തര്‍ജ്ജനി

ഡോ. ടി. പി. നാസര്‍

സമവേശ്‌മ, 23&599, കണ്ണഞ്ചേരി, പി.ഒ. കല്ലായി കോഴിക്കോട്‌ - 3

Visit Home Page ...

കഥ

എന്റെ അവസാനത്തെ പത്ത് ദിവസങ്ങള്‍

ഞാന്‍ ദത്താത്രേയന്‍.എം.എ, വയസ്സ്‌ നാല്‍പത്തെട്ട്‌.
ഇപ്പോള്‍ ഞാന്‍ മരിച്ചു കിടക്കുകയാണ്‌.....

കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. മൂക്കില്‍ പഞ്ഞി തിരികിയിട്ടുണ്ട്‌. താടി, തലയോട്‌ ചേര്‍ത്ത്‌ റിബണ്‍ കൊണ്ട്‌ കെട്ടിയിരിക്കുകയാണ്‌. ചുറ്റുവട്ടവും കുറേപേരുണ്ട്‌. പലരും തേങ്ങലടക്കാന്‍ പാടുപെടുന്നൂ. എന്റെ ഭാരൃ മല്ലിക കരയുന്നില്ല. നിറഞ്ഞ കണ്ണൂകള്‍ കാല്‍മുട്ടുകളിലമര്‍ത്തി കുനിഞ്ഞിരിക്കുന്നു. കുട്ടികള്‍ സൂനിമയും ആതിരയും ആരുടെയോ മടിയില്‍ ബോധരഹിതരായി കിടക്കുന്നു. സഹപ്രവര്‍ത്തകരാണ്‌ കൂടുതലും. അയല്‍പക്കക്കാര്‍ വളരെ കുറവ്‌. അവരുമായി അത്രമാത്രം അടുപ്പത്തിലായി‍രുന്നില്ല ഞങ്ങള്‍. പ്രത്യേകിച്ച്‌ കാരണമൊന്നും ഉണ്ടായിട്ടല്ല. വെറുതെ ഒരകലം സൂക്ഷിച്ചു. അത്രതന്നെ. എങ്കിലും അവരില്‍ ചിലര്‍ വന്നിട്ടുണ്ട്‌. പേരിന്‌ മാത്രം .ആള്‍ക്കാരെന്തു കരുതും എന്ന്‌ വിചാരിച്ചിട്ടാവാം. ഒരു റീത്ത്‌ നെഞ്ചത്ത്‌ കിടപ്പുണ്ട്‌. ‘ഓണ്‍ ബിഹാഫ്‌ ഓഫ്‌ ബാങ്ക്മെന്‍സ്‌ ക്ലബ്ബ്‌‘ എന്ന്‌ ഭംഗിയായി എഴുതി വെച്ചിരിക്കുന്നു. മാനേജര്‍ വന്ന്‌ പോയിട്ടുണ്ടാവും.
ഇനി മറ്റാരും റീത്ത്‌ വെക്കാനില്ല. സാഹിത്യകാരനാണെങ്കിലും എസ്റ്റാബ്ലിഷ്മെന്റുകളോട്‌ എന്നും കലഹിച്ചിരുന്നതുകൊണ്ടാകാം അവരാരും വരാനിടയില്ല. പുതിയ തലമുറയില്‍പ്പെട്ട ഏതാനും എഴുത്തുകാരും പഴയ ചില നക്സലൈറ്റുകളും വന്നിരിക്കാം. പരേതനോടുള്ള കൂറു കൊണ്ട്‌, അല്ലേ? പിന്നെ ചാരായഷാപ്പിലും ബാറിലും സ്ഥിരം കണ്ടുമുട്ടാറുള്ളവരില്‍ ചിലര്‍. പിന്നെ അവള്‍ സുനിത. ഒരു പഴയ കടം ബാക്കിയുണ്ടവള്‍ക്ക്‌. ജീവിതത്തില്‍ ഒരാള്‍ക്കെങ്കിലും കടപ്പെട്ടിരിക്കാത്ത ആരുമുണ്ടാവില്ലല്ലോ. അതൊരു രസമാണ്‌.മല്ലികയ്ക്ക്‌ സുനിതയെ അറിയില്ല. അറിയാനൊരിക്കലും ഇടവരുത്തിയിട്ടുമില്ല.അതങ്ങിനെ കിടന്നോട്ടെ.ഭാവനാത്മകമായ ജിവിതമാണ്‌ കഥ എന്നൊക്കെ പലരും പറയാറില്ലേ. അതു പോലെ.

എപ്പോഴാണെന്നെയിവര്‍ അടക്കം ചെയ്യുക?

