തര്‍ജ്ജനി

കെ. ജെ. ബേബി

കനവ്, നടവയല്‍ തപാല്‍, വയനാട്

Visit Home Page ...

പുസ്തകം

ബെസ് പുര്‍ക്കാന

സന്ധ്യയ്ക്ക്‌ -ഉണ്ടപ്ലാഞ്ചോട്ടിലെ കുരിശുവര കഴിഞ്ഞു.കാര്‍ണോന്മാരും മക്കളുമായി എല്ലാവരും ഉണ്ടായിരുന്നു.

കുടുംബാംഗളെല്ലാം ഒന്നിക്കുക, ദൈവത്തിനെ ഓര്‍ക്കുക, നന്ദി പറയുക, പരസ്പരം സ്നേഹം പങ്കു വയ്ക്കുക - എല്ലാ ക്രിസ്തീയകുടുംബങ്ങളിലേയും പോലെ ഉണ്ടപ്ലാഞ്ചോട്ടിലും അത്‌ നിര്‍ബന്ധമുള്ള ശീലമായിരുന്നു.

ഇന്ന് ഉണ്ടപ്ലാഞ്ചോട്ടിക്കാര്‌ മാത്രമല്ല.... കുഞ്ഞുമേരീം പൈലോയും പൈലോയുടെ ഭാര്യ കുഞ്ഞേലിയും മക്കളായ പീലിയും, കൊച്ചേപ്പും മറിയയും മറിയത്തിന്റെ കെട്ട്യോന്‍ കുഞ്ചാക്കോനും ഉണ്ടയിരുന്നു.

മലബാറിനെക്കുറിച്ചുള്ള കാര്യങ്ങളറിയുക, ഉണ്ടപ്ലാഞ്ചോട്ടിക്കാരുടെ തീരുമാനങ്ങളറിയുക എന്നിട്ടുവേണം അവര്‍ക്കും മലബാറുകാര്യത്തില്‍ തീരുമാനമെടുക്കാന്‍. കുരിശുവര കഴിഞ്ഞുള്ള പാട്ടും കഴിഞ്ഞ്‌ സ്തുതി ചെല്ലത്തിന്റെ നേരമായി. കുഞ്ഞുപെണ്ണിന്റെ നേതൃത്വത്തില്‍ പിള്ളാര്‌ ഓരോരുത്തരായി വല്യപ്പനീന്ന് തൊടങ്ങി മൂപ്പനുസരിച്ചനുസരിച്ച്‌ ഉമ്മകൊടുത്തു കൊടുത്തു കഴിഞ്ഞപ്പൊ മൂത്തോരായി. പരസ്പരം ചുംബിച്ചും കൈകളില്‍ മുത്തിയും അവര്‍ സ്നേഹം കൈമാറി. തെയ്യാമ്മ, വല്യപ്പന്‌ സ്തുതി ചൊല്ലിക്കഴിഞ്ഞ്‌ അത്ര പതുക്കെയല്ലാതെ കരഞ്ഞു. പെട്ടെന്നായതുകൊണ്ട്‌ വല്യപ്പന്‍ അയ്യടാന്നായി വല്ലാണ്ടായി.

"എന്തിനാ മോളെ കരയ്‌‌ന്നേ"വല്യപ്പന്‍ ചോദിച്ചു.
"നമ്മളെന്തിനാ മലബാറിപോണെ"
ആദ്യമായാണ്‌ തെയ്യാമ്മയുടെ ശബ്ദം. ഇങ്ങനെ കേക്കുന്നത്‌. തെയ്യാമ്മയെ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് വല്ലാത്തൊരു നിശ്ബ്ദത പരന്നു.പിള്ളാരുപോലും കളിയും ചിരിയുമൊതുക്കി.
"കുര്യാ പറയടാ..." വര്‍ക്കി പറഞ്ഞു.
"ചേട്ടന്‌ പറയാമ്മേലെ?"
"അതിന്‌ നീയല്ലേ മലബാറിപോയെ..."?
കുര്യന്‍ മെല്ലെ ചുമച്ചു. പറയാന്‍ തുടങ്ങി.

