തര്‍ജ്ജനി

സുരേഷ് കൂത്തുപറമ്പ്

കലാചിത്ര
കൂത്തുപറമ്പ്
കണ്ണൂര്‍

ഫോണ്‍: 9447364752

ഇ-മെയില്‍: sureshkoothuparamba@yahoo.com

Visit Home Page ...

വര്‍ത്തമാനം

കേരളീയ ചിത്രകലയുടെ വര്‍ത്തമാനം - ജി. രാജേന്ദ്രന്‍

ശ്രീ. രാജേന്ദ്രന്‍ ‍, കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും ചിത്രകലാപ്രവര്‍ത്തനം നടത്തിയ ഒരാള്‍ എന്ന നിലയില്‍ അനുഭവങ്ങള്‍ ഒന്ന് വിശദീകരിക്കാ‍മോ?

ഇതര സംസ്ഥാനങ്ങള്‍ എന്നു പറയുമ്പോള്‍ ദല്‍ഹി, മുംബായ്, കല്‍ക്കത്ത, ബാംഗ്ലൂര്‍ ‍, ചെന്നൈ തുടങ്ങിയ നഗരങ്ങളായിരിക്കും താങ്കള്‍ ഉദ്ദേശിക്കുന്നത്. വ്യത്യസ്തമാണ് അവിടത്തെ അന്തരീക്ഷവും കലാപ്രവര്‍ത്തനവും. കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും ഏറെ സൌകര്യങ്ങളുണ്ട്, സാദ്ധ്യതകളുണ്ട്. കലാമൂല്യമുള്ള സൃഷ്ടികളെ തിരിച്ചറിഞ്ഞ് പ്രമോട്ട് ചെയ്യാനും പ്രസിദ്ധീകരിക്കുവാനും സന്മനസ്സുള്ള ആര്‍ട്ട് ക്രിട്ടിക്കുകള്‍ ഉണ്ട്, ആര്‍ട്ട് കളക്ടേഴ്സ് ഉണ്ട്. അതുകൊണ്ട് അവിടെ കലാകാരന്മാരുടെ നിലപാടും മാനസികാവസ്ഥയും കലയോടുള്ള സമീപനവും ഏറെ വ്യത്യസ്തമാണ്. നമുക്കുള്ള പല കോംപ്ലെക്‍സുകളും അവര്‍ക്കില്ല. അവനവന്റെ കഴിവും കഴിവുകേടും അവര്‍ക്ക് തിരിച്ചറിയാം. കഴിവും പ്രതിഭയും ഉള്ള ഒരു കലാകാരനെ,മലയാളിയായാലും ബംഗാളിയായാലും, അംഗീകരിക്കുവാനോ ആദരിക്കുവാനോ അവര്‍ക്ക് മടിയില്ല - കൂട്ടായ്മയും വികസനവും സ്വൈരവും സ്വാതന്ത്ര്യവും അവിടുണ്ട്. ഇതു തന്നെയാണ് മിക്ക മലയാളി കലാകാരന്മാരും അവരുടെ പ്രവര്‍ത്തനരംഗം ഇതരനഗരങ്ങളില്‍ കേന്ദ്രീകരിക്കുവാന്‍ കാരണമായതും ഇപ്പോള്‍ തുടരുന്നതും. കേരളത്തില്‍ ഈ ഒരു അവസ്ഥ സംജാതമാകുകയെന്നത് വളരെ ശ്രമകരവും ബുദ്ധിമുട്ടുകളേറിയതുമായിട്ടാണ് എനിക്ക് കാണാന്‍ കഴിയുന്നത്.

കേരളത്തിലെ ചിത്ര-ശില്പകലകള്‍ക്ക് താങ്കള്‍ പഠനം നടത്തുന്ന കാലവും ഇന്നത്തെ അവസ്ഥയും തമ്മിലുള്ള അന്തരം ഒന്ന് വിശകലനം ചെയ്യാമോ?

