തര്‍ജ്ജനി

വി.കെ.പ്രഭാകരന്‍

വടക്കെ കാളാണ്ടിയില്‍,
ചോമ്പാല പോസ്റ്റ്.
കോഴിക്കോട് ജില്ല.

ഫോണ്‍: 0496-2502142

Visit Home Page ...

നാടകം

അരങ്ങിലെ ദിശാസൂചികള്‍

അരങ്ങിലെ ദൃശ്യവിസ്മയങ്ങളോടുള്ള മനുഷ്യന്റെ അത്ഭുതാദരങ്ങള്‍ അസ്തമിച്ചിട്ടില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍നിന്നും എത്ര പെട്ടെന്നാണ് നമ്മള്‍ സൈബര്‍ ആകാശത്തിന്റെ വിശാലതയില്‍ സര്‍ഗ്ഗാത്മകതയുടെ നുരയും പതയും ഒരുക്കാന്‍ വെമ്പല്‍കൊള്ളുന്ന ഒരു മനസ്സിലേക്ക് വളര്‍ന്നെത്തിയത് . ഈയൊരു മാറ്റത്തിന്റെ ഉയരങ്ങളിലൂടെയും ആഴങ്ങളിലൂടെയും ആടിയുലഞ്ഞെത്തിയ മനസ്സുകളെ കൂടുതല്‍ ഉയരങ്ങളിലേക്കു പുനര്‍നിര്‍മ്മിക്കുവാന്‍ സഹായകമായ ഒരു ഘടന കൈവരിക്കാനുള്ള ശ്രമങ്ങളാണ് ഇന്നത്തെ നാടകവേദിയുടെ മുഖമുദ്ര.

രംഗാവതരണം,നാടകകൃതി അഥവാ നാടകസാഹിത്യം, എന്നിങ്ങനെ തികച്ചും വ്യത്യസ്തവും എന്നാല്‍ പരസ്പരപൂരകവുമായ രണ്ടു രൂപങ്ങളിലാണ് നാടകമെന്ന കലാരൂപം നിലനില്ക്കുന്നത്. ആദ്യകാലങ്ങളില്‍ രംഗാവതരണം എന്നൊരു രൂപം മാത്രമേ ഉണ്ടായിരുന്നുള്ളു.അതു താളനിബന്ധമായ വാക്കുകളായും ചലനങ്ങളായും ജീവിതത്തില്‍നിന്ന് ഏറെയൊന്നും അകലെയല്ലാതെ, ആരാധനയോടു ബന്ധപ്പെട്ട അനുഷ്ഠാനങ്ങളോടൊപ്പം നിലനിന്നുപോന്നു. പിന്നീട് അവയുടെ രംഗപാഠങ്ങള്‍ എഴുതിവെയ്ക്കപ്പെടുകയും ക്രമേണ നാടകസാഹിത്യം എന്നൊരു അതിശക്തമായ സാഹിത്യശാഖ ഉണ്ടാവുകയും ചെയ്തു.