അമ്മ കരഞ്ഞതെന്തിനാന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. നമ്മള്‌ കരഞ്ഞില്ലാന്നേയുള്ളൂ... ജനിച്ചുവളര്‍ന്ന് മണ്ണീന്ന് വേരുപറിക്കാനാരാണിഷ്ടപ്പെടുക?ആര്‍ക്കും ഇഷ്ടമല്ല - വല്യപ്പനിഷ്ടമില്ല, അപ്പനിഷ്ടമില്ല, അമ്മയ്ക്ക്‌, ചേട്ടന്മാര്‍ക്ക്‌, പെങ്ങന്മാര്‍ക്ക്‌, നാത്തൂന്മാര്‍ക്ക്‌, പുള്ളോര്‍ക്ക്‌, വല്യമ്മച്ചിയ്ക്ക്‌, പൌലോച്ചായന്‍, മക്കള്‍ക്ക്‌ ആര്‍ക്കും ഇഷ്ടമില്ലെന്നറിയാം.പിന്നെ എനിക്കാണോ?

എനിക്കീമണ്ണ് വിടാന്‍ ഒട്ടും ഇഷ്ടമില്ല.-കാരണം ഞാന്‍ ജനിച്ചു വളര്‍ന്നമണ്ണാണ്‌,എന്റെ മണ്ണാണ്‌....

അമ്മയ്ക്കറിയാവുന്ന്തുപോലെ ഈ മണ്ണിന്റെ രഹസ്യങ്ങള്‍ ഞങ്ങള്‍ക്കറിയാം. ഒരു ജീവിതത്തിന്‌ വേണ്ടുന്നതായ പലതും ഈ മണ്ണ്‍ പലപ്പഴായി നമുക്ക്‌ തരുന്നുണ്ട്‌. ഞങ്ങള്‌ ചെറുതായിരുന്നപ്പോ വിശപ്പെന്തെന്ന് ഞങ്ങളറിഞ്ഞിട്ടില്ല. ഈ മണ്ണിലെവിടെ നോക്കിയാലും എന്തെങ്കിലും തിന്നാനുണ്ടാവും. ഞങ്ങടെ വയറുകള്‍ പീരപ്പെട്ടിക്കാപോലുണ്ടെന്നാ വല്യപ്പന്‍ പറയുക. ഒറ്റചവിട്ടിനെ നിന്റെ പീരപ്പെട്ടിക്കാപൊട്ടിക്കൂന്ന്, വല്യപ്പന്‍ പറയും. അമ്മ ഞങ്ങളെ നിര്‍ബന്ധിച്ചാ ചോറ്‌ തീറ്റുക. അവര്‍ക്കുവേണ്ടങ്കി കുത്തികേറ്റണ്ടടീ... അപ്പനും വല്യപ്പനും പറയും. സത്യത്തി ഞങ്ങടെ വയറ്റി ഇടമേ ഉണ്ടായിരുന്നില്ല. കാലം മാറി,ഞങ്ങള്‍ വലുതായി-പെണ്ണുകെട്ടി. ചേട്ടന്മാര്‌ മാറി - പെങ്ങള്‌ മാറി. ഒള്ള ഇടങ്ങളില്‍, മൂലകളില്‍ ചെറിയ കുശ്‌‌നാപ്പ്‌ വെച്ച്‌ പുതിയ ജീവിതങ്ങള്‍ തുടങ്ങി. നമ്മള്‌ വളര്‍ന്നപോലെ നമ്മടെ മക്കളെ തീറ്റിപ്പോറ്റാന്‍ വയ്യാണ്ടായി. പറമ്പുകൊണ്ട്‌ മാത്രം നമുക്ക്‌ നില്‍ക്കാന്‍
പറ്റാതെ നമ്മള്‌ പണിക്ക്‌ പോകാന്തൊടങ്ങി. വര്‍ക്കിച്ചായന്‍ നല്ല പണിക്കാരന‍ല്ലേ? കൃഷിപ്പണിയറിയാം, അറക്കപ്പണിയറിയാം, മഴുപ്പണിയറിയാം.... അറിയപ്പെടുന്ന വെടിക്കാരനാണ്‌.കുടുംബത്തിലിത്തിരി കഞ്ഞിവെള്ളം വേണങ്കി..... വല്ലോര്‌ടേം കൂലിവെടിക്ക്‌ പോണം. അല്ലെങ്കി എവിടെയെങ്കിലും പനയെടുത്ത്‌,വെട്ടിക്കിട്ടുന്ന പനങ്കാമ്പിന്റെ പങ്ക് കൊണ്ട് വന്ന് പനക്കുറുക്ക് ഉണ്ടാക്കണം.

പാപ്പഞ്ചായനെന്താ പണിയറിയാഞ്ഞോ?

