തര്‍ജ്ജനി

യാത്ര

കേദാര്‍നാഥിലേക്ക്

നല്ല തണുപ്പായിരുന്നു. കഴുതയുടെയും കുതിരയുടെയും ചാണകവും വെള്ളവും നിറഞ്ഞ വഴിയിലൂടെ നടക്കുക പ്രയാസം തന്നെയായിരുന്നു. തൊട്ടു മുമ്പിലുള്ളതു പോലും കാണാനൊക്കാത്ത മാതിരി എങ്ങും നിറഞ്ഞ മൂടല്‍മഞ്ഞും ശരീരത്തില്‍ ഒട്ടിക്കിടന്ന് കിരുകിരിപ്പുണ്ടാക്കുന്ന പ്ലാസ്റ്റിക്‍ കോട്ടും എല്ലാം കൂടി ആകപ്പാടെ അസഹ്യമായ യാത്ര.

മഴ കുറയുന്ന ലക്ഷണമൊന്നുമില്ലായിരുന്നു. കൈയും കാലും പല്ലും ഒക്കെ തണുത്തു വിറച്ച് കിടുകിടുക്കുന്നുണ്ട്. രാംബര്‍ഹാ, ഗരൂര്‍ഛട്ടി എന്നീ കൊച്ചു ഗ്രാമങ്ങള്‍ പിന്നിട്ട് അഞ്ചുകിലോമീറ്ററോളം നീളവും രണ്ടു കിലോമീറ്ററോളം വീതിയുമുള്ള ഒരു സമതലത്തിലേക്ക് നാം പ്രവേശിക്കുന്നു. ഇപ്പോള്‍ മഴയും മൂടല്‍മഞ്ഞും ശമിച്ചിരിക്കുന്നെങ്കിലും തണുപ്പ് ഒട്ടും കുറഞ്ഞിരുന്നില്ല. സമതലത്തിനു ചുറ്റും കാവലെന്ന പോലെ കറുത്ത പര്‍വ്വതങ്ങള്‍ ആകാശത്തേക്കുയര്‍ന്നു നില്ക്കുന്നത് അവ്യക്തമായി കാണാം. അങ്ങകലെ കുറെ കെട്ടിടങ്ങളുടെ നേരിയ ദൃശ്യവും കാണാനാവുന്നുണ്ട്. അതു കേദാര്‍പുരിയാണെന്ന് അടുത്തൂടെ പോയ ആള്‍ പറഞ്ഞു. സമതലത്തിന്റെ ഒത്ത നടുവിലൂടെ മന്ദാകിനി താഴോട്ടൊഴുകുന്നു. വീണ്ടും നാം മുമ്പോട്ട് നടന്ന് ആ പുണ്യദേവാലയത്തോടടുക്കുമ്പോള്‍ പാതയുടെ ഇരുവശങ്ങളിലുമായി കെട്ടിടങ്ങള്‍ കാണുകയായി. കടകളും വീടുകളും ലോഡ്ജുകളും ഇവിടെയും ആവശ്യത്തിനുണ്ട്.

വീണ്ടും മൂടല്‍മഞ്ഞ് വന്ന് നിറഞ്ഞത് പെട്ടെന്നായിരുന്നു. അന്തരീക്ഷം ആകെ അസ്വസ്ഥമാണ്. ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്ന് കുശലം പറഞ്ഞു. താമസിക്കാന്‍ മുറി വേണോ എന്നു ചോദിച്ചു. എവിടെയെങ്കിലും ഒന്നു കയറിക്കൂടിയാല്‍ മതിയെന്നുണ്ടായിരുന്നു. പെട്ടെന്ന് ചൂടു വെള്ളത്തില്‍ കൈയും മുഖവും കഴുകുകയും വേണം. അതിനാല്‍ അവന്‍ പറഞ്ഞ വലിയ തുക വാടക കൊടുക്കാമെന്നു തന്നെ തീരുമാനിച്ച് ലോഡ്ജിലെത്തി. ചൂ‍ടുവെള്ളത്തില്‍ ഒരു കുളി കഴിച്ച് നല്ലൊരു ചായ കുടിച്ചതോടെ തണുപ്പ് അല്പമൊന്നു ശമിച്ചു.

മഴ ചെറുതായി തൂളുന്നുണ്ട്. എങ്കിലും ക്ഷേത്രെമൊക്കെ ഒന്നു കണ്ടു കളയാം എന്നു കരുതി നടന്നു. ക്ഷേത്രത്തിനു മുമ്പില്‍ ഇരുവശത്തും നിറയെ കടകളാണ്‌. ഞങ്ങള്‍ക്കു മുമ്പിലൂടെ നടന്നുപോയിരുന്ന പഴകിക്കീറിയ കമ്പിളി വസ്ത്രം ധരിച്ച ഒരു പാവം മനുഷ്യന്റെ തലയില്‍ ഒരു ചെരുപ്പ് വന്നു വീണതു കണ്ട് ഞങ്ങള്‍ അവിടെ നിന്നു. കടയിലെ ചെറുപ്പക്കാരന്‍ എറിഞ്ഞതാണ്. ഒന്ന് തിരിഞ്ഞു നോക്കി അയാള്‍ മുമ്പോട്ട് നടന്നു. വീണ്ടും അവന്‍ അയാളെ എറിഞ്ഞു. ചുറ്റുമുള്ള കടയിലെ ആളുകള്‍ ഇതുകണ്ട് പൊട്ടിച്ചിരിക്കുന്നു. എത്ര ക്രൂരന്മാരാണ് ഈ മനുഷ്യര്‍ . അയാള്‍ വീണ്ടൂം തിരിഞ്ഞ് എന്തോ പറഞ്ഞു. ഉടന്‍ അവന്‍ ഇറങ്ങി വന്ന് അയാളുടെ മുതുകിനിട്ട് ഒന്നു കൊടുത്തു. ശരീരം നിറയെ കാലിപ്പാട്ടകള്‍ വെച്ചു കെട്ടിയ ആ മനുഷ്യന്‍ നിസ്സഹായതയോടെ ഞങ്ങളെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ ക്ഷേത്രത്തിലേക്ക് കയറിപ്പോയി.

ഒരു കൈയില്‍ കട്ടിയുള്ള കടലാസ്സു കൊണ്ടുണ്ടാക്കിയ ഗദയും മറ്റേ കൈയില്‍ ഏഴടി നീളമുള്ള ഇരുമ്പിന്റെ ശൂലവും പിടിച്ചു നടക്കുന്ന അദ്ദേഹം ശുദ്ധപാവത്താനാണെന്ന് കണ്ടാലറിയാം.

