തര്‍ജ്ജനി

ശിവകുമാര്‍ ആര്‍ പി

ഫോണ്‍: 9447761425

ഇ-മെയില്‍: sivanrp@rediffmail.com

Visit Home Page ...

മുഖമൊഴി

വിരിച്ചിട്ട പരവതാനികള്‍

സമകാലിക വിഖ്യാതചലച്ചിത്രകാരന്മാരില്‍ ഒരാളായ അബ്ദുറഹിമാന്‍ സിസ്സാക്കോയുടെ ‘ബമാക്കോ’ (കോടതി) എന്ന പുതിയ ചിത്രം ആഫ്രിക്കയിലെ ഒരു ഗ്രാമ പരിസരത്ത് വിചാരണയ്ക്കു വയ്ക്കുന്നത് രണ്ടു കൂറ്റന്മാരെയാണ്, വേള്‍ഡ് ബാങ്കിനെയും ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിനെയും. ‘ആഫ്രിക്കയുടെ കൂട്ടുകാരായി’ എത്തിയ ഈ രണ്ടു വമ്പന്മാരും ആഫ്രിക്കന്‍ രാജ്യങ്ങളെ ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കടക്കെണിയില്‍പ്പെടുത്തിയതെങ്ങനെ എന്ന് ദാരിദ്ര്യം പിച്ചിച്ചീന്തിയ സാധാരണമനുഷ്യരുടെ സാക്ഷിമൊഴികളെ പകര്‍ത്തിവച്ചുകൊണ്ട് ചിത്രം സംസാരിക്കുന്നു. മൊത്തം വരുമാനത്തിന്റെ ഭൂരിഭാഗവും വായ്പ തിരിച്ചടയ്ക്കാന്‍ വേണ്ടി മാറ്റിവയ്ക്കേണ്ടി വരുന്ന ഗിനിയ, റുവാണ്ട, സൊമാലിയ, ചാഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പൊതുജനാരോഗ്യം, കൃഷി, കുടിവെള്ളം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വകയിരുത്താന്‍ പണമില്ല. ഉദ്യോഗസ്ഥ അഴിമതിയും ദാരിദ്ര്യം വരികൊടുത്തു നിര്‍മ്മിക്കുന്ന കലാപങ്ങളും കൂടിച്ചേരുമ്പോള്‍ ഒരു മേഖലയുടെ വിണ്ടുകീറിയ ഭൂപടം ചോര മാത്രം വീണു നനയുന്നു..

സഹനം മാത്രം വിധിക്കപ്പെട്ട കറുത്തവര്‍ നമുക്ക് ഒരു കാഴ്ചമാത്രമാണ്. പക്ഷേ അതെപ്പോഴും അങ്ങനെ ആകുക വയ്യ. കേരള സംസ്ഥാനത്തെ അഞ്ചു കോര്‍പ്പറേഷനുകളിലെ കുടിവെള്ള വിതരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയ്ക്ക് ഏഷ്യന്‍ വികസന ബാങ്കിന് നേരിട്ട് അധികാരം നല്‍കുന്ന കരാറില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഒപ്പുവച്ചത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അറിയാതെയാണത്രേ. കേരള സര്‍ക്കാരിന്റെ പ്രതിനിധി ഇന്ദ്രജിത്ത് സിങ്ങും എ ഡി ബി യുടെ കണ്‍‌ട്രി മാനേജന്‍ സകാഷി കോണ്ടയും ചേര്‍ന്ന് ഒപ്പിട്ട കരാറനുസരിച്ച് 3405 കോടിയാണ് ‘ഈ നല്ല കാര്യത്തിനു’ വായ്പയായി കേരളത്തിനു കിട്ടാന്‍ പോകുന്നത്. ഈ തുകയെല്ലാം കൂടി കേരളത്തിലെ അഞ്ചു നഗരങ്ങളിലേയ്ക്ക് ഒഴുകിച്ചെന്ന് അവയെ ‘സുസ്ഥിര‘മാക്കുന്ന കാഴ്ച കൊണ്ട് സമ്പന്നമാവാന്‍ പോകുകയാണ് വരും വര്‍ഷങ്ങള്‍. കാര്യങ്ങള്‍ ഇത്രമാത്രം സമ്പന്നമായതു കൊണ്ട് അതു മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ തന്നെയെന്ത്?

