തര്‍ജ്ജനി

ഷംസുദീന്‍, മസ്കറ്റ്

Indian school Al Ghubra,
PB No 1887, P C 111,
C P O Seeb,
Sultanate of Oman.
E mail: thanalgvr@yahoo.com

Visit Home Page ...

ഓര്‍മ്മ

മരത്തണലിലെ വെയില്‍ വൃത്തങ്ങള്‍

കേച്ചേരി, തുവാനൂര്‌, ചൂണ്ടല്‌ ...

അറുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്റെ വിവാഹ ഘോഷയാത്ര കടന്നുപോന്ന വഴികളെക്കുറിച്ച്‌ വെല്ലിമ്മ ഇടയ്ക്കിടെ വാചാലയാകും.. കുടുംബ മഹിമയുടെ പുരാവൃ‌ത്തങ്ങള്‍ ഒന്നൊന്നായി പുറത്തെടുക്കാന്‍ തുടങ്ങും മുന്‍പേ ഞാന്‍ ഇടപെടും,
“ഇതൊക്കെ കുറേ കേട്ടതാണ്‌ പുതിയാതായി എന്തെങ്കിലും പറയാനുണ്ടോ?“
തടസ്സപ്പെട്ട ഒരു ഓര്‍മ്മപ്പെരുക്കത്തിന്റെ വഴിയില്‍ നിന്ന് വെല്ലിമ്മ കലഹിക്കും....

ഒരിക്കലും പറഞ്ഞു തീരാത്ത കഥകളുടെ ആകാശങ്ങളായ അമ്മൂമമാരെക്കുറിച്ച്‌ പേരക്കിടാങ്ങള്‍ക്ക്‌ ഒട്ടേറെ പറയാനുണ്ടാകും. എന്റെ വെല്ലിമ്മ (ഉമ്മയുടെ ഉമ്മ) വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയായിരുന്നു. ബാല്യ, കൗമാരങ്ങളില്‍ ഞാന്‍ ഏറെ ഇണങ്ങുകയും, പിണങ്ങുകയും ചെയ്ത വീട്ടിനുള്ളിലെ തണല്‍ മരം. വലിയ ഈ ലോകത്തിലെ ചെറിയ മനുഷ്യരുടെ പ്രതിനിധി.

1980 ന്റെ തുടക്കത്തില്‍, തൃശ്ശൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ്സ്‌ പത്രത്തിലെ ബോക്സ്‌ വാര്‍ത്തയുണ്ടായിരുന്നു.
‘മോഷണ ശ്രമത്തിന്നിടയില്‍ 'മോഷ്ടാവിന്‌' വെട്ടേറ്റു -‘
വാര്‍ത്ത തുടരുന്നു.
‘അരിയന്നൂര്‍ : പാതിരാത്രിയില്‍ ജനല്‍ വഴി വീടിനകത്ത്‌ കടക്കാനുള്ള മോഷ്ടാവിന്റെ ശ്രമം വൃദ്ധയായ വീട്ടമ്മയുടെ ധീരമായ ചെറുത്തു നില്‍പു കാരണം വിഫലമായി. പോക്കാകില്ലത്ത്‌ ആമിനുമ്മയാണ്‌ ഇന്നലെ അര്‍ധരാത്രിയില്‍ തന്റെ വീടിനകത്തേക്ക്‌ ജനല്‍ വഴി കടക്കാനുള്ള മോഷ്ടാവിന്റെ ശ്രമത്തെ വെട്ടുകത്തികൊണ്ട്‌ സധൈര്യം നേരിട്ടത്‌.... ഗുരുവായൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തുന്നുണ്ട്‌.‘

ഈ പോക്കാകില്ലത്തെ ആമിനുമ്മ എന്റെ വെല്ലിമ്മയാണ്.

ഞങ്ങളുടെ വീട്ടില്‍ അക്കാലത്ത് ഒന്നിലേറെ തവണ ചെറിയ മോഷണ ശ്രമങ്ങള്‍ ഉണ്ടായിട്ടുമുണ്ട്‌. അതിനു ശേഷം ഒരു മുന്‍ കരുതല്‍ എന്നനിലയില്‍ കിടക്കാന്‍ നേരം തലയിണക്കടിയില്‍ വെട്ടുകത്തി വെയ്ക്കുക വെല്ലിമ്മ പതിവാക്കിയിരിരുന്നു. സംഭവം നടക്കുന്ന ദിവസം, സാമാന്യം വലിയ വീട്ടില്‍ ഞാനും വെല്ലിമ്മയും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പാതിരാത്രിയില്‍, ‘അള്ളാ കള്ളന്‍, ഓടിവായോ...’ എന്ന വെല്ലിമ്മാടെ നിലവിളികേട്ട്‌ ഞാന്‍ ഉണരുമ്പോള്‍ ഒരു കയ്യില്‍ വെട്ടുകത്തിയുമായി വെല്ലിമ്മ നില്‍ക്കുന്നു, വെളുത്ത വസ്ത്രത്തില്‍ അങ്ങിങ്ങ്‌ ചോരപ്പടുകളുമുണ്ട്‌. സംഗതി പന്തിയല്ലെന്ന് കണ്ട്‌ ഞാന്‍ ഒരുമുറിയില്‍ കയറി വാതിലടച്ചു, എന്നിട്ട്‌ ഉറക്കെ വിളിച്ച്‌ ചോദിച്ചു, വെല്ലിമ്മാ കള്ളന്‍ അകത്തോ? പുറത്തോ? കള്ളന്‍ അകത്താണെങ്കില്‍ ഞാനെങ്കിലും രക്ഷപ്പെടുമല്ലോ, എന്നതായിരുന്നു എന്റെ ആദ്യ ചിന്ത!

