തര്‍ജ്ജനി

കെ പി രമേഷ്

പൂങ്ങോട്ട് വീട്
അയിലൂര്‍ പി. ഒ
പാലക്കാട്

ഇമെയില്‍: rameshzorba@yahoo.com
ഫോണ്‍: 9447315971

Visit Home Page ...

സംഗീതം

രക്ഷകബിംബം - ഒരു ഗാനാത്മക നിര്‍വചനം

കൃഷ്ണനെക്കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ കീര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതാണ് യമുനാ കല്യാണി രാഗത്തിലുള്ള “കൃഷ്ണാ നീ ബേഗനെ ബാരോ..”. അനേകം സംഗീതജ്ഞര്‍ പ്രസ്തുതകൃതിയെ വായ്പ്പാട്ടിലും ഉപകരണസംഗീതത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പല നൃത്താവിഷ്കാരങ്ങള്‍ക്കും ഇതു രസം പകരുകയുണ്ടായി. ഫ്യൂഷന്‍ സംഗീതത്തില്‍ ഇതു പുതിയ ചുവടുകള്‍ വച്ചു.

അതെ, ആഹ്ലാദങ്ങള്‍ക്കൊപ്പം ഒരുപാട് വിവാദങ്ങളും കൊണ്ടുവന്ന ‘കൊളോണിയല്‍ കസിന്‍സ്” എന്ന ആല്‍ബത്തിന്റെ കാര്യമാണു് പറഞ്ഞു വരുന്നത്. ഈ ആല്ബത്തിലെ എട്ടുഗാനങ്ങളും പുതുമയുണര്‍ത്തുന്നത് അതിലെ വരികള്‍ക്കൊണ്ടും ഇന്ത്യന്‍ ഗ്രാമങ്ങളെ ദത്തെടുക്കുന്ന ഭാവങ്ങള്‍ കൊണ്ടുമാണെന്നു പറയുമ്പോള്‍ തന്നെ പ്രസ്തുത ഗാനരചനയ്ക്കു അന്നുവരെയുള്ള അര്‍ത്ഥത്തെ മാറ്റിപ്രതിഷ്ഠിക്കുകയാണ് ഹരിഹരനും ലെസ്ലിലൂയിസും ചെയ്യുന്നത്. ഇരുവരും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

വാത്സല്യമുഗ്ദ്ധമായ സ്വരത്തിലാണ് പരമ്പരാഗതമായ ഈ കീര്‍ത്തനം ആലപിക്കപ്പെടുന്നത്. പക്ഷേ മേല്‍പ്പറഞ്ഞ ആല്‍ബത്തിന്റെ പശ്ചാത്തലം വേറെയാണ്. ഉണ്ണിക്കൃഷ്ണന്‍ വളര്‍ന്ന് സാക്ഷാത് കൃഷ്ണനായി തീരുമ്പോള്‍ കഥ വേറെയാകുന്നു. ഭാരതീയ പുരാണ പശ്ചാത്തലത്തില്‍ ഈ വളര്‍ച്ച രക്ഷക ബിംബത്തിലേയ്ക്കാണ്. ഹിതജനസേവാര്‍ത്ഥം അവതരിക്കപ്പെടുന്ന ഈ രക്ഷകന്‍, ശക്തിയറിയിക്കുന്നതു തന്നെ യുദ്ധക്കളത്തിലാണല്ലോ. സ്നേഹത്തിനും ധര്‍മ്മത്തിനും അവിടെ ലഭിക്കുന്ന അര്‍ത്ഥം അഥവാ ഗീതാര്‍ത്ഥം ചിലരെയെങ്കിലും ഞെട്ടിപ്പിച്ചിട്ടുണ്ട്. ഹരിഹരന്റെ കണ്ഠത്തിലെ നിലാവു പെയ്യുന്ന സ്വരത്തില്‍ നമുക്കീ പൌരാണിക പശ്ചാത്തലം കാണാം. എന്നാലിവിടെ ലെസ്ലി മറ്റൊരു വര്‍ഗത്തിന്റെ പ്രതിനിധിയാവുന്നു. സ്വാഭാവികമായും അവിടെ രക്ഷകബിംബം മറ്റൊന്നാവുന്നു. ഗാനത്തിന്റെ താളലയങ്ങളില്‍ ഹരിഹരന്റെയും ലെസ്ലിയുടെയും സ്വരധാരകള്‍ സമന്വയിക്കുകയും ഗാനങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വൈരുദ്ധ്യങ്ങള്‍ക്കപ്പുറത്തുള്ള പൊതുതത്ത്വങ്ങളെ നെഞ്ചേറ്റുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ “കൃഷ്ണാ നീ ബേഗനെ ബാരോ...” എന്നു പറയുന്ന അത്രയും സാന്ദ്രതയില്‍ “ക്രിസ്തൂ... നീ ബേഗനെ ബാരോ..” എന്നും പറയാം. അതല്ല, “രാമാ... അല്ലാഹ്...” എന്നൊക്കെ പോലും കൂട്ടിച്ചേര്‍ക്കാം.

