തര്‍ജ്ജനി

ജോസ് പാഴൂക്കാരന്‍

പാടിച്ചിറ പി. ഒ
പുല്‍പ്പള്ളി - 673579

ഫോണ്‍: 9495532101

Visit Home Page ...

വായന

അനുഭവമാകുമ്പോള്‍ കഥകള്‍ ജീവിതമായി മാറുന്നു

‘മരിച്ചവരുടെ കുപ്പായം’ എന്ന കഥാ സമാഹരത്തിലൂടെ മലയാള സാഹിത്യ തറവാട്ടിലേയ്ക്ക് പ്രവേശിച്ച അര്‍ഷാദ് ബത്തേരി ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ്. സമൃദ്ധമായ ആത്മാവിഷ്കാരങ്ങള്‍ നിറഞ്ഞ ഈ സമാഹാരത്തിലെ പത്തുകഥകളും വായനക്കാരന് നേരമ്പോക്കല്ല, ആത്മനൊമ്പരങ്ങളാണ്.

ആദ്യ കഥയായ ‘കടലിന്റെ ആഴത്തിലേയ്ക്ക്’ എന്ന കഥയിലെ ആദ്യ വാചകം തന്നെ ശ്രദ്ധിക്കൂ. ‘വെളിച്ചം അനുഗ്രഹവും അസ്വസ്ഥതയുമാണ്. ജീവിതത്തിന്റെ കറുപ്പു തന്നെയാണ് ഇരുട്ട്.‘ ശരിയല്ലേ? വീടില്ലാത്തവന്റെ വ്യഥയും വ്യഗ്രതയും ഇത്ര സൂക്ഷ്മമായി അപഗ്രഥിച്ച മറ്റൊരു കഥയും മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഇത് നന്മയുടെ, ചിന്തയുടെ, വേദനയുടെ, ആഴങ്ങളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയും ഒരുതരം നൊസ്റ്റാള്‍ഗിയ വായനക്കാരിലേയ്ക്കു പടര്‍ത്തുകയും ചെയ്യുന്നു.

പോറ്റിവളര്‍ത്തിയ ബാപ്പയ്ക്കും ഉമ്മയ്ക്കും പ്രതീക്ഷകള്‍ ഇരുട്ടടിയായി നല്‍കേണ്ടി വന്ന ഒരു യുവാവിന്റെ ശ്ലഥ ചിന്തകളാണ് ഈ കഥയിലുടനീളം നാം അനുഭവിക്കുക.

ഒഴുക്കിനെതിരെ നീന്തി സമൂഹത്തിനു കൈവിട്ടു പോയ നന്മയെ കണ്ടുപിടിക്കാനുള്ള വ്യഗ്രതയാണ് ചില എഴുത്തുകാര്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്റെ വൃത്തികെട്ട മനോവ്യാപാരങ്ങളെ തൂലികത്തുമ്പിലൂടെ പച്ചയായി തെറിവിളിക്കാനുള്ള ചങ്കൂറ്റമാണ് മറ്റ് ചിലരില്‍. ഇതിനു വിപരീതമായി ജീവിതത്തിന്റെ ഉള്ളറകളിലേയ്ക്ക് മുങ്ങിപ്പൊങ്ങുമ്പോള്‍ ഉണ്ടാകുന്ന ആകുലതകളും വ്യാകുലതകളും വായനക്കാരുമായി പങ്കു വയ്ക്കുകയാണിവിടെ അര്‍ഷാദ്. ഒരു ഇച്ഛാഭംഗത്തിന്റെ പുറംതോടു പൊളിച്ച് പുറത്തു ചാടാനുള്ള ശ്രമവും സൂക്ഷ്മഗ്രാഹ്യമുള്ള വായനക്കാരനു തിരിച്ചറിയാം.

