തര്‍ജ്ജനി

വി. സി. ശ്രീജന്‍

ചാലില്‍ വീട്‌ ചൊവ്വ കണ്ണൂര്‍-670006
വെബ്ബ്:വി.സി.ശ്രീജന്‍

Visit Home Page ...

സംസ്കാരം

ശാകുന്തളത്തില്‍നിന്ന്‌ ഒരു മര്‍ദ്ദനരംഗം

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം അത്യുജ്ജ്വലമായ ഒരു സാഹിത്യസൃഷ്ടിയെന്നാണ്‌ സാഹിത്യചരിത്രത്തില്‍ പ്രശസ്തി. ശകുന്തളയുടെയും ദുഷ്യന്തന്റെയും കാവ്യാത്മകമായ പ്രണയപാരവശ്യവും ശകുന്തളയുടെ കരുണാമയമായ യാത്രാമൊഴിയും അനസൂയയുടെയും പ്രിയംവദയുടെയും തരുണസൌഹൃദവും ധ്യാനവും തപസ്സുമായി കാട്ടില്‍ കഴിയുന്ന ഋഷിമാരുടെ ആര്‍ജ്ജവവുമെല്ലാം ശാകുന്തളത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്‌ കാളിദാസന്റെ സര്‍ഗ്ഗവൈഭവത്തിനു തെളിവുകളത്രെ. അഭിജ്ഞാനശാകുന്തളത്തിലെയും അതിന്നാധാരമായ മഹാഭാരതത്തിലെയും കഥകള്‍ക്ക്‌ വെറും ഇതിവൃത്തം എന്നതിനപ്പുറം വൈകാരികമായ മാനങ്ങളുണ്ട്‌. ആളുകളുടെ സ്വത്വത്തിന്‌ രൂപംകൊടുക്കുന്നതില്‍ ക്രിയാത്മകവും നിഷേധാത്മകവുമായ രണ്ടു വ്യത്യസ്തരീതികളില്‍ പുരാവൃത്തബിംബങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഈ നാട്‌ ആരുടെ പേരില്‍ അറിയപ്പെടുന്നുവോ, ആ ഭരതന്റെ കഥയ്ക്ക്‌ ഇങ്ങനെയൊരു ശക്തിയുണ്ട്‌. ഭരതന്റെ മാതാപിതാക്കളാകയാല്‍ ദുഷ്യന്തന്റെയും ശകുന്തളയുടെയും കഥയ്ക്കും ആ ശക്തി പകര്‍ന്നു കിട്ടിയിട്ടുണ്ട്‌. അഭിജ്ഞാനശാകുന്തളത്തില്‍ ഒരിടത്ത്‌ കാളിദാസന്‍ ഭാവത്തിലുറച്ചുകിടക്കുന്ന മുജ്ജന്മവേഴ്ചകളെ മനസ്സുകൊണ്ട്‌ അബോധപൂര്‍വ്വമായി ഓര്‍മ്മിക്കുന്നു എന്നു പറയുന്നു. ദുഷ്യന്തന്റെ വാക്കുകളാണ്‌. അതായത്‌, മുജ്ജന്മവാസനകള്‍ തുടര്‍ന്നുള്ള ജന്മങ്ങളിലും ഭാവത്തില്‍ ഉറച്ചുകിടക്കുന്നു, അവ അബോധപൂര്‍വ്വമായി സ്മരിയ്ക്കപ്പെടുകയും ചെയ്യുന്നു എന്ന്‌. വ്യക്തിയുടെ ജീവിതചരിത്രത്തിലെ പൂര്‍വ്വരംഗങ്ങളും മുജ്ജന്മമുദ്രകള്‍ കണക്കെ ഭാവത്തില്‍ ഉറച്ചു കിടക്കുന്നതായിട്ടാണ്‌ കാണുക. വ്യക്തിയുടെ മുജ്ജന്മവാസനകള്‍ക്കു സമസ്ഥാനീയമായി സമൂഹത്തിനും കാണും ചില മുജ്ജന്മവാസനകളും സംസ്കാരങ്ങളും. അവ എല്ലാവരും ഓര്‍മ്മിച്ചുകൊള്ളണം എന്നില്ല. അദൃശ്യമായിരുന്നാലും അവയ്ക്ക്‌ വര്‍ത്തമാനകാലസമൂഹത്തിന്റെ കീഴ്‌വഴക്കങ്ങളെ രഹസ്യമായി നിയന്ത്രിക്കാന്‍ കഴിയും. ചരിത്രം ആവര്‍ത്തിക്കുന്നു എന്നു പറയാന്‍ പറ്റില്ലെങ്കിലും ഇന്നത്തെ ചില പെരുമാറ്റങ്ങള്‍ക്ക്‌ പണ്ടത്തെ ചരിത്രത്തില്‍ ആദിരൂപങ്ങള്‍ ഉള്ളതായി കാണാറുണ്ടല്ലോ. ചരിത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും ചില അംശങ്ങള്‍ ജീവശാസ്ത്രത്തിലെ ജനിതകസ്വഭാവം കണക്കെ പിന്‍തലമുറകളിലേക്ക്‌ കൈമാറ്റംചെയ്യപ്പെടുന്നു. ചരിത്രപരമായ അത്തരമൊരു ജനിതകമാണ്‌ ഇങ്ങനെയുള്ള ആദിരൂപങ്ങളില്‍ വ്യഞ്ജിക്കുന്നത്‌.