ഇനി ഒരു നിമിഷം പോലും ഇവിടെ നില്ക്കേണ്ടെന്നു തോന്നി. മനസ്സാകെ ഇരുണ്ടതുപോലെയായി. ഒന്നും കാണണമെന്നില്ല. ക്ഷേത്രവും വേണ്ട, മഞ്ഞുമലയും വേണ്ട. എത്രയും പെട്ടെന്ന് പോയാല്‍ മതി. എന്റെ അസ്വസ്ഥത കണ്ട് ഗായത്രി ചിരിച്ചു.

വെള്ളിമാമലകള്‍

ഇതാ, എനിക്കു തൊട്ടുമുന്നില്‍ വെള്ളിമാമലകള്‍ മറ നീങ്ങി വെളിപ്പെട്ടു നില്ക്കുന്നു. പരം പൊരുളിന്റെ ഈ പ്രത്യക്ഷദര്‍ശനത്തെ അതിന്റെ ആഴത്തില്‍ ഉള്‍ക്കൊള്ളാനാവാതെ ദൈവമേ, എന്റെയീ പാനപാത്രം ശൂന്യമാക്കിത്തരണേ എന്നു ഞാന്‍ വീണുവണങ്ങി പ്രാര്‍ത്ഥിച്ചുപോയി. കാണുന്ന ചപ്പും ചവറുമെല്ലാം മനസ്സില്‍ കോരി നിറയ്ക്കുമ്പോള്‍ നാം അറിയുന്നില്ല, നാളെ നമ്മെത്തേടിയെത്തുന്ന കാരുണ്യം ഇരിക്കാനിടമില്ലാതെ പടിയിറങ്ങിപ്പോകുമെന്ന്.

“നീയല്ലോ മായയും
മായാവിയും മായാവിനോദനും
നീയല്ലോ മായയെനീക്കി
സായൂജ്യം നല്കുമാര്യനും” എന്ന ഗുരുവചനമാണ് അതിന്റെ എല്ലാ ഭാവത്തോടും കൂടി എനിക്കു മുമ്പില്‍ അവതരിച്ചിരിക്കുന്നത്. മഴ നനഞ്ഞ് തണുത്തു വിറച്ച് ഞാനിവിടെ കയറി വന്നപ്പോള്‍ എല്ലാം മൂടല്‍മഞ്ഞാല്‍ മറഞ്ഞിരിക്കുകയായിരുന്നല്ലോ. എന്തെന്നില്ലാത്ത ശൂന്യതയാണ് ഉള്ളിലനുഭവപ്പെട്ടത്. ഈ നരകത്തിലേക്കാണല്ലോ ഇത്രയും ദൂരം നടന്നു കയറിയത് എന്നുവരെ ശപിച്ചുപോയി. ഉടന്‍ തിരിച്ചിറങ്ങിപ്പോയേക്കാം എന്നു തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സഹയാത്രിക സമ്മതിച്ചില്ല. ഇത്രയും ദൂരം വന്നതല്ലേ. ഒരു ദിവസം താമസിച്ചിട്ടു പോകാം എന്നവര്‍ നിര്‍ബന്ധിച്ചു. മുറിയില്‍ മൂടിപ്പുതച്ച് കിടക്കാം എന്നു കരുതി തിരിഞ്ഞു നടക്കാന്‍ തുനിയുമ്പോഴാണ് എവിടുന്നോ വന്ന കാറ്റ് മൂടല്‍മഞ്ഞിനെ വാരിയെടുത്ത് അകന്നു പോയത്. തൊട്ടുമുന്നില്‍ കൈയെത്തും ദൂരത്തെന്ന പോലെ വെള്ളിയില്‍ വാര്‍ത്തെടുത്ത ഒരു മഹാത്ഭുതം ആകാശത്തിലോട്ട് കുതിച്ചുയരാന്‍ തയ്യാറായി നില്ക്കുന്നു! ഇരുപത്തിമൂവ്വായിരം അടി ഉയരമുള്ള ചൌഖംഭ പര്‍വ്വതനിര. ആശ്ചര്യത്താല്‍ ഹൃദയം നിറഞ്ഞ് കണ്ണീരായി ഒലിച്ചിറങ്ങാന്‍ തുടങ്ങി. ഇങ്ങനെ ഒരു ദൃശ്യം ഇതാദ്യമായാണ്.നടരാജഗുരു പറഞ്ഞത് എത്ര സത്യം. “ഇത് കണ്ടിട്ട് ഒരുവന്‍ ദൈവത്തെ കണ്ടിട്ടില്ല എന്നു പറയുമെങ്കില്‍ അവന് പിന്നെ ഒരിക്കലും ദൈവത്തെ കാണാന്‍ കഴിയുകയില്ല.”

തോന്നലുകള്‍ക്കനുസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നഷ്ടപ്പെടുമായിരുന്നത് ഇനി ഒരിക്കലും കാണാന്‍ ഇടയില്ലാത്ത ഒരപൂര്‍വ്വദര്‍ശനമായിരുന്നു. മനസ്സേ, നിന്നെ ഞാന്‍ ഒരിക്കലും വിശ്വസിക്കയില്ല. ചിന്തകളുടെ നൂലാമാലകള്‍ കൊണ്ട് നീ തീര്‍ക്കുന്ന മായയില്‍ വീണു പോയിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു. നീ എന്നെയിട്ട് കളിപ്പിച്ചു. അതു നിന്റെ വിനോദമായിരുന്നു എന്നെനിക്കറിയാം. ജീവിതത്തെ എടുത്ത് അമ്മാനമാടുന്ന മായാവി തന്നെയാണ് നീ. ഇല്ലാത്ത ലോകത്തെ സൃഷ്ടിച്ച് നീ മോഹം ജനിപ്പിക്കും. ഉള്ളതിനെ മറച്ചു വെച്ച് ശോകത്തിനടിമയാക്കും. ഞങ്ങളങ്ങനെ നിന്റെ മാന്ത്രികവടിയുടെ മായാവലയത്തില്‍ പെട്ട് ഗതിയില്ലാതെ അലഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ നീ തന്നെയാണ് ഞങ്ങളുടെ രക്ഷയും. അല്പസമയം ക്ഷമയോടെ ഇരിക്കാമെങ്കില്‍ പെട്ടെന്നുള്ള തോന്നലിനു വിധേയരായി തീരുമാനങ്ങളെടുക്കാതിരിക്കാമെങ്കില്‍ നീ തന്നെ എല്ലാ തടസ്സങ്ങളും അകറ്റി സായൂജ്യം ഞങ്ങള്‍ക്ക് വരദാനമായി നല്കുമെന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു. ഒരു മേഘവും സൂര്യനുകീഴേ അധികസമയം തങ്ങിനില്ക്കുകയില്ലെന്ന യാഥാര്‍ത്ഥ്യം എത്ര പരമാര്‍ത്ഥമാണ്...

