്പോള്‍ ഉമയ്ക്ക് പെട്ടെന്ന് ഒറ്റമുലച്ചിയെ ഓര്‍മ്മ വന്നു. പണ്ടെന്നോ ഹൃദയമിടിപ്പ് നിലച്ച് മരിക്കുന്നതിനും ഏറെ മുന്‍പ് മുറുക്കാന്‍ ചെല്ലം മുന്‍പില്‍ വച്ചിരിക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞ കഥ.

കറന്റ് പോയാല്‍ ഏറെ കഴിഞ്ഞേ വരൂ. അതിനിടയ്ക്ക് വെറ്റയും അടയ്ക്കയും പൊകലയും ചുണ്ണാമ്പും കൂട്ടി അച്ഛന്‍ ഒന്നു രണ്ടു തവണ മുറുക്കും. പരസ്പരമുള്ള പഴി പറച്ചിലുകള്‍ക്കിടയിലല്ലെങ്കില്‍ അമ്മ കൂടിയുണ്ടാകും കൂടെ. അമ്മയ്ക്കും അച്ഛനുമുള്ള പൊതുവായ പൊരുത്തം ഈ വെറ്റില മുറുക്കലാണെന്ന് ഉമയ്ക്കു തോന്നാറുണ്ട്. ഉമ്മറവാതില്‍ കഴിഞ്ഞ് പുറത്തിറങ്ങാനുള്ള ആദ്യത്തെ പടിയുടേ അപ്പുറമിപ്പുറം അവരിരിയ്ക്കും. ഇരുട്ടു നിറഞ്ഞ പേടി മൂടി വയ്ക്കാനായി ഉമ ഇരുവര്‍ക്കുമിടയിലിരിക്കും. അമ്മയുണ്ടെങ്കില്‍ കഥയുണ്ടാവില്ല അച്ഛന്റെ വക. പശുവിന്റെ പേറെടുത്തതും മധുവേട്ടന് മൂന്നമതും പത്താം ക്ലാസ് പരീക്ഷയ്ക്ക് ഫീസു കെട്ടേണ്ടതും മറ്റു മായിരിക്കും വര്‍ത്തമാനങ്ങള്‍. വല്യേട്ടനെക്കുറിച്ച് പറയുമ്പോള്‍ അമ്മയുടെ വാക്കില്‍ തേന്‍ പുരലുന്നത് ഉമയ്ക്കിഷ്ടമായിരുന്നില്ല. കറന്റ് പോകുമ്പോള്‍ അച്ഛന്‍ ഒറ്റയ്ക്കാകാന്‍ ഉമ ആഗ്രഹിച്ചു. തലേന്നോ രാവിലെയോ വഴക്കടിച്ചിട്ടുണ്ടെങ്കില്‍ അമ്മ കൂടെ വന്നിരിക്കില്ല. അടുക്കള തിറമ്പിലിരുന്ന് മുറുമുറുക്കുകയേയുള്ളൂ.

അത്തരമൊരു കറണ്ടു പോക്കിനിടയിലാണ് തുന്നല്‍ ക്ലാസ്സില്‍ ചേര്‍ക്കാം എന്ന് അച്ഛന്‍ പറഞ്ഞത്. ഭാഗ്യത്തിന്, അതു മുടക്കാന്‍ അമ്മ അടുത്തുണ്ടായില്ല. എന്നിട്ടെന്താ കാര്യം? അച്ഛന്റെ വാക്കും, പഴയ ചാക്കും! ഒന്നും നടന്നില്ല. ഒരുപാടു ദിവസം കാത്തുകാത്തിരുന്നത് മിച്ചം. ഓര്‍ത്തപ്പോള്‍ ഉമയ്ക്കു ചിരിപൊട്ടി. ചിലപ്പോല്‍ നടക്കാനിടയില്ലാത്ത പ്രതീക്ഷകളാവും ജീവിതത്തിന്റെ ചിറകുകളാവുക!