ഞാന്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കിയത് തിരുവനന്തപുരത്തെ ഗവ: സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സില്‍ നിന്നുമാണ്.(ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്). ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയുമാണ് കോഴ്സുകള്‍ ‍. ഈ രണ്ടു കോഴ്സുകളും സമര്‍ത്ഥമായി പൂര്‍ത്തിയാക്കി ഇറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ചിത്രകാരനെന്നോ ശില്പിയെന്നോ തന്റേടത്തോടെ പറയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളത്. അത്രയ്ക്ക് കര്‍ക്കശമായ പഠനക്രമവും രീതിയുമാണ് അന്നുണ്ടായിരുന്നത്. മാത്രമല്ല അവ കൈകാര്യം ചെയ്യുവാന്‍ കഴിവുറ്റ അദ്ധ്യാപകരും ഉണ്ടായിരുന്നു. 1960-കളില്‍ ഭാരതത്തില്‍ മിക്കവാറും എല്ലാ ചിത്രശില്പകലാസ്ഥാപനങ്ങളും സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

കേരളത്തില്‍ ചിത്രശില്പകലകളുടെ ഇന്നത്തെ അവസ്ഥ എന്താണ്?

അവസ്ഥ കൊള്ളാം, പക്ഷേ മെച്ചമല്ല. കലയ്ക്കും കലാപ്രവര്‍ത്തനത്തിനും അനുകൂലമായ ഒരു കാലാവസ്ഥ ആവശ്യമാണ്. അത് ഇനിയും എത്തിയിട്ടില്ല. അങ്ങിങ്ങായി പല പുതിയ നാമ്പുകളും ഇവിടെ വിടരുന്നുണ്ട്, കലയുടെ വിപണനത്തിനും വികാസത്തിനും വേണ്ടി എന്ന സാക്ഷ്യപ്പെടുത്തലുകളുമായി. ഇവകള്‍ ചില പ്രത്യേക ഗ്രൂപ്പുകളെയും ക്ലിക്കുകളെയും നിലനിറുത്തുക എന്ന താല്പര്യം വച്ചുള്ളവയാണ്. കലാമൂല്യത്തെക്കുറിച്ചും വ്യക്തിഗതമായ ശൈലികളെക്കുറിച്ചും ഈ ആര്‍ട്ട് മാര്‍ക്കറ്റുകാരുടെ നിഗമനങ്ങള്‍ ശരിയാവണമെന്നില്ല.

കേരളത്തില്‍ ഇപ്പോഴുള്ള കലാ‍ഭ്യസനസൌകര്യങ്ങള്‍ കണക്കിലെടുത്താല്‍ വരും കാലങ്ങളില്‍ യുവതലമുറയില്‍ പെട്ട നിരവധി ചിത്രശില്പകാരന്മാരുടെ സജീവമായ സാന്നിദ്ധ്യവും പ്രവര്‍ത്തനവും കേരളത്തില്‍ ഇന്നു നമുക്ക് നേരിടുന്ന പല ദുരവസ്ഥകളും മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

കേരളീയരായ മിക്ക ചിത്രശില്പകാരന്മാരും കേരളം ചിത്രശില്പകലയ്ക്ക് വളക്കൂറുള്ള മണ്ണല്ല എന്ന് പറയുന്നത് ശരിയാണോ?

ശരിയാണ് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഇത് നമ്മുടെ വിശ്രുത ചിത്രകാരനായിരുന്ന ശ്രീ.രാജാ രവിവര്‍മ്മ മുതല്‍ കെ.സി.എസ്.പണിക്കര്‍ ‍, കെ. ജി. സുബ്രഹ്മണ്യം, എ.രാമചന്ദ്രന്‍ ‍, മാധവമേനോന്‍ ‍, പാരീസ് വിശ്വനാഥന്‍ ‍, അക്കിത്തം നാരായണന്‍ , കെ. വി. ഹരിദാസന്‍ , ശില്പി രാജശേഖരന്‍ നായര്‍ , പി. ഗോപിനാഥ്, യൂസഫ് അറയ്ക്കല്‍ തുടങ്ങി പുതിയ തലമുറയിലെ ഷിബു നടേശന്‍ ‍, കൃഷ്ണമാചാരി ബോസ്, അക്കിത്തം വാസുദേവന്‍ ‍, സുരേന്ദ്രന്‍ നായര്‍ വരെയുള്ള പ്രസിദ്ധരായ നമ്മുടെ കലാകാരന്മാര്‍ തെളിയിച്ചിട്ടുള്ള വസ്തുതയാണ്. വളരെ ചുരുക്കം ചിലര്‍ കേരളത്തിനകത്തു നിന്ന് പ്രവര്‍ത്തിക്കുകയും അംഗീകാരം നേടുകയും ചെയ്തത് വിസ്മരിക്കുന്നില്ല.

