തര്‍ജ്ജനി

വിദേശം

സ്വാതന്ത്ര്യപഥത്തിലെ കറുത്തപടയാളി

അമേരിക്കയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരന്‍ ഡഗ്ലസ്‌ വില്‍ഡറിനു ശേഷം, ഈയടുത്തു നടന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനായ ഡെവല്‍ പാട്രിക്കും ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത വായിച്ചറിഞ്ഞതില്‍ നിന്നാണു ഈ ചെറു ലേഖനത്തിന്റെ പിറവി.

ഈ വാര്‍ത്ത എന്റെ ഓര്‍മ്മകളെ കൊണ്ട്‌ ചെന്നെത്തിക്കുന്നത്‌ മറ്റെവിടേക്കുമല്ല. അടുത്തു തന്നെ വായിച്ച അമേരിക്കന്‍ ചരിത്ര നോവലിസ്റ്റായ ഹോവാര്‍ഡ്‌ ഫാസ്റ്റിന്റെ "ഫ്രീഡം റോഡ്‌" (സ്വാതന്ത്ര്യപഥം) എന്ന ആഖ്യായികയിലേക്കാണ്‌. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ ചരിത്ര നോവല്‍, കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യ സമരത്തിന്റേയും, അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കഠിന പ്രയത്നം കൊണ്ട്‌ അവര്‍ നേടിയെടുത്ത അവകാശങ്ങളുടേയും നേര്‍ക്കാഴ്ചയാണ്‌.

1861-ല്‍ കറുത്തവരായ അടിമകളെ മോചിപ്പിക്കാനും, അവര്‍ക്ക്‌ സമത്വം നല്‍കാനും പ്രസിഡന്റ്‌ എബ്രഹാം ലിങ്കണ്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ പ്രതിഷേധിച്ച്‌, അമേരിക്കന്‍ ഐക്യ നാടുകളില്‍ നിന്നു വിട്ടുപോകാന്‍ കരോളിന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ശ്രമിച്ചതിനെ പരാജയപ്പെടുത്താനും അമേരിക്കന്‍ ഐക്യനാടുകളെ ഒരുമിച്ചു നിര്‍ത്താനും നടത്തിയ യുദ്ധമാണ്‌ പ്രസിദ്ധമായ അമേരിക്കന്‍ ആഭ്യന്തരയുദ്ധം. ഈ ആഭ്യന്തരയുദ്ധം ജയിച്ചതിനു ശേഷമുള്ള കാലയളവിനെ 'പുനര്‍നിര്‍മ്മാണകാലം' എന്നാണ്‌ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്‌. ഈ കാലഘട്ടത്തിലാണ്‌ ഫ്രീഡം റോഡിലെ കഥ നടക്കുന്നത്‌.

അഭ്യന്തരയുദ്ധത്തില്‍ രാജ്യത്തിനു വേണ്ടി പടവെട്ടി വിജയശ്രീലാളിതനായി തന്റെ തോക്കും തോളില്‍ തൂക്കിയിട്ടു കൊണ്ട്‌ കറുത്ത പടയാളിയായ ഗിഡിയോണ്‍ ജാക്സണ്‍ കരോളിന സംസ്ഥാനത്തിലെ തന്റെ കുടിലില്‍ തിരിച്ചെത്തുന്നതോടെയാണ്‌ നോവല്‍ ആരംഭിക്കുന്നത്‌.
ചാട്ടവാര്‍കൊണ്ടടിച്ച്‌ പണിയെടുപ്പിച്ചിരുന്ന അടിമ ഉടമകളായ തോട്ടക്കാരും, പ്രമാണിമാരും തങ്ങളുടെ വലിയ വീടുകള്‍ ഉപേക്ഷിച്ച്‌ നാട്‌ വിട്ടു പോയിരിക്കുന്നു. കൃഷിയിടങ്ങള്‍ ആരൊരും നോക്കാനില്ലാതെ തരിശായിക്കിടക്കുന്നു.