ആസ്വാദനത്തിന്റെയും രചനയുടെയും തലത്തില്‍ നിരവധി സവിശേഷതയുള്ള ഒരു സാഹിത്യരൂപമാണ് നാടകം. നാടകരചനയും ആസ്വാദനവും ഒരു പോലെ സാമൂഹികമായ ഒരു പ്രക്രിയയാണ്. സ്വന്തം മനസില്‍ ഉരുവാകുന്ന ആശയങ്ങള്‍ നാടകകൃത്ത് നിലവിലുള്ള അരങ്ങിന്റെ പരിധിക്കുള്ളില്‍ ഒതുക്കിയെടുക്കാന്‍ ശ്രമിക്കുകയും പിന്നിട് തന്റെ പ്രതിഭയുടെ തനിമ കൊണ്ട് ആ പരിമിതികളെ മറികടന്ന് പുതിയൊരു അരങ്ങിന് രൂപം കൊടുക്കുകയും ചെയ്യുന്നു. ഈ അരങ്ങാണ് നാടകകൃത്ത് തന്റെ വാക്കുകളിലൂടെ അനുവാചകരിലേക്ക് സംപ്രേഷണം ചെയ്യുന്നത്. നാടകകൃതി അനുവാചകരില്‍നിന്നു ചില സവിശേഷ പ്രതിസ്പന്ദനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. മനസ്സില്‍ സ്വന്തമായ ഒരു അരങ്ങ് സൂക്ഷിക്കുന്ന അനുവാചകന് മാത്രമേ ഈ പ്രതിസ്പന്ദനങ്ങള്‍ നല്കുവാന്‍ കഴിയൂ . അനുവാചകന്റെ സാമൂഹ്യാവബോധമാണ് ഈ കഴിവിനു ശക്തിയും സൌന്ദര്യവും പകരുന്നത്. മുതിര്‍ന്ന, ആരോഗ്യമുള്ള മനസ്സിന്നുടമകള്‍ മാത്രമല്ല, നഴ് സറിവിദ്യാര്‍‌ത്ഥികളും, ബധിര-മൂക വിദ്യാര്‍‌ത്ഥികളും ബുദ്ധിമാന്ദ്യമുള്ളവരുടെ പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികള്‍പോലൂം അവരവരുടെ സാമൂഹികബോധത്തില്‍ നിന്നും ഉരുവായ ഓരോ അരങ്ങ് മനസ്സില്‍ സൂക്ഷിക്കുന്നായി കഴിഞ്ഞകാല നാടക പ്രവര്‍ത്തങ്ങളില്‍നിന്നും എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. അനുവാചകമനസിലെ ഈ അരങ്ങും നാടകകൃതിയിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന അരങ്ങും തമ്മിലുള്ള സര്‍ഗ്ഗാത്മകമായ പ്രതിപ്രവര്‍ത്തനത്തിലൂടെയാണ് നാടകാസ്വാദനം പൂര്‍ത്തിയാകുന്നത്. അതായത് നാടകം എക്കാലത്തും ജനങ്ങളുടെ മനസില്‍ നിലനില്ക്കുന്ന സാമൂഹികസത്തയുടെ ശക്തി ദൌര്‍ബല്യങ്ങള്‍ പ്രതിഫലിപ്പിക്കും.

അതാതു കാലത്തെ മനുഷ്യമനസ്സിന്റെ ഘടനയ്ക്ക്, അല്ലെങ്കില്‍ തന്റെപ്രേ ക്ഷകരായെത്തുന്ന ഉപസമൂഹത്തിലെ മനുഷ്യരുടെ മനസിന്റെ ഘടനയ്ക്ക്, അനുയോജ്യമായ അരങ്ങിനു രൂപംകൊടുക്കുകയാണ് നാടകത്തിന്റെ രംഗാവതരണത്തിലൂടെ സംവിധായകന്‍ ചെയ്യുന്നത്. നാടകകൃത്തിന്റെ വാക്കുകളിലൂടെ സം‌പ്രേഷണം ചെയ്യപ്പെട്ട അരങ്ങ് സ്വന്തം മനസ്സിലേക്ക് ഏറ്റുവാങ്ങുകയും അതിനെ തന്റെ സമൂഹികാവബോധത്തിന് അനുയോജ്യമായ രീതിയില്‍ തന്റെസര്‍ഗ്ഗപ്രതിഭയുടെ സാധ്യതകളില്‍ നിന്നുകൊ‍ണ്ട് പൂനഃസൃഷ്ടിക്കുകയാണ് അയാള്‍ ചെയ്യുന്നത്. നിശ്ചലചിഹ്നങ്ങളായ അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടുമ്പോള്‍ അതു സംവേദനത്തിന്റെ പുതിയ മാനങ്ങള്‍ കൈവരിക്കുന്നു. അതുപോലെ,നാടകത്തിന്റെ സാഹിത്യം ഉച്ചരിക്കപ്പെടുകയാണ്. അതിന്റെ രംഗഭാഷയില്‍ സംവിധായകന്റെ നേതൃത്വത്തില്‍ അണിനിരക്കുന്ന കലാകാരന്മാരുടേതായ ഒരു ഉപസമൂഹത്തിന്റെ സൃഷ്ടിയാണ് നാടകത്തിന്റെ രംഗഭാഷ്യം. ഒരു സാമൂഹ്യാനുഷ്ഠാനത്തിന്റെ തലത്തിലേക്ക് അതു ഉയരുന്നു. നിയതമായ താളത്താല്‍ ബന്ധിതമായ ഒരു ഉപസമൂഹവുമായി സംവദിക്കുന്ന, നിരവധി ആശയങ്ങളും വികാരങ്ങളും അനുഭവങ്ങളും അഭിപ്രായങ്ങളും സംവഹനം ചെയ്യുന്ന, അതിസങ്കീര്‍ണ്ണമായ ഒരു സര്‍ഗ്ഗപ്രക്രിയയാണ് നാടകങ്ങളുടെ രംഗാവതരണം.