അഭിജ്ഞാനശാകുന്തളത്തില്‍ ഈ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു രംഗമുണ്ട്‌. ആറാമങ്കത്തിന്റെ തുടക്കത്തില്‍ ശകുന്തളയുടെ കൈയില്‍നിന്ന്‌ വീണുപോയ ദുഷ്യന്തന്റെ മുദ്രമോതിരം വില്ക്കാന്‍ ശ്രമിച്ച മുക്കുവനെ പോലീസ്സുകാര്‍ പിടിച്ചുകൊണ്ടുവരുന്ന ഭാഗമാണത്‌. ഈ പ്രവേശകം മോണിയര്‍ വില്യംസിന്റെ തര്‍ജ്ജമയില്‍ അഞ്ചും ആറും അങ്കങ്ങള്‍ക്കിടയില്‍ പ്രത്യേകമായ ഒരു രംഗമായി കൊടുത്തിരിക്കുന്നു. മഹാഭാരതത്തിലെ ധര്‍മ്മവ്യാധനെപ്പോലെ സ്വധര്‍മ്മത്തില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ ഈ മുക്കുവനെ കുട്ടിക്കൃഷ്ണമാരാര്‌ പ്രശംസിച്ചിട്ടുണ്ട്‌. ഈ മുക്കുവനെപ്പോലുള്ളവരാണ്‌ ഭാരതീയസംസ്കാരത്തെ നിലനിര്‍ത്തിയതെന്നു ആവേശംകൊള്ളുന്ന എം. പി. ശങ്കുണ്ണിനായര്‍ അയാളെ ധര്‍മ്മധീവരന്‍ എന്നു വിളിക്കുന്നു. എന്നിരിക്കിലും ഈ രംഗത്തില്‍ നിന്ന്‌ അനുമാനിക്കാവുന്ന ചില വികൃതസത്യങ്ങള്‍ വ്യാഖ്യാതാക്കളുടെ കൂട്ടത്തില്‍ ശങ്കുണ്ണിനായര്‍ മാത്രമേ ശ്രദ്ധിച്ചിട്ടുള്ളൂ. ക്രൂരമായ ശിക്ഷാരീതി, രക്ഷാസൈനികരുടെ മര്‍ദ്ദനം, കള്ളുകുടി, കൈക്കൂലി, സേവപിടുത്തം മുതലായ ആര്‍ഷഭാരതചര്യകള്‍ക്കിടയില്‍ ഈ മുക്കുവന്‍ ഒരു സ്ഥിതപ്രജ്ഞനാണ് എന്നും സേനാപതി, പോലീസധികാരി മുതലായവരെ കാളിദാസന്‍ നല്ല നിലയ്ക്കല്ല ചിത്രണം ചെയ്തിട്ടുള്ളത്‌ എന്നും ശങ്കുണ്ണിനായര്‍ പറയുന്നു(ഛത്രവും ചാമരവും 78). കുറച്ചുകൂടി വിശദമായി നോക്കാവുന്ന ഒരു ദൃശ്യമാണ്‌ ഈ ദാശമര്‍ദ്ദനരംഗം.

രംഗം തുടങ്ങുമ്പോള്‍ രണ്ടു പോലീസ്സുകാര്‍ (രക്ഷിണ്‍ എന്നു മൂലം, പേര്‌ സൂചകന്‍ , ജാനുകന്‍ എന്നിങ്ങനെ) സിറ്റി പോലീസ്‌ കമ്മീഷണ (നാഗരികസ്യാലഃ എന്നു മൂലം. കമ്മീഷണര്‍ രാജാവിന്റെ സ്യാലന്‍ ‍, അളിയന്‍ കൂടിയാണ്‌)റുടെ നേതൃത്വത്തില്‍ പ്രതിയായ മുക്കുവനെ അടിച്ചുകൊണ്ട്‌ പ്രവേശിക്കുകയാണ്‌. മുക്കുവന്റെ കൈകള്‍ രണ്ടും പിന്നില്‍ കൂട്ടി കെട്ടിയിരിക്കുന്നു. മുക്കുവന്‌ രാജാവിന്റെ പേരു കൊത്തിയ മോതിരം എവിടുന്ന്‌ കിട്ടി എന്നാണ്‌ പോലീസ്സുകാര്‍ക്ക്‌ അറിയേണ്ടത്‌. കുറ്റം തെളിയിക്കാന്‍ വഴി രഹസ്യാന്വേഷണമല്ല, നല്ല ഇടിയും തൊഴിയും തന്നെ. പോലീസ്സുകാര്‍ കള്ളാ എന്നു വിളിച്ചതിനു മറുപടിയായി താന്‍ ആ പണി ചെയ്യുന്നവനല്ല എന്ന്‌ മുക്കുവന്‍ പറഞ്ഞപ്പോള്‍ പിന്നെ നീ ബ്രാഹ്മണനാണെന്നുവെച്ച്‌ രാജാവ്‌ സമ്മാനം തന്നതാണോ? എന്നായി നിയമപാലകര്‍ . അതിനു സമാധാനമായി, താന്‍ ശക്രാവതാരവാസിയായ മുക്കുവനാണെന്നു ബോധിപ്പിച്ചപ്പോള്‍ നിന്നോടാരെങ്കിലും ജാതി ചോദിച്ചോ? എന്ന്‌ പോലീസ്സുകാര്‍ . ഈ ചോദ്യോത്തരങ്ങള്‍ പോലീസ്‌യുക്തിയുടെ സര്‍വ്വകാലമാതൃകകള്‍ ആണ്‌. മീന്‍പിടുത്തമാണ്‌ തന്റെ തൊഴില്‍ എന്ന്‌ മുക്കുവന്‍ പറഞ്ഞതിന്റെ പേരിലും അവര്‍ അവനെ പരിഹസിക്കുന്നു. മീന്‍പിടുത്തം ശുദ്ധമായ തൊഴില്‍ അല്ല എന്നിങ്ങനെ വലിയ ബ്രാഹ്മണനാട്യത്തിലാണ്‌ പോലീസ്സുകാരുടെ പരിഹാസം. ആ സന്ദര്‍ഭത്തില്‍ മുക്കുവന്‍ ഈ തത്ത്വം അവരെ ഓര്‍മ്മിപ്പിക്കുന്നു: ജന്മനാ ഉള്ള തൊഴില്‍ മോശമായാലും അത്‌ ഉപേക്ഷിക്കാവുന്നതല്ലല്ലോ. യജ്ഞത്തില്‍ യാഗപശുവിനെ കൊല്ലുന്ന ബ്രാഹ്മണനും ദയയുള്ള ആളായിരിക്കും. ശാകുന്തളത്തിലെ മുക്കുവന്‍ സ്ഥിതപ്രജ്ഞനാണ്‌ എന്ന്‌ ശങ്കുണ്ണിനായര്‍ പറയുന്നത്‌ മുക്കുവന്റെ ഈ ഉറച്ച നിലപാടുകൊണ്ടാണ്‌.

