തര്‍ജ്ജനി

ഐ.ഷണ്‍മുഖദാസ്

ശാന്തി നിവാസ്, ചെമ്പൂക്കാവ്, തൃശ്ശൂര്‍ 20.

ഫോണ്‍: 0487-2339388

Visit Home Page ...

സിനിമ

ബുദ്ധനും ചലച്ചിത്രവും

രണ്ടായിരത്തിയഞ്ഞൂറ്റിയമ്പത്തൊന്ന് വര്‍ഷം മുമ്പ് ബുദ്ധന്‍ ജനിച്ചത് ഇന്ത്യയിലാണ്. എന്നാല്‍ ബുദ്ധചിന്തയുടെയും ബുദ്ധ ആത്മീയതയുടേയും സത്ത അതിന്റെ ലാളിത്യത്തിലും സങ്കീര്‍ണ്ണതയിലും വിജയകരമായി ഇന്ത്യന്‍സിനിമയില്‍ ഇന്നേവരെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല. ബുദ്ധനെക്കുറിച്ചും ബുദ്ധചിന്തയെക്കുറിച്ചും തീര്‍ച്ചയായും ചില ചിത്രങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ലോകസിനിമയില്‍ ഏതെങ്കിലും വിധത്തില്‍ ശ്രദ്ധ പിടിച്ചു പറ്റാനോ സ്വാധീനം ചെലുത്താനോ അവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. ബുദ്ധിസം ജനിച്ച നാട്ടില്‍ ബുദ്ധചിന്തയ്ക്ക് വലിയ സ്വാധീനം ഇന്നില്ല എന്നതായിരിക്കാം ഇതിനൊരു കാരണം. കഴിഞ്ഞ അഞ്ചാറു ദശകങ്ങളായി ബുദ്ധിസത്തിന്റെ സ്വാധീനം പാശ്ചാത്യനാടുകളില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. കിഴക്കാണെങ്കില്‍ ജപ്പാന്‍ , ചൈന , വിയറ്റ്നാം , കൊറിയ , ശ്രീലങ്ക എന്നീ നാടുകളില്‍ ബുദ്ധമതം നൂറ്റാണ്ടുകളായി നിലനിന്നു വരുന്നു. ബുദ്ധനെക്കുറിച്ചും ബുദ്ധചിന്തയെക്കുറിച്ചും മെച്ചപ്പെട്ട സിനിമകള്‍ ഈ നാടുകളില്‍ നിന്നു പുറത്തിറങ്ങാനുള്ള ഒരു സാഹചര്യം ഇതാകാം.

