തര്‍ജ്ജനി

സി.ആര്‍. നീലകണ്ഠന്‍

തണല്‍,
തൃക്കാക്കര,
കൊച്ചി - 21
ഫോണ്‍: 0484 2424322, 09446496332

ഇ-മെയില്‍: crneelan@gmail.com

Visit Home Page ...

പരിസ്ഥിതി

കേരളത്തിന്റെ 50 വര്‍ഷം - പരിസ്ഥിതി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍

പ്രകൃതി അനന്തമാണെന്നും അതിലെ വിഭവങ്ങള്‍ 'ചൂഷണം'ചെയ്ത്‌ സമ്പത്ത്‌ ഉത്പാദനവും വിപണനവും അനന്തമായി നടത്താമെന്നുമാണ്‌ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രാടിത്തറ. നിരന്തരം ഉയരുന്ന ഉല്‍പാദനവും ഉപഭോഗവും (പുറന്തള്ളുന്ന) മാലിന്യവും വികസനത്തിന്റെ സൂചകങ്ങളാണ്‌ എന്ന മുതലാളിത്ത പരിപ്രേക്ഷ്യം തന്നെ അതിനെതിരായി നില്‍ക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന ഇടതുപക്ഷവും സ്വീകരിക്കുന്നുവെന്നിടത്താണ്‌ മുതലാളിത്തത്തിന്റെ വിജയം. എന്നാല്‍ എഴുപതുകള്‍ മുതല്‍ തന്നെ ഒരു വിഭാഗം മുതലാളിത്തവാദികളെങ്കിലും ഈ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന്‌ ആഗ്രഹിച്ചു തുടങ്ങി. സ്റ്റോഖോം സമ്മേളനവും ക്ലാസ്സ്‌ ഓഫ്‌ നോമും ‘വളര്‍ച്ചയുടെ പരിമിതികള്‍ ‘എന്ന രേഖയും മറ്റും എഴുപതുകളുടെ ആദ്യത്തിലെ നിര്‍ണ്ണായക സംഭവങ്ങളാണ്‌. ആഗോള താപനവും ഓസോണ്‍പാളിയിലെ തുളകളും മാത്രമല്ല, പെട്രോളിയം ഇന്ധനങ്ങളുടെ ക്ഷാമവും അത്‌ ഉയര്‍ത്തിക്കൊണ്ടുവന്നപുതിയ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളും ഇതിന്‌ കാരണമായിട്ടുണ്ടാകാം. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രസ്ഥാനങ്ങളും രാഷ്ട്രീയകക്ഷികള്‍ തന്നെയും ഇതിന്റെ
തുടര്‍ച്ചയായി പാശ്ചാത്യ ലോകത്താകെ വളര്‍ന്നു വന്നു. എന്നാല്‍ മൂന്നാം ലോകസമൂഹങ്ങളില്‍ ഇതിന്റെ അലയൊലികള്‍ ശക്തമായി എത്തിയില്ല. ഉപരിപ്ലവമായ വിധത്തിലാണെങ്കിലും ഉന്നത വിദ്യാഭ്യാസം നേടിയവരിലാണ്‌ ഇതിന്റെ തിരിച്ചറിവുണ്ടായതെന്നത്‌ സ്വാഭാവികം മാത്രം. (ഇതിന്‌ മുമ്പു തന്നെ പ്രകൃതി-പരിസ്ഥിതി-മതം-ആത്മീയത എന്നിങ്ങനെ ബന്ധപ്പെടുത്തി ചിന്തിച്ചിരുന്ന അപൂര്‍വ്വം ചില വ്യക്തികളും ഗ്രൂപ്പുകളുമുണ്ടായിരുന്നു) കേരളത്തെ സംബന്ധിച്ചിടത്തോളം ‘പരിസ്ഥിതി പ്രശ്നം‘ എന്നരീതിയില്‍ ആദ്യമായി പൊതുസമൂഹത്തിനു മുമ്പിലെത്തുന്നത്‌ സെയിലന്റ്‌ വാലിയില്‍ സൈരന്ധ്രിയില്‍ അറുപത്‌ മെഗാവാട്ട്‌ ശേഷിയുള്ള ഒരു വൈദ്യുത നിലയം സ്ഥാപിക്കാനുള്ള പദ്ധതിക്കെതിരായുള്ള പ്രതിഷേധമെന്ന രീതിയിലാണ്‌. 8952 ഹെക്ടര്‍ റിസര്‍വ്വ്‌ വനത്തിലെ അപൂര്‍വ്വ ജൈവ വൈവിദ്ധ്യത്തിന്‌ നാശം സംഭവിക്കുമെന്നതായിരുന്നു പദ്ധതിക്കെതിരായി ഉയര്‍ന്നു വന്ന പ്രധാന വാദം. ജൈവ ശൃംഖലയിലെ അപൂര്‍വ്വകണ്ണികളിലെന്നായ സിംഹവാലന്‍ കുരങ്ങന്റെവംശം അന്യം നിന്നു പോകുമെന്ന്‌ പറഞ്ഞതിനാണ്‌ പ്രശസ്തി കിട്ടിയതെന്നുമാത്രം. (കുരങ്ങനെ സംരക്ഷിക്കലാണോ വൈദ്യുതി ഉണ്ടാക്കലാണോ പ്രധാനം എന്ന ചോദ്യം അന്ന്‌ നാട്ടിലാകെ ഉയര്‍ന്നു വന്നിരുന്നു.) അണക്കെട്ട് മൂലം വനം നശിക്കില്ല. (അത്‌ സംരക്ഷിക്കപ്പെടുകയാണ്‌ ചെയ്യുക) നശിച്ചാല്‍ തന്നെ പകരം വനം വയ്ക്കാം എന്നൊക്കെയാണ്‌ മറുപക്ഷം പറഞ്ഞത്‌. വനം എന്തിനാണെന്നും അത്‌ ജൈവവൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനും അതുവഴി മനുഷ്യരാശിയുടെ നിലനില്‍പിനും അനിവാര്യമാണെന്ന മറുവാദം ഏറിയ പങ്കും താത്ത്വികാടിത്തറയില്‍ നിന്നുയര്‍ത്തിയതായിരുന്നു.സാംസ്കാരിക പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും

