തര്‍ജ്ജനി

പി. ജെ. ജെ ആന്റണി

വെബ്:www.periyartmc.com.

Visit Home Page ...

കഥ

ഏഴ്‌ അങ്കങ്ങളില്‍ ശുഭപര്യവസായിയായ ഒരു ദുരന്തനാടകം

അങ്കം ഒന്ന്‌

പുരുഷന്‍: ഞാന്‍ ഒന്നുമറിയാത്ത കുട്ടിയല്ല. ഒരു വര്‍ഷം കൂടികഴിഞ്ഞാല്‍ ഒരു കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍. കാമ്പസ്‌ ഇന്റര്‍വ്യുവില്‍ ആദ്യം ജോലി കിട്ടിയ ബാച്ചില്‍ ഞാനായിരുന്നു മുന്നില്‍. ഫൈനല്‍ എക്സാം എഴുതിക്കഴിഞ്ഞാന്‍ റിസല്‍ട്ട്‌ കാത്തുനില്‍ക്കാതെ എനിക്ക്‌ ജോലിയില്‍ ജോയിന്‍ ചെയ്യാം. താമസിക്കാന്‍ അപ്പാര്‍ട്ട്മെന്റും സുഖമായി ജീവിക്കാനും സമ്പാദിക്കാനും വേണ്ട ശമ്പളവും. ഇതൊക്കെയായിട്ടും ആരെ വിവാഹം കഴിക്കണമെന്ന്‌ തീരുമാനിക്കാന്‍ മാത്രം എനിക്ക്‌ അവകാശവും അധികാരവും ഇല്ലെന്ന്‌ പറയുന്നത്‌ തമാശയല്ലെങ്കില്‍ മറ്റെന്താണ്‌? എനിക്ക്‌ അവളെ ഇഷ്ടമാണ്‌. അവള്‍ക്ക്‌ എന്നെയും. എന്റെ ബാച്ച്‌ മേറ്റാണവള്‍. മൂന്നുവര്‍ഷമായി അടുത്തറിയാം. ഒരുമിച്ച്‌ ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. അവളുടെ വീട്ടുകാരും നിങ്ങളെപ്പോലെ തന്നെ കാര്യമറിയാതെ ശാഠ്യം പിടിക്കുന്നവര്‍. റിക്വസ്റ്റ്‌ ചെയ്ത്‌ അപ്രൂവല്‍ വാങ്ങി ഓര്‍ഡര്‍ ചെയ്യാന്‍ ഞാനും അവളും സ്റ്റോര്‍ ഐറ്റങ്ങളൊന്നും അല്ലല്ലോ.

കരഞ്ഞും ബഹളം വച്ചും അമ്മ ആവശ്യമില്ലാത്ത സീനുകള്‍ ഉണ്ടാക്കരുത്‌. വെറുതെ സെന്റിമെന്റലാകുന്നതെന്തിന്‌? നിങ്ങള്‍ക്ക്‌ സാമ്പത്തികക്ലേശമൊന്നും ഒരിക്കലും ഉണ്ടാകാന്‍ പോകുന്നില്ല. അച്ഛന്റെ പെന്‍ഷനുണ്ട്‌. അച്ഛന്‍ ആദ്യം മരിച്ചാല്‍ അത്‌ അമ്മയ്ക്ക്‌ മരണം വരെ കിട്ടും. അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സപ്പോര്‍ട്ട്‌ ചെയ്യാന്‍ എനിക്കൊരിക്കലും മടിയുണ്ടാവുകയില്ലെന്ന്‌ നിങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കും നന്നായറിയാം. ഞാന്‍ ആരെ വിവാഹം ചെയ്താലും നിങ്ങള്‍ക്ക്‌ ഒരുപോലെ തന്നെ. നിങ്ങള്‍ ഇവിടെയും ഞങ്ങള്‍ ഏതെങ്കിലും നഗരത്തിലുമായിരിക്കും താമസിക്കുക. മിക്കവാറും ഇന്ത്യക്ക്‌ വെളിയില്‍. ഒരിക്കലും വിദേശപൗരത്വം സ്വീകരിക്കുകയില്ലെന്ന്‌ ഞാന്‍ അച്ഛന്‌ വാക്ക്‌ തന്നിട്ടുണ്ട്‌. പരമാവധി ഞാനത്‌ പാലിക്കാന്‍ ശ്രമിക്കാം. അച്ഛനറിയാമല്ലോ വിവാഹം കഴിഞ്ഞാല്‍ അവളെ കണ്‍സള്‍ട്ട്‌ ചെയ്യാതെ എനിക്കൊന്നും ഒറ്റയ്ക്ക്‌ തീരുമാനിക്കാനാവില്ല.

