തര്‍ജ്ജനി

പുസ്തകം

അറിയേണ്ടതുമാത്രം

പ്രസാധകരുടെ ഭാഷയില്‍ എഴുപത്‌ പേജില്‍ കുറവാണെങ്കില്‍ അതിനെ chronicle എന്നു വിളിക്കും. എഴുപതുപേജില്‍ കൂടുതലാണെങ്കില്‍ മാത്രമേ Book എന്നുപറയുകയുള്ളൂ. ഇത്‌ തികഞ്ഞ ഒരു Book ആണ്‌. എട്ടുകഥകളുടെ സമാഹാരം മൂന്നുകോളങ്ങള്‍ ഉള്ള ഒരു ഷീറ്റില്‍ വെറും 30 വരികള്‍ മാത്രമുള്ള കഥയും ഉണ്ട്‌.

നടപ്പുകാലത്തെ ഏറ്റവും അള്‍ട്രാ സോഫിസ്റ്റിക്കേറ്റഡ്‌ ജീവിതം നയിക്കുന്നവരുടെ മദാലസവിരുന്നുകളും ജീവിത ശൈലിയും നഗരങ്ങളിലും ഗ്രാമങ്ങളിലും അധിവസിക്കുന്ന അടിസ്ഥാന ജനതയുടെ ദുരിതങ്ങളും വറുതിയും ഒരേ വൈദഗ്ദ്ധ്യത്തോടെ ആവിഷ്കരിക്കാന്‍ ശേഷിയുള്ള എഴുത്തുകാര്‍ മലയാളത്തില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്‌. മലയാറ്റൂര്‍ രാമകൃഷ്ണന്‍ വേരുകള്‍ എഴുതിയ അതേ പാടവത്തോടെ തന്നെയാണ്‌ യന്ത്രവും രക്തചന്ദനവും എഴുതിയത്‌. എം.ടി.വാസുദേവന്‍ നായര്‍ക്കും ഈ സവിശേഷ സിദ്ധിയുണ്ട്‌. ഇവരില്‍ ഏറ്റവും മികവ്‌ കാണിച്ചത്‌ മാധവിക്കുട്ടിയാണ്‌. നീര്‍മാതളവും ബാല്യകാലസ്മരണകളും ധന്യമാക്കിയ പുന്നയൂര്‍ക്കുളത്തിന്റെ നൈര്‍മല്യവും ബോംബേ, കല്‍ക്കത്ത എന്നീ നഗരങ്ങളിലെ അതീവ സമ്പന്നരുടെ സായാഹ്നങ്ങളും അതിമനോഹരമായി മാധവിക്കുട്ടി ആവിഷ്കരിച്ചിട്ടുണ്ട്‌. ഈ ഗണത്തില്‍ പെടുത്താവുന്ന ആഖ്യാന പരിസരമാണ്‌ ഫൈസലിന്റെ "ദേഹവിരുന്ന്‌" എന്ന സമാഹാരത്തിലെ മിക്ക കഥകളിലും മനോഹരമാം വിധം പ്രകടമാവുന്നത്‌.