മുക്കുവന്റെ ഉറപ്പ്‌ എന്നുവെച്ചാല്‍ ജാതിവ്യവസ്ഥയുടെ ഉറപ്പുതന്നെ. ജാതിയും തൊഴിലും ജന്മനാ കിട്ടുന്നതാണ്‌ എന്ന്‌ മുക്കുവന്‍ തെറ്റിദ്ധരിച്ചു. സമൂഹത്തിന്റെ വ്യവസ്ഥ അപ്രകാരമായിത്തീര്‍ന്നു എന്ന യാദൃച്ഛികയുക്തിയല്ലാതെ ജന്മശാസ്ത്രപരമായ കാരണങ്ങള്‍ ഒന്നും ജാതിവ്യവസ്ഥയ്ക്കില്ല. ദൈവം താഴ്‌ന്ന ജാതിയെ സൃഷ്ടിച്ച്‌ നിന്നെ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു, തെളിവു വേണമെങ്കില്‍ ഈ ധര്‍മ്മശാസ്ത്രങ്ങള്‍ വായിച്ചുകേള്‍പ്പിക്കാം എന്നാണ്‌ ജാതിവ്യവസ്ഥകൊണ്ടുള്ള ഗുണഫലങ്ങള്‍ നുകരുന്ന ഉയര്‍ന്ന ജാതിക്കാര്‍ താഴ്‌ന്നവരോട്‌ പറയുക. ശൂദ്രജാതിയുടെ ധര്‍മ്മം മറ്റു മൂന്നു വര്‍ണ്ണക്കാരുടെയും പാദസേവ ചെയ്യുക എന്നതാണല്ലോ. അതിസമര്‍ത്ഥവും പ്രതിഭാപൂര്‍ണ്ണവുമായ ഒരു ധനശാസ്ത്രതത്ത്വം ഈ നിബന്ധനയില്‍ പ്രതിഫലിക്കുന്നു. വിലകുറഞ്ഞ അദ്ധ്വാനശക്തി തേടിയാണ്‌ നിങ്ങള്‍ നടക്കുന്നതെങ്കില്‍ ശ്രുതികള്‍ നിങ്ങള്‍ക്ക്‌ അക്ഷയഖനികളായിരിക്കും. ഒട്ടും കൂലികൊടുക്കാതെ ആളുകളെക്കൊണ്ട്‌ പണിയെടുപ്പിക്കാനുള്ള സൂത്രമാണ്‌ ജാതിവ്യവസ്ഥയും അവയെ താങ്ങി നിര്‍ത്തുന്ന ധര്‍മ്മസൂത്രങ്ങളും. ജാതിയുടെ ധനശാസ്ത്രത്തിലെ കുതന്ത്രം മനസ്സിലാക്കാന്‍ വഴിയുണ്ട്‌. ഇങ്ങനെയൊരു രംഗം സങ്കല്പിക്കൂ: കുറഞ്ഞ കൂലിക്കു പണിയെടുക്കാന്‍ തയ്യാറുള്ള വേലക്കാര്‍ക്കായി അമേരിക്കക്കാര്‍ ലോകമെങ്ങും പരതുകയാണ്‌. അപ്പോള്‍ ആഗോളമായ ഒരു വര്‍ണ്ണവ്യവസ്ഥ നടപ്പിലാക്കുന്ന കാര്യം അവരുടെ മനസ്സിലുദിക്കുന്നു. ഇന്ത്യന്‍ സോഫ്ട്‌വെയര്‍വിദഗ്ദ്ധര്‍ ജന്മനാ താഴ്‌ന്നവരാണെന്നും സൈബര്‍കൂലികളായ അവരുടെ സ്വധര്‍മ്മം അമേരിക്കക്കാരെ സേവിക്കുക എന്നതാണെന്നും അവര്‍ ഇന്ത്യാക്കാരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നിരിക്കട്ടെ. ആ ശ്രമത്തില്‍ വിജയിച്ചാല്‍ കുറഞ്ഞ കൂലി പോയിട്ട്‌ ഒറ്റപ്പൈസ പോലും കൂലി വാങ്ങാതെ ജോലിചെയ്യാന്‍ ഒരുക്കമുള്ള വലിയ ഒരു ആള്‍ക്കൂട്ടത്തെ അവര്‍ക്കു കിട്ടും. അവരെ ഒരു ജാതിയായി സങ്കല്പിച്ച്‌ സൈബര്‍കൂലിജാതി എന്നു പേരുമിടാം. എന്തു സൌകര്യമായിരിക്കും അത്തരമൊരു സമ്പദ്‌വ്യവസ്ഥ! നമ്മുടെ ജാതിവ്യവസ്ഥയ്ക്കും ഇതേ സൌകര്യമാണ്‌. പണിക്കാര്‍ക്ക്‌ ഒറ്റപ്പൈസ കൂലികൊടുക്കേണ്ട. കാരണം എല്ലാറ്റിലും വലിയ കൂലി അവര്‍ക്ക്‌ മേല്‍ജാതിക്കാര്‍ കൊടുക്കുന്നുണ്ട്‌. അതെന്താണെന്നല്ലേ, അതാണ്‌ ഈ നാടിന്റെ ഒരു മൂലയില്‍ ജീവന്‍ നിലനിര്‍ത്തിക്കൊള്ളാനുള്ള അനുവാദം.