പത്രപ്രവര്‍ത്തകരുമടങ്ങുന്ന ഒരു ‘ചെറിയ ഗ്രൂപ്പ്‌‘ ആണ്‌ ഇതില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊണ്ടതെങ്കില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും (അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം ജനങ്ങളും) പദ്ധതിക്കുവേണ്ടി വാദിച്ചു. വൈദ്യുതിയാണ്‌ ആധുനിക വികസനത്തിന്റെ അടിത്തറ . ജലവൈദ്യുതിയാണ്‌ ഏറ്റവും ചിലവുകുറഞ്ഞതും മലിനീകരണമില്ലാത്തതുമായ ഊര്‍ജ്ജം. മരവും കുരങ്ങനുമല്ല മനുഷ്യന്റെ നിലനില്‍പാണ്‌ പ്രധാനം. തുടങ്ങിയ ജനപ്രിയ മുദ്രാവാക്യങ്ങള്‍ അന്നുയര്‍ന്നു. എന്നാല്‍ ആ പ്രശ്നത്തില്‍ നിര്‍ണ്ണായകമായിമാറിയത്‌ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിലപാടായിരുന്നു.ആഗോളതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക അവബോധത്തിനനുസരിച്ച്‌ അവര്‍മാറുകയും എം.ജി.കെ മേനോന്റെ അദ്ധ്യക്ഷതയില്‍ ഒരു സമിതിയെ വിഷയം പഠിയ്ക്കാന്‍ നിയോഗിക്കുകയും ആ സമിതിയുടെ കണ്ടെത്തല്‍ വച്ചുകൊണ്ട്‌ സെയിലന്റ്‌ വാലി സംരക്ഷിക്കപ്പെടണമെങ്കില്‍ അണക്കെട്ട്‌ വരാന്‍ പാടില്ലെന്ന്‌ തീരുമാനിക്കുകയും ചെയ്തു. ഇതൊരിയ്ക്കലും ഒരു ജനകീയ സമരത്തിന്റെ ഫലമായിരുന്നില്ല. ഒരര്‍ത്ഥത്തില്‍ ഇത്‌ ജനവിരുദ്ധ നിലപാടായിരുന്നു. എന്നാല്‍ പിന്നീട്‌ വനസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്കു കൂടി ബോദ്ധ്യപ്പെടുന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയും ജലക്ഷാമമടക്കമുള്ള അനുഭവങ്ങള്‍ അവരെ അതില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തുവെന്നത്‌ വേറെ കാര്യം.