ഗാനമെന്നത് വെറും വികാരത്തിന്റെ ആവിഷ്കാരമല്ലെന്നും അതു വിഷയവും വിഷയിയും തമ്മിലുള്ള ഗാഢബന്ധമാണെന്നും സമര്‍ത്ഥിക്കുകയാണ് ഭാരതസംഗീതത്തിലെ മിക്ക രാഗങ്ങളും. ഒരു മഴ കാണുമ്പോള്‍, ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍, ഒരു മരം കാണുമ്പോള്‍ വ്യക്തിയുടെ മനസ്സിലുദിക്കുന്ന കാര്യങ്ങള്‍ക്ക് ഗാനത്തിന്റെ ചിറകു നല്‍കിയാണ് റോക്ക്-പോപ്പ് അടക്കമുള്ള ഇതര ഗാനശാഖകള്‍ അതിന്റെ ഭാവം നിര്‍ണ്ണയിക്കുന്നത്. പക്ഷേ കൃഷ്ണഭക്തിയും ശിവഭക്തിയും ദേവീഭക്തിയും തിരയടിക്കുന്ന ഭാരതീയ ശാസ്ത്രീയ സംഗീതം ഉദാത്തമായ സമര്‍പ്പണത്തിന്റെ സ്വരമാധുരിയാവുകയായിരുന്നു. ഈ അര്‍ത്ഥത്തിലാണ് നാം ഹരിഹരന്‍-ലെസ്ലീ മിത്രങ്ങളുടെ ഗാനത്തെ കാണേണ്ടത്.
ഗാന രചന നോക്കുക :
‘ഇരുള്‍ വന്നു മൂടുന്നു ചുറ്റിലും
ഏവരും പൊരുതുന്നു പരസ്പരം
അധികാരം കൊതിക്കുന്നു സര്‍വരും
അപരനെ ഹനിപ്പാനറപ്പില്ല തെല്ലുമേ..

അതിനാല്‍ യേശുവേപ്പോല്‍ തിരിച്ചെത്തുക,
ലോകത്തെ പരിരക്ഷിക്കുക.
ഓരോ ആണ്‍കുഞ്ഞിന്റെയും
പെണ്‍കുഞ്ഞിന്റെയും ഭാവിയ്ക്കു ഭാവുകങ്ങളേകുക

രാമനെപ്പോല്‍ തിരിച്ചെത്തുക
ഞങ്ങളുടെ ചെയ്തികള്‍ക്ക് മാപ്പു നല്‍കുക
അല്ലാഹുവിനേപ്പോല്‍ തിരിച്ചെത്തുക
മറ്റാരെയും പോല്‍ തിരിച്ചെത്തുക

മതമാണു ഹേതു, ലോകം ഭിന്നിപ്പതിനു,
മനുഷ്യരുടെ നിറങ്ങള്‍
നന്മയെയാഴ്ത്തീ ദ്വേഷത്തില്‍
സദയം മോചിപ്പിക്ക, ഞങ്ങളെ.

താഴേയ്ക്കു വന്ന് ഞങ്ങളെ സഹായിക്കുക
കുഞ്ഞുങ്ങളെയെല്ലാം കാത്തുകൊള്ളുക
അവര്‍ക്കൊരു ഗുരുവിനെ വേണം
അത് അങ്ങല്ലാതെ മറ്റാരുമല്ല
ഞങ്ങള്‍ക്കു വിശ്വാസമര്‍പ്പിക്കാനാവില്ല
നല്ലൊരു ലോകം നിര്‍മ്മിക്കുവാന്‍-
കുഞ്ഞുങ്ങള്‍ക്കായുള്ളോരു ലോകം.
എല്ലാവര്‍ക്കുമുള്ള ഒരു ലോകം.

കാലം സൌഖ്യദായിനി
കാലം ചലനസ്വഭാവി
കാലം കാത്തുനില്‍ക്കുന്നില്ല ഒരുവനെയും
അതിനാല്‍, നീ തിരിച്ചു വരുമെന്നെന്നോടു ചൊല്ലുക
പക്ഷേ അതിനല്പം കാലതാമസം വരാം
കാത്തിരിക്കുന്നു ഞാന്‍

യേശുവേപ്പോല്‍ തിരിച്ചെത്തുക,
തിരിച്ചെത്തി ലോകത്തെ രക്ഷിക്കുക
ഞങ്ങള്‍ക്കു വേണമൊരു ഗുരുവിനെ
അതു നീയല്ലാതാരുമല്ല.

