തര്‍ജ്ജനി

കവിത

സുഹൃത്തിനോട്

അമലരാഗത്തിനാഴമുണ്ടെങ്കിലും
അരുത്, തുടരാം നമുക്കിനി സൌഹൃദം
ഇതളുവാടാതെ ഓര്‍മ്മയില്‍ ചൂടിടാം
അരിയ പ്രേമമാം പൊന്‍പനീര്‍പൂവുകള്‍
ഒരു കിനാക്കടല്‍ നീട്ടി നീ നില്‍ക്കവേ
കടവിലൊറ്റയ്ക്കു കാലം തിരഞ്ഞു ഞാന്‍
ചെറിയ തോണി തുഴഞ്ഞിടാനാവുമോ
പ്രണയതീരമങ്ങകലെയല്ലോ സഖേ
പ്രതിഫലിക്കാത്ത ദര്‍പ്പണം നോക്കി നിന്‍
കരളു നൊന്തിടല്ലേ നൊമ്പരങ്ങളാല്‍
തിരയടങ്ങാത്ത സാഗരം പോലെയെന്‍
ഹൃദയമില്ലേ നിനക്കുറങ്ങീടുവാന്‍
ഇരുവഴിപോല്‍ നമുക്കിന്നകന്നിടാം
പ്രിയതമം നിന്‍ പ്രേമമതെങ്കിലും
തുടരുമീ നമ്മള്‍ ജന്മാന്തരങ്ങളില്‍
തിരികെടുത്താത്ത സാന്ദ്രമാം സൌഹൃദം


വിനീത ഉണ്ണി
Subscribe Tharjani |