തര്‍ജ്ജനി

ഒ.കെ. സുദേഷ്‌

ഇ-മെയില്‍: oksudesh@hotmail.com

Visit Home Page ...

സംസ്കാരം

എള്ളോളമില്ലാ... പൊളിവചേ...നം.... അഥവാ 'ഇന്‍ ഡിഫെന്‍സ്‌ ഒവ്‌ 'ഗോഡ്സ്‌ ഓ‍ണ്‍ കണ്‍ട്രി'

ഇത്തവണ വിമാനത്തില്‍ നിന്ന്‌ ഒരു കുറുക്കനാണ്‌ ഇറങ്ങിയത്‌. പരിഭ്രമിക്കാനൊന്നുമില്ല. അവര്‍ക്കും ഇറങ്ങാന്‍ അനുമതിയുണ്ട്‌. കേറാന്‍ പാടില്ലെന്നേയുള്ളു. പക്ഷെ കക്ഷി 'ഭാഷ'-യായല്ല ഇറങ്ങിയത്‌. എന്നുവെച്ചാല്‍ പരിചിതരൂപത്തിലല്ല ഇറങ്ങിയത്‌. (പണ്ട്‌ 'ഭാഷയായില്ല' എന്നു പറഞ്ഞാല്‍, അറിയാലോ, 'അപരിചിതം', 'സംശയാസ്പദം' എന്നൊക്കെ കൂടിയായിരുന്നു അനൗദ്യോഗികമായി അര്‍ത്ഥം.)

കുറുക്കന്‍ ഒരു കുമ്പ വയറ്റില്‍ വെച്ചുപിടിപ്പിച്ചിരുന്നു; ഒരു കപ്പടാമീശയും ഒപ്പിച്ചു. സൈഡ്‌ ബേണ്‍സും തലമുടിയും 'ശ്ശി' നീട്ടി പിറകോട്ട്‌ കോതിവെച്ച മട്ടിലും. സ്ക്കൂട്ടറില്‍ ഏറോഡൈനാമിക്കായി പോകുന്ന ആ സുപ്രതിഷ്ഠിത ശീലില്‍. പ്ലാവിലകള്‍ മടക്കിക്കൂട്ടി ഒരു കിരീടവും ഒപ്പിച്ചു കണ്ടു. എന്നാലും നീണ്ട മോന്ത വലിയ പ്രശ്നമാവും എന്നുണ്ടായിരുന്നു. അസുരന്മാര്‍ക്കും ഒടിയന്മാര്‍ക്കും എന്തു ഷെയ്പ്പും ആവാമെന്നതു കൊണ്ട്‌ പൊതുജനം അതങ്ങ്‌ തള്ളുകയായിരുന്നു. 'ഉത്തുംഗോല്ലാസിതം നാസം' എന്നല്ല 'തിരശ്ഛീനോല്ലാസിതം നാസം' എന്നു മാറ്റി കാവ്യപ്പെടുത്തുകയായിരുന്നു. തിരശ്ഛീനം എന്നുവെച്ചാല്‍ ദ്വിമാനത്തില്‍ കാണരുത്‌; ത്രിമാന കാഴ്ചയില്‍ മുന്നിലേയ്ക്കുന്ന ചാണ്ടുന്ന മട്ടെന്ന്‌ ഭാവന കൊള്ളണം. കാളിദാസ വൈഭവം എന്നല്ലാതെ ഈ ലൂപ്‌-ഹോളിനെ വേറെയെങ്ങിനെ വിശേഷിപ്പാന്‍!

കള്ളവേഷമായിരുന്നു എന്നാണ്‌ ഇപ്പറഞ്ഞതില്‍ നിന്ന്‌ ഊറ്റിപ്പാറ്റുക. എന്നാല്‍ പാവം കുറുക്കന്‍ ഒരു ഏജന്റ്‌ പണിയിലായിരുന്നു. അവനെ നാട്ടരചര്‍ അയച്ചതായിരുന്നു. മാവേലി എന്നൊരു പേരിട്ടുകൊടുത്തതു കൊണ്ടെല്ലാം നമ്മെ പറ്റിയ്ക്കാന്‍ പറ്റുമെന്നോ? ഏതോ ഒരു തിരുവിതാംകൂര്‍ കാര്‍ട്ടൂണിസ്റ്റിന്റെ മാവേലി പ്രോട്ടോടൈപ്പില്‍ നിന്നാണ്‌ കുറുക്കന്‍ ഈ വേഷം തന്നെ മിരട്ടിയൊപ്പിച്ചത്‌. പക്ഷെ, നാട്ടരചര്‍ക്ക്‌ അറിയില്ലല്ലോ നമ്മളൊക്കെ 'ക്യാമറാ-ട്രിക്ക്‌' മനസ്സിലാവുന്ന കൂട്ടത്തിലാണെന്ന്‌. ഭയങ്കര വങ്കന്‍-നടിപ്പു പാര്‍ട്ടികളല്ലേ, നാമൊക്കെ! അതിനാല്‍, കുറുക്കന്റെ കയ്യില്‍ നാട്ടരചര്‍ വാഴയിലവരെ കൊടുത്തുവിട്ടു. "കണ്ടാലയ്യോ ജീര്‍ണ്ണാ‍..പത്രം..." എന്ന ചെറുശ്ശേരി മട്ടില്‍ നാമതങ്ങ്‌ 'പാരഡി'ച്ചെങ്കിലും, നമ്മെയത്രയും അന്ത:സാരശൂന്യരാക്കിക്കൊണ്ട്‌ അത്‌ പേപ്പര്‍ വാഴയിലകളായിരുന്നു. അല്ലെങ്കില്‍പ്പോലും വാങ്ങുമായിരുന്നു, തേക്കിന്റെ ഇലയാണെങ്കില്‍ പോലും കയ്യും നീട്ടി വാങ്ങുമായിരുന്നു, വെച്ചതൊട്ടുക്കും അതില്‍ വിളമ്പുമായിരുന്നു, കൈപത്തിയൊട്ടുക്കും ഓട്ടിയും നടത്തിയും 'ഇലം'പരിശാക്കുമായിരുന്നു, ഏമ്പക്കമിട്ടു കാണിച്ചുകൊടുക്കുക കൂടിചെയ്യുമായിരുന്നു. കളി കയ്യിലിരിക്കട്ടെ മ്വോനേ!