ബുദ്ധചിന്തയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ ആദ്യം ഓര്‍മ്മയില്‍ എത്തുന്ന ചിത്രം തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഒരു സിനിമയാണ്. "ബോധിധര്‍മ്മന്‍ എന്തിന് കിഴക്കോട്ടു പോയി?" ചിത്രത്തിന്റെ സംവിധായകനായ ബൊയാന്‍ ക്വാന്‍ (Boian Kwan) നാലഞ്ചു വര്‍ഷം മുമ്പ് കോഴിക്കോട്ടു നടന്ന കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേളയില്‍ ജൂറിയായി എത്തിയിരുന്നു. ഒരു സെന്‍ ഗുരുവും അയാളുടെ ശിഷ്യനും ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ . കാടിനുനടുവിലെ മലമുകളിലേക്ക് വീടും നാടും ഉപേക്ഷിച്ച് ഒരു യുവാവ് കയറിച്ചെല്ലുന്നു. ധ്യാനബുദ്ധഗുരു അവിടെ അയാളെ സ്വീകരിക്കാനായി പ്രകൃതിയുടെ സ്വച്ഛതയിലും ബുദ്ധചിന്തയുടെ ശാന്തിയിലും കാത്തിരിക്കുന്നുണ്ടായിരുന്നു. വെള്ളാരംകല്ലുകള്‍ക്കു മീതെ ഒഴുകിപ്പോകുന്ന ഒരു കാട്ടരുവിയുടെ സ്വച്ഛതയും തെളിമയും ആണ് ചിത്രം കാണികളിലേക്ക് സംവേദനം ചെയ്യുന്നത്. നിലാവിന്റേയും നിശ്ശബ്ദതയുടേയും നിറവില്‍ ധ്യാനബുദ്ധഗുരു ആത്മീയതയുടെ ശാന്തിയും സൌന്ദര്യവും ചിത്രത്തിലെ ദൃശ്യങ്ങളിലൂടെ, ശബ്ദങ്ങളിലൂടെ, പ്രേക്ഷകര്‍ അറിയുന്നു. ജീവിക്കുന്ന എല്ലാത്തിനോടും പ്രകൃതിയോടും ഇണങ്ങിപ്പോകുന്ന സ്വരലയത്തിന്റെ അന്തരീക്ഷം ചിത്രത്തിലുണ്ട്. ചിത്രത്തന്റെ അവസാനത്തില്‍ , ധ്യാനഗുരുവിന്റെ മരണശേഷം , യുവാവ് കാടിനു നടുവിലെ മലമുകളില്‍ നിന്നു നഗരത്തിലേക്ക് തിരിച്ചു പോകുന്നു. കരുണയും പ്രബുദ്ധതയും ഉള്‍ക്കൊണ്ട ഒരു ബുദ്ധഭിക്ഷുവായി സംസാരസാഗരത്തിനു നടുവില്‍ അയാള്‍ എത്തിച്ചേരും.