മലിനീകരണം

കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥയെപ്പറ്റി എല്ലാവരും വിലപിക്കുന്നു. എന്നാല്‍ വ്യവസായ മലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തുള്ള പ്രദേശമാണ്‌ എറണാകുളം ജില്ലയിലെ ഏലൂര്‍ (ലോകത്ത്‌ 35-ാ‍ം സ്ഥാനവും) മേഖലയെന്നത്‌ പലരും അറിഞ്ഞിരിക്കുകയില്ല. 250 രാസ കമ്പനികളാണ്‌ പെരിയാറിലേയ്ക്ക്‌ അത്യന്തം അപകടകരമായ (ഹസാര്‍ഡസ്‌) നൂറുകണക്കിന്‌ മാലിന്യങ്ങള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്നു. വെള്ളം മാത്രമല്ല, വായുവും, മണ്ണും അവിടെ മലിനമാണ്‌. കോഴിമുട്ടയിലും മനുഷ്യന്റെ രക്തത്തിലും ഡി.ഡി.റ്റിയടക്കമുള്ള കീടനാശിനിയുടെ അംശങ്ങള്‍ ഉണ്ട്‌ എന്ന്‌ കണ്ടെത്തിയിരിക്കുന്നു.

വ്യവസായ മലിനീകരണത്തിന്റെ പ്രശ്നം കേരളത്തില്‍ ആദ്യമായി ഉന്നയിക്കപ്പെടുന്നത്‌ മാവൂരിലാണ്‌. അവിടെ സ്ഥാപിത ഗ്വാളിയോര്‍ റയോണ്‍സ്‌ പുറത്തുവിടുന്ന മാലിന്യങ്ങള്‍ ചാലിയാറിനെ വിഷലിപ്തമാക്കുന്നു. നദിയുടെ മറുകരയിലുള്ള വാഴക്കാട്‌ പഞ്ചായത്തിലേയ്ക്ക്‌ തുറന്നു വച്ചിരിക്കുന്ന പുക കുഴലിലെ വാതകം ശ്വസിക്കുന്നതുമൂലം നിരവധിപേര്‍ക്ക്‌ കടുത്തരോഗബാധയുണ്ടാകുന്നു. കമ്പനി ഉണ്ടാക്കുന്ന ജലമലിനീകരണം മൂലം മത്സ്യബന്ധനം, മണല്‍ വാരല്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക്‌ തൊഴില്‍ നഷ്ടമായി . 1960 കള്‍ മുതല്‍ തന്നെ ‘അട്ടുറൈ‘ എന്നറിയപ്പെട്ട റഹ്‌മാന്‍ സാഹിബ്‌ ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്നെങ്കിലും അതൊരു ജനകീയ സമരമാകുന്നത്‌ എണ്‍പതുകളിലാണ്‌. ഇന്ന്‌ കരിമുകളിലും ഏലൂരിലും മറ്റു നിരവധി സ്ഥലങ്ങളിലും ശക്തിപ്പെട്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു.

ടാറ്റയടക്കമുള്ളവര്‍ (മുമ്പ്‌ സാമ്രാജ്യത്വ സ്ഥാപനങ്ങള്‍) എസ്റ്റേറ്റുകള്‍ നിര്‍മ്മിക്കുകയും അതിന്റെ മറവില്‍ ആയിരക്കണക്കിന്‌ ഹെക്ടര്‍ വനഭൂമി കയ്യേറുകയും ചെയ്തപ്പോള്‍ കാര്യമായ ചലനമുണ്ടായില്ല. കേരളത്തിലെ എല്ലാ നദികളിലും മണല്‍ വാരിയപ്പോള്‍ റിയല്‍ എസ്റ്റേറ്റ്‌ വികസനത്തിന്റെ മറവില്‍ പാടങ്ങള്‍ നികത്തുകയും, കുന്നുകള്‍ ഇടിക്കുകയും, ആയിരക്കണക്കിന്‌ പാറമടകള്‍ കുഴിക്കുകയും ചെയ്തപ്പോള്‍ എല്ലാം ‘വികസനം‘ തടസ്സപ്പെടുത്തരുതെന്ന്‌ പറഞ്ഞ്‌ മുഖ്യാധാരാ രാഷ്ട്രീയ കക്ഷികള്‍ അവര്‍ക്ക്‌ സംരക്ഷണം നല്‍കി. ഈ ഓരോ മേഖലയിലും തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ ജീവനോപാധികള്‍ നഷ്ടമാകും എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള സമരങ്ങളെ ദുര്‍ബലപ്പെടുത്തിയിരുന്നത്‌. എന്നാല്‍ ഈ മറ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും വന്‍തോതില്‍ അഴിമതി നടത്തിയിരുന്നു എന്ന വസ്തുത ഇന്നൊരു രഹസ്യമല്ല.