“തുറക്കടാ ഇബിലീസേ വാതില്‍, ഞാനാടാ കള്ളനെ വെട്ടീത്........‌“, -വെല്ലിമ്മ എന്റെ വാതിലില്‍ ആഞ്ഞടിച്ച്‌ പറഞ്ഞു. അപ്പോഴേക്കും കള്ളന്‍ മാരെ പിടികൂടുന്നതിനുള്ള ഉത്സാഹ കമ്മിറ്റി അംഗങ്ങള്‍ അടക്കം വലിയൊരു ജനക്കൂട്ടം വീടിനു മുന്നില്‍ രൂപപ്പെട്ടു. കള്ളന്‍ രക്ഷപ്പെട്ടുവെങ്കിലും, വെല്ലിമ്മയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ്‌ നാട്ടുകൂട്ടം. കൂട്ടത്തില്‍ ആരോ അന്വേഷിക്കുന്നു, എവിടെ അവന്‍, ഉമ്മാടെ പേരക്കുട്ടി? ഇനിയും എവിടെ ഒളിക്കണമെന്നറിയാതെ ഞാന്‍ വലഞ്ഞു. ആപത്ഘട്ടത്തില്‍ സ്വന്തം രക്ഷ മാത്രം നോക്കിയ പേരക്കുട്ടിയെ ജനം വെളിയില്‍ കൊണ്ടുവന്നു നിര്‍ത്തി പൊരിച്ചു.

"ന്നാലും ന്റെ മോനെ ഇയ്യ്‌ അകത്ത്‌ കേറി വാതിലടക്കാന്‍ പാട്ണ്ടാ, അതൊരു വയസ്സായ തള്ളെല്ലേടാ"
എന്നും എന്റെ ആളായിരുന്ന പോലീസ്‌ കുമാരേട്ടന്‍ വരെ എന്നെ കുടഞ്ഞു. പിന്നീടുള്ള കുറെ നാളുകള്‍ ഞാന്‍ കേള്‍ക്കാത്ത പഴികളില്ല.
“ഉമ്മ ഒറ്റക്ക്‌ താമസിക്കുന്നതാണ്‌ ഇതിലും നല്ലത്‌, ഒന്നുമില്ലെങ്കില്‍ ഇവനെ നോക്കേണ്ടല്ലോ? “ -കേസന്വേഷിക്കാന്‍ വന്ന ഗുരുവായൂര്‍ എസ്‌. ഐ. എഴുത്തച്ഛന്‍ പറഞ്ഞു.
പുറത്തിറങ്ങിയാല്‍ കൂട്ടുകാര്‍ കളിയാക്കി പറയും 'വെല്ലിമ്മാ കള്ളന്‍ അകത്തോ? പുറത്തോ? തിരിച്ച്‌ വന്ന് ഞാന്‍ വെല്ലിമ്മ്യോട്‌ ചൂടാവും, ഈ തള്ള കാരണം പുറത്തിറങ്ങി നടക്കാന്‍ പറ്റാതായി, ഒരു ഝാന്‍സിറാണി! വെല്ലിമ്മാടെ കട്ടിലിന്നടിയിലേക്ക്‌ ഇതിനകം ഞാന്‍ രാതിയിലെ കിടപ്പ്‌ മാറ്റിയിരുന്നു. വെല്ലിമ്മയുടെ സുരക്ഷിതത്വത്തിനെന്ന് ഞാനും, എന്റെ പേടികൊണ്ടെന്ന് വെല്ലിമ്മയും ഈ "കുടികിടപ്പിനെ" തരം പോലെ വിലയിരുത്തി.

കാറ്റും കോളും അല്‍പമൊന്ന് ഒതുങ്ങി, നാട്ടിലെ മോഷണങ്ങളും ആ സംഭവത്തോടെ കാര്യമായി കുറഞ്ഞു. അഭിനന്ദന പ്രവാഹങ്ങളില്‍ കൂണ്ടല്‍ സെന്റ്‌ ജോസഫ്‌ ആശുപത്രിയിലെ വെല്ലിമ്മയുടെ സ്ഥിരം ഡോക്ടര്‍ സി.ജെ. ജോസിന്റേത്‌ മാത്രം എല്ലാ സദസ്സുകളിലും വെല്ലിമ്മ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. ഒരു ചടങ്ങ്‌ പോലെ ആഴ്ചയില്‍ ഒരിക്കല്‍ കൊച്ചമ്മിണി വെല്ലിമ്മയുടെ പ്രിയപ്പെട്ട വെട്ടുകത്തി മൂര്‍ച്ചകൂട്ടി കൊണ്ടുവരും, അത്‌ മറ്റാരും കൈവെക്കാതിരിക്കാന്‍ വെല്ലിമ്മ പ്രത്യേകം ശ്രദ്ധിച്ചുപോരുകയും ചെയ്തു.

