തര്‍ജ്ജനി

സി. ഗണേഷ്

ഭാമിനി നിലയം
മാത്തൂര്‍ പി. ഒ.
പാലക്കാട് 678571

Visit Home Page ...

പുസ്തകം

ഈശ്വരന്‍ ഇ-മെയില്‍ സ്വീകരിച്ചുവോ?

ദൈവശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഈശ്വരന് ഇ-മെയില്‍ അയക്കുമെന്ന് കരുതാന്നാവില്ല.എന്നാല്‍ സുനില്‍.സി.ഇ അതു ചെയുന്നു എന്നത് ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത മാത്രം. ഒരു സാധാരണ വിശ്വാസി കവിതയെഴുതുമ്പോള്‍ പല പ്രശ്നങ്ങളും കടന്നുവരാം. ആധ്യാത്മികതയുടെ ആധിക്യം, മതബോധത്തിന്റെ ചതുരക്കളികള്‍, ജീവിതത്തിന്റെ ബഹുമുഖങ്ങളെ കാണായ്ക... ഇങ്ങനെ പലതും. അഥവാ കേന്ദ്രീകരിക്കപെട്ട അനുഭവതലമാണ് പൊതുവെ ആധ്യാത്മിക / മിസ്റ്റിക് കവിതകള്‍ പങ്കുവെക്കുക. എന്നാല്‍ മതബോധമില്ലാത്ത വിശ്വാസം തന്നെയാണ് കവിത എന്ന് തിരിച്ചറിയുന്ന കവിയെ ഈ പുസ്തകത്തില്‍ കണ്ടെത്താം.

കാക്കനാടന്‍ ഈ പുസ്തകത്തിന്റെ അവതാരികയില്‍ ഇങ്ങനെ കുറിക്കുന്നു’. ജീവിതം എന്ന ഒരു വലിയ അസംബന്ധത്തിന്റെ സാംഗത്യവും അര്‍ത്ഥവും തേടിയുള്ള ഒരു യാത്രയാണോ സുനിലിന്റെ കാവ്യ ജീവിതം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പത്താംക്ലാസ്സ് കഴിഞ്ഞതു മുതല്‍ സെമിനാരിയില്‍ ചേര്‍ന്ന് ഇന്നും ദൈവശാസ്ത്ര പഠനം നടത്തുന്ന ഒരു വ്യക്തിയുടെ ജീവിതവീക്ഷണം നിഷേധാത്മകമാകാന്‍ സാദ്ധ്യത കുറവല്ലേ? അസംബന്ധത്തിന്റെ അന്ധകാരജടിലമായ ആഴങ്ങളില്‍ അര്‍ത്ഥവും വെളിച്ചവും അന്വേഷിക്കുക എന്ന പോസിറ്റിവ് ആയ ഒരു നിലപാടാണ് സുനിലിടേത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

ജീവിതത്തിന്റെ പോസിറ്റിവിറ്റി പലതലങ്ങളിലാവാം എന്നാണ്‍ ഈ കവി തെളിയിക്കുന്നതെന്നു തോന്നുന്നു. ഓര്‍മയിലെ ഈശ്വരന്‍ എന്ന കവിതയാണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. ’‘ഇന്നത്തെ കൃപകള്‍ മൊസേക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് സുനില്‍ എഴുതുന്നു. തീക്ഷ്ണമായ ഈശ്വരീയ വിമര്‍ശനം ഉന്നയിക്കുന്ന കവിത ഒടുവില്‍ കാറ്റിലാണ് ഈശ്വരനെ കണ്ടെടുക്കുന്നത്. കാറ്റില്‍ ഈശ്വരനെ അഭിമുഖീകരിക്കുന്ന കവിത പ്രക്ഷേപിക്കുന്ന രാഷ്ട്രീയ സ്വരം വളരെ വലുതാണ്. അത് ഒരു സാധാരണദൈവശാസ്ത്ര വിദ്യാര്‍ത്ഥിയ്ക്ക് അപ്പുറമാണ്. ആ അപ്പുറം തേടല്‍ സുനിലിലുണ്ട് എന്നതാണ് സുനിലിനെ കവി എന്ന നിലയില്‍ വ്യതിരിക്തനാക്കുന്നത്.