കയ്യാലപ്പണിക്ക്‌ അപ്പന്‍ കഴിഞ്ഞാ ഈ നാട്ടില്‍ അറിയുന്ന ആളല്ലേ?കയ്യാലപാപ്പാനെന്ന് പേരുവരെ നാട്ടുകാരിട്ടു. ഇപ്പ്ലെന്താ സ്ഥിതി? കോട്ടയം ചന്തേല്‌ അപ്പന്റെ കൂടെ മോര്‍പ്പാളേല്‌ മോരുമായിപ്പോണം. അല്ലെങ്കി.... അതിരുമ്പുഴ പള്ളീലും,ഭരണങ്ങാനം പള്ളീലും ഇവിടെയുള്ള പള്ളികളിലൊക്കെ പെരുന്നാള്‍ക്ക്‌ ചേച്ചിയുണ്ടാക്കുന്ന വെന്തിങ്ങയും വിറ്റ്‌ നടക്കണം. പള്ളികളില്‍ ഓസ്തി ചുടാന്‍ പോയാ, പപ്പഞ്ചായന്‌ കുടുംബം പോറ്റാമ്പറ്റ്വോ?

എന്റെ കാര്യമെടുത്തോ... നല്ലപോലെ പണിയെടുക്കാനറിയാം. പണി ചെയ്യാന്‍ തയ്യാറുമാണ്‌. എത്ര സ്ഥലത്ത്‌ വാഴ്‌ നട്ടു, കപ്പ നട്ടു? ഇപ്പം ആകെക്കൂടി കിട്ടുന്നത്‌ പൂണ്ടന്‍ പണീടെ മേസ്തരിപ്പണി. മേസ്തരിപ്പണിക്കുപോയാ വയറുനിറയെ കള്ളും പുഴുക്കും കിട്ടും. കല്യാണപുരേല്‌ വെച്ചു വിളമ്പിനു കൂടാമ്പോയാലും ഇതുതന്നെ തന്ന് അവര്‍ പറയും. "കുര്യാ എല്ലാം നന്നായി- സന്തോഷം"

ഇതൊക്കെ മടുത്തിട്ടാ ഞാനും കൊച്ചേപ്പും കൂടെ സായ്പ്പുന്മാരുടെ പാളം പണിക്ക്‌ പോയത്‌. നേരം വെളുക്കുമുമ്പേ കങ്കാണിമാര്‌ വരും. മലകള്‍ തുരന്ന് അവരുടെ പാളങ്ങള്‍ നീട്ടലായിരുന്നു പണി.അവര്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ അടിയും കിട്ടും.പണിതേന്റെപോലും കൂലി ഒണ്ടാവൂലാ... തീവണ്ടിപ്പാളങ്ങള്‍ക്ക്‌ നീളം വയ്ക്കുന്തോറും അടുത്തടുത്ത്‌ വരുന്ന വണ്ടികളില്‍ യുദ്ധത്തിന്റെ കെടുതികളുമായിട്ടാണ്‌ ആള്‍ക്കാര്‍ വന്നുചാടിയത്‌. പട്ടിണിയും രോഗങ്ങളും ഞങ്ങളിലേക്ക്‌ പടര്‍ന്നപ്പോഴാണ്‌ കിട്ടിയവണ്ടിക്ക്‌ ഞങ്ങള്‍
രക്ഷപെട്ടത്‌.

ഇനി - ചേച്ചമ്മേനെ നമ്മള്‌ കെട്ടിച്ചു. തമിഴ്‌ പട്ടരുടെ അടുത്തുള്ള സ്ഥലം പണയം വെച്ചിട്ടാണ്‌ കെട്ടിച്ചത്‌. ഇതിന്റെ പണോം പലിശേം എങ്ങനെ കൊടുക്കാനാ?

അതെത്രയായീന്നാര്‍ക്കെങ്കിലും അറിയ്യോ? കടം കേറീന്നല്ലാതെ ഒരു കാല്‍പ്പെട്ടിവരെ പെണ്ണിന്‌ വാങ്ങിക്കൊടുക്കാനായോ?

ചേച്ചമ്മ പെട്ടെന്ന് കരഞ്ഞു.കുഞ്ഞുപെണ്ണ്‍ തലോടി. കുട്ട്യമ്മയും, പെണ്ണമ്മയും, ചിന്നമ്മയും തികന്നുവന്ന സങ്കടം പിടിച്ചൊതുക്കി.

