തര്‍ജ്ജനി

കെ. ആര്‍. ഹരി

സൌഗന്ധികം,
ലോകനാഥ് വീവേഴ്സിനു സമീപം,
ചൊവ്വ,
കണ്ണൂര്‍ 670 006
ഇ മെയില്‍: leodynasty@yahoo.com

Visit Home Page ...

യാത്ര

രാജകുടീരങ്ങളുടെ നാട്ടില്‍

"ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ മനുഷ്യന്‍ ചരിത്രത്തില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ല എന്നതുതന്നെയാണ്‌"- ഹെഗല്‍

ചരിത്രം പഠിച്ചവര്‍ക്ക്‌ അറിയാം - എ.ഡി 1518 ആയപ്പോഴേക്കും ബാഹ്മിനി രാജവംശം ഏതാണ്ട്‌ അസ്ഥിരമായി കഴിഞ്ഞിരുന്നു. ബാഹ്മിനി സാമ്രാജ്യത്തിലെ തെലുങ്കാന പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന സുല്‍ത്താന്‍ ഖുലി ഖുതബ്‌ ഷാ ഗോല്‍കൊണ്ട ആസ്ഥാനമായി സ്വതന്ത്രഭരണം ആരംഭിച്ചതോടെയാണ്‌ ഖുത്തബ്‌ ഷാഹി രാജവംശത്തിന്‌ തുടക്കം കുറിച്ചത്‌. ഹൈദരബാദ്‌ നഗരത്തില്‍ നിന്നും ഏകദേശം 12 കി.മീറ്ററോളം സഞ്ചരിച്ചാല്‍ ഗോല്‍കൊണ്ട (ഇടയന്മാരുടെ കുന്നിന്‍പുറം)യിലെത്താം. കാലം ഏറെ പോറലുകള്‍ ഏല്‍പ്പിച്ചുവെങ്കിലും ഗോല്‍കൊണ്ട കോട്ട ഇന്നും തലയെടുപ്പോടെ നില്‍പ്പുണ്ട്‌. 488 വര്‍ഷം പഴക്കമുള്ള ഒരു രാജവംശത്തിന്റെ പ്രതാപസ്മരണകളും പേറി, ഇനിയും കീഴടങ്ങാത്ത ഒരു പോരാളിയെപോലെ. കോട്ടയുടെ ഭൂമികയിലൂടെ നാം ചുറ്റികറങ്ങുമ്പോഴും, ഈ പുരാതന നഗരിയുടെ വീഥികളിലൂടെ നടക്കുമ്പോഴുമെല്ലാം ഡക്കാണിലെ കാറ്റ്‌ നമ്മോടൊപ്പം ഉണ്ടാകും. ഒരായിരം കഥകള്‍ അവര്‍ക്കറിയാം ചരിത്രത്തിന്റെ ഏടുകളിലൊന്നും കുറിച്ചിടാത്ത, ആരും പറയാത്ത ഒരായിരം കഥകള്‍.

തുര്‍ക്കിയില്‍ നിന്നും കുതിരക്കച്ചവടത്തിനായി എത്തിച്ചേര്‍ന്ന ഒരു സാധാരണ വ്യാപാരിയായിരുന്നു സുല്‍ത്താന്‍ ഖുലി ഖുത്തബ്‌ ഷാ. ചുരുങ്ങിയ കാലംകൊണ്ടാണ്‌ ഡക്കാണ്‍ സാമ്രാജ്യത്തിന്റെ അധിപനായി അദ്ദേഹം മാറിയത്‌. അധികാരത്തിന്റെ ഇടങ്ങളില്‍ കുതിരക്കച്ചവടം കണ്ടുമടുത്ത നാം ഒരുപക്ഷേ അതേ കണ്ണുകൊണ്ട്‌ ഇതും കാണാന്‍ ശ്രമിച്ചേക്കാം. അരുത്‌. കഠിന പരിശ്രമത്തിന്റെയും, തന്ത്രങ്ങളുടെയും വിജയമാകാം അത്‌.