പോട്ടെ, ഏജന്റ്‌ കുറുക്കന്‌ കൂടുതലെന്ത്‌? അവന്‍ അവന്റെ സാധ്വിയായ പത്നിയേയും കുഞ്ഞന്മാരേയും മാളത്തിലെ ഘനഗംഭീര നാറ്റങ്ങളേയും ഓര്‍ത്ത്‌ നെടുവീര്‍പ്പിട്ടു കൊണ്ട്‌ ഒരു മൂ-നക്ഷത്ര സത്രത്തില്‍ തണുത്തു വിറങ്ങലിച്ചു നേരം പോക്കി. ഒരു വെയില്‍മഴ നേരത്ത്‌ കല്ല്യാണം കഴിച്ച കാര്യമോര്‍ത്ത്‌ തരുണഹൃദയനാവുകയും ചെയ്തു. അകിറാ കുറോസാവയായിരുന്നു വിഡിയൊ പിടിച്ചത്‌. പറഞ്ഞാലാരും വിശ്വസിയ്ക്കുകയില്ല. 'ഡ്രീംസ്‌' എന്ന ചെറുപടങ്ങളുടെ ശേഖരത്തില്‍ തന്റെ കല്ല്യാണ വിഡിയോയ്ക്ക്‌ കുറോസാവ നല്‍കിയ പ്രാധാന്യത്തെയോര്‍ത്ത്‌ കുറുക്കന്‍ കുറച്ചൊന്നുമല്ല ആ രാത്രിയില്‍ പൊട്ടിപ്പൊട്ടിച്ചിരിയ്ക്കുക.

എങ്കിലും അവന്‍ ഭാഗവതം വായിച്ച സൃഗാലനും കൂടിയായിരുന്നു. കൃതയുഗത്തില്‍ വാമനന്‍ ചവുട്ടിത്താഴ്ത്തിയ മഹാബലി, ത്രേതായുഗത്തില്‍ പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയെടുത്ത കേരളക്ഷേത്രത്തിന്റെ രാജാവോ? ഈ ലേഖകന്‍ പറഞ്ഞതല്ല. ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്‌ എന്ന വിശ്രുത നോവല്‍/ചെറുകഥായെഴുത്തുകാരന്‍ 'മാതൃഭൂമി'-യിലെ പ്രവാസഭാരതത്തില്‍ എഴുതിയ ഓണ്‍ലൈന്‍ ഓണവിശേഷത്തില്‍ മലയാളിയുടെ മാവേലി പുരാവൃത്തത്തെ കണക്കിനു കളിയാക്കുന്നതായി അഭിനയിച്ചത്‌, ചുരുക്കിയെഴുതി ആധിപൂണ്ടതാണ്‌.

സന്ദര്‍ഭം ഇതായിരുന്നു: ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോട്‌ ഒരിക്കലൊരു ഓണക്കാലത്ത്‌ ഹിമാലയസാനുവില്‍ അമര്‍ന്നിരുന്ന ഒരു സംന്യാസിയെ സന്ദര്‍ശിക്കാന്‍ ഇടയാവുന്നു. സംന്യാസി പൂര്‍വ്വാശ്രമത്തില്‍ ഒരു മലയാളിയായിരുന്നിരിയ്ക്കുവാന്‍ നന്നേ വഴിയുണ്ടെങ്കിലും വായ്ത്താരി തേഞ്ഞുപോയിത്തുടങ്ങിയിരുന്നു. ആകയാല്‍ ഇംഗ്ലീഷിലാണ്‌ പറയുകയത്രയും. ആ സംന്യാസിയാണത്രെ ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടിന്റെ കണ്ണുതുറപ്പിയ്ക്കുക. അതായത്‌ കൃതയുഗത്തിലായിരുന്നുവത്രെ വാമനന്‍ മഹാബലിയെ പാതാളത്തിലേയ്ക്ക്‌ ചവുട്ടിത്താഴ്ത്തിയത്‌. അതിനുശേഷം ഉരുണ്ടുകൂടിയ ത്രേതായുഗത്തിലാണത്രെ പരശുരാമന്‍ അവതരിച്ചത്‌. കേരളത്തെ ആഴിയില്‍ നിന്ന്‌ കൊത്തിയെടുത്തത്‌ ആ പരശുരാമന്‍ ആണെന്നായിരുന്നുവല്ലോ നാമെല്ലാം പുരാവൃത്തിച്ചുകൊണ്ടിരിക്കുന്നത്‌. സോഷ്യല്‍ സ്റ്റഡീസില്‍ പോലും സീരിയസ്സ്‌ തമാശയില്‍ പഠിച്ചത്‌. അതായത്‌, ഫിക്ഷന്‍ ഉണ്ടാക്കുവാനും അത്‌ ചരിത്രമാക്കുവാനും മടിക്കാത്തവരാണ്‌ മലയാളികള്‍ എന്നായിരിക്കണം (ഹല്ല! എന്നായിരുന്നു) സംന്യാസി പുച്ഛിച്ചത്‌. ഇതോര്‍ത്ത്‌ അദ്ദേഹം കര്‍ണ്ണകഠോരമായി ചിരിച്ചത്‌ ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടിന്റെ തല പോലും ഇരമ്പിപ്പിച്ചു. ഇതിലെ കഠോരഹാസ്യം അറിയാന്‍ കുറച്ച്‌ 'ഹൈന്ദവ' കാലഗണനാ ഗണിതം ആവശ്യമായി വന്നേയ്ക്കും --ഇതാ, ഇങ്ങിനെയെങ്കിലും അതൊന്ന്‌ ഒപ്പിച്ചെടുക്കാം. ശ്ശി ദീര്‍ഘത്തിലാണ്‌ ട്ടോ; മുഷിയരുത്‌.