അതിശക്തമായ ആന്തരിക സംഘര്‍ഷം അനുഭവിക്കുന്ന കവിയാണ് സുനില്‍. ഭൌതികതയുടെയും ഭൌതീകാതീതങ്ങളുടെയും ചിഹ്നങ്ങളാണ് സുനിലിന്റെ സംഘര്‍ഷങ്ങളുടെ ഹേതു. ഇവ രണ്ടും ബിംബങ്ങളായി കവിതയില്‍ നിറയുന്നു.

ഈ സമാഹാരത്തില്‍ കവിതകളേക്കാള്‍ കാവ്യബിംബങ്ങളുടെ നിര്‍ത്ധരിയാണുള്ളത് എന്നും പറയാം. ഇതു മനസ്സിലാക്കിയാണ് ലളിതാ ലെനിന്‍ സമാഹാരത്തിലെ പുതിയ രൂപകങ്ങള്‍, പദമിശ്രണം, ഭാവോന്മീലനം എന്നിവയെക്കുറിച്ച് വാചാലയാകുന്നത്. “ഛന്ദസ്സില്‍ നിന്നുള്ള വിമോചനം ഈ കവിതകളുടെ ഭാവപ്രകാശത്തിന് അനിവാര്യമെന്ന് തോന്നാം. അതേ സമയം ഉപേക്ഷിക്കപ്പെട്ട താളത്തിന്റെ നിഗൂഢമായ ഒരു പ്രകമ്പനം ഈ കവിതകളിലുടനീളം മുഴങ്ങുന്നതായി അനുഭവപ്പെടുന്നു”. ‘ചിലര്‍ വാക്കുകളെ തെറി കൂട്ടി ഉണ്ണുന്നു’ എന്ന് കവിതന്നെ ഒരു കവിതയില്‍ എഴുതുന്നു.

സമാഹാരത്തിലെ കവിതകളെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ടത്തെപ്പറ്റിയും ഓരോ കവി എഴുതുന്ന ആസ്വാദനക്കുറിപ്പ് ചേര്‍ത്തിരിക്കുന്നത് പല കോണുകളില്‍ നിന്നുകൊണ്ട് കവിതകളേ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.

സുനില്‍ സി. ഇ. എന്ന കവിയുടെ ഏറ്റവും വലിയ ശക്തി പ്രപഞ്ചാതീതബോധമാണ്. എന്നാല്‍ ഈ യുവകവിക്ക് ഇതു തന്നെയാണ് കവിതയെഴുത്തില്‍ പരിമിതിയാകുന്നതും. പാരമ്പര്യകാവ്യശൈലിയുടെ വഴുവഴുപ്പന്‍ പ്രതലങ്ങളില്‍ സുനില്‍ ചിലപ്പോള്‍ തെന്നിവീഴുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള ശ്രമവും സുനിലിന്റെ ഭാഗത്തു നിന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ സമാഹാരം കൊണ്ട് മാത്രം സുനില്‍ എന്ന കവി വിജയിച്ചു എന്നു പറയാനാവില്ല. അദ്ദേഹത്തിന്റെ ഭാവികവിതകള്‍ കൂടി ചേര്‍ത്തു വച്ചാലേ ഈ കവിയുടെ ദാര്‍ഢ്യം അറിയാന്‍ പറ്റൂ. അദ്ദേഹത്തിന്റെ പരിമിതികളെ സാദ്ധ്യതയാക്കി മാറ്റുവാന്‍ സുനിലിനു കഴിയുമ്പോഴാണ് കവിത വിജയിക്കുക എന്ന് ആര്‍. മനോജ് വളരെ ശരിയായി രേഖപ്പെടുത്തുന്നുണ്ട്. ഈശ്വരന് സുനില്‍ അയച്ച ഇ-മെയില്‍ സ്വീകരിക്കപ്പെട്ടുവോ എന്ന് അപ്പോഴേ അറിയാന്‍ കഴിയൂ. അദ്ദേഹത്തിന്റെ ഇനിയുള്ള കവിതകള്‍ക്കായി നാം കാതോര്‍ക്കുക. തുടക്കക്കാരനായ സുനില്‍ സി. ഇ. എന്ന കവിയെ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ ഈ ഗ്രന്ഥം പറയുന്നു.

Subscribe Tharjani |