തിരുവന്തപുരത്തു നടന്ന രണ്ടായിരത്തിയഞ്ചിലെ അന്താരാഷ്ട്ര കേരളചലച്ചിത്രമേള (IFFK) യിലെ കിം കി ഡക്ക് റെട്രോസ്പെക്‍ടീവിലെ മൂന്നു സിനിമകള്‍ ധ്യാനബുദ്ധചിന്തയുടെ അന്തരീക്ഷവും സത്തയും ആവിഷ്കരിക്കുന്നു. തെക്കന്‍ കൊറിയയില്‍ നിന്നു തന്നെയുള്ള ചലച്ചിത്രകാരനാണ് കിം കി ഡക്ക് (Kim Ki Duk) .വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോന്നിട്ടുള്ള ചിത്രകാരനായ ഡക്കിന്റെ " 3 - ഇരുമ്പ് " (3 - Iron) സൂക്ഷ്മമായ രീതിയില്‍ ധ്യാനബുദ്ധചിന്ത ആവിഷ്ക്കരിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി കരുതപ്പെടുന്ന വസന്തം, വേനല്‍ , ഗ്രീഷ്മം, ഹേമന്തം, വസന്തം .... ( Spring,Summer,Autumn,Winter,Spring...) കൂടതല്‍ നേരിട്ട് , കൂടുതല്‍ ലളിതമായി , സെന്‍ബുദ്ധിസ്റ്റ് സങ്കല്പങ്ങള്‍ അവതരിപ്പിക്കുന്നു. "വസന്തത്തിലും" സങ്കീര്‍ണ്ണതയുടെ, സൂക്ഷ്മതയുടെ, ഒരു തലം ഉണ്ട്. 'കിഴക്കോട്ടു പോയ ബോധിധര്‍മ്മ'നിലെന്നതു പോലെ ഈ ചിത്രത്തിലും കേന്ദ്രകഥാപാത്രങ്ങള്‍ ഒരു ധ്യാനബുദ്ധഗുരുവും അയാളുടെ ശിഷ്യനുമാണ്. 'ബോധിധര്‍മ്മ'നില്‍ കാടും കാടിനു നടുവിലെ മലയും ആണ് പ്രധാനപശ്ചാത്തലം. എന്നാല്‍ 'വസന്ത'ത്തില്‍ കാടിനു നടുവിലെ മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു തടാകവും തടാകത്തിനു നടുവിലെ മരത്തില്‍ പണിത ഒരു ബുദ്ധദേവാലയവുമാണ് കേന്ദ്രസ്ഥാനത്തെ പ്രകൃതി. തടാകത്തിലെ ജലനിരപ്പിനു മീതെ നീങ്ങിക്കൊണ്ടിരിക്കുന്ന ബുദ്ധദേവാലയവും വൃദ്ധനായ ധ്യാനഗുരുവും. അവിടെ എത്തിക്കപ്പെട്ട ബാലനാണ് ധ്യാനബുദ്ധശിഷ്യന്‍ . ബാലന്‍ വളര്‍ന്നു വലുതാകുന്നു, യുവാവാകുന്നു, കാമവും ക്രോധവും കടന്ന് ഒടുവില്‍ ധ്യാനഗുരുവാകുന്നു. തുടക്കത്തിലെ വൃദ്ധനായ ധ്യാനബുദ്ധഗുരുവാകട്ടെ തടാകത്തിനു നടുവില്‍ ഒരു തോണിയില്‍ ചിതയൊരുക്കി , തീയില്‍ ആത്മാഹൂതി ചെയ്യുന്നു. പുറമേക്ക് ലളിതം. എങ്കിലും ചിത്രം ലൈംഗികതയുടേയും അക്രമാസക്തിയുടേയും പ്രമേയങ്ങളെ , പ്രണയത്തിന്റേയും ക്രോധത്തിന്റേയും വികാരങ്ങളെ , സങ്കീര്‍ണ്ണതയോടെ , സൂക്ഷ്മതയോടെ ആവിഷ്കരിക്കുന്നു . ചിത്രത്തില്‍ തുടക്കത്തില്‍ തന്നെയുള്ള ഒരു രംഗത്തില്‍ നന്മതിന്മകള്‍ തമ്മിലുള്ള ജീവദായകവും മാരകവുമായ മാര്‍ഗ്ഗങ്ങള്‍ക്കിടയിലുള്ള , നേര്‍ത്ത രേഖയെക്കുറിച്ച് ബാലനായ ശിഷ്യനോട് വൃദ്ധനായ ഗുരു സംസാരിക്കുന്നുണ്ട് . പച്ചമരുന്നായി ശേഖരിച്ചു കൊണ്ടുവന്ന പച്ചിലകള്‍ ഗുരുവും ശിഷ്യനും വേര്‍തിരിച്ചെടുക്കുകയാണ്. ഒരിലയെടുത്ത് ഗുരു ശിഷ്യനു പറഞ്ഞു കൊടുക്കുന്നു, അത് മാരകമായ വിഷമാണ് എന്ന്. മരുന്നിനായി മാറ്റിവെച്ച മറ്റ് ഇലകളില്‍ നിന്ന് യാതൊരു വ്യത്യാസവും ഈ ഇലയില്‍ തനിക്കു കാണാനാകുന്നില്ല എന്നു പറയുന്ന കുട്ടിയോട് ഗുരു പറയുന്നു: "ഈ നേര്‍ത്ത രേഖ നോക്കൂ , ഈ ഇല കൊടും വിഷമാണ് ". മിക്കവാറും ആത്മകഥാപരമായ ചിത്രത്തില്‍ കാമവും ഹിംസയും നേര്‍ത്ത ഒരു രേഖ മാത്രമേ വേര്‍തിരിക്കാനായി വരമ്പിട്ടിട്ടുള്ളൂ എന്ന് പിന്നീടു വരുന്ന രംഗങ്ങളിലൂടെ സംവിധായകന്‍ വ്യക്തമാക്കുന്നു. പ്രകൃതിയും മനുഷ്യപ്രകൃതിയും ഈ ചിത്രത്തില്‍ സമീപവിദൂരദൃശ്യങ്ങളിലൂടെ സംവിധായകന്റെ അനുഭവങ്ങളിലൂടെ , ഭാവനയിലൂടെ , അവതരിപ്പിക്കപ്പെടുന്നു.