അച്ഛന്‍ ഇങ്ങിനെ ഇറങ്ങിപ്പോകരുത്‌. നമ്മള്‍ എത്രാമത്തെ തവണയാണ്‌ ഈ കാര്യം ചര്‍ച്ച ചെയ്യുന്നത്‌. അമ്മ കരയാന്‍ തുടങ്ങിയിരിക്കുന്നു. നിരാഹാരവും നിശ്ശബ്ദതയും ആവും അടുത്തപടി. എന്തിനാണ്‌ എന്നെ ഇങ്ങിനെ തീ തീറ്റിക്കുന്നത്‌. സ്നേഹം, വാത്സല്യം എല്ലാം തട്ടിപ്പുകള്‍ തന്നെ. തികഞ്ഞ സെല്‍ഫിഷ്‌നെസ്സ്‌. എന്റെ സന്തോഷം എന്തായിരിക്കണമെന്ന്‌ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക്‌ ആര്‌ അധികാരം തന്നു?

അങ്കം രണ്ട്‌

പുരുഷന്‍: നീ നിന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചുവോ? അവരും കടും പിടുത്തത്തിലാണോ? അതങ്ങിനെയേ ആകൂ. എനിക്കറിയാം. തലമുറകളുടെ വിടവ്‌! മൈ ഫുട്ട്‌! ചിറകുണ്ടാക്കിത്തരുക. പറക്കാന്‍ പഠിപ്പിക്കുക. എന്നിട്ട്‌ ആകാശം കാണാനനുവദിക്കാതെ സ്നേഹമെന്നും കടമയെന്നും നന്മയെന്നുമൊക്കെപ്പറഞ്ഞ്‌ കെട്ടിയിടുക. അതിന്റെ ഇല്ലാത്ത ലോജിക്ക്‌ നമുക്ക്‌ കാണാനാവുന്നില്ലെങ്കില്‍ തലമുറകളുടെ വിടവ്‌ എന്നൊക്കെപ്പറഞ്ഞ്‌ അതിനും ഒരു ന്യായീകരണം ചമയ്ക്കുക. ഇതൊരു പിശാച്‌ ഉണ്ടാക്കിയ ലോകം തന്നെ. സ്വതന്ത്രനാകാനും സ്വന്തം ജീവിതം ഇഷ്ടം പോലെ നിര്‍മ്മിക്കാനും ശ്രമിക്കുന്നത്‌ ഇത്രയധികം ദു:ഖകരമാക്കാന്‍ ചെകുത്താനുമാത്രമേ കഴിയൂ.

അച്ഛനമ്മമാര്‍ എന്നസങ്കല്‍പ്പത്തില്‍ തടവറയുടെ അംശവും കലര്‍ന്നിട്ടുണ്ട്‌. ഞാന്‍ ആരെയും വിധിക്കാന്‍ ശ്രമിക്കുകയല്ല. ജഡ്ജിയും വാദിയും പ്രതിയും സാക്ഷിയുമൊന്നും ആകാതെ പരസ്പരം സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട്‌ നമുക്ക്‌ ജീവിച്ചുകൂടേ? എല്ലാവരും അപരനുമേല്‍ ആധിപത്യം നേടാനാണ്‌ ശ്രമിക്കുന്നത്‌. അതൊഴിവാക്കാതെ കുടുംബം നന്നാവില്ല. ഞാന്‍ മറ്റുള്ളവരുടെ കാര്യമല്ല പറയുന്നത്‌. നമ്മുടെ കാര്യം മാത്രം. ആര്‍ക്കും യാതൊരു ശല്യം കൊടുക്കാതെ സ്വന്തം കാലില്‍ നില്‍ക്കാനും സ്വതന്ത്രമായി ജീവിക്കാനും മാത്രമല്ലേ നമ്മളൂം ആഗ്രഹിക്കുന്നുള്ളൂ. അപ്പോഴേക്കും പട്ടാളവും പോലീസും കോടതിയുമൊക്കെയായി നമ്മുടെ മാതാപിതാക്കള്‍ വേഷം പകര്‍ന്നുകഴിഞ്ഞു. അത്‌ കാണാതെ നീയും അവരെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണോ?

എനിക്കൊന്നും കേള്‍ക്കേണ്ട. കോഴ്സ്‌ പൂര്‍ത്തിയാകും മുന്‍പേ നമുക്ക്‌ വിവാഹിതരാകണം. മാതാപിതാക്കളും ബന്ധുക്കളുമൊന്നും നമ്മുടെ കൂടെ ഉണ്ടാവില്ല. അവര്‍ക്കുവേണ്ടി അഡ്ജസ്റ്റ്മെന്റുകള്‍ നടത്തുന്നതിലും കാര്യമില്ല. നമ്മുടെ ബാച്ച്‌ മേറ്റ്സ്‌ മതി. രജിസ്ട്രാഫീസില്‍ വച്ച്‌ മാരിയേജ്‌. ഏതെങ്കിലും അമ്പലത്തില്‍ വച്ച്‌ നമുക്ക്‌ മാലയിടുകയും ചെയ്യാം. ഇതെല്ലാം ഒരായിരം തവണ ചര്‍ച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്തതാണ്‌. അന്നും നമുക്കറിയാമായിരുന്നു നമ്മുടെ രണ്ടുപേരുടെയും മാതാപിതാക്കള്‍ കണ്ണുമടച്ച്‌ നമ്മളെ സപ്പോര്‍ട്ട്‌ ചെയ്യില്ലെന്ന്‌. അപ്പോപ്പിന്നെ നിനക്കെന്താണ്‌ ഇപ്പൊളൊരു ചാഞ്ചാട്ടം?