സൌമ്യമേഘങ്ങള്‍ സ്വച്ഛമായൊഴുകുന്ന ആകാശം ഹിമവല്‍ ശൃംഗങ്ങളെ ഉമ്മവെച്ചു നില്ക്കുന്നോ, അതോ വെള്ളിമാമലകള്‍ ആകാശവിശാലതയില്‍ സ്വയമലിഞ്ഞു നിര്‍വൃതി കൊള്ളുന്നോ എന്നു പറയാനാവാത്തവിധം അനന്യമായി വിലസുന്ന ഈ പുണ്യഭൂമിയില്‍ വിനീതനായി നില്ക്കുമ്പോള്‍ ഞാന്‍ എന്റെ നിസ്സാരത തിരിച്ചറിയുകയാണ്. മനുഷ്യനെന്ന അല്പജീവിയുടെ ഇത്തിരിപ്പോരം പോന്ന ജീവിതത്തിന്റെ രഹസ്യം ഇതാ എനിക്കു മുമ്പില്‍ തുറന്ന പുസ്തകം പോലെ പുഞ്ചിരിച്ചു നില്ക്കുന്നു. മറുചോദ്യത്തിനു നേരിയ പഴുതുപോലുമില്ലാതെ പ്രപഞ്ചപ്രതിഭാസത്തിന്റെ ഹൃദയത്തില്‍ നിന്നും സംഭവിച്ച ഈ ഉത്തരം എന്നെ മൌനിയാക്കുന്നു.

ബ്രഹ്മാണ്ഡം തന്നെയാണ് പിണ്ഡാണ്ഡമെന്ന് വേദാന്തക്ലാസ്സില്‍ നിന്നു കേട്ടപ്പോള്‍ വരട്ടുവേദാന്തമെന്നു പറഞ്ഞു ഞാന്‍ എഴുന്നേറ്റു പോയിട്ടുണ്ട്. ഇവിടെ നിന്റെയീ ഹൃദയസ്പന്ദവുമായി ഏകീഭവിച്ചു നില്ക്കുമ്പോള്‍ പുച്ഛിച്ചു തള്ളിക്കളഞ്ഞ വാക്കുകളൊക്കെ അനശ്വരവചനങ്ങളായി ഉയിര്‍ത്തെഴുന്നേല്ക്കുന്നു. ജീവിക്കുന്ന ഓരോ നിമിഷവും നാം എത്രമാത്രം ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്ന് ആരോ പറയുന്നതു പോലെ.

കേദാര്‍നാഥ് ക്ഷേത്രം

ഉത്തരഖണ്ഡില്‍ ഗഡ്‌വാള്‍ ദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കേദാര്‍നാഥ്. ഗഡ്‌വാളില്‍ അനേകം ശിവക്ഷേത്രങ്ങളുണ്ട്. പഞ്ചകേദാര്‍ , സോമേശ്വര്‍ , ജഗേശ്വര്‍ , ഭാഗേശ്വര്‍ , ബലേശ്വര്‍ , മുക്തേശ്വര്‍ മുതലായവ അവയില്‍ അറിയപ്പെടുന്ന ചിലതാണ്. ഗഡ്‌വാളില്‍ ഒരു ചൊല്ലുണ്ട്; എത്ര കല്ലുകളുണ്ടോ അത്രയും ശിവനുമുണ്ട്. ഇതുതന്നെയാണ് ഇവിടുത്തെ ശിവക്ഷേത്രങ്ങളുടെയും സ്ഥിതി. അത്രയും അധികമാണ് അവയുടെ എണ്ണം. ഈശ്വര്‍ എന്നവസാനിക്കുന്ന ക്ഷേത്രങ്ങള്‍ ശിവന്റേതായിരിക്കും.

സമുദ്രനിരപ്പില്‍ നിന്നും 3588മീറ്റര്‍ ഉയരത്തിലാണ് കേദാര്‍നാഥ് സ്ഥിതിചെയ്യുന്നത്. ബദരിയെക്കാള്‍ 400മീറ്റര്‍ കൂടുതല്‍ ഉയരം. പ്രധാനപ്പെട്ട പന്ത്രണ്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. ജ്യോതിര്‍‌ലിംഗമെന്നാണ് പ്രതിഷ്ഠയ്ക്കു പറയുക. സ്വയംഭൂവായതിനാലാണ് ജ്യോതിര്‍‌ലിംഗമെന്നു പറയുന്നത്. അര്‍ജ്ജുനന്റെ കൊച്ചുമകനായ ജനമേജയരാജാവാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നു പറയുന്നു. ബുദ്ധമതത്തിന്റെ കാലത്ത് ക്ഷേത്രം ക്ഷയോന്മുഖമാവുകയും പിന്നീട് ആദിശങ്കരാചാര്യര്‍ ക്ഷേത്രം പുന:സ്ഥാപിക്കുകയും ചെയ്തത്രേ.

തന്റെ മുപ്പത്തിരണ്ടാം വയസ്സില്‍ കേദാര്‍നാഥില്‍ വച്ചാണ് ശങ്കരന്‍ ശരീരം വെടിഞ്ഞതെന്ന് ഒരു വിശ്വാസമുണ്ട്. തമിഴ്‍നാട്ടിലെ കാഞ്ചീപുരത്തു വെച്ചാണെന്നും തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍ വെച്ചാണെന്നും വിശ്വസിക്കുന്നവരുണ്ട്. അതെന്തുമാകട്ടെ. ഇവിടെ ക്ഷേത്രത്തിനു പിന്നിലെ പുല്‍മേട്ടില്‍ നൂറുമീറ്റര്‍ അകലത്തായി അദ്ദേഹത്തിന്റെ ചെറിയൊരു പ്രതിമയോടുകൂടി ഒരു സമാധി കെട്ടിടമുണ്ട്. ഇവിടെവച്ചാണ് ശങ്കരന്‍ മഹാപഥത്തിലേക്ക് അപ്രത്യക്ഷനായതത്രെ.