എന്നാല്‍ ഇന്ന്‌ സ്ഥിതിയാകെ മാറിയിരിക്കുന്നു. ഇന്ന്‌ നടക്കുന്ന സമരങ്ങളൊന്നും പരിസ്ഥിതി സമരങ്ങളല്ല. താത്ത്വിക വിശകലനങ്ങളുടെ സഹായമില്ലാതെ തന്നെ സാധാരണ മനുഷ്യര്‍ക്ക്‌ ഇത്തരം ‘വികസന‘ത്തിന്റെ (അ) നീതികള്‍ തിരിച്ചറിയാനാകുന്നുവെന്നതാണ്‌ കാര്യം. പ്രകൃതിയെ നേരിട്ടാശ്രയിക്കുന്നവരാണല്ലോ ആദിവാസികളും മത്സ്യത്തൊഴിലാളികളും കര്‍ഷകരും. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ ആശ്രയിക്കുന്നവര്‍ക്കാണ്‌ പരിസ്ഥിതി നാശം സ്വന്തം പ്രത്യക്ഷാനുഭവമായി‌ മാറുക. സമുഹത്തിന്റെ പൊതുധാരയായി വളര്‍ന്നു വന്നിരിക്കുന്ന മദ്ധ്യ വര്‍ഗ്ഗത്തിന്‌ ഇത്‌ മനസ്സിലാകില്ല. (മദ്ധ്യവര്‍ഗ്ഗവത്‍കരിക്കപ്പെട്ടിരിക്കുന്നതിനാല്‍ വലിയൊരു വിഭാഗം തൊഴിലാളി വര്‍ഗത്തിനും ഇതാണ് അവസ്ഥ.) അവരുടെ തൊഴില്‍ പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ സംരക്ഷിക്കാനാവില്ല. മറിച്ച്‌ പലപ്പോഴും അതിനെ ചൂഷണം (ഈ വാക്ക്‌ ഇന്ന്‌ വളരെ നല്ല അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു!) ചെയ്തുകൊണ്ടാണവര്‍ നിലനില്‍ക്കുന്നത്‌. അവര്‍ക്ക്‌ ഭക്ഷണം മണ്ണില്‍ നിന്നല്ല, കമ്പോളത്തില്‍ നിന്നാണ്‌ കിട്ടുന്നത്‌. കുന്നിടിച്ചാലും, പാടം നികത്തിയാലും, മണല്‍വാരി പുഴയെ നശിപ്പിച്ചാലും, വനം വെട്ടിയാലും പ്രശ്നമില്ല. അവര്‍ക്ക്‌ കുടിവെള്ളം പൈപ്പിലൂടെയും കുപ്പിയിലാക്കിയും കിട്ടും. കമ്പോളം നല്‍കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാവുന്ന വിധം ‘പശ്ചാത്തല സൗകര്യങ്ങള്‍‘ മെച്ചപ്പെടുത്തണമെന്നതാണ്‌ ഈ ‘പൊതു സമൂഹത്തിന്റെ ‘ ആവശ്യം. അവര്‍ക്ക്‌ വേണ്ടി വാഹനങ്ങള്‍ (പുത്തന്‍ മോഡല്‍) ഓടിയ്ക്കാന്‍ തിരക്കില്ലാത്ത എക്സ്പ്രസ്‌ ഹൈവേ വേണം അവരുടെ കുട്ടികള്‍ക്ക്‌ പഠിയ്ക്കാന്‍ സ്വാശ്രയ കോളേജുകള്‍ വേണം. ആ കുട്ടികള്‍ക്ക്‌ ജോലി കിട്ടാന്‍ സ്മാര്‍ട്ട്‌ സിറ്റികള്‍ വേണം. ഭൂമി തകര്‍ത്താലും കരിമണലും കരമണലും വാരണം. വിദേശ മൂലധനം യഥേഷ്ടം വരണം. അതിനായി സര്‍ക്കാര്‍ ‘മൂലധന സൗഹൃദം‘ ആകണം. അത്ഭുതകരമെന്ന്‌ തോന്നാം ഈ വഴി തന്നെയാണ്‌ അധിനിവേശത്തിനായി സാമ്രാജ്യത്വശക്തികളും തെരെഞ്ഞെടുത്തിരിക്കുന്നത്‌. അതുകൊണ്ടെല്ലാം തന്നെ ഈ മദ്ധ്യവര്‍ഗ്ഗവിഭാഗങ്ങള്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി പങ്കെടുക്കില്ല. എന്നാല്‍ ഇവര്‍ക്കും ചില പരിസ്ഥിതി പ്രശ്നങ്ങളുണ്ട്‌. തങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങള്‍ വൃത്തിയുള്ളതാകണം. മാലിന്യം ഉണ്ടാകരുത്‌. വെള്ളം കെട്ടരുത്‌, വായുശുദ്ധമാകണം. ഹരിത നഗരം, ഹരിത കേരളം തുടങ്ങിയ പദ്ധതികള്‍ ഇങ്ങനെയുണ്ടാകുന്നതാണ്‌. ലോക ബാങ്കും, എ.ഡി.ബി. യും തയ്യാറാക്കുന്ന വികസന-ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ഇവര്‍ക്കുവേണ്ടിയാണ്‌. എന്നാല്‍ ഇവരുടെ പരിസ്ഥിതി സംരക്ഷണ നടപടികള്‍ വലിയൊരു വിഭാഗം ദരിദ്രരെ എങ്ങിനെ ദുരിതത്തിലാഴ്ത്തുന്നുവെന്ന്‌ പിന്നീട്‌ കാണാം.