ഈ കഥയുടെ പേര് ‘വീടിന്റെ ആഴങ്ങളിലേയ്ക്ക് എന്നു തിരുത്തിയാല്‍....വീട് ഏതൊരുവന്റെയും സ്വപ്നമാണ് അത് അവന് സ്വാസ്ഥ്യവും ഉറക്കവും പ്രദാനം ചെയ്യും. മാതാപിതാക്കളെ നെഞ്ചോടു ചേര്‍ക്കുന്നവന്‍ ഉത്കൃഷ്ടനും വിവേകിയുമാണ്. അവര്‍ക്ക് വീട് സ്വപ്നം. ഇന്നതിനോട് പട പൊരുതി ജീവിക്കാന്‍ ത്രാണി നഷ്ടപ്പെട്ടവന്റെ പരിഖിന്നതയാണിവിടെ വിഷയം. വീടെന്ന കോടതിയില്‍ തല താഴ്ത്തി കുറ്റം സമ്മതിക്കുന്ന ജബ്ബാറിന്റെ കണ്ണിലെ ഈര്‍പ്പം വായനക്കാരന്‍ സ്പര്‍ശിച്ചറിയുന്നുണ്ട്. ‘വീട് ചോദ്യം ചെയ്യലിന്റെ ആദ്യ കോടതി’ എന്നാണ് അര്‍ഷാദ് പറയുന്നത്. ആറ്റിക്കുറുക്കിയ വാക്കുകളുടെ തിരകള്‍ അലറിയടുക്കുന്ന തിരമാലകള്‍ പോലെ അനുവാചകനിലേയ്ക്ക് പാഞ്ഞു കയറുന്നു.

നോക്കൂ വീടിനെക്കുറിച്ച് എത്ര നല്ല നിര്‍വചനങ്ങള്‍.
“വീട് പ്രതീക്ഷ വറ്റുമ്പോള്‍ സ്വയം കുഴിച്ചിടാനുള്ള ശ്മശാനമാണ്.“ “വീടിനകത്തെ ഓരോ ചോദ്യവും ഓരോ സര്‍പ്പമാണ്.” “വീട്ടില്‍ ഒരു മാതാവും ഒരിക്കലും ഉറങ്ങുന്നില്ല.” “വീട് രക്തം ഊറ്റിയെടുക്കുന്ന പ്രേതാലയമാണ്.” “വീട് ഒരുപാട് അറകളുള്ള മുഖം മൂടിയാണ്.”മാത്രമല്ല മാതൃസ്നേഹത്തിന്റെ അപാരത മൂര്‍ദ്ധന്യത്തിലേയ്ക്ക് പതിക്കുകയും ചെയ്യുന്നു. അമ്മയെ കഴുത്തു ഞെരിക്കാന്‍ മടിക്കാത്തവരുടെ നെഞ്ചു പിളര്‍ക്കാന്‍ പോലും കഴിവുള്ള വാക്കുകളുടെ സമാനയനം.

ആധുനിക കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഹേളികാ സ്വഭാവത്തിന് വിപരീതമായി, ഒരു ചിത്രകാരന്‍ തന്റെ വരകളിലൂടെ കോറിയിടുന്ന ആത്മാവിഷ്കാരം പോലെ ഋജുവും ലളിതവുമായ ആഖ്യാനശൈലിയിലൂന്നി വാക് ശരങ്ങളെ വായനക്കാരനു നേരെ തൊടുക്കുകയാണിവിടെ. മികച്ച എഡിറ്ററുടെ ആര്‍ജവത്വം വരികള്‍ക്കിടയില്‍ പ്രകടമാണ്. കഠാരപോലെ ഹൃദയാന്തരത്തില്‍ കഥ ഇറങ്ങിച്ചെന്ന് കൊളുത്തി വലിക്കുന്നു. ‘പോത്ത്” എന്ന കഥയെപ്പറ്റി മാധവിക്കുട്ടി പറയുന്നത്, ഈ കഥ വായിച്ചു തീര്‍ന്നപ്പോള്‍ മാനസികവും ശാരീരികവുമായ ഒരു വിറയല്‍ അവക്ക് അനുഭവപ്പെട്ടു എന്നാണ്. “മരണം പ്രവേശിക്കുന്നതു പോലെ പോത്ത് മുറിയില്‍ കടന്ന് ഹൈദറെ നോക്കി. പ്രതിഷേധത്തിന്റെ എല്ലാ വീര്യവും സംഭരിച്ച് പോത്ത് കയറിനിന്ന് കുലുങ്ങി” എന്ന് കഥാകാരന്‍ പറയുമ്പോള്‍ തന്റെ വേരറുത്ത് ഇല്ലാത്താക്കുന്നവനോട് പോത്തിനുള്ള കലി പ്രകടമാവുകയാണ്. അത് ഞരമ്പുകളിലൂടെ പടര്‍ത്തുന്ന ഭ്രമാത്മകത വായനക്കാരനെ കടപുഴക്കുകയും ചെയ്യുന്നു.