'അപ്പൊമാറ്റക്സ്‌' കോടതിയില്‍ വെച്ച്‌ ജനറല്‍ ലീ ആയുധം വെച്ചപ്പോള്‍ തെക്കനമേരിക്കയില്‍ നാല്‍പ്പത്‌ ലക്ഷം കറുത്ത മനുഷ്യരാണ്‌ സ്വതന്ത്രരായത്‌.
തെക്കന്‍ കരോളിനയിലെ ഇരുപത്തീരായിരം ഏക്കര്‍ വലിപ്പമുള്ള കാര്‍വെല്‍ തോട്ടത്തിലായിരുന്നു സ്വതന്ത്ര അടിമകളായ ഗിഡിയോണും കൂട്ടരും വസിച്ചിരുന്നത്‌. തോട്ടത്തിന്റെ മധ്യത്തില്‍ നാലുനിലയും, ഇരുപതോളം മുറികളുമുള്ള, ഗ്രിക്കു ദേവാലയം പോലെ തോന്നിക്കുന്ന കാര്‍വെല്‍ ബംഗ്ലാവ്‌ ഉടമസ്ഥരായ പ്രഭുക്കള്‍ ഉപേക്ഷിച്ചു പോയി.
65-കളില്‍ ഏക്കറിനു ഒന്നര 'ബെയില്‍' വീതം പരുത്തിവിളഞ്ഞിരുന്ന തോട്ടവും ഉടമസ്ഥര്‍ ഉപേക്ഷിച്ച്‌ പോയതോടെ അടിമകളുടെ കൈവശമായി. എന്നാല്‍ ലാഭവിളവായ പരുത്തികൃഷി ചെയ്യാന്‍ അവര്‍ക്ക്‌ തോന്നിയില്ല. പണം സമ്പാദിക്കേണ്ട ആവശ്യമോ അതിനുള്ള വിവരമോ അവര്‍ക്കുണ്ടായിരുന്നില്ല. താണഭൂമിയില്‍ ധാന്യവും, നെല്ലും കൃഷി ചെയ്ത്‌, തൊടികളില്‍ പച്ചക്കറികള്‍ നട്ടു, പോര്‍ക്കിനേയും, കോഴികളേയും വളര്‍ത്തി അവര്‍ ജീവിച്ചു.

അങ്ങനെയിരിക്കെയാണ്‌ വിദൂരത്തു നിന്നു 'കോണ്‍ഗ്രസ്സ്‌' എന്ന് വിളിക്കപ്പെടുന്ന ആ വസ്തു സ്വതന്ത്രരായ അടിമകള്‍ പോയി വോട്ട്‌ ചെയ്യണമെന്ന് കല്‍പ്പിക്കുന്നത്‌.

വോട്ട്‌ എന്താണെന്നോ എന്തിനാണെന്നോ അറിയാത്ത കാപ്പിരികള്‍ ഗിഡിയോണിനേയും, പീറ്റര്‍ പാതിരിയേയും സമീപിച്ചു. പീറ്റര്‍ പാതിരി പറയുന്നത്‌ "വോട്ട്‌ ചെയ്യല്‍ കല്യാണം പോലെയോ ക്രിസ്തുമസ്‌ സെര്‍മണ്‍ പോലെയോ ഉള്ള ഒരു പൊതുകാര്യമാണ്‌. ഗവണ്‍മന്റ്‌ ദൈവ ദൂതനായ ഗബ്രിയേലിനെപ്പോലെ സുശക്തമായ വലത്‌ കരം നീട്ടിപ്പറയുന്നു.. “നിങ്ങള്‍ അഭിപ്രായം പ്രഖ്യാപിക്കുക എന്ന്".
അങ്ങനെ ഇരുപത്തൊന്നു വയസ്സ്‌ തികഞ്ഞ എല്ലാ കാപ്പിരികളെയും കൂട്ടിപ്പോയി ഗിഡിയോണും പീറ്റര്‍ പാതിരിയും വോട്ട്‌ ചെയ്തു.
പല നിഗ്ഗര്‍മാരും വോട്ട്‌ ചെയ്തു മടങ്ങുമ്പോള്‍ നാല്‍പ്പതു ഏക്കര്‍ ഭൂമിയും, ഒരു കഴുതയും കിട്ടുമെന്നു വിശ്വസിച്ചിരുന്നു. എന്നാലതൊന്നും സംഭവിച്ചില്ല. കാപ്പിരികളും നിര്‍ധനരായ വെള്ളക്കാരുമായ അഞ്ഞൂറോളം പേരില്‍ നിന്നു ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഗിഡിയോണിനെ തിരഞ്ഞെടുത്തു.
ഭരണഘടനാ കണ്‍വെന്‍ഷനെ അനൂകൂലിക്കുന്നോ അതോ പ്രതികൂലിക്കുന്നോ എന്നറിയാനായിരുന്നു വോട്ട്‌. തിരഞ്ഞെടുക്കപ്പെട്ട നീഗ്രോ പ്രതിനിധികള്‍ ചാള്‍സ്റ്റണില്‍ പോയി കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതുണ്ട്‌.