പരിസ്ഥിതി നാശത്തിന്റെ ആദ്യ ഇരകള്‍ ആദിവാസികളാണ്‌. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ നടത്തിയ ‘എസ്റ്റേറ്റ്‌ വികസനം‘ നിത്യ ഹരിത വനങ്ങള്‍ വെട്ടി നശിപ്പിച്ചുകൊണ്ടായിരുന്നു. ഇതിന്റെ നേട്ടം ആദിവാസി ഒഴിച്ചുള്ള പല വിഭാഗങ്ങള്‍ക്കുമുണ്ടായിരുന്നതിനാല്‍ ഇതിനെതിരെ കാര്യമായ പ്രതിരോധം ഉണ്ടായില്ല. സാമ്പത്തികമായും, സാമൂഹികമായും അധികാര ഘടനയിലെവിടെയുമില്ലാത്ത ആദിവാസികള്‍ക്ക്‌ ഒന്നും ചെയ്യാനാവില്ല. മഹത്തായ വിപ്ലവമെന്ന്‌ വിശേഷിപ്പിച്ച ഭൂപരിഷ്കരണം നടത്തിയപ്പോഴും ഈ ഭൂമി (തോട്ടങ്ങള്‍) പരിധി നിര്‍ണ്ണയത്തില്‍ നിന്നൊഴിവാക്കപ്പെട്ടു. ഇന്ന്‌ വളര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ആദിവാസി ഭൂമി സമരങ്ങളെ ഇതിന്റെ തുടര്‍ച്ചയായി കാണണം. അതിനെ ഒരു പരിസ്ഥിതി സംരക്ഷണ സമരം തന്നെയായി പൊതുസമൂഹം കാണുന്നില്ല എന്നതിന്‌ മുമ്പ്‌ പറഞ്ഞ പലകാരണങ്ങളുമുണ്ട്‌. ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ കൃഷി ചെയ്ത്‌ പിടിച്ചെടുക്കാന്‍ ശ്രമിച്ചത്‌ ബിര്‍ളയുടെ ഗ്വോളിയോര്‍ റയോണ്‍സിന്‌ വേണ്ടി യൂക്കാലി തോട്ടങ്ങളാക്കിയ വനങ്ങളായിരുന്നുവെന്നോര്‍ക്കുക.

ആദിവാസികളെ അപേക്ഷിച്ച്‌ എണ്ണത്തിലും സംഘടനാശേഷിയിലും ഏറെ മുന്നിലുള്ള മത്സ്യതൊഴിലാളികളാണ്‌ ഈ സമര രംഗത്ത്‌ ആദ്യമെത്തിയത്‌. തങ്ങളുടെ ജീവനോപാധിയായ കടലില്‍ വിദേശി-സ്വദേശി ട്രോളുകള്‍ കടന്നു കയറുന്നതുമൂലം വന്‍നാശമുണ്ടാകുന്നുവെന്ന തിരിച്ചറിവാണ്‌ 90 കളില്‍ അവരെ സമര രംഗത്തെത്തിച്ചത്‌. ട്രോളിംഗ്‌ നിരോധനവും മറ്റും ഇതിന്റെ ഫലമായുണ്ടായതാണ്‌ വികസന രീതിയെ ചോദ്യം ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ തന്നെയാണിവ.