“ഉടലോടെ പരലോകം പ്രാപിക്കാനുള്ള മാര്‍ഗ്ഗമാണ് മഹാപഥം. അതികഠിനമായ വ്രതകര്‍മ്മാനുഷ്ഠാനങ്ങള്‍ക്കു ശേഷം ഭക്തര്‍ ഇവിടെ വന്നെത്തുന്നു. മഹാപഥത്തിനു മുമ്പില്‍ രണ്ടു അഭൌമസത്വങ്ങള്‍ കാവല്‍ നില്പുണ്ടാകും. ആഗതനായ ഭക്തന്‍ അപ്പുറത്തേക്ക് സ്വീകാര്യനാണെങ്കില്‍ ആ കാവല്‍ സത്വങ്ങള്‍ അയാളെ ഒരു ഗൂഢസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി അപ്പുറത്തെ രഹസ്യങ്ങളൊന്നും പുറത്തുപറയുകയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യിക്കും. പിന്നെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും അറിഞ്ഞുകൂട. എന്തെന്നാല്‍ അങ്ങോട്ട് പോയവരാരും മടങ്ങി വന്നിട്ടില്ല”

പാണ്ഡവരും ഈ മഹാപഥത്തിലൂടെ കടന്നു പോയാണ്‌ സ്വര്‍ഗ്ഗാരോഹണം ചെയ്തതെന്ന് നാം കേട്ടിട്ടുണ്ടല്ലോ. ബദരീനാഥ് വഴിയാണ് അവര്‍ പോയതത്രേ. മഹാപഥത്തില്‍ എത്താന്‍ കഴിയുന്നവര്‍ക്കും വഴിയില്‍ വെച്ചു മരിക്കുന്നവര്‍ക്കും മോക്ഷം ഉറപ്പാണെന്ന ഒരു വിശ്വാസം നിലനിന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ഭക്തര്‍ ഭൈരവ് ത്ധാമ്പ് എന്നറിയപ്പെടുന്ന പാറയുടെ മുകളില്‍ നിന്ന് കൊക്കയിലേക്ക് ചാടി ശരീരം വെടിഞ്ഞിരുന്നത്രേ. അടുത്ത ജന്മത്തിലെങ്കിലും പ്രിയമായത് ലഭിക്കും എന്ന വിശ്വാസമാണ് അവരെ അതിനു പ്രേരിപ്പിച്ചിരുന്നത്. ഗോപേശ്വര്‍ ക്ഷേത്രത്തിലെ ചുമര്‍ ആലേഖനപ്രകാരം ഏറ്റവും അവസാനത്തെ ശ്രമം 1820-ല്‍ ആയിരുന്നു. 1823-ല്‍ ഈ പരിപാടി നിയമം മൂലം നിരോധിക്കുകയാണുണ്ടായതെന്നും പറയുന്നു.

ശങ്കരസമാധി.

രാത്രി കത്തുന്ന തണുപ്പുണ്ടായിരുന്നെങ്കിലും ക്ഷീണം കാരണം ഉറങ്ങിപ്പോയതറിഞ്ഞില്ല. രാവിലെ എഴുന്നേറ്റ് പുറത്തു വന്നപ്പോള്‍ നല്ല മഴ. മഴ അല്പം കുറയുകയാണെങ്കില്‍ ഇന്നു തന്നെ താഴെ ഇറങ്ങാമെന്നു വെച്ചു. ഏതായാലും ശങ്കരസമാധിയില്‍ പോയി കുറച്ചുനേരം ഇരുന്നിട്ട് വരാമെന്നു കരുതി അങ്ങോട്ട് നടന്നു. ആ കൊച്ചു കൊടുമുടിയില്‍ ഒരു സ്വാമി ഇരുന്ന് ഏതോ സ്തോത്രം ചൊല്ലുന്നുണ്ടായിരുന്നു‍. ഞങ്ങള്‍ കണ്ണടച്ച് കുറച്ചു നേരം അവിടെ ഇരുന്നു.

ഞങ്ങള്‍ കണ്ണ്‍ തുറന്നപ്പോള്‍ ആ സ്വാമി തന്റെ വായന അവസാനിപ്പിച്ച് ഞങ്ങളെയും നോക്കി ഇരിക്കയായിരുന്നു. കുറച്ചു നേരത്തെ കുശലാന്വേഷണത്തിനു ശേഷം അദ്ദേഹം പറഞ്ഞു: “ഇന്ന് മലയിറങ്ങാതിരിക്കുകയാണ് നല്ലത്. ഇന്നലെ രാത്രിയില്‍ നല്ല മഴ പെയ്തതിനാല്‍ പലയിടത്തും മല ഇടിഞ്ഞു വീണിട്ടുണ്ടാകും. ചിലപ്പോള്‍ തിരിച്ചു കയറേണ്ടി വരും. ഏതായാലും ഇവിടെ വരെ വന്നതല്ലേ, ഒരു ദിവസം കൂടി താമസിച്ച് പോകുന്നതല്ലേ നല്ലത്.

അദ്ദേഹം തന്റെ പുസ്തകങ്ങളെല്ലാം സഞ്ചിയിലാക്കി നമസ്കാരം പറഞ്ഞ് ഇറങ്ങിപ്പോയി. ഞങ്ങള്‍ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. നല്ല തണുപ്പും പുറത്തു നിന്നും അടിച്ചു വരുന്ന കാറ്റും കൊണ്ട് അവിടെ ഇരിക്കുക ദുസ്സഹമായി. പുറത്തിറങ്ങി എത്ര കണ്ടാലും മതിവരാത്ത ഹിമശൃംഗങ്ങളുടെ വെള്ളിച്ചിരിയിലേക്ക് നോക്കി കുറച്ചു നേരം അവിടെ നിന്നു. മൌനം പ്രാര്‍ത്ഥനയായി മാറുന്ന അനുഗ്രഹീതനിമിഷങ്ങള്‍ ! സൌന്ദര്യത്തിന്റെ മഹിമയ്ക്കുമുമ്പില്‍ നമ്രശിരസ്കരാകുമ്പോള്‍ എത്ര പാഠങ്ങളാണ് ഇവര്‍ നമുക്കോതിത്തരിക! “ജീവിതം! നിഗൂഢമായ അനേകം വഴിത്താരകളുള്ള ഉന്നതശൃംഗം! ഇതാ, നിങ്ങള്‍ക്കു മുമ്പില്‍ ആകാശത്തേക്കുയര്‍ന്നു നില്ക്കുന്നു. വിനയത്തോടെ ഉച്ചിയിലേക്ക് മെല്ലെ അടിവെച്ചു കയറുക” എന്ന് മൌനമായി പറയുന്നതു പോലെ...