നല്ല മഴയും, ഇടിവെട്ടുമുള്ള ഒരു രാതിയില്‍, 9.15ന്റെ റേഡിയോ തുടര്‍നാടകം കഴിഞ്ഞ്‌ കിടക്കാന്‍ നേരം ഞാന്‍ വെല്ലിമ്മയോട്‌ ചോദിച്ചു
-“ വെല്ലിമ്മാ, ഇനീം കള്ളന്‍ വന്നാ ഇങ്ങള്‌ വെട്ടോ?“
“ ഇനി കള്ളന്‍ വന്നാ ഒന്നുങ്കി കള്ളന്‍, അല്ലെങ്കി ഞാന്‍, അതൊറപ്പാ..”- വെല്ലിമ്മയുടെ മറുപടി.
പുറത്തൊരു കൊള്ളിയാന്‍ മിന്നിയോ? ഞാന്‍ കട്ടിലിന്നടിയിലേക്ക്‌ കുറച്ചുകൂടി നീങ്ങി കിടന്നു, കരിമ്പടം കൊണ്ട്‌ തല വഴി മൂടിപ്പുതച്ചു, അജ്ഞാതനായ കള്ളന്റെ കാലൊച്ചക്കായി കാതോര്‍ത്ത്‌ കിടന്നു.

************ ************ ************ ************ ************

-“ആമിനുമ്മേയ്‌, ആമിനുമ്മേയ്‌, നോക്യേ ഇങ്ങടൊടത്തെ കൊഴ്യേള്‌?“
പടിഞ്ഞാറെ വേലിയരികില്‍ നിന്ന് ശശി ഉറക്കെ വിളിച്ചു പറഞ്ഞു.
“എന്താടാ കോഴ്യേള്‍ക്ക്‌ പറ്റ്യേത്‌?“ - അകത്തിരുന്ന് കൊണ്ട്‌ തന്നെ വെല്ലിമ്മ തിരിച്ച്‌ ചോദിച്ചു.
“ഇങ്ങളെന്നെ വന്ന് നോക്ക്‌...” ശശി വീണ്ടും. ഞാനും വല്ലിമ്മയും ചെന്ന് നോക്കുമ്പോള്‍ നിര നിരയായി എട്ടോളം കോഴികള്‍ ചത്ത്‌ കിടക്കുന്നു.
“ന്റെ പടച്ചോനേ! “
ആ കാഴ്ച സഹിക്കാനാവാതെ വെല്ലിമ്മ അലക്കുകല്ലിന്റെ തറയില്‍ തലക്ക്‌ കൈവെച്ചിരുന്നു. അല്‍പ സമയത്തിനുശേഷം വെല്ലിമ്മ സമനില വീണ്ടെടുക്കുമ്പോള്‍ വീട്ടില്‍ ചെറിയൊരു ആള്‍ക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഹസ്സനിക്ക, ജാനകി, മാധവി, കൊച്ചമ്മിണി അങ്ങനെ വെല്ലിമ്മയുടെ അടുത്ത കൂട്ടുകാര്‍ എല്ലാവരുമുണ്ട്‌, അവര്‍ വെല്ലിമ്മായെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്‌, പക്ഷേ ഒരു രക്ഷയുമില്ല.
“ഇക്കറിയാ, ആരെങ്കിലും മാരണം (കൂടോത്രം) ചെയ്തതാവും, അല്ലാണ്ട്‌ എല്ലാ കോഴീം ഒപ്പം ചാവൂല്ല“
അവിടെ കൂടിയവരില്‍ ചിലരെതന്നെ വല്ലിമ്മ സംശയിക്കുന്നതായി എനിക്കു തോന്നി. വിലാപം തുടരുന്നതിന്നിടയില്‍ ഞാനും, ശശിയും ചത്തുകിടക്കുന്ന കോഴികളുടെ സൂഷ്മ പരിശോധന നടത്തി.
“എന്താടാ ഈ കോഴീടെ വായേല്‌ ഒരു കൂറ (പാറ്റ)?“ ഒരു കോഴിയുടെ കൊക്കു പിളര്‍ത്തിവച്ചു കൊണ്ട് ശശി ചോദിച്ചു.
“കൂറനെ തിന്നാ കോയി ചാവോ?“ - കൊച്ചയുടെ സംശയം. എനിക്കിപ്പോള്‍ കാര്യം കുറേശ്ശെ പിടികിട്ടി തുടങ്ങി. പത്തായത്തിലെ പാറ്റകളെ കൊല്ലാന്‍ മരുന്നടിച്ചിട്ടുണ്ടായിരുന്നു തലേ ദിവസം, രാവിലെ വെല്ലിമ്മ അതെല്ലാം അടിച്ചുവാരി തന്റെ പ്രിയപ്പെട്ട കോഴികള്‍ക്ക്‌ പ്രാതലായി നല്‍കി, അതിന്റെ പാര്‍ശ്വഫലമാണ് കോഴികളുടെ ഈ കൂട്ടമരണം. ഞാന്‍ വെല്ലിമ്മയെ മെല്ലെ അകത്തേക്ക്‌ വിളിച്ച്‌ സംഗതി വിശദീകരിച്ചു.
“എന്തൂട്ട്‌ കാണാനാ എല്ലാരും നിക്ക്ണ്‌?“
കൂടി നില്‍ക്കുന്നവരോടായി വെല്ലിമ്മ ഉച്ചത്തില്‍ ചോദിച്ചു. ആള്‍കൂട്ടം പ്രസിദ്ധമായ വെല്ലിമ്മാടെ പിശുക്കിനെ ഒരിക്കല്‍കൂടി ഓര്‍ത്ത്‌ പിരിയാന്‍ തുടങ്ങി, കല്ലുവെട്ടുമടയില്‍ കോഴികള്‍ക്കായി കുഴിയെടുക്കാന്‍ തുടങ്ങിയിരുന്ന ശശി തമാശ പറഞ്ഞു.
“ഇപ്പൊ ആമിനുമ്മേടെ പാറ്റ ശല്ല്യോം, അയല്‍ക്കാരുടെ കോഴി ശല്ല്യോം ഒരുമിച്ച്‌ തീര്‍ന്നു.“

