തര്‍ജ്ജനി

പി. ബി. ലിബീഷ് കുമാര്‍

എച്ചിക്കൊവ്വല്‍, പിലിക്കോട് പി. ഒ, കാസര്‍ഗോഡ് ജില്ല - 671353
ഫോണ്‍: 04985 261989, 9447851897

Visit Home Page ...

കഥ

പാസ്പോര്‍ട്ട്‌ സൈസ്‌ ഉടലിലെ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ കാഴ്ചകള്‍

സ്റ്റുഡിയോ:

ശക്തമായ്‌ മഴപെയ്ത ഉച്ചസമയം. സ്റ്റുഡിയോവിലേക്ക്‌ പോകാന്‍ അയാള്‍ ഇറങ്ങി.വലിയ ഇരുനിലയില്‍ അമ്മ മയക്കത്തിലായിരുന്നു.....

കതക് ചാരി മുറ്റത്തിറങ്ങുമ്പോള്‍ മഴയുടെ കനത്തതുള്ളികള്‍ അയാള്‍ക്ക്‌ ചുറ്റും നിരന്ന് പെയ്തു. നനവ്‌ ലഭിക്കാത്ത പ്രതലങ്ങളെ മഴ വാശിയോടെ നനക്കുന്നു. വലിയ കാറ്റിന്റെ വലയത്തില്‍ കുടുങ്ങാതെ അയാളുടെ തല ത്രീഫോള്‍ഡ്‌ കുടയുടെ ശീലക്കുള്ളില്‍ മറഞ്ഞിരുന്നു.

ഒരഞ്ചുമിനുട്ട്‌! സ്റ്റുഡിയോയുടെ മുന്നില്‍ അയാളെത്തി. വസ്ത്രങ്ങള്‍ പാതിനനഞ്ഞെങ്കിലും, പൌഡര്‍ പൂശിയ മുഖവും മുടിയും മഴയുടെ പിടിയില്‍ നിന്നയാള്‍ രക്ഷിച്ചിരിക്കുന്നു....

സ്റ്റുഡിയോവിലെ ചിത്രപ്പണികള്‍ ചെയ്ത സ്വീകരണമുറിയിലേക്ക്‌ അയാള്‍ എത്തിനോക്കി. അയാള്‍മുരടനക്കി.സ്റ്റുഡിയോക്കാരന്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അയാള്‍ ചിരിച്ചു.


ചിത്രീകരണം: ചന്ദ്രന്‍

സ്റ്റുഡിയോക്കാരന്‍: "ഇരിക്കൂ"....
(ഇനി നമുക്ക്‌ "അയാളെ" ഒഴിവാക്കാം. സ്റ്റുഡിയോക്കാരന്‍ അയാളെ സി.കെ പിന്‍ - എന്നാണ്‌ വിളിച്ചത്‌.)
മുഴുവന്‍ പേര്‌: സി.കൃഷ്ണന്‍ നായര്‍ വയസ്സ്‌: 42

ചുവരിലെ ഷോക്കേസ്സില്‍ വ്യത്യസ്തങ്ങളായ കുറെ ചിത്രങ്ങള്‍. (സ്റ്റാമ്പ്‌ സൈഡ്‌,പാസ്പോര്‍ട്ട്‌,ടു.ബി,പി.സി, ആറ്‌ x നാല്‌..... എന്നീ സാങ്കേതികസൈസുകള്‍ സ്റ്റുഡിയോക്കാരനോട്‌ "സി.കെ" പിന്നീട്‌ ചോദിച്ച്‌ മനസ്സിലാക്കിയിരുന്നു.)

എല്ലാവര്‍ക്കും തുടുത്ത കവിളുകള്‍! കട്ടിയുള്ള മീശ... വെളുപ്പ്‌ നിറം!! അയാള്‍ക്ക്‌ തന്റെ കവിളിലേക്ക്‌ വിരലുകള്‍ ചലിപ്പിക്കാതിരിക്കാന്‍ സാധിച്ചില്ല.

ക്യാമറ: ക്യാമറാമാന്‍

ഫിറ്റ്‌ ചെയ്ത എസ്‌.എല്‍.ആര്‍ ക്യാമറ.ഫിലിംസ്പീഡില്‍ ഐ.എസ്‌.ഒ ക്രമീകരിക്കുന്നു. ഷട്ടര്‍സ്പീസും, ഡയഫ്രവും അഡ്ജസ്റ്റ്‌ ചെയ്യുമ്പോള്‍ (ഈ സാങ്കേതിക പദങ്ങള്‍ ‍"സി.കെ" ചോദിച്ച്‌ മനസ്സിലാക്കിയവയാണ്‌) ഒരൊറ്റനിമിഷത്തില്‍ അയാള്‍ സ്റ്റുഡിയോക്കാരനെ മറികടന്നു....

