തര്‍ജ്ജനി

സുസ്മേഷ്‌ ചന്ത്രോത്ത്‌

Visit Home Page ...

അനുഭവം

ഓര്‍മ്മകളുടെ കാവ്യനീതി

ഒരു സന്ധ്യയ്ക്ക്‌ മറ്റനേകം സന്ധ്യകളെ ഓര്‍മ്മിപ്പിക്കുവാനാകും. തൊടുപുഴയിലെ ഒരു ഗ്രാമത്തില്‍ ഏറെക്കുറെ വിജനമായ ഒരിടത്ത്‌ തനിച്ചിരിക്കുകയായിരുന്നു ഞാന്‍. അവിടെയിരുന്ന്‌ നിലത്തേക്കു കുനിയുമ്പോള്‍, താഴെ തലേന്നത്തെ മഴയില്‍ മണലൊലിപ്പു മാറിയ വരകള്‍ കണ്ടു. ഇന്നു പകലില്‍ തെളിഞ്ഞ വെയിലില്‍, മറ്റു അലോസരങ്ങളേല്‍ക്കാതെ ആ പാട്ടുകള്‍ ഇറഞ്ഞു കിടക്കുകയായിരുന്നു. ഒരു സുഖം തോന്നി വിഷാദവും.

സാങ്കേതികമായ സങ്കീര്‍ണ്ണതകള്‍ ജനതയെ ആവേശിക്കാത്ത ഒരു നാട്ടിലായിരുന്നു എന്റെ കുട്ടിക്കാലം. ഒരു കലപ്പയോ ഈറ്റയില്‍ വച്ചുകെട്ടിയ അരിവാളോ കല്ലുരലോ ഏതു നൂലിനാല്‍ തീര്‍ത്തതായാലും ഏതു നിറമുള്ളവയായാലും വിരോധമില്ലാത്ത വസ്ത്രങ്ങളോ മതിയായിരുന്നു അവര്‍ക്ക്‌. ശാസ്ത്രീയമായ ചിന്തകളും കേവലമായ പ്രവര്‍ത്തി പരിചയത്തിനപ്പുറത്ത്‌ അവരെ തീണ്ടിയിരുന്നില്ല. കനം കുറഞ്ഞ ആ ജീവിത രീതികളില്‍ ഏറെക്കാലം തുടര്‍ന്നു പോന്നതുകൊണ്ട്‌ എന്റെ കാഴ്ചപ്പാടുകളും ആ വിധം തന്നെയായി തീര്‍ന്നിരുന്നു. എന്നിട്ടും ഏതോ നേരങ്ങളില്‍ തൃഷ്ണ ജ്ഞാനപ്പഴത്തിനായി അകമേ വഴക്കുണ്ടാക്കിയിരുന്നതായി എനിക്കോര്‍ക്കാനാവുന്നുണ്ട്‌. അങ്ങനെയായിരിക്കണം ഹൈറേഞ്ചിനു വെളിയിലെ സമതലങ്ങളേയും പീഠഭുമികളേയും അന്വേഷിച്ചു പോകാന്‍ ഞാന്‍ തയ്യാറായത്‌.

ഒരു ഓര്‍മ്മയ്ക്ക്‌ അനേകം ഓര്‍മ്മകളെ കൊണ്ടുവന്ന്‌ നിറയ്ക്കാനാകും. അങ്ങനെയാണ്‌ നമ്മുടെ മസ്തിഷ്ക പടലങ്ങളില്‍ നാരുകളായി ഒരേതരം ഓര്‍മ്മകള്‍ അഴിഞ്ഞു ചിതറുന്നത്‌. തൊടുപുഴയിലെ ഗ്രാമീണ സന്ധ്യയില്‍ സംഭവിച്ചതും അതാണ്‌. ഓരോ മനുഷ്യ ജീവിയുടേയും ബാല്യകാലത്തു പതിവായിരുന്ന ഒരു തേങ്ങലോടെ നാടിനേയും പഴയ വീടിനേയും ഓര്‍ത്തു പോയി. അമ്മ അടിച്ചിട്ട ഒരു സന്ധ്യാമുറ്റം. അതിന്റെ അതിരില്‍ അമ്മ നല്‍കിയ ജലധാരയുടെ ധന്യതയില്‍ തെളിഞ്ഞു നില്‍ക്കുന്ന പൂച്ചെടികള്‍. ബാലധാരണകളോടെ ഞാനന്നും മുറ്റത്തെ സൂക്ഷ്മമായി നോക്കാറുണ്ടായിരുന്നു. അപ്പോള്‍ പായലിന്റെ ചില പ്രാചീന രേഖകള്‍ ഇതില്‍ കാണാനാവും. ദുര്‍ബലനായിപ്പോയ തറവാട്ടു കാരണവരുടെ പ്രേതം പോലെയുള്ള പൂപ്പല്‍. അന്ന്‌ അന്ന്‌ ആ പുല്‍പ്പാടുകളും വിഷാദം തന്നിരുന്നു. എന്തിനോ. കുറുമ്പുകൂടി മുതിര്‍ന്നപ്പോള്‍, തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ കാത്തിരിപ്പിന്റെ അപരവേഷം കൂടി അണിയേണ്ടി വന്നത്‌ വളര്‍ച്ചയിലെ സ്വാഭാവികത. അപ്പോഴൊക്കെ, ഞാനറിയാത്ത ഏതോ മുറ്റത്ത്‌ എത്രയോ പ്രാവശ്യം പതിഞ്ഞ നിന്റെ കാല്‍പാടുകളെപ്പറ്റിയും ഞാന്‍ ഓര്‍ക്കാതിരുന്നത്‌ സാധാരണം.)