************ ************ ************ ************ ************

“ചെക്കാ, ടാ ചെക്കാ.....“
നട്ടുച്ചയ്ക്ക്‌ പടിക്ക്‌ പുറത്ത്‌ നിന്ന് ആരോ ഉച്ചത്തില്‍ വിളിക്കുന്നതു കേട്ട് ഞാന്‍ ചെന്നുനോക്കുമ്പോള്‍‍ മതിലിനുവെളിയില്‍ സുരാസു നില്‍ക്കുന്നു. ഷര്‍ട്ടില്ല, ഒരു കാവിമുണ്ട്‌ മാത്രമാണ്‌ വേഷം, സുരാസുവിനു പിറകില്‍ എന്റെ ചില കൂട്ടുകാരുമുണ്ട്‌.
“ഇയ്യ്‌ വര്‌ണ്ടാ ഇന്ന്, അല്ലെങ്കി വേറെ ആളെ നോക്കണം.“
തനി വള്ളുവനാടന്‍ ശൈലിയില്‍ സുരാസു വീണ്ടും. കോവിലന്‍ രക്ഷാധികാരിയായ ജ്വാലയുടെ വാര്‍ഷികത്തിനുള്ള നാടകം സംവിധാനം ചെയ്യുന്നത്‌ സുരാസുവാണ്‌, രണ്ടാഴ്ചയായി സുരാസു ഞങ്ങളുടെ നാട്ടിലുണ്ട്‌. പവിത്രേട്ടന്‍ (കബനി നദി, യാരോ ഒരാള്‍, ഉപ്പ്‌, ഉത്തരം....) രചിച്ച നാടകമാണ്. റിഹേഴ്സലിന്‌ കൃത്യ സമയത്ത്‌ എന്നെ കാണാത്തതിനാല്‍ അന്വേഷിച്ച്‌ വന്നതാണ്‌ സുരാസു. ശബ്ദം കേട്ട്‌ വെല്ലിമ്മ അകത്തുനിന്നും വന്നപാടെ വെല്ലിമ്മ ചോദിച്ചു -“ ആരാണ്ടാ അയാള്‌?“
അതാണ്‌ വെല്ലിമ്മാ സുരാസു!“
“ വല്ലതും കിട്ടാന്‍ വന്നതാ?“ വെല്ലിമ്മ വീണ്ടും.
“അയ്യോ, അങ്ങനെയൊന്നും പറയല്ലേ വെല്ലിമ്മാ, അദ്ദേഹം കേട്ടാല്‍ നമുക്ക്‌ കുറച്ചിലാ“ ഞാന്‍ നിസ്സഹായനായി പറഞ്ഞു. ഷര്‍ട്ടിട്ട്‌ ഇറങ്ങാന്‍ തുടങ്ങവേ വെല്ലിമ്മ വീണ്ടും വിളിച്ചു,
“ടാ ഇങ്ങ്ണ്ട്‌ വന്നേ, ഞാന്‍ ഒരു കാര്യം പറഞ്ഞാ ഇയ്യ്‌ ചാടിക്കടിക്കാന്‍ വരോ?“
“ ഇല്ല വെല്ലിമ്മ പെട്ടെന്ന്‌ പറയ്‌, എനിക്ക്‌ വേഗം പോണം“ ഞാന്‍ പറഞ്ഞു.
-“അയാളെ കണ്ടിട്ട്‌ പാവം തോന്ന്ണ്‌, ഇയ്യ്‌ അയാളോട്‌ ചോറ്‌ തിന്നോന്ന് ചോയിക്ക്‌, ഇല്ലെങ്കി ഞമ്മക്ക്‌ കൊടുക്കാ, വയറ്‌ കണ്ട്ട്ട്‌ കയ്ച്ചീന്ന് തോന്ന്ണില്ല.“
“ അയ്യോ, സുരാസു ചോറ്‌ തിന്നുല്ല വെല്ലിമ്മാ, 'വെള്ളം' മാത്രേ കുടിക്കൂ. ബാക്കി കഥ ഞാന്‍ വന്നിട്ട്‌ പറയാം. ..”
സുരാസുവിനു പിന്നില്‍ ഞാനും സംഘവും കണ്ടാണശ്ശേരിയിലെ നാടക ക്യാമ്പിലേക്ക്‌ നടന്നു.