കേരള ജനതയുടെ ചിത്രശില്പ കലാസ്വാദനത്തിന്റെ നിലവാരം ഇന്നത്തെ അവസ്ഥയില്‍ കലാകാരന് ഗുണപരമല്ല. ഇതിന് മാറ്റം വരുത്തുവാന്‍ എന്തു ചെയ്യുവാന്‍ പറ്റും?

കലാസ്വാദനത്തിന്റെ നിലവാരം കലാകാരന് ഗുണകരമാവണമെങ്കില്‍ ആസ്വാദകന്‍ നല്ലൊരു കലാസ്നേഹി കൂടിയാവണം. വെറുതെ ഒരു കലാപ്രദര്‍ശനം കണ്ടു മടങ്ങുന്ന ആസ്വാദകന് ആസ്വാദനം മാത്രമാണ് ലക്ഷ്യം. ഒരു കലാസൃഷ്ടിയെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവനാണ് നല്ല ഒരു കലാസ്നേഹി. അവനു സാമ്പത്തിക ഭദ്രതയുണ്ടെങ്കില്‍ അവ സ്വന്തമാക്കാനും സൂക്ഷിക്കുവാനും താല്പര്യമുണ്ടാവും. കേരളത്തില്‍ സമ്പത്തുള്ള മഹാരഥന്മാര്‍ ഏറെയുണ്ടെങ്കിലും ഒരു ചിത്രമോ ശില്പമോ വാങ്ങി സൂക്ഷിക്കുവാനുള്ള മഹാമനസ്കത ഇനിയും കൈവന്നിട്ടില്ല. മത്സരിച്ച് മത്സരിച്ച് വാസഗൃഹങ്ങളും എടുപ്പുകളും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുകയും മോടിപിടിപ്പിക്കുകയും ചെയ്യുമ്പോള്‍ ഒരു ചെറിയ സംഖ്യ മുടക്കി ഒരു ചിത്രമോ ശില്പമോ വാങ്ങി സൂക്ഷിക്കുക എന്ന ശീലം ഉണ്ടാക്കേണ്ടിയിരിക്കുന്നു. മാറി വരുന്ന സാമ്പത്തികവ്യവസ്ഥിതിയില്‍ ചിത്രശില്പകലകളുടെ ആസ്വാദനവും സമ്പാദനവും ഗ്യാലറികളില്‍ നിന്നും സ്വന്തം വാസസ്ഥലങ്ങളിലെ ഭിത്തികളിലും തളങ്ങളിലും അലങ്കരിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവും. ഇതിനായി നല്ല നിലവാരമുള്ള വിപണനഗ്യാലറികള്‍ നമ്മുടെ നഗരങ്ങളിലും മറ്റും ഇനിയും ഉണ്ടാവേണ്ടതുണ്ട്. ഇവിടുത്തെ ലളിതകലാ അക്കാദമി, കലാവിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയ കലാകേന്ദ്രങ്ങളും വേണ്ടപ്പെട്ട കലാകാരന്മാരും ജാഗ്രതയോടെ സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ ഇന്നത്തെ ജനസമൂഹവും കലയും തമ്മിലുള്ള ധാരണാപിശകുകള്‍ തിരുത്താനും ആസ്വാദനനിലവാരം ഗുണകരമാക്കുവാനും കഴിയും.