കുടുംബമായി ഒരു കുട്ടിയുമായിക്കഴിയുമ്പോള്‍ രണ്ടുകൂട്ടരും മെല്ലെ അടുക്കും. അത്‌ ഉറപ്പാണ്‌. നീ ധൈര്യമായിരിക്ക്‌.

അങ്കം മൂന്ന്‌

പുരുഷന്‍: ഇപ്പോള്‍ നിനക്ക്‌ സന്തോഷമായില്ലേ? രണ്ടുപേര്‍ക്കും ഒരേ നഗരത്തില്‍ ജോലി. വീട്‌, കാറ്‌ എല്ലാമായി. നീ മോഹിച്ചതെല്ലാമുണ്ട്‌. ഫൈനല്‍ സെമസ്റ്ററിന്‌ മുന്‍പുതന്നെ വിവാഹം കഴിഞ്ഞത്‌ നന്നായെന്ന്‌ ഇപ്പോഴെങ്കിലും നിനക്ക്‌ തോന്നുന്നുണ്ടാവും. എട്ടുമാസത്തെ ഒളിച്ചുകളിയുടെ എക്സ്പീരിയന്‍സ്‌ ഒരുമിച്ച്‌ താമസിക്കാന്‍ തുടങ്ങുമ്പോള്‍ അത്ര മോശം ഇന്‍വെസ്റ്റുമെന്റൊന്നുമല്ല. എന്നാലും നിന്റെ ശരീരത്തോടുള്ള എന്റെ ആര്‍ത്തി ഒരിക്കലും തീരുമെന്ന്‌ തോന്നുന്നില്ല. (ഉറക്കെ ചിരിക്കുന്നു).

ഫസ്റ്റ്‌ സെമസ്റ്ററിന്റെ ഫസ്റ്റ്‌ ഡേയില്‍ത്തന്നെ നീ എന്നെ ആകര്‍ഷിച്ചു. പൂവിരിയുമ്പോലെയുള്ള നിന്റെ ചിരിയിലാണ്‌ ഞാന്‍ ഫ്ലാറ്റായത്‌. മന്ദഹാസത്തില്‍ തുടങ്ങി പൊട്ടിച്ചിരിയിലേക്ക്‌ വിടരുന്ന നിന്റെ ചിരിയുത്സവം ഇപ്പോഴും കാഴ്ച തന്നെ. യുവര്‍ ലോയല്‍റ്റി, ഇന്റഗ്രിറ്റി, ഇടയ്ക്ക്‌ കണ്ണ്‌ നനയ്ക്കുന്ന ആ സെന്റിമെന്റലിസം ഒക്കെ ഫസ്റ്റ്‌ സെമസ്റ്റര്‍ തൊട്ടേ എനിക്കിഷ്ടമാണ്‌. നിനക്ക്‌ ഒരിക്കലും ദുഃഖി‍ക്കാനിടവരില്ല. മറ്റൊരു പെണ്‍കുട്ടിയുടെ പിന്നാലെ ഞാന്‍ ഒരിക്കലും പോവില്ല. നിനക്ക്‌ ഒന്നിനും കുറവ്‌ വരുത്തുകയുമില്ല. (സ്ത്രീയെ ചേര്‍ത്തുനിര്‍ത്തി ഉമ്മവയ്ക്കുന്നു).

സ്ത്രീ: ഞാനതൊന്നും ഒരിക്കലും ആലോചിച്ചിട്ടില്ല. അതൊക്കെ വിവാഹത്തിനുമുന്‍പ്‌ നമ്മുടെ അമ്മമാരെ വിഷമിപ്പിച്ചിരുന്ന കാര്യങ്ങളായിരുന്നു. സ്വന്തമായി വരുമാനം ഇല്ലാതിരുന്ന അവര്‍ക്ക്‌ ആരെയെങ്കിലും ആശ്രയിക്കാതെ ഒരിക്കലും ജീവിക്കാനാവില്ലായിരുന്നു. ഭര്‍ത്താവ്‌ മറ്റൊരു പെണ്ണിന്റെ പുറകെപോയാല്‍ അവര്‍ക്ക്‌ പോകാന്‍ ഒരിടമില്ലായിരുന്നു. ആങ്ങളമാരെക്കാള്‍ അവര്‍ ആങ്ങളമാരുടെ ഭാര്യമാരെ ഭയപ്പെട്ടു. എനിക്ക്‌ ഇതൊന്നും പ്രശ്നങ്ങളേ അല്ല. സ്വന്തമായി ജോലിയുണ്ട്‌. ജീവിക്കാന്‍ ആവശ്യമുള്ളതിലും അധികം ശമ്പളമുള്ള ജോലി. ഒറ്റമകളായതുകൊണ്ട്‌ ബ്രദര്‍, സിസ്റ്റര്‍ ഇന്‍ ലോ തുടങ്ങിയ അലോസരങ്ങളും ആപ്ലിക്കബിളല്ല. കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍ ആയിട്ടും മനസ്സ്‌ ഒട്ടും അപ്ഡേറ്റഡ്‌ ആവാതെ പഴയ ഫോര്‍മാറ്റില്‍ തുടരുന്നതുകൊണ്ടാണ്‌ ഇങ്ങിനെയുള്ള വാഗ്ദാനങ്ങളെല്ലാം നീ എനിക്കുനേരെ വാരിയെറിയുന്നത്‌.

