തര്‍ജ്ജനി

രാജ് നായര്‍

ഇ-മെയില്‍: peringz@gmail.com

വെബ്: എന്റെ ലോകം

Visit Home Page ...

കഥ

സ്ത്രീപക്ഷം

അയാള്‍, ആ സന്യാസി എന്റെയുള്ളില്‍ തേനുണ്ടെന്നു കരുതിയാണോ നോട്ടം കൊണ്ടു് എന്റെ ഹൃദയത്തിനകത്തേയ്ക്കും, ചുണ്ടു പിളര്‍ത്തിക്കൊണ്ടു് എന്റെ മുലകള്‍ക്കിടയിലേയ്ക്കും ആഴ്‌ന്നിറങ്ങിയതു്. എന്നിട്ടയാള്‍ വിലാപം പോലെ ആവശ്യപ്പെട്ടു, ‘അന്നുഷ്കാ, അന്നുഷ്കാ, എഴുന്നേല്‍‌ക്കു്.’

ഒരു സ്ത്രീക്കും അത്തരം വിലാപങ്ങളെ അവഗണിക്കുവാന്‍ ആവതില്ല.

അന്ന എഴുന്നേറ്റു. മരിച്ചുവെന്നു കരുതപ്പെട്ട ബാലികയെ യേശു കൈപിടിച്ചെഴുന്നേല്‍‌പ്പിച്ചതു പോലെയുള്ള ഈ പ്രവര്‍ത്തിയാലാണു റാസ്‌പുടിന്‍ അന്നയുടെ ജീവിതത്തിലേയ്ക്കു കടന്നുവരുന്നതു്. പുരുഷാര്‍ഥങ്ങളെ കുറിച്ചു ബോധവാന്മാരല്ലാത്ത ചില പുരുഷന്മാരുടെയെങ്കിലും സ്പര്‍ശം ശിലയെ സ്ത്രീയാക്കുന്ന വിധം നിര്‍മലമാണെന്നു് അന്ന അപ്പോഴാണു തിരിച്ചറിയുന്നതും. അവര്‍ തൊടുന്നതും പേരെടുത്തു വിളിക്കുന്നതും ഉണര്‍ത്തുവാനല്ല, ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനാണു്.

---

റെയില്‍ പാതകള്‍ക്കും അവ വഹിക്കുന്ന ഭീമാകാരമായ ഇരുമ്പുകൂടുകള്‍ക്കും ഇടയിലെ അനിശ്ചിതത്വത്തില്‍ പണയപ്പെടുത്തിയ ജീവന്‍ തിരികെ സ്വന്തമാക്കിയ അന്നയെ അവളുടെ സഖിയും സാര്‍ നിക്കോളാസിന്റെ രാജ്ഞിയുമായ സാരിസ അലക്സാന്ദ്ര കാണുന്നു. അന്നാ നിന്റെ കാമുകന്‍ സന്യാസി ദരിദ്രനാണു പെണ്ണേ, ഒരു ചെറിയ നിശ്ശ്വസനത്തിനു ശേഷം അത്രയും പറഞ്ഞു് അലക്സാന്ദ്ര അന്നയുടെ കരം ഗ്രഹിച്ചു. നെഞ്ചിനുകുറുകെ വലിച്ചുകെട്ടിയിരിക്കുന്ന ഉടുപ്പുകളുടെ തടവറയിലായിരുന്നില്ല അപ്പോള്‍ അവളുടെ ഹൃദയം.

നിന്റെ ദാരിദ്ര്യം എന്നോടൊത്തു പങ്കുവയ്ക്കൂ അന്നാ!