പൂജാരി
നേരെ ഭാരത്‍സേവാ ആശ്രമത്തില്‍ പോയി മുറിയെടുത്തു. ഒരു ദിവസമേ താമസിക്കാനൊക്കൂ എന്ന് അവിടുത്തെ സ്വാമി പറഞ്ഞു. അതു നന്നായി. ഒരു ദിവസമെങ്കിലും ശ്രീശങ്കരന്റെ അടുത്തു കഴിയാമല്ലോ. സഞ്ചി മുറിയില്‍ വെച്ച് ഞങ്ങള്‍ നടക്കാനിറങ്ങി. ക്ഷേത്രത്തില്‍ കടന്ന് വെറുതെ നടക്കുന്നതു കണ്ടിട്ടാവാം ഒരു പൂജാരി അടുത്തു വന്നു മുഖ്യപൂജാരിയെ കാണാനാണോ എന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് ഞങ്ങളെപ്പോലും കാണണമെന്നില്ലായിരുനു. എങ്കിലും കാണാം എന്നു പറഞ്ഞു. അദ്ദേഹം താമസസ്ഥലത്തുണ്ടെന്നു പറഞ്ഞു കെട്ടിടം ചൂണ്ടിക്കാണിച്ചു തന്നു.

ഒരു കൊച്ചു കെട്ടിടം. രണ്ട് മൂന്ന് മുറികള്‍ . ഒരടുക്കള. ഒരിടുങ്ങിയ മുറിയില്‍ അദ്ദേഹം താഴെയിരിക്കുന്നു. അടുത്ത് ഒന്നുരണ്ട് പേരുണ്ട്. ഞങ്ങളെ അകത്തേക്കു വിളിപ്പിച്ചു. എല്ലാവരും താഴെ വിരിച്ചിട്ടുള്ള കമ്പിളിയിലാണ് ഇരിക്കുന്നത്. റാവല്‍ജി ചെറുപ്പക്കാരനാണ്. അനായാസത നിറഞ്ഞ മുഖം. പ്രസന്നന്‍ ‍. നല്ല ആരോഗ്യമുള്ള ശരീരം. ഞങ്ങള്‍ നമസ്കാരം പറഞ്ഞു. അദ്ദേഹം വിനയത്തോടെ ഞങ്ങളെയും തൊഴുതു. ഇരിക്കാന്‍ പറഞ്ഞു.

“ക്ഷമിക്കണം. ചില ചില്ലറ ദുഃസ്വഭാവങ്ങളൊക്കെയുണ്ട്. ഈ മുറുക്ക് അതില്‍ ഒന്നാണ്. അതൊന്ന് കഴിഞ്ഞ് നമുക്ക് സംസാരിക്കാം.” അവ്യക്തമായ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.

ഉള്ള കാര്യം മുഖത്തു നോക്കി പറയുന്നവനാണെന്ന് കണ്ടാലറിയാം. പൂജാരിയാണെന്ന ഒരു ഭാവവുമില്ല.

പുറത്തു നൂലു പോലെ മഴ ചാറുന്നുണ്ട്. എങ്ങും മൂടല്‍ മഞ്ഞു വന്ന് നിറഞ്ഞിരിക്കുന്നു. പുറത്തൊന്നും കാണാനേയില്ല. ഏതോ സ്വപ്നഭൂമിയില്‍ പറന്നെത്തിയപോലെ. ഒന്നും ചെയ്യാനില്ല. ചെയ്യണമെന്നുമില്ല. ഇനി എന്ത് എന്നൊരു ചിന്തയേയില്ല. ഇതെന്തൊരു അനുഭവമാണ്. എത്ര സുഖകരമാണ്.

ഞങ്ങളുടെ കോലം കണ്ടിട്ടാകണം എല്ലാ പൂജാരിമാരും ഞങ്ങള്‍ക്ക് ചുറ്റും വന്നിരിക്കുന്നുണ്ട്. പൂജാരിയുടെ ചോദ്യത്തിന് ഈയുള്ളവന്‍ നല്കുന്ന മറുപടി കേള്‍ക്കാനായിട്ടുള്ള ഇരിപ്പാണ്. അല്പ നേരത്തെ കുശലങ്ങള്‍ക്കു ശേഷം അദ്ദേഹം ചോദ്യത്തിലേക്ക് പ്രവേശിച്ചു. “ഞാനൊരു ഗൃഹസ്ഥനാണ്. ഗൃഹസ്ഥന് സന്യാസമാകാമോ? നിങ്ങളുടെ ഗുരുക്കന്മാരുടെ അഭിപ്രായമെന്താണ്?”

പഴയ ആ സ്റ്റൈലില്‍ ഒന്നു നീണ്ടു നിവര്‍ന്നിരുന്ന് ഞാന്‍ തുടങ്ങി. “റാവല്‍ജി, ഗുരുക്കന്മാര്‍ക്ക് ഈ വിഷയത്തില്‍ പറയാനുള്ളതെന്തെന്ന് പറയുന്നതിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത് അവരില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതിനെ സ്വാംശീകരിച്ച് എന്റേതായ അഭിപ്രായമായി പറയാനാണ്. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ തന്നെ അത് എന്റെ തെറ്റായിത്തീരുകയല്ലേയുള്ളൂ.”

നാല് ആശ്രമങ്ങള്‍

“ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം. സന്യാസം എന്നീ വര്‍ണ്ണാശ്രമധര്‍മ്മങ്ങളെക്കുറിച്ച് കേള്‍ക്കാത്തവരാരുമില്ല. എന്നാല്‍ അതിനെ ഒരു പുതിയ രീതിയില്‍ മനസ്സിലാക്കാനാണ് എനിക്കു കഴിഞ്ഞിട്ടുള്ളത്. പന്ത്രണ്ട് വര്‍ഷം ഒരു ഗുരുവിന്റെ അടുത്തു പോയി താമസിച്ച് അനുഷ്ഠിക്കേണ്ടതാണ് ബ്രഹ്മചര്യമെന്നും വേദാന്തപഠനം പൂര്‍ത്തിയാക്കി തിരിച്ചുവന്നു വിവാഹം കഴിച്ച് ഗാര്‍ഹസ്ഥ്യത്തിലേക്കു പ്രവേശിക്കണമെന്നും അറുപതുവയസ്സു കഴിയുന്നതോടെ പ്രാരാബ്ധങ്ങളില്‍ നിന്നും ഒഴിഞ്ഞ് കാട്ടിലോ ആശ്രമങ്ങളിലോ പോയി ദൈവചിന്തയില്‍ വ്യാപരിക്കണമെന്നും ക്രമേണ സന്യാസത്തിലേക്ക് പ്രവേശിക്കാമെന്നുമാണ് വിശ്വാസം. ഇതു വളരെ ബാഹ്യമായ ഒരര്‍ത്ഥം മാത്രമാണ്. എന്നാല്‍ സൂക്ഷ്മവും മനശ്ശാസ്ത്രപരവുമായ ഒരു ഉള്‍പ്പൊരുള്‍ ഈ വാക്കുകള്‍ക്കു പിന്നിലുണ്ടെന്ന് തോന്നിയിട്ടുണ്ട്.