കുര്യന്‍ തുടര്‍ന്നു-
"നമ്മളാര്‌ കരഞ്ഞാലും തീരുന്ന പ്രശ്നമല്ലിത്‌. ഇത്‌ നമ്മുടെ മാത്രം പ്രശ്നവുമല്ല. നിവൃത്തിയില്ലാത്തോര്‌ ഉള്ളത്‌ വിറ്റ്‌ മലബാറിലേക്ക്‌ പോകുന്നു... ഇവിടെ ഇപ്പം വല്യപ്പനടക്കം എല്ലാരും ഒണ്ടല്ലോ..എന്താണ്‌ നമ്മള്‍ ചെയ്യേണ്ടത്‌?"
"ഇനി മലബാറ്‌ വിശേഷം കേക്കട്ടെ..... നീ അവിടെ കണ്ടകാര്യങ്ങള്‌ പറയ്‌..." വല്യപ്പന്‍ പറഞ്ഞു.
"സത്യം പറഞ്ഞാ...മലബാറ്‌ പേടിപ്പെടുത്തുന്ന നാടാണ്‌. അമ്മയെക്കാള്‍ പേടിയായിട്ടാണ്‌ ഞങ്ങള്‍ പോന്നത്‌. മഞ്ഞപ്പിത്തം കഴിഞ്ഞ ഒടനെ മലമ്പനീം കൂടെ പിടിച്ചാലെന്താവും സ്ഥിതി? ചെന്നപ്പോഴല്ലേ.. വളരെ സുന്ദരമായ നാട്‌-കാട്‌-മലകള്‌-പുഴകള്‌-മനുഷ്യര്‌.... അതവിടെ ചെല്ലണം. കണ്ട്‌ തന്നെ മനസ്സിലാക്കണം. മലബാറിപോയിട്ട്‌, കാര്യം പുതിയ സ്ഥലത്തൂടെയാ നമ്മള്‌ പോണതെങ്കിലും നാളുകളായി പരിചയമുള്ള ഒരു സ്ഥലത്തുകൂടി നടക്കുന്നതായി തോന്നി.ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ ഒരു മറ്റക്കരക്കാരനോ, ചെങ്ങളംകാരനോ പാലാക്കാരനോ, മുത്തേലിക്കാരനോ ഉണ്ടാവും.... നമ്മുടെ കൊച്ചില്ലേ.. ഓക്കാനിക്കവക്കഞ്ചേട്ടന്റെ മോന്‌..... അവനവിടെ പത്ത്‌ പന്ത്രണ്ടേക്രസഥലം എടുത്ത്‌ ദേഹണ്ണിക്ക്വാ...
"പണ്ടൊക്കെ ഈ മണ്ണങ്ങന്യാരുന്നുണല്ല കരിച്ചാണകം മാതിരിയാ...പൊനം വെത കഴിഞ്ഞാ കൊയ്യാങ്കാലാകുമ്പോഴേക്കും മലങ്കാളികള്‌ വരും...ഓരോ ഉപ്പന്റെ മുഴുപ്പാണ്ടാവും ഓരോ മലന്തത്തകള്‍ക്ക്‌. ഒരു കതിരുകൊത്തി ഒരു മലങ്കിളിക്ക്‌ പറന്ന് പൊങ്ങാമ്പറ്റൂലായിരുന്നു... നെല്ല് വെളഞ്ഞ്‌ കെടക്ക്ന്ന കണ്ടാ പനങ്കൊലയാന്നേ തോന്നൂ..." വല്യപ്പന്‍ ഉഷാറാക്കി.
"വല്യപ്പനിപ്പ പറഞ്ഞില്ലേ...മലബാറ്‌ കണ്ടില്ലെ ഞാമ്പെറുതേ ശൂ ഠോ ന്ന് വെച്ചേനെ. വെടിയന്‍ വല്യപ്പന്‍ വെടി വിടുന്നേന്ന് പറഞ്ഞേനെ. ഏകദേശം ഇതുപോലത്തെ മണ്ണാ, മലബാറിലേത്‌... വല്യപ്പന്‍ പറഞ്ഞപോലത്തേത്‌...“"
"മൃഗങ്ങളൊണ്ടോടാ"?
വര്‍ക്കിക്കും തങ്കച്ചനും ക്ഷമിക്കാന്‍ പറ്റുന്നില്ല...
"മൃഗങ്ങളേ.. ഒള്ളൂ... ആന, കലമാന്‍, കേഴ, കാട്ടുപന്നി, മന്തി, മലയണ്ണാന്‍, മുള്ളമ്പന്നി, പുലി, കരടി, കടുവ...."
"നായാട്ടുകാരോ?"