കൃത-ത്രേതാ-ദ്വാപര-കലി എന്നാണല്ലോ, ഹെ, യുഗാന്തര ഹയറാര്‍ക്കി തന്നെ. ഓരോന്നിന്റേയും കാലക്കണക്ക്‌ റൗണ്ട്‌ ചെയ്തു പറയുകയാണെങ്കില്‍, കൃതയുഗം പതിനേഴരലക്ഷവും, ത്രേതായുഗം പതിമൂന്നുലക്ഷവും ദ്വാപരയുഗം ഒമ്പതുലക്ഷവും മനുഷ്യവര്‍ഷങ്ങള്‍ അപഹരിയ്ക്കും എന്നാവും. ഇപ്പോള്‍ നാലാം യുഗമായ കലിയുഗം നടപ്പില്‍. നാലരലക്ഷം മനുഷ്യവര്‍ഷങ്ങള്‍ അതിനായി നീക്കിവെച്ചിട്ടുണ്ട്‌. ഇത്രയുമായിട്ടും അയ്യായിരത്തി ഒരുനൂറ്റിച്ചില്വാനം വര്‍ഷങ്ങളെ അതില്‍നിന്ന്‌ ചിലവഴിച്ചിട്ടുമുള്ളു. ശിഷ്ടം കാലത്തിലേയ്ക്ക്‌ എന്തുമാത്രം കാലകേയന്മാരെ നമ്മുടെ അനന്തര തലമുറകള്‍ കാണണം! പോട്ടെ, എന്തുമാത്രം മലയാള സാഹിത്യം ഭാരതമണല്‍പ്പുഴയിലൂടെ ഒഴുകണം! പ്രവാസമണല്‍ക്കാട്ടില്‍ പോലും ഒഴുക്കണം! നമ്മുടെയൊക്കെയൊരു ലക്കേ!

കാലഗണനയുടെ ഫര്‍തര്‍ കണകുണാക്ക്‌ ഇങ്ങിനെപോകും (ലുക്‌ ഒരു കാര്യം: 'ഹൈന്ദവ' കാലഗണനയുടെ കാര്യത്തില്‍ ഒരുപടി വെര്‍ഷനുകള്‍ നിലവിലുണ്ട്‌. എന്നാലും അടിച്ചടിച്ചു നില്‍ക്കാന്‍ പറ്റുന്ന വ്യത്യാസങ്ങളെ കാണൂ):

പ്രപഞ്ചങ്ങള്‍ ഉണ്ടാവുന്നു, പൊലിയുന്നു (ശ്രദ്ധിയ്ക്കൂ, ഇപ്പറഞ്ഞത്‌ വായിക്കുമ്പോള്‍ കൈകള്‍ കൂമ്പുകയും താമസംവിനാ വിടരുകയും വേണം). വിരാട്പുരുഷന്റെ ഓരോ രോമകൂപത്തിലും ഓരോ ബ്രഹ്മാണ്ഡം, അതായത്‌ 'പ്രപഞ്ചം' എന്നാണ്‌ ഭാഷ്യം. ഓരോ പ്രപഞ്ചത്തിനും ഒരു നാഥന്‍ --തസ്തികനാമം: ബ്രഹ്മാവ്‌. ബ്രഹ്മാവിന്റെ ഭരണകാലത്തെ മഹാകല്‍പ്പം എന്ന്‌ പറയും. മഹാകല്‍പ്പകാലാന്തം മഹാപ്രളയം. (കളിവിടുക; മുല്ലപ്പെരിയാറിനേക്കാള്‍ വെള്ളമാണിവിടെ ആവശ്യമായി വരിക. ചുരത്താന്‍ ആകാശഗംഗ പോലും ഒന്നന്തിയ്ക്കും!) അങ്ങിനെയിരിക്കെ.... ബ്രഹ്മാവിന്റെ ഒരു ദിവസം (അഹോരാത്രം) ച്ചാല്‍ രണ്ടു കല്‍പ്പകാലം. ഒരു കല്‍പ്പകാലം (പകല്‍) ച്ചാലോ പതിനാല്‌ മന്വന്തരങ്ങളും. സന്ധ്യയായാല്‍ ഒരു മിനി പ്രളയം. (അതിപ്പോഴും മലയാളി 'ഇരുമുറ'യിലും വിടാതെ പുലര്‍ത്തിവരുന്നു.) പിന്നെ ബ്രഹ്മാവിന്‌ വിശ്രമസമയമാണ്‌; രാത്രിയാണ്‌; മുന്‍ ബ്രഹ്മാക്കളെ വെട്ടിച്ചുകടന്ന്‌ അലഞ്ഞുനടക്കുന്ന വ്യോമപിണ്ഡങ്ങളെ എണ്ണിത്തീര്‍ക്കലാണ്‌. അതിന്റെ ദൈര്‍ഘ്യമോ, മറ്റൊരു കല്‍പ്പകാലവും. അങ്ങിനെ ബ്രഹ്മാവിന്റെ മുന്നൂറ്റിയറുപത്തഞ്ചു അഹോരാത്രങ്ങളും അതിന്മേലെ നൂറ്റിയിരുപത്‌ വര്‍ഷങ്ങളും പിന്നിട്ടാല്‍ ഇഷ്ടന്‍ കാലിയാവും. (കൂടിയ രസം ഇതല്ല, മനുവായായാലും ബ്രഹ്മാവായാലും ഒരു വര്‍ഷം എന്നുവെച്ചാല്‍ 365 ദിവസം കൂടുന്നതാവും എന്നതാണ്‌; സാരമില്ല ആന്ത്രപ്പസെന്‍ട്രിക്‌ എന്നൊരു വീക്ഷണകോണ്‍ കലശമാടി നിലവിലുണ്ട്‌.) അപ്പോഴേയ്ക്കും ഒരു ബ്രഹ്മായുസ്സ്‌ എത്ര മനുഷ്യവര്‍ഷങ്ങള്‍ തവിടുപൊടിയാക്കിയിരിക്കുമെന്ന്‌ അറിയാമോ? ചുരുങ്ങിയത്‌ 190 ട്രില്യണ്‍** മനുഷ്യവര്‍ഷങ്ങള്‍! ഈ ട്രില്യണ്‍ എന്നൊക്കെ നാം അമേരിക്കയുടെ പ്രതിരോധ ബജറ്റുകളിലേ കേട്ടുകേള്‍വിയില്‍ മാത്രമെ വകയിരുത്തി കണ്ടിട്ടുള്ളു, അല്ലേ! എന്തോരം 'ഇമ്പീരിയലിസം'!