- കറുത്ത നിറമുള്ള മനുഷ്യരുടെ പാസ്പോര്‍ട്ട്സൈസ്‌ മുഖങ്ങള്‍ വെളുത്തതായിരിക്കും- എന്ന സത്യം അയാളുടെ കറുപ്പ്‌ നിറത്തില്‍ വെളുത്ത പുഞ്ചിരി പടര്‍ത്തി....

മീശമുളക്കാത്ത രാജന്‌ മീശ വരച്ചുകൊടുത്തതും ചെവിക്ക്‌ ദ്വാരമുള്ള കുമാരേട്ടന്‌ അതടച്ച്‌ ഭംഗിയാക്കിയതും ഒട്ടിയ വണ്ണാത്തിമിനിയെ മിനുക്കിയെടുത്തതും...... ഇതേ ഈ ക്യാമറതന്നെ!!

അതിന്‌ മുന്നിലാണ്‌ താന്‍ ഇരിക്കുന്നത്‌. ആയിരം വാട്ടിന്റെ തീവ്രത മുറ്റിയ വെളുത്ത പ്രകാശത്തില്‍ അയാള്‍- "സി.കെ" കുളിച്ചുനിന്നു. സൈഡ്‌ ലൈറ്റുകളും കത്തി...

"മുടി വാരുന്നില്ലേ...."
"പൌഡറുണ്ട്‌..." സ്റ്റുഡിയോക്കാരന്‍.
--സി.കെ കണ്ണാടിക്കുമുന്നില്‍...
"റെഡി !"
അയാള്‍-- "സി.കെ"- ക്യാമറയുടെ മുന്നിലേക്ക്‌...

ക്യാമറയുടെ അഭിമുഖമായി കണ്ണുകള്‍ വിടര്‍ത്താനും, താടിയല്‍പം താഴ്ത്താനും സ്റ്റുഡിയോക്കാരന്റെ നിര്‍ദ്ദേശം.
"ലുക്ക്‌.." "അങ്ങിനെ".
"ചുമല്‌ -വലത്തേത്‌, അല്‍പം താഴ്ത്ത്‌-"
"റെഡി. ഒകെ"
ഒരു നിമിഷം! ("ക്ലിക്ക്‌...")

വൈന്‍ഡ്‌ ചെയ്യുന്നതിനിടയില്‍ സ്റ്റുഡിയോക്കാരന്‍ സി.കെ യോട്‌ പറഞ്ഞു: 'ഒരിക്കല്‍ കൂടെ-'

ഇനി ഡാര്‍ക്ക്‌ റൂമിലേക്ക്‌-
"സന്തോഷ്‌ ലീവിലാണ്‌. ഫോട്ടോ നാളെ പോരേ" ബില്ലെഴുതുമ്പോള്‍ സ്റ്റുഡിയോക്കാരന്‍ ചോദിച്ചു.
"മതി!" അഞ്ഞൂറിന്റെ ഒറ്റനോട്ടിനൊപ്പം സി.കെ യുടെ സമ്മതം

ടച്ചിങ്ങ്‌:

സി.കെ വീട്ടിലേക്ക്‌ പോയി
പിറ്റേദിവസം!

ടച്ചിങ്ങ്‌ ബോഡിന്‌ മുന്നില്‍ മോഹനന്‍ ആയിരുന്നു (സന്തോഷ്‌ ഇന്നും വന്നില്ലാത്രെ !) വളര്‍ന്ന് വലുതായ താടി രോമങ്ങളില്‍ പെന്‍സിലിന്റെ അറ്റംകൊണ്ട്‌ ചൊറിഞ്ഞ്‌, എവിടെ തുടങ്ങണമെന്ന ചിന്തയില്‍ ലയിച്ചിരിക്കയാണ്‌ മോഹനന്‍...

നെഗറ്റീവില്‍ മീഡിയം പുരട്ടിയിരുന്നു. ഇയാളെ എത്രത്തോളം ഭംഗിയാക്കാമോ അത്രമാത്രം മെയ്ക്കപ്പ്‌ ചെയ്യിക്കാനാണ്‌ ശശിയേട്ടന്റെ നിര്‍ദ്ദേശം!

പാവം മനുഷ്യന്‍!! അമ്മയുടെ അന്നം തിന്നാതെ മണലാരണ്യത്തില്‍ ജീവിതം വിയര്‍ത്ത്‌ പണമയക്കുന്നവരുടെയൊക്കെ ഗതി....ഇതു തന്നെയാണോ? പഴയ ഗള്‍ഫ്കാരെ കാണാന്‍ എന്തു ഭംഗിയായിരുന്നു. ബുദ്ധി വച്ച അറബികള്‍ ഇപ്പോള്‍ ഇവര്‍ക്ക്‌ നല്‍കുന്നത്‌ കറുത്ത മുഖവും, ഒട്ടിയ കവിളും!!