കോട്ടയുടെ വടക്കുമാറി ഏകദേശം മൂന്ന്‌ കിലോമീറ്ററോളം ദൂരത്തിലാണ്‌ കുടീരങ്ങളുടെ സ്ഥാനം. മരത്തോപ്പുകള്‍ക്കിടയില്‍ 30 ഓളം ശില്‍പ വൈദഗ്ധ്യമാര്‍ന്ന കുടീരങ്ങള്‍ എഴുന്നു നില്‍ക്കുന്ന ഒരു ഉദ്യാനമാണിത്‌. ഖുത്തബ്ഷാഹി രാജവംശത്തിലെ പ്രമുഖരെല്ലാം ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ഇതില്‍ പ്രധാനപ്പെട്ടവ ഏഴുരാജാക്കന്മാരുടെ തുടര്‍ച്ചകളാണ്‌. കൂടാതെ രാജകുടുംബത്തിലെ ഹായത്‌ ബക്ഷി ബീഗത്തിന്റേതും. 1543 ല്‍ സുല്‍ത്താന്‍ ഖുലി ഖുത്തബ്‌ ഷായെ തുടര്‍ന്ന്‌ മൂന്നാമത്തെ മകന്‍ ജംഷിദ്‌ ഖുലി ഖുത്തബ്‌ ഷായാണ്‌ അധികാരത്തില്‍ വന്നത്‌. പക്ഷേ ഒരു സാധാരണ അധികാര കൈമാറ്റമായിരുന്നില്ല അത്‌. 90 വയസ്സായ പിതാവിനെ ഗളഛേദം ചെയ്തുകൊണ്ടാണ്‌ മകന്‍ അത്‌ നിര്‍വഹിച്ചത്‌. രാജാധികാരം അവകാശപ്പെടാന്‍ സാധ്യതയുള്ള മറ്റ്‌ സഹോദരങ്ങളേയും അദ്ദേഹം അരുംകൊല ചെയ്തു. ഏറ്റവും ഇളയ സഹോദരന്‍ ഇബ്രാഹിം ഖുലി ഖുതബ്‌ ഷാ മാത്രം അയല്‍ രാജ്യത്തേക്ക്‌ ഒളിച്ചുകടന്ന്‌ വാള്‍ മുനയില്‍ നിന്ന്‌ രക്ഷപ്പെട്ടു. ഡക്കാണ്‍ ഇങ്ങനെ പല കൊടും ക്രൂരതകള്‍ക്കും സാക്ഷ്യം നില്‍ക്കേണ്ടതായി വന്നിട്ടുണ്ട്‌. ഒരു ചരിത്രനിയോഗം പോലെ.