അനന്തരം അന്ന, അലക്സാന്ദ്രയെ സാഷായെന്ന പേരെടുത്തു വിളിച്ചു സമാശ്ലേഷിച്ചു. അയാള്‍ മോഹിക്കുന്നതില്‍‍ ദാരിദ്ര്യമുള്ള സന്യാസിവര്യനാണു തോഴീ, ദാരിദ്ര്യമാകട്ടെ കടലുപോലെ, എത്ര കോരിയെടുത്താലും അത്ര തന്നെ ശിഷ്ടം കാണും. പുരുഷായനങ്ങളില്‍ പുരുഷന്റെ നിര്‍മലത നഷ്ടപ്പെടുന്നതും, അവന്റെ സ്പര്‍ശത്തില്‍ അസാധാരണമായൊന്നും ഇല്ലാതെ വരികയും, സംഭവ്യം തന്നെ. അന്ന അതിനെ കുറിച്ചൊന്നും സംസാരിക്കുകയുണ്ടായില്ല, അല്ലെങ്കില്‍ തന്നെ അതിനെ കുറിച്ചു് എന്തു പറയാന്‍?

റാസ്‌പുടിന്‍ ദിവ്യനാണെന്നു കൊട്ടാരം അറിയട്ടെ, അലക്സാന്ദ്ര വിളംബരപ്പെടുത്തി, പിന്നെ അന്നയെ നോക്കി കണ്ണിറുക്കി: നമ്മുടെ ദരിദ്രനായ സന്യാസി.

ഓരോ തവണ സന്യാസി അന്തഃപുരത്തിന്റെ പടിയിറങ്ങി പോകുമ്പോഴും അലക്സാന്ദ്രയുടെ ഉടുപ്പു പൂര്‍വ്വാധികം മുറുക്കത്തില്‍ അന്ന കെട്ടിക്കൊടുത്തു. സ്വാതന്ത്ര്യമാഘോഷിക്കുന്ന സ്തനദ്വയങ്ങള്‍ വിളിച്ചു പറയുന്ന ആദ്യത്തെ സത്യം തങ്ങള്‍ ചുംബിക്കപ്പെട്ടിരിക്കുന്നു എന്നാണു്.

---

അലക്സി എന്ന ബാലന്‍ തന്റെ സാധാരണത്വത്തില്‍ നിന്നു രോഗാതുരതയിലേയ്ക്കു വേദനയോടെ പ്രവേശിച്ചപ്പോഴാകണം റാസ്‌പുടിന്‍ അവനു മരുന്നുകള്‍ നല്‍‌കേണ്ടതില്ലെന്നു അറിയിച്ചതു്. വേദനാസംഹാരിയായി അവനു നല്‍‌കപ്പെട്ടിരുന്ന ആസ്പിരിന്‍, അലക്സിയുടെ രക്തത്തില്‍ നിന്നു് അതിന്റെ ഉറഞ്ഞുകൂടുവാനുള്ള ദുര്‍ബലമായ കഴിവിനെപ്പോലും ചോര്‍ത്തിക്കളയുന്നു്‌ എന്നു നിരീക്ഷിക്കുവാനുള്ള തന്റേടം ആ സന്യാസിക്കു മാത്രമാണുണ്ടായതു്. മരുന്നുകള്‍ നല്‍കാതെ രോഗപീഡ അകറ്റുന്നവന്‍ - ദിവ്യന്‍.