അക്ഷരജ്ഞാനമില്ലാത്തതിനാല്‍ ചാള്‍സ്റ്റണില്‍ പോകാന്‍ ധൈര്യമില്ലാതിരുന്ന ഗിഡിയോണെ പീറ്റര്‍ പാതിരി അത്യാവശ്യം വായന പഠിപ്പിച്ചു. അക്ഷരാഭ്യാസത്തിന്റെ ആവശ്യകതയും, പ്രാധാന്യവും ഗിഡിയോണെ മനസ്സിലാക്കിച്ച്‌ അയാളില്‍ ശാന്തതയും, ഒപ്പം ശക്തിയും ആവേശവും കുത്തി നിറച്ചു.
ഗിഡിയോണ്‍ പറഞ്ഞു" ജ്ഞാനത്തിനു വേണ്ടി ഞാനെന്റെ ഹൃദയം തന്നെ പറിച്ചെടുത്തു നല്‍കാം"
ഭാര്യ രാക്കെലും, മക്കളും ഗിഡിയോണിന്റെ ആത്മവിശ്വാസത്തിനു തീ പകര്‍ന്നു കൊടുത്തു.

ഭരണഘടനാ കണ്‍വെന്‍ഷന്റെ നടത്തിപ്പുകാരനായ മേജര്‍ അല്ലന്‍ ജയിംസിന്റെ ക്ഷണക്കത്ത്‌ ലഭിച്ച ഗിഡിയോണ്‍ ചാള്‍സ്റ്റണിലേക്ക്‌ കാല്‍നടയായി പോയി. അവിടെ ചാള്‍സ്റ്റണ്‍ പട്ടണത്തില്‍ ഒരു ചെരുപ്പുകുത്തിയുടെ ആതിഥ്യത്തില്‍ നിന്നു കൊണ്ടു ഗിഡിയോണ്‍ കണ്‍വെന്‍ഷന്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
കേവലം പേരെഴുതാനും, നൂറോളം വാക്കുകള്‍ വായിക്കാനും മാത്രമറിയാവുന്ന കറുത്ത വര്‍ഗ്ഗക്കാരനായ ഒരു വയല്‍പ്പണിക്കാരന്‍, ഒരു രാഷ്ട്രത്തിന്റെ പുനഃസംഘടനയെ നിര്‍ണ്ണയിക്കുന്ന ഭരണഘടന രൂപീകരിക്കുന്നതില്‍, മറ്റുള്ള പ്രതിനിധികള്‍ക്ക്‌ തീരെ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നു തന്നെ പറയാം.
എന്നാല്‍ തന്റെ ധിഷണാശക്തികൊണ്ടും, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ആത്മാര്‍ത്ഥത കൊണ്ടും, കഠിന പ്രയത്നം കൊണ്ടും ഗിഡിയോണ്‍ യോഗത്തില്‍ പലരുടെയും ശ്രദ്ധ പിടിച്ചു പറ്റി. കണ്‍വെന്‍ഷനില്‍ നിന്നു കിട്ടുന്ന വേതനം കൊണ്ട്‌ പുസ്തകങ്ങളും മെഴുകുതിരിയും വാങ്ങി പട്ടിണി കിടന്നും ഗിഡിയോണ്‍ കാര്യങ്ങള്‍ പഠിച്ചു.