ഹിംസയും കാമവും നിഷ്കളങ്കതയും എല്ലാം മറ്റൊരു കിം കി ഡക്ക് ചിത്രമായ 'സമരിയക്കാരി'യില്‍ അവതരിപ്പിക്കപ്പെടുന്നത് മുഖ്യമായും നഗരത്തിന്റെ പശ്ചാത്തലത്തിലാണ്. ഒരര്‍ത്ഥത്തില്‍ പ്രതികാരത്തിന്റെ കഥ പറയുന്നു ഈ സിനിമ എന്നു കരുതാവുന്നതാണ്. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ ചിത്രം 'വസുമിത്ര' എന്ന ആദ്യഭാഗത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ രണ്ടു പെണ്‍കുട്ടികളാണുള്ളത്. പണമുണ്ടാക്കാനായി വേശ്യാവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന പെണ്‍കുട്ടി തുടക്കത്തില്‍ത്തന്നെ കൂട്ടുകാരിയോട് ഇന്ത്യയില്‍ നിന്നുള്ള ഒരു പഴയ കഥ പറയുന്നു; വ്യഭിചാരിണിയും നിഷ്കളങ്കയുമായ വസുമിത്രയെക്കുറിച്ചുള്ള കഥ. വസുമിത്രയുമായി ഇണചേരുന്ന ഏതു പുരുഷനും ആ ബന്ധത്തിലൂടെ ബുദ്ധിസ്റ്റായിത്തീരുമെന്ന് കഥ പറയുന്ന പെണ്‍കുട്ടി പോലീസുകാരില്‍ നിന്ന് രക്ഷപ്പെടാനായി ഹോട്ടല്‍ മുറിയില്‍ നിന്ന് ജാലകത്തിലൂടെ പുറത്തേക്കു ചാടുന്നു. കൂട്ടുകാരിയായ പുതിയ വസുമിത്രയുടെ മരണമാണ് രണ്ടാം ഖണ്ഡത്തിലെ സമരിയക്കാരിക്കു ജന്മം നല്കുന്നത്. മരിച്ച കൂട്ടുകാരിയുടെ പഴയ ഓരോ ഉപഭോക്താവിനേയും അവള്‍ തേടിപ്പിടിക്കുന്നു. ഓരോരുത്തരോടുമൊപ്പം കിടന്ന ശേഷം വസുമിത്ര അവരില്‍ നിന്നും മേടിച്ചിരുന്ന തുക എല്ലാവര്‍ക്കും സമരിയക്കാരി മടക്കിക്കൊടുക്കുന്നു. പകരംവീട്ടലിന്റെ ഈ കഥയില്‍ കക്ഷികളിലോരോരുത്തരുടേയും കടം വീട്ടിയ ശേഷം കൂട്ടുകാരിയുടെ കണക്കുപുസ്തകത്തിലെ പുരുഷന്മാരുടെ പട്ടികയില്‍ നിന്ന് ഓരോരുത്തരുടെ പേര് വെട്ടുന്നു. പ്രതികാരസിനിമകളില്‍ കുടിപ്പകയുടെ പട്ടികയില്‍ നിന്ന് ശത്രുക്കളുടെ പേരുകള്‍ വെട്ടി മാറ്റുന്നതിന് സദൃശമാണിത്. ഇതിനൊരു സമാന്തരകഥ കൂടിയുണ്ട്. സമരിയക്കാരിയുടെ അച്ഛനും ഒരു പോലീസുകാരനാണ്. തന്റെ മകള്‍ കൂട്ടുകാരിക്കു വേണ്ടി പേരുവെട്ടിയ ഓരോരുത്തരേയും അയാള്‍ നേരിടുന്നു. വസുമിത്രയുടേയോ സമരിയക്കാരിയുടേയോ യേശു-ബുദ്ധപാതകളിലൂടെയല്ല അയാളുടെ പ്രതികാരകഥ നീങ്ങുന്നത്. അത് പച്ചയായ ഹിംസയുടെ രക്തപാതയില്‍ത്തന്നെ. മൂന്നാമത്തെ ഖണ്ഡത്തില്‍ 'സൊനാറ്റ'യില്‍ അയാള്‍ കരുണയോടെ മകളെ കഴുത്തു ഞെരിച്ചു കൊല്ലുന്നു. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന സംഗീതഖണ്ഡത്തിലാണ് ദിവ്യാത്ഭുതങ്ങളുടെ കഥകള്‍ സംവിധായകന്‍ അവതരിപ്പിക്കുന്നത്.