1999-ല്‍ ഈസ്റ്റ് തിമൂറില്‍ അടിസ്ഥാന സൌകര്യവികസനത്തിനായി 5 പദ്ധതികള്‍ എ ഡി ബി മുന്നോട്ട് വച്ചിരുന്നു. അതില്‍ ജലവിതരണ ശുചീകരണ പദ്ധതിയ്ക്ക് അനുവദിക്കപ്പെട്ട ഫണ്ടിന്റെ (മൊത്തം തുക 520 മില്യന്‍ ഡോളര്‍) 30% തുക വിദേശ വിദഗ്ദോപദേശകര്‍ക്കാണ് ലഭിച്ചത്. 80% ലധികം വിവിധ കോണ്‍‌ട്രാക്ടര്‍മാര്‍ വഴി വിദേശ ഉപദേശകന്മാരും അന്താരാഷ്ട്ര എന്‍ ജി ഓ സംഘടനകളും വീതിച്ചെടുത്തു. യൂറോപ്യന്‍ കമ്മീഷന്റെ വിലയിരുത്തലില്‍ പറയുന്നത് ഫണ്ടിന്റെ മൂന്നിലൊന്ന് വിദഗ്ദ്ധ സംഘം തിന്നും കുടിച്ചും തീര്‍ത്തു എന്നാണ്. ബാക്കി വിദേശപ്രതിനിധികളുടെ വിസ, ശമ്പളം......ചുരുക്കത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തിമൂറില്‍ നടന്നില്ല. പോഷകാഹാരക്കുറവ്, ശുദ്ധജലമില്ലായ്മ, ഭക്ഷ്യ അരക്ഷിതത്വം, പകര്‍ച്ചവ്യാധികള്‍, പട്ടിണി മരണങ്ങള്‍, തൊഴിലില്ലായ്മ എന്നിവ കൂടുകയും ചെയ്തു. ദീര്‍ഘദര്‍ശനമില്ലാത്ത വികസന അജണ്ടകള്‍ ഒഴിപ്പിച്ചു വിട്ട് അഭയാര്‍ത്ഥികളാക്കിയ ജനങ്ങളുടെ എണ്ണം 150,000. ചൈനയിലെ ടാങോ, സോന്യ, ചോംഗായിങ്, ടാന്‍ഷോ പ്രവിശ്യകളിലെ ജലവിതരണവും മലിന ജലശുദ്ധീകരണവും നടത്താനുള്ള അവകാശം എ ഡി ബി ഇടപെടലിന്റെ ഫലമായി സൊയസ്, വിയോലിയ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളാണ് നേടിയെടുത്തത്. മുനിസിപ്പാലിറ്റിയുടെ ജലവിതരണ സമ്പ്രദായം നിലവിലുള്ള സ്ഥലങ്ങളില്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തി ഈ സ്വകാര്യ കമ്പനികള്‍ ജലത്തിന്റെ മൊത്തവിതരണം കൈക്കലാക്കി. കുടിവെള്ളത്തിന്റെ വിലകൂടി. കമ്പനികള്‍ക്ക് തീറെഴുതിയ നദികളില്‍ നീരൊഴുക്ക് കുറഞ്ഞ് പരിസരങ്ങള്‍ വാസയോഗ്യമല്ലാതെയായി. ഇന്നിപ്പോള്‍ 300 നഗരങ്ങള്‍ ചൈനയില്‍ ജലവിഭവദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ് കണക്ക്. തായ്‌ലാന്റില്‍ മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോങ്ഡാന്‍ മേഖലയിലെ ‘സമുദ് പ്രകാന്‍‘ എന്ന മലിനജല ശുദ്ധീകരണ പ്ലാന്റ് അതിഭീകരമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ അഴിമതിയുടെയും ചൂഷണത്തിന്റെയും സാക്ഷിപത്രമാണ്. 230 മില്യന്‍ ഡോളറായിരുന്നു ഈ പദ്ധതിയുടെ വായ്പതുക. അതുകൊണ്ട് നിയമങ്ങള്‍ പലതും അട്ടിമറിക്കപ്പെട്ടു. കരാറിലുള്ള സ്ഥലത്തോ പറഞ്ഞ രീതിയിലോ അല്ല പദ്ധതി നടപ്പാക്കിയത്. പാളിച്ചയില്‍ വന്ന ദുരന്തങ്ങള്‍ കെട്ടിയേല്‍പ്പിക്കപ്പെട്ടത് നിത്യവൃത്തിയ്ക്ക് ഉഴയ്ക്കുന്ന പാവങ്ങളുടെ തലയിലും.