മുന്‍ചൊന്ന വിവരത്തില്‍ ചെറിയൊരു വര്‍ത്തമാനകാല ഏടാകൂടമുണ്ട്‌. 2005-ലെ ഹബ്‌ള്‍ സ്പെയ്സ്‌ ടെലസ്കോപ്പിന്റെ വിവരപ്പട്ടിക അനുസരിക്കുകയാണെങ്കില്‍ വിശാലാനുമാനത്തില്‍ 13 തൊട്ട്‌ 14 ബില്യണ്‍*** മനുഷ്യവര്‍ഷമാണ്‌ പ്രപഞ്ചത്തിന്റെ ആയുസ്സായി കണക്കാക്കിയിരിക്കുന്നത്‌. നമ്മുടെ പുരാവൃത്താന്ത വിശേഷമനുസരിച്ച്‌ ഇത്‌ വെറും നിലക്കടലകള്‍ മാത്രം? ശ്ശോ, എന്തുമാത്രം പഴഞ്ചന്‍ കണക്കാവണം ഈ പാശ്ഛാത്യ മ്ലേച്ഛജാതി കണക്കാക്കി വെച്ചിരിക്കുന്നത്‌? നമ്മള്‍ പഠിപ്പിച്ച്‌, അറബി-മ്ലേച്ഛര്‍ പകര്‍ന്നു കൊടുത്തതിനപ്പുറം ഒരു കണക്ക്‌ ഗണിയ്ക്കാന്‍ ഇവരൊന്നു കെണിയുക തന്നെ ചെയ്യും! അതുവരെ അവരുടെ യൂണിവേഴ്സിറ്റികളിലും സിലബസ്സിലും പഠിയ്ക്കുക; അല്ലാതെന്താ ചെയ്ക? നിയോ-കൊളോണിയലിസമാണേ; നിയോ-കൊളോണിയലിസം!

കൂടെ, ചെറിയൊരു ഭൂതകാല ഏടാകൂടവുമുണ്ട്‌. ബ്രഹ്മാവിനും മേലെ കണക്ക്‌ അവെയ്‌ലബ്‌ളല്ല. അവിടെ ചളിയുരുട്ടിക്കളിയ്ക്കുന്ന ഒരു കക്ഷിരാഹിത്യ കക്ഷിയുണ്ടെന്നാണ്‌ അനുമാനം. ഒരു ചിരകാല കക്ഷി. നൊമ്പടെ ജാതിയാണ്‌; ച്ചാല്‍ സോ-കാള്‍ഡ്‌ അരാഷ്ട്രീയനാണ്‌. വിശേഷണങ്ങളെല്ലാം പത്ഥ്യാല്‍ പത്ഥ്യം. അനന്തമഞ്ജാതമവര്‍ണ്ണനീയം എന്നാണ്‌ നാള്‍വഴിയത്രയും; പുറമെ ശ്ശി നിസ്സംഗവും; അല്ല, ആവാതെ വഴിയില്ലല്ലോ. ഇതിനെയാണ്‌, ചെറുങ്ങനെ സത്‍സംഗമാക്കി, നൊമ്പടെ സെമിറ്റിക്‌ ട്രൈബുകള്‍ പൂജിയ്ക്കുന്നതും ഭയപ്പെടുന്നതും --എന്നാണെന്റെ അറിവ്‌. (എന്റിഷ്ടോ പരമോല്‍ പരിമിതമാണേ അറിവ്‌!) എങ്കിലുമെന്തോന്ന്‌ എന്നാണ്‌? അവിടേയും ഒരു ഹയറാര്‍ക്കിക്കല്‍ ഒപ്പാര്‌ നിവേശിതം.