സായാഹ്നം ആകെ കലങ്ങി രാത്രിയിലേയ്ക്കു ലയിക്കാന്‍ നില്‍ക്കുന്ന നേരങ്ങളില്‍ നമ്മള്‍ നമ്മളെപ്പറ്റി ചിലതൊക്കെ ഓര്‍ത്തു പോകും. ഒരു കാരണവുമില്ലാതെ. പലരും അല്പ നിമിഷത്തേയ്ക്ക്‌ തത്വജ്ഞാനികളാവുകയോ യോഗികളാവുകയോ ചെയ്യും. പിന്നെ, മനുഷ്യരുടെതായ ആ പതിവു രീതിയില്‍, ആ എന്നൊരു നെടുവീര്‍പ്പോടെയോ ഒരു തലയാട്ടലിലൂടെയോ എല്ലാം കുടഞ്ഞുകളഞ്ഞ്‌ തിരിച്ചുവരും. ഓരോ ജീവിതത്തിന്റേയും സ്ഥായിയായ വിഡ്ഡിത്തങ്ങളിലേയ്ക്ക്‌ അലസതയിലേയ്ക്ക്‌ ചിലതരം സാമര്‍ത്ഥ്യങ്ങളിലേയ്ക്ക്‌! വാസ്തവത്തില്‍ ദീര്‍ഘനേരത്തേയ്ക്കുള്ള ഒരു കുതിച്ചു ചാട്ടം.

രണ്ടു പതിറ്റാണ്ടോളം എനിയ്ക്കു സുപരിചിതമായിരുന്ന ഹൈറേഞ്ചിലെ ജനജീവിതമാണു തൊടുപുഴയിലെ വഴികളില്‍ കണ്ടെത്താന്‍ കഴിഞ്ഞത്‌. ഇവിടുത്തെ മണം മനുഷ്യരുടെ വസ്ത്രധാരണ രീതി, സംസാര രീതി, പുകവലിയുടെ അസഹ്യത, മദ്യപാനികളുടെ കൂത്താട്ടം, മുടി നരച്ച കറുത്ത സ്ത്രീകളുടെ ദാരിദ്ര്യം, മാപ്പു കൊടുക്കാനാവാത്ത കുട്ടികളുടെ അജ്ഞതകള്‍------- ഒന്നും സഹിക്കാനാവുന്നില്ല. പക്ഷേ ഞാന്‍ തപിയ്ക്കുന്നു ഓര്‍മ്മകളില്‍. ജീവിച്ച കാലത്തിന്റെ ആല്‍ബം മറിയ്ക്കപ്പെടുന്നതിന്റെ ലജ്ജയില്‍. ഈ കുട്ടികളൊക്കെ എന്നെ ദുഃഖിപ്പിക്കുകയോ എന്റെ അവരോടുള്ള നിസ്സഹായതയില്‍ എന്നെ തളര്‍ത്തുകയോ ആണ്‌. എപ്പോഴാണ്‌ ഇവിടെ നിന്ന്‌ അവര്‍ക്കൊന്ന്‌ കുതറിച്ചാടാന്‍ കഴിയുന്നത്‌?