ഒറ്റമുലച്ചി എപ്പോഴാണ് ഭയത്തിന്റെ ഇരുണ്ട പുതപ്പുമാറ്റി താങ്ങും തണലുമായത്? ഇരുട്ടത്ത് പേടിയോടെ മുനിഞ്ഞിരിക്കുമ്പോള്‍ കൂടുതല്‍ പേടിപ്പിക്കാനായാണ് അച്ഛനത് പറഞ്ഞത്. മൂപ്പര്‍ അന്നല്പം മിനുങ്ങിയിരുന്നു. പതിവിലും എത്രയോ കുറവ്. അല്ലെങ്കില്‍ അലമ്പാവുകയേ ഉള്ളൂ. കറണ്ടു വരാനായി ഇലക്ട്രിക് പോസ്റ്റില്‍ രണ്ടിടിയിടിച്ച് വന്നിരിക്കുകയായിരുന്നു അച്ഛന്‍. സൈക്കിളില്‍ പാല്‍ക്യാന്‍ വച്ചുകെട്ടി ഏഴര പുലര്‍ച്ചെ അതുമായി പോകുമ്പോഴാണ് പോലും മൂപ്പര്‍ ഒറ്റമുലച്ചിയെ കണ്ടത്. നീളന്‍ മുല മടക്കി ഇടം ചുമലില്‍ ഇട്ടിരുന്നുവത്രേ!

കാണാന്‍ ഭംഗിയുണ്ടായിരുന്നോ എന്നു ചോദിക്കാന്‍ പോലും ഉമ ഭയന്നു. തെക്കേ മുറ്റത്തെ പ്ലാവിന്റെ ചില്ലകളെ കാറ്റ് പിണക്കിയപ്പോള്‍ ഉമ ഒറ്റമുലച്ചിയുടെ കാലടി ശബ്ദം കേട്ടു. ചാണകക്കുഴിക്കരികെ നിന്നും തവള പേക്രോം ! പേക്രോം ! എന്നു കരയുക കൂടി ചെയ്തപ്പോള്‍ അവള്‍ അച്ഛനരികിലേയ്ക്ക് കുറേകൂടി നീങ്ങിയിരുന്നു.

“ഒറ്റമുലച്ചി കുട്ട്യോളെ പിടിച്ച് മുല വായില്‍ വെച്ചു കൊടുക്കും ല്ല്യേ അച്ഛാ?” മണിയേട്ടന്‍ ചോദിച്ചു. ഇരുട്ടത്ത് അവരെന്തിനാ ചിരിച്ചതെന്ന് ഉമയ്ക്ക് മനസ്സിലായില്ല. രാത്രി കൂടെ കിടക്കാന്‍ ജഗദേച്ചിയോട് പറയണം എന്ന് ഉമ തീരുമാനിച്ചു. അവളോട് വെറുതെ പിണങ്ങണ്ടായിരുന്നു. ക്രാക്കന്‍ നാരായണന്‍ മാഷോട് ഒന്നു ചിരിച്ചു കാണിച്ചതിന് അമ്മയെക്കൊണ്ട് വഴക്കു പറയിപ്പിക്കണ്ടായിരുന്നു. രാത്രി ഒറ്റയ്ക്ക് കിടക്കേണ്ടതാലോചിച്ചപ്പോള്‍ ഉമയ്ക്ക് ആധിയായി. പത്തായത്തിന്റെ തൊട്ടു താഴെ ജഗദേച്ചിയുണ്ടാവും അച്ഛന്റെ അടുത്തുറങ്ങാന്‍ എണീറ്റു പോയില്ലെങ്കില്‍ അമ്മയും. എന്നാലും തൊട്ടു കിടക്കാന്‍ ആരുമില്ലാതെ ............... ഉമയ്ക്കു പേടി കൊണ്ട് കുളിര്‍ന്നു !