തന്റെ തൊഴില്‍ മോശമാണെന്ന്‌ മുക്കുവന്‌ അറിയാം. പണിയുടെ ഭാഗമായി ജീവികളെ കൊല്ലേണ്ടിവരുന്നു എന്നതു കൊണ്ടാണ്‌ മീന്‍പിടുത്തം മോശമായത്‌. തൊഴിലുകള്‍ ജന്മസിദ്ധമാണെന്നു തോന്നിയ്ക്കുക, എന്നിട്ട്‌ അതില്‍ ചില തൊഴിലുകള്‍ മോശമാണെന്നു വരുത്തുക, അതു കേട്ട്‌ ആരെങ്കിലും സ്വന്തം തൊഴില്‍ മാറ്റാന്‍ തുടങ്ങിയാല്‍ അയ്യോ, സ്വധര്‍മ്മം - സ്വധര്‍മ്മം വിടല്ലേ സ്വധര്‍മ്മം വിടല്ലേ എന്നു പറഞ്ഞ്‌ തൊഴില്‍മാറ്റം തടയുക, അനുസരിച്ചില്ലെങ്കില്‍ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുകയോ കൈവെട്ടുകയോ ചെയ്യുക-- ഇതാണ്‌ ജാതിയുടെ അടവുനയം. നല്ല തൊഴില്‍ എന്നുവെച്ചാല്‍ ശുദ്ധമായ തൊഴില്‍ , അതായത്‌ ബ്രാഹ്മണന്റെ തൊഴില്‍ . നീ ബ്രാഹ്മണനാണെന്നുവെച്ച്‌ രാജാവ്‌ സമ്മാനം തന്നതാണോ?എന്ന്‌ പോലീസുകാര്‍ മുക്കുവനോട്‌ ചോദിക്കുന്നു. സമ്മാനസ്വീകാരം അഥവാ പ്രതിഗ്രഹം ബ്രാഹ്മണരുടെ അവകാശങ്ങളിലൊന്നാണെങ്കിലും രത്നം പതിപ്പിച്ച മുദ്രമോതിരം പോലെ വിലപിടിച്ച ഒരു സമ്മാനം ബ്രാഹ്മണജാതിയില്‍ ഉള്‍പ്പെട്ടു എന്ന കാരണംകൊണ്ടു മാത്രം ഒരുവന്‌ രാജാവ്‌ കൊടുക്കുമോ? ഇല്ല. ബ്രാഹ്മണജാതിയില്‍ പെട്ടവര്‍ പണ്ട്‌ ദര്‍ശനം, ശാസ്ത്രം, ഗണിതം, വാസ്തുവിദ്യ, വൈദ്യം, തുടങ്ങിയ വിജ്ഞാനമേഖലകളിലും അദ്ധ്യാപനഗവേഷണവികസനങ്ങളിലും പ്രവീണരായതുകൊണ്ടാണ്‌ ആദരണീയരായത്‌. അതിനൊന്നും കഴിവില്ലാത്ത സാധാരണബ്രാഹ്മണര്‍ക്ക്‌ ശാന്തി, മേല്‍ശാന്തി, തന്ത്രി തുടങ്ങിയ പുരോഹിതപദവികള്‍ വഴി കിട്ടുന്ന കൊച്ചുവലിപ്പങ്ങള്‍ കൊണ്ട്‌ തൃപ്തരാകാം. അന്ന്‌ ബ്രാഹ്മണരുടെ പൌരോഹിത്യം മേലത്തെ മൂന്നു വര്‍ണ്ണങ്ങളില്‍ മാത്രം ഒതുങ്ങി. ഇന്ന്‌ ശൂദ്രര്‍ തൊട്ട്‌ താഴോട്ടുള്ള എല്ലാ ജാതികളുടെയും പൌരോഹിത്യം ഏറ്റെടുക്കാന്‍ അവര്‍ സന്മനസ്സു കാണിക്കുന്നു. അതുകൊണ്ട്‌ വ്യാപകമായ സ്വീകാര്യത അവര്‍ക്കു കൈവന്നിരിക്കുന്നു. എന്നാല്‍ പുതിയ ആനന്ദവര്‍ദ്ധനന്മാരെയോ, ബ്രഹ്മഗുപ്തന്മാരെയോ അടുത്ത കാലത്തൊന്നും കണ്ടു കിട്ടിയിട്ടില്ലാത്തതു കൊണ്ട്‌ ബ്രാഹ്മണരുടെ വൈജ്ഞാനികമേധാവിത്തം കുറെ മുമ്പേ അവസാനിച്ചു എന്നു വേണം കരുതാന്‍ ‍.