"അവിടെ മുഴുവന്‍ വെടിക്കാരും പടക്കക്കാര്‍വാ തോക്ക്‌ കറക്കി വെടിവെക്ക്വാണെങ്കിലും എന്തെങ്കിലും വീഴും.ഏത്‌ വീട്ടിചെന്നാലും കപ്പപ്പുഴുക്ക്‌ പോലെയാ കാട്ടിറച്ചി."
വര്‍ക്കിക്കും തങ്കച്ചനും സന്തോഷമായി.
"പള്ളിയോ?" ചോദിച്ചത്‌ പാപ്പച്ചനാണ്‌.
"പാപ്പഞ്ചായന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ പള്ളി ഏതാ"?
കുര്യന്‍ ഒരു മറുചോദ്യം ചോദിച്ചു.
"ഭരണങ്ങാനം പള്ളി".
"അല്ലേ....എന്നാ അത്രേം ഇല്ലാന്നേ ഒള്ളൂ, മാഹിപ്പള്ളി... കേട്ടിടത്തോളം മാഹിപ്പള്ളി മാതാവിന്റെ പെരുന്നാളിന്‌ മലബാറ്‌ മുഴുവന്‍ അവിടൊണ്ടാവും. ചിന്നമ്മചേച്ചി ഒരു വര്‍ഷം
കൊണ്ടുണ്ടാക്കുന്ന പെന്തിങ്ങാ മുഴുവന്‍ ഒരു നാഴികകൊണ്ട്‌ വിറ്റ്‌ തീരും..."
പാപ്പച്ചന്‌ സന്തോഷമായി.
പാപ്പച്ചന്‍ പിന്നീട്‌ ഒന്നും പറഞ്ഞില്ല.
"ഇതൊന്നുമല്ല ഏറ്റവും വലിയ കാര്യം...അവിടെ സ്ഥലത്തിന്‌ വില കുറവാണ്‌.ഒരു രൂപയ്ക്ക്‌ ഒരേക്ര് സ്ഥലം കിട്ടും.... നൂറ്‌ രൂപയ്ക്ക്‌ നൂറേക്കറ്‌... അമ്പതുരൂപയ്ക്ക്‌ അമ്പതേക്കറ്‌..."
"വല്ല ഒറപ്പൊള്ളതാണോടാ?" അപ്പന്‍ ചാക്കോ ചോദിച്ചു.
"ഒറപ്പോ? അവിടെ ജനങ്ങള്‍ താമസിക്കുന്നു.കൃഷി ഇറക്കുന്നു.അവര്‍ക്കൊക്കെ കിട്ട്യപോലുള്ള ഒറപ്പ്‌ നമുക്കൊക്കെയുണ്ടാവും. ഞാനതിശയിച്ചുപോയ കാര്യമിതാണ്‌. കടല്‌ കടന്ന് വന്നസായ്പ്‌ നൂറ്‌ നൂറ്റന്‍പത്‌ കൊല്ലം മുമ്പ്‌ അവിടെയെത്തി.സ്വര്‍ണ്ണം വരെ അരിച്ചുപെറുക്കി കൊണ്ടുപോകുന്നു. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളുമുണ്ടാക്കുന്നു.അവരുടെ ബംഗ്ലാവുകള്‍ പണിയുന്നു. നമ്മളിവിടെ,അവിടെ പോയാ പനി പിടിക്കൂന്നും പറഞ്ഞ്‌ ഇവിടെത്തന്നെ വിറച്ചിരിക്കുന്നു."

കുര്യന്‍ പറഞ്ഞപ്പോളെല്ലാവരും ചിരിച്ചു.
ആ ചിരിയോടെ തെയ്യാമ്മ പോലും ഒന്നയഞ്ഞു.
തെയ്യാമ്മ പറഞ്ഞു: "ഇനി വല്ലോം കഴിച്ചിട്ടാട്ടെ,എരുമേലീന്ന് വന്ന ആ കൊച്ച്‌ വെള്ളം പോലും കഴിച്ചിട്ടില്ല..."
"എല്ലാവരും എണീറ്റ്‌ കൈകഴുകടാവ്വേ..." വല്യപ്പന്‍ ഉഷാറാക്കി.
ചക്കപ്പുഴുക്കും മീനും തിന്നുമ്പോള്‍ വല്യപ്പന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു;

“അപ്പച്ചാ, പുണ്യാളനെ വിളിച്ചിട്ട് കാര്യമില്ല... സൂക്ഷിച്ച് പതുക്കെ തിന്നണേ...”

Subscribe Tharjani |