തര്‍ജ്ജനി

കഥ

അന്വേഷണത്തിന്റെആരംഭം

സെല്‍‌വരാജ്,
എന്റെ മനസ്സില്‍ ഒരിക്കലുമുണങ്ങാത്ത മുറിവേല്‍പ്പിച്ച് നീ എവിടേയ്ക്കാണ് കടന്നു പോയത്? ഇന്ന് നീ എവിടെയാണ്? തിരയൊടുങ്ങാത്ത സാഗരത്തില്‍ അടങ്ങാത്ത പ്രതിഷേധമിരമ്പുന്ന നിന്റെ മുഖമമര്‍ന്നുവോ.............?
അതോ അമ്പലങ്ങളുടെയും പള്ളികളുടെയും മുന്‍പില്‍ ബസ് സ്റ്റാന്‍ഡില്‍, ജനക്കൂട്ടങ്ങള്‍‍ക്കിടയില്‍ നീട്ടിപ്പിടിച്ച കരങ്ങളും നാണയതുട്ടുകള്‍ യാചിക്കുന്ന ചുണ്ടുകളുമായി നീയിന്നുമലയുന്നുവോ?
സെല്‍‌വരാജ്.. നീയെനിക്കാര്?
ചുരുങ്ങിയ കാലത്തെ അദ്ധ്യാപക ജീവിതത്തിനിടയില്‍ എന്റെ മുന്നിലൂടെ കടന്നു പോയ വിദ്യാര്‍ത്ഥികളിലൊരാള്‍ മാത്രമോ.......?
അതിനുമപ്പുറം ജീവിതത്തിന്റെ പരുക്കന്‍ മുഖങ്ങളും ദൈന്യതകളും ഏറെയൊന്നും പരിചയമില്ലാതിരുന്ന എനിക്ക് അവ കാട്ടിത്തന്ന വഴികാട്ടിയോ?

ഏറെ മോഹിച്ച അദ്ധ്യാപക ജോലി സ്വീകരിച്ച് ഞാന്‍ ആദ്യമായി കടന്നു വന്നത് നിന്റെ പള്ളിക്കൂടത്തിലേയ്ക്കായിരുന്നു. ആദ്യ ക്ലാസ്സിലെയ്ക്ക് കടന്നപ്പോള്‍ ഞാന്‍ പരിഭ്രമിച്ചു പോയി. ബഹുമാനവും അച്ചടക്കവും കുട്ടികളില്‍ നിന്നു പ്രതീക്ഷിച്ചെത്തിയ എനിക്ക് അലക്ഷ്യഭാവവും അവഗണനയുമാണ് നിന്റെയും സഹപാഠികളുടെയും മുഖത്ത് ദര്‍ശിക്കാനായത്. മുന്‍‌നിരയിലിരുന്ന കുട്ടികളെ ഞാന്‍ വീക്ഷിച്ചു. ഞാന്‍ തളര്‍ന്നു പോയി. യൂണിഫോമിന്റെ ഭാഗമായ ഷൂസിനു പകരം ശോഷിച്ചു തൂങ്ങുന്ന കാലുകള്‍. ബഞ്ചില്‍ നിവര്‍ന്നിരിക്കാനാവാതെ ചക്രം പിടിപ്പിച്ച പലകപ്പുറത്തും വീല്‍ചെയറിലുമിരിക്കുന്നവര്‍. ആദ്യ ക്ലാസ്സില്‍ നിന്നും ഒന്നും മിണ്ടാനാകാതെ ഞാന്‍ മടങ്ങിപ്പോന്നു.

സ്കൂളിനോടനുബന്ധിച്ച് ഒരു വികലാംഗ ബാലഭവനുണ്ടെന്നും അവിടത്തെ അന്തേവാസികള്‍ മറ്റു കുട്ടികളോടൊപ്പം ഇതേ സ്കൂളില്‍ പഠിക്കുന്നുണ്ടന്നും ഞാന്‍ മനസ്സിലാക്കി. തൊട്ടടുത്ത ദിവസം ഞാന്‍ ബാലഭവന്‍ സന്ദര്‍ശിച്ചു. അവിടെ ജീവിതത്തിന്റെ മറ്റൊരു മുഖം ഞാന്‍ കണ്ടു. ദൈന്യതയും നിസ്സഹായതയും നിര്‍വികാരതയും മുറ്റിയ ആ മുഖങ്ങള്‍ക്കിടയില്‍ നിന്റെ മുഖം വേറിട്ടു നിന്നു.