കിം കി ഡക്കിന്റെ 3-ഇരുമ്പ് എന്ന ചിത്രം വിചിത്രസ്വഭാവക്കാരനായ ഒരു ഭവനഭേദക്കാരന്റെ കഥയാണ് ചിത്രീകരിക്കുന്നത്. ഗോള്‍ഫ് കളിയിലെ ഏറ്റവും കുറച്ച് ഉപയോഗിക്കപ്പെടുന്ന ഗോള്‍ഫ് സ്റ്റിക്കാണത്രെ 3-ഇരുമ്പ്. ഏറ്റവും കുറച്ച് സംഭാഷണം ഉപയോഗിച്ചിരിക്കുന്ന 3-ഇരുമ്പിന്റെ അന്തരീക്ഷം അത്യന്തസ്വച്ഛതയുടേതാണ്. എങ്കിലും പ്രമേയതലത്തില്‍ ക്രോധവും ഹിംസയും അന്തര്‍ധാരകളായി അതീവശക്തമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. സമകാലിക ജീവിത സാഹചര്യങ്ങളുമായി, മനുഷ്യന്റെ പ്രഥമികവാസനകളുമായി, ബുദ്ധചിന്തയെ കണ്ണിചേര്‍ക്കുന്ന ഒരു രീതി, ഏറ്റവും സൌന്ദര്യാത്മകമായി കിം കി ഡക്ക് പിന്തുടര്‍ന്നിട്ടുള്ളത് ഈ ചിത്രത്തിലാണ്.

അകിറ കുറോസാവയുടെ സിനിമകളിലെ ധ്യാനബുദ്ധസ്വാധീനം ഒരു ചെറുലേഖനത്തിന്റെ പരിധിയില്‍ ഒതുക്കാവുന്നതല്ല. കുറോസാവയുടെ ആദ്യകാലചിത്രങ്ങള്‍ മുതല്‍ ഈ സ്വാധീനം വ്യക്തമാണ്. ജൂഡൊ സാഗ (Judo Saga) , ലോവര്‍ ഡെപ്ത്, റാഷമോണ്‍ തുടങ്ങിയ ചിത്രളിലെല്ലാം ബുദ്ധചിന്തയുടെ അന്തര്‍ദ്ധാരകളുണ്ട്. എങ്കിലും അവസാനകാലചിത്രങ്ങളായ റാപ്സഡി ഇന്‍ ഓഗസ്റ്റ്, റാന്‍ , അകിറ കുറോസാവയുടെ സ്വപ്നങ്ങള്‍ തുടങ്ങിയവയില്‍ ഇതു കൂടുതല്‍ ശക്തമാണ്. സമുറായ് വീരരസത്തിന്റേയും അക്രമാസക്തിയുടേയും ആക്‍ഷന്‍ ചിത്രങ്ങളില്‍ നിന്ന് ധ്യാനാത്മകതയുടേയും ശാന്തതയുടേയും സിനിമകളിലേക്കുള്ള പരിണാമം കുറോസാവയുടെ അവസാനകാലത്ത് ഏറെ പ്രകടമാണ്. യുദ്ധത്തിന്റെയും അക്രമാസക്തിയുടെയും അസംബന്ധതയെക്കുറിച്ചുള്ള ചലച്ചിത്രഭാഷയിലൂടെയുള്ള ആലോചന തന്നെയാണ് കാഗെ മുഷ എന്ന പ്രശസ്തചിത്രം. ഷേക്‍സ്പിയറുടെ ലിയര്‍ രാജാവിന് ഒരു ജാപ്പനീസ് സെന്‍ബുദ്ധിസ്റ്റ് ഭാഷ്യം നല്കുകയായിരുന്നു റാനിലൂടെ കുറോസാവ ചെയ്തത്. പരിസ്ഥിതിവാദത്തെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും അക്രമാസക്തിയെക്കുറിച്ചും ഉള്ള സെന്‍ബുദ്ധിസ്റ്റ്സിനിമകളാണ് റാപ്സഡിയും സ്വപ്നങ്ങളും. ശബ്ദപഥത്തിലും ഇത് ഏറെ പ്രകടമാണ്.

