തര്‍ജ്ജനി

തുളസീദാസ്

കക്കാട്ട്
എരിക്കുളം പി.ഒ
നിലേശ്വരം വഴി.
കാസറഗോഡ്.

വെബ്: ഭൂതകാലക്കുളിര്‍

Visit Home Page ...

വര്‍ത്തമാനം

ക്യാമറയുടെ കലാപക്കണ്ണ് - മധുരാജ്

ഒരു ഫോട്ടോജേണലിസ്റ്റിന്റെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കാത്ത ഫോട്ടോഗ്രാഫറാണ് മധുരാജ്. മധുരാജിന് ഫോട്ടോഗ്രാഫി എന്നാല്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ പകര്‍ത്തുക എന്നതല്ല മറിച്ച് ദുരിതമനുഭവിക്കുന്നവരുടെ കൂടെ നിന്ന് ഒച്ചവെച്ച് നീതിക്കായുള്ള അവരുടെ പോരാട്ടങ്ങളില്‍ ഭാഗവാക്കാകുക എന്നതാണ്. കാസര്‍ഗോഡ് ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വക കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി പ്രയോഗം ഒരു നാടിനെ മുഴുവന്‍ അരജീവിതങ്ങള്‍കൊണ്ട് നിറച്ചു. കാസര്‍ഗോഡ് നിന്നുള്ള നിലവിളികളെ കണ്ടില്ലെന്നു നടിച്ച അധികാരികളുടെ കണ്ണുതുറപ്പിച്ചത് ദുരന്തപ്രദേശങ്ങളില്‍ നിന്നും പകര്‍ത്തി പുറലോകം കണ്ട് നടുങ്ങിയ മധുരാജ് ചിത്രങ്ങളിലൂടെയാണ്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്ന മധുരാജ് ഇപ്പോള്‍ പ്ലാച്ചിമടയിലെ കൊക്കകോളയുടെ ജലചൂഷണത്തിനെതിരായി 'വെള്ളകള്ളന്‍" എന്നപേരില്‍ ഫോട്ടോ എക്സിബിഷന്‍ നടത്തി വരികയാണ്.

ഫോട്ടോഗ്രാഫി എന്നാല്‍ മധുരാജിന് മനോഹരചിത്രങ്ങള്‍ പകര്‍ത്തുക എന്നത് മാത്രമല്ല ദുരിതമനുഭവിക്കുന്നവരുടെ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാനുള്ള ഒരുപാധികൂടിയാണെന്ന് പറഞ്ഞല്ലോ, ഈയൊരു ആക്ടിവിസ്റ്റ് മനോഭാവം എങ്ങനെ ഉണ്ടായി ?

