തര്‍ജ്ജനി

ഷംസുദീന്‍, മസ്കറ്റ്

Indian school Al Ghubra,
PB No 1887, P C 111,
C P O Seeb,
Sultanate of Oman.
E mail: thanalgvr@yahoo.com

Visit Home Page ...

അനുഭവം

തുമ്പികള്‍ കല്ലെടുക്കുന്ന ശബ്ദം

മാസങ്ങളായി ഒരു വീടുമാറ്റത്തെ കുറിച്ചുള്ള ആലോചനകളിലായിരുന്നു ഞാനും, എന്റെ സുഹൃത്ത്‌ ബൈജുവും. അന്വേഷണങ്ങള്‍ വിജയകരമാകുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍ ഞങ്ങളുടെ വീട്ടുകാരികള്‍ ചെറിയ ചില തടസ്സ‍വാദങ്ങളുമായി ഞങ്ങളെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു, എങ്കിലും ഒരു കടമ പോലെ ഞങ്ങളുടെ അന്വേഷണങ്ങള്‍ മുടക്കം കൂടാതെ തുടര്‍ന്നുപോന്നു.

ഞാന്‍ പിറകോട്ട്‌ പോകുന്നു എന്നതോന്നല്‍ ബൈജുവില്‍ ശക്തമാകാന്‍ തുടങ്ങിയ ഒരു ഘട്ടത്തില്‍ ബൈജു എന്നെ ഫോണില്‍ വിളിച്ച്‌ ചോദിച്ചു.
- നിനക്ക്‌ ഒരു പത്ത്‌ മിനിട്ട്‌ ഫ്രീ ആകാമോ? പറ്റിയ ഒരു കക്ഷിയെ കിട്ടിയിട്ടുണ്ട്‌, ഒന്ന് മുട്ടി നോക്കിയാലോ?

വഴിയടഞ്ഞുപോയ നിരവധി അന്വേഷണങ്ങളില്‍ മറ്റൊന്നുകൂടി എന്നേ ഞാന്‍ ഇതിനെക്കുറിച്ചും കരുതിയുള്ളൂ, എങ്കിലും ബൈജുവിനെ നിരുത്സാഹപ്പെടുത്താതിരിക്കാന്‍ അവന്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത്‌ ഞാനെത്തുമ്പോള്‍, പകുതിയിലേറെ പണി പൂര്‍ത്തിയായ മൂന്ന് നിലകളുള്ള ഒരു കെട്ടിടത്തിന്റെ മുന്നില്‍നിന്ന്, മലയാളികളും, ബംഗ്ലാദേശുകാരുമടങ്ങിയ ജോലിക്കാരോട്‌ പണിയുടെ നിലവാരമില്ലായ്മയെ പറ്റി തര്‍ക്കിക്കുകയായിരുന്നു ബൈജു. നല്ലൊരു പ്ലാന്‍, പണിക്കാരുടേയും കരാറുകാരന്റേയും ശ്രദ്ധക്കുറവുകൊണ്ട്‌ നശിപ്പിച്ചു. എഞ്ചിനീയറായ ബൈജുവിന്റെ അഭിപ്രായം അയാള്‍ അവരോട്‌ തുറന്നു പറ‍ഞ്ഞു. വളരെ തണുത്ത മട്ടിലായിരുന്നു ജോലിക്കാരുടെ പ്രതികരണം, മുതലാളിമാര്‍ പറയുന്നു, ഞങ്ങള്‍ അതനുസരിച്ച്‌ ചെയ്യുന്നു, നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ വൈകീട്ട്‌ വന്നാല്‍ അവരോട്‌ നേരിട്ട്‌ സംസാരിക്കാം, ജോലിക്കാര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. വൈകീട്ടെങ്കില്‍ വൈകീട്ട്‌, ഇനി പിറകോട്ട്‌ പോകുന്ന പ്രശ്നമില്ല, ബൈജു നയം വ്യക്തമാക്കി.

