തര്‍ജ്ജനി

ഡോ. മഹേഷ് മംഗലാട്ട്

മംഗലാട്ട്, ചൂടിക്കൊട്ട, മയ്യഴി - 673 310
ഇ-മെയില്‍: mangalat@chintha.com
വെബ്: മഹേഷ് മംഗലാട്ട്

Visit Home Page ...

മുഖമൊഴി

പൊതുജനാരോഗ്യം എന്ന വിപണി

കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികം സുവര്‍ണ്ണകേരളം എന്ന പേരില്‍ ആഘോഷിക്കപ്പെടുകയാണ്. രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ ആഘോഷത്തിന് നിറപ്പകിട്ട് നഷ്ടപ്പെടുന്നുണ്ടെങ്കിലും ഈ സന്ദര്‍ഭം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകാലത്തെ കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.

കേരള മോഡല്‍ എന്ന പേരില്‍ പ്രശസ്തമായ വികസനമാതൃകയാണ് ഈ കാലയളവിലെ കേരളത്തിന്റെ മഹനീയമായ സംഭാവനയായി കണക്കാക്കപ്പെടുന്നത്. മാറിമാറി വന്ന സര്‍ക്കാറുകള്‍ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യുകയും ശ്രദ്ധാപൂര്‍വ്വം നടപ്പിലാക്കുകയും ചെയ്ത പദ്ധതികളുടെ പരിണതഫലമാണ് കേരളമോഡല്‍ എന്നു ആരും അവകാശപ്പെടാനിടയില്ല. ആരോഗ്യപരിരക്ഷ , വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട കണക്കുകളെ മുന്‍നിറുത്തിയാണ് വികസനത്തിന്റെ കേരളമാതൃക എന്ന വിസ്മയം കണ്ടെത്തിയത്. പിന്നീട് നൂറു ശതമാനം സാക്ഷരത കൈവരിച്ച ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം എന്ന ബഹുമതിയും കേരളം നേടി.

ആരോഗ്യം , വിദ്യാഭ്യാസം എന്നീ മേഖലകള്‍ കേരളത്തില്‍ എന്നും പ്രശ്നസങ്കുലമായിരുന്നു. തുള്ളിമരുന്നു നല്കി പോളിയോ രോഗപ്രതിരോധം നടത്തുന്ന സര്‍ക്കാര്‍ പദ്ധതി ഇന്ന് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. തുള്ളിമരുന്ന് ശാസ്ത്രീയമായ പരിഹാരമാര്‍ഗ്ഗമല്ല എന്ന വിമര്‍ശനത്തെ അസഹിഷ്ണുതയോടെ നേരിടുന്ന ഡോക്ടര്‍ സമൂഹം എതിരെ ഉന്നയിക്കപ്പെട്ട വാദങ്ങള്‍ക്ക് മറുപടി പറയുന്നത് തങ്ങള്‍ക്കാണ് ശാസ്ത്രീയതയുടെ ആധികാരികതയെന്ന് അവകാശപ്പെട്ടുകൊണ്ടാണ്.

അലോപ്പതി ചികിത്സാസമ്പ്രദായം മോഡേണ്‍ മെഡിസിന്‍ എന്നപേരില്‍ വിളിക്കപ്പെടുകയും ആധുനികശാസ്ത്രത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുമ്പോള്‍ മറ്റ് ചികിത്സാ പദ്ധതികളുടെ പ്രയോഗികവും ശാസ്ത്രീയവുമായ അധിഷ്ഠാനങ്ങള്‍ തമസ്കരിക്കപ്പെടുകയാണ്. ആയുര്‍വേദം , സിദ്ധ എന്നിവയോടൊപ്പം നൂറ്റാണ്ടുകളിലൂടെ പകര്‍ന്ന് ഇന്നും നിലനില്ക്കുന്ന നാടന്‍ചികിത്സാ സമ്പ്രദായങ്ങളും കേരളത്തിലുണ്ട്. ഇതിനു പുറമെ വൈദേശികമായ ഹോമിയോപ്പതിയും. ഇത്തരം ചികിത്സാപദ്ധതികളെ അപേക്ഷിച്ച് ആധുനികശാസ്ത്രത്തിന്റെ കയ്യാളായി അലോപ്പതി ചികിത്സാസമ്പ്രദായം അധികാരം കയ്യടക്കുകയാണ്.