പിന്നീട് നിന്നെക്കുറിച്ചുള്ള സംസാരം സ്റ്റാഫ് റൂമില്‍ എപ്പോഴും കേട്ടു. ധിക്കാരി, അക്രമി, അക്ഷരമറിയാത്തവന്‍... നീണ്ടു പോകുന്ന വിശേഷണങ്ങള്‍. ക്ലാസ്സിലെയും ബാലഭവനിലെയും കുട്ടികളെ തരം കിട്ടിയാല്‍ ബ്ലേഡുകൊണ്ടു മുറിപ്പെടുത്തി രസിക്കുന്നവന്‍, ശിക്ഷിക്കുന്ന അദ്ധ്യാപകരെ തിരികെ തല്ലാനൊരുങ്ങുന്നവന്‍, എല്ലാവിധ ചീത്ത വാക്കുകളും പ്രയോഗിക്കുന്നവന്‍.............ഇതിനിടയില്‍ ചികഞ്ഞു നോക്കിയിട്ടും നന്മയുടെ ഒരംശവും നിന്നെക്കുറിച്ച് കേള്‍ക്കാ‍നായില്ല.

മുന്നറിവുകള്‍ വിപരീതമായതുകൊണ്ടാവാം നിന്നെ ഞാന്‍ ആദ്യം അവഗണിച്ചു. അതിനു നീ മധുരമായി പകരം വീട്ടിയത് ഇന്നും ഞാനോര്‍ക്കുന്നു. വേദനിക്കുന്ന ഹൃദയങ്ങളെ വെള്ളമേഘം പോലുള്ള ചിറകുകളാല്‍ തഴുകിയാശ്വസിപ്പിക്കുന്ന മാലാഖയുടെ കഥ ക്ലാസ്സില്‍ പഠിപ്പിക്കവേ ഇമവെട്ടാത്ത മിഴികളുമായി നീയത് ശ്രദ്ധിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അടുത്തദിവസം നോട്ടെഴുതിക്കൊണ്ടു വരാന്‍ എല്ലാവരോടുമായി പറഞ്ഞു. പിറ്റേന്ന് ക്ലാസ്സിലെത്തിയ ഞാന്‍ നോട്ടുബുക്ക് പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ ചക്രം പിടിപ്പിച്ച പലകയുരുട്ടി നീ എന്റെ സമീപത്തെത്തി. എന്റെ നേര്‍ക്കു നീട്ടിയ ബുക്കു വാങ്ങി നോക്കിയപ്പോള്‍ അദ്ഭുതപ്പെട്ടു പോയി. അന്നുവരെ പഠിപ്പിച്ച എല്ലാ പാഠങ്ങളുടെയും നോട്ട് വടിവില്ലാത്ത അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു. നിന്റെ മുഖത്തു നോക്കാന്‍ ആദ്യമായി എനിക്കു മടി തോന്നി.
മനസ്സില്‍ അസ്വസ്ഥത നിറഞ്ഞു.
പക്ഷേ നിന്റെ മുഖത്ത് സംതൃപ്തിയോ അഭിമാനമോ ഒക്കെ നിറഞ്ഞു നിന്നു.
മറ്റുള്ളവരുടെ വാക്കുകളിലൂടെ നിന്നെ തെറ്റിദ്ധരിച്ചതില്‍ എനിക്ക് പശ്ചാത്താപം തോന്നി. പക്ഷേ അതു തെറ്റിദ്ധാരണയായിരുന്നോ?

എല്ലാക്ലാസുകളിലും നീ പ്രശ്നക്കാരനായിരുന്നല്ലോ. മറ്റു കുട്ടികള്‍ക്ക് നിന്റെയടുത്തിരിക്കാന്‍ ഭയമായിരുന്നല്ലോ. ഏതായാലും ബാലഭവനിലെ സിസ്റ്ററോട് നിന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയണമെന്ന് കരുതിയിരിക്കെ ‘സെല്‍‌വരാജ് ടീച്ചറുടെ ക്ലാസ്സില്‍ പ്രശ്നമുണ്ടാക്കാറുണ്ടോ’ എന്ന അന്വേഷണവുമായി സിസ്റ്റര്‍ സ്റ്റാഫ് റൂമിലെത്തി.

