തര്‍ജ്ജനി

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

സ്കൂള്‍ വളപ്പിലെ മരത്തണലിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് അയാള്‍ക്ക് തോന്നി. ഓര്‍മ്മകളുടെ കുളിര് ആ തണലുകളിലുള്ളതാവാം.... നിറങ്ങള്‍ വാരിച്ചുറ്റി കളിയിടങ്ങള്‍, ആര്‍ത്തു വിളിക്കുന്ന കുട്ടികള്‍... ആഡംബരങ്ങളുടെ ഒരു പ്രദര്‍ശനമാണ് പി. റ്റി. എ മീറ്റിങ്ങുകളിലെന്ന് അയാള്‍ക്ക് കഴിഞ്ഞ തവണയും തോന്നിയിരുന്നു. കുട്ടികളുടെ വര്‍ക്ക് ബുക്കുകളും പെയിന്റിങ്ങുകളും മറിച്ചു നോക്കുന്നവര്‍ അപൂര്‍വ്വം. ഫീഡ്ബാക്ക് ഫോമുകളില്‍ ചടങ്ങിന് കയ്യൊപ്പ് ചാര്‍ത്തി മടങ്ങിപ്പോകാന്‍ തിടുക്കം കൂട്ടുന്നവരും ഓഫീസ് തിരക്കുകള്‍ക്കിടയില്‍ നിന്ന് ഇത്തിരി നേരം മോഷ്ടിച്ച് തലകാണിക്കുന്നവരും...

“അച്ഛാ, ലുക്ക്... ഇതു കണ്ടോ... സ്പൂക്ക്സ്...” ഐ ഡിഡ് ഇറ്റ്....”
അയാള്‍ അത്ഭുതത്തോടെ നോക്കി. ചെറിയ വൃത്തത്തിനുള്ളില്‍ അടുക്കി ഒട്ടിച്ചിരിക്കുന്ന ഈര്‍ക്കില്‍ തുണ്ടുകള്‍. ഒരു സൈക്കിള്‍ ചക്രത്തിന്റെ മോഡല്‍.
“ഓറഞ്ച്.... ഇതു നോക്ക്... മിക്സ് ടൂ കളേഴ്സ് ടു ഗെറ്റ് ഓറഞ്ച്... “
അവള്‍ അഭിമാനത്തോടെ പേജുകള്‍ മറിച്ചു കാണിച്ചു കൊണ്ടിരുന്നു.

ഫയലുകള്‍ തിരികെക്കൊടുത്ത്, ഫീഡ് ബാക്ക് ഫോമും ഒപ്പിട്ട് മകളുടെ ടീച്ചറിനോട് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുമ്പോഴാണ് ഒരു പരുങ്ങലോടെ അവര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഓഫീസിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് സ്കൂളിലേക്ക് ഓടിയെത്തിയതാണെന്ന് വ്യക്തം. കഴുത്തിലപ്പോഴും ഒരു സോഫ്റ്റ്വെയര്‍ കമ്പനിയുടെ ഐഡന്റിറ്റി കാര്‍ഡ്, കയ്യില്‍ ബ്ലാക്ക്‍ബെറിയും.

“മേഡം, ഈ ഫീഡ്ബാക്ക് ഫോം... ക്യാന്‍ ഐ ഫില്‍ ദിസ് ലേറ്റര്‍...”
“യാ... നോ പ്രൊബ്ലെം...”
“ഐ നീഡ് റ്റു ടാല്‍ക് റ്റു മൈ മെയിഡ് സെര്‍വന്റ്... അവള്‍ വീട്ടിലെന്താണ് ചെയ്യുകയെന്ന് എനിക്കത്ര...”

തിരികെ നടക്കുമ്പോള്‍, അയാള്‍ ഭാര്യയെ ചേര്‍ത്തു പിടിച്ച്, നിറുകയില്‍ പതിയെ ചും‌ബിച്ചു. മകള്‍ അവര്‍ക്കു ചുറ്റും, ഒരു പൂമ്പാറ്റയെപ്പോലെ...

Submitted by rehna on Tue, 2007-01-09 22:44.

നമ്മളൊക്കെ ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നോ അതോ പണിയെടുക്കാന്‍ വേണ്ടി ജീവിക്കുന്നോ

Submitted by Sunil Krishnan on Wed, 2007-01-10 12:26.

മെയിഡ് സേര്‍വെന്റിന്റെ കയ്യീല്‍ ഭാവി ഭദ്രം
വൃദ്ധസദനത്തില്‍ നിങ്ങള്‍ക്ക് രണ്ട് മുറി ഭദ്രം
ഇവിടെയെല്ലാം ഭദ്രമാണ്‌.... ഭദ്രേ....

Submitted by paul on Wed, 2007-01-10 20:33.

രഹ്ന, ഇവിടെ ബാംഗ്ലൂരിലെയും ഹൈദരബാദിലെയും ഒക്കെ സ്ഥിതി പണിയെടുക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നു എന്നതാണ്. 24 മണിക്കൂറും ഓഫീസും മീറ്റിങ്ങും ഇമെയിലും ഒക്കെയായി പണിയിടം വീട്ടിലും വഴിയിലും കടന്നു കയറുന്ന അവസ്ഥ. ഫ്ലെക്സി ടൈമിങ്ങ് എന്ന ഓമനപ്പേരില്‍ ഉറങ്ങാനുള്ള സമയം പോലും ജോലി സമയമായി മാറ്റിയെടുത്തിരിക്കുന്നു ഐ. ടി. മേഖല. ഇനിയുമുണ്ട്... അടുത്ത പോസ്റ്റിലാകാം ബാക്കി.

സുനിലേ, മെയിഡ് സെര്‍വന്റിന്റെ ഭാവിയും ഭദ്രം!!

Submitted by Vipin (not verified) on Wed, 2008-08-06 14:12.

പോളേട്ടാ,
കൊറച്ചു കാലമായി ജോലിതിരക്കൊഴിയാത്ത ജീവിതത്തെ പറ്റിയും, ഐ ടി മേഖലയെ പറ്റിയുമെല്ലാം ചിലര്‍ ഘോര ഘോരം പ്രസംഗിക്കുന്നു.
എല്ലാവര്ക്കും ലാവിഷ് ആയി ജീവിക്കണം, കൈ നെറയെ കാശ് വേണം, എന്നിട്ട് പണി എടുക്കുന്നതിന്റെ കഷ്ടപാടിനെ പറ്റി പറയും.
ഗൃഹാതുരത ഉള്ളവരും , വിശ്രമവും നേരം പോക്കുകളും ആഗ്രഹിക്കുന്നവരും,
എല്ലാം കെട്ടി പെറുക്കി നാട്ടിലെ സുന്ദരമായ അന്തരീക്ഷത്തിലേക്ക് തിരിച്ചു ചെല്ലണം.
ജീവിക്കാനുള്ള വഴി എന്തായാലും അവിടെ കണ്ടെത്താന്‍ പറ്റും.
ആവശ്യത്തിനു മനസ്സമാധാനവും , നല്ല മാനസിക ആരോഗ്യവും തീര്‍ച്ച ആയും ലഭിക്കും.