-അസ്സലാമുലൈക്കും, ഞാന്‍ മുഹമ്മദ്‌ സാലിം, ഈ പണിയുന്ന കെട്ടിടത്തിന്റെ ഉടമ, ഇത്‌ എന്റെ കൂട്ടുകാരനും, കെട്ടിടം പണിയുടെ കരാറുകാരനുമായ സായിദ്‌.
വൈകീട്ട്‌ വര്‍ക്ക്‌ സൈറ്റിലെത്തിയ ഞങ്ങളെ എകദേശം 50 വയസ്സിനോടടുത്ത്‌ പ്രായമുള്ള മുഹമ്മദ്‌ സാലിം സ്വയം പരിചയപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞു. വളരെ സൗമ്യനും, മാന്യനുമാണ്‌ സാലിമെന്ന് കുറച്ചുനേരത്തെ സംഭാഷണങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക്‌ മനസ്സിലായി. എങ്കിലും, കയ്പേറിയ മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എല്ലാ ഉത്തരവാദിത്വങ്ങളും, ബൈജുവിന്റെ ചുമലിലേക്ക്‌ കൈമാറി ഞാന്‍ പരിസരം ശ്രദ്ധിക്കാനെന്ന ഭാവത്തില്‍ മാറിനിന്നു. വാടകയും മറ്റും പറഞ്ഞുറപ്പിച്ച്‌ പിരിയാന്‍ നേരം സാലിം തന്റെ സെല്‍ഫോണ്‍ നമ്പര്‍ ഞങ്ങളെ ഏല്‍പിച്ച്‌ പറ‍ഞ്ഞു.
- ഇനിയും എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മടിക്കരുത്‌.
തിരിച്ച്‌ വരുമ്പോള്‍ കാറിലിരുന്ന്‌ ബൈജു പറഞ്ഞു.
-ആ പാവത്താനെ പണിക്കാരും, കരാറുകാരനും ചേര്‍ന്ന്‌ പറ്റിക്കുകയാണ്‌.

പിന്നേയും മൂന്ന് മാസത്തോളം കഴിഞ്ഞു, പണിപൂര്‍ത്തിയായി സാലിമിന്റെ കെട്ടിടത്തിലേക്ക്‌ ഞങ്ങള്‍ താമസമാക്കുമ്പോള്‍. ഈ കാലയളവിനുള്ളില്‍ ഞങ്ങള്‍ക്കിടയില്‍ സൗഹൃദം കുറെക്കൂടി ദൃഢമായിക്കഴിഞ്ഞിരുന്നു. എല്ലാ നിര്‍ദ്ദേശങ്ങളും, സാമ്പത്തിക ബാദ്ധ്യതകള്‍ ഉണ്ടായിരുന്നിട്ടുകൂടി, സാലിം സ്വാഗതം ചെയ്തുപോന്നു. ഭാഷാപരമായ അതിര്‍വരമ്പുകള്‍ ഞങ്ങളുടെ ഇടപാടുകളേയും, ഇടപെടലുകളേയും ഒരിക്കലും തടസ്സപ്പെടുത്തിയുമില്ല. വളരെ ഉള്‍പ്രദേശത്തായിരുന്നു സാലിമിന്റെ കുടുംബവീട്‌. സര്‍ക്കാര്‍ സര്‍വീസിലെ ജോലി പട്ടണത്തിലായിരുന്നതിനാല്‍ ആഴ്ചയിലൊരിക്കല്‍ മാത്രമേ വീട്ടില്‍ പോകുമായിരുന്നുള്ളൂ, എങ്കിലും പ്രതിമാസ വാടക വാങ്ങാന്‍ പോലും കൃത്യമായി സാലിം വരുമായിരുന്നില്ല. ഇക്കാര്യത്തില്‍ വല്ലാതെ നിരാശരായത്‌ ഞങ്ങളുടെ കുട്ടികളായിരുന്നു, കാരണം, വാടക വാങ്ങാന്‍ വരുമ്പോഴെല്ലാം കുട്ടികള്‍ക്കായി എന്തെങ്കിലും ചെറിയ സമ്മാനങ്ങള്‍ സാലിം കരുതുമായിരുന്നു അതിനാല്‍ മാസത്തിന്റെ തുടക്കം മുതല്‍ കുട്ടികളും കാത്തിരിപ്പ്‌ തുടങ്ങും. എന്റെ വീടിന്റെ വാടകയും, മറ്റ് താമസക്കാര്‍ എന്നെ ഏല്‍പിക്കുന്ന വാടകയും മാസങ്ങളോളം സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും എനിക്കായി. പൈസയുടെ കാര്യത്തില്‍ ഏതുതരം നീക്കുപോക്കിനും അദ്ദേഹം സദാ സന്നദ്ധനുമായിരുന്നു