വിദ്യാഭ്യാസം ഒരാവശ്യമാണെന്ന് ഗിഡിയോണ്‍ പറഞ്ഞു."നാല്‍പ്പതു ലക്ഷം അടിമകള്‍ നിരക്ഷരരായിരിക്കുക ഒരു സാധ്യതയാണ്‌. എന്നാല്‍ നാല്‍പ്പതു ലക്ഷം സ്വതന്ത്രരായ കാപ്പിരികള്‍ നിരക്ഷരരായിരിക്കുക പ്രത്യക്ഷത്തില്‍ അസാധ്യമാണ്‌"

"വിദ്യാഭ്യാസം ഒരു തോക്കു പോലെയാണെന്ന് ഞാന്‍ കരുതുന്നു. തോക്കുള്ള ഒരു മനുഷ്യനെ നിങ്ങള്‍ക്കു അടിമപ്പെടുത്തണമെങ്കില്‍ നിങ്ങള്‍ക്കാ തോക്കു പിടിച്ചെടുക്കേണ്ടി വരും. അടിമപ്പെടുത്താന്‍ അവനെ കൊന്നിട്ടായാലും നിങ്ങളതു കൈക്കലാക്കും. എന്നാല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ചു പറയുകയാണെങ്കില്‍ - അതു സിദ്ധിച്ച ഒരു മനുഷ്യനില്‍ നിന്നു അതു എടുത്തു മാറ്റുക അസാധ്യമാണ്‌. ആ നിലക്കു പഠിച്ച ഒരുവന്‍ അടിമയായിരിക്കാന്‍ സാധ്യമല്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു നിലക്കു അതൊരു തോക്കു പോലെയാണ്‌.. മറ്റൊരു നിലക്കു അതൊരു തോക്കിനേക്കാള്‍ മെച്ചപ്പെട്ടതുമാണ്‌. അതു കൊണ്ട്‌ സ്വയം വിദ്യാഭ്യാസമാകുന്ന ആയുധം ധരിക്കുക"

കണ്‍വെന്‍ഷന്‍ പുരോഗമിച്ചു. ചെറിയ ചെറിയ തീരുമാനങ്ങളും വലിയ വലിയ നിയമങ്ങളും ഉരുത്തിരിഞ്ഞു വന്നു. ഭൂരിപക്ഷം പ്രതിനിധികളുടേയും നിഷ്കളങ്കത തന്നെ അവര്‍ നിയമനിര്‍മ്മാണത്തെ സമീപിക്കുന്നതിലൊരു പുതുമയുണ്ടാക്കി. അവരുടെ പിന്നില്‍ നിയമം, നടപടികള്‍, ആചാരങ്ങള്‍, തുടങ്ങിയവയുടെ ഭയാനകവും, ഉന്നതവുമായ ആ സ്തംഭമുണ്ടായിരുന്നില്ല. അതുകൊണ്ടു അവര്‍ നിര്‍ഭയം നിയമം നിര്‍മ്മിച്ചു. സമുദായത്തിലെ സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ യുഗങ്ങളായി നില നിന്നു വന്ന മതിലുകളെ അവര്‍ തട്ടിത്തകര്‍ത്തു. നാലു കൊല്ലക്കാലം ഞാന്‍ യാങ്കികളോട്‌ പോരാടിയപ്പോഴും, എന്റെ വീട്‌ പുലര്‍ത്തിയിരുന്നതു എന്റെ ഭാര്യയാണ്‌. അവള്‍ കുട്ടികളെ ഭക്ഷണം കൊടുത്തു വളര്‍ത്തി, അവര്‍ക്കു വേണ്ട വസ്ത്രങ്ങള്‍ വാങ്ങി, നിലമുഴുതു വിളവെടുത്തു. ഇപ്പോള്‍ എനിക്കു മാത്രം വോട്ടവകാശം നല്‍കുകയും എന്റെ ഭാര്യക്കതു നിഷേധിക്കുകയും ചെയ്യുന്നതു ശരിയല്ല. ഗിഡിയോണ്‍ പറഞ്ഞു " കണ്‍വെന്‍ഷന്റെ ദൃഷ്ടിയില്‍ എന്റെ ഭാര്യ എന്നോടു തുല്യനിലയില്‍ തന്നെയാണ്‌"