"മോഹനാ...."
ടച്ചിങ്ങ്‌ പെന്‍സിലിന്റെ കൂര്‍പ്പിച്ച മുന "അയാള്‍ക്ക്‌" മുകളിലൂടെ ചലിക്കുവാന്‍ തുടങ്ങി. നെറ്റിയിലെ വരകളായിരുന്നു ആദ്യം ഷേഡ്‌ ചെയ്ത്‌ മായ്ച്ചത്‌. മുറിഞ്ഞ പുരിക വര ഒപ്പിക്കാന്‍ മോഹനന്‌ അല്‍പം അധ്വാനിക്കേണ്ടി വന്നു.

മോഹനന്റെ ചിന്ത പിന്നേയും അയാളെക്കുറിച്ചായി. ടെക്നോളജി വികസിച്ചത്‌ ഇയാളറിഞ്ഞില്ലേ? അറ്റ്ലീസ്റ്റ്‌ കളര്‍പ്പടം എടുത്താല്‍ മതിയല്ലോ.. പോരെങ്കില്‍"പോളറോയ്ഡു"മുണ്ട്‌.

"കളറെടുത്താല്‍ ഇത്തരം ഭംഗി കൂട്ടല്‍ നടക്കില്ലല്ലോ അനിയാ...." ഫോട്ടോ മോഹനനോട്‌ പറയുന്നു??

ഒട്ടിയ കവിളിലല്‍പം മാംസം നിറച്ച്‌ കഴുത്തിനു ചുറ്റും ആനുപാതികമായ വൃത്തവലയങ്ങള്‍ ഉണ്ടാക്കി, നീണ്ട താടിയെ പരമാവധി സമന്വയപ്പെടുത്തി, മോഹനന്‍ അയാളെ സൌന്ദര്യത്തിന്റെ ഒരു കോപ്പിയായി പുനര്‍ നിര്‍മ്മിച്ചു. ബ്ലാക്ക്‌ & വൈറ്റ്‌ കോശങ്ങളില്‍ ജീവന്റെ കണിക തുടിക്കുന്നു.....!!

മിനുക്ക്‌ പണി അവസാനിച്ച നെഗറ്റീവ്‌ നേരെ ഡാര്‍ക്ക്‌ റൂമിലേക്ക്‌.....

ലാസ്റ്റ്‌ ടെച്ച്‌-അപ്പ്‌:

മോഹനന്റെ മുന്നില്‍ അയാളുടെ കഴുകി ഉണക്കിയ 4 പ്രിന്റുകള്‍. തലമുടിയിലെ വെളുത്ത നിരകള്‍ സാര്‍ക്ക്‌ ചെയ്ത്‌ പിഴുതുമാറ്റുമ്പോള്‍ മോഹനന്‍
അയാളുടെ പ്രായത്തെക്കുറിച്ചാണ്‌ ഓര്‍ത്തത്‌. ഡിമാന്റ്‌ കുറഞ്ഞു വരുന്ന ഗള്‍ഫുകാരന്റെ വിവാഹമാര്‍ക്കറ്റില്‍ ഇയാളുടെ സ്ഥാനം
എത്രയായിരിക്കും?!

അല്ല! ഉണ്ടാവും നേര്‍ച്ചക്കു വച്ച ഏതെങ്കിലും പിടക്കോഴി..... ജീവിതമില്ലെങ്കിലും പണമുണ്ടല്ലോ....!!

മീശയും അവതാളത്തില്‍ തന്നെ !! കൂടിയും കുറഞ്ഞും കിടന്ന മീശയെ സമാന്തരമാക്കുമ്പോള്‍.. അമ്മ വച്ചു വിളമ്പിയ ഭക്ഷണം കഴിച്ച മകന്റെ കണ്ണിലെ പ്രകാശം; മോഹനന്‍ കണ്ടു....

സി.കെ വരുന്നു:

ഫോട്ടോ വാങ്ങാന്‍ വരുന്ന സി.കെ യ്ക്ക്‌ ചുറ്റും മഴയുടെ കനത്ത രേഖകള്‍ ഇത്തവണയും ഉണ്ട്‌. ഒരു സംശയം! ഇടിയും മിന്നലും കലര്‍ന്ന കറുത്ത ആകാശത്തിനുകീഴെ റോഡില്‍ ഒറ്റക്ക്‌ നടക്കുന്നത്‌ ആളുകള്‍ കാണാതിരിക്കാനാണോ....