ഒറ്റമുലച്ചിയെ മറക്കാനായി ഉമ ഉണ്ണിയെക്കുറിച്ചാലോചിച്ചു. പലിശക്കാരന്‍ കുട്ടികൃഷ്ണന്‍ നായരുടെ മകന്‍ ഉണ്ണി അച്ഛനെ അന്വേഷിച്ചു വരുമ്പോള്‍ ഉമയ്ക്കെന്തോ സന്തോഷം വരുമായിരുന്നു. പൈസയില്ലെങ്കില്‍ അച്ഛന്‍ ഉമ്മറത്തേയ്ക്കു വരില്ല. അച്ഛനില്ല എന്നു പറയാന്‍ താനാണ് ചെല്ലുന്നതെങ്കില്‍ അവള്‍ സന്തോഷം കൊണ്ടു തുളുമ്പും. നെറ്റിയുടെ നടുക്കൊരു ചന്ദനപ്പൊട്ടും ചിരി ഒളിഞ്ഞ ചുണ്ടുകളുമായി നില്‍ക്കുന്ന ഉണ്ണിയുടെ മുന്‍പില്‍ എത്തുമ്പോള്‍, തുപ്പലിറക്കുന്ന ശബ്ദം കൂടി ഉച്ചത്തിലായി പോവും! ഇടയ്ക്കൊരിക്കല്‍ ഉണ്ണി പാന്റിട്ടു വന്നത് ഉമയ്ക്കിഷ്ടമായില്ല. ഓ ! ഒരു തുക്കിടി സായ്‌വു വന്നിരിക്കുന്നു! ചെറിയ പച്ചക്കരയോ ചുവന്ന കരയോ ഉള്ള മുണ്ടിന്റെ തുമ്പ് ഇടംകൈയില്‍ പിടിച്ച് ഉണ്ണി നറ്റന്നു വരുമ്പോള്‍ മുട്ടിനു താഴെ നനുത്ത ചെമ്പന്‍ രോമങ്ങള്‍ കാണാം.

പെട്ടിക്കാരന്‍ മാപ്പിള നെഞ്ചത്തു പിടിച്ച് തിരുമിയ ശേഷമാണ് അവള്‍ ഉണ്ണി വന്നാല്‍ മുന്നില്‍ പോകാതായത്. അവള്‍‍ക്കിഷ്ടമുള്ള വളകള്‍ അമ്മ തെരഞ്ഞെടുത്ത് കഴിഞ്ഞ് പൈസയെടുക്കാന്‍ അകത്തു പോയതായിരുന്നു. തുറന്നു വച്ച പെട്ടിയില്‍ മിന്നുന്ന വളകളും കണ്മഷിയും ചാന്തും റോസ് പൌഡറും പിന്നെയുമെന്തൊക്കെയോ നിറഞ്ഞ നിറങ്ങളുടെ ലോകം. കറുപ്പും വെള്ളയും ആകാശ നീലയുമുള്ള റിബ്ബണുകളില്‍ കൊതിച്ച് നില്‍പ്പായിരുന്നു ഉമ. ഇത്തിരി എത്തി വലിഞ്ഞ് പെട്ടിയ്ക്കുള്ളിലേയ്ക്ക് നോക്കാന്‍ തുടങ്ങിയപ്പോഴാണയാള്‍ നെഞ്ചത്ത് പിടിച്ചത്. ഉമയുടെ വിരിയാന്‍ തുടങ്ങിയ വലത്തേ മുല വല്ലാതെ വേദനിച്ചു. അവള്‍ക്ക് കരച്ചില്‍ വന്നു. തെക്കേ മുറ്റത്തുകൂടി ഓടി അവള്‍ വളകള്‍ കുപ്പക്കൂനയില്‍ എറിഞ്ഞു. ഇന്ന്, അടി ഉറച്ചതാണ്. വളകള്‍ തിരയുന്നതില്‍ അവളും അമ്മയും അല്ലെങ്കിലേ ഇടഞ്ഞിരുന്നു. അതില്‍ പിന്നെ കിണറ്റുകരയില്‍ ഷിമീസുമിട്ടു നിന്നുള്ള കുളി അവള്‍ നിര്‍ത്തി. ഉണ്ണിയെ കാണുമ്പോഴൊക്കെ സങ്കടം വന്നു. ഏറെ കാലം തന്റെ വലത്തെ മുലയെ അവള്‍ വെറുത്തു. ഗൌതമനും പിന്നെ രഹസ്യമായെന്നോണം മുസ്തഫയും സൌമ്യമായി അതിനെ ഓമനിക്കും വരെ.