അങ്കം നാല്‌

പുരുഷന്‍: ഞാന്‍ അപ്പോഴേ പറഞ്ഞതാണ്‌ നമുക്കിപ്പോളൊന്നും ഒരു കുട്ടി ആവശ്യമില്ലെന്ന്‌. എത്ര നല്ലൊരു ജോലിയാണ്‌ നീ വലിച്ചെറിഞ്ഞത്‌. അത്തരമൊരു കോണ്‍ട്രാക്റ്റ്‌ ഇനി ഒരിക്കലും നിനക്ക്‌ കിട്ടുമെന്ന്‌ കരുതേണ്ട. ഈ വാടകവീട്‌ വിട്ട്‌ സ്വന്തമായി ഒരു വീടായിട്ടുമതിയായിരുന്നു നിന്റെ പ്രഗ്നന്‍സി. അമ്മ, കുഞ്ഞ്‌ എന്നൊക്കെ കേട്ടാല്‍ ഏതുകാലത്തുള്ള സ്ത്രീകളും സെന്റിയടിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഫെമിനിസം പുരുഷന്മാരെയാണ്‌ സ്വതന്ത്രരാക്കിയത്‌. പ്രഗനന്‍സി, കുട്ടികളെ വളര്‍ത്തല്‍, എല്ലാ പൊല്ലാപ്പുകളില്‍ നിന്നും ആഘോഷമായി തലയൂരാന്‍ പുരുഷന്‌ ലീഗലോ ഇല്ലീഗലോ ആയിട്ടുള്ള ഒരു വോക്കൗട്ട്‌ മതി. നിന്റെ വര്‍ഗ്ഗം ഒരിക്കലും പ്രാക്റ്റിക്കലായി ചിന്തിക്കില്ല. ഇന്ത്യയിലെപ്പോലെ അവിടെ പുരുഷന്മാരെ കെട്ടിയിടാനും പറ്റില്ല. ഒന്നോ രണ്ടോ തലമുറകള്‍ കഴിയട്ടെ. ഇവിടെയും കഥമാറും.

ഇറ്റ്‌ ഈസ്‌ യോര്‍ ഡിസിഷന്‍ ആന്‍ഡ്‌ യു ആര്‍ പേയിംഗ്‌ ഫോര്‍ ഇറ്റ്‌. അയാം ജസ്റ്റ്‌ ദ്‌ സോള്‍ ബ്രെഡ്‌ വിന്നര്‍. എന്നാലും ഹണീ ഞാനത്ര മെയ്‌ല്‌ ഷോവനിസ്റ്റൊന്നുമല്ല. കുക്കിംഗും ക്ലീനിംഗുമെല്ലാം ഞാന്‍ മാനേജ്‌ ചെയ്യുന്നില്ലേ. എത്രയും പെട്ടെന്ന്‌ നമ്മുടെ പേരന്റ്സ്‌ ഒരു റീകണ്‍സിലിയേഷന്‌ തയ്യാറായാല്‍ മതിയായിരുന്നു. ദേ ആര്‍ ദ്‌ ബെസ്റ്റ്‌ ടു ടേക്‌ കീയര്‍ ഒഫ്‌ ഔവര്‍ ചില്‍ഡ്രണ്‍.