ഹേയ്‌ വഴിയില്ല.... എല്ലാ കുറവുകളും പൂഴ്ത്താന്‍ ഇഷ്ടംപോലെ പണമുണ്ടല്ലോ അയാള്‍ക്ക്‌....

സി.കെ സ്റ്റുഡിയോവിലേക്ക്‌ കയറി.
വെളുപ്പും കറുപ്പും വിതറിയ പാസ്പോര്‍ട്ട്‌ ഉടലില്‍ നിന്ന് സി.കെ കണ്ണുകള്‍ മാറ്റിയില്ല. സ്റ്റുഡിയോക്കാരനും മോഹനനും പൊടുന്നനെ ഒരു സംശയം ബലപ്പെട്ടു.

"ഈ ഫോട്ടോ തന്റേതല്ലെന്ന് ഇയാള്‍ പറയുമോ ?"
"അഡ്വാന്‍സ്‌ നൂര്‍ തന്നിരുന്നു.ഒരമ്പതു കൂടി വേണം"- "165 ആണ്‌ മേടിക്കാറ്‌"-

ശശിയേട്ടന്‍ പറയുന്നത്‌ അയാള്‍ കേള്‍ക്കുന്നില്ലെന്ന് മോഹനന്‍ കണ്ടു. അയാള്‍ നാലു ഫോട്ടോയും ഒന്നിച്ചു നോക്കുകയാണ്‌. തന്റെ വരകളിലുള്ള വ്യത്യാസം ഇയാള്‍ ശ്രദ്ധിക്കുകയാണോ....

നല്ല കലാകാരനാണെങ്കില്‍പ്പോലും മോഹനന്‌ പേടി തോന്നി.
അയാള്‍ ഷോക്കേസിന്റെ കണ്ണാടി മാറ്റുന്നു......

"പിന്നുണ്ടോ"?
(ശശിയേട്ടനോടാണ്‌-)
"സി.കെ എന്താണ്‌ ചെയ്യുന്നതെന്ന്"? ചോദിക്കാന്‍ സ്റ്റുഡിയോക്കാരന്‌ അപ്പോള്‍ മനസ്സ്‌ വന്നില്ലെന്നത്‌ നേര്‌!
സി.കെ ആഫോട്ടോകള്‍ ഷോക്കേസ്സിലെ തുടുത്ത കവിളുകള്‍ക്കിടയില്‍ പിന്‍ ചെയ്ത്‌ വെക്കുന്നത്‌ കണ്ട്‌ സ്റ്റുഡിയോക്കാരന്‍ വിളറിയതുപോലെ മോഹനനും വിരണ്ടു.

സി.കെ ഷോക്കേസ്സിന്ന്‌ അഭിമുഖമായി നിന്നു..എന്തോ പറയുന്നുണ്ട്‌. അല്ല.... മന്ത്രിക്കുകയാണ്‌... അവര്‍ ചെവി ഡിഷാന്റിന പോലെ തിരിച്ചു വച്ചു. പിടിച്ചെടുക്കാന്‍.... അവര്‍ക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌ ഇതാണ്‌.... ഒരു ഫിലോസഫി.
"ചിത്രങ്ങളേ.... ഞാനും നിങ്ങളും ക്യാമറയുടെ സൃഷ്ടികള്‍ മാത്രമാണ്‌ വെറും സൃഷ്ടികള്‍..."

"ഇനി ഞാനെടുക്കുന്നത്‌" ഡിജിറ്റല്‍ ക്യാമറയിലെ സ്വന്തം മുഖമാണ്‌. നോക്കാമല്ലോ അതിലെ എന്റെ പ്രതിബിംബം...
"ശശീ.. ഒ.കെ!!"
"പൌഡറും ചീപ്പുമൊന്നും വേണ്ട ഇതേ മുഖം.ഇതേ കോലം..."
ആരാണ്‌ ഇയാളുടെ ഫോട്ടോ പിടിക്കുന്നത്‌?? സ്റ്റുഡിയോക്കാരന്‍ ശശിയോ? മോഹനനോ?
ഇരുവരും മുഖത്തോടുമുഖം നോക്കുകയാണ്‌....
പുറത്ത്‌ അപ്പോഴും മഴപെയ്യുകയായിരുന്നു...
സി.കെ റെഡിയായി... ഫോട്ടോയെടുക്കാന്‍!!

Subscribe Tharjani |
Submitted by valmeeki (not verified) on Sun, 2007-09-09 20:31.

സി.കെ. - ഇന്നത്തെ ഗള്‍ഫ് മലയാളിയുടെ പ്രതീകം - മനസ്സില്‍ പോറലേല്പിച്ചു.
അഭിനന്ദനങ്ങള്‍