ബ്രഹ്മം എന്ന വാ‍ക്കിന് ബൃഹത്തായിക്കൊണ്ടിരിക്കുന്നത്, വലുതായിക്കൊണ്ടിരിക്കുന്നത് എന്നൊക്കെയാണ് അര്‍ത്ഥം. ബ്രഹ്മചര്യം എന്നു പറഞ്ഞാല്‍ വലുതാകാന്‍ വേണ്ടിയുള്ള ചര്യ എന്നേ അര്‍ത്ഥമുള്ളൂ. എന്തിനാണ് വലുതാവുന്നത്? എന്താണ് വലുതാകേണ്ടത്?

നാം ആറുപേര്‍ ഇവിടെയിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ ഇങ്ങോട്ട് കയറി വന്ന് നമ്മെ ചീത്ത വിളിച്ചാല്‍ നാം ഏവരും ഒരേ രീതിയിലല്ല പ്രതികരിക്കുക. ഒരാള്‍ എഴുന്നേറ്റ് അവനിട്ട് രണ്ട് കൊടുത്തേക്കാം. ഒരാള്‍ ദേഷ്യത്തില്‍ അവനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞേക്കും. വേറൊരാള്‍ അനുനയത്തില്‍ അവനെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയേക്കാം. വേറൊരാള്‍ അവനോട് നിങ്ങളിവിടെ ഇരുന്ന് സമാധാനത്തോടെ കാര്യം പറയുക; നമുക്ക് പരിഹാരമുണ്ടാക്കാം എന്നു സ്നേഹത്തില്‍ പറയും. ഇനിയും ഒരാള്‍ എല്ലാം കണ്ട് മൌനമായി ഇരിക്കുന്നുണ്ടാകും.

ഇവിടെ പുറത്തു നിന്നു വന്ന ആള്‍ പറഞ്ഞ വാക്ക് ഒന്നാണ്. എല്ലാവരുടെയും ചെവിയില്‍ വന്നു വീണത് ഒരേ ശബ്ദതരംഗമാണ്. എന്നാല്‍ ഓരോരുത്തരിലും അതുണ്ടാക്കിയ പ്രതികരണം എത്ര വ്യത്യസ്ഥമാണ്. ഇതില്‍ നിന്നും നാം ഒരു കാര്യം അറിയുന്നു. അയാള്‍ പറഞ്ഞ വാക്കാണ് നമ്മെ അസ്വസ്ഥനാക്കുന്നതെങ്കില്‍ അത് എല്ലാവരിലും ഒരേ അനുഭവം ഉണ്ടാക്കണമായിരുന്നു. ഇദ്ദേഹത്തിന്റെ വാക്ക് ഒരു കാരണമായി വരുന്നെങ്കിലും അതല്ല മുഖ്യപ്രശ്നം. പ്രശ്നം ഓരോരുത്തരുടെയും ഉള്ളിലാണ്. ബോധത്തിന്റെ വികാസമില്ലായ്മയാണ് കാരണം.

സുഖം എന്നും ദുഃഖം എന്നും ഉള്ള വാക്കിലേക്കൊന്നു സൂക്ഷിച്ചു നോക്കിയാല്‍ ആ വാക്കില്‍ തന്നെ അര്‍ത്ഥം ഒളിഞ്ഞിരിക്കുന്നതു കാണാം. ‘ഖം’ എന്നാല്‍ ആകാശം എന്നര്‍ത്ഥം. ‘സു’ എന്ന വാക്കില്‍ എന്തോ ഒരു സൌമ്യതയുണ്ട്; ഒരു വികാസമുണ്ട്. നമ്മുടെ ബോധാകാശം വലുതാകുമ്പോള്‍ അനുഭവമായി വരുന്നതാണ് സുഖം. അടുത്തതോ? ‘ദുഃ’. അതു പറയുമ്പോള്‍ തന്നെ എന്തോ ഒരു ചുരുങ്ങല്‍ പോലെ തോന്നുന്നില്ലേ. ബോധാകാശം ചുരുങ്ങിച്ചുരുങ്ങി തന്നെപ്പോലും ഉള്‍ക്കൊള്ളാനാവാത്ത തരത്തില്‍ ഇടുങ്ങിയിരിക്കുമ്പോള്‍ ദുഃഖം അതിന്റെ എല്ലാ ഇരുളോടും കൂടി നമ്മില്‍ പ്രവേശിക്കുകയായി.

ശാശ്വതമായ സമാധാനം തേടി അലയുന്നവന്‍ അങ്ങനെ ഒരു കാര്യം മനസ്സിലാക്കുന്നു. പുറത്തെ ലോകം എത്ര നന്നായാലും തനിക്കും സമാധാനം കിട്ടണമെന്നില്ല. എല്ലാവരില്‍ നിന്നും അകന്ന് മുറിയില്‍ വാതിലടച്ചിരുന്നാലും അസ്വസ്ഥതയ്ക്ക് ഒരു കുറവുമില്ല. അതിനാല്‍ ലോകമാണ് തന്റെ അസ്വസ്ഥതയ്ക്ക് കാരണം എന്നു ഇനി പറയുന്നില്ല. ഞാന്‍ തന്നെയാണ് കാരണം. എന്റെ ബോധത്തിന്റെ വികാസമില്ലായ്മയാണ് എല്ലാ ദുഃഖത്തിന്റെയും നിദാനം. അതിനാല്‍ ഇനി ലോകത്തെ പഴിച്ച് സമയം കളയാതെ തന്നില്‍ രൂഢമൂലമായിരിക്കുന്ന യഥാര്‍ത്ഥപ്രശ്നത്തിലേക്കു തിരിയാന്‍ അവന്‍ തയാറാകുന്നു. ലോകമല്ല മാറേണ്ടത്, തന്നിലാണ് മാറ്റം സംഭവിക്കേണ്ടതെന്ന് എന്ന ബോധ്യം അവനുണ്ടാകുന്നു. അതായത് അവന്‍ അല്ലെങ്കില്‍ അവള്‍ ബ്രഹ്മചാരിയാവാന്‍ തീരുമാനിച്ചിരിക്കുന്നു എന്നര്‍ത്ഥം.