ഒടുവില്‍ കണ്‍വെന്‍ഷന്‍ അവസാനിച്ചു. ഒരു ഭരണഘടനയുണ്ടാക്കി, നിയമങ്ങള്‍ പലതും പാസ്സാക്കി,. ഒരു രാഷ്‌ട്രത്തിലെ ജനങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിനും, ജീവിതത്തിനും, സൌഖ്യാന്വേഷണത്തിനും നല്‍കിയ നിര്‍വചനമായിരുന്നു ഈ ഭരണഘടന.

ഗിഡിയോണ്‍ കാര്‍വെലിലേക്കു തിരിച്ചു പോയി. തന്റെ കൂട്ടരുടെ അടുത്ത്‌ വീണ്ടും എല്ലു മുറിയെ അധ്വാനിച്ചു കുറച്ചു കാലം ചെലവഴിച്ചു. തങ്ങള്‍ ജീവിച്ചു വരുന്ന പഴയ ഭൂമി വിറ്റു പോയാല്‍ തങ്ങള്‍ കുടിയിറക്കപ്പെടുമെന്നും, അല്ലെങ്കില്‍ വെറും പങ്കു പാട്ടക്കാരായി മാറുമെന്നും മനസ്സിലാക്കിയ ഗിഡിയോണ്‍ ഭാവി സ്വയം കരുപ്പിടിക്കാന്‍ പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കി.

കാര്‍വെല്‍ ദേശത്തു വസിക്കുന്ന ഇരുപത്തേഴോളം നീഗ്രോ കുടുംബങ്ങള്‍ക്കും, മറ്റു നിര്‍ധന വെള്ളക്കാര്‍ക്കും വേണ്ടി പൊതുലേലം ചെയ്യുന്ന സ്ഥലത്തില്‍ നിന്നും, മൂവായിരം ഏക്കര്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു. ഇതിനായി ബാങ്കില്‍ നിന്നു പണം കടമെടുക്കാനും നന്നായി അധ്വാനിച്ചു പരുത്തികൃഷി ചെയ്ത്‌ കടം വീട്ടാനുമായിരുന്നു ഗിഡിയോണിന്റെ പ്ലാന്‍. എന്നാല്‍ ഇതിനായി കൊളംബിയയിലെ നാഷണല്‍ ബാങ്കിലെത്തിയ ഗിഡിയോണിനു അവര്‍ പണം കടം നല്‍കിയില്ല. കാര്‍വെലിലെ ചെറിയ സംഘം നിഗ്ഗര്‍മാര്‍ക്കും, തെണ്ടിവെള്ളക്കാര്‍ക്കും പണം കടം നല്‍കാനാവില്ലെന്നും അവരെ ഭൂവുടമകളാക്കുന്നതില്‍ തങ്ങള്‍ക്കു തീരെ താല്‍പ്പര്യമില്ലെന്നുമായിരുന്നു അവരുടെ നിലപാട്‌. കാര്‍വെല്‍ ദേശത്തെ കാപ്പിരികള്‍ അലഞ്ഞു നടക്കുന്നവരല്ലെന്നും അധികംപേരും ആയുഷ്ക്കാലം മുഴുവന്‍ ഈ മണ്ണില്‍ അധ്വാനിച്ചവരാണെന്നും മറ്റുമുള്ള ഗിഡിയോണിന്റെ ന്യായീകരണങ്ങളെ അവര്‍ വകവെച്ചുമില്ല.