ചിത്രീകരണം: ചന്ദ്രന്‍

അങ്കം അഞ്ച്‌

സ്ത്രീ: എല്ലാം എത്ര ഭംഗിയായിരിക്കുന്നു. ഹൈസ്കൂളില്‍ രണ്ട്‌ മക്കള്‍. മകനും മകളും. അധികം വൈകാതെ അവരും സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കുന്ന പ്രൊഫഷണലുകളാകും. കാലം എത്രവേഗമാണ്‌ ഓടിപ്പോകുന്നത്‌. എന്റെ ശരീരത്തോടൂള്ള നിന്റെ ആര്‍ത്തി ഒരിക്കലും തീരില്ലെന്ന്‌ നീ പറഞ്ഞത്‌ ഇന്നലെയെന്നവണ്ണം ഞാന്‍ ഓര്‍ക്കുന്നു. എത്ര ചെറിയൊരുകാലത്തെയാണ്‌ അന്നങ്ങിനെ നിറം പിടിപ്പിച്ചത്‌. ഒരിക്കല്‍ ഞാന്‍ പോലും ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന എന്റെ ശരീരം ഇപ്പോള്‍ അവിടെത്തന്നെ ഉണ്ടോയെന്നുപോലും നിശ്ചയമില്ല. കാണും. കാണണം. അതും ചുമന്നുകൊണ്ടുള്ള യാത്രയാണല്ലോ സ്ത്രീയ്ക്ക്‌ ജീവിതം.

ഇത്തിരി മധുരവും ഒത്തിരി മടുപ്പും കൊണ്ടാണ്‌ നമ്മുടെയൊക്കെ ശരീരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. സ്വന്തം മനസ്സിലെ മധുരം അന്യശരീരങ്ങളില്‍ തേടുന്ന പാഴ്‌വേലയായി രതി മാറുന്നത്‌ എത്ര വേഗത്തിലാണ്‌. (ചിരിക്കുന്നു). ഉറ കെട്ട ഉപ്പുപോലെ മേശപ്പുറത്തെ അലങ്കാരപ്പാത്രത്തില്‍ അങ്ങിനെയങ്ങിനെ നിറം മങ്ങി
ദ്രവിച്ച്‌ ...........

പുരുഷന്‍: ആത്മനിന്ദ ഒന്നിനും പരിഹാരമല്ല. ലോകത്തെ ഫോര്‍മാറ്റ്‌ ചെയ്യാന്‍ ആര്‍ക്ക്‌ കഴിയും? ജീവിതത്തെ പരിസരവുമായി പൊരുത്തപ്പെടുത്താനേ നമുക്ക്‌ കഴിയൂ.

സ്ത്രീ: അങ്ങിനെ പൊരുത്തപ്പെടുത്തുന്നതിനെയാണോ നിങ്ങള്‍ സ്വാതന്ത്ര്യമെന്ന്‌ ആഘോഷിക്കുന്നത്‌? തെറ്റിദ്ധാരണകളില്‍ നിന്നാണ്‌ എല്ലാത്തിന്റെയും തുടക്കം. അതില്‍നിന്നും മാറാനാകാതെ നമ്മള്‍ എട്ടുകാലിവലയിലെ പ്രാണികള്‍ പോലെ കുടുങ്ങിപോകുന്നു. നൂറുവര്‍ഷം ജീവിച്ചാലും അതില്‍ സ്വാതന്ത്ര്യത്തിന്റെ രസം അനുഭവിച്ചിട്ടുണ്ടാവുക നൂറു നിമിഷങ്ങള്‍ മാത്രമാകും. ചിലര്‍ക്ക്‌ അതും ഉണ്ടാവില്ല.

പുരുഷന്‍: നിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ കെടുത്തിക്കളഞ്ഞുവെന്നാണോ പറഞ്ഞുവരുന്നത്‌? ഒരു ക്രിക്കറ്റ്‌ ബാള്‍ പോലെ അവരവരുടെ ജീവിതം അവരവരുടെ കൈയ്യില്‍ത്തന്നെയുണ്ട്‌. എറിഞ്ഞാല്‍ അടിച്ച്‌ പറത്തും. സ്കോര്‍ ചെയ്യുന്നത്‌ എപ്പോഴും അന്യരായിരിക്കും. അത്‌ കളിയുടെ നിയമമാണ്‌. അന്തമില്ലാത്ത വേഗത്തില്‍ എല്ലാം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഈ കളിയില്‍ കാലുകള്‍ക്ക്‌ തറയുമായുള്ള പാരസ്പര്യം കളയാതെ നിലനിര്‍ത്തിക്കിട്ടിയാല്‍ ഭാഗ്യം.

സ്ത്രീ: ഒരിക്കലും ഔട്ടാകാത്ത ബാറ്റ്സ്‌മാന്മാരെപ്പോലെയാണ്‌ പുരുഷന്മാര്‍. നിയമങ്ങള്‍ എപ്പോഴും നിങ്ങള്‍ക്ക്‌ അനുകൂലമാണ്‌. തര്‍ക്കമുണ്ടാകുമ്പോള്‍ നിങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനായി ഒരു തേഡ്‌ അമ്പയര്‍ ഞങ്ങള്‍ കാണാതെ എവിടെയോ നില്‍പ്പുണ്ട്‌. ആദവും ഹവ്വയും, ഭൂപുത്രിയും രാമനും. പുറത്താകുന്നത്‌ എപ്പോഴും ഞങ്ങള്‍ മാത്രം.