രോഗശുശ്രൂഷയുടെ മറ്റൊരു പകലില്‍ നിന്നും അന്തഃപുരത്തിലെ പതിഞ്ഞ കാലൊച്ചകളില്‍ നിന്നും റാസ്പുടിന്‍ സ്വയം നിഷ്ക്രമിച്ച വേളയില്‍, അലക്സി തികഞ്ഞ ആലസ്യത്തോടെ, അലക്സാന്ദ്രയ്ക്കു ചാരെ ഇടറിനിന്നു. ഇവന്റെ രക്തത്തെ വിമലീകരിക്കുവാന്‍ നിയോഗിക്കപ്പെട്ട ഉത്തമപുരുഷനാണദ്ദേഹം, മകനെ അണച്ചുപിടിച്ചുകൊണ്ടു അലക്സാന്ദ്ര അന്തഃപുരത്തിലെ റാസ്‌പുടിന്റെ അസാധാരണമായ സാന്നിദ്ധ്യത്തെ കുറിച്ചു് ആശ്വാസം കൊണ്ടു. അന്ന കരുതി: ഇവള്‍ ഓരോ നിമിഷവും ജീവിച്ചുകൊണ്ടു നുണപറയുന്നു. പൊട്ടിയൊഴുകുവാ‍ന്‍ കൊതിച്ചുകൊണ്ടേയിരിക്കുന്ന രക്തധമനികളുമായി ആ കുമാരന്‍ അലക്സാന്ദ്രയുടെ അരികത്തു നിന്നും മാറിപ്പോയി - അവന്റെ ധമനികള്‍ പൊട്ടിയൊഴുകുന്ന രക്തത്തില്‍ അലക്സാന്ദ്രയുടെ നുണകള്‍ പരന്നു കിടക്കുന്നതു കാണേണ്ടിവരുമെന്നു് അന്ന അഗാധമായി ദുഃഖിച്ചുകൊണ്ടിരുന്നു.

ആ സുരക്ഷയുടെ അരാജകീയതയിലാണു് അതിശയകരമായ തന്റെ ലിംഗോദ്ധാരണത്തെ കുറിച്ചു സന്യാസി മറ്റു പുരുഷന്മാരെപ്പോലെ വാചാലനാകുവാന്‍ തുടങ്ങിയതും; അലക്സാന്ദ്ര ഉടുപ്പിന്റെ മുറുക്കത്തിനെ കുറിച്ചു അന്നയോടു പരിഭവപ്പെടുന്നതു പതിവായി. റഷ്യന്‍ അന്തഃപുരങ്ങളില്‍‍ തന്റെ ഗോപ്യമായിടങ്ങള്‍ക്കു വന്നുചേര്‍ന്ന ഖ്യാതിയെ കുറിച്ചു സന്യാസി പറയുമ്പോള്‍ ശലഭമാകുവാന്‍ വെമ്പുന്ന ലാര്‍വയുടെ പുറം‌തോടോടെ അലക്സാന്ദ്ര ശിലീകരിക്കപ്പെട്ടു കിടപ്പായി.

---

തന്നുള്ളിലേയ്ക്കായി ചുരുണ്ടൊളിച്ചും സ്വയം പരിതപിച്ചും അലക്സാന്ദ്ര ഏകയായിരിക്കുന്ന ഒരു വേളയില്‍ അന്ന അവളുടെ അടുത്തു ചെന്നിരുന്നു. അന്നയുടെ സ്പര്‍ശം തിരിച്ചറിഞ്ഞു് അലക്സാന്ദ്ര സന്തപിക്കുകയുണ്ടായി: അന്നാ, പുരുഷന്മാര്‍ സകലതിലും ഗര്‍വ്വും ധൂര്‍ത്തും പ്രകടിപ്പിക്കുന്നു. അധികാരത്തില്‍, ലൈംഗികതയില്‍, സ്നേഹപ്രകടനങ്ങളില്‍ പോലും.

സാഷാ... അന്ന അലക്സാന്ദ്രയില്‍ വ്യസനിച്ചു.

---

അലക്സാന്ദ്രയുടെ അന്തഃപുരം ഇരുട്ടുകൊണ്ടു പണിയിച്ചതാകണം, അല്ലെങ്കില്‍ ഇത്രമാത്രം രഹസ്യങ്ങള്‍ അതിനുള്ളില്‍ ഒടുങ്ങിപ്പോകുന്നതെങ്ങിനെ? ദിമിത്രിയും ഫെലിക്സും നിക്കോളാസിന്റെ അനന്തിരവന്മാരാണു്. റഷ്യയുടെ ശാപം അലക്സാന്ദ്രയുടെ അന്തഃപുരമാണെന്നു സംസാരിച്ചുണ്ടാക്കുന്നതും അവര്‍ തന്നെ. ഫെലിക്സിന്റെ ഭാര്യ ഐറീനെ അന്ന കാണുകയുണ്ടായി, ഓരോ നിമിഷത്തിലും പുതുതായി ജനിക്കുന്ന യുവതി, അവളിലെ ഓജസ്സ് അത്ര നവ്യമായിരുന്നു. റാസ്‌പുടിന്റെ അതിവിചിത്രമായ സ്വാധീനം ഐറീനിലുമുണ്ടോ? റാസ്‌പുടിന്റെ ദുസ്സ്വാധീനത്തെ കുറിച്ചു ബോധവാന്മാരായ ആണുങ്ങളുടേതു പോലെ ഫെലിക്സിന്റെ മുഖവും എല്ലായ്‌പ്പോഴും വിളര്‍ത്തു കാണപ്പെട്ടു, ഐറീന്റേതിനു നേരെ തിരിച്ചു്, ഓരോ നിമിഷത്തിലും മരിക്കുന്നതു പോലെ.