അഴിമതിക്കാര്യത്തില്‍ തായ്‌ലാന്റിനെ ലോകത്ത് ഒന്നാമതാക്കിയതിനു പിന്നില്‍ എ ഡി ബി വായ്പകള്‍ക്ക് നല്ല പങ്കുണ്ട്. പണം കണ്ടു മത്തുപിടിച്ച നേതൃത്വങ്ങള്‍ രാജ്യത്തെ മറന്നു. ജനങ്ങളെ മറന്നു. നമ്മുടെ തൊട്ടയല്‍പക്കമായ ശ്രീലങ്കയില്‍ 1994-ല്‍ എ ഡി ബി മുന്നോട്ടു വച്ച പദ്ധതിയില്‍ 24 എക്സ്പ്രസ്സ് ഹൈവേകളാണുണ്ടായിരുന്നത്. ഇന്ത്യയിലേയ്ക്ക് 22 കി മി പാലവും ഇതിന്റെ പരിധിയില്‍ വരും. സ്ഥലമെടുപ്പും അഴിമതിയും ചിട്ടപ്പടി നടന്നു. എക്സ്പ്രസ്സ് ഹൈവേകളുടെ പ്രാധാന്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ മാത്രം പരസ്യത്തിനു ചെലവാക്കിയ തുക 180 മില്യന്‍ എന്നാണ് കണക്കാക്കുന്നത്. ഒന്നും ഗുണം പിടിച്ചില്ല. കൃഷിയും വാസസ്ഥലവും നഷ്ടപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതായ ജനം ഇന്നും സമരമുഖത്താണ്.