വിചിത്രമായ വസ്തുത, പരമ്പരാഗതചികിത്സാവിധികള്‍ ടൂറിസം പ്രചരണത്തിനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്നുവെന്നതാണ്. യോഗ, ആയുര്‍വേദം എന്നിവയെ ഉള്‍ക്കൊള്ളിച്ച് നടപ്പിലാക്കുന്ന ഹെല്‍ത്ത് ടൂറിസം പരിപാടികള്‍ നേരത്തെ പറഞ്ഞ യുക്തിവാദം ശരിയെങ്കില്‍ അശാസ്ത്രീയവും വഞ്ചനാപരവുമായിരിക്കുമല്ലോ. സര്‍ക്കാര്‍ മുന്‍കയ്യില്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ ഇതു വരെ ആരും അശാസ്ത്രീയതയുടെ ന്യായം പറഞ്ഞ് എതിര്‍ത്തു കണ്ടിട്ടില്ല.

സര്‍ക്കാര്‍ ആശുപത്രികള്‍ , സ്വകാര്യ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ എന്നിവയ്ക്കു പുറമെ ഇന്ന് കേരളത്തില്‍ ഉടനീളം സഹകരണമേഖലയില്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെടുന്നുണ്ട്. താലൂക്ക് - ജില്ലാ ആസ്ഥാനങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന സഹകരണ ആശുപത്രികള്‍ സ്വകാര്യമേഖലയുമായി മത്സരിച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളാവുകയാണ്. ഇവയെല്ലാം ഒരുപോലെ അലോപ്പതി സമ്പ്രദായം പിന്തുടരുന്നവയാണ്. ജനങ്ങളോട് പ്രതിജ്ഞാബദ്ധത അവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലാണ് സഹകരണ ആശുപത്രികള്‍ സ്ഥാപിക്കപ്പെടുന്നത്. താരതമ്യേന ചികിത്സാസൌകര്യം പരിമിതമായ ഗ്രാമപ്രദേശങ്ങളിലോ പിന്നോക്കാവസ്ഥയുള്ള സ്ഥലങ്ങളിലോ ആദിവാസിമേഖലയിലോ സഹകരണ ആശുപത്രികള്‍ വഴി വൈദ്യസഹായമെത്തിക്കുകയായിരുന്നില്ല ഈ സംരംഭങ്ങള്‍ക്കു പിറകിലെ ലക്ഷ്യം എന്നു വ്യക്തം. ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ സന്ദേശവാഹകരായി സ്വയം മാറി മരുന്നുവില്പന നടത്തുവാനുള്ള അവസരം അലോപ്പതി സമ്പ്രദായവുമായി ബന്ധപ്പെട്ടു മാത്രമേ സാദ്ധ്യമാകൂ എന്നതിനാലായിരിക്കണം സഹകരണാശുപത്രികളും ഈ ദിശയില്‍ സഞ്ചരിക്കുന്നത്.

യോഗയും ആയുര്‍വേദവും വിദേശികള്‍ക്കു വിറ്റാല്‍ കിട്ടുന്ന വരുമാനം നാട്ടുകാരില്‍ നിന്നും കിട്ടാനിടയില്ല. ആരോഗ്യമല്ല അതിലുടെ നേടാവുന്ന വരുമാനമാണ് പ്രധാനം. അതിനാല്‍ ടൂറിസത്തിന്റെ ആരോഗ്യപരിപ്രേക്ഷ്യം അലോപ്പതിയില്‍ നിന്ന് ആയുര്‍വേദത്തിലേക്കും യോഗയിലേക്കും മാറുന്നു. കേരളം അങ്ങനെ ആരോഗ്യത്തെ വിപണിയുടെ താല്പര്യങ്ങള്‍ക്കു വിധേയമാക്കി മുന്നേറുകയാണ്. പുതിയ വിപണിയുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമല്ലാത്ത ഒന്നും സ്വീകാര്യമാകാത്ത വിധത്തില്‍ അസഹിഷ്ണുതയോടെ , ആധുനികതയുടേയും ശാസ്ത്രീയതയുടേയും ആധികാരികതയില്‍ പൊതുജനാരോഗ്യത്തെയും സുവര്‍ണ്ണകേരളം ഒരു വിപണിയാക്കിയിരിക്കുന്നു.

Subscribe Tharjani |