അരങ്ങിനെക്കുറിച്ച് ശാസ്ത്രീയമായ അവബോധമുള്ളവരായിരുന്നു പണ്ടു മുതല്ക്കേ ഭാരതീയര്‍ ‍. ഭരതമുനിയുടെ നാട്യശാസ്ത്രം പോലെ സമഗ്രവും ശാസ്ത്രീയവുമായ വിശകലനം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥം നമ്മുക്ക് മാത്രമേയൂള്ളു. പാശ്ചാത്യ നാടകവേദി രൂപംകൊള്ളുന്നതിനും എത്രയോ മൂന്‍പു തന്നെ വ്യാപകമായ പ്രയോഗത്തിലൂടെ ചലനാത്മകമായ ഒരു നാടകവേദി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ടിരുന്നു. വളരെ സജീവമായ നാടകസംവാദങ്ങളും രംഗപ്രയോഗങ്ങളും നടക്കുന്ന ഒരന്തരീക്ഷത്തില്‍ നിന്നേ നാട്യശാസ്ത്രം പോലുള്ള ഒരു ഗ്രന്ഥം രൂപം കൊള്ളുകയുള്ളൂ. അതിനു മുന്‍പുതന്നെ നാട്യവേദവും നാട്യവേദസംഹിതയും ഇവിടെ ഉണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്. നാട്യോല്പത്തി, നാട്യമണ്ഡപനിര്‍മ്മാണം, രംഗപൂജ, നൃത്തഭേദങ്ങള്‍ , കഥാപാത്രങ്ങളുടെ പ്രകൃതിഭേദങ്ങള്‍ ‍, ദശരൂപകസിദ്ധാന്തം, സന്ധികള്‍ ‍, സന്ധ്യംഗങ്ങള്‍ , നാട്യവിദ്യാപ്രചാരം എന്നിങ്ങനെ നാട്യവുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ള മുഴുവന്‍ കാര്യങ്ങളും നാട്യശാസ്ത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഈയൊരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയല്ല നമ്മുടെ ഇന്നത്തെ നാടകവേദി. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം മധ്യവര്‍ഗ്ഗ ബുദ്ധിജീവികള്‍ ‍, അവരുടെ മനസ്സില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസലബ്ധിയോടെ സ്ഥിരവാസമായിക്കഴിഞ്ഞ ഒരുതരം അധമ ബോധത്തില്‍ നിന്നും ഉയര്‍ന്നു വന്ന പുതിയൊരു കാഴ്ചപ്പാടോടെ സാംസ്കാരികരംഗം കയ്യാളാന്‍ തുടങ്ങിയപ്പോഴാണ് ആധുനികനാടകവേദി രൂപം കൊണ്ടത്. ജാതിപരമായി താഴ്ന്നവരുടെ പരിമിതവൃത്തത്തില്‍ തലയെടുപ്പോടെ നിന്നിരുന്ന നമ്മുടെ നാടകസംസ്കാരത്തെ ഒരുവിധത്തിലും അംഗീകരിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇംഗ്ലീഷിന്നപ്പുറം മറ്റൊരു ഭാഷയ്ക്കും മഹത്വമില്ലെന്നു വിശ്വസിച്ചിരുന്നതുകൊണ്ട് ഉയര്‍ന്ന ജാതിക്കാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന സംസ്കൃതത്തില്‍ നിന്നും ഇവര്‍ മാറി നടന്നു. സാംസ്കാരികരംഗത്ത് കോളനിവത്കൃതമായ മനസ്സുകള്‍ പ്രാഭവം നേടി. ഒരു ഗ്രാമത്തില്‍ ഒരു ഫാക്ടറി സ്ഥാപിക്കപ്പെടുകയും സ്ഥിരമായി സൈറന്‍ മുഴക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ ‍, സ്വന്തമായി വളര്‍ത്തിയ പൂവന്‍കോഴികളെയെല്ലാം അറുത്തു തിന്ന ഗ്രാമീണരെക്കുറിച്ചൊരു കഥ കേട്ടിട്ടുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഫലമായി പതിനെട്ടാം നൂറ്റാണ്ടിലും പത്തൊന്‍‌പതാം നൂറ്റാണ്ടിലും ഏഷ്യന്‍ ‍-ആഫ്രിക്കന്‍ ‍-ലാറ്റിനമേരിക്കന്‍ നാടുകളില്‍ അറുക്കപ്പെട്ട നിരവധി പൂവന്‍കോഴികളില്‍ ഒന്നാണ് നമ്മുടെ പാരമ്പരാഗതനാടകവേദിയും.