************ ************ ************ ************ ************

1984, ഒക്ടോബര്‍ 31, പകല്‍.

“ആമിന്വോ, ടേ, ആമിന്വോ...”
കിഴക്കെ വേലിയരികില്‍ നിന്ന് വെല്ലിമ്മാടെ നാത്തൂന്‍ വിളിച്ചു‌. പതിവ്‌ വിളിയുടെ ഈണമല്ല, ആകെ പരിഭ്രമം കലര്‍ന്ന ഒരീണമാണ്‌.
“ എന്താ കുഞ്ഞിത്താ....” അതേ പരിഭ്രമത്തോടെ വല്ലിമ്മ വിളികേട്ടു.
“അതേയ്‌ ഞമ്മടെ ഇന്ദിരാഗാന്ധിനെ കൊന്ന്‌ത്രെ.. റേഡിയോല്‌ പറഞ്ഞ്ന്ന് ദേ കുഞ്ഞപ്പു പറയേ......”
ആകെ തളര്‍ന്നുപോയ വെല്ലിമ്മ നാത്തൂനോട്‌ കയര്‍ത്തു, -“ ഇന്റെ കുഞ്ഞിത്താ ഇങ്ങള്‌ അവന്‍ പറേണത്‌ വിശ്വസിക്ക്യേ, അവന്‍ കമ്മ്യൂണിസ്ട്ടാ.“ “അല്ലട്യേ, മൈക്കേല്‌ ആലൂന്റെ ആള്‍ക്കാര്‌ വിളിച്ച്‌ പറഞ്ഞ്‌ പോണ്‌ണ്ട്‌.....“
സ്ഥലത്തെ പ്രധാന കോണ്‍ഗസുകാരനാണ്‌ 'ആലുക്ക' എന്നറിയപ്പെടുന്ന ആലിക്കുട്ടി.
“ഇന്റെ ബദരീങ്ങളെ.... “
വെല്ലിമ്മ ഇതുപോലെ അലമുറയിട്ട്‌ കരയുന്നത്‌ ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്‌. പൊതുവെ കോണ്‍ഗ്രസ്‌ അനുഭാവമുള്ള കുടുംബമാണ്‌ ഞങ്ങളുടേത്‌, 1980-ലെ ലോകസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാടില്‍ വന്നിറങ്ങിയ ഇന്ദിരാഗാന്ധിയെ കാണാന്‍ പ്രായത്തിന്റെ അവശത മറന്നും വെല്ലിമ്മ പോയിരുന്നു. പിന്നീട്‌ വെല്ലിമ്മയുടെ സമപ്രായക്കാരെ കാണുമ്പോളൊക്കെ അക്കഥ വര്‍ണിക്കുകയും ചെയ്യുമായിരുന്നു.
" വിമാനം ഇറങ്ങി വരണ ആ കാഴ്ച ഒന്ന് കാണേണ്ടത്‌ തന്നേണേയ്‌, എന്താ ചൊടി, എന്താ കളറ്‌.........."
ഇതിനകം ഇന്ദിരാഗാന്ധിയുടെ മരണം സ്ഥിരീകരിച്ച്‌ കഴിഞ്ഞിരുന്നു. വെല്ലിമ്മാക്ക്‌ ജലപാനമില്ല, ഏത്‌ പ്രതികൂല സാഹര്യത്തിലും മുടക്കാതിരിക്കുന്ന നമസ്കാരം പോലും വെല്ലിമ്മ അന്നൊഴിവാക്കി. നാട്ടിലുള്ള സകല കമ്മ്യൂണിസ്റ്റുകാരെയും പേരെടുത്ത്‌ പറഞ്ഞ്‌ ശപിച്ചു. വെല്ലിമ്മയെ സംബന്ധിച്ചിടത്തോളം രണ്ട്‌ രാഷ്ടീയ പാര്‍ട്ടികളേയുള്ളൂ, കമ്മ്യൂണിസ്റ്റും, കോണ്‍ഗ്രസ്സും. ഡീയില്‍ നിന്നും വരുന്ന മട്ട്‌ വാര്‍ത്തകളെക്കുറിച്ച്‌ ഞാന്‍ എന്റെ ഇളയമ്മയോട്‌ സംസാരിക്കുമ്പോള്‍ വെല്ലിമ്മ അകത്തുനിന്നും ഉറക്കെ അലറും.
“ അവന്‍ പറേണത്‌ അപ്പടി നൊണേടീ, അവന്‍ കമ്മൂണിസ്റ്റാ......“