പ്രകൃതിയെ ആശ്രയിക്കുന്ന മറ്റൊരു പ്രധാന വിഭാഗമാണ്‌ കര്‍ഷകര്‍. പക്ഷേ ഇവര്‍ക്കിടയില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ട്‌. സമൂഹത്തിലെ മുഖ്യ ധാരയായി അറിയപ്പെടുന്ന മദ്ധ്യ വര്‍ഗത്തിന്‌ ഇവര്‍ക്കുമേല്‍ കാര്യമായ സ്വാധീനം ഉണ്ട്‌. പൊതു വിദ്യാഭ്യാസത്തിന്റെ സൗകര്യങ്ങള്‍ കൂടുതല്‍ ലഭ്യമായ കര്‍ഷക സമുഹം മണ്ണിനെ ഒരു ജീവനോപാധിയായി കണ്ടില്ല. ഹരിത വിപ്ലവത്തിന്റെ പേരില്‍ നടന്ന രാസ-വിഷ കൃഷി ഇവരെ പ്രകൃതി വിരുദ്ധരാക്കി. പ്രത്യേകിച്ചും നാണ്യവിള കൃഷി. മദ്ധ്യവര്‍ഗ്ഗത്തിന്റെ വികസന ജീവിത വീക്ഷണങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഇവര്‍ക്ക്‌ പരിസ്ഥിതി സംരക്ഷണമെന്നത്‌ പ്രധാന അജണ്ടയല്ലാതായി. ഒടുവില്‍ മണ്ണ്‌ നശിച്ച്‌, കീടങ്ങള്‍ പെരുകി, ആഗോളവത്കൃതകമ്പോളത്തില്‍ സാമ്പത്തികമായി തകര്‍ന്ന്‌, ഉപഭോഗ കമ്പോളാസക്തിയില്‍പ്പെട്ട്‌ വലഞ്ഞ്‌, ആത്മഹത്യ ചെയ്യുന്നവരായി കര്‍ഷകര്‍മാറി. എങ്കിലും യഥാര്‍ത്ഥ പ്രതിരോധമുയര്‍ത്താന്‍ കര്‍ഷകര്‍ക്കാകാതിരിക്കുന്നതിന്റെ കാരണം അവര്‍ ഇപ്പോഴും മണ്ണും, വെള്ളവും , ജീവരൂപങ്ങളും സംരക്ഷിക്കുന്നവരാകുന്നില്ലായെന്നതാണ്‌.

എന്നാല്‍ ഇന്ന്‌ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു. കമ്പോളത്തിന്റെ സൗകര്യത്തില്‍ മയങ്ങിക്കിടന്നിരുന്ന മദ്ധ്യവര്‍ഗ്ഗം ഇന്ന്‌ ദുരിതത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇത്‌ കൂട്ടമായിട്ടല്ല. മറിച്ച്‌ ഓരോയിടത്തും വേറെ വേറെയായിട്ടാണ്‌ എന്നതിനാല്‍ ഇവരുടെ പ്രതിരോധങ്ങള്‍ പലപ്പോഴും തിരച്ചറിയപ്പെടാതെയും, ഏകോപിക്കപ്പെടാതെയും പോകുന്നു. കുടിവെള്ളമാണ്‌ ഇന്ന്‌ മദ്ധ്യവര്‍ഗ്ഗം നേരിടുന്ന പ്രധാന പ്രതിസന്ധി. വ്യാവസായിക വികസനത്തിനുവേണ്ടി ചാലിയാറിലെ ജലം വിഷമയമായപ്പോള്‍ , പെരിയാറിനെ വിഷ സമുദ്രമാക്കിയപ്പോള്‍ ..... എല്ലാം നിസ്സംഗത പാലിച്ചിരുന്നവരാണ്‌ ഈ മദ്ധ്യവര്‍ഗ്ഗം. പ്ലാച്ചിമടയില്‍ കോളകമ്പനിയുടെ ജലമൂറ്റലിനും മലിനീകരണത്തിനുമെതിരെ തദ്ദേശീയരായ ആദിവാസികളും കര്‍ഷകരും സമരം ആരംഭിച്ചപ്പോള്‍ ഈ മദ്ധ്യ വര്‍ഗ്ഗം അവരെ പുച്ഛിച്ചു തള്ളി. മുഖ്യധാരയിലെ രാഷ്ട്രീയ കക്ഷികളും മാദ്ധ്യമങ്ങളും അത്‌ അവഗണിച്ചു. എന്നാല്‍ ആ സമരം ശക്തിപ്പെടുകയും നിരവധി മാനങ്ങള്‍ (ജലവില്‍പന, സാമ്രാജ്യത്വാധിനിവേശം, കോളകളിലെ വിഷാംശം..........) കൈവരിച്ചപ്പോള്‍ മുഖ്യധാരയ്ക്ക്‌ അവഗണിക്കാന്‍ കഴിയാതായി. ഇതേ കാലത്തു തന്നെയാണ്‌ കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കടുത്ത ജലദൗര്‍ലഭ്യമുണ്ടായത്‌. പെട്ടെന്നുതന്നെ കോളവിരുദ്ധ വികാരം വ്യാപിച്ചു. ഇന്ന്‌ ലോകത്താകെ നടക്കുന്ന ജലാവകാശ സംരക്ഷണ സമരങ്ങള്‍ക്ക്‌ മാതൃകയായി പ്ലാച്ചിമടയിലെ സമരം മാറിയിരിക്കുന്നു.