ബുദ്ധിസ്റ്റ് ആത്മീയതയുടേയും ബുദ്ധിസ്റ്റ്സിനിമയുടേയും പശ്ചാത്തലത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട രണ്ട് ചിത്രങ്ങളാണ് ലിറ്റില്‍ ബുദ്ധയും സംസാരയും. ഇറ്റാലിയന്‍ കവിയും ചലച്ചിത്രകാരനുമായ ബര്‍നാഡോ ബെര്‍ട്ടൊലൂച്ചിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള സിനിമയാണ് ലിറ്റില്‍ ബുദ്ധ. രണ്ടു സിനിമകള്‍ ഒരു സിനിമയാക്കി തുന്നിച്ചര്‍ത്തതാണ് എന്ന തോന്നല്‍ ഒരു പ്രേക്ഷകന് ചിത്രം കണ്ടാല്‍ അനുഭവപ്പടുന്നുവെന്നാല്‍ അത് സ്വാഭാവികമാണ്. മരിച്ചു പോയ ഒരു ബുദ്ധിസ്റ്റ് ആത്മീയഗുരുവിന്റെ പുനര്‍ജന്മം ആണ് ഒരു കഥ. മൂന്ന് കുട്ടികളെ കണ്ടെത്തി അവരില്‍ ഒരാളെ അവതാരപുരുഷനായി തെരഞ്ഞടുക്കുവാനുള്ള പരിശ്രമങ്ങളാണ് ഈ കഥ അവതരിപ്പിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. ചെറിയ ബുദ്ധനെ തെരയുന്ന ഈ കഥയിലെ ഒരു ആണ്‍കുട്ടി അമേരിക്കയില്‍ നിന്നാണ്. ഈ ആണ്‍കുട്ടിയോട് പറയുന്ന രീതിയില്‍ ബുദ്ധന്റെ ജീവിതകഥ അവതരിപ്പിക്കപ്പെടുന്നു. സിനമയ്ക്കുള്ളിലെ ഈ ബുദ്ധസിനിമയാണ് പ്രേക്ഷകന് കൂടുതല്‍ സ്വീകാര്യമായി അനുഭവപ്പെടുന്നത്. സിദ്ധാര്‍ത്ഥരാജകുമാരന്‍ ബുദ്ധനായിത്തീരുന്ന ഈ സിനിമയിലെ നായകനെ അവതരിപ്പിക്കുന്നത് മാട്രിക്സ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ കീനു റീവ്സ് (Keenu Reevs) ആണ്. പ്രശസ്ത ഛായാഗ്രാഹകനായ വിറ്റോറിയോ സ്റ്റൊറാറൊ (Vittorio Storraro) യുടെ സംഭാവനയാണ് ഊ ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഒരു പ്രധാനഘടകം.

