തര്‍ജ്ജനി

ഡോ. മഹേഷ് മംഗലാട്ട്

മംഗലാട്ട്, ചൂടിക്കൊട്ട, മയ്യഴി - 673 310
ഇ-മെയില്‍: mangalat@chintha.com
വെബ്: മഹേഷ് മംഗലാട്ട്

Visit Home Page ...

മുഖമൊഴി

പുതിയ ഐ.ടി നയം പുതിയ വഴികള്‍ കാണിക്കുമോ?

വിവരസാങ്കേതികവിദ്യയോടും കമ്പ്യൂട്ടറിനോടും കേരളീയമനസ്സ് പുലര്‍ത്തിയ പ്രതിരോധത്തിന്റെ മഞ്ഞ് ഉരുകുകയാണോ? ആഗോളീകരണത്തിന്റെ കാലത്തെ വികസനപരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതില്‍ ഇക്കാലമത്രയും പടിക്കു പുറത്തു നിറുത്തിയ ജ്ഞാനവും സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുകയാണോ? കേരള സര്‍ക്കാരിന്റെ പുതിയ ഐ.ടി നയം വായിക്കാനിരിക്കുമ്പോള്‍ മനസ്സിലെത്തുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ്.

തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തും എന്ന ട്രേഡ് യൂണിയന്‍ വാദം പ്രമാണമാക്കി കേരളത്തിലെ രാഷ്ട്രീയനേതൃത്വം ഏറെക്കാലം ഭയപ്പാടോടെയാണ് കമ്പ്യൂട്ടര്‍ എന്ന യന്ത്രത്തെ കണ്ടത്. ഒടുവില്‍ മാറുന്ന ലോകത്തോടൊപ്പം ഓടിയെത്താന്‍ വേറെ വഴിയില്ലെന്നു വന്നപ്പോള്‍ രാഷ്ട്രീയത്തിലെ നിലപാടു മാറ്റങ്ങളുടെ കൂട്ടത്തില്‍ ഒരു മലക്കം മറിച്ചല്‍ കമ്പ്യൂട്ടറിന്റെ കാര്യത്തിലും ഉണ്ടായി. കോളേജുകളിലും സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലും പ്രിയംകരമായ വിഷയമായി കമ്പ്യൂട്ടര്‍ സയന്‍സ്. പഠിച്ചു കഴിഞ്ഞാല്‍ പണി ഉറപ്പാക്കുന്ന വിഷയം എന്ന നിലയില്‍ വിവരസാങ്കേതികവിദ്യ കേരളത്തിന്റെ ഹരമായി. ഈ മാറ്റം സംഭവിക്കുന്നതിനിടയില്‍ നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെ ഭാവനാശൂന്യത കാരണം നഷ്ടപ്പെടുത്തിയ കാലയളവ് എത്രയെന്ന് ഇന്ന് ആരും ഓര്‍ക്കുന്നില്ല. മറവിയുടെ സുഖാലസ്യത്തില്‍ അവഗണിക്കപ്പെടുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ ഇതിനകം പല കാലങ്ങളിലായി മാറിമാറി വന്ന സര്‍ക്കാറുകള്‍ പുറത്തിറക്കിയ പല ഐ.ടി നയരേഖകളുമുണ്ട്. അവ എന്തു ദിശാബോധമാണ് നല്കിയത് എന്ന് പുതിയ കരട് അവതരിപ്പിക്കുന്ന സന്ദര്‍ഭത്തിലെങ്കിലും ഓര്‍ക്കേണ്ടതാണ്.