സാഷാ, ഈ അന്തഃപുരത്തില്‍ ആര്‍ക്കു് ആരെയാണു് ഏറ്റവും അവിശ്വാസം? ശിഥിലീകരിക്കപ്പെട്ട മനസ്സോടെ അലക്സാന്ദ്ര മൌനമവലംബിച്ചു. അവളില്‍ നിന്നും പകര്‍ന്നു കിട്ടിയ രക്താണുക്കള്‍ അലക്സിയെ തുടര്‍ന്നെക്കാലവും വേദനിപ്പിച്ചുകൊണ്ടേയിരുന്നു. മനുഷ്യാവസ്ഥയിലെ അപചയങ്ങളുടെ വിവധതയില്‍ അന്നയ്ക്കു തീരാത്ത അതിശയമാണു്.

---

റാസ്‌പുടിന്‍ - ലൈംഗികത അരക്കെട്ടില്‍ ഉദ്ധരിച്ചു നില്‍ക്കുന്ന മാംസപിണ്ഡമാണെന്നു കരുതുന്ന പ്രഥമപുരുഷന്‍, സ്വതേ ഒരാള്‍ക്കു് തനിയെ വിവസ്ത്രയാകുവാന്‍ മെനക്കെടുള്ള അംഗവസ്ത്രത്തില്‍ നിന്നും സ്വതന്ത്രയാക്കിക്കൊണ്ടു് അലക്സാന്ദ്ര അയാള്‍ക്കു ക്രൈമിയന്‍ വീഞ്ഞു പകര്‍ന്നു കൊടുത്തു. നഗ്നമാക്കപ്പെട്ട അലക്സാന്ദ്രയുടെ മാര്‍‌വിടത്തെ അവജ്ഞയോടു നോക്കിക്കൊണ്ടു് അയാള്‍ തന്റെ ലിംഗത്തിനു വന്നു ചേര്‍ന്ന ഖ്യാതിയെ കുറിച്ചു തന്നെ പറഞ്ഞുകൊണ്ടിരുന്നു.

മൂഢനായ എന്റെ പ്രിയ സന്യാസി, പീഡിപ്പിക്കുവാന്‍ ഒരു അവയവം മാത്രമുള്ള നിന്റെ ദാരിദ്ര്യത്തിലാണു ഹേ അന്തഃപുരത്തിലെ സ്ത്രീകള്‍ നിന്നില്‍ അനുരാഗിണികളാകുന്നതു്, നിന്റെ ലിംഗത്തിന്റെ അസാമാന്യ വലുപ്പത്തിലല്ല, ശരീരമാകെ ലിംഗങ്ങളില്ലാത്ത നിന്റെ ദരിദ്രാവസ്ഥയാകണം നീ ഖ്യാതിയായളക്കുന്ന ഓരോ പെണ്ണും മോഹിച്ചിരിക്കുക.

പക്ഷെ ഇതാ നോക്കൂ, ഇപ്പോള്‍ നിന്റെ നാവിലൊരു ലിംഗം, അതു് അനാവശ്യമായി ഉദ്ധരിച്ചു നില്‍ക്കുന്നു, നിന്റെ വിരലുകളില്‍, ദന്തങ്ങളില്‍, കണ്ണില്‍... അവള്‍ ഉറക്കെ ചിരിച്ചു.