പുരുഷന്‍: നീ ഉള്ളില്‍ നിശ്ചലയാണ്‌. അതുകൊണ്ടാണ്‌ ഒരേ കാഴ്ചകള്‍ മാറ്റമില്ലാതെ കണ്ടുകൊണ്ടിരിക്കുന്നത്‌. ജീവിതത്തിലേക്ക്‌ ഒരുപാട്‌ പ്രവേശനകവാടങ്ങളും കാഴ്ചഗോപുരങ്ങളും ഉണ്ട്‌. വിലാപത്തിന്റെ ഗോപുരത്തിനരികെ ആത്മരതിയില്‍ ഭ്രമിച്ച്‌ നീ ഇളകാതെ നില്‍ക്കുകയാണ്‌.

സ്ത്രീ: എന്നെ അവിടെ തളച്ചത്‌ നീയാണ്‌. നീ അല്ലെങ്കില്‍ നിന്റെ പൂര്‍വികര്‍. ദാമ്പത്യത്തില്‍ രണ്ട്‌ ശരീരങ്ങളുടെ മുതലാളിയാണ്‌ പുരുഷന്‍. കാപ്പിറ്റലിസം ഒരു പുരുഷരചനയാണ്‌.

പുരുഷന്‍: ശരീരം മറ്റാരെങ്കിലുമായി പങ്കിടാന്‍ നിനക്ക്‌ മോഹമുണ്ടോ?

സ്ത്രീ: നോക്കൂ, എത്ര പെട്ടെന്നാണ്‌ നീ മൃഗമാകുന്നത്‌!

അങ്കം ആറ്‌

പുരുഷന്‍: നാല്‍പ്പത്‌ കഴിയുമ്പോളേക്കും നമ്മള്‍ വൃദ്ധരായിരിക്കുന്നു. കോസ്മെറ്റിക്സ്‌ ഷോപ്പുകള്‍, ബ്യുട്ടി പാര്‍ലറുകള്‍, ഹെല്‍ത്ത്‌ ക്ലബ്ബുകള്‍ എല്ലാം കൊണ്ടുപിടിച്ച്‌ ശ്രമിച്ചിട്ടും ജരാനരകള്‍ എത്ര പെട്ടെന്നാണ്‌ നമ്മളെ കീഴടക്കുന്നത്‌. ദിവസവും പന്ത്രണ്ട്‌ മണിക്കൂര്‍ ജോലി. അതും അമേരിക്കയിലെയോ യൂറോപ്പിലെയോ ഏതെങ്കിലും ഒരു ക്ലൈന്റിന്റെ ഓഫീസ്‌ സമയമനുസരിച്ച്‌ ക്രമപ്പെടുത്തിയ സമയങ്ങളില്‍. ഔട്ട്സോഴ്സിംഗില്‍ ക്ലൈന്റ്‌ മാറുമ്പോള്‍ മിക്കപ്പോഴും നമ്മുടെ ജോലിസമയവും മാറുന്നു. എന്ത്‌ കഷ്ടമാണിത്‌?

സ്ത്രീ: ഒരു കഷ്ടവുമില്ല. എല്ലുമുറിയെ പണിചെയ്താല്‍ പല്ല്‌ മുറിയെ തിന്നാം. പഴഞ്ചൊല്ലില്‍ പതിര്‌ അശേഷമില്ല. എടുത്താല്‍ പൊന്താത്ത ജോലിക്ക്‌ എടുത്താല്‍ പൊന്താത്ത കൂലിയെന്ന്‌ കേട്ടിട്ടില്ലേ. ഇതും അങ്ങിനെ തന്നെ. നല്ലോരു വീടായി. മൂന്നാം കൊല്ലം കാറ്‌ മാറുന്നു. മക്കള്‍ വിദേശത്ത്‌ പഠിക്കുന്നു. അമ്പതെത്തും മുന്‍പേ വീട്ടിലിരിക്കേണ്ടിവന്നാല്‍ അത്രയും നേരത്തേ വിശ്രമിക്കാമല്ലോ എന്നേ ഞാന്‍ കരുതുന്നുള്ളു.

പുരുഷന്‍: നീ നേര്‍രേഖയില്‍ ചിന്തിക്കുന്നതുകൊണ്ടാണ്‌ ഇതൊക്കെ നിസ്സാരമായി തള്ളുന്നത്‌. കരിമ്പുചണ്ടി പോലെ നമ്മളെ ജീവിതത്തിന്റെ പാതിവഴിക്ക്‌ ചവറ്റുകൊട്ടയിലേക്ക്‌ തള്ളുന്നതിലെ അനീതിയും വഞ്ചനയും നീ മനസ്സിലാക്കാത്തതെന്തേ? ഒരു നൂറ്റാണ്ട്‌ മുന്‍പ്‌ പോലും എട്ട്‌ മണിക്കൂറില്‍ കൂടുതല്‍ ഒരാളെ ജോലിയെടുപ്പിക്കുന്നത്‌ അധാര്‍മ്മികവും ക്രൂരവും ആയിരുന്നു. അങ്ങിനെയൊരവകാശം അംഗീകരിപ്പിക്കാനായി എത്ര ജീവന്‍ ഹോമിക്കേണ്ടി വന്നു! എന്തെന്തു പ്രക്ഷോഭങ്ങളാണ്‌ ലോകമെങ്ങും അരങ്ങ്‌ തകര്‍ത്തത്‌. കൂടിയ ശമ്പളത്തിന്റെയും ഔട്ട്‌ സോഴ്സിംഗിന്റെ മായപ്രപഞ്ചത്തെയും കണ്ടുമയങ്ങി ചെറിയൊരു പ്രതിഷേധം സ്വരം പോലും ഉയര്‍ത്താതെ അതെല്ലാം നമ്മള്‍ അടിയറവ്‌ വച്ചു. പിതൃക്കള്‍ പൊറുക്കാത്ത തെറ്റായിപ്പോയി അതെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.

