തര്‍ജ്ജനി

കെ രാജഗോപാല്‍

കണ്ടയ്ക്കാപ്പള്ളില്‍
മുണ്ടങ്കാവ്
ചെങ്ങനൂര്‍ തപാല്‍
പിന്‍ 689 121

Visit Home Page ...

കവിത

സസ്യേതരം

നാട്ടു പൂച്ചകള്‍ക്കൊക്കെയും കാണണം
തോട്ടുമീനിന്റെ പോസ്റ്റുമാര്‍ട്ടം

പെറ്റുവീണു തുടിക്കും പശുക്കുട്ടിയെപ്പോലെ
കീറ്റില കുമ്പിളിലൊട്ടിനിന്ന്
എത്തിനോക്കും പരിഞ്ഞീല്‍ മലനിര-
യ്ക്കെത്ര കൈവഴി?

ആറ്റുമാലിക്കു നിന്നിട തോട്ടിലേയ്ക്കു
ഏറ്റമാണെന്ന്
അത്തിമൂടും നിലയറ്റ് മാഞ്ഞെന്ന്
ഒരുപ്പോക്കിടം വലം
ആര്‍ത്തിരച്ചൊഴുക്കിട്ടതെപ്പോഴെന്ന്
വീര്‍പ്പടക്കി നില്‍ക്കുന്ന കൈയാലകള്‍
കാക്കകളോട്.

കൂട്ടുവാഴകളൊക്കെയും തെക്കോട്ട്
വീട്ടു കല്‍പ്പടമേല്‍ ഇഴജാതികള്‍
ഊരുതെണ്ടും ഒഴുക്കിനൊപ്പം ഇണ
ക്കൂത്തടിച്ചൂത്തമീഞ്ചാട്ടം
നാവുപൊള്ളിച്ച കാന്താരി
നീറ്റിലേയ്ക്ക് ഊഴമിട്ടു വീണ്
ഓരോ കുടംപുളി

ഒട്ടുനേരം തിളച്ചു പതവറ്റി
വാങ്ങിവയ്ക്കാം പ്രളയം;
അടുക്കളച്ചട്ടിയില്‍ നാവു നട്ടിരിക്കുന്നവര്‍ക്ക്
എപ്പോഴും മഴക്കാലം രുചിക്കുവാന്‍.

Subscribe Tharjani |