യജ്ഞത്തില്‍ യാഗപശുവിനെ കൊല്ലുന്ന ബ്രാഹ്മണനും ദയയുള്ള ആളായിരിക്കും എന്ന മുക്കുവന്റെ വാക്യം ജാതിചിന്തയിലേക്കു യുക്തിബോധം കടന്നു വരുന്നതിന്റെ അടയാളമാണ്‌. സംശയമോ ചോദ്യമോ കൂടാതെ സ്വീകരിക്കുകയും സ്വാംശീകരിക്കുയും ചെയ്തുപോരുന്ന മുന്‍ധാരണകള്‍ അടങ്ങുന്നതാണ്‌ ജാതിയുടെ പ്രത്യയസംഹിത. വിശ്വാസത്തിന്റെ പ്രശ്നങ്ങളില്‍ കേവലയുക്തി പ്രയോഗിക്കുന്നത്‌ ശരിയല്ലെങ്കിലും ജാതിയുടെ ഘടന മുഴുവനായും മതപരമല്ലാത്തതിനാല്‍ ബുദ്ധന്റെ കാലം തൊട്ടേ ജാതിയെ യുക്തിയുടെ വെളിച്ചത്തില്‍ പരിശോധിച്ചുപേന്നിട്ടുണ്ട്‌. മീനുകളെ കൊല്ലുന്നത്‌ പാപമാണെന്നിരിക്കില്‍ യാഗത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും പാപമാണ്‌ എന്ന വാദത്തിലേക്കു വരാന്‍ പ്രയാസമില്ല. മൃഗവധം ബ്രാഹ്മണന്റെ കാര്യത്തില്‍ ജന്മനാലുള്ള ക്രൂരതയുടെ ലക്ഷണമല്ലെങ്കില്‍ തന്റെ കാര്യത്തിലും അതങ്ങനെയല്ല എന്നാണ്‌ മുക്കുവന്‍ സൂചിപ്പിക്കുന്നത്‌. മുക്കുവന്‍ മീനുകളെ കൊല്ലുന്നത്‌ ജന്മസിദ്ധമായ ക്രൂരത നിമിത്തമല്ല, മീന്‍ ഒരു ഭക്ഷണവസ്തുവായതുകൊണ്ടാണ്‌. മീനിന്റെ മണം എന്ന ഭൌതികമായ അശുദ്ധിയല്ലാതെ ആത്മീയമായ അശുദ്ധി മുക്കുവനെ ബാധിക്കുന്നില്ല എന്ന്‌ അയാളുടെ ന്യായവാദം വ്യക്തമാക്കുന്നു. ഈ ദിശയില്‍ ന്യായവാദം മുന്നോട്ടു കൊണ്ടുപോവുകയും യുക്തിയെ അതിന്റെ അങ്ങേ അതിരോളം എത്തിക്കുകയും ചെയ്താല്‍ ആദ്യം ജാതി, പിന്നെ മതം, അതുകഴിഞ്ഞ്‌ ദേവന്മാര്‍ , ഒടുവില്‍ ദൈവം എന്ന ക്രമത്തില്‍ എല്ലാ അതീതതത്ത്വങ്ങളെയും തള്ളിക്കളയേണ്ടിവരും. അത്രയ്ക്കൊന്നും ആരും പോകാറില്ല. നമുക്ക്‌ അസൌകര്യം തോന്നിത്തുടങ്ങുന്ന നിമിഷത്തില്‍ യുക്തിവിചാരം നിര്‍ത്തി വിശ്വാസത്തെ പുണരുന്നതാണ്‌ നടപ്പുരീതി. അതിനാല്‍ അന്യമതങ്ങളിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന വ്യാജയുക്തിവാദികള്‍ സ്വന്തം മതത്തിലെ അന്ധവിശ്വാസങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. അനാചാരങ്ങളെ എതിര്‍ക്കുകയെന്നാല്‍ കേവലമായ യുക്തിവാദവും പുരോഗമനവാദവുമായിരുന്നു പണ്ട്‌. ഇന്ന്‌ എല്ലാം മാറിയിരിക്കുന്നു. ഈയിടെ ശാസ്ത്രം നടിച്ചുകൊണ്ട്‌ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നത്‌ മിക്കവാറും അന്യമതങ്ങളെ താറടിച്ചുകാട്ടുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ്‌.