ഏഷ്യാപെസഫിക്ക് രാജ്യങ്ങളിലെ ദാരിദ്ര്യത്തെ ഇല്ലാതാക്കാനായി നിലവില്‍ വന്ന ഒരു സ്ഥാപനം, ഇതേ രാജ്യങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കൂട്ടിക്കൊണ്ടിരിക്കുന്നതെങ്ങനെ എന്നതിന് ചില ഉദാഹരണങ്ങളാണ് ഇവ. എ ഡി ബിയിലെ പത്തു വലിയ ഓഹരി ഉടമകളില്‍ ഒന്നാണ് ഇന്ത്യ. 2005-ലെ കണക്കനുസരിച്ച് നാമെടുത്തിട്ടുള്ള വായ്പകളുടെ എണ്ണം 85 ആണ്. തുക വച്ച് നോക്കുകയാണെങ്കില്‍ 239 വായ്പകളെടുത്ത പാകിസ്ഥാനെക്കാള്‍ കൂടുതല്‍ പണം ഇന്ത്യ കൈപ്പറ്റിയിട്ടുണ്ട്. 1.3 ബില്യണ്‍. ചൈനയാണ് ഇത്രയും തുക വാങ്ങിച്ചെടുത്ത മറ്റൊരു രാജ്യം. ഇന്ത്യയ്ക്കു വേണ്ടി തയാറാക്കിയ സി എസ് പി അനുസരിച്ച് വായ്പ നല്‍കലും വാങ്ങലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ചുറ്റും നടക്കുന്ന നടുക്കുന്ന ഉദാഹരണങ്ങള്‍ വായ്പ വാങ്ങിച്ചെടുക്കാന്‍ നാം കാണിക്കുന്ന ശുഷ്ക്കാന്തിയെ ഒരു തരത്തിലും തടയുന്നില്ല എന്നതാണ് ദുരന്തം. നമുക്ക് പൈതൃകമായി കിട്ടിയ പ്രക്ഷോഭവാസന പുതുതായി രൂപം കൊള്ളുന്ന സാമ്പത്തിക മേഖലകളില്‍ തട്ടി തകര്‍ന്നോളും. അതിനുള്ള വഴി വായ്പകള്‍ക്കു മുന്‍പ് തന്നെ ഒരുങ്ങി. അങ്ങനെ കേരളം മുഴുവന്‍ മെല്ലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക തരം സാമ്പത്തിക മേഖലകളിലേയ്ക്കാണ് (പുതിയ നാട്ടുരാജ്യങ്ങള്‍ എന്നു ദേവീന്ദര്‍ ശര്‍മ്മ) ആട്ടിന്‍പ്പറ്റങ്ങളെപ്പോലെ നാം മേഞ്ഞു ചെന്നു കയറുന്നത്. കച്ചവടത്തിനു വന്ന വിദേശികള്‍ കെട്ടിയ കോട്ടകള്‍ക്ക് ആദ്യമുണ്ടായിരുന്ന കൌതുകം ചുരുങ്ങിയ കാലം കൊണ്ടു നിലച്ചുപോയതിന് ഉദാഹരണങ്ങള്‍ ചരിത്ര പുസ്തകങ്ങളിലെ അധികം മഞ്ഞയാവാത്ത താളുകളിലുണ്ട്. അതേ ചരിത്രം പല രൂപത്തില്‍ ആവര്‍ത്തിക്കുന്നു. പോര്‍ട്ടുഗീസുകാര്‍ സാമൂതിരിയെ വകവച്ചില്ല, എ ഡി ബി മേധാവിയ്ക്ക് അപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയെ കാത്തുനില്‍ക്കേണ്ടതുണ്ടോ? ഇതൊരു വായ്പ പ്രശ്നം മാത്രമല്ല. നമ്മളറിയാതെ നമ്മുടെ ജീവിത മണ്ഡലത്തെയാകെ സ്വാധീനിച്ചുകഴിഞ്ഞ പുതിയ കൊളോണിയലിസത്തിന്റെ വിദഗ്ദ്ധ പണിയാലയാണ്. . കൊട്ടും കുഴലുമായി നടത്തിയെടുക്കുന്ന വിദ്യാഭ്യാസ പരിഷ്കരണ പരിപാടികളില്‍ പോലും, പങ്കാളിത്തം, സഹകരണം, ഉത്തരവാദിത്വം, സമയനിഷ്ഠ തുടങ്ങി രാഷ്ട്രാന്തരീയ എജന്‍സികള്‍ മുന്നോട്ടു വയ്ക്കുന്ന വിലോഭനീയമായ പരികല്‍പ്പനകള്‍ മുഴങ്ങി കേള്‍ക്കുന്നത് യാദൃച്ഛികമല്ല്ല. ഇടതുപക്ഷ കക്ഷികള്‍ കൂട്ടത്തോടെ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കില്‍ നിന്ന് (ഡിസംബര്‍ 14) തിരുവനന്തപുരത്തു നടന്ന ചലച്ചിത്രമേള സോപാധികം ഒഴിവാക്കപ്പെട്ടു.എന്തിന് ? തെരുവില്‍ അന്നന്ന് പണിഞ്ഞ് കഴിയുന്നവന്റെ അന്നം മുട്ടിക്കുന്നതില്‍ കവിഞ്ഞ പ്രാധാന്യമുള്ള വലിയ രാഷ്ട്രീയം ചലച്ചിത്രമേളയ്ക്കുള്ളത്, അവിടെ വിദേശപ്രതിനിധികളുണ്ട് എന്നതാണ്. റോഡില്‍ മുറുക്കിയോ അല്ലാതെയോ തുപ്പുന്നതും മൂക്കു ചീറ്റുന്നതും സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചത് രണ്ടാഴ്ചകള്‍ക്കു മുന്‍പാണ്. നല്ല കാര്യം. എന്നാല്‍ ആരോഗ്യഭീഷണിയും വൃത്തികേടും പകര്‍ച്ചവ്യാധികളും ഉണ്ടാക്കുന്നതു കൊണ്ടു മാത്രമല്ല ഈ നിരോധനം. വിനോദസഞ്ചാരികള്‍ക്ക് അതുണ്ടാക്കുന്ന വെറുപ്പിനെപ്പറ്റി സര്‍ക്കാര്‍ ഉത്തരവില്‍ പ്രത്യേക പരാമര്‍ശമുണ്ട്. എടുത്തുപിടിച്ചുള്ള ഈ നിരോധനത്തിനപ്പോള്‍ കാര്യമായ അടിസ്ഥാനമുണ്ട്.