************ ************ ************ ************ ************

“എന്നെകൊണ്ട്‌ ഇനി പറ്റൂല്ല.” - ഞാന്‍ പറഞ്ഞു.
“ഇയ്യ്‌ എന്താ കാരണമ്ന്ന് പറേടാ.” വെല്ലിമ്മ. ഇങ്ങടെ മക്കള്‌ ഗള്‍ഫീപോയി കൊട്ടാരം പോല്‌ള്ള വീട്‌ വെച്ചിട്ടുള്ളത്‌ അയാള്‍ക്ക്‌ അറിയാം, അത്‌ തന്നെ കാരണം.“

കോളേജില്‍ പഠിക്കുന്ന എന്റെ ഇളയമ്മക്ക്‌ വില്ലേജാഫീസറുടെ ഒരു 'വരുമാന' സര്‍ട്ടിഫിക്കറ്റ്‌ കൊടുത്താല്‍ ഫീസ്‌ ഒഴിവാക്കി കിട്ടുമെന്ന് മാധവേട്ടന്‍ വെല്ലിമ്മയോട്‌ പറഞ്ഞ അന്ന് തുടങ്ങിയതാണ്‌ എന്റെ പൊറുതികേട്‌. പറമ്പ്‌ കിളക്കാന്‍ വന്ന ഇട്ടൂപ്പുണ്ണിമാപ്പിള വെല്ലിമ്മയെ ഒന്നുകൂടി പിരികയറ്റി.
-“ ഇങ്ങള്‌ അതിന്‌ മക്കള്‌ ഗള്‍ഫിലാന്നൊന്നും പറയാന്‍ പോണ്ട, നാട്ടില്‌ കൂലിപ്പണ്യാന്ന് പറഞ്ഞാമതി വില്ലേജില്‌!“
ഈ സൂത്രപ്പണികളൊന്നും എന്റെ ഇളയമ്മക്കും ഇഷ്ടമായിട്ടില്ല.
“ ഇക്കാക്കമാര്‍ അയച്ചുകൊടുത്ത പൂത്ത കാശ്‌ണ്ട്‌ മേശേല്‌, ഇക്ക്‌ കോളേജില്‌ നാണംകെടാന്‍ വയ്യ! ഒരു വരുമാന സര്‍ട്ടിഫിക്കട്ട്‌?“
ഇളയമ്മ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ വെല്ലിമ്മ വിടുന്നില്ല.‘ഇങ്ങ്ക്ക്‌ കായീന്റെ വെല അറിയൂല്ല കുട്ട്യോളെ‘ എന്നാണ്‌ മറുപടി. മൂന്ന് തവണ ഞാന്‍ വില്ലേജാഫീസില്‍ പോയി, ഓഫീസര്‍ സ്ഥിരം പറയുന്ന വാചകം.
"ആ മരകമ്പനിയുടെ അടുത്തുള്ള വലിയ വീടല്ല്ലേ, എന്നിട്ടാണോ താന്‍ വരുമാന സര്‍ട്ടിഫിക്കട്ട്‌ ചോദിക്കുന്നത്‌? മോശം, ഇതൊക്കെ പാവങ്ങള്‍ക്കുള്ള ഏര്‍പ്പാടാടോ!“
നാലാംവട്ടവും ശ്രമിക്കാന്‍ പറഞ്ഞപ്പോളാണ്‌ എന്നെക്കൊണ്ട്‌ ഇനി പറ്റൂല്ല എന്നു ഞാന്‍ പറഞ്ഞത്‌. പക്ഷേ വെല്ലിമ്മ വിടുന്ന മട്ടില്ല. ഒടുവില്‍ എനിക്ക്‌ നല്ല ബുദ്ധി ഉപദേശിക്കുന്ന സുഹൃത്ത്‌ പോളിനോട്‌ കാര്യം പറഞ്ഞു, അവനും ഞാനും കൂടിയായി പിന്നീടുള്ള വില്ലേജ്‌ ഓഫീസ്‌ യാത്രകള്‍. അവസാനം ഒരു രജതരേഖ വില്ലേജാഫീസിലെ ക്ലാര്‍ക്കിന്റെ രൂപത്തില്‍ തെളിഞ്ഞ്‌ വന്നു. ഒരു പത്ത്‌ രൂപ മുടക്കിയാല്‍ സാധനം ഞാന്‍ ശരിയാക്കി തരാം എന്ന് അയാള്‍ പറഞ്ഞു. പൈസയുടെ കാര്യം വെല്ലിമ്മയോട്‌ പറഞ്ഞപ്പോള്‍ വെല്ലിമ്മ ചൂടായി.
-“ ഇനി ഇയ്യ്‌ പോണ്ട, അന്റെ സെറ്റേരും പോണ്ട, ഞാനാ പോണ്‌. നാളെ ഇയ്യ്‌ ഉസ്കൂളി പോവുമ്പൊ ഞാനും വരാ കൂടെ, അന്റെ ഉസ്കൂളിന്റെ അട്ത്തല്ലേ വില്ലേജ്‌?“
ചതിച്ചു! ഞാന്‍ രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയില്‍ പറഞ്ഞു,
-“ വില്ലേജാഫീസ്‌ പത്ത്‌ മണിക്കാ, സ്കൂളും പത്തിന്‌ തുടങ്ങും.“
“ ഇയ്യ്‌ ബേജാറാവണ്ട, ഞാന്‍ ലോനമാഷോട്‌ ന്റെ കുട്ടി നാളെ കൊര്‍ച്ച്‌ വൈകൂന്ന് പറഞ്ഞിരിക്കണ്‌. “
എന്റെ ഉമ്മയടക്കം വിട്ടില്‍ പലരേയും ലോനമാഷ്‌ പഠിപ്പിച്ചിട്ടുണ്ട്‌, അവര്‍ക്ക്‌ പരസ്പരം വലിയ ബഹുമാനവുമാണ്‌. സ്ഥിരം സ്കൂളിലേക്ക്‌ ഒരുമിച്ച്‌ പോകുന്ന പോളിനോട്‌ മാത്രം ഞാന്‍ കാര്യം പറഞ്ഞു.
“ഞാനും വരണഡാ കൂടെ?“ പോള്‍ ചോദിച്ചു.
“വേണ്ടഷ്ടാ, ചെലപ്പൊ വഷളാവും.”
എന്റെ നിസ്സഹായാവസ്ഥ അവന്‌ മനസ്സിലായി.