അലക്സാന്ദ്രയുടെ അസാധാരണമായ അട്ടഹാസത്തെ സന്യാസി അടിച്ചുതാഴെയിട്ടു. വിവസ്ത്രവും അനാഥവുമായ തന്റെ മാറിടത്തെ അലക്സാന്ദ്ര കൈകാലുകളുടെ രൂപാന്തരീകരണത്തോടെ മറച്ചുവയ്‌ച്ചു; അവള്‍ മെത്തവിരികള്‍ ചുളിയിച്ചു്, ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തെ ഓര്‍മിപ്പിച്ചുകൊണ്ടു ചുരുണ്ടുകിടന്നു.

---

നടത്തത്തിനെ കുറിച്ചുള്ള ഉത്സാഹം കൊണ്ടുമാത്രം, കാലുറയ്ക്കാത്ത ശിശുക്കള്‍ നിലതെറ്റി ധൃതിയില്‍ നടക്കുന്നതുപോലെ റാസ്‌പുടിന്‍‍ അലക്സാന്ദ്രയുടെ മുറിവിട്ടിറങ്ങി. തന്നിലേയ്ക്കു കൂടുതല്‍ ചുരുണ്ടുകൂടിക്കൊണ്ടു അലക്സാന്ദ്ര വിലപിച്ചു: ക്രൈമിയന്‍ മുന്തിരികളുടെ ചാറില്‍ ഞാന്‍ വിഷം കലര്‍ത്തിയിരുന്നു അന്നാ! ഈ കൊട്ടാരത്തിന്റെ ഏതെങ്കിലും ഇടനാഴിയില്‍ വഞ്ചിക്കപ്പെട്ടെന്ന തിരിച്ചറിവോടെ, അപഖ്യാതിയുടെ പേരില്‍ അയാള്‍ കൊലപ്പെടും. അതിനും മുമ്പേ നിനക്കതാവാം അന്നാ, അയാള്‍ക്കു മനസ്താപമില്ലാതിരിക്കും.

നിങ്ങളിലാര് ആരെയായിരുന്നു ഉയര്‍ത്തെഴുന്നേല്‍‌പ്പിച്ചതു്?

അന്ന നിശ്ചലയായിരുന്നു, റാസ്‌പുടിന്‍ ഭംഗപ്പെടുത്തിയ ദീര്‍ഘനിദ്രയിലേയ്ക്കു അവള്‍ തിരികെ ഉതിര്‍ന്നുവീഴുന്നതു പോലെ...

‘അന്നുഷ്കാ, അന്നുഷ്കാ, എഴുന്നേല്‍ക്കു്.’

---

അന്ന, അലക്സാന്ദ്രയെ-അവളുടെ അന്തഃപുരത്തിനെ-അവളുടെ കൊക്കൂണ്‍‌രൂപത്തെ, പുറകിലാക്കി പുറത്തേയ്ക്കോടി. റാസ്‌പുടിന്‍ കൊലചെയ്യപ്പെട്ടു കിടക്കുന്ന ഇടനാഴികയിലെത്തും വരെ അവള്‍ ഓടുകയായിരുന്നു. വസ്ത്രം ചീന്തിയെടുത്തു നഗ്നമാക്കപ്പെട്ട അയാളുടെ അടിവയറ്റില്‍ ചോരയില്‍ കുതിര്‍ന്നൊരു കളങ്കം, നഷ്ടപ്പെട്ട പുരുഷമൂല്യം, മരണത്തില്‍ അപ്രസക്തമാണെങ്കിലും അതു വരുത്തിയ ശൂന്യത, ദരിദ്രനായ കുഞ്ഞിന്റെ വിശപ്പുപോലെ...

അന്ന വ്യസനിച്ചുപോയി.