തൊണ്ണൂറുകള്‍ക്കും രണ്ടായിരത്തിനും ഇല്ലാത്ത ചില സവിശേഷതകളുണ്ടായിരുന്നൊരു കാലഘട്ടത്തിലാണ് ഞാന്‍ സ്കൂള്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. 70-കളുടെ രാഷ്ട്രീയ തുടര്‍ച്ചയുള്ള 80 കളിലായിരുന്നു അത്. ഇന്നത്തെപോലെ എല്ലാ പ്രത്യശാസ്ത്രങ്ങളിലും വിശ്വാസം നഷ്ടപ്പെട്ടിരുന്ന കാലമായിരുന്നില്ല. കലയിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം എഴുപതുകളുടെ തുടര്‍ച്ചയായുള്ള ചെറുത്തുനില്‍പ്പുകളും സര്‍ഗ്ഗാത്മകവും രാഷ്ട്രീയവുമായ സംവാദങ്ങളും സജീവമായിരുന്ന കാലം. ലോകത്ത് എന്ത് നടക്കുന്നതിനും ഒരു രാഷ്ട്രീയ അന്തര്‍ധാര ഉണ്ടെന്ന് വിശ്വസിച്ചിരുന്നു ( അങ്ങനെ തന്നെയെന്ന് ഇന്നും വിശ്വസിക്കുന്നു). സോവിയറ്റ് റഷ്യയും, കിഴക്കന്‍ യൂറോപ്പും അന്ന്‍ ശിഥിലമായിരുന്നില്ല. ചെറുപ്പത്തിലേ നേച്ചര്‍ ക്ലബില്‍ ചേരുകയും മുതിര്‍ന്നപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തന ഗ്രൂപ്പുകളുമായി കണ്ണിച്ചേരുകയും 70 കളുടെ രാഷ്ട്രീയ ഭാവുകത്വത്തിന്റെ തുടര്‍ച്ചയായി ഉണ്ടായ ഇടതുപക്ഷാഭിമുഖ്യത്തൊടെ പരിസ്ഥിതി പ്രശ്നങ്ങളെയും കലാ പ്രവര്‍ത്തനങ്ങളേയും നോക്കി കണ്ടു. അന്നു ഫിലിം സൊസൈറ്റികള്‍ ഇന്നത്തെ പോലെ മരിച്ചിരുന്നില്ല.നല്ല സിനിമകളെ പരിചയപ്പെട്ടതോടോപ്പം ജോണ്‍ എബ്രഹാമിന്റെ കലാസിനിമാ പ്രവര്‍ത്തനങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു.ജോണിനെ സംബദ്ധിച്ചെടുത്തൊളം കല (സിനിമ) ഒരു രാഷ്ടീയ പ്രവര്‍ത്തനമായിരുന്നു. കലയേയും സമൂഹത്തേയും കുറിച്ചുള്ള ഈ കാഴ്ചപ്പാടുകള്‍ എന്നെയും സ്വാധീനിച്ചിട്ടുണ്ട്.

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഭീകരമുഖം ലോകമറിഞ്ഞത് മധുരാജിന്റെ ചിത്രങ്ങളിലൂടെയാണ്. ആ അനുഭവം ഒന്നു വിവരിക്കാമോ?

എന്‍ഡോസള്‍‍ഫാന്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഞാനെടുത്ത ചിത്രങ്ങള്‍ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിലും അതിന്റെ പ്രസിദ്ധീകരണങ്ങളിലും കൂടാതെ ഭാഷാദേശഭേദമന്യേ ഒരുപാട് സ്ഥലങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്റ്റിവിസ്റ്റുകളും, പരിസിഥിതി ഗ്രൂപ്പുകളും അവരുടെ പോരാട്ട പ്രവര്‍ത്തനങ്ങളിലും എന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു മനുഷ്യജീവി എന്നനിലയില്‍ എനിക്ക് ദുരന്തമനുഭവിക്കുന്ന എന്റെ സഹജീവികളുമായി കൈകോര്‍ക്കാനും അവര്‍ക്ക് എന്റെ ചിത്രങ്ങളിലൂടെ പുറം ലോകവുമായി സംവദിക്കാനും കഴിയുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം സംതൃപ്തി നല്‍കുന്ന കാര്യമാണ്.

ജലചൂഷണത്തിനെതിരെ "വെള്ളക്കള്ളന്‍" എന്ന പേരില്‍ ഫോട്ടോ എക്സിബിഷന്‍ നടത്തുവാനുണ്ടായ കാരണം?

ഒരുപാട് പോരാട്ടങ്ങളും നവോത്ഥാന ശ്രമങ്ങളും നടന്ന നാടാണ് കേരളം. എന്നാല്‍ സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തില്‍ ഇന്ന് പാലക്കാട്ടെ പ്ലാച്ചിമടയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് വളരെ സവിശേഷമായ ഒരു സ്ഥാനം ഉണ്ട് എന്ന് ഞാന്‍ കരുതുന്നു. അനാചാരങ്ങള്‍ക്കും സാമൂഹിക അസമത്വങ്ങള്‍ക്കും എതിരെയായിരുന്നു മുമ്പ് നടന്ന സമരങ്ങള്‍ എങ്കില്‍ അടിസ്ഥാന വിഭവങ്ങളുടെ ജനാധിപത്യ അവകാശവുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ സമരം. വന്‍കിട കുത്തക കമ്പനികള്‍ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും നേരെ നടത്തുന്ന ചൂഷണത്തിനെതിരെ ലോകമെങ്ങും ഉയര്‍ന്നു വരുന്ന ജനകീയമായ ചെറുത്തുനില്‍പ്പില്‍ ഒന്നാണിത്. ഈ സമരത്തെ ഡോക്യുമെന്റ് ചെയ്യുകയും ഈ സമരം ഉയര്‍ത്തുന്ന സന്ദേശം പുറം ലോകത്തേക്ക് കൈമാറുക ചെയ്യുകയുമാണ് ഈ എക്സിബിഷന്‍ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്.