സോറി, ഏടാകൂടത്തെപ്പറ്റി പറഞ്ഞു-പറഞ്ഞു കൊല്ലിയില്‍ ചെന്നടിയാന്‍ 'തക്കവണ്ണ'ത്തില്‍ അരാഷ്ട്രീയമായി ഉഴറിപ്പോയി. സംഗതി ഇതാണ്‌. നൊമ്പടെ മന്വന്തരത്തിലെ പതിനാല്‌ മനുക്കളെ പറ്റിയും സവിസ്തര വിവരപാഠം നിലവിലുണ്ട്‌. ച്ചാല്‍, അവരുടെയെല്ലാം ജാതകം കുറിച്ചുവെച്ചിട്ടുണ്ട്‌. ച്ചാല്‍, പറഞ്ഞുവെച്ചതേ നടക്കൂ എന്നര്‍ത്ഥം. (നോം നന്നേ വ്യക്തനായ നോസ്ട്രാഡാമസ്‌ കൂടിയല്ലേ.) ആകയാല്‍, അതൊക്കെ ബ്രഹ്മാവിന്റെ 'അയ്യേയെസ്‌' വിടുപണിയര്‍ രേഖയാക്കി വെച്ചിട്ടുണ്ട്‌. നീക്കുപോക്കൊന്നുമില്ല. അതിന്‍പടി നമുക്കൊരു വിപ്ലവവും സ്വപ്നം കാണാനുമില്ല. പുടികിട്ട്യാ ആര്‍എസ്സ്‌എസ്സ്‌ ലൈന്‍? സോന്യാ ഗാന്ധി എന്നുവെച്ചാല്‍ നൊമ്പടെ കലികാല ഗാന്ധി തന്നെയാണ്‌ എന്ന്‌ ആറെസ്സെസ്‌ അവര്‍കള്‍ സ്വയംസേവനം ചെയ്താല്‍ മുഷിയാന്‍ പറ്റുമോ? അരാഷ്ട്രീയം എന്ന സെമിറ്റികമായ തെറിപ്പരാതി എന്തുകൊണ്ട്‌ ഇന്‍ഡ്യയില്‍ ഏശിയില്ല എന്നത്‌, അരാഷ്ട്രീയത്തിലെ രാഷ്ട്രീയത്തനിമ കൊണ്ടുതന്നെയാവുന്നത്‌ കാണാന്‍ വയ്യേ? ആ പ്രാതിഭാസികതയെ, ഷോര്‍ട്ട്‌-കട്ടുകളിലൂടെ ഞംഞ്ഞമമായി പിടിച്ചെടുക്കുവാന്‍ മെരുകു-മുറയില്‍ പ്രയാസപ്പെടുന്ന ഇടതുരാഷ്ട്രീയം കളിയ്ക്കുന്ന പുരോഗമന-സാഹിത്യലാക്കും കണ്ടില്ലെന്നു വരുമോ? എന്റമ്മോ എന്തൊരു ടഫ്‌ വാക്യങ്ങള്‍! (അല്ലാ, ഞാനെന്താ മാവേലി ക്ണാപ്പടിക്കുകയാണെന്നാ ധാരണ? അന്തസ്സ്‌ പാര്‍ട്ടികള്‌ തന്നെ!)

അതു സമൃദ്ധാല്‍ വിടുക. കണക്കെന്നാല്‍ കണക്ക്‌. ലോക്കലാവുമ്പോള്‍ എല്‍ഡിഎഫ്‌ മുറയനുസരിച്ചും തള്ളിവിടാവുന്നതാണ്‌ ആലോക ലോഗരിതങ്ങളത്രയും. അപ്രകാരം, അല്ലെങ്കില്‍ ഇപ്രകാരമെങ്കിലും, മനു എന്നാണ്‌ മന്വന്തരം ഭരിയ്ക്കുന്നവര്‍കളുടെ ഉദ്യോഗനാമം. പതിനാലു മന്വന്തരങ്ങള്‍ കൂടിയാല്‍ ഒരു ബ്രഹ്മ-കല്‍പ്പകാലം എന്ന്‌ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ. അതിന്‍പടി, 61 ലക്ഷത്തിലേറെ മന്വന്തരങ്ങളുണ്ടാവും ഒരു ബ്രഹ്മായുസ്സില്‍. 71 ചതുര്യുഗങ്ങളുണ്ടാവും ഓരോ മന്വന്തരത്തിലും എന്നും സൂചിപ്പിച്ചിട്ടുണ്ട്‌ മുമ്പേ. എന്നുവെച്ചാല്‍ നാല്‍പ്പത്തമൂന്നര കോടിയിലേറെ ചതുര്യുഗങ്ങള്‍ ഒരു ബ്രഹ്മായുസ്സില്‍. തൃപ്തിയായോ!

ഊഴമനുസരിച്ച്‌ ഏഴാമനാവും ഇപ്പോഴത്തെ മനു. പേര്‌ വൈവസ്വതന്‍. സത്യവ്രതന്‍, വിവസ്വാന്‍ എന്നെല്ലാം അപരനാമങ്ങള്‍. നമ്മുടെ ഫെമിനിസ്റ്റുകളെ അമ്പേ ചൂടാക്കിയ 'മനുസ്മൃതി' എഴുതിയത്‌ എന്നാല്‍ ഇദ്ദേഹമല്ല. ഒന്നാം മനുവായ സ്വായംഭുവനാണ്‌ ആ കൃതി പറ്റിയ്ക്കുക. (മാര്‍ക്സ്‌ എന്നോ ബുഷ്‌ എന്നോ ഹെഡ്ഗെവാര്‍ എന്നോ ഒസാമയെന്നോ അഹ്മദിനെജാദ്‌ എന്നോ മറ്റോ ആയി വ്യാഖ്യാനിക്കാതിരിക്കാനാണീ ഇന്‍ഫോ.) ചര്‍വ്വിതചര്‍വ്വം തുടരട്ടെ... നാലു യുഗങ്ങള്‍ കൂടിയാല്‍, വിശേഷിച്ച്‌ പറയാതെത്തന്നെ, ഒരു ചതുര്യുഗം. ഒരു ചതുര്യുഗം ച്ചാല്‍ നാലു യുഗങ്ങള്‍ ച്ചാല്‍, നേരത്തെ പറഞ്ഞുവല്ലോ..., കൃത-ത്രേതാ-ദ്വാപര-കലി ഇത്യാദി. ഇതിലെ കലിയിലാണ്‌ നാം... ംച്ച്‌...ചുമ്മാ... ഒന്നു കളിച്ചതാ... ഓര്‍മ്മിപ്പിച്ചുവെന്നേയുള്ളു. വായനയുടെ മനസ്സ്‌ ഉറപ്പിക്കാനാ (എഴുത്തെന്നേ ഉറച്ചു!).