Sophisticated orgy നടക്കുന്ന സായാഹ്നങ്ങള്‍, സായാഹ്നങ്ങളില്‍ നിന്ന്‌ പാതിരയോളം നീളുന്ന കേളികള്‍, ഒടുവില്‍ മനുഷ്യരുടെ തളര്‍ന്നു വീഴല്‍ എന്നീ നഗര സമ്പന്നതയുടെ ജീവിതശൈലിയെ "ഏലി,ഏലി, ലമ്മ ശബക്താനി", "നരകത്തിലെ ദേഹവിരുന്ന്‌" എന്നീ കഥകളില്‍ സമര്‍ഥമായി ആവിഷ്കരിച്ചിരിക്കുന്നു. എന്നാല്‍ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും വിവിധ തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിത ഭാവങ്ങള്‍ "രാത്രിത്തെരുവിലെ കുട്ടി", "മോഹന്‍ലാലിന്റെ അമ്മ" എന്നീ കഥകളില്‍ തീവ്രമായി അനുഭവപ്പെടുന്നുണ്ട്‌. നിക്കോസ്‌ കാസാന്ത്സാക്കീസിന്റെ "Fratricides" എന്ന നോവലില്‍ സോദരര്‍ തമ്മിലുള്ള പോരാണ്‌ കാണുന്നത്‌. സഹോദരന്‍ സഹോദരനെ കൊല്ലുന്നു. അതുകണ്ടുനിന്ന ആള്‍ പറയുന്നു, "I have seen, I have seen." "ഷണ്ഡ ദേശത്തിന്റെ നായകന്‍" എന്ന കഥയിലെ പ്രമേയം രണ്ടുപേര്‍ തമ്മിലുള്ള പോരുതന്നെയാണ്‌. ഉത്സവം കാണുന്ന പ്രതീതിയോടെ ആളുകള്‍ അതുകണ്ടുനില്‍ക്കുന്നു. പന്തയം വയ്ക്കുന്നു. യുദ്ധത്തിനും അധികാരത്തിനും ഇടയിലെ നിര്‍ദ്ദയമായ ആഘോഷങ്ങള്‍, സ്വേച്ഛാധിപത്യത്തിലേക്കുള്ള പരിണാമം മുതലായവ ഈ കഥയുടെ രാഷ്ട്രീയ ധാരകളാണ്‌.

"കണ്ണൂര്‍" എന്ന കൊച്ചുകഥയിലെ ഏറെ ആലോചനയ്ക്ക്‌ ഉതകുന്ന വാക്യങ്ങള്‍ ഉണ്ട്‌. കണ്ണൂരില്‍ രാഷ്ട്രീയ അക്രമങ്ങള്‍ മൂര്‍ദ്ധന്യത്തില്‍ നിന്നിരുന്ന കാലത്ത്‌ പതിവായി പറയാറുണ്ടായിരുന്ന ഒരു കാര്യമുണ്ട്‌, "ഒരു ഗോള്‍ ഇങ്ങോട്ടടിച്ചു, ഒരു ഗോള്‍ അങ്ങോട്ടാടിച്ചു. അങ്ങനെ ഡ്രോ ആയി." സത്യത്തില്‍ ഡ്രോ ആവുകയായിരുന്നില്ല. അന്‍പതിലേറെ പേര്‍ നിരപരാധികളും നിസ്സഹായരുമായി മരിച്ചിട്ടുണ്ട്‌. സംഘട്ടനങ്ങളില്‍ വേറെയും. കോടതി deterrent punishment എന്ന വധശിക്ഷ വിധിച്ചു. അങ്ങിനെ വധശിക്ഷകാത്തു കിടക്കുന്നവരുണ്ട്‌. ആദ്യകാലത്തെ കള്ളപ്രചരണങ്ങളാന്‌ പ്രശ്നം രൂക്ഷമാക്കിയത്‌. എല്ലാ വിധികള്‍ക്ക്‌ ശേഷവും എത്രയോ പേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതെല്ലാം Pre-meditated ആയ കൊലപാതകങ്ങളാണ്‌. ഫൈസലിന്റെ "കണ്ണൂര്‍" എന്ന കഥയില്‍ ഇത്തരമൊരു രാഷ്ട്രീയാവസ്ഥയുടെ Satirical expression ആണ്‌ കാണാവുന്നത്‌. മനുഷ്യനഷ്ടങ്ങളെ സ്കോര്‍ ബോര്‍ഡിലൊതുക്കുന്ന ഒരു കളിരസം!