ശ്രീ കാനായി കുഞ്ഞിരാമനെ പോലെയുള്ളവര്‍ കേരളത്തിനു പുറത്തും വിദേശത്തും പഠനം നടത്തിയിട്ടും തന്റെ തട്ടകം മലയാളമെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് വിജയിച്ചത് തെളിവല്ലേ?

എന്ത് തെളിവ്? ഇത്തരം ഒരു തെളിവ് കേരളത്തില്‍ വേറെ ഒരു ശില്പിക്ക് നേടുവാന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. മലയാളത്തിന്റെ ചരിത്രത്തില്‍ കാനായിയുടെ ശില്പനിര്‍മ്മിതി ഒരു ഒറ്റപ്പെട്ട സംഭവമാണ്. കാലോചിതമായ അവസരവും അദ്ധ്വാനവും ഭാഗ്യവും ഒത്തുകിട്ടിയതാണ് ശ്രീ കാനായി കുഞ്ഞിരാമന്റെ ശില്പനിര്‍മ്മിതിയുടെ വിജയം. സമൂഹികമായും രാഷ്ട്രീയമായും ഭാഷാപരമായും ആചാരപരമായും ഏറെ വൈരുദ്ധ്യങ്ങളുള്ള ഒരു നാട്ടില്‍ ഉടുതുണിയില്ലാത്ത പടുകൂറ്റന്‍ നഗ്നസ്ത്രീരൂപങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പ്രതിഷ്ഠിക്കുക എന്നത് വെറും ഒരു ശില്പ നിര്‍മ്മിതിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന കാര്യമല്ല. അശ്ലീലമെന്നും
നഗ്നതയെന്നും പറഞ്ഞു ശീലിപ്പിച്ച നമ്മുടെ ഭാഷ പ്രയോഗത്തിന്റെയും സൌന്ദര്യ ശാസ്ത്രസങ്കല്പനിബന്ധനകളുടെയും “കാപട്യത്തിന്റെ” മറ നീക്കലാണ് കാനായിയുടെ യക്ഷിയും ശംഖുമുഖത്തെ സാഗരകന്യകയും. ശില്പഭാഷയുടെ ജനകീയവല്ക്കരണം. അദ്ദേഹത്തിന്റെ തന്നെ മുക്കോലപ്പെരുമാള്‍ തുടങ്ങി വേളി ടൂറിസ്റ്റ് വില്ലേജിലെ ശില്പനിര്‍മ്മിതികളും സംവിധാനവും വരെ ഒരു ശില്പി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിന്റെയും പ്രതിഭയുടെയും വെളിപ്പെടുത്തലുകളാണ്.

താങ്കള്‍ ചിത്രശില്പകലകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ , മാര്‍ക്കുകള്‍ ഇവ ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?

സര്‍ട്ടിഫിക്കറ്റുകളോ മാര്‍ക്കുകളോ ഒരുവന്റെ കലാസൃഷ്ടിയെയോ പ്രതിഭയെയോ ബാധിക്കുന്ന കാര്യങ്ങളല്ല. ശരിയായ പഠനം കാര്യമാണ്. യോഗ്യമായ വിദ്യാലയത്തിലും യോഗ്യരായ കലാദ്ധ്യാപകരുടെ ശിക്ഷണത്തിലും പഠനം നടത്തുന്നത് കലയുടെ കാര്യത്തില്‍ ഒരു മഹാഭാഗ്യമായി കരുതുന്നു.

കേരളീയ പാരമ്പര്യ മ്യൂറല്‍ രചനാസങ്കേതങ്ങള്‍ ഇന്ന് സമകാലികകലയെ ഏതെങ്കിലും തരത്തില്‍ ധ്വംസിക്കുന്നുണ്ടോ?