കഥകളിലെ ഏകതാനതയും ദുര്‍ഗ്രഹതയില്ലാത്ത ആദി മദ്ധ്യാന്തങ്ങളും രസസംപുഷ്ടി സൃഷ്ടിക്കുന്നുണ്ട്. ഒരു പ്രത്യേക ഭാഷയില്‍ കഥിച്ചാലേ സാഹിത്യമാകുകയുള്ളൂ എന്ന അബദ്ധ ധാരണയ്ക്ക് മോഡേണിസം വഴിമാറുമ്പോള്‍, വായനയ്ക്കു വഴങ്ങാത്ത വളച്ചുകെട്ടലുകളെ തകര്‍ത്തുകൊണ്ട് ഓരോ വാക്കും ഹൃദയം തകര്‍ക്കുന്ന ബോംബുകളായിരിക്കണമെന്ന നിഷ്കര്‍ഷയോടെ പ്രയോഗിക്കുകയാണ് അര്‍ഷാദ്. ‘മരിച്ചവരുടെ കുപ്പായം’ എന്ന കഥയുടെ സ്ട്രക്‍ച്ചര്‍ മികച്ചതാണ്. ആലിമമ്മൂക്ക എന്ന കഥാപാത്രം നമ്മില്‍ ജീവിക്കുന്ന പ്രതീതിയും പാലത്തിനടിയിലും മതിലുകളിലും കരിക്കട്ടക്കൊണ്ട് തന്റെ അസ്തിത്വം പകര്‍ത്തി വയ്ക്കുമ്പോള്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് കിറുക്ക് പറയുന്നവന്‍ എന്നു നമുക്ക് ചിരിക്കാം. എങ്കിലും ഇയാള്‍ വേദനയുടെ ഒരു കീറ് നമ്മിലവശേഷിപ്പിക്കും. “പുഴയില്‍ നിന്ന് മണല് കോരരുത്, പുഴയ്ക്ക് സഹിക്കൂല“..“പൂച്ച പോലും വീണ കിണറാണ് മനുഷ്യരായ നമ്മള്‍ സൂക്ഷിക്കുക.”“ സുന്ദരികളുടെ മുന്നില്‍ നട്ടെല്ലു വളയാത്ത ബുദ്ധിജീവികളുണ്ടോ.” എന്നെല്ലാം ആലിമമ്മൂക്ക.

പുറം ലോകവുമായി ബന്ധമോ വിദ്യാഭ്യാസമോ ഇല്ലാത്ത ആലിമമ്മൂക്കയുടെ ചുവരെഴുത്തുകളിലൂടെ പ്രതികരണങ്ങള്‍ തൊടുത്തു വിടുന്ന അമ്പുകളാണ്. സ്നേഹം വാരിക്കോരി കൊടുത്തിട്ടും ആലിമമ്മൂക്കയുടെ മരണം മയ്യത്തായി ആഘോഷിക്കുന്ന സംസ്കാരശൂന്യത നിസ്സഹായതയുടെ ദൈന്യം പടര്‍ത്തിക്കൊണ്ട് വായനക്കാരനെ വലിച്ചിഴയ്ക്കാതെ കഥയുമായി വലിച്ചടിപ്പിക്കുന്നു. ‘കളിത്തോക്ക്’ എന്ന കഥയില്‍ സുഹൃത്തിനെ തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന സൂചനയുണ്ട്. ‘മനുഷ്യന്‍ എന്ന ഗുഹയില്‍’ ഹൃദയമില്ലാത്തവരുടെ നാടായി മാറുന്ന കാലത്തിന്റെ ചുവരെഴുത്തിനെ പ്രതിദ്ധ്വനിപ്പിക്കുന്നു കഥാകൃത്ത്. “ശിവന്റെ വാചകങ്ങളില്‍ നിറയെ ഇറച്ചിമാര്‍ക്കറ്റിലെ ദുര്‍ഗന്ധമായിരുന്നു”- അതറിഞ്ഞിട്ടും ചതിക്കുഴിയില്‍ വീഴുന്നവരുടെ നിസ്സഹായതയ്ക്കാണ് കഥാകൃത്ത് നിറം കൊടുക്കുന്നത്. നവീനത ക്രിയേറ്റു ചെയ്യുന്ന പുതുമക്കാരുടെ തത്രപ്പാടിനെ അവഗണിച്ച് തനിക്കു പറയാനുള്ളത് നേരിട്ട് പറയുക തന്നെയാണ് മലയാളത്തിനു നല്ലത്. ചുറ്റുപാടുകളെ ശ്രദ്ധയോടെ വീക്ഷിക്കുകമാത്രമേ കഥാകാരന്‍ ഇവിടെ ചെയ്യുന്നുള്ളൂ.