സഹ അദ്ധ്യാപകരുടെ വാക്കുകളിലൂടെ നിന്നെക്കുറിച്ച് എന്റെ മനസ്സിലൊരു മുന്‍‌ധാരണയുണ്ടായിരുന്നതല്ലാതെ എന്റെ ക്ലാസ്സില്‍ അന്നുവരെ നീ പ്രശ്നങ്ങളുണ്ടാക്കിയിരുന്നില്ല. സിസ്റ്ററോട് അതേക്കുറിച്ച് പറഞ്ഞ ഞാന്‍ നിന്റെ കൂടുതല്‍ ദയനീയമായ കുടുംബകഥ കേട്ട് തരിച്ചിരുന്നു.
കടല്‍ത്തീരത്തെ കുടിലുകളിലൊന്നില്‍ ജനിച്ച നിനക്ക് വികലാംഗരായ അഞ്ചു സഹോദരങ്ങളുണ്ടായിരുന്നു എന്നും അച്ഛനമ്മമാര്‍ ജോലിയ്ക്കു പോയ സമയം കടല്‍ക്കരയില്‍ കളിക്കാനിറങ്ങിയ അവരെ ഒന്നൊന്നായി തിരമാലകള്‍ കൂട്ടിക്കൊണ്ടു പോയെന്നും കേട്ടപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല. ഒടുവില്‍ നിന്നെയെങ്കിലും രക്ഷിക്കുന്നതിനായി ബാലഭവനില്‍ എത്തിക്കുകയായിരുന്നു.

പക്ഷേ കടലലകള്‍ നിന്നെയും മാടി വിളിക്കുകയായിരുന്നോ?
അതുകൊണ്ടാവുമല്ലോ വാശിയോടെ നീയെപ്പോഴും പറയുമായിരുന്നത് ‘ഒരിക്കല്‍ ഞാനും അവിടെയ്ക്ക് പോകുമെന്ന് ‘
നീ നഷ്ടപ്പെടുമെന്നുള്ള ഭയം കൊണ്ടാകാം അവധിക്കാലത്ത് ഒരിക്കലും നിന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടില്‍ നിന്നും ആരുമെത്താത്തത്. നിന്റെ വാശി വര്‍ദ്ധിപ്പിക്കാനേ അതുപകരിച്ചുള്ളൂ സെല്‍‌വരാജ്...

നിന്റെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ബാലഭവനിലെ കുട്ടികളെ കൂടുതല്‍ അടുത്തറിയണമെന്ന് എനിക്കു തോന്നി. അതില്‍ കുറെയേറെ ഞാന്‍ വിജയിക്കുകയും ചെയ്തു. മറ്റുള്ളവരെപ്പോലെ ഓടി നടക്കാനാവാതെ വിധി നല്‍കിയ ക്രൂരതയ്ക്കിരയായി നിസ്സഹായതയോടെ കഴിയുന്ന നിന്റെയും കൂട്ടുകാരുടെയും മനസ്സ് ബാലഭവനിലെ സുഖസൌകര്യങ്ങളിലും നിയമങ്ങളിലും എപ്പോഴും അസംതൃപ്തമായിരുന്നു. പക്ഷേ ആ മനസ്സുകളിലൊളിഞ്ഞു കിടന്ന കലാവാസനയുടെ സ്ഫുലിംഗങ്ങള്‍ കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടു. നിങ്ങള്‍ക്കെന്നെ ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍ വല്ലാത്തൊരനുഭൂതിയായിരുന്നു മനസ്സില്‍. എന്നും രാവിലെ സുപ്രഭാതമാശംസിക്കാനായി നില്‍ക്കുന്ന ബാലഭവനിലെ അന്തേവാസികളില്‍ എന്നും മുന്‍പില്‍ നീയായിരുന്നല്ലോ. നിന്റെ ആശംസയ്ക്ക് മറുപടി കിട്ടണമെന്ന് നിനക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പുതുവത്സരത്തിനും ക്രിസ്മസ്സിനും നിങ്ങള്‍ തന്ന ആശംസാകാര്‍ഡുകളില്‍ നിങ്ങളുടെ ഹൃദയവികാരം കാണാനായി. അങ്ങനെ കടന്നു പോയ രണ്ടു വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും നീയെനിക്കൊരു ശല്യമായിരുന്നില്ല.