അപ്പോള്‍, മലയാളിയെ വര്‍ഷാവര്‍ഷം ആശിര്‍വദിയ്ക്കാന്‍ വരുന്ന മാവേലിയോ? സാധനം ഡൂക്കിലിയാണെന്നോ? ലവന്‍, ലോക്കല്‍ കള്ളുഷാപ്പില്‍ നിന്ന്‌ അബദ്ധത്തില്‍ ഇറങ്ങിവന്ന, കുമ്പ-കൊമ്പന്‍മീശ-ചെവിക്കുറ്റിരോമം-തൂക്കുപുരികന്‍-മാറത്ത്മാറാല-മുതുകത്തുവെടിക്കല-ബാലെകിരീടം-തറ്റുടുപ്പ്‌-രണ്ടാംവേഷ്ടി-ഓലക്കുട സമേതന്‍ ആന്നല്ലോ.

ആന്നേ ആന്ന്‌; നൊമ്പടെ കുറുക്കനും അങ്ങിനൊക്കെ തന്നാരുന്നു; ചെറുങ്ങനെ സമകാലികമായി സമവായപ്പെടുത്തിയിട്ടുണ്ടെന്നേയുള്ളു. എയര്‍പോര്‍ട്ടില്‍ നിന്ന്‌ കൂളായി ഇറക്കിക്കൊണ്ടു വരാന്‍ സുന്ദരന്‍ ശാര്‍ദ്ദൂലങ്ങള്‍ക്കാണോ പഞ്ഞം! ആകയാല്‍, ആ തിരുവിതാംകൂറിയായ കാര്‍ട്ടൂണിസ്റ്റിന്റെ മാവേലി പ്രോട്ടോടൈപ്പിന്‌ നമോവാകം. (ആലപ്പുഴക്കാരനായിരിക്കണം; കടുത്തു പറഞ്ഞാല്‍ പുന്നപ്ര-വയലാറനുമാവണം, കക്ഷി. അഭ്യൂഹമാണ്‌, വിവാദിക്കരുത്‌.)

കക്ഷിയെ, കക്ഷിയുടെ ഗുള്‍ഫ്‌പതിപ്പിനെ, എല്‍ഡിഎഫ്‌ അരചര്‍ ഗള്‍ഫിലേയ്ക്ക്‌ അയച്ചതാണെന്ന്‌ സൂചിപ്പിച്ചുവല്ലോ. അയച്ചവര്‍, ഇത്തവണ എല്‍ഡിഎഫ്‌ ആയിപ്പോയി എന്നേയുള്ളു. ശാസ്താവിനെ തന്നെ പരിഭ്രമിപ്പിച്ച ലൊട്ടുലൊടാക്കിനെ നിശ്ശബ്ദമാക്കി വരുന്നേ ഒണ്ടായിരുന്നുള്ളു, അവര്‍. മകരവിളക്കിനെ എകരത്തില്‍ എരിയിച്ചു നിറുത്താന്‍ പാടുള്ള കലികാലം. ഓണത്തപ്പനെ ചൊല്ലിയൊരു വിവാദമോ അതിനിടയ്ക്ക്‌? അതും യുഗാന്തര അരിത്‌മെറ്റിക്സ്‌ വെച്ചുകൊണ്ട്‌? ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോട്‌ ആ സിനിക്‌ ആയ സംന്യാസിയെ പൊലിപ്പിച്ചതിന്‌ ഒരു പൂശ കൊടുക്കണം; വേണ്ടേ? 2006-ലെ എല്‍ഡിഎഫ്‌ മന്ത്രി സുധാകരന്‍ എന്ന വാഗ്പണ്ടാരം പണ്ടേ തീരുമാനിച്ച മേല്‍നടപ്പിലാണത്‌. പണ്ടേ പ്രാദേശിക മലയാളിയെ തരിപ്പിക്കാന്‍ പറ്റിയിരുന്നത്‌ പ്രവാസ-മലയാളിയെ കൊണ്ട്‌ തല്ലിപ്പിച്ചാണ്‌. കാശുകൊണ്ടെറിഞ്ഞും മതിവന്നില്ലെങ്കില്‍ സാഹിത്യം കൊണ്ടെറിഞ്ഞും.

ആകയാല്‍ ഈ കുറുക്ക പ്രവേശകം.