സ്ത്രീ: യൂണിയനുണ്ടാക്കാനും സംഘടിത വിലപേശലിലൂടെ ജോലിസമയം എട്ടുമണിക്കൂറാക്കാനുമായി നീയൂം ശ്രമിച്ചല്ലോ. ഒടുവില്‍ പ്രമോഷനും ബോണസും നഷ്ടമായത്‌ നിനക്ക്‌ മാത്രം. കരിങ്കല്ലില്‍ തലയിട്ടടിക്കുന്ന നിന്റെ ഈ സ്വഭാവമാണ്‌ എനിക്ക്‌ ഒരിക്കലും പിടിക്കാത്തത്‌. സാരമില്ല. നീ അത്‌ എന്‍ജോയ്‌ ചെയ്യുന്നുണ്ടെങ്കില്‍ എനിക്ക്‌ പരാതിയൊന്നുമില്ല. പിതൃക്കളുടെ കാര്യമൊക്കെ വിട്ടേക്ക്‌.

പുരുഷന്‍: എത്ര ലാഘവത്തോടെയാണ്‌ നീ ഇതെല്ലാം കാണുന്നത്‌. അറ്റ്‌ ഫോര്‍ട്ടി യു ആര്‍ ഗ്രേ ആന്‍ഡ്‌ ഏജ്‌ഡ്‌. വിത്ത്‌ ഇന്‍ എ കപ്പിള്‍ ഓഫ്‌ ഇയേഴ്സ്‌ ദേ ആര്‍ ഗോയിംഗ്‌ ടു ത്രോ യു ഔട്ട്‌. പിന്നെ ആര്‍ക്കും നിന്നെ ആവശ്യമുണ്ടാവില്ല.

സ്ത്രീ: നിനക്ക്‌ ആവശ്യമില്ലെന്ന്‌ നേരത്തേ തീരുമാനിച്ചുകഴിഞ്ഞു, അല്ലേ?

പുരുഷന്‍: എന്തിനാണ്‌ നീ ഇങ്ങിനെ സ്വയം മുറിവേല്‍പ്പിക്കുന്നത്‌?

സ്ത്രീ: മിഡ്‌ ലൈഫ്‌ റിട്ടയര്‍മെന്റ്‌ അല്ല എന്റെ പ്രശ്നം. എല്ലാം ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാതെയും, ആരാലും സ്നേഹിക്കപ്പെടാതെയും ജീവിക്കേണ്ടി വരുന്നതാണ്‌ എന്റെ പ്രശ്നം.

പുരുഷന്‍: നമ്മള്‍ ഒരേ തോണിയിലെ യാത്രക്കാരാണെന്നത്‌ നീ മറന്നുപോകുന്നു. നമ്മുടെ പ്രശ്നങ്ങള്‍ പൊതുവാണ്‌.

സ്ത്രീ: അതെല്ലാം വെറും പൊളി. മനുഷ്യനായിപ്പിറന്നവരെല്ലാം ഒറ്റയ്ക്കാണ്‌. ഏകാന്തതയാണ്‌ മനുഷ്യന്റെ ഏറ്റവും വലിയ പ്രതിസന്ധി. മഹാസമുദ്രങ്ങളിലെ ദ്വീപുകള്‍ പോലെ ജന്മങ്ങള്‍. ദ്വീപുകള്‍ പോലെ വീടുകള്‍. ദ്വീപുകള്‍ പോലെ തൊഴിലിടങ്ങള്‍. എനിക്ക്‌ പേടിയാകുന്നു.

അങ്കം ഏഴ്‌

പുരുഷന്‍: (ഉറക്കെ) ആരെങ്കിലും കേള്‍ക്കുന്നുണ്ടോ? ഭൂതലവാസികളില്‍ ആരെങ്കിലും എനിക്കായി ചെവി ചായ്ക്കുമോ? നിങ്ങളെ കാത്തിരിക്കുന്നത്‌ എന്താണെന്ന്‌ ഞാന്‍ പറഞ്ഞുതരാം. എല്ലാത്തിന്റെയും അവസാനം ഉന്മാദം തന്നെ. ഏകാന്തതയില്‍ വിളയുന്ന കൊഴുത്തുമുഴുത്ത ഉന്മാദം.