വെളുത്ത ചിറകുകള്‍ വിടര്‍ത്തി
മരിച്ചു കിടക്കും സന്യാസി
കറുത്ത താടി, കറുത്ത താടി

അന്ന ഒരു കുറുമ്പന്‍ പോണിയെപ്പോലെ, ഉള്ളിലെ ആന്തലിനെ കുതിപ്പാക്കി മാറ്റി അന്തഃപുരത്തിലേയ്ക്കോടി.

വെളുത്ത ചിറകുകള്‍ വിടര്‍ത്തി
മരിച്ചു കിടക്കും സന്യാസി
ചുവന്ന താടി
ചുവന്ന താടി

അയ്യോ തെറ്റിപ്പോയല്ലോ!

അന്നയുടെ കുതിപ്പു നിന്നു. മുറുക്കിയുടുത്ത ഉടുപ്പിനുള്ളില്‍ അവളുടെ നെഞ്ചു് ക്രമാതീതമായി ഉയര്‍ന്നു താണു. അവള്‍ മുട്ടുകുത്തി വീണുപോയി. അന്ന അപ്പോഴോര്‍ത്തു കറുത്ത താടിയാണു ശരി; സന്യാസിയുടെ കറുത്ത താടി.

അലക്സാന്ദ്രാ നീ തന്ന കഠാര വെറുതെയായല്ലോ, ഞാന്‍ താമസിച്ചും പോയി; പക്ഷെ വിശേഷമുണ്ടു്, നമ്മുടെ സന്യാസിയുടെ മുഖത്തു്, ലിംഗം നഷ്ടപ്പെട്ടതിന്റെ വേദനയില്ല. അയാള്‍ അപ്പോഴേയ്ക്കും മരിച്ചുകഴിഞ്ഞെന്നേ!

‘സാഷാ, നമ്മള്‍ പെണ്ണുങ്ങള്‍ക്കു വിഷം കൊടുക്കേണ്ടവരെ തിരിച്ചറിയുവാന്‍ കൂടി കഴിയുന്നില്ല സാഷാ.’

ഞാനിതാ വരുന്നു, എന്റെ നെഞ്ചിന്റെ കിതപ്പടക്കി, സകല ഉപചാരങ്ങളോടും കൂടി, റാസ്‌പുടിന്‍ മരിച്ചു കിടക്കുന്നതു നിന്നെ ഞാന്‍ അറിയിക്കാം അലക്സാന്ദ്രാ. അപ്പോള്‍ നീ ഔപചാരികതയോടെ, ദുഃഖം പ്രകടിപ്പിച്ചു് എഴുന്നേറ്റുനിന്നു പരേതനു വേണ്ടി കുരിശുവരയ്ക്കും, പിന്നെ നിലക്കണ്ണാടിയുടെ മുമ്പില്‍ എനിക്കു പുറംതിരിഞ്ഞു നില്‍ക്കും. കൊട്ടാരത്തില്‍ മരണം നടക്കുന്ന അവസരങ്ങളില്‍ നീ‍ അണിയേണ്ടുന്ന കറുത്ത മേല്‍‌വസ്ത്രം, നെഞ്ചുമുറുക്കി, ഇടുപ്പു മുറുക്കി നിനക്കു ഞാന്‍ അണിയിച്ചു തരും അലക്സാന്ദ്രാ. മേലാടയുടെ ഇറുക്കത്തില്‍ ശ്വാസം വിടാനാവാതെ നിന്റകം ചുരുണ്ടുപോകും, അതു നിനക്കു തേരട്ടയുടേതു പോലെ പിന്‍‌വാങ്ങലിന്റെ, ചുരുണ്ടുകൂടലിന്റെ നില‌നില്പു തരും അലക്സാന്ദ്രാ.

അയ്യോ, നിന്റെ ഭവനത്തിലേയ്ക്കുള്ള വഴിയേതാണു് അലക്സാന്ദ്രാ? എനിക്കു വഴിതെറ്റുന്നുവല്ലോ അലക്സാന്ദ്രാ!