ഇതിനിടയില്‍ എപ്പോഴോ ആണവള്‍ ഒറ്റമുലച്ചിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഗുളികന്‍ തറയില്‍ തിരിവച്ച് (അമ്മയെ പേടിച്ച് മാത്രമാണ്) തിരിയുമ്പോള്‍ അവള്‍ക്കു തോന്നി ഒറ്റമുലച്ചിയുടെ നീണ്ട മുല കൊണ്ട് ചിലരെയൊക്കെ അടിപ്പിക്കണമെന്ന്. മുലകൊണ്ടുള്ള അടിയില്‍ ആരോ മരിച്ചതിനെ കുറിച്ച് അച്ഛന്‍ പരഞ്ഞിരുന്നോ? ഇല്ലെങ്കിലും അങ്ങനെ അരിച്ചോട്ടെ. എപ്പോഴോ ഒരു നീളന്‍ മുല വാത്സല്യത്തോടെ തന്നെ ചുറ്റുന്നതവള്‍ സ്വപ്നം കണ്ടു. ചുങ്ങിയ തൊലിയുടെ ഇളം ചൂടില്‍ അവള്‍ സ്വസ്ഥയായി ചുരുണ്ടു.

ഇത്രയും കാലം പെട്ടിക്കാരന്‍ മാപ്പിളയുടെ കാര്യം താനാരോറ്റും പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് ഉമ അത്ഭുതപ്പെട്ടു. ഗൌതമന്‍ ചരിത്രത്തില്‍ താത്പര്യമില്ലാത്ത തിരക്കു നിറഞ്ഞ ഒരാളായിരുന്നു. അവനവനില്‍ നിന്ന് ഓടിയൊളിക്കാനാണ് ഗൌതമന്‍ തിരക്കുകളില്‍ കൂപ്പു കുത്തുന്നതെന്ന് ഉമയ്ക്കു തോന്നി. അവനോട് പറഞ്ഞാലും ഇല്ലെങ്കിലും ഒരു പോലെയാ. കുറെക്കാലം കഴിഞ്ഞപ്പോള്‍ അവള്‍ക്കും ഗൌതമനുമിടയിലെ ഏകഭാഷ നിശ്ശബ്ദത മാത്രമായി.

ടെറസ്സിലെ ആട്ടക്കസേരയില്‍ നിന്നും ഉമ എഴുന്നേറ്റു. പൊടി തട്ടി കുടഞ്ഞു. പാതിരാ കഴിഞ്ഞിരിക്കുന്നു. മകന്റെ മുറിയില്‍ ഇപ്പോഴും വെളിച്ചമുണ്ട്. കുറെമുന്‍പേ, അവന്‍ ഗുളികയും വെള്ളവും കൊണ്ടു തന്നിരുന്നു., ടെറസ്സില്‍. അവന്‍ കമ്പ്യൂട്ടര്‍ ഓഫാക്കാതിരുന്നത് തനിക്കു വേണ്ടിയാവാം.

ഉമ കീ ബോര്‍ഡില്‍ വിരലമര്‍ത്തി. സെര്‍ച്ച് എഞ്ചിനുകള്‍ ഒറ്റമുലച്ചിയെ തിരഞ്ഞു വിഫലമായി. ഒറ്റ മുലച്ചിയെ ഇംഗ്ലീഷിലാക്കിയപ്പോള്‍ ഉടുതുണിയില്ലാത്ത സ്ത്രീകളുടെ ഒരു നിര സ്ക്രീനില്‍ തെളിഞ്ഞു. കുറെ നോക്കിയിരുന്നപ്പോള്‍ ഉമയ്ക്കു മടുപ്പു തോന്നി. കമ്പ്യൂട്ടര്‍ ഓഫാക്കി, ലൈറ്റണച്ച് ഉമ പുതപ്പു വലിച്ചിട്ടു. നീക്കം ചെയ്ത വലത്തേ മാറില്‍ കൈപ്പത്തി പതിയെ അമര്‍ത്തി ചെരിഞ്ഞു കിടന്നു.

പി. സോമലത
p.somalatha@gmail.com
Subscribe Tharjani |
Submitted by Raj (not verified) on Fri, 2007-03-23 15:45.

ആദ്യ ഭാഗങ്ങള്‍ കുറേ കൂടി ഒതുക്കത്തോടെ പറഞ്ഞിരുന്നെങ്കില്‍ കഥയാകെ നന്നായേന്നെ.