ധൈഷണികപ്രവര്‍ത്തനത്തിന്റേയും വ്യവസായത്തിന്റേയും സംയുക്തമേഖലയാണ് വിവരസാങ്കേതികതയുടെ മണ്ഡലം. ആഗോളതലത്തിലുള്ള വികാസങ്ങള്‍ക്കൊപ്പം ചലിക്കുന്ന ഒരു മണ്ഡലത്തെ തികഞ്ഞ പ്രാദേശികപരിപ്രേക്ഷ്യത്തില്‍ ഉള്‍‌ക്കൊള്ളാനാവില്ല എന്ന തിരിച്ചറിവ് ഏതൊരു നയരേഖയ്ക്കും ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ മുമ്പൊക്കെ ചെയ്തതു പോലെ അയല്‍ സംസ്ഥാനങ്ങളുടെ നയരേഖയുടെ അനുകരണാത്മകമായ പകര്‍പ്പുകളില്‍ മുഖം പൂഴ്‍ത്തുന്ന മിടുക്ക് ഇത്തവണയും ആവര്‍ത്തിക്കുന്നു.

വ്യവയായമന്ത്രിയായിരുന്ന സുശീലാ ഗോപാലന്‍ 1998 ല്‍ അവതരിപ്പിച്ച ഐ.ടി നയരേഖയിലെ പ്രഖ്യാപനങ്ങളിലൊന്ന് 2001നകം ആയിരം ആളുകള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ്. എന്നാല്‍ ഇതിനകം ഇത്തരം പഴയ പ്രഖ്യാപനങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നും അഥവാ സാധിച്ചില്ലെങ്കില്‍ എന്തു കൊണ്ട് എന്ന് പരിശോധിക്കാനും ശ്രമിക്കേണ്ടതല്ലേ? ഐ.ടി നയരേഖയെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പോലെ പ്രഖ്യാപനത്തിനു ശേഷം മറക്കാനുള്ളതാണെന്ന മട്ടില്‍ കാണുന്നത് യാഥാര്‍ത്ഥ്യബോധമുള്ള ഭരണാധികാരികള്‍ക്കു ചേര്‍ന്നതല്ല.

പുതിയ നയരേഖയുടെ കരട് പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു വിരുദ്ധമായാണ് നയരേഖയില്‍ പലതും പറഞ്ഞിരിക്കുന്നത് എന്ന് പത്രലേഖകര്‍ ചൂണ്ടിക്കാണിച്ചുവെന്നത് കരട് നയത്തിന്റെ പാകപ്പിഴകളിലേക്കുള്ള ആദ്യത്തെ വിരല്‍ ചൂണ്ടലാണ്. ഐ.ടി മേഖലയില്‍ തൊഴില്‍ സുരക്ഷിതത്വം, തൊഴില്‍പരമായ അന്തസ്സ് എന്നിവ ഉറപ്പുവരുത്തുമെന്ന് നയരേഖയില്‍ പറയുന്നുണ്ട്. സ്വയം സംഘടിക്കാനുള്ള അവകാശം ഉറപ്പു വരുത്താനും നയരേഖ ലക്ഷ്യമിടുന്നു. മികച്ച ബാന്‍ഡ് വിഡ്ത്തും അടിസ്ഥാനസൌകര്യവും കേരളത്തിലുണ്ടെന്നും പുതിയ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്കും എന്നും നയരേഖ പറയുന്നു. പ്രത്യേക സാമ്പത്തികമേഖലയാക്കില്ലെന്നു മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയും നയരേഖയും യോജിക്കുന്ന കാര്യങ്ങളിലൊന്ന് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‍വേറുകള്‍ ഭരണതലത്തില്‍ ഉപയോഗിക്കുമെന്നതാണ്. പ്രൊപ്രൈറ്ററി സോഫ്റ്റ്‍വേറുകളിലേക്ക് കേരളത്തെ നയിച്ച മുന്നണിയുടെ പശ്ചാത്താപമായി ഇതിനെ കണക്കാക്കാം. എന്നിരുന്നാലും ഏത് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നുവെന്നതല്ല എന്തു ചെയ്യുന്നുവെന്നതാണ് പ്രധാനം എന്ന് ഈ പ്രഖ്യാപനത്തെ മുന്‍നിറുത്തി ആവേശം കൊള്ളുന്നതിനിടയില്‍ ആലോചിക്കേണ്ടതാണ്.