മോതിരം കിട്ടിയ കാര്യം ദുഷ്യന്തരാജാവിനെ അറിയിക്കാന്‍ പോലീസ്‌ കമ്മീഷണര്‍ കൊട്ടാരത്തിലേക്കു പോയപ്പോള്‍ പോലീസുകാര്‍ക്ക്‌ കുറെനേരം കാത്തിരിക്കേണ്ടി വന്നു. അയാള്‍ തിരിച്ചുവരുന്നത്‌ മുക്കുവനുള്ള വധശിക്ഷയുമായിട്ടാവും എന്ന്‌ പോലീസുകാര്‍ക്ക്‌ ഉറപ്പായിരുന്നു. ശിക്ഷ നടപ്പാക്കുന്ന സമയത്ത്‌ തടവുപുള്ളിയുടെ കഴുത്തില്‍ അണിയിക്കുന്ന കരവീരപുഷ്പമാല അണിയിക്കാന്‍ പോലീസുകാരന്റെ കൈ തരിച്ചു തുടങ്ങി. കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ട്‌ മുഖം നായ്ക്കളെ അഴിച്ചുവിട്ട്‌ കടിപ്പിച്ച്‌ കൊല്ലുന്ന ഒരു ശിക്ഷാരീതിയുണ്ടായിരുന്നു അന്ന്‌. അതു നടപ്പാക്കുന്ന സമയത്ത്‌ മുക്കുവന്‍ നായയുടെ മുഖം കാണുന്നതും അവനെ കഴുകന്മാര്‍ കൊത്തിവലിക്കുന്നതും സങ്കല്പിച്ച്‌ രണ്ടാമത്തെ പോലീസുകാരനായ സൂചകന്‍ -- ഒന്നാമനെക്കാള്‍ കൊടിയ മര്‍ദ്ദകവീരനാണിയാള്‍ -- ആഹ്ലാദിക്കുന്നു. നിര്‍ഭാഗ്യത്തിന്‌ കമ്മീഷണര്‍ കൊട്ടാരത്തില്‍നിന്ന്‌ മടങ്ങിയത്‌ മുക്കുവനെ വെറുതെവിടാനുള്ള ഉത്തരവുമായിട്ടാണ്‌. ഇപ്പോള്‍ എന്റെ തൊഴിലിനെപ്പറ്റി എന്തു തോന്നുന്നു എന്ന സ്യാലനോട്‌ ചോദിക്കുന്നു മുക്കുവന്‍ . അവന്റെ തൊഴില്‍ മീന്‍പിടുത്തമായതുകൊണ്ടാണല്ലോ രാജാവിന്‌ സ്വന്തം മോതിരം തിരിച്ചുകിട്ടാനിടയായത്‌. പോരാത്തതിന്‌ മോതിരത്തിന്റെ വിലയ്ക്കു തുല്യമായ പണം മുക്കുവനു കൊടുക്കാന്‍ രാജാവ്‌ കല്പിക്കുകയും ചെയ്തിരിക്കുന്നു. താന്‍ മുമ്പ്‌ ശകുന്തളയ്ക്കു കൊടുത്ത മോതിരമാണതെന്നു തിരിച്ചറിഞ്ഞ രാജാവ്‌ ശകുന്തളയെ ഓര്‍മ്മവന്ന്‌ പശ്ചാത്താപവിവശനായതായിരുന്നു അതിന്റെ രഹസ്യം. മോതിരത്തിലെ രത്നത്തെക്കാള്‍ ആ മോതിരവുമായി ഏതോ തരത്തില്‍ ബന്ധമുള്ള ഇഷ്ടവസ്തുവെയാണ്‌ രാജാവ്‌ വിലമതിച്ചതെന്ന്‌ കമ്മീഷണര്‍ക്കു തോന്നുന്നു. വിചാരിക്കാത്ത ഈ തിരിവിനുശേഷം കാര്യങ്ങള്‍ ആകെ തകിടം മറിയുകയാണ്‌. മുക്കുവനോടുള്ള അസൂയകൊണ്ട്‌ പൊറുതിമുട്ടിയിരുന്നു പോലീസുകാര്‍ക്ക്‌. അപ്പോള്‍ മുക്കുവന്‍ പറയുകയാണ്‌:

ഈ പണത്തില്‍ പകുതി നിങ്ങള്‍ക്കിരിക്കട്ടെ, നിങ്ങളുടെ നല്ല മനസ്സിന്‌.

തനിക്കു രാജാവില്‍നിന്നു കിട്ടിയ വലിയ ഒരു സംഖ്യയുടെ നേര്‍പകുതി പോലീസുകാര്‍ക്കായി വാഗ്ദാനം ചെയ്യുന്നു മുക്കുവന്‍ ‍. മുക്കുവന്റെ ഈ വാക്യത്തിന്‌ മറ്റൊരു അര്‍ത്ഥം കൂടി പറഞ്ഞുകാണുന്നു. ഈ പണത്തിന്റെ പാതി കൊണ്ട്‌ നിങ്ങള്‍ നേരത്തെ പറഞ്ഞ പൂക്കള്‍ വാങ്ങിയാലും എന്നതാണ്‌ അത്‌. നേരത്തെ കരവീരപുഷ്പങ്ങള്‍കൊണ്ടുള്ള കൊലമാലയണിയിക്കുന്നതിനെപ്പറ്റി പോലീസുകാര്‍ പറഞ്ഞത്‌ ഓര്‍മ്മിക്കുമ്പോള്‍ ഈ അര്‍ത്ഥത്തിലെടുക്കുന്ന മുക്കുവന്റെ വാക്കുകള്‍ വിരുദ്ധോക്തിയായി മാറും, അതായത്‌ അര്‍ത്ഥഗര്‍ഭമായ പരിഹാസം. പക്ഷെ സൂചകന്‍ കൊലമാലയെപ്പറ്റി പറയുന്ന സമയത്ത്‌ സ്യാലന്‍ അടുത്തുണ്ടായിരുന്നില്ല. അതുകൊണ്ട്‌ മുക്കുവന്റെ സംസാരത്തിലെ പരിഹാസം കമ്മീഷണര്‍ക്കു മനസ്സിലാവില്ല. തന്റെ കയ്യിലിരിക്കുന്നത്‌ വലിയ ഒരു സംഖ്യയാണെങ്കിലും അത്‌ പൂക്കള്‍ വാങ്ങാനേ തികയൂ എന്ന മട്ടില്‍ മുക്കുവന്‍ സംസാരിക്കുന്നത്‌ വിനയപ്രകടനമാണെന്ന്‌ ഒരു വ്യാഖ്യാനമുണ്ട്‌. ഒരര്‍ത്ഥത്തില്‍ ഇതും പോലീസ്സുകാരോടുള്ള പരിഹാസമായി എടുക്കാം. വളരെ വലിയ ഒരു സംഖ്യ പൂക്കള്‍ വാങ്ങാന്‍ മാത്രമായി ചെലവഴിക്കുന്നവരാണ്‌ പോലീസുകാര്‍ എന്നിങ്ങനെ വിപരീതാര്‍ത്ഥത്തില്‍ ഒരു പരിഹാസം. എന്നാല്‍ ഇതൊന്നും ഓര്‍മ്മിക്കാതെ മുക്കുവന്റെ വാക്കുകള്‍ കേട്ട്‌ ആനന്ദവായ്പോടെ കമ്മീഷണര്‍ പറയുന്നു:

മുക്കുവ, താങ്കള്‍ വലിയ ഒരു ഉറ്റ ചങ്ങാതിയായിരിക്കുന്നു. അതുകൊണ്ട്‌ നമുക്ക്‌ ഈ സൌഹൃദം ഒരു കുടി കൊണ്ട്‌ ഉറപ്പിയ്ക്കേണ്ടതാണ്‌. അതുകൊണ്ട്‌ മദ്യശാലയിലേക്കു പോവുക.

അതുവരെ ഹീനജാതിക്കാരനും അധമനും നാറുന്ന തൊഴില്‍ ചെയ്യുന്നവനുമായ ഒരു ദളിതന്‍ ഒരു മാന്ത്രികത്തിലെന്ന പോലെ പെട്ടെന്ന്‌ പോലീസ്‌ കമ്മീഷണറെപ്പോലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഉറ്റ ചങ്ങാതിയായി മാറാന്‍ തുടങ്ങുന്നത്‌ അതിശയമാണ്‌. മുക്കുവന്‌ രാജാവു കൊടുത്ത പണത്തിന്റെ പകുതി തങ്ങള്‍ക്കു കിട്ടുമെന്നായപ്പോള്‍ പോലീസുകാരുടെ മനോഭാവം തകിടം പറയുന്നു. രാജകുടുംബാംഗത്തിന്‌ താഴ്‌ന്ന ജാതിയിലുള്ള സ്ത്രീയില്‍ ജനിച്ചവരെയാണ്‌ സ്യാലഃ എന്നു പറയുകയെങ്കില്‍ കമ്മീഷണറും ജാതിയില്‍ താഴെയാണെന്നു വരും. അയാള്‍ സംസാരിക്കുന്നത്‌ സംസ്കൃതമല്ല. പോലീസുകാരും മുക്കുവനും സംസാരിക്കുന്നത്‌ മാഗധിയും സ്യാലന്‍ സംസാരിക്കുന്നത്‌ ശൌരസേനിയുമാണ്‌. എന്തായാലും സാധാരണജീവിതത്തില്‍ ഒന്നിച്ചിരുന്ന്‌ മദ്യപിക്കാന്‍ ആവശ്യമായ സമത്വം അവര്‍ തമ്മില്‍ ഇല്ല. എന്നിട്ടുപോലും കാദംബരിമദ്യം വില്ക്കുന്ന കടയില്‍ചെന്ന്‌ ഒന്നിച്ചിരുന്ന്‌ മദ്യംകുടിക്കാന്‍ അവര്‍ക്കു കഴിയുന്നത്‌ പണത്തിന്റെ മാന്ത്രികശക്തികൊണ്ടാണ്‌. എല്ലാ വ്യത്യാസങ്ങളെയും തട്ടിനിരപ്പാക്കി ആളുകളെ ഒരുമിപ്പിക്കാനുള്ള അത്ഭുതശക്തി പണത്തിനുണ്ട്‌. ജാതിവ്യത്യാസവും അക്രമവുമെല്ലാമുണ്ടെങ്കിലും പണം വേണ്ടത്രയുണ്ടെങ്കില്‍ ജാതി ഒന്നിനും തടസ്സമല്ല എന്ന ധ്വനി ഇതില്‍ കാണുന്നു. അതേപോലെ ജാതിവ്യത്യാസത്തെ ഇല്ലാതാക്കുന്ന മറ്റൊരു അത്ഭുതശക്തിയാണ്‌ മദ്യം. വീഞ്ഞുകടയില്‍ പോയിരുന്ന്‌ കുടി തുടങ്ങിയാല്‍ ലഹരി മേലോട്ടു കയറുന്ന ക്രമത്തില്‍ കുടിയന്മാരുടെ ജാതിവ്യത്യാസങ്ങള്‍ അലിഞ്ഞുതുടങ്ങുന്നു. പണം, മദ്യം എന്നിവയ്ക്കു പുറമെ ജാതിനാശകമായി മറ്റൊന്നുകൂടിയുള്ളത്‌ കാമം ആണ്‌, അതുകൊണ്ടു സംഭവിക്കുന്ന ജാതിബോധനാശം അധികസമയം നീണ്ടുനില്ക്കുകയില്ലെങ്കിലും. ജാതി മാത്രമല്ല സമൂഹത്തിലെ മറ്റു തരംചേരിതിരിവുകളും മദ്യം കൊണ്ട്‌ ഇല്ലാതാക്കാം. എല്ലാറ്റിനെയും എല്ലാവരെയും ഒന്നായി കാണാന്‍ ആവശ്യമായ ഏകതാബോധം സൃഷ്ടിക്കാന്‍ അദ്വൈതം പോലുള്ള ഉദാത്തദര്‍ശനങ്ങള്‍ക്കും സൂഫിസം പോലുള്ള രഹസ്യവാദങ്ങള്‍ക്കുമെന്നപോലെ പണം, മദ്യം, രതി എന്നീ ഭൌതികതത്ത്വങ്ങള്‍ക്കും കഴിയുന്നു എന്നത്‌ വല്ലാത്ത ഒരു ഇറക്കമാണ്‌. ഒരുവിധത്തില്‍ നോക്കിയാല്‍ ജാതിയ്ക്കെതിരായ മൂന്നു വാദമുഖങ്ങളാണ്‌ ധനവും മദ്യവും കാമവും. ഏട്ടിലെ ജാതിനിയമങ്ങള്‍ കര്‍ക്കശമായിരുന്നുവെങ്കിലും പ്രയോഗത്തില്‍ അവ പലപ്പോഴും ആളുകള്‍ ലംഘിച്ചുപോന്നു. കര്‍ക്കശമായ നിയമങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ജാതിവ്യവസ്ഥ അവയില്‍ പല അയവുകളും വരുത്തിയിരുന്നു എന്നാണ്‌ പഴയ രേഖകളില്‍ കാണുന്നത്‌. സമകാലികമേഖലാപഠനങ്ങളും അതുതന്നെ പറയുന്നു.