പൊതുവെ റോഡുകളുടെ വികസനമെന്നത്‌ മദ്ധ്യവര്‍ഗ്ഗത്തിന്‌ ഏറ്റവും താല്‍പര്യമുള്ള ഒന്നാണ്‌. അതുകൊണ്ടു തന്നെ കാസര്‍ഗോഡു മുതല്‍ തിരുവന്തപുരം വരെ ഒരു എക്സ്പ്രസ്സ്‌ ഹൈവേ (പ്രവേശനം നിയന്തിക്കപ്പെടുന്ന ആറുവരി പാത) എന്ന പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ ഈ മദ്ധ്യ വര്‍ഗ്ഗം ഇതിനെ സ്വാഗതം ചെയ്തു. എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നു തുടങ്ങിയതോടെ അവസ്ഥമാറി. 35,000 ല്‍ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതും, ഇടനാടന്‍ കുന്നുകളിടിയുന്നതും, ആയിരക്കണക്കിന്‌ ഹെക്ടര്‍ പാടം നികത്തുന്നതും, സാധാരണക്കാരുടെ ദൈന്യം ദിന യാത്രാ സൗകര്യം നഷ്ടപ്പെടുത്തുന്നതും, വെറും രണ്ടു ശതമാനം പേര്‍ക്കുമാത്രം പ്രയോജനപ്പെടുന്നതുമായ ഹൈവേക്കെതിരെ അത്‌ കടന്നു പോകുമെന്ന്നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം ശക്തമായ പ്രതിരോധമുയര്‍ന്നു വന്നു. കക്ഷി ജാതി മതഭേതമില്ലാതെയാണ്‌ ഇതിനെതിരെ ജനശക്തി വളര്‍ന്നു വന്നത്‌ . ഇനി ഒരു സര്‍ക്കാരിനും ആ പദ്ധതി നടപ്പിലാക്കാനാവില്ലെന്ന അവസ്ഥ വന്നിരിക്കുന്നു.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പ്രദേശത്തെ കരിമണല്‍ ഖനനം മറ്റൊരു സമര മുഖമാണ്‌. അവിടെ മണല്‍ ഖനനം നടത്തിയാല്‍ ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള രണ്ടു പഞ്ചായത്തുകള്‍ കടലെടുത്തുപോകുമെന്ന സത്യം തിരിച്ചറിഞ്ഞതദ്ദേശവാസികള്‍ ശക്തമായി അതിനെ തടഞ്ഞു. നഗരങ്ങളിലെ മദ്ധ്യവര്‍ഗ്ഗവും ഉപരിവര്‍ഗ്ഗവും സൃഷ്ടിക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ തൊട്ടടുത്ത ഗ്രാമത്തില്‍ കൊണ്ടുപോയിടുന്ന പ്രവണതക്കെതിരെയും നിരവധി സമരങ്ങള്‍ നടക്കുന്നു. തൃശ്ശൂരിലെ ലാലൂരില്‍ കാല്‍ നൂറ്റാണ്ടിലേറെയായി ഈ സമരം നടക്കുന്നു. കേന്ദ്രീകൃത മാലിന്യ സംസ്കരണമെന്ന പ്രകൃതി വിരുദ്ധ സമീപനം സ്വീകരിക്കാന്‍ ശ്രമിച്ച വിളപ്പില്‍ശാല (തിരുവന്തപുരം) ചേരാനല്ലൂര്‍/ബ്രഹ്മപുരം (കൊച്ചി) ഞെളിയന്‍ പറമ്പ്‌ (കോഴിക്കോട്‌) തുടങ്ങിയ പദ്ധതിക്കെതിരെ വന്‍ ജനരോഷമുയര്‍ത്താന്‍ കഴിഞ്ഞു.

