തര്‍ജ്ജനി

ദേവസേന

ഇ-മെയില്‍: devamazha@gmail.com

വെബ്: ദേവമഴ

Visit Home Page ...

കവിത

804-ലെ ഷീല പറഞ്ഞത്‌

നീയറിഞ്ഞോ ?
വികൃതി പാരമ്യത്തിലെത്തിയിരിക്കുന്നു, അവന്റെ..
അനുസരണ തൊട്ടു തീണ്ടിയിട്ടില്ല
ഏതു നേരവും ഫ്ലാറ്റിനു താഴെ കറങ്ങി നടപ്പ്‌
തെണ്ടിപ്പിള്ളേരുമായി കൂട്ട്‌
പിന്നെയവരുടെ തട്ടുംവാങ്ങി-
നിലവിളിച്ചുള്ള കയറിവരവ്‌

മിനിറ്റില്‍ ആയിരം വാഹനങ്ങള്‍..
എന്തും സംഭവിക്കാവുന്ന വഴികള്‍.
ഹംദാന്‍ സ്ട്രീറ്റ്‌ മുഴുവന്‍ അവന്റെയെന്ന മട്ടില്‍-
കണ്ണും പൂട്ടി ഇങ്ങനെ..

വന്നുവന്ന്,
ആ പാക്കിസ്താനി വാച്ച്‌മാനുമായാണു-
സര്‍വത്ര സഹവാസം.
പോക്കറ്റില്‍ നിന്ന് ചിലവിട്ട്‌
കെ-എഫ്‌-സി- വാങ്ങി കൊടുത്ത്‌...
വീട്ടുഭക്ഷണമവന്‍ തീരെ ഒഴിവാക്കിയിരിക്കുന്നു

മൂട്ടയും, പാറ്റയും കൂടു പണിതിരിക്കുന്ന-
അയാളുടെ സോഫയിലുറക്കം...

നച്ചൊല്ലു പോലെയതു സംഭവിച്ചു..
ബാസ്കിന്‍ - റോബിന്‍ ബില്‍ഡിലെ-
മിസ്രീച്ചെക്കന്റെ സൈക്കിള്‍ തട്ടിയിട്ടിന്നു മൂന്നാംപക്കം..
എനിക്കു തല കറങ്ങി
അവനെന്തെങ്കിലും സംഭവിച്ചാല്‍..

ഏറ്റവും സഹിക്കാന്‍ കഴിയാഞ്ഞത്‌,
804-ലെ ഷീല പറഞ്ഞതാണു
എന്റെ ചെവിയാലെ കേട്ടത്‌

"അഹങ്കാരം!
ഒരു പൂച്ചയുടെ കയ്യൊടിഞ്ഞതിനാണീ പട്ടിണികിടപ്പെന്ന്"..

Subscribe Tharjani |
Submitted by P. Sivaprasad (not verified) on Wed, 2007-03-14 10:43.

പത്രാധിപാ,
ദയവായി ആ പൂച്ചക്കണ്ണുകള്‍ എടുത്തുമാറ്റൂ. കവിതയുടെ സുഖം അതില്‍ ഒടുങ്ങാതിരിക്കട്ടെ. അത്‌ വായനക്കാരന്റെ സ്വന്തമാവട്ടെ.