ഒരു വലിയപെരുന്നാള്‍ അവധിക്ക്‌ സാലിം ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ ക്ഷണിച്ചു. അത്‌ വെറും ഔപചാരിക ക്ഷണമായിരുന്നില്ലെന്ന് അറിയാമായിരുന്നതിനാല്‍, വളരെ അകലെയായിരുന്നിട്ടും ഞാനും, ബൈജുവും കുടുംബസമേതം പോകാന്‍ തന്നെ തീരുമാനിച്ചു.
-എന്റെ ഗ്രാമത്തിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ അല്‍പം പ്രയാസമാണ്‌, അതിനാല്‍ പുരാതന കോട്ടകളുടെ ആ ചെറുനഗരത്തില്‍ വന്ന്‌ എന്നെ ഫോണ്‍ചെയ്യുക, ഞാന്‍ വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാം.
ഒരിക്കല്‍കൂടി ഞങ്ങളെ ക്ഷണിച്ച്‌ സാലിം യാത്രപറഞ്ഞു.

പാലക്കാടന്‍ ഗ്രാമക്കാഴ്ചകളുടെ പരിഛേദമായിരുന്നു സാലിമിന്റെ ഗ്രാമത്തിലേക്കുള്ള വഴികള്‍. വരമ്പിട്ട്‌ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച ചെറിയ വയല്‍ കണ്ടങ്ങളില്‍ ചീരയും, ചോളവും ഇടതൂര്‍ന്ന് വളരുന്നതും, വയലുകളില്‍ ലുങ്കിയും, ഹവായ്‌ ചെരുപ്പും ധരിച്ച മലയാളികള്‍ക്കൊപ്പംചേര്‍ന്ന് പണിയെടുക്കുന്ന പരമ്പരാഗത വസ്ത്രം ധരിച്ച നാട്ടുകാരും ഒരു വേറിട്ട കാഴ്ചയായി ഞങ്ങളില്‍ നിറഞ്ഞു. വിശാലമായ കൃഷിയിടങ്ങളുടെ കരള്‍ പിളര്‍ന്ന് നിര്‍മിച്ച ചെറിയ നാട്ടുവഴികളിലൂടെ തന്റെ ലാന്‍ഡ്ക്രൂയിസര്‍ പായുമ്പോള്‍, സാലിം ഒരിക്കലുമില്ലാത്തവിധം വാചലനായി.
ഞങ്ങള്‍ തനി ഗ്രാമീണരാണ്‌, പട്ടണത്തിന്റെ പകിട്ടും, പത്രാസും ഇനിയും ഉള്‍കൊള്ളാനാവാത്ത വെറും സാധാരണക്കാര്‍. പക്ഷേ പുതിയ തലമുറ ഞങ്ങളെ നിരാശപ്പെടുത്തുന്നു, പെപ്സിയും, കെന്‍റ്റക്കിയും കഴിച്ച്‌ അവര്‍ പൊണ്ണത്തടിയന്മാരാകാന്‍ മല്‍സരിക്കുകയാണ്‌.
സാലിം വ്യാകുലപ്പെട്ടു. കേരളത്തില്‍ അന്യം നിന്നു പോകുന്ന ഗ്രാമീണ കാഴ്ചകളില്‍ പലതും സാലിമിന്റെ ഈ കൊച്ചുഗ്രാമത്തില്‍ പുനര്‍ജനിക്കുന്നതായി വഹനത്തിന്റെ ജാലക കാഴ്ചകളിലൂടെ വ്യക്തമാകുന്നുണ്ടായിരുന്നു.