സമകാലികകലയെയും സമകാലികനായ കലാകാരനെയും ധ്വംസിക്കുന്ന പല ഘടകങ്ങളും ഇന്നും കേരളത്തില്‍ നിലവിലുണ്ട്. അത് നമ്മുടെ പാരമ്പര്യ മ്യൂറല്‍ രചനാ സങ്കേതങ്ങളില്‍ നിന്നുമല്ല. കേരളീയ മ്യൂറല്‍ രചനാരീതികള്‍ വളച്ചൊടിച്ച് പുതിയ ശൈലികള്‍ സ്ഥാപിക്കാന്‍ വേണ്ടി സമകാലികചിത്രമെഴുത്തുമായി കൂട്ടിക്കുഴച്ച് അവിയല്‍ പരുവമാക്കുന്ന രീതി കേരളാ മ്യൂറല്‍പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പലരും ഇവിടെ അനുവര്‍ത്തിക്കുന്നുണ്ട്. പാരമ്പര്യ മ്യൂറല്‍ ചിത്രരചനാരീതി അതിന്റെ തനിമയുടെ നിലവാരത്തില്‍ സംരക്ഷിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതാണ് ഉത്തമം.

ചിത്ര-ശില്പകാരന്മാരുടെ ‍, കേരളീയര്‍ പ്രത്യേകിച്ചും, കലാസൃഷ്ടികള്‍ മറ്റു സംസ്ഥാനങ്ങളിലെ,വിശേഷിച്ച് ദില്ലി, ചെന്നൈ, ബാംഗ്ലൂര്‍ , മുംബായ് എന്നിവിടങ്ങളിലെ, സൃഷ്ടികളുമായി നോക്കുമ്പോള്‍ എവിടെ നില്ക്കുന്നു?

ഈയിടെ ഡെല്‍ഹിയില്‍ നടന്ന പതിനൊന്നാമത് ട്രിനാലെ ഇന്ത്യ 2005-ല്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള ട്രിനാലെ അവാര്‍ഡ് മലയാളിയും കടയ്ക്കാവൂര്‍ സ്വദേശിയുമായ ഷിബു നടേശനു ലഭിച്ച വിവരം എല്ലാ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. ഇന്ന് ഇന്ത്യന്‍ ചിത്ര-ശില്പ കലയില്‍ നൂതനമായ പല പരീക്ഷണങ്ങളും നടത്തി അസൂയാവഹമായ പല നേട്ടങ്ങളും ഈ രംഗത്ത് കൈവരിച്ചവരില്‍ അധികവും മലയാളികളാണ്, അതു തുടരുകയുമാണ്. വടക്കെ ഇന്ത്യയിലും ഇതര സംസ്ഥാനങ്ങളിലും നടക്കുന്ന പല മുഖ്യ പ്രദര്‍ശനങ്ങളിലും കലാവിപണികളിലും നമ്മുടെ മലയാളി ചിത്ര-ശില്പകാരന്മാരുടെ കലാസൃഷ്ടികള്‍ വളരെ പ്രശംസനീയമായ സാന്നിദ്ധ്യമായി കലാലോകം കാണുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പോരായ്മകള്‍ കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്.

കേരളത്തിലെ ചിത്ര-ശില്പകലകള്‍ക്ക് അക്കാദമികള്‍ ‍, സാംസ്കാരികസ്ഥാപനങ്ങള്‍ എന്നിവയുടെ സേവനം എത്രത്തോളം ഗുണകരമാവുന്നു?

ഇതര സംസ്ഥാനങ്ങളില്‍ കലയ്ക്ക് പ്രശംസനീയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് അവിടത്തെ കലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും അക്കാദമി പോലുള്ള പ്രസ്ഥാനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്. കലയുടെ വികസനത്തിനു വേണ്ടി വ്യക്തിവിദ്വേഷമോ പൊളിറ്റിക്‍സോ ഇല്ലാതെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്.