വില്ലേജാഫീസില്‍ ഞങ്ങളെത്തുമ്പോള്‍ കുറെ ആളുകള്‍ അവിടെ കാത്ത്‌ നില്‍പുണ്ടായിരുന്നു, ഞങ്ങളും ആ കൂട്ടത്തില്‍ ചേര്‍ന്നു.
“ആപ്പീസറ്‌ എപ്പളാ വരാ?“ വെല്ലിമ്മ പ്യൂണ്‍ വേലായുധനോട്‌ ചോദിച്ചു.
“ഇന്നിത്തിരി വൈകും ഉമ്മാ, ആള്‌ ഒരുത്തില്‌ ഭൂമി അളക്കാന്‍ പോയിരിക്ക്യാ.“ വേലായുധന്റെ മറുപടി.
11 മണി കഴിഞ്ഞപ്പോള്‍ ഓഫീസറെത്തി, കാത്തുനില്‍ക്കുന്ന മട്ടുള്ളവരെ വകഞ്ഞ്‌ മാറ്റി വെല്ലിമ്മ അകത്തേക്ക്‌ കടന്നു, വയസ്സായ ആള്‍ എന്ന നിലക്ക്‌ ആരും എതിര്‍പ്പ്‌ പറഞ്ഞില്ല.
"ന്റെ പേരക്കുട്ടി ഒരു വരുമാന കടലാസ്സിനുവേണ്ടി 5 പടവ്‌ ഇവിടെ വന്ന്, പത്തുറുപ്പ്യ കൊടുത്താലെ അത്‌ കിട്ടോന്ന് അവന്‍ പറേണ്ട്‌, അതൊന്ന് അറ്യാന്‍ വന്നതാ ഈ വയസ്സ്‌ കാലത്ത്‌ ഞാന്‍" - ഇത്രയും ആളുകള്‍ക്കു മുന്നില്‍ വെച്ചുള്ള ഈ ചോദ്യം ചെറുപ്പക്കാരനായ ഓഫീസറെ തളര്‍ത്തി, ഞാന്‍ നാണക്കേടുകൊണ്ട്‌ വില്ലേജാഫീസിലെ പഴയ ഫയലുകളിലേക്ക മിഴി നട്ട്‌ സ്വയം വിയര്‍ത്തു. ഏതായാലും കൂടുതല്‍ വാദപ്രതിവാദങ്ങളില്ലാതെ സര്‍ട്ടിഫിക്കട്ട്‌ വാങ്ങി വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിച്ചില്ല. സ്കൂളിന് മുന്നിലെത്തിയപ്പോള്‍ വെല്ലിമ്മ മൗനത്തിന്റെ വരമ്പ്‌ പൊട്ടിച്ചു.
“ ഇനി ഇയ്യ്‌ സ്കൂളിപ്പൊക്കൊ, ഞാന്‍ ഒറ്റക്ക്‌ പോയോണ്ട്‌.“ അല്‍പം മുന്നോട്ട്‌ നടന്ന എന്നെ വെല്ലിമ്മ തിരിച്ച്‌ വിളിച്ചു, തട്ടത്തിന്റെ മൂലയിലെ കെട്ട്‌ മെല്ലെ അഴിച്ച്‌ ഒരു പഴയ ഒറ്റരൂപാനോട്ട്‌ എനിക്കുനേരെ നീട്ടി, എന്നിട്ട്‌ പറഞ്ഞു“
'ഇയ്യ്‌ ഒരു സോഡ കുടിച്ചോ, പിന്നെ ഇന്നത്തെ കാര്യം എന്റെ പെങ്കുട്ട്യേള്‌ വരുമ്പൊ പറയാനൊന്നും പോണ്ടാ.” വെല്ലിമ്മ ചിരിച്ചു, എനിക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