സ്വാതന്ത്ര്യസമരത്തിന്റെ അലകള്‍ ഉയര്‍ത്തിവിട്ട ദേശീയബോധത്തിന്റെ ഫലമായി കേരളത്തില്‍ ആ‍രംഭിച്ച സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങള്‍ ഒരു സമരായുധമായി പാശ്ചാത്യശൈലിയിലുള്ള നാടകങ്ങളെ കണ്ടെത്തിയതോടെ ഇംഗ്ലീഷുവിദ്യാഭ്യാസം നേടിയവര്‍ക്കു മാത്രമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും സ്വീകാര്യമായി. സമ്പന്നമായ ഒരു നാടകപാരമ്പര്യം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള മലയാളി നാടകഅരങ്ങുകള്‍ക്കു മുന്നില്‍ തടിച്ചുകൂടി. സ്വാതന്ത്ര്യാനന്തരകാലഘട്ടത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങളും പിന്നീടുവന്ന കമ്മ്യൂണിസ്റ്റ്പ്രസ്ഥാനങ്ങളും നാടകങ്ങളെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തി. അവരെ സംബന്ധിച്ചിടത്തോളം നാടകത്തിന്റെ ഗുണപരമായ വളര്‍ച്ച ഒരു പ്രധാന പ്രശ്നമായിരുന്നില്ല. ആശയവിനിമയം മാത്രമായിരുന്നു ലക്ഷ്യം. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി അവതരിക്കപ്പെട്ട അത്തരം നാടകങ്ങള്‍ പ്രേക്ഷകനെ ആവേശം കൊള്ളിക്കുക മാത്രം ചെയ്തു. അതൊരിക്കലും പ്രേക്ഷകന്റെ മാനസികവും രാഷ്ട്രീയവുമായ വളര്‍ച്ചയെ ലക്ഷ്യം വച്ചുള്ളതായിരുന്നില്ല. എഴുപതുകളുട ആരംഭംവരെ ഇതായിരുന്നു അവസ്ഥ.

ഇനി നാടകവേദിയക്കുറിച്ചു ഗൌരവമേറിയ പഠനങ്ങളും ചര്‍ച്ചകളും നടത്തുകയും നിരവധി നാടകക്കളരികള്‍ സംഘടിപ്പിക്കുകയും ചെയ്ത കേരളത്തിലെ ബുദ്ധിജീവികളുടെ പങ്കിനെക്കുറിച്ച് പരിശോധിക്കാം. ഇവരുടെ ശ്രമഫലമായി നാടകങ്ങളെക്കുറിച്ചുള്ള ഗൌരവപൂര്‍വ്വമായ ഒരു അവബോധം മലയാളത്തില്‍ നാമ്പിട്ടു വന്നു. ഇവരുടെ ഒട്ടുമിക്ക രംഗാവതരണങ്ങളും, പക്ഷേ, സാധാരണപ്രേക്ഷകരുമായി ഏറെയൊന്നും സംവദിച്ചില്ല. രാഷ്ട്രീയോന്മുഖമായ നാടകവേദിയും നാടക പഠനോന്മുഖമായ നാടകവേദിയും ഒരുമിച്ചു എന്നതാണ് ആഭ്യന്തര അടിയന്തിരാവസ്ഥ (1975)യ്ക്കു ശേഷമുള്ള മലയാളനാടകവേദിയുടെ സവിശേഷത. അമ്മ, നാടുഗദ്ദിക, രാവുണ്ണി, കുടുക്ക എന്നിങ്ങനെ ചില നല്ല ഫലങ്ങളുമുണ്ടായി. നാടകം എന്നത് മനുഷ്യന്‍ അവനെത്തന്നെ തിരിച്ചറിയാനുള്ള അടയാളമാണ്. മനുഷ്യന്‍ എന്ന പദത്തിനു നാം നേടിയെടുത്ത എല്ലാ സാംസ്കാരികവളര്‍ച്ചയെയും പ്രതിനിധീകരിക്കുവാന്‍ ഇന്ന് കഴിഞ്ഞിട്ടുണ്ട്. ആ വളര്‍ച്ചയോടൊപ്പം നടന്നെത്തിയ ഒരു മാദ്ധ്യമമാണ് നാടകവും.