വ്യവസായ മലിനീകരണത്തിനെതിരായ സമരത്തില്‍ ഏലൂര്‍ മറ്റൊരു മാതൃക സ്വീകരിക്കുന്നു. സുപ്രീം കോടതിയുടെ ഇടപെടല്‍ വഴി രൂപപ്പെട്ട പ്രാദേശിക സമിതിയില്‍ പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ പെരിയാറിലെ വിഷാംശം കാര്യമായി കുറയാന്‍ തുടങ്ങി. ഇതൊരു ജനകീയ സമരത്തിന്റെ മറ്റൊരു മുഖമാണ്‌.

ചുരുക്കത്തില്‍ വ്യവസായത്തിന്റെ വായ്ത്താരികളെ ജനമിന്ന്‌ നേരിട്ട്‌ സ്വീകരിക്കാതായിരിക്കുന്നു. സെയിലന്റ്‌ വാലിയില്‍ പുതിയൊരു വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള (പാത്രക്കടവ്‌) ശ്രമത്തിനെതിരെ ഇന്ന്‌ സമരം നയിക്കുന്നത്‌ പരിസ്ഥിതി ശാസ്ത്രജ്ഞരല്ല മറിച്ച്‌ നദിയുടെ താഴെത്തട്ടില്‍ കുടിവെള്ളത്തിനും, ജലസേചനത്തിനും പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്ന 36 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ സാധാരണ ജനങ്ങളാണ്‌. ഒന്നാം സെയിലന്റ്‌ വാലിയില്‍ നിന്ന്‌ രണ്ടാം സെയിലന്റ്‌ വാലിയിലെത്തുമ്പോള്‍ സമൂഹത്തിലുണ്ടായ മാറ്റം പ്രകടമാണ്‌. എങ്ങിനെയും അണകെട്ടി നിലയം സ്ഥാപിച്ച്‌ വൈദ്യുതി ഉണ്ടാക്കണം (കുരങ്ങനെ സംരക്ഷിക്കണമെന്നതല്ല പ്രധാനം) എന്ന്‌ പറഞ്ഞ വ്യക്തികള്‍ പോലും ഇപ്പോള്‍ പറയുന്നത്‌ സെയിലന്റ്‌ വാലി സംരക്ഷിച്ചു കൊണ്ട്‌ നിലയം നിര്‍മ്മിക്കണം എന്നാണ്‌.
അതിരപ്പിള്ളി ജലവൈദ്യുതിയുടെ കാര്യത്തിലും ഇതേ അവസ്ഥതന്നെയാണുള്ളത്‌.

ചുരുക്കത്തില്‍ ഇന്ന്‌ നടക്കുന്ന സമരങ്ങള്‍ വികസനത്തിന്റെ രാഷ്ട്രീയവും, സംസ്കാരവും ചോദ്യം ചെയ്യുന്ന സമരങ്ങളാണ്‌. അവ കേവല പരിസ്ഥിതി സമരങ്ങളല്ല. രാഷ്ട്രീയ സമരങ്ങള്‍ തന്നെയാണ്‌. അതു തിരിച്ചറിയാന്‍ രാഷ്ട്രീയകക്ഷികള്‍ക്ക്‌ കഴിയുന്നുണ്ടോ എന്നതാണ്‌ ചോദ്യം. ഇല്ലയെങ്കില്‍ അത്‌ രാഷ്ട്രീയ കക്ഷികളെ അപ്രസക്തമാക്കും. സമരം മുന്നോട്ടു പോകും. പുതിയ രാഷ്ട്രീയം ഉരുത്തിരിയും.

Subscribe Tharjani |