ജാതിവ്യത്യാസമേതുമില്ലാത്തതും മദ്യസുന്ദരവുമായ സമൂഹം സൃഷ്ടിക്കുകയെന്നതല്ല പോലീസുകാരുടെ ജോലി, അവരുടെ പണി ക്രമസമാധാനപരിപാലനമാണ്‌. ആ ജോലി നന്നായി ചെയ്യാന്‍ ബുദ്ധിശക്തി, യുക്തിബോധം, പൊതുവിജ്ഞാനം, കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനുമുള്ള കഴിവ്‌, സത്യത്തോട്‌ പ്രതിബദ്ധത എന്നിവ വേണം. ഇവയില്ലെന്നു മാത്രമല്ല, കള്ളുകുടി, കൈക്കൂലി, സേവപിടുത്തം മുതലായ ദൂഷ്യങ്ങള്‍ കയ്യിരിപ്പായുണ്ട്‌ എന്നതാണ്‌ ഹസ്തിനപുരത്തിലെ പോലീസുകാരുടെ ദൌര്‍ബല്യം. ഈ ആര്‍ഷഭാരതചര്യകള്‍ ജന്മസിദ്ധമായ ക്രൌര്യത്തോടും കാര്യക്ഷമതയില്ലായ്മയോടും ചേര്‍ന്നു വരുമ്പോള്‍ ക്രമസമാധാനവും പൌരജീവിതസുരക്ഷിതത്വവും തകരുന്നു. കേസുകള്‍ നടത്താന്‍ ആവശ്യമായ തെളിവുകള്‍ സ്വരൂപിക്കാന്‍ മര്‍ദ്ദനം എന്ന ഒരേയൊരു ശോധകം മാത്രമേ ഹസ്തിനപുരത്തിലെ പോലീസുകാരുടെ കൈവശമുള്ളൂ. പ്രതി കൊടുക്കുന്ന മൊഴി യുക്തികൊണ്ടു ള്ള പരിശോധനയ്ക്കു വിധേയമാക്കി വാസ്തവം മനസ്സിലാക്കാനുള്ള ശ്രമമൊന്നും പോലീസ്സിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല. പ്രതിയുടെ കൈകള്‍ പിറകില്‍ കൂട്ടിക്കെട്ടി ഇടിയും തൊഴിയും എന്നതാണ്‌ ഒരേയൊരു കുറ്റാന്വേഷണമാര്‍ഗ്ഗം. മീനുകളെ പിടിച്ചു വിറ്റ്‌ ഉപജീവനം കഴിക്കുന്ന മുക്കുവന്‌ ശക്രാവതാരതീര്‍ത്ഥത്തില്‍വെച്ച്‌ ഒരു രോഹിതമത്സ്യത്തെ കിട്ടിയപ്പോള്‍ അതിനെ നേരെ കൊണ്ടുപോയി വിറ്റു കാശാക്കാന്‍ നില്ക്കാതെ അതിന്റെ വയറു കീറിനോക്കിയത്‌ എന്തിനാണെന്ന്‌ പോലീസുകാര്‍ മുക്കുവനോടു ചോദിക്കേണ്ടതായിരുന്നു. മുക്കുവന്‍ പറയുന്നത്‌ കള്ളമോ എന്നു നിശ്ചയിക്കാന്‍ അത്തരമൊരു ചോദ്യം സഹായിക്കുമായിരുന്നു. എന്നാല്‍ അതവര്‍ ചെയ്തില്ല. കാരണം അത്തരമൊന്ന്‌ അവരുടെ കുറ്റാന്വേഷണസങ്കല്പത്തില്‍ വരികയില്ല. കള്ളുകുടി, കൈക്കൂലി, സേവപിടുത്തം എന്നീ ശീലങ്ങളുള്ള ഒരു പോലീസ്‌ സേനയ്ക്ക്‌ സമാധാനകാലത്ത്‌ പ്രജകളെ പീഡിപ്പിക്കാനല്ലാതെ യുദ്ധകാലങ്ങളിലോ സമാനമായ സന്ദിഗ്ദ്ധഘട്ടങ്ങളിലോ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയില്ല. അങ്ങനെ പോകുന്നു ആര്‍ഷഭാരതത്തിലെ പഴയ പോലീസ്‌ സേനയുടെ ചരിത്രത്തിന്റെ പരിച്ഛേദം.

Subscribe Tharjani |