അല്ലെങ്കില്‍ തന്നെ എനിക്കെന്തിനു പ്രത്യേകമൊരു വഴി. ഈ കൊട്ടാരത്തിലെ ഓരോ ഇടനാഴികകളും നീയല്ലെങ്കില്‍ മറ്റൊരു അലക്സാന്ദ്രയിലെത്തുന്നു. നീയല്ലെങ്കില്‍ മറ്റൊരാള്‍ക്കു ഞാന്‍ തോഴിയാണു് അലക്സാന്ദ്രാ.

അന്ന വീണ്ടും കുതിച്ചു.

വെളുത്ത ചിറകുകള്‍ വിടര്‍ത്തി
മരിച്ചു കിടക്കും സന്യാസി
കറുത്ത താടി, ചുവന്ന...

അയ്യോ!

---

മിഥോ-ഹിസ്റ്റോറിക്കല്‍ കുറിപ്പുകള്‍:

അന്ന വിരുബോവാ, റഷ്യയിലെ അവസാന സാരിസയായ അലക്സാന്ദ്ര ഫ്യദരൊവ്നയുടെ പ്രിയ തോഴിയും, അകമ്പടിക്കാരിയും. ഒരു ട്രെയിനപകടത്തില്‍ പരുക്കേറ്റ ഇവളില്‍ ‘മരണപ്പെട്ടെന്നു ജനം കരുതിയ ബാലികയില്‍ യേശു കാണിച്ചതുപോലെ ഒരു മാജിക്’ കാണിച്ചാണു റാസ്‌പുടിന്‍ മിഥുകളിലേയ്ക്കു കടന്നുവരുന്നതു്. ‘അന്നുഷ്ക അന്നുഷ്ക, എഴുന്നേല്‍ക്കൂ’ എന്നു പറഞ്ഞുകൊണ്ടു കോമയില്‍ കിടക്കുന്ന അന്നയെ റാസ്‌പുടിന്‍ ഉണര്‍ത്തിയത്രെ. റാസ്‌പുടിനെ സാര്‍ കുടുംബത്തിനു പരിചയപ്പെടുത്തി കൊടുത്തതു് അന്നയാണു്. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ കൊച്ചുമകളും പാരമ്പര്യത്താല്‍ അവരില്‍ നിന്നു ഹീമോഫീലിയ ജീനിന്റെ വാഹകമായിരുന്ന അലക്സാന്ദ്രയില്‍ സാര്‍ നിക്കോളാ‍സ് രണ്ടാമനു ജനിച്ച അലക്സി രോഗബാധിതനാണെന്നു തിരിച്ചറിഞ്ഞതോടെ റഷ്യന്‍ അന്തഃപുരത്തില്‍ ഭിഷഗ്വരന്മാരുടേയും മിസ്റ്റിക്കുകളുടേയും നിതാന്തസാന്നിദ്ധ്യമുണ്ടായിരുന്നു. അതു റാസ്‌പുടിനു ലഭിച്ച മികച്ച ഒരു തുടക്കമായിരുന്നു, അലക്സിയുടെ രോഗത്തിനും വേദനയ്ക്കും അയാള്‍ക്കു ശമനം കണ്ടെത്തുവാനായി. സാര്‍ കുടുംബം നല്‍കിയ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ദിവ്യനാക്കപ്പെട്ട റാസ്‌പുടിന്‍ ക്രമേണ അധികാരത്തിലും ഇടപെടുവാന്‍ തുടങ്ങി. അലക്സാന്ദ്രയും റാസ്‌പുടിനുമായുള്ള ബന്ധത്തിലെ അവിശുദ്ധിയെ കുറിച്ചു കഥകള്‍ പരന്നതോടെ രാജകുടുംബത്തിലും റഷ്യന്‍ ഓര്‍ത്തൊഡക്സ് ചര്‍ച്ചിലും റാസ്‌പുടിനെ പ്രതി പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. കൊട്ടാരത്തില്‍ റാസ്‌പുടിന്റെ സ്വാധീനം ഒഴിവാക്കുവാന്‍ അയാളെ കൊലചെയ്യേണ്ടതു് അത്യന്താപേക്ഷികമാണെന്നു ചര്‍ച്ചും രാജകുടുംബാംഗങ്ങളില്‍ പലരും ഒരേപോലെ കരുതിയിരുന്നു. പോലീസ് റെക്കാര്‍ഡുകള്‍ പ്രകാരം ഗ്രിഗറി റാസ്‌പുടിനെ, റഷ്യയെ രക്ഷിക്കുന്നതിന്റെ പേരില്‍ ഫെലിക്സ് രാജകുമാരനാണു കൊലചെയ്തതു്. റഷ്യന്‍ ഡ്യൂമയിലെ അംഗവും സാറിന്റെ അനന്തിരവനുമായ ദിമിത്രികൂടെ ഉള്‍പ്പെടുന്ന ഉപജാപകസംഘം‍ സയനേഡ് നല്‍കി റാസ്‌പുടിനെ വിഷഗ്രസ്തനാക്കുവാന്‍ ശ്രമിച്ചെങ്കിലും അയാള്‍ കൊല്ലപ്പെട്ടില്ല. ഇക്കൂട്ടര്‍ പിന്നീടു പിസ്റ്റൊള്‍ ഉപയോഗിച്ചാണു റാസ്‌പുടിനെ കൊലപ്പെടുത്തിയതു്, മൃതദേഹം അവര്‍ തൊട്ടടുത്ത കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. പക്ഷെ റാസ്‌പുടിന്റെ ഒട്ടോപ്സി, അയാളുടെ മരണകാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയാണെന്ന അതിശയം അവതരിപ്പിക്കുന്നുണ്ടു്. റഷ്യന്‍ അന്തഃപുരത്തില്‍ പ്രചരിച്ചിരുന്ന ദുരൂഹതകളില്‍ ഒന്നു റാസ്‌പുടിന്റെ അസാമാന്യ വലുപ്പമുള്ള ലിംഗത്തെ കുറിച്ചായിരുന്നു, റാസ്‌പുടിന്റെ ശവശരീരം ലിംഗം ഛേദിക്കപ്പെട്ട അവസ്ഥയിലാണു കണ്ടെടുത്തതെന്നും പറയപ്പെടുന്നു. രാജവാഴ്ചയ്ക്കെതിരെയുള്ള അതൃപ്തി റാസ്‌പുടിന്റെ മരണത്തിലും നീങ്ങിയില്ല, തുടര്‍ന്നുണ്ടായ ബോള്‍ഷെവിക്സ് വിപ്ലവത്തില്‍ നിക്കോളാസും അലക്സാന്ദ്രയും കൊല്ലപ്പെടുകയും, അന്ന വിരുബോവ ഫിന്‍‌ലാന്‍ഡിലേയ്ക്കും, റാസ്‌പുടിന്റെ ഘാതകനായ പ്രിന്‍സ് ഫെലിക്സ് പാരീസിലേയ്ക്കും രക്ഷപ്പെട്ടു. ഹീമോഫീലിയ ബാധിച്ചിരുന്ന അലക്സി രാജകുമാരന്റെ മൃതദേഹം കണ്ടെടുത്തിട്ടില്ലെങ്കിലും വിപ്ലവത്തില്‍ അയാളും കൊല്ലപ്പെട്ടെന്നു വിശ്വസിക്കുന്നു. പലായനത്തിനിടെ മാക്സിം ഗോര്‍ഖിയുമായി സൌഹൃദത്തിലേര്‍പ്പെട്ട അന്ന, അദ്ദേഹത്തിന്റെ പ്രേരണയാല്‍ റഷ്യന്‍ അന്തഃപുരത്തിലെ ജീവിതത്തിനെ കുറിച്ചൊരു ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സാഷാ എന്നുള്ളതു് അലക്സാന്ദ്രയുടെ വിളിപ്പേരാണു്.

Subscribe Tharjani |