ഹിന്ദു, പത്താന്‍, പേഴ്സ്യന്‍ മാതൃകകളുടെ സമ്മിശ്രരൂപമാണ്‌ ഈ കുടീരങ്ങള്‍ എന്നത്‌ ഏറ്റവും ശ്രദ്ധേയമായ വസ്തുതയാണ്‌. ഗ്രേ ഗ്രാനൈറ്റാണ്‌ ഈ കുടീരങ്ങളുടെയെല്ലാം നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്‌. കുടീരങ്ങളുടെ അടുത്തായി പ്രത്യേകരീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഹമാമുകളുണ്ട്‌. മൃതശരീരങ്ങളെ രാജകീയ പ്രൗഡിയോടെ കുളിപ്പിക്കുന്നതിനായി കിടത്തുന്നത്‌ ഇവയുടെ മധ്യത്തിലുള്ള ദളരൂപത്തില്‍ ബാള്‍സം പാകിയ ഉയര്‍ന്നസ്ഥലത്താണ്‌. ചൂടുവെള്ളവും തണുത്തവെള്ളവും പ്രത്യേകം എത്തിച്ചേരാനും, ഒഴുകിപോകാനുമുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നതായി കാണാം. ഉദ്യാനത്തിന്റെ മധ്യഭാഗത്തായി അങ്ങേയറ്റം ശില്‍പ ഭംഗിയോടെ പരിലസിക്കുന്ന ഒരു കുടീരം കാണാം. ഖുത്തബ്‌ ഷാഹി വംശത്തിലെ പ്രശസ്തനായ മുഹമ്മദ്‌ ഖൂലി ഖുതബ്‌ ഷായുടേതാണത്‌. 42.5 മീറ്റര്‍ ആണ്‌ അതിന്റെ മീനാരത്തിന്റെ ഉയരം. രാജപരമ്പരയില്‍ 1550 ല്‍ ജംഷിദ്‌ രോഗബാധിതനായി (അര്‍ബുദമാണെന്ന്‌ കരുതപ്പെടുന്നു). മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ സുബിന്‍ ഖുലിയെ കിരീടധാരണം നടത്തിയെങ്കിലും പിന്നീട്‌ ഇബ്രാഹിം ഖുലി ഖുതബ്‌ ഷാ മടങ്ങിവന്ന്‌ അധികാരം ഏറ്റെടുത്തു. 1580 ല്‍ ഇബ്രാഹിം ഖുലിയുടെ മരണാനന്തരം വീണ്ടും ഒരു മൂന്നാമത്തെ മകന്റെ ഊഴമായിരുന്നു. അദ്ദേഹത്തിന്‌ ഭഗീരഥി എന്ന ഹിന്ദു സ്ത്രീയില്‍ ജനിച്ച മുഹമ്മദ്‌ ഖുലി ഖുതബ്‌ ഷാ. ഭാഗ്യവശാല്‍ രക്തചൊരിച്ചലുകള്‍ ഒഴിവായെങ്കിലും നീണ്ട ഒരു അധികാര തര്‍ക്കത്തിന്‌ ശേഷമാണ്‌ 16 കാരനായ മുഹമ്മദ്‌ ഖുലിക്ക്‌ കിരീടാവകാശം നേടാനായത്‌. അദ്ദേഹത്തിന്റെ കാലത്താണ്‌ രാജ്യത്ത്‌ പ്ലേഗ്‌ അവസാനിച്ചതിന്റെ ഓര്‍മ്മയ്ക്കായി ചാര്‍മിനാര്‍ എന്ന മനോഹര ഹര്‍മ്മ്യം നിര്‍മ്മിച്ചത്‌. ഒരിക്കല്‍ രാജ്യാതിര്‍ത്തിയിലെ വനപ്രദേശത്തേക്ക്‌ വേട്ടയ്ക്ക്‌ പോയ മുഹമ്മദ്‌ ഖുലി ഭാഗ്മതി എന്ന ഒരു ഗ്രാമീണ സുന്ദരിയെ കണ്ടുമുട്ടുകയും, അവളില്‍ ഇഷ്ടം തോന്നി തന്റെ പത്നിയാക്കുകയും ചെയ്തു. അവളോടുള്ള അനശ്വര പ്രണയത്തിന്റെ പ്രതീകമായാണ്‌ ഭാഗ്യനഗര്‍ എന്ന നഗരം പടുത്തുയര്‍ത്തിയത്‌. രാജ്ഞിയായതിനുശേഷം അവള്‍ക്ക്‌ കല്‍പ്പിച്ചുനല്‍കിയ സ്ഥാനപ്പേര്‌ ഹൈദര്‍ മഹല്‍ എന്നായിരുന്നു. അങ്ങനെ ഭാഗ്യനഗര്‍ പിന്നീട്‌ ഹൈദരാബാദ്‌ ആകുകയും ചെയ്തു എന്നാണ്‌ പണ്ഡിതമതം. അതായത്‌ ഇന്നത്തെ "പേള്‍ സിറ്റി ഓഫ്‌ ഇന്ത്യ" അല്ലെങ്കില്‍ "ഇസ്താംബൂള്‍ ഓഫ്‌ ഇന്ത്യ".