അതുകൊണ്ട് തന്നെ നാടകം മനുഷ്യനുള്ളേടത്തോളം കാലം നിലനില്ക്കും. ഇന്നത്ത മനുഷ്യനെ സംബന്ധിച്ചേടത്തോളം പ്രധാനപ്പെട്ട ഒരു കാര്യം അവന്‍ അവന്റെ അവസ്ഥയെയും ശത്രുവിനെയും തിരിച്ചറിയുക എന്നതാണ്. ഇന്നു നാം ഓരോരുത്തരുടെ മനസ്സും ഓരോ അധിനിവിഷ്ടപ്രദേശമാണ്. നമ്മുടെ ശത്രുവായി, നമ്മെ കീഴടക്കാനുള്ള ആയുധമായി, നമ്മുടെ മനസ്സിനെത്തന്നെ വളര്‍ത്തിയെടുക്കുവാന്‍ നവസാമ്രാജ്യശക്തികളുടെ അടവുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അവസ്ഥയിലാണ് നവസാമ്രാജ്യശക്തികളുടെ അടവുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അവസ്ഥയിലാണ് നമ്മുടെ പാരമ്പര്യ-നാടോടി-നാടകവേദിയുടെ മുഖമുദ്രയായ നടനും സംവിധായകനും പ്രേക്ഷകനും ഒരുപോലെ സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു സംവേദനരീതിയുടെ പ്രസക്തിയെക്കുറിച്ചു നാം ബോധവാനാകുന്നത്. നമ്മുടെ ഇന്നത്തെ അവസ്ഥയെ തിരിച്ചറിയുകയും അതിനെതിരെയുള്ള പ്രതിരോധം സ്വന്തം മനസ്സില്‍ നിന്നുതന്നെ ആരംഭിക്കുവാന്‍ കഴിയുകയും ചെയ്യുന്ന നാടകപ്രവര്‍ത്തനമാണ് നമുക്കിന്നാവശ്യം. ഒരു നൂറ്റാണ്ടുകാലം കൊണ്ട് ഏറെ ചിത്രങ്ങള്‍ വരച്ചുമായ്ച് വികൃതമാക്കപ്പെട്ട മനസ്സിന്റെ ഘടനയെക്കുറിച്ച് മനസ്സിലാക്കുകയും, ആ മനസ്സുകളുമായി ആരോഗ്യകരമായി സംവദിക്കുകയും ചെയ്യുന്ന ഒരു രംഗഭാഷയ്ക്കു വേണ്ടിയുള്ള അന്വേഷണങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും തന്നില്‍ നിന്നും അകന്നു പോകുന്ന പ്രേക്ഷകനെ തേടിച്ചെല്ലുകയും പ്രേക്ഷകന്റെ ആത്മപ്രതിരോധത്തിന്റെ ചിഹ്നമായി മാറുകയും ചെയ്യുന്ന, അരങ്ങിന്റെ വിവിധ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനുതകുകയും ചെയ്യുന്ന, രംഗവ്യാഖ്യാനങ്ങളാണ് ഇനിയുള്ള കാലം കാത്തിരിക്കുന്നത്. പുഴുവായ് തുടിക്കുന്ന ഈ ശലഭമോഹങ്ങള്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നു.

Subscribe Tharjani |