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇപ്പോഴും ആംഗലത്തിലാണ്. ഭരണം സുതാര്യമാക്കാന്‍ വിവരസാങ്കേതികത പ്രയോജനപ്പെടുത്തുമെന്ന നൂറുകുറി ആവര്‍ത്തിക്കപ്പെട്ട പ്രഖ്യാപനങ്ങള്‍ക്കു ശേഷവും ആംഗലത്തില്‍ത്തന്നെ തുടരുന്ന വെബ് സൈറ്റ് മലയാളത്തിലും ലഭ്യമാക്കുമെന്നും പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇക്കാലമത്രയും ആംഗലത്തില്‍ തുടര്‍ന്ന ഈ വെബ് സൈറ്റ് കേരളത്തിലെ ഐ.ടി ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിന് ഉത്തരം നല്കുന്നുണ്ട്. പുറംനാട്ടിലെ ഐ.ടി സ്ഥാപനങ്ങള്‍ക്ക് മനുഷ്യവിഭവം തയ്യാറാക്കുന്നതിനപ്പുറം ഐ.ടിയെ മലയാളികള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റി നാം ഇതു വരെ ഒന്നും ചിന്തിച്ചിട്ടില്ല. ഐ.ടിയെ മറ്റു വൈജ്ഞാനികമണ്ഡലങ്ങളുമായി കണ്ണിചേര്‍ക്കാനോ ഐ.ടി ഉപയോഗിച്ച് മലയാളത്തില്‍ വിവരവ്യവസ്ഥകള്‍ നിര്‍മ്മിക്കുന്നതിനോ ഇതു വരെ ഒരു ആലോചനയും ഉണ്ടായിട്ടില്ല.

ടെക്‍സ്റ്റ് എഡിറ്റിംഗ് സോഫ്റ്റ്‍വേര്‍ മുതല്‍ യുനിക്കോഡ് കോഡിംഗില്‍ അധിഷ്ഠിതമായ മലയാളം ഫോണ്ട് വരെ സന്നദ്ധപ്രവര്‍ത്തകരാണ് ഉണ്ടാക്കിയത് എന്നു ഓര്‍ക്കുക. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ നേതൃത്വപരമായ പങ്ക് വഹിക്കേണ്ട മണ്ഡലങ്ങളില്‍ പരാജയപ്പെടാന്‍ കാരണം നയത്തിന്റെ അഭാവമാണ്. തരാതരം വ്യവസായങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി ആനുകൂല്യം നല്കുന്നതിനെപ്പറ്റിയും ട്രെയ്‍ഡ് യൂനിയന്‍ സംഘടിപ്പിക്കുന്നതിനുമപ്പുറം ചിന്തിക്കാന്‍ കഴിയുന്നവരായിരിക്കണം നയരേഖ രൂപപ്പെടുത്തേണ്ടത്. അത് നടപ്പാക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും വേണം.

ഏറെക്കാലമായി തര്‍ക്കത്തിലായിരുന്ന മലയാളം യൂനിക്കോഡ് കോഡുകളുടെ കാര്യത്തില്‍ കേരളത്തിലെ വിഷയവിദഗ്ദ്ധരെ വിളിച്ചു കൂട്ടി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തിലെത്താന്‍ നമ്മുടെ സാഹിത്യ അക്കാദമിക്കോ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനോ ഐ.ടി മിഷനോ സര്‍വ്വകലാശാലകള്‍ക്കോ കഴിയാതെ പോയത് ഐ.ടി ആരുടെയോ കാര്യമാണ് എന്നു കണക്കാക്കുന്ന കേരളീയരുടെ മനോഭാവം കാരണമാണ്. നമ്മുടെ പുതിയ നയത്തിനെങ്കിലും പുതിയ ദിശാബോധം നല്കാന്‍ കഴിയുമോ?

പുതിയ കരട് ഐ.ടി നയത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം: കേരള ഐ. ടി. നയം, പി. ഡി. എഫ് ഡോക്കുമെന്റ്

Subscribe Tharjani |