കലയിലായാലും സേവനത്തിലായാലും വ്യക്തിതാല്പര്യങ്ങളും രാഷ്ട്രീയവും കടന്നു വരുന്നത് കലയുടെ വികസനത്തിന് ഹാനികരമാണ്. കേരളത്തിന്റെ ചിത്ര-ശില്പകലാ പ്രസ്ഥാനത്തിന് എന്തെങ്കിലും വികസനപ്രവര്‍ത്തങ്ങള്‍ ഇനിയും ഉണ്ടാവണമെങ്കില്‍ അക്കാദമിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ കാലങ്ങളില്‍ അക്കാദമിയുടെ ശ്രമഫലമായി സംവിധാനം ചെയ്യാന്‍ കഴിഞ്ഞ പ്രദര്‍ശന ഗ്യാലറികള്‍ എല്ലാ ജില്ലകളിലും വരേണ്ടത് ആവശ്യമാണ്.

കേരളീയ ചിത്രകലയില്‍ മദ്രാസ് (കെ.സി.എസ്.പണിക്കര്‍ ) സ്കൂളിന്റെ സ്വാധീനം എങ്ങനെ? ഉണര്‍വാണോ പിന്നാക്കം പോവലാണോ?

കേരളത്തിലെ ചിത്രകലയില്‍ പണിക്കര്‍ സ്കൂളിന്റെ സ്വാധീനവും അവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയ മലയാളി കലാകാരന്മാരുടെ സാമീപ്യവും സാന്നിദ്ധ്യവും വളരെ പ്രസക്തമായ ഒരു അദ്ധ്യായമാണ്. അമ്പതുകളിലും അറുപതുകളിലും മദ്രാസ് സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ എം.വി ദേവനടക്കമുള്ള മലയാളി കലാകാരന്മാരുടെ കലാപ്രവര്‍ത്തനങ്ങളുടെ മാറ്റൊലികള്‍ അതുവരെ ആലസ്യത്തിലാണ്ടു കിടന്ന മലയാള ചിത്ര-ശില്പരംഗത്ത് പുത്തന്‍ ഉണര്‍വിനു വഴി നല്കി. തുടര്‍ന്ന് കെ.സി.എസ് പണിക്കരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജ് ദക്ഷിണഭാരതത്തിലെ ആര്‍ട്ട് മൂവ്മെന്റില്‍ ഒരു മഹാസംഭവമായി മാറി. ഇതിനു സാരഥ്യം വഹിച്ച എം.വി ദേവന്‍ ‍, കെ.വി ഹരിദാസ്, പാരീസ് വിശ്വനാഥന്‍ ‍, കാനായി കുഞ്ഞിരാമന്‍ ‍, ജയപാലപ്പണിക്കര്‍ ‍, സി.എന്‍ . കരുണാകരന്‍ തുടങ്ങിയവരുടെ മലയാളത്തിലെ സാന്നിദ്ധ്യവും പ്രദര്‍ശനങ്ങളും അക്കാലത്ത് അവര്‍ നടത്തിയിരുന്ന ആര്‍ട്ട് ട്രെന്‍ഡ് മാസികയുടെയും എം.ഗോവിന്ദന്‍ നയിച്ച സമീക്ഷ, ജയകേരളം പോലുള്ള ഈടുറ്റ പ്രസിദ്ധീകരണങ്ങളുടെയും കലയിലെ ഇടപെടലുകള്‍ മലയാളക്കരയിലെ ചിത്ര-ശില്പകലാപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഒരു ദിശാബോധം സൃഷ്ടിക്കുന്നതിനു പ്രേരണയായി. തുടര്‍ന്ന് 1965-ല്‍ കൊച്ചിയില്‍ വച്ചു നടന്ന ആള്‍ ഇന്ത്യ റൈറ്റേഴ്സ് കോണ്‍ഫറന്‍സും അനുബന്ധമായി കെ.സി.എസ് പണിക്കര്‍ ‍, ഗോവിന്ദന്‍ ‍, എം.കെ.കെ.നായര്‍ ‍, എം.വി.ദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ ചിത്രശില്പപ്രദര്‍ശനവും കേരളത്തിന്റെ കലാചരിത്രത്തില്‍ മാറ്റത്തിന്റെ ഒരു നാഴികക്കല്ലായി മാറി.

Subscribe Tharjani |