നമ്മുടെ വൈദേശികഭ്രമം പുതിയ കൈവഴികള്‍ തേടി തുടങ്ങുന്നു. വിരിച്ചിട്ട പരവതാനികള്‍ അവസാനിക്കുന്നത് നമ്മുടെ വളഞ്ഞ മുതുകുകളിലേയ്ക്കാണെന്ന് അറിയാതെ, അവയ്ക്കു മുന്നില്‍ നമ്മള്‍, ആതിഥേയര്‍ ഒരുങ്ങി നില്‍പ്പാണ്. വികസനകാര്യത്തില്‍ ഒരുപാട് മുന്നോട്ട് ചെന്നെന്നും വികസിതരാജ്യങ്ങള്‍ക്കൊപ്പം ജീവിതഗുണത നേടിയെടുത്ത് മാതൃകയായെന്നും പറഞ്ഞ് ഊറ്റം കൊണ്ടിരുന്ന ഒരു സംസ്ഥാനത്തിന്റെ ഇനിയുള്ള വികസനനയം എന്തായിരിക്കണമെന്ന നിര്‍ദ്ദേശവും വായ്പതുകയുമായി എത്താന്‍ ലോകബാങ്കിനും എ ഡിബിയ്ക്കുമൊക്കെ ധൈര്യം നല്‍കിയത് എന്താണ്, ആരാണ് എന്നൊക്കെ ആലോചിക്കേണ്ടതുണ്ട് . അല്ലെങ്കില്‍ വരാന്‍ പോകുന്ന സംവത്സരങ്ങളിലേയ്ക്ക് ആത്മാഭിമാനത്തോടെ ഉറ്റുനോക്കാന്‍ കഴിയാത്ത ഒരു ജനതയായി തെരുവോരത്തിരുന്നു വെയിലു കൊള്ളുന്ന മലയാളികള്‍, ഏതെങ്കിലും അന്താരാഷ്ട്രചലച്ചിത്രമേളയില്‍ ഏറ്റവുമധികം കൈയടി നേടുന്ന ചിത്രത്തിന്റെ പ്രമേയമായി മാറുന്ന കാലം അതിവിദൂരമല്ല.

കടപ്പാട് : എ ഡി ബി എന്തുചെയ്യുന്നു? (മുഹമ്മദ് ഇര്‍ഷാദ്, ആര്‍. സുനില്‍), www.adb.org, www.uiowa.edu

Subscribe Tharjani |