മാജിക്കല്‍ റിയലിസത്തിന്റെ കാവ്യാത്മകതയില്‍ എഴുതിയ കഥ ‘പാഠം ഒന്ന് ഒരു വിലാപം’ നമുക്കും ഒരു വിലാപമാണ്. പ്രതീക്ഷ വറ്റിയവരെ കുഴിച്ചിടാനുള്ള വീട്ടില്‍ പിടയുന്ന മനസ്സും ഉണങ്ങിയ ശരീരവുമായി കഴിയുന്നവരുടെ ആത്മനൊമ്പരങ്ങള്‍ ആവിഷ്കരിക്കുന്ന സംഗീതത്തിന്റെ ശില്‍പ്പ ഭദ്രയുള്ള ഈ രചന നമ്മില്‍ നോവു പടര്‍ത്തുന്നു. “ ഈ വീടു മുഴുവന്‍ ഉപ്പുരസമുള്ള വെള്ളമാണ്, ഞാനത് കുടിച്ചു വറ്റിയ്ക്കും.” എന്ന് കഥാപാത്രത്തിന്റെ രോദനം. “അമ്മയെയും ചേച്ചിയെയും മൌനം പിടിച്ചു തിന്നു.” “കുട്ടാ, മഴയുടെ സൌന്ദര്യമൊക്കെ മനസ്സിലേയ്ക്കിറങ്ങണമെങ്കില്‍ ചോരാത്ത വീടും മുടങ്ങാത്ത റേഷനും കിട്ടണം.” കഥ മുഴുവന്‍ നിറയുന്ന വാക്കുകള്‍.

പഴമയെ തച്ചുടയ്ക്കുന്ന പുതുമയുടെ ഇരമ്പം മുഴക്കിയിട്ടും പവിത്രന്‍ പറയുന്നത് “ മുത്തച്ഛന്റെ പുഞ്ചിരി പര്‍വതങ്ങള്‍ക്കുമേല്‍ വീഴുന്ന സായാഹ്ന വെയിലായി തിളങ്ങി“ എന്നാണ്. മുത്തച്ഛന്റെ സ്നേഹം പഴയ ഘടികാരത്തിലൂടെ പവിത്രന്‍ അനുഭവിക്കുമ്പോള്‍ മറ്റൊരു ശ്രേഷ്ഠതയും അയാള്‍ക്കു വേണ്ട. ‘കറുത്ത ഭൂപടത്തിലെ പക്ഷി’ യിലെ ആയിച്ചുമ്മയും ഒരു ജീവിതമായിരുന്നു എന്നു തിരിച്ചറിയാതെ പോയ പൊള്ള മനുഷ്യരുടെ വിലാപം ഒരു എം ടി കഥയുടെ മിഴിവ് ഈ കഥയ്ക്കു നല്‍കുന്നു. ഞരമ്പു രോഗികളെ ഉദ്ദീപിപ്പിക്കുന്ന കാല്‍പ്പനിക ഭാവങ്ങളോ വര്‍ത്തമാനകാല വൈകൃത രചനാരീതികളോ ഒന്നുമില്ലാത്ത ജീവിതത്തിന്റെ തെളിവുപോലെ സൂക്ഷിക്കാവുന്ന കഥകളുടെ സാത്മീകരണം. വായനയ്ക്ക് വഴങ്ങാത്ത വളച്ചുകെട്ടലില്ലാത്ത വാചകങ്ങള്‍ നമ്മെ ഉദ്ബോധിപ്പിക്കാനുള്ള ശ്രമമായാണ് ചിട്ടയായ വാചകപ്രയോഗങ്ങളിലൂടെ കഥകളില്‍ നിറയുന്നത്. ഓരോ കഥയും അനുഭവമാകണമെന്ന പരികല്‍പ്പന അര്‍ഷാദിന്റെ കഥകളില്‍ സാര്‍ത്ഥകമാവുകയാണ്.

Subscribe Tharjani |