കുറുക്കന്‍ രാവിലെ പല്ലുതേക്കാതെയാണ്‌, എന്നാല്‍പ്പോലും, കാപ്പി കുടിയ്ക്കുക. കിട്ടാവുന്ന ബ്രഷുകളെല്ലാം അപര്യാപ്തം. ആകയാല്‍, എപ്പടി ഗള്‍ഫുമലയാളികളായ പത്രപ്രവര്‍ത്തകരെ, ബ്ലോഗികളെ, വെബ്‌-മാഗ്‌ എഡിറ്റന്മാരെ, അസംഖ്യം സംഘടിത-ശാര്‍ദ്ദൂലങ്ങളെ നേരിടാം എന്ന്‌ കുണ്ഠിതനായിരിക്കുകയായിരുന്നു. അതിനിടയ്ക്ക്‌ 'എന്റെ അറബി' എന്നു നെഞ്ചിലടിച്ച്‌ വല്ല ഏഭ്യന്‍ ഒറ്റയാന്‍ മലയാളിയും തന്റെ സ്പോണ്‍സറെ കൂടി പരിചയപ്പെടുത്താന്‍ വന്നാലോ?

ആകെ കഷ്ടത്തിലാക്കീലോ... ന്റെ ഞാങ്ങാട്ടിരി ഭഗോതീ... എന്ന്‌ നിലവിളിയ്ക്കയല്ലാതെയെന്തു പാകമെന്നാണ്‌? ഈ അറബി എന്നൊക്കെ വെച്ചാല്‍ എന്താ കഥ? പല്ലിന്റെ ഊനു ചീന്തുന്നതു വരെ ആ ചെടിത്തണ്ടുകൊണ്ട്‌ ദന്തശുദ്ധി വരുത്തുന്ന കൂട്ടമാണ്‌. 'നമ്പൂതിരീസ്‌ ദന്തധാവനചൂര്‍ണ്ണം' പോലും അരികത്ത്‌ നില്‍ക്കുകയില്ല. ചുരുക്കത്തില്‍, നോമിനെ അസാരം ഇളിഭ്യനാക്കാനുള്ള എല്ലാ ഏര്‍പ്പാടും ഒത്തുവന്നിരിക്കുന്നു. അല്ല, നോം ലക്ഷക്കണക്കിന്‌ വര്‍ഷം പഴക്കമുള്ള ഒരു രാജാധിരാജന്റെ അതീത-മിമിക്രിയില്‍ അല്ലാന്ന്‌ വെയ്ക്കാന്‍ പറ്റ്വോ? പെട്ടന്നങ്ങ്ട്‌ വേണ്ടാന്ന്‌ വെയ്ക്കാന്‍ പറ്റ്വോ? ഒന്നു പറയ്വാ?

ഇങ്ങിനെയൊക്കെ ദീനവ്യഞ്ജന ഒച്ചവെപ്പുകളില്‍ ആത്മഗതം പൂണ്ട്‌ മുറിയിലെമ്പാടും തെരുപ്പറങ്ങി നടന്നു --കുറുക്കസ്യ.

പെട്ടെന്നാണ്‌, ഭാഗവത പരിചയം കുറുക്കന്റെ ബുദ്ധിനേട്ടത്തിന്‌ മേല്‍ക്കയ്യായി തീരുക. നാം, മലയാളിയുടെ, ഒരു ഭാഗ്യം എന്നുവെച്ചാല്‍ ഇതാണ്‌. പിന്നീട്‌ ഈ പരിപാടിയ്ക്ക്‌ 'മാജിക്കല്‍ റിയലിസം' എന്ന്‌ മ്ലേച്ഛരായ പാശ്ഛാത്യ ജനതതികള്‍ ഒരു സാഹിത്യപ്പേരുമിട്ടിട്ടുണ്ട്‌. അല്ല, കേമാണേ പേര്‌. ആ പേരു കൊണ്ടല്ലോ നാം മലയാളികളത്രയും ഒരു സാമ്പത്തിക മോഡല്‍ തന്നെ തിരിച്ചറിയിപ്പിക്കുന്നത്‌. ഏത്‌? കള മേന്നേ! ആ 'കേരളാമോഡല്‍' സാധനം തന്നേ!

ശേഷം, കുറുക്കന്‍, കൈകാല്‍ പത്തികളിലെ നഖം ചെറുങ്ങനെ കടിച്ചുപറിച്ചുകൊണ്ട്‌ ഭാഗവത വെളിപാടിനെ ബ്രീഫായി ഇങ്ങിനെയൊന്ന്‌ ഓര്‍ഡറിലാക്കി:

1) ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടിന്റെ സംന്യാസിയ്ക്ക്‌ ഒരബദ്ധം പറ്റിയിട്ടുണ്ട്‌. ത്രേതായുഗത്തില്‍ മഹാവിഷ്ണുവിന്‌ മൂന്ന്‌ അവതാരങ്ങളാണുള്ളത്‌: വാമനനും പരശുരാമനും പിന്നെ ശ്രീരാമനും. സംന്യാസി നെഗളിച്ചതോ, കൃതയുഗത്തിലായിരുന്നു വാമനാവതാരം അല്ലെങ്കില്‍ മഹാബലിയുടെ യുഗാന്തര മിമിക്രിയാട്ടം എന്നും. മലയാളിയായാലും, ശ്ശി വടക്കോട്ട്‌ പ്രവാസപ്പെട്ടാല്‍ ഓക്സിജന്റെ കുറവുകാരണം മണ്ടയിലെ നെറ്റ്‌വര്‍ക്കിങ്‌ ഭേഷായി നടന്നുവെന്ന്‌ വരികയില്ല. പുച്ഛവും അതിന്റെ വരാനിരിക്കുന്ന സന്തതിയായ ഫാഷിസ്റ്റ്‌ ചിന്തയും പെരുക്കുന്നത്‌ തണുതണുത്ത മുറിയില്‍ കരിയടുപ്പിനെ ആശ്രയിച്ച്‌ ആശയനിര്‍മ്മിതിയില്‍ വ്യാപരിക്കുമ്പോഴാണ്‌. പൊറുക്കാവുന്ന പാരിസ്ഥിതിക നാശം, അല്ലേ?