വലുതാവാനുള്ള ചര്യ എന്നേ ബ്രഹ്മചര്യത്തിനര്‍ത്ഥമുള്ളൂ. അല്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതുകൊണ്ട് ആരും ബ്രഹ്മചാരിയാവുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ യാജ്ഞവല്‍ക്യനെപ്പോലെയുള്ള ഋഷീശ്വരന്മാരെല്ലാം ബ്രഹ്മചാരികളല്ലെന്നു പറയേണ്ടി വരും.

താന്‍ ഇന്നു വരെ ജീവിച്ചു പോന്ന രീതിയില്‍ എന്തോ തകരാറൂണ്ടെന്നും അതിനാലാണ് തനിക്ക് അസ്വസ്ഥത അനുഭവിക്കേണ്ടി വരുന്നതെന്നും ബോദ്ധ്യമായിക്കഴിഞ്ഞാല്‍ ചില പ്രത്യേക ചര്യകള്‍ അനുവര്‍ത്തിക്കാന്‍ അവന്‍ തയ്യാറാകുന്നു. ഒരു മാറ്റം സംഭവിക്കണമെങ്കില്‍ ജീവിതത്തില്‍ ആകവെയുള്ള ഒരു അഴിച്ചു പണിനടത്തിയേ മതിയാവൂ. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സമൂലമായ ഒരു പരിവര്‍ത്തനത്തിനു നാം തയ്യാറാവേണ്ടിയിരിക്കുന്നു.

ഒരാള്‍ സ്നേഹത്തോടെ സംസാരിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ സന്തോഷം തോന്നുകയും ദേഷ്യത്തില്‍ സംസാരിക്കുമ്പോള്‍ വിഷമം തോന്നുകയും ചെയ്യുന്നു. അതായത് നമ്മുടെ മനസ്സിന്റെ കടിഞ്ഞാണിരിക്കുന്നത് അപരന്റെ വാക്കിലോ നോട്ടത്തിലോ പ്രവൃത്തിയിലോ ഒക്കെയാണെന്നര്‍ത്ഥം. നമുക്കു നമ്മുടെ മനസ്സിനുമേല്‍ ഒരധികാരവും ഇല്ലാത്ത സ്ഥിതി. ഇതെത്ര പരിതാപകരമാണ്. ഇതില്‍ നിന്നും സ്വതന്ത്രമാവുകയെന്നാല്‍ മറ്റുള്ളവരുടെ ഗൃഹങ്ങളില്‍ ജീവിക്കുന്ന നമ്മുടെ അന്തരംഗത്തെ വീണ്ടെടുത്ത് സ്വന്തം ഗൃഹത്തിലേക്കു കൊണ്ടുവരണം. നാം ഗൃഹസ്ഥന്മാരായിത്തീരണം.

ഇവിടെ വിവാഹം കഴിച്ചു ജീവിക്കുക എന്നല്ല ഗാര്‍ഹസ്ഥ്യത്തിനു അര്‍ത്ഥമെടുക്കേണ്ടത്. ‘തന്റെ തന്നെ ഗൃഹത്തില്‍ സ്ഥിതി ചെയ്യുന്നവന്‍ എന്നാണ്. തന്റെ ഉള്ളിലേക്ക്, ബോധത്തിലേക്ക് ധ്യാനനിമീലിതനാവാന്‍ അവന്‍ തയ്യാറായിരിക്കുന്നു. അവന്‍ ഗൃഹസ്ഥനായിരിക്കുന്നു. ബ്രഹ്മചാരിക്കുണ്ടായിരിക്കേണ്ട ആദ്യത്തെ ഗുണം അവന്‍ സദാ ഗൃഹസ്ഥനായിരിക്കണം എന്നതാണ്.

നാം ഇത്രയും നാള്‍ അന്യന്റെ ലോകങ്ങളില്‍ ശ്രദ്ധയര്‍പ്പിച്ചു കഴിയുകയായിരുന്നു. അതുകൊണ്ടാകണം നമുക്ക് ഏറ്റവും അപരിചിതമായ ഇടം നമ്മുടെ ഉള്ളായി തീര്‍ന്നത്. ഒരു ചെറിയ അസ്വസ്ഥത വന്നാല്‍ ഉടന്‍ നാം അടുത്തിരിക്കുന്ന സുഹൃത്തിനോട് സംസാരിക്കും. അല്ലെങ്കില്‍ ടി. വി. ഓണ്‍ ചെയ്യും. അതുമല്ലെങ്കില്‍ സംഗീതത്തിലേക്ക് തിരിയും. എങ്ങനെയും നമ്മുടെ പ്രശ്നങ്ങളില്‍ നിന്ന് താല്ക്കാലികമായി രക്ഷപ്പെടാനുള്ള വഴി കണ്ടെത്തും.

എന്നാല്‍ എന്തുകൊണ്ടാണ് എനിക്ക് അസ്വസ്ഥതയുണ്ടായത്? ഈ അസ്വസ്ഥത എവിടെ നിന്നു വരുന്നു? അതിന്റെ സ്വഭാവമെന്താണ്? സ്വരൂപമെന്താണ്? എത്ര നാള്‍ ഞാനിങ്ങനെ ഇവനെ ഭയന്ന് ഓടി ഒളിക്കും. അതുകൊണ്ട് എന്റെ പ്രശ്നം അവസാനിക്കുന്നില്ലല്ലോ? അതിനാല്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു കഴിഞ്ഞു. ഇപ്പോള്‍ എനിക്കുണ്ടായ ഈ അസ്വസ്ഥതയെ ഞാനനുഭവിക്കും. അതില്‍ നിന്ന് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍ക്ക് അടിമപ്പെട്ട് ഞാന്‍ ഇനി കലിതുള്ളുകയില്ല. അല്പനേരം ഇവനെ ഒന്നു കണ്ടുകൊണ്ടിരിക്കാം. എവിടെ വരെ ഇവന്‍ പോകുമെന്നറിയണമല്ലോ?