എന്റെ പങ്കാളി എന്നെ തനിച്ചാക്കി കടന്നുപോയി. അമ്പത്‌ തികയാന്‍ പോലും അവള്‍ കാത്തുനിന്നില്ല. അവളെ ചിതയില്‍ വച്ച്‌ കത്തിച്ചത്‌ ഇന്നാളായിരുന്നു. ഒരാഴ്ച, ഒരു മാസം, ഒരു വര്‍ഷം അല്ലെങ്കില്‍ അതിന്റെയെല്ലാം പെരുക്കങ്ങള്‍ക്ക്‌ മുന്‍പ്‌. മക്കള്‍ ദൂരെയാണ്‌. മകന്‍ ഉത്തരധ്രുവത്തില്‍, മകള്‍ ദക്ഷിണധ്രുവത്തിലും. സൂര്യപ്രകാശം എത്താത്തയിടത്ത്‌ അവരും മഞ്ഞായി മലയായി തണുത്തുറഞ്ഞ്‌ അങ്ങിനെ കഴിയുന്നു. ഇത്‌ ഒന്നിനും കുറവില്ലാത്ത എന്റെ ലോകം. ഇവിടെയിരുന്നാല്‍ മക്കളും അവരുടെ മക്കളും മഞ്ഞില്‍ തെന്നി വീഴാതെ നടക്കുന്നത്‌ കാണാം. കമ്പ്യൂട്ടറും ക്യാമറയും ഉണ്ടെങ്കില്‍ ഏത്‌ ലോകവും വിരല്‍ത്തുമ്പില്‍. സാറ്റ്‌ലൈറ്റിന്റെ ഉറങ്ങാത്ത ഞരമ്പുകള്‍ എല്ലാം സാദ്ധ്യമാക്കുന്നു. ഇടയ്ക്ക്‌ മക്കള്‍ എന്നെ നോക്കി പുഞ്ചിരി തൂകുന്നു. പേരക്കുട്ടികള്‍ ക്യാമറയുടെ മുന്നില്‍ അപ്പിയിടുന്നതുപോലും എത്ര മനോഹരം. നല്ല അടച്ചുറപ്പുള്ള വീടാണ്‌ എന്റേത്‌. മക്കള്‍ക്കല്ലാതെ ഒരാള്‍ക്കും എന്നെ കാണാനാവില്ല. മുപ്പത്തിയാറാമത്തെ നിലയിലെ ഈ ആഢംബര അപ്പാര്‍ട്ടുമെന്റ്‌ നിയന്ത്രിക്കുന്നത്‌ എന്റെ മകനാണ്‌. ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ എല്ലാം അവന്‍ എന്റെ മുന്നിലെത്തിക്കുന്നു. കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡുകള്‍ കൊണ്ട്‌ അവനെന്നെ സ്നേഹിക്കുന്നു, ലാളിക്കുന്നു, ഓമനിക്കുന്നു, നിയന്ത്രിക്കുന്നു. ജാലകങ്ങള്‍ നിത്യമായി അടച്ചിരിക്കുകയാണ്‌. അല്ലെങ്കില്‍ അതുവഴി ഞാന്‍ നിത്യതയിലേക്ക്‌ പറന്നുപോകുമെന്ന്‌ എന്റെ മക്കള്‍ ഭയപ്പെടുന്നു. നിത്യത! മൈ ഫുട്ട്‌. കോടി, കോടാനുകോടി, കോടി കോടി മനുഷ്യര്‍ ഈ ഭൂതലത്തില്‍ സര്‍വപ്രതാപികളായും പുഴുക്കളായും മുള്ളുമുരട്‌ മൂര്‍ന്‍ പാമ്പുകളായും ജീവകാലം തള്ളിവിട്ടിട്ടുണ്ട്‌. എവിടെപ്പോയി അവരെല്ലാം? അതിഭയങ്കരമായ ഒരു നിശ്ശബ്ദതയാണ്‌ അതിനുള്ള ഉത്തരം. നിശ്ശബ്ദത നമ്മളോട്‌ എന്തെങ്കിലും പറയുന്നുണ്ടോ? നിങ്ങള്‍ക്കത്‌ കേള്‍ക്കാമോ? (ഉറക്കെ) നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? (കൂടുതല്‍ ഉറക്കെ) ആരെങ്കിലും എന്നെ കേള്‍ക്കുന്നുണ്ടോ?

Subscribe Tharjani |
Submitted by hari on Tue, 2007-01-02 12:18.

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തല പൂഴ്ത്തിയിരിക്കുന്ന തലമുറ നിലവിളികള്‍ കേള്‍ക്കില്ല. ഐ-പോഡിനാല്‍ ബധിരരാക്കപ്പെട്ടവര്‍!!!