2) ചിരഞ്ജീവികള്‍ ഏഴ്‌: അശ്വത്ഥാമാവ്‌, കൃപന്‍, പരശുരാമന്‍, മഹാബലി, വിഭീഷണന്‍, വ്യാസന്‍ പിന്നെ ഹനുമാനും. ന്‍ഘാ! പരശുരാമനും മഹാബലിയും! അവിടെയാവും ഷോടതിയടി. എന്താ ചിരഞ്ജീവി ന്ന്‌-ച്ചാല്‍ ന്നാ വെചാരം? ചിരാ..ാ‍..ാ‍..ാ‍..യിട്ടങ്ങിനെ ജീവിക്കണ ജീവികള്‌ ന്ന്‌ അര്‍ത്ഥം, ല്ലേ? എന്ന്‌ വെച്ചാല്‍ എഴുപത്തിയൊന്ന്‌ ചതുര്യുഗങ്ങളില്‌ ഒതുക്കാവുന്ന കേസ്‌കെട്ടേ ഉള്ളൂട്ടോ. അല്ലെങ്കില്‍ 14 മന്വന്തരങ്ങളിലെ 994 ചതുര്യുഗങ്ങള്‍ എന്നുതന്നെ വെയ്ക്കുക. ന്നാലും ഉണ്ടാവൂലോ അസാരം അനാവശ്യമായ കാലക്കുത്തൊഴുക്ക്‌ തന്നെ. മറ്റൊരര്‍ത്ഥത്തില്‍, ഓരോ ചതുര്യുഗത്തിലും അസാമാന്യമായ ആവര്‍ത്തനവൈരസ്യം എന്നൊരു സാഹിതീവൈരസ്യം തന്നെ ഉണ്ടാവും ന്ന്‌ ഗണിക്ക്യാ. ന്നാല്‍ അതിലേയ്ക്കങ്ങട്‌ വരവുവെച്ചൂടെ ഇത്‌? പരശുരാമനും മഹാബലിയും എന്തിനേറെ അവര്‍ വാളിളക്കിയ ചതുര്യുഗങ്ങളിലെ ഓരോ കലിയുഗത്തിലും ഒസാമ ബിന്‍-ലാദനും ആവര്‍ത്തിച്ചു കൊണ്ടേയിരിയ്ക്കും എന്നര്‍ത്ഥം. തൃപ്തിയായില്ല്യാന്നുണ്ടോ? ന്നാ തുടരാം... ബുഷും ആവര്‍ത്തിയ്ക്കുമെന്നര്‍ത്ഥം. എന്താ കഥാ ല്ലേ!

ഈ ചിരഞ്ജീവികളായ പരശുരാമനോടും മഹാബലിയോടും ചില്ലറയാ ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടും ആ ഗുഹാവാസിയായ സംന്യാസിയും കൂടി ചെയ്തുകൂട്ട്ാ‍? ന്താ കളിപ്പിക്ക്യാ? കയ്യില്‌ വെയ്ക്ക്യാ കളി!

പ്പൊ, മനസ്സിലായോ, മാജിക്കല്‍ റിയലിസം ച്ചാല്‍ എന്ത്‌ കൂശ്മാണ്ഡാ ന്ന്‌. ‍ഘാ! ആണ്‍ കുറുക്കന്മാരോടാ കളി?

---------
പോസ്റ്റ്‌ സാക്ഷ്യപത്രം:

അത്രയും ബുദ്ധികാര്‍ക്കശ്യത്തില്‍ കുറുക്കന്‍ ഒന്നു മൂരിനിവര്‍ന്നു; മുടിച്ചാര്‍ത്തും സൈഡ്‌ ബേണ്‍സും ചേര്‍ന്ന ഏറോഡൈനാമിക്ക്‌ ചിത്രണത്തില്‍ നിന്ന്‌ തെര്‍മോ-ഡൈനാമിക്‌ ആയി കവരപ്പെട്ടു. കക്ഷി വിരാട്മാനത്തില്‍ അതികുറുക്കന്‍ തന്നെയായി --ഒരു 'യൂബര്‍മെന്‍ഷ്‌'3 കുറുക്കനോളം പോന്നും. നീച്ച4 എന്ന (പൊതു മാലയാളികമായി 'നീഷെ' എന്ന, അത്യാധുനിക മാലയാളികമായി 'നീഷ്ചെ' എന്ന), പ്രാന്തനാക്കി വിട്ട ആ ജര്‍മ്മന്‍ ഫിലോസഫറുണ്ടായിരുന്നുവല്ലോ. കക്ഷി പോലും ഒന്നു മര്‍ക്കടന്‍ പോസില്‍ നിന്നെങ്കിലും താമസംവിനാ കീഴ്പെട്ടു. കക്ഷിയുടെ കൗമാരകാല റോള്‍-മോഡല്‍ ഷോപ്പന്‍ഹാവര്‍5 എന്ന 'വേദിക്‌' ജര്‍മ്മന്‍ ഫിലോസഫറായിരുന്നതാണ്‌ കാരണം.

മാവേലി പൂര്‍വ്വപ്രാബല്യാ പുന:സ്ഥാപിതം, 'ദൈവത്തിന്റെ നാട്‌' അതിലേറെയും. -- അതിലേയ്ക്ക്‌, ഇങ്കെ, എള്ളോളവും പോരാ പൊളിവചനവും....

ഗോച്ചാ, ഡ്യൂണ്‍സ്‌!

** 1 trillion is 1,000,000,000,000
*** 1 billion is 1,000,000,000

Subscribe Tharjani |