ഇന്ത്യന്‍ ചലച്ചിത്രകാരനായ നളിന്‍ പാല്‍ സംവിധാനം ചെയ്ത സംസാര എന്ന ടിബറ്റന്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രം പലവര്‍ഷം കഠിനതപം ചെയ്ത ഒരു ബുദ്ധഭിക്ഷുവാണ്. അയാള്‍ ഒരു യുവതിയുമായി പ്രണയബദ്ധനാകുന്നു. ഒരു കുട്ടിയുടെ അച്ഛനാകുന്നു. ചെറുപ്രയം മുതല്‍ ജീവിതസുഖങ്ങളറിയാതെ വളര്‍ന്ന അയാള്‍ക്ക് സ്വന്തമായ ന്യായവാദങ്ങളും അതിനുണ്ടായിരുന്നു. ജീവിതസുഖങ്ങളെല്ലാം അനുഭവിച്ച ശേഷം ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ ആയിരുന്നു സിദ്ധാര്‍ത്ഥരാജകുമാരന്‍ ആത്മീയജീവിതത്തിലേക്കിറങ്ങിയത്. എന്നാല്‍ ചിത്രാന്ത്യത്തില്‍ അയാള്‍ വീണ്ടും ഐഹികജീവിതം ഉപേക്ഷിച്ച് വീടുവിട്ടിറങ്ങുകയാണ്. എന്നാല്‍ ഭാര്യ അയാളെ വിചാരണ ചെയ്യുന്നു. ചിത്രം അവസാനിക്കുമ്പോള്‍ അയാള്‍ ഒരു വലിയ കല്ലു കാണുന്നു. അതിന്റെ ഒരു വശത്ത് എഴുതപ്പെട്ട ചോദ്യം അയാള്‍ വായിക്കുന്നു. "ഒരു തുള്ളി ജലം ചൂടില്‍ വറ്റി മാഞ്ഞു പോകാതിരിക്കണമെങ്കില്‍ എന്തു ചെയ്യണം?" കല്ലെടുത്ത് മറു പുറം നോക്കുമ്പോള്‍ അതിനുള്ള മറുപടിയും അയാള്‍ കാണുന്നു: "അതെടുത്ത് കടലിലേക്കെറിഞ്ഞേക്കുക". സംസാരജീവിതത്തെക്കുറിച്ചുള്ള സംവിധായകന്റെ ഈ വാക്കുകളിലാണ് ചിത്രം തീരുന്നത്.

ഈ കഴിഞ്ഞ സപ്തംബറില്‍ അന്തരിച്ച പ്രഖ്യാത ഛായാഗ്രാഹകനായ സ്വെന്‍ നിക്‍വിസ്റ്റിന്റെ കരവിരുതുകൊണ്ട് ശ്രദ്ധേയമായ സിദ്ധാര്‍ത്ഥ സംവിധാനം ചെയ്തത് കോണ്‍റാഡ് റൂക്ക്സ് (Conrad Rooks) ആണ്. ശശി കപൂറും സിമിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം ഇന്ത്യ തന്നെയാണ്. ഹേമന്ത്കുമാറിന്റെ സംഗീതവും ഓര്‍മ്മയില്‍ അവശേഷിക്കുന്നു. നൊബേല്‍ സമ്മാനം നേടിയ ഹെര്‍മ്മന്‍ ഹെസ്സെയുടെ നോവലാണ് സിനിമയ്ക്ക് ആധാരം. കേന്ദ്രകഥാപത്രമായ സിദ്ധാര്‍ത്ഥന് ഒരു പൂ സമ്മാനിക്കുന്ന ഒരു കരം മാത്രമായിട്ടാണ്, മരത്തിനു പിന്നില്‍ അപ്രത്യക്ഷനായിരിക്കുന്ന ബുദ്ധന്‍ പ്രത്യക്ഷപ്പെടുന്നത്. ബുദ്ധിസത്തിന്റേയോ സെന്‍ബുദ്ധിസത്തിന്റേയോ ആത്മാവ് ചിത്രത്തിലെവിടെയെങ്കിലും സ്പന്ദിക്കുന്നതായി പ്രേക്ഷകന് അനുഭവപ്പെടുന്നതേയില്ല.

Subscribe Tharjani |