ഫൈസലിന്റെ എല്ലാ കഥകള്‍ക്കും അതിന്റേതായ പുതുമയുണ്ട്‌. കഥകള്‍ വായനക്കാര്‍ പ്രതീക്ഷിക്കാത്ത തലത്തിലെത്തി വിസ്മയമുണ്ടാക്കുന്നു. കഥകള്‍ക്ക്‌ മികച്ച പാരായണക്ഷമതയുണ്ട്‌. ചില കഥകളില്‍ അതിശയോക്തിപരമായ ദീര്‍ഘവിവരണങ്ങള്‍ ഉണ്ടെങ്കിലും കഥ വികസിച്ച്‌ അന്ത്യത്തിലെത്തുമ്പോള്‍ സവിശേഷമായ ഒരു മാനം കൈവരുന്നുണ്ട്‌. "രാത്രിത്തെരുവിലെ കുട്ടി" എന്ന കഥയിലെ ഒരു ഭാഗം എടുക്കാം. വര്‍ണശബളമായ മുന്‍ഭാഗമുള്ള ഒരു ഹോട്ടലിന്റെ ഒരു വശത്തെത്തുന്ന കുട്ടി കാണുന്നത്‌ ജീര്‍ണ്ണിച്ച അന്തരീക്ഷമാണ്‌.

"അടുക്കളയുടെ ഇരുട്ടില്‍ അടക്കിപ്പിടിച്ചുള്ള ചിരികേട്ടു. ആണിന്റേതോ പെണ്ണിന്റേതോ എന്ന്‌ അവന്‌ തിരിച്ചറിയാനായില്ല. അവന്‍ പാത്രങ്ങളില്‍ തടഞ്ഞുവീഴാന്‍ പോയി. ശബ്ദം കേട്ടപ്പോള്‍ പുറത്തേയ്ക്കുള്ള ജീര്‍ണ്ണിച്ച വാതില്‍ ഒന്നു ഞരങ്ങി. ചിലമ്പിച്ച ശബ്ദം പുറത്തുവീണു."
"ഈ പട്ട്യോളെക്കൊണ്ട്‌ തോറ്റു."
ബള്‍ബ്‌ പ്രകാശിച്ചു. കുശിനിക്കാരന്‍ പുറത്തുവന്നു. അയാള്‍ക്ക്‌ പുറകില്‍ ഒരു ചെക്കന്‍. അവന്റെ മുഖത്ത്‌ ലജ്ജ തളം കെട്ടിയിരുന്നു. കുശിനിക്കാരന്റെ ഒരു കൈ ചെക്കന്റെ കഴുത്തിലാണ്‌.

ഒട്ടും വാചാലതയില്ലാതെ ഒരു വലിയ സംഭവം കഥാകൃത്ത്‌ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു.
ദസ്തോയേവ്സ്കിയുടെ കഥകളെപ്പോലെ മഹത്തരങ്ങളാണ്‌ ഫൈസലിന്റെ കഥകള്‍ എന്നുഞാന്‍ പറയുന്നില്ല. പക്ഷേ, ദസ്തയേവ്സ്കിയുടെ "Crime and Punishment" എന്ന കൃതിയെപ്പറ്റി നിരൂപകര്‍ പറയാറുള്ള ഒരു കാര്യം ഇവിടെ പരമാര്‍ശയോഗ്യമാണ്‌. To read is a punishment and not to read is a crime.

ഫൈസല്‍ പുതുതലമുറയിലെ എഴുത്തുകാരനാണ്‌., "ദേഹവിരുന്ന്‌" ആദ്യകഥാസമാഹരവും. അതുകൊണ്ടുതന്നെ ഈ കഥാകൃത്തിന്റെ വാനോളം പുകഴ്ത്തി വഴിതെറ്റിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. തുടര്‍ന്നും മികച്ച കഥകള്‍ അദ്ദേഹത്തില്‍ നിന്ന്‌ പിറവിയെടുത്തുകാണാനാണ്‌ ഞാനാഗ്രഹിക്കുന്നത്‌.

ദേഹവിരുന്ന്‌: വില നാല്‍പ്പതുരൂപ
വിതരണം:ഒലീവ്‌ പബ്ലിക്കേഷന്‍സ്‌

സി. വി. ശ്രീരാമന്‍
Subscribe Tharjani |