ഈ ഉദ്യാനത്തില്‍ ദുരന്ത സ്മരണപോലെ പണിതീരാതെ കിടക്കുന്ന ഒരു കുടീരമുണ്ട്‌- അബ്ദുള്‍ ഹസന്‍ തനാഷയുടെ. ഖുതബ്‌ ഷാഹി വംശത്തിലെ അവസാനത്തെ രാജാവായിരുന്നു അദ്ദേഹം. മുഹമ്മദ്‌ ഖുലി ഖുതബ്‌ ഷാ യെ തുടര്‍ന്ന്‌ സുല്‍ത്താന്‍ മുഹമ്മദ്‌ ഖുത്തബ്‌ ഷാ 1621 ല്‍ അധികാരമേറ്റു. 1626 ല്‍ സുത്താന്‍ അബ്ദുള്ള ഖുത്തബ്‌ ഷായും. സുല്‍ത്താന്‍ അബ്ദുള്ളയുടെ കാലത്താണ്‌ കോഹിന്നൂര്‍ രത്നം കണ്ടെടുക്കുന്നത്‌. കൃഷ്ണാനദിക്കരയിലെ കൊല്ലോര്‍ എന്ന സ്ഥലത്ത്‌ നിന്നും. ഗോല്‍കൊണ്ടയുടെ കുമിഞ്ഞുകൂടുന്ന വജ്രരത്ന ഭണ്ഡാരങ്ങളില്‍ അപ്പോഴേക്കും പലരും കണ്ണുവെച്ചു തുടങ്ങിയിരുന്നു (വജ്രവ്യാപാരത്തിന്‌ കേള്‍വികേട്ട ഒരു സ്ഥലമായി മാറിയിരുന്നു ഗോല്‍കൊണ്ട). 1656 ല്‍ മുഗള്‍ വംശത്തിലെ ഔറംഗസീബ്‌ ഈ ലക്ഷ്യത്തോടെ ഗോല്‍കൊണ്ട ആക്രമിച്ചു. കടുത്ത ചെറുത്തുനില്‍പ്പിന്‌ ശേഷം സുല്‍ത്താന്‍ അബ്ദുള്ള ചില ഉടമ്പടികളോടെ കീഴടങ്ങി. രാജ്യഭരണം തുടരുന്നതിന്‌ വേണ്ടി സുല്‍ത്താന്‍ അബ്ദുള്ളയുടെ മകളെ ഔറംഗസീബിന്റെ പുത്രന്‌ വിവാഹം ചെയ്തുകൊടുത്തു. ക്രൂരതയുടെ പര്യായമായിരുന്ന ഔറംഗസീബ്‌ ഇതുകൊണ്ടും തൃപ്തനായില്ല. 1687 ല്‍ രണ്ടാമതും അദ്ദേഹം ഗോല്‍കൊണ്ടയെ ആക്രമിച്ചു. 1672 ല്‍ ഭരണമേറ്റ അബ്ദുള്‍ ഹസ്സന്‍ തനാഷ ആയിരുന്നു അപ്പോള്‍ രാജാവ്‌. 8 മാസങ്ങളോളം ആ യുദ്ധം നീണ്ടു. ഒടുവില്‍ ഒരു ചതിയിലൂടെ ഹസ്സന്‍ തനാഷയെ കീഴടക്കി. ഫത്തേ ദര്‍വാസ എന്നറിയപ്പെടുന്ന കോട്ടയുടെ കിഴക്കേ വാതിലിന്റെ ചുമതലവഹിക്കുന്ന ഗോല്‍കൊണ്ട സൈന്യത്തിലെ കമാന്‍ഡര്‍ അബ്ദുള്ള ഖാന്‍ പാനിയെ ഔറംഗസീബും സംഘവും വിലക്കെടുത്തു. തന്ത്രങ്ങള്‍മെനഞ്ഞ ഒരു രാത്രി കോട്ടയുടെ കിഴക്കേവാതില്‍ എതിരാളികള്‍ക്ക്‌ മുന്നില്‍ മലര്‍ക്കെതുറന്നു. അബ്ദുള്‍ ഹസ്സന്‍ തനാഷ പിടിക്കപ്പെട്ടു. ദൗലത്താബാദ്‌ കോട്ടയിലെ ചിനിമഹല്‍ ജയിലില്‍ നീണ്ട 14 വര്‍ഷങ്ങള്‍ ഹസ്സന്‍ തനാഷാ തടവുകാരനായി കിടന്ന്‌, ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ച്‌ അന്ത്യശ്വാസം വലിച്ചു. ഖുത്തബ്‌ ഷാഹി രാജവംശത്തിന്റെ അവസാനം കൂടിയായിരുന്നു അത്‌. തനാഷയുടെ സ്മാരകം പൂര്‍ത്തിയാക്കാനോ മോടിപിടിപ്പിക്കാനോ പിന്നീട്‌ ആ രാജവംശത്തില്‍ ആരും ഉണ്ടായിരുന്നില്ല.

കുടീരങ്ങളുടെയുള്ളില്‍ ഗ്രാനൈറ്റ്‌ തറയില്‍ വര്‍ണ്ണപ്പട്ടില്‍ പുതപ്പിച്ചുകിടത്തിയിരിക്കുന്ന ഖബറുകളുടെ മുന്നില്‍ നാം നില്‍ക്കുമ്പോള്‍ ചരിത്രം കുളമ്പടിച്ച്‌ കടന്നുപോകുന്നതുപോലെ തോന്നും. ഓരോ കുടീരങ്ങളുടെ മുന്നിലും അറിയിപ്പുകള്‍ കാണാം. 1. ഇവിടെ തുപ്പരുത്‌, 2.ഇവിടം കയ്യേറി താവളമടിക്കരുത്‌. ഭാരതീയരേ, നമുക്കങ്ങനെ ചെയ്യാതിരിക്കാം. വലിയ ഒരു ചരിത്രത്തിന്റെ അവകാശികളുടെ, രാജ്യം കാത്ത വീര പരാക്രമികളുടെ ഭൗതികാവശിഷ്ടങ്ങളാണ്‌ ഇവിടെ അടക്കം ചെയ്തിരിക്കുന്നത്‌. നമുക്കവയെ ആദരിക്കാം.