പഴുത്തു നില്‍ക്കുന്ന ഈന്തപ്പഴങ്ങള്‍ക്കൊപ്പം, കപ്പയും പപ്പായയും, പാവയ്ക്കയും, ചെറുനാരങ്ങയും, യഥേഷ്ടം വിളയുന്ന ഒരു കൃഷിയിടത്തിന്റെ നടുവിലായിരുന്നു സാലിമിന്റെ വീട്‌. ഊഷ്മളമായ വരവേല്‍പിനുശേഷം, സാലിം കുടുംബാംഗങ്ങളെ ഓരോരുത്തരെയായി ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി - ഉമ്മ, ഭാര്യ, കുട്ടികള്‍, പിന്നെ അതേ പ്രാധാന്യത്തോടെ വീടിന്‌ പിറകിലെ വിശാലമായ തൊഴുത്തില്‍ വളരുന്ന പശുക്കളേയും, ആടുകളേയും, നിരവധി കോഴികളേയും പരിചയപ്പെടുത്തുമ്പോള്‍ സാലിം പറഞ്ഞു
ക്ഷമിക്കണം ഇവരും എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളാണ്‌.
അറബികളുടെ ആഥിത്യ മര്യാദകള്‍ പ്രശസ്തമാണെങ്കിലും, അനുഭവിച്ചറിയുമ്പോള്‍ മാത്രമാണ്‌ അതിന്റെ വ്യാപ്തി അറിയാനാകുന്നത്‌. കുടുംബ ബന്ധങ്ങള്‍ക്ക്‌ വില കല്‍പിക്കുന്ന ഏത്‌ കേരളീയ ഭവനങ്ങളിലേയും, അകത്തളങ്ങളിലേതുപോലെ സ്വച്ഛന്ദമായ അന്തരീക്ഷമായിരുന്നു സാലിമിന്റെ കുടുംബത്തിലേതും.
എന്റെ മൂത്തമകന്‍ ഇവിടെയില്ല, അവന്‍ അവന്റെ ഭാര്യാവീട്ടില്‍ പോയിരിക്കുകയാണ്‌, കഴിഞ്ഞ ഈദിനായിരുന്നു അവന്റെ വിവാഹം. അവനെ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു.
സാലിം ഒരിക്കല്‍കൂടി വിനയാന്വിതനായി. വൈകുന്നേരം തിരിച്ച്‌ പോരുമ്പോള്‍ ഞങ്ങളെ ഗ്രാമത്തിന്റെ ഉള്‍തുടിപ്പുകള്‍ പലതും സാലിം കാണിച്ചുതന്നു. മണ്‍പാത്ര നിര്‍മ്മാണവും, പുരാതനവും, ആധുനികവുമായ കൃഷിരീതികളും, എല്ലാറ്റിനുമുപരി നന്മനിറഞ്ഞ ഒരുപറ്റം സാധാരണ മനുഷ്യരെയും.

ഞാന്‍ എന്റെ നാട്ടിലേക്ക്‌ പോകുന്നു, തിരിച്ച്‌ വരുമ്പോള്‍ നിനക്കുവേണ്ടി എന്താണ്‌ കൊണ്ടുവരേണ്ടത്‌?
ഒരു ജൂണ്‍ മാസത്തില്‍ ഞാന്‍ സാലിമിനോട്‌ ചോദിച്ചു. നിറഞ്ഞ ചിരിയോടെ സാലിം പറഞ്ഞു,
മലബാറിലെ അലുവയും, കായ വറുത്തതും.
അതുമാത്രം മതിയോ എന്ന ചോദ്യത്തിന്‌ നിന്റെ കുടുംബാംഗങ്ങളുടെ അളവറ്റ സ്നേഹവും എനിക്കായി കൊണ്ടുവരിക എന്നായിരുന്നു സാലിമിന്റെ മറുപടി.

അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയ അന്നുതന്നെ ഞാന്‍ സാലിമിനെ ഫോണില്‍ വിളിച്ചു, സെല്‍ഫോണ്‍ പരിധിക്കുപുറത്താണെന്ന സന്ദേശമായിരുന്നു എനിക്ക്‌ ലഭിച്ചത്‌. തുടര്‍ന്നുള്ള ദിവസങ്ങളിലും എന്റെ ശ്രമങ്ങള്‍ പരിധിക്കുപുറത്താണെന്ന സന്ദേശത്തില്‍ തട്ടി തിരിച്ചു വന്നുകൊണ്ടിരുന്നു. ഞാന്‍ ഇക്കാര്യം ബൈജുവുമായി സംസാരിച്ചു, ഒരുപക്ഷേ സാലിം രാജ്യത്തിന്‌ പുറത്ത്‌ എവിടെയെങ്കിലും പോയിക്കാണും, നമുക്ക്‌ കുറച്ച്‌ ദിവസങ്ങള്‍കൂടി കാത്തിരിക്കാം, ബൈജു പറഞ്ഞു.

മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷവും, സാലിമിനെക്കുറിച്ച്‌ ഒരു വിവരവുമില്ല. നാട്ടില്‍നിന്നും കൊണ്ടുവന്ന സാധനങ്ങള്‍ കേടുവന്നു കഴിഞ്ഞിരുന്നു, എന്റേയും, സാലിമിന്റെ മറ്റുള്ള വീടുകളുടേയും വാടക എന്റെ കയ്യിലിരുന്ന് എന്നെ അസ്വസ്ഥനാക്കി.
സാലിം, താങ്കള്‍ എവിടെയാണ്‌? ഇനിയും വ്യക്തമായി വഴികളറിയാത്ത സാലിമിന്റെ ഗ്രാമവും, സെല്‍ഫോണും മാത്രമാണ്‌ ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍, സെല്‍ഫോണ്‍ ഇപ്പോഴും പരിധിക്ക്‌ പുറത്ത്‌ തന്നെയാണ്‌. അടുത്ത ദിവസങ്ങളില്‍ സാലിം എന്നെ വിളിക്കുമെന്ന പ്രത്യാശയില്‍ ഞാന്‍ കാത്തിരുന്നു............

ഒരു ദിവസം സുമുഖനായ ഒരു ചെറുപ്പക്കാരന്‍ എന്നെ അന്വേഷിച്ച്‌ എന്റെ ഓഫീസില്‍ വന്നു. എനിക്കയാള്‍ അറബിയില്‍ പറഞ്ഞതൊന്നും മനസ്സിലായില്ല, ഞാന്‍ എന്റെ സഹപ്രവര്‍ത്തകയും, ഈ നാട്ടുകാരിയുമായ ബദരിയയോട്‌ അവന്‍ ആരാണെന്നും, എന്തിനാണ്‌ വന്നതെന്നും ചോദിച്ച്‌ മനസ്സിലാക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ സാലിമിന്റെ മൂത്ത മകനായിരുന്നു. ബദരിയയുമായി സംസാരിക്കുമ്പോള്‍ അവന്റെ കണ്‍കോണുകളില്‍ പെയ്യാന്‍ വിതുമ്പി നിന്നിരുന്ന കാര്‍മേഘങ്ങള്‍ സാലിമിന്‌ കാര്യമായി എന്തോ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നുള്ളതിന്റെ സാക്ഷ്യപത്രമായി അവന്റെ കവിളുകളിലേക്ക്‌ ചാലുകള്‍ തീര്‍ത്തു. ഞാന്‍ ബദരിയയോട്‌ ഒറ്റവാക്കില്‍ മാത്രം ഉത്തരം പറയാന്‍ ആവശ്യപ്പെട്ട്‌ ചോദിച്ചു.
- സാലിം ജീവിച്ചിരിപ്പുണ്ടോ?
-തീര്‍ച്ചയായും, സാലിം ജീവനോടെ തന്നെയുണ്ട്‌. നീ ഉദ്ദേശിച്ചതുപോലെ ഒന്നും സംഭവിച്ചിട്ടില്ല, എന്നാല്‍ നീ ഉദ്ദേശിക്കാത്തത്‌ പലതും സംഭവിച്ച്‌ കഴിഞ്ഞിരിക്കുന്നു.
ബദരിയ പറഞ്ഞു.