മലയാള പത്രപ്രവര്‍ത്തനത്തില്‍ ഒരു ഫോട്ടോ ജേണലിസ്റ്റിന്റെ റോള്‍ എന്താണ്?

മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഇന്ന് ഫോട്ടോ ജേണലിസത്തിന് ഇടം വളരെ കുറവാന്. കടുത്ത മത്സരവും അതിജീവനത്തിനായുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ചിത്രങ്ങള്‍ക്കുള്ള സ്ഥലം നന്നേ പരിമിതപ്പെടുത്തുന്നു. എങ്കിലും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കുള്ള ഇടം തന്റെ മാധ്യമത്തിനകത്തോ പുറത്തോ കണ്ടെത്തുവാനുള്ള ഒരുത്തരവാദിത്വം ഒരു ഫോട്ടോജേണലിസ്റ്റിന് ഉണ്ട് എന്ന് ഞാന്‍ കരുതുന്നു.

മാനുവല്‍ ഫോട്ടോഗ്രാഫിയില്‍ നിന്നും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലേക്കുള്ള മാറ്റത്തെ മധുരാജ് എങ്ങിനെയാണ് കാണുന്നത്?

മാനുവല്‍ ഫോട്ടോഗ്രാഫിയെക്കാള്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി ആയാസലളിതമാണ്. തീര്‍ച്ചയായും ഇത് ഒരു ഗുണപരമായ മാറ്റമാണ്. ഇതിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ തിന്മകളേയും ഗൌരവമായി കാണണം. പ്രത്യേകിച്ച് ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, ഫോട്ടോഗ്രാഫിയുടെ വിശ്വാസ്യതയ്ക്ക് ഉണ്ടാക്കിയ ഇടിവ് . സ്വന്തം ആത്മാര്‍ത്ഥതയിലൂടെ മാത്രമേ നമുക്കിത് വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ.

എങ്ങനെ ഒരു ഫോട്ടോഗ്രാഫര്‍ ആയി തീര്‍ന്നു? ആദ്യത്തെ ക്യാമറയെക്കുറിച്ചുള്ള ഓര്‍മ്മകള്‍?

ഞാന്‍ ജനിച്ചത് തലശ്ശേരിയിലായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയത് പയ്യന്നൂരിലാണ്.അച്ഛന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു. പയ്യന്നൂരില്‍ ഞങ്ങള്‍ക്ക് ഒരു സ്റ്റുഡിയോയും ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫി ഞാന്‍ പഠിച്ചതല്ല, ജീവിതത്തിന്റെ ഭാഗമായി കടന്നുവന്നതാണ്. ആദ്യത്തെ ക്യാമറ Pentax KT2 ആയിരുന്നു. ക്യാമറയുമായുള്ള ചങ്ങാത്തം ഫോട്ടോഗ്രാഫറയായ അച്ഛന് തീരെ ഇഷ്ടമായിരുന്നില്ല. പഠിച്ച് മറ്റു വല്ല ജോലിയും വാങ്ങിക്കണം എന്ന അഭിപ്രായമുണ്ടായിരുന്ന അച്ഛന്‍ ക്യാമറ തൊടുന്നതുപോലും വിലക്കിയിരുന്നു. ക്യാമറ തൊടാന്‍ അനുവാദമില്ലാത്തതിനാല്‍ സന്ധ്യാനേരത്ത് മൈതാനിയില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്.

മാതൃഭൂമി കണ്ണൂര്‍ എഡിഷനിലെ സീനിയര്‍ ഫോട്ടോജേണലിസ്റ്റാണ് മധുരാജ് . മധുരാജിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ www.madhurajphotos.com

Subscribe Tharjani |