ജീവിതമെന്നും പരിവര്‍ത്തന വിധേയമാണല്ലോ. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്കവിടെ നിന്നും പോരേണ്ടി വന്നു. വികാരനിര്‍ഭരമായ ആ യാത്രയയപ്പ് ഓര്‍മ്മയിലെത്തുമ്പോഴൊക്കെ നിങ്ങളുടെ നിറകണ്ണുകള്‍ മനസ്സില്‍ നനവായ് നിറഞ്ഞു നിന്നു. പിന്നീട് നിങ്ങളുടെ കത്തുകള്‍ എന്നോട് കഥ പറഞ്ഞു. അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞ് നീ ബാലഭവനില്‍ നിന്നും പോയെന്ന് ഞാന്‍ അറിഞ്ഞു. പിന്നീട് പലരോടും അന്വേഷിച്ചെങ്കിലും നിന്നെക്കുറിച്ച് ഒന്നുമറിയാനായില്ല.

ഒരു ദിവസം രാവിലെ കോരിച്ചൊരിയുന്ന മഴയത്ത് ബസ് സ്റ്റാന്‍ഡില്‍ ഭര്‍ത്താവുമൊത്ത് മഴ തോരുന്നത് കാത്തു നില്‍ക്കേ അതിവേഗം ഇഴഞ്ഞെത്തിയ ഒരു മുഷിഞ്ഞ രൂപം പൈസയ്ക്കായി അദ്ദേഹത്തിനു നേര്‍ക്ക് കൈകള്‍ നീട്ടി. എന്റെ കണ്ണുകള്‍ അലക്ഷ്യമായി ആ രൂപത്തിന്റെ മുഖത്തു പതിഞ്ഞതും അറിയാതെ ചുണ്ടുകള്‍ മന്ത്രിച്ചു ‘സെല്‍‌വരാജ് ‘. പെട്ടെന്ന് ഹൃദയത്തിലൊരു വെള്ളിടി വെട്ടി. നീയും എന്നെ ഒരു നിമിഷാര്‍ദ്ധം നോക്കി. പിന്നെ ശരവേഗത്തില്‍ ഒരു മത്സ്യത്തെപ്പോലെ തോരാത്ത മഴയത്ത് ചെളിവെള്ളത്തിലൂടെ ഇഴഞ്ഞ് ആള്‍ക്കൂട്ടത്തിലെവിടെയോ മറഞ്ഞു. നിന്നെ പിന്‍‌തുടരാനൊരുങ്ങിയ എന്നെ കഥയൊന്നുമറിയാത്ത ഭര്‍ത്താവ് തടഞ്ഞു. നിനക്ക് തരാനായെടുത്ത നാണയത്തുട്ടുകള്‍ ആ കൈകളില്‍ അപ്പോഴുമുണ്ടായിരുന്നു.

എത്രയോ ദിവസങ്ങള്‍ വേണ്ടി വന്നു ആ കാഴ്ചയുടെ ആഘാതത്തില്‍ നിന്നു അല്പമെങ്കിലും മോചനം കിട്ടാന്‍! പിന്നീട് ബാലഭവനിലെ സിസ്റ്ററോടും സ്കൂളിലെ അദ്ധ്യാപകരോടുമൊക്കെ ഇതേക്കുറിച്ചു പറഞ്ഞു. അവരുടെ മറുപടിയില്‍ നിന്നും എന്നെ ഞെട്ടിച്ച ആ കാഴ്ച സത്യമെന്നറിഞ്ഞു.

ഇന്നും ആള്‍ക്കൂട്ടത്തിനിടയില്‍, തെരുവോരത്ത്, പള്ളികളുടെയും ക്ഷേത്രങ്ങളുടെയും മുറ്റത്ത് ഒക്കെ നിന്റെ മുഖം ഞാന്‍ തിരയുന്നു.
ഒരിക്കല്‍ക്കൂടി കാണാനായാല്‍ എനിക്കു നിന്നോട് ചോദിക്കണം,
‘സെല്‍‌വരാജ്,
നീട്ടിയ കൈക്കുമ്പിളുമായി നീ ഈ ലോകത്തോട് യാചിക്കുന്നതെന്താണ്?
നാണയത്തുട്ടുകളോ...കാരുണ്യമോ........
വിധി നിനക്കു തന്ന വൈകല്യത്തിനു പരിഹാരമോ..........?
അതിനു മുപരി മറ്റെന്തെങ്കിലും..........................?

രാജലക്ഷ്മി എ
Subscribe Tharjani |
Submitted by sabith (not verified) on Sat, 2007-03-10 02:06.

story is good , but i have a doubt really this is just a story?