കഴിഞ്ഞ നാലുമാസമായി സാലിം ജയിലിലാണ്‌. ജയിലിലാണെന്ന് മാത്രമേ സാലിമിന്റെ മകനും അറിയൂ, ഏതു ജയിലില്‍? എപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയും എന്നൊന്നും ആര്‍ക്കും അറിയില്ല. തീവ്രവാദികളാണെന്ന സംശയത്തില്‍ പോലീസ്‌ ഗ്രാമം വളഞ്ഞ്‌ അറസ്റ്റ്‌ ചെയ്ത്‌ കൊണ്ടുപോയവരുടെ കൂട്ടത്തില്‍ സാലിമും ഉള്‍പ്പെട്ടിരുന്നു. അത്രമാത്രമേ ആ ചെറുപ്പക്കാരനും അറിയുമായിരുന്നുള്ളൂ. വീട്ടില്‍ എല്ലാവരും അസ്വസ്ഥരാണ്‌, ഉമ്മയും സഹോദരങ്ങളും ഈ അപ്രതീക്ഷിത സംഭവവികാസങ്ങളുമായി പൊരുത്തപ്പെടാനാവാതെ സങ്കടപ്പെടുന്നു, എല്ലാറ്റിനുമുപരി ഞങ്ങളെ വിഷമിപ്പിക്കുന്നത്‌ ഉമ്മൂമ്മയുടെ തോരാത്ത കണ്ണുനീരാണ്‌, ഉമ്മൂമ്മയുടെ ഏക മകനാണ്‌ എന്റെ ബാപ്പ, അയാള്‍ വിങ്ങിപ്പൊട്ടി.

-എന്റെ ബാപ്പക്കുവേണ്ടി പ്രാര്‍ഥിക്കുക, അദ്ദേഹം ഏറെ സ്നേഹമുള്ള പിതാവും, ദൈവഭയമുള്ള മനുഷ്യനുമാണ്‌. ഞങ്ങള്‍ക്ക്‌ നീതി ലഭിക്കുമെന്നു തന്നെയാണ്‌ ഞങ്ങളുടെ ഉത്തമ വിശ്വാസം. തിരിച്ചുപോകുമ്പോള്‍ ഞങ്ങളെ ആശ്ചര്യപ്പെടുത്തി ഒരു കാര്യം കൂടി സാലിമിന്റെ മകന്‍ പറഞ്ഞു, ജയിലിലാണെങ്കിലും ബാപ്പയുടെ ശമ്പളം എല്ലാ മാസവും കൃത്യമായി ബാങ്കില്‍ വരുന്നുണ്ട്‌, അതുകൊണ്ടാണ്‌ വാടക വാങ്ങാന്‍ വരാതിരുന്നത്‌. അയാള്‍ പോയതിനുശേഷം സാലിമിന്‌ സംഭവിച്ച ദുര്യോഗത്തിലുള്ള വിഷമത്തോടൊപ്പം, ചെറിയൊരു ഭയവും എന്നെ സ്പര്‍ശിച്ചു, സാലിമിന്റെ സെല്‍ഫോണിലേക്ക്‌ പോയ എന്റെ നിരവധി മിസ്സ്ഡ്‌ കോളുകളിലേക്ക്‌ പോലീസ്‌ അന്വേഷണങ്ങള്‍ നീണ്ടുചെന്നാല്‍ തീര്‍ച്ചയായും എന്നെത്തേടിയും പോലീസ്‌ വരാതിരിക്കില്ലെന്ന് ഞാന്‍ സ്വയം വിശ്വസിച്ചു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. അത്തരമൊരു ചിന്ത അനാവശ്യമായിരുന്നു.

അധികം വൈകാതെ സാലിമിന്റേയും, കൂട്ടുകാരുടേയും കേസ്‌ കോടതിയില്‍ വിചാരണക്ക്‌ വന്നു. കേസിന്റെ പുരോഗതി എല്ലാപത്രങ്ങളിലും വലിയ പ്രാധാന്യത്തോടെ വന്നുകൊണ്ടിരുന്നതിനാല്‍ എന്നും പത്രം കിട്ടിയാല്‍ ആദ്യം നോക്കുന്നത്‌ സാലിമിനേയും കൂട്ടുകാരേയും കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. അവസാനം ഒരു ബുധനാഴ്ച വിധിവന്നു - സാലിമിനെ ഇരുപത്തി അഞ്ച്‌ വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചിരിക്കുന്നു. മറ്റ് കുറ്റാരോപിതര്‍ക്ക്‌ അഞ്ച്‌ വര്‍ഷം മുതല്‍ ഇരുപത്‌ വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്‌. ഞാന്‍ കണക്കുകൂട്ടി, ഇനിയൊരിക്കലും സാലിമിനെ ഞാന്‍ കാണുകയുണ്ടാവില്ല, ഇനിയും ഇരുപത്തി അഞ്ച്‌ വര്‍ഷം ഞാനീ വാഗ്ദത്ത ഭൂമിയില്‍ ജോലിയില്‍ തുടരാനുള്ള സാദ്ധ്യത വളരെ വിരളമാണ്‌, അഥവാ ഞാന്‍ ആഗ്രഹിച്ചാല്‍ തന്നെ എന്റെ മുന്നില്‍ വന്‍ മതില്‍ തീര്‍ത്ത്‌ പ്രായം തടസ്സം നില്‍ക്കുകയുമാണല്ലോ! സാലിമുമായുള്ള അടുപ്പം അദ്ദേഹത്തിന്റെ മകനിലൂടെ തുടര്‍ന്ന്, സാലിമിനെ ഞാന്‍ ക്രമേണ മറക്കാന്‍ തുടങ്ങിയിരുന്നു.