മുഹമ്മദ്‌ ഖുലി ഖുതബ്ഷായുടെ മനോഹര കുടീരത്തിനടുത്ത്‌ വെണ്ണക്കല്ലില്‍ കോറിയിട്ടിരിക്കുന്ന ഒരു കവിത കാണാം.
In Muse Among those Silent fanes

Whose spacious darkness gaurds your dust

Around Me Sleep the hoary plains

That hold your ancient wars in trust

I pause, Mr dreaming spirit hears

Across the wind’s unquiet tides

The laugher of your royal brides

. . . . . . . . . . . . . . . . . . . . . . . . . . . .

. . . . . . . . . . . . . . . . . . . . . . . . . . .

. . . . . . . . . . . . . . . . . . . . . . . . . . .

Each new-born year the bulbuls sing

Their songs of your renascent loves

Your beauty wakens with the spring

And kindle these pomegranate groves.

ഈ മനോഹരവരികള്‍ ഇന്ത്യയുടെ വാനമ്പാടിയുടേതാണ്‌ (സരോജിനി നായിഡു). ഏതോ അജ്ഞാത നൊമ്പരങ്ങളെ അവ നമ്മുടെ മനസ്സിലും കോറിയിടും. മാതള മരങ്ങളിലും, വേപ്പിന്‍ചില്ലകളിലും താളം പിടിച്ചുകൊണ്ട്‌ കാറ്റ്‌ പിന്നെയും കൂടെ കൂടി. അവര്‍ ഇനിയും കഥകള്‍ പറഞ്ഞ്‌ തീര്‍ന്നിട്ടില്ല. ജഹാംഗീര്‍ ഷാ എന്ന വൃദ്ധന്റെ "4 IN ALL" എന്നെഴുതിയ മഞ്ഞച്ചായം തേച്ച പഴയ ഓട്ടോറിക്ഷയില്‍ ആ ചരിത്രവഴികളിലൂടെ മടങ്ങുംമ്പോഴും അവര്‍ ഒപ്പമുണ്ടായിരുന്നു. വെണ്ണക്കല്ലില്‍ കോറിയ നൊമ്പരങ്ങളും.

ചരിത്രം കടന്നുപോയ വഴികളാണിത്‌. മുഗളന്‍മാരുടെ പടയൊരുക്കങ്ങള്‍ വന്നതും, വജ്രവും രത്നങ്ങളും കൊള്ളചെയ്തുകൊണ്ട്‌ പോയതും ഈ വഴികളിലൂടെയാണ്‌. ഖുതബ്‌ ഷാഹി വംശത്തിന്റെ ആഡംബരപല്ലക്കുകള്‍ എത്രയോതവണ ഈ വഴികളിലൂടെ ആരവങ്ങളോടെ കടന്നുപോയിട്ടുണ്ടാകും-അവരുടെ ശവമഞ്ചങ്ങളും!

അല്ലെങ്കിലും ചരിത്രം ആവര്‍ത്തനങ്ങളല്ലേ. ചരിത്രത്തിന്റെ പക്ഷത്തുള്ള തെറ്റും ആ തനിയാവര്‍ത്തനങ്ങള്‍ തന്നെയാണല്ലോ.

ഇന്ന്‌ സെപ്തംബര്‍ 17. സന്ധ്യയ്ക്ക്‌ ഹൈദരാബാദ്‌ നഗരത്തിലൂടെ കൂറ്റന്‍ ഗണേശവിഗ്രഹങ്ങള്‍ ഘോഷയാത്രയായി ആര്‍പ്പ്‌ വിളികളോടെ കടന്നുപൊയ്ക്കൊണ്ടിരുന്നു. നഗരത്തിലെങ്ങും തിക്കും തിരക്കും. നാളെ ഗണേശപൂജയാണ്‌. തെലുങ്കാന രാഷ്ട്രസമിതി തെലുങ്കാന സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യദിനവും ഇന്ന്‌ പ്രതീകാത്മകമായി കൊണ്ടാടുകയാണ്‌. 1948 സപ്തംബര്‍ 17 നാണ്‌ നൈസാം ഭരണം അവസാനിപ്പിച്ച്‌ ഹൈദരാബാദ്‌ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നത്‌. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പലയിടങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും അറസ്റ്റുകള്‍ നടന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്കപ്പുറം നഗരം വല്ലാതെ ജാഗ്രത പാലിക്കുന്നതുപോലെ തോന്നി. സുരക്ഷാക്രമീകരണങ്ങള്‍ നഗരത്തില്‍ ശക്തിപ്പെടുത്തിയിരുന്നു. പല കോണുകളിലും പോലീസ്‌ വാഹനങ്ങള്‍ സജ്ജമായി കിടക്കുന്നത്‌ കാണാമായിരുന്നു.

Subscribe Tharjani |