രാമനെപ്പോല്‍ വരിക
ഞങ്ങളുടെ ചെയ്തികള്‍ക്കു മാപ്പു തരിക.
അല്ലാഹുവെപ്പോലെ എത്തുക
എല്ലാവര്‍ക്കും വേണ്ടിയെത്തുക.
ഗോവിന്ദാ..ഗുരോ ഹരീ.. ഗോപാലാ‍...

മൂലരചനയിലെ വരികളെ (രചനയും രാഗവും സമഞ്ജസിക്കുന്നു എന്ന സവിശേഷത ഭാരതീയ സംഗീതത്തിലുണ്ട്) മറ്റൊരു രാഗത്തിലേയ്ക്ക് ദത്തെടുക്കുമ്പോള്‍ ഭാവം ചോരുന്നില്ലെന്നു മാത്രമല്ല അതിനു പ്രൌഢിയേറുകയും ചെയ്യുമെന്നതിനു കര്‍ണ്ണാടക സംഗീതത്തില്‍ തെളിവുകളുണ്ട്. കുറുഞ്ഞിരാഗത്തിലുള്ള ‘അളിവേണി..’ എന്ന പദം ദക്ഷിണാമൂര്‍ത്തി ‘യദുകുല കാംബോജിയിലും’ ശ്രീരാഗത്തിലുള്ള ‘കരുണചെയ്‌വാന്‍...’ എന്ന കൃതി ചെമ്പൈ യദുകുല കാംബോജിയിലും മാറ്റി പാടിയപ്പോള്‍, പറിച്ചു നട്ടപ്പോള്‍ നമുക്ക് ആഹ്ലാദകരമായ അനുഭവമാണുണ്ടായത്.

കൊളോണിയല്‍ കസിന്‍സിന്റെ ഈ ഗാനത്തിന്റെ താളം ശ്രദ്ധിക്കുക. ജാസിന് ഇങ്ങനെയൊരു സൌമ്യനാദമുണ്ടെന്ന് മറ്റൊരിക്കലും വെളിപ്പെട്ടിട്ടില്ല്ല. “കൃഷ്ണാ നീ ബേഗനേ ബാരോ..” എന്നു ഹരിഹരന്‍ ഉച്ചരിക്കുന്നതും "Darkness coming around/And everybody figh with other‘ എന്നു ലെസ്ലി ഉച്ചരിക്കുന്നതും ഒരേ മിഴിവിലാണ്. ഇതിനു സമാനമായ ഉദാഹരനങ്ങള്‍ നിരവധിയുണ്ടെന്ന് നല്ല ശ്രവ്യബോധമുള്ള ആര്‍ക്കും ബോദ്ധ്യമാവും. പീറ്റര്‍ വൈസ് സംവിധാനം ചെയ്ത വിഖ്യാതസിനിമ ‘Sound of Music‘-ല്‍ ഒരു ഭാഗത്തുപയോഗിച്ചിട്ടുള്ള സംഗീതത്തിന് ഖരഹരപ്രിയ രാഗവുമായും Liszt - ന്റെ Nocturn A Flat എന്ന രചന്യ്ക്ക് (opus :63 No-3) ശിവരഞ്ജിനി രാഗവുമായും നല്ല ബന്ധമുണ്ട്.

കൊളോണിയല്‍ ബന്ധം സംഗീതവികാസത്തിന് ഒരുപാട് വഴികള്‍ തുറന്നിട്ടുള്ള കാര്യം നമുക്കറിയാം. ഭാരതീയ സംഗീതത്തില്‍ ആഹ്ലാദപൂര്‍ണ്ണമായ വഴിത്തിരിവുണ്ടായത് അത് പേറ്ഷ്യന്‍ ശീലുകളോട് പുലര്‍ത്തിയ സമത കൊണ്ടാണല്ലോ. ഫ്രഞ്ച് സംസ്കാരവും ആഫ്രോ-അറേബിയന്‍ സംഗീതവും ചേര്‍ന്നപ്പോഴാണ് അള്‍ജീരിയയില്‍ ‘റയ്’ സംഗീത ശാഖയുണ്ടായത്. രാഷ്ട്രീയത്തിനും തനതു സംസ്കാരങ്ങള്‍ക്കും മുകളിലൂടെ സംഗീതം ഒഴുകി നീങ്ങുന്ന കാഴ്ച ഹരിയും ലെസ്ലിയും സമ്മാനിക്കുമ്പോള്‍ നമുക്കും ആനന്ദിക്കാം, ഒരു മിച്ച് പാടാം “കൃഷ്ണാ നീ ബേഗനേ ബാരോ..!"

Subscribe Tharjani |