മാസങ്ങള്‍ക്കുശേഷം, ഒരു വൈകുന്നേരം അപ്രതീക്ഷിതമായി എന്റെ ഫോണില്‍ സാലിമിന്റെ മുഴങ്ങുന്ന ശബ്ദം വീണ്ടും കനം വെച്ചു.
-ഹലോ മിസ്റ്റര്‍ ഷംസുദ്ദീന്‍, ഹൗ ആര്‍ യു?
എനിക്ക്‌ എന്റെ ഉത്കണ്ഠ നിയന്ത്രിക്കാനായില്ല, ഞാന്‍ തിരിച്ച്‌ ചോദിച്ചു
- സാലിം നീ ജയിലില്‍ നിന്ന് തന്നെയല്ലേ എന്നെ വിളിക്കുന്നത്‌?
ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ സാലിം പറഞ്ഞു,
-ദൈവത്തിന്‌ നന്ദി, ഞാന്‍ ഇന്ന് രാവിലെ ജയില്‍ മോചിതനായി, വളരെ ഉദാരമനസ്കരാണ്‌ എന്റെ നാട്ടിലെ ഭരണകര്‍ത്താക്കള്‍, അവരെന്നെ നിരുപാധികം വിട്ടയച്ചു, ഞാനിപ്പോള്‍ എന്റെ കുടുംബത്തോടൊപ്പം എന്റെ ഗ്രാമത്തിലുണ്ട്‌. അടുത്ത ആഴ്ച്ച മുതല്‍ ഞാനെന്റെ സര്‍ക്കാര്‍ സര്‍വീസിലെ പഴയ ജോലിയില്‍ പ്രവേശിക്കും. ഐ വില്‍ കം അന്റ്‌ സീ യു സൂണ്‍.
പതിവ്‌ ഉപചാരങ്ങളോടെ സാലിം ഫോണ്‍ കട്ടുചെയ്യുമ്പോള്‍, ജീവിതത്തിലെ അപൂര്‍വ സന്തോഷങ്ങളിലൊന്ന് ബൈജുവിനെ അറിയിക്കാന്‍ ഞാന്‍ മുകളിലെ ഫ്ലാറ്റിലേക്കോടി.

ഒരാഴ്ചക്കുശേഷം നിറഞ്ഞ ചിരിയോടെ സാലിം എന്നെക്കാണാന്‍ വന്നു. കഴിഞ്ഞുപോയ ദിവസങ്ങളെക്കുറിച്ച്‌ സംസാരിക്കാതിരിക്കന്‍ സാലിമും, ചോദിക്കാതിരിക്കാന്‍ ഞാനും പ്രത്യേകം ശ്രദ്ധിച്ചു. എങ്കിലും ഞാനിപ്പോഴും സംശയാലുവാണ്‌, അതിനാല്‍ സാലിമിനോടുള്ള ചോദ്യം എന്നോട്‌ തന്നെ സ്വയം ചോദിച്ചു.
-സാലിം താങ്കള്‍ ശരിക്കും ഒരു തീവ്രവാദി തന്നെയായിരുന്നുവോ? ഒന്നുമില്ലെങ്കില്‍ താങ്കള്‍ കാണിക്കുന്ന ഉദാരമായ സ്നേഹത്തിന്റെ കാര്യത്തിലെങ്കിലും?

Subscribe Tharjani |