************ ************ ************ ************ ************

രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ചരമ വാര്‍ത്ത ചാനലുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ദിവസം.
“ആരാടാ മരിച്ചത്..?” വെല്ലിമ്മ ചോദിച്ചു.
“വെല്ലിമ്മാ അതു നമ്മുടെ രാഷ്ട്രപതിയായിരുന്ന ...........
“നല്ലൊരു മനുശനാ അയാള്....”
“വെല്ലിമ്മാക്ക്‌ എങ്ങനെ അറിയാം?“ ഞാന്‍ ചോദിച്ചു. അതിനെ ഒരു മറുചോദ്യം കൊണ്ടാണ്‌ വെല്ലിമ്മ നേരിട്ടത്‌, അതും ഒരു ചെറിയ ചിരിയോടെ, പഴയ പ്രസരിപ്പിന്റേയും, ചൈതന്യത്തിന്റേയും ഒരു മിന്നല്‍ പിണര്‍ ആ ചിരിയിലുണ്ടായിരുന്നു.
“ഇയ്യ്‌ വെല്ല്യെ പേര്‍ഷ്യക്കാരനല്ലേ ഇപ്പോ, അന്റെ കയ്യോണ്ട്‌ എതെങ്കിലും പേരുള്ള ആള്‍ക്ക്‌ എന്തെങ്കിലും കൊട്ക്കാന്‍ കഴിഞ്ഞേക്ക്ണാ? പറേടാ. ഞാന്‍ ധൃതിപിടിച്ച് ഓര്‍മയില്‍ ആകെയൊന്ന് പരതി. ഏയ്‌.... അങ്ങ്നെ ഒന്നൂല്ല ജീവിതത്തില്‍!
“ന്നാ, ന്റെ കയ്യോണ്ട്‌ കൊടുത്തിരിക്കണ്‌, അതും ഈ മനുശന്‌.“ 1984ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത്‌ സ്ഥാനാര്‍ഥിയായിരിക്കെ പ്രചരണാര്‍ത്ഥം വീട്ടില്‍ വന്ന കെ. ആര്‍. നാരായണന്‍ വെല്ലിമ്മാടേ കയ്യില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു എന്നതാണ്‌ കഥ.

************ ************ ************ ************ ************

ആളൊഴിഞ്ഞ വീട്ടില്‍ ഒറ്റയ്ക്ക് എടുത്തുപിടിച്ചു കൂസാതെ നടന്ന വെല്ലിമ്മയെ വാര്‍ധക്യം സഹജമായ ഔദ്ധത്യത്തോടെ കീഴ്പ്പെടുത്തി. അസുഖങ്ങള്‍, ഓര്‍മപ്പിശകുകള്‍, മങ്ങിയ കാഴ്ചകള്‍..... വലിയ വീട്ടില്‍ ആരുമറിയാതെ കുടിപാര്‍ക്കാനെത്തിയ കള്ളന്മാര്‍. പഴയ ചുറുചുറുക്കിന്റെ നിഴല്‍ മാത്രമായി വെല്ലിമ്മ ചുരുങ്ങി. അവധിക്ക്‌ നാട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ പഴയ കഥകളിലേക്ക്‌ വെല്ലിമ്മയുടെ ഓര്‍മകളെ പിടിച്ചുവെക്കാമെന്നുള്ള വ്യാമോഹത്തിലായിരുന്നു. തന്റെ നിഴല്‍ പറ്റി നടന്നിരുന്ന പേരക്കിടാവിന്റെ തലയിലെ വെളുത്തു തുടങ്ങിയ മുടിയിഴകള്‍ മങ്ങിയ കാഴ്ചയിലും വെല്ലിമ്മ തിരിച്ചറിയുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്ക്‌ സന്തോഷം തോന്നി. 2006 ജൂലായ്‌ 28 -ന്‌ വെല്ലിമ്മ മരിച്ചു. തന്റെ പേരക്കിടാവും മക്കളും നാട്ടുകാരുമടക്കം പലരും, പലകുറി പറഞ്ഞു നടന്നിരുന്ന കഥകളില്‍ ചിലത്‌ കടലാസിലെഴുതുമെന്ന എപ്പോഴെങ്കിലും വെല്ലിമ്മ കരുതിയിരുന്നുവോ ആവോ? ഉണ്ടെങ്കില്‍ തീര്‍ച്ചയായും പറയുമായിരുന്നു.
“ ടാ, അതൊന്നും വേണ്ടാട്ടടാ!“.

Subscribe Tharjani |