അവിടുത്തെ ഒരു ക്രിസ്തീയ ദേവാലയം സന്ദര്‍ശിച്ച ദിവസം കൂടിയായിരുന്നു അത്‌. “ആയിരം മാപ്പിളമാര്‍ക്കുവേണ്ടി ആയിരത്തില്‍ വച്ച പള്ളി“ എന്നാണ്‌ ആരക്കുഴ ഇടവകയിലെ ആ പള്ളിയെ വിശേഷിപ്പിക്കുന്നതു തന്നെ. 1780 നോടടുത്ത കാലത്താണ്‌ ഇപ്പോഴിരിയ്ക്കുന്ന സ്ഥലത്ത്‌ ഒരു ദേവാലയമുണ്ടായത്‌. അവിടുത്തെ “റത്താള്‍“ എന്ന്‌ വിളിയ്ക്കപ്പെടുന്ന ആള്‍ത്താര ഇന്ന്‌ കേരളത്തിലെ പള്ളികളില്‍ അപൂര്‍വ്വമായിട്ടുള്ളതാണ്‌. അത്‌ പോര്‍ച്ചുഗല്ലില്‍ ഉണ്ടാക്കി കപ്പല്‍ വഴി കൊച്ചിയില്‍ കൊണ്ടു വന്ന്‌ അവിടെ നിന്നും പുഴ വഴി ആരക്കുഴിയിലെത്തിച്ച്‌ വീണ്ടും കൂട്ടിയിണക്കി പള്ളിയ്ക്കുള്ളില്‍ ഉറപ്പിയ്ക്കപ്പെട്ടിട്ടുള്ളതാണ്‌. അവിടുത്തെ മറ്റൊരു പ്രത്യേകത പ്രസംഗ പീഠമായിരുന്നു. അച്ഛന്‌ പ്രസംഗിയ്ക്കാനായി കയറി നില്‍ക്കാവുന്ന ഒരു കൂടാണ്‌ യഥാര്‍ത്ഥത്തില്‍ ഇത്‌. ഇന്നിത്‌ ഇവിടെയും ഉപയോഗിയ്ക്കപ്പെടുന്നില്ല. എങ്കിലും പൊളിച്ചു മാറ്റിയിട്ടുണ്ടായിരുന്നില്ല. ഇതില്‍ ശരിക്കും സ്വര്‍ണ്ണം പൂശി മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്‌. പഴച്ചാറുകളും, ഇലച്ചാറുകളും കൂട്ടിക്കലര്‍ത്തി ചായം കൊടുത്ത പുരാണികമായ ആള്‍ത്താരയും ഞാന്‍ നോക്കി നിന്നു. അവിടെ നില്‍ക്കുമ്പോള്‍ ആകെയൊരു തണുപ്പ്‌ നമ്മെ വന്നു സമാധാനിപ്പിക്കുന്നതായി അനുഭവപ്പെടും. അതിന്റെ മച്ചകം, മരത്തട്ടുകള്‍, ഇടനാഴികള്‍, അച്ഛന്മാരുടെ വിശ്രമ മുറികള്‍, കിളിവാതിലുകള്‍, കുറ്റിയില്‍ തിരിയുന്ന ജനവാതിലുകള്‍--- ഓരോന്നും കണ്ടു നടന്നപ്പോള്‍ മനസ്സിലെ മുറ്റത്ത്‌ ഇന്നലെകളുടെ സാന്ത്വനം. ഒടുക്കം ഞാനാ ആള്‍ത്താരയിലേയ്ക്കു തന്നെ തിരിച്ചു വന്ന്‌ അവിടെ മുട്ടുകുത്തി. ഞാന്‍ വിചാരിച്ചു.

ദൈവമേ, ഈ ഓര്‍മ്മകള്‍ എന്നെ വലിച്ചെറിയുന്നുവല്ലോ. എന്റെ സ്ക്കൂള്‍ക്കാലത്തേയ്ക്ക്‌ (അച്ഛന്‍മാരും കന്യാസ്ത്രീകളും നടത്തിയിരുന്ന സ്ക്കൂളിലായിരുന്നു എന്റെ പ്രാഥമീക വിദ്യാഭ്യാസം) എന്റെ പ്രണയകാലത്തേയ്ക്ക്‌, എന്റെ രതി വേദനകളിലേയ്ക്ക്‌----- പ്രണയിനിയിലേയ്ക്ക്‌---- (നിന്റെ കാല്‍പ്പാടുകളും, കൈവിരല്‍പ്പാടുകളും, ചന്തിച്ചൂടും പതിഞ്ഞിട്ടുള്ള നീ താമസിച്ചിട്ടുള്ള വസതികള്‍ ഏതൊക്കെയാണ്‌? എവിടെയൊക്കെയാണ്‌? ഒരിയ്ക്കല്‍പ്പോലും, നീയെന്നെ അവിടേയ്ക്കൊന്നും കൊണ്ടുപോയിട്ടില്ലല്ലോ. ദയവായി പറഞ്ഞു തരൂ, മാന്യതകള്‍ നശിച്ചടങ്ങിയ ഈ കാലത്ത്‌ ഞാന്‍ തനിയെ ഒന്നു പോയിവരട്ടെ. കേള്‍ക്കട്ടെ. നീയുതിര്‍ത്ത നിസ്വനങ്ങള്‍.........)

എന്റെ പഴയകാല സഖാവ്‌ ഇന്നു താമസിയ്ക്കുന്ന വിദൂര നഗരത്തിലെ തെരുവിനെപ്പറ്റി ഞാനിപ്പോള്‍ തിരക്കാറില്ല. നീയവിടെ സുഖമായിരിക്കുമെന്ന്‌ എനിയ്ക്കറിയാം. അല്ലെങ്കില്‍ എനിക്കിവിടെ സ്വാസ്ഥ്യമുണ്ടാവുമായിരുന്നില്ലല്ലോ. പകരമായി അകമേ, അവളോട്‌ മാപ്പിരക്കാന്‍ ഞാന്‍ തയ്യാറായി. അപക്വമായ കാലത്ത്‌ ഞങ്ങള്‍ക്ക്‌ കണ്ടുമുട്ടാന്‍ ഇടമൊരുക്കിയ വിധിയോട്‌ ദയാപൂര്‍വ്വം ക്ഷമിയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ ഞാന്‍ ഇരുളിലേയ്ക്ക്‌ നോക്കിയിരുന്നു. തനിയെ.

Subscribe Tharjani |