തികച്ചും അപരിചിതമായ ലോകത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അത്ര അനായാസമായൊന്നും നമുക്ക് അവിടെ കയറിച്ചെല്ലാനാവില്ല. ഒരു പരിചയവുമില്ലാത്ത ഒരിടത്തെത്തിയാല്‍ നാം എന്താണ് ആദ്യം ചെയ്യുക. പരിസരമൊക്കെ ഒന്ന് നടന്ന് കാണും. അങ്ങനെ എല്ലാം ഒന്ന് പരിചയമായാല്‍ ഒരിടത്തു വന്നിരിക്കും. അതിവിടെയും ചെയ്യേണ്ടിയിരിക്കുന്നു. നാം വെറുമൊരു സന്ദര്‍ശനത്തിനായല്ല ഇവിടെ വന്നിരിക്കുന്നത്. ഇനിയുള്ള കാലം ഇവിടെയാണ് എന്റെ താമസം. അതിനാല്‍ ചുറ്റുവട്ടവുമായി കാര്യമാ‍യ ഒരു പരിചയപ്പെടല്‍ ആവശ്യമാണ്. ക്ഷമയോടെയും സമാധാനത്തോടെയും വേണം അതു ചെയ്യുവാന്‍ ‍.

ചുറ്റുമുള്ളത് നന്നായി കാണാനുള്ള എളുപ്പമാര്‍ഗ്ഗം അല്പം മുകളില്‍ നിന്നും താഴേക്കു നോക്കുന്നതാണ്. മുകളിലേക്ക് പോകുംതോറും താഴെയുള്ളത് കൂടുതല്‍ കാണാന്‍ കഴിയും. വാനം എന്നാല്‍ ആകാശം. വാനത്തില്‍ സ്ഥിതി ചെയ്യുന്നവനാണ് വാനപ്രസ്ഥി. കാട്ടില്‍ വസിക്കുന്നവനെന്നും അര്‍ത്ഥമെടുക്കാം. മാരി നിന്നു കാണാനാണല്ലോ കാടു കയറുന്നത്. നാം നമ്മുടെ ബോധത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. അവന്റെ സ്വരൂപവും സ്വഭാവവും സ്വധര്‍മ്മവും അറിഞ്ഞിട്ടു വേണം അവിടെ എന്തു ചെയ്യണം എന്നു നിശ്ചയിക്കുവാന്‍ ‍. അതിനാല്‍ കുറച്ചു നാള്‍ നമ്മുടെ ആന്തരികവൃത്തികളെ മാറി നിന്ന് കൌതുകത്തോടെ വീക്ഷിച്ചു കൊണ്ടിരിക്കാനുള്ള ക്ഷമ നാം വളര്‍ത്തിയെറ്റുക്കണം. നാം വാനപ്രസ്ഥിയായിത്തീരുകയാണ്. വേദാന്തികള്‍ പറയുന്ന സാക്ഷീഭാവമാണ് ഇവിടെ വാനപ്രസ്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്.

നമ്മുടെ ഉള്ളില്‍ ദേഷ്യം വന്നു നിറഞ്ഞു എന്നിരിക്കട്ടെ. സാധാരണ നാം ഉടനെ അതങ്ങനെ തന്നെ പ്രകടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ബ്രഹ്മചാരിയാവാന്‍ നിശ്ചയിച്ചു കഴിഞ്ഞവന് ഇനി അങ്ങനെയാവാന്‍ ഒക്കുകയില്ല. അവനറിയാം ഞാനിപ്പോള്‍ പൊട്ടിത്തെറിച്ചാല്‍ അതു കൊണ്ട് എനിക്ക് വലിയ സന്തോഷമൊന്നും ഉണ്ടാവില്ല. എന്ന് മാത്രമല്ല എന്റെ പ്രതികരണം ഇവിടെ പലരുടെയും ജീ‍വിതത്തിന്റെ സ്വാസ്ഥ്യം നശിപ്പിക്കുകയും ചെയ്യും. അതിനാല്‍ തല്‍ക്കാലം ഉടന്‍ ഈ സന്ദര്‍ഭത്തില്‍ നിന്നും ഒഴിഞ്ഞു മാറിയേക്കാം. അവന്‍ തൊട്ടടുത്ത മുറിയില്‍ ചെന്ന് തനിച്ചിരിക്കും. മനസ്സില്‍ നടക്കുന്ന വെപ്രാളത്തിലേക്ക് നിസ്സംഗമായി നോക്കിയിരിക്കുകയാണ്. എത്ര സമയം വേണമെങ്കിലും അവനങ്ങനെ ഇരിക്കാന്‍ തയ്യാറാണ്. അവനറിയാം ഇതല്ലാതെ വേറെ വഴിയില്ലെന്ന്. അല്പം കഴിയുമ്പോള്‍ ഒരത്ഭുതം സംഭവിക്കുന്നു. ദേഷ്യം മെല്ലെമെല്ലെ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു. അനിര്‍വചനീയമായ ഒരു ശാന്തി വന്നു നിറയുന്നു. ഇതവനെ ആശ്ചര്യപ്പെടുത്താതിരിക്കില്ല. ഒരിക്കല്‍ ഇതനുഭവിക്കാനായാല്‍ പിന്നെ ജീവിതത്തെ ഒരു ലീലയായി കാണാനുള്ള മനോഭാവം അവനില്‍ നിറയുന്നു. വാനപ്രസ്ഥിയായിരിക്കുന്നതില്‍ എന്തെന്നിലാത്ത സുഖമുണ്ടെന്ന് അനുഭവിക്കാനാവുന്നു.

ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഒരു കടലാസ്സില്‍ ഇടയ്ക്കിടെ എന്തോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു സ്വീകാര്യമല്ലാത്ത പല കാര്യങ്ങളും ഞാന്‍ പറയുന്നുണ്ടെന്ന് ആ മുഖത്ത് നിഴലിക്കുന്ന ഭാവത്തില്‍ നിന്ന് എനിക്കറിയാമായിരുന്നു. എന്നാലും സംസാരിച്ചു കഴിയുന്നതു വരെ അദ്ദേഹം മൌനമായി എല്ലാം കേട്ടിരുന്നു.

ഷൌക്കത്ത്

Subscribe Tharjani |
Submitted by Prasannakumar (not verified) on Thu, 2007-02-15 13:32.

The article kedharanathilekku by Shri Shoukathu was really great. It enrihes the spirit. Very simply he decribes the state of life, and clearly he can deliver the philosophy behind the life.

My respect to him from the bottom of heart