നിരാശനാകാതെ ഗിഡിയോണ്‍ ബോസ്റ്റണില്‍ പോയി ഐസാക്‌ വെന്റ്‌ എന്നൊരു ധനികനെ കണ്ടു. ഗിഡിയോണിന്റെ ആത്മാര്‍ത്ഥതയില്‍ വിശ്വസിച്ച്‌ ഐസാക്‌ വെന്റ്‌ പണം കടം നല്‍കി. കാര്‍വെല്‍ തോട്ടത്തിന്റെ മൂവായിരം ഏക്കറോളം ഗിഡിയോണ്‍ ലേലത്തില്‍ വിലക്കു വാങ്ങി കാപ്പിരികള്‍ക്കു വീതിച്ചു നല്‍കി.
ഇതിനിടക്ക്‌ ഗിഡിയോണ്‍, തന്റെ മൂത്തമകനായ ജെഫിനെ അവന്റെ ഇഷ്ടപ്രകാരം ഡോക്ടറിനു പടിക്കാന്‍ ഡോക്ടര്‍ എമറി എന്ന വെള്ളക്കാരന്റെ അടുത്ത്‌ വിട്ടു.

ആത്മാഭിമാനമുള്ള ഗിഡിയോണിന്റെ മകന്‍ ചിന്തിച്ചതിങ്ങനെയാണ്‌. "കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ നിന്നു വിദ്യാഭ്യാസം നേടാന്‍ എനിക്കൊരു ഭാഗ്യം സിദ്ധിച്ചു. അതു കൊണ്ടുതന്നെ ഇതൊരു സേവനമാക്കണമെന്നു ഞാന്‍ വിചാരിക്കുന്നു. എനിക്കു മടങ്ങിച്ചെന്നു പറയണം. ഇതാ, എനിക്കിതെല്ലാം കിട്ടി. ഞാനതു മടക്കിത്തരുന്നു. ആളുകള്‍ രോഗം പിടിച്ചു മരിക്കുമ്പോള്‍ അവരെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ എനിക്കു കഴിയണം.

നശിക്കാത്ത ഇച്ഛാശക്തിയോടെയും സ്വാതന്ത്ര്യ വാഞ്ഛയോടെയും മുന്നേറിയ ഗിഡിയോണും കൂട്ടര്‍ക്കുമെതിരെ, ദുഷ്ടപ്രഭുത്വം നടത്തിയ അക്രമങ്ങളുടെയും അതിനെതിരെയുള്ള കാപ്പിരികളുടെ ചെറുത്തുനില്‍പ്പിന്റേയും ചരിത്രമാണ്‌ ഈ കഥയുടെ രണ്ടാം ഘട്ടം. കാര്‍വെല്‍ തോട്ടത്തിലെ ബംഗ്ലാവ്‌ പീരങ്കിയുണ്ടകള്‍ കൊണ്ടു ചാമ്പലാകുകയും, കാര്‍വെല്‍ തോട്ടം തീവെച്ച്‌ നശിപ്പിക്കപ്പെടുകയും ചെയ്യുന്നതു വരെ അവസാന ശ്വാസത്തോളം ഗിഡിയോണും കൂട്ടരും പിടിച്ചുനിന്നു.

വര്‍ണ്ണ വിവേചനത്തിന്റെ ചരിത്രപുസ്തകത്തിലൂടെ ഗിഡിയോണെപ്പോലെയുള്ള ഒട്ടേറെ കറുത്ത പടയാളികളുടെ രക്തം കിനിഞ്ഞിറങ്ങിട്ടും, കാലം കഴിഞ്ഞിട്ടും ഇന്നും കറുത്തവന്റെ കയ്യിലെത്തുന്ന അധികാരം ഒരു വാര്‍ത്തയാവുകയാണ്‌.

Subscribe Tharjani |