ഓ,മറന്നു. കണ്ണുകളും വൃക്കകളും ദാനം ചെയ്യാന്‍ഒപ്പിട്ടുകൊടുത്തതാണ്‌. പിന്നെശരീരം മെഡിക്കല്‍ കൊളേജ്‌ വിദ്യാ‍ര്‍ത്ഥികള്‍ക്ക്‌ കീറിമുറിച്ചു പഠിക്കാനും.
എല്ലാം സുനിതക്കറിയാം.പിന്നെ ഡോ.വാസുദേവനും.മല്ലിക അവസാനം അറിഞ്ഞാല്‍ മതി. മുമ്പെ പറഞ്ഞാല്‍ അതൊന്നും താങ്ങാനുള്ള സഹന ശക്തി അവള്‍ക്കില്ല. ഡോ.വാസു ചിലപ്പോള്‍ അതിനുള്ള എറൈഞ്ചുമെന്റുകള്‍ ചെയ്യുകയാവും.അതാണ്‌ കാണാത്തത്‌....

ഒന്നു വേഗം എടുത്താല്‍ മതിയായിരുന്നു.

ജൂലായ്‌ എട്ട്‌. വ്യാ‍ഴം

ഒന്നെനിക്കുറപ്പായിരുന്നു.എപ്പോഴും അയാളെന്റെ പിറകിലുണ്ട്‌.
ഇതാ നോക്കൂ. ഇപ്പോള്‍ അയാള്‍ ചിരിക്കുകയാണ്‌.ഒരു പരിഹാസച്ചുവയുണ്ടതിന്‌. എനിക്കു വല്ലാതായി. മാറില്‍ നിന്നും കൈയെടുത്ത്‌ ഞാന്‍ സുനിതയോട്‌ എഴുന്നേല്‍ക്കാന്‍ പറഞ്ഞു. അവളെന്റെ കൈ കൂടുതല്‍ മുറുക്കിപ്പിടിച്ചതേയുള്ളു. വിടു്‌....
കൈകുടഞ്ഞ്‌ ഞാനവളോടു പറഞ്ഞു ‘അതാ,അയാള്‍.‘

എന്റെ പരിഭ്രമം കണ്ടിട്ടായിരിക്കണം ഞെട്ടിയെഴുന്നേറ്റ്‌ സുനിത ഞാന്‍ വിരല്‍ ചൂണ്ടിയിടത്തേക്ക്‌ നോക്കി ‘ആരുല്ലാലോ...ദത്തേട്ടന്‌ തോന്ന്ണതാ....‘
-അല്ല ശരിയ്ക്കും ഞാനയാളെ കണ്ടു.
വിശ്വസിക്കാനാവാതെ , എന്നാലതേ സമയം പതര്‍ച്ചയോടെ, സുനിത ജനവാതിലിന്നരികിലേക്കു നടന്നു.കര്‍ട്ടന്‍ വിടര്‍ത്തി, പാളികകള്‍ കൊളുത്തിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തി. പിന്നെ എന്നെ നോക്കി കളിയാക്കി---ഈ ദത്തേട്ടന്റെയോരോ തോന്നലുകള്‍....

അടുത്തു വന്നിരുന്ന്‌ കൈകള്‍ കൂട്ടിപ്പിടിച്ചു്‌ അവളെന്റെ കണ്ണുളിലേക്കുറ്റുനോക്കി. “എന്താ , എന്താ ദത്തേട്ടന്‌ പറ്റിയത്‌? മുമ്പ്‌ ഇങ്ങനൊന്നും ആയിരുന്നില്ല.”
ലോ....
ഞാന്‍ വീണ്ടും അങ്ങോട്ടു നോക്കി.ഇല്ല. ഇപ്പോള്‍ അയാളില്ല.
--ഉവ്വ്‌. ഞാന്‍ കണ്ടതാ...
--ഓ , പിന്നെ ആള്‍ക്കാര്‍ക്ക്‌ ഇതല്ലെ പണി?
അവള്‍ വീണ്ടും എന്റെ മേലേക്കു ചാഞ്ഞു.
ജനലിലേക്കു നോക്കി. കര്‍ട്ടന്‍ ഇളകുന്നുണ്ട്‌. ഫാന്‍കാറ്റിന്റെശക്തിയിലാവണം. എന്നിട്ടും വല്ലാതെ വിയര്‍ക്കുന്നുവല്ലോ...
-- മതി. ഞാന്‍ പോട്ടെ.

വാതില്‍ക്കല്‍ വരെ സുനിത കൂടെ വന്നു. അരക്കെട്ടില്‍ കൈ ചേര്‍ത്തു പിടിച്ച്‌ അവള്‍ പിറുപിറുത്തു. വെറുതെ ഒരു ദിവസം കളഞ്ഞു....
വാതില്‍ തുറക്കുമ്പോള്‍ കൈകള്‍ വിറച്ചു. ഈശ്വരാ ,അവിടെ , പുറത്ത് അയാളുണ്ടായിരിക്കുമോ?
പാതി തുറന്ന്‌ സുനിത തല പുറത്തേക്കിട്ടു. -ഏയ്‌ അവിടാരൂല്യാ. ദത്തേട്ടന്‍ ധൈര്യാ‍യിട്ട്‌ പൊയ്ക്കോ.

ഗെയിറ്റു കടന്ന്‌ പുറത്തു കടന്നപ്പോഴും ഞാന്‍ തിരിഞ്ഞു നോക്കി ‘അയാള്‍ തന്നെ പിന്തുടരുന്നുണ്ടോ..?

ബാങ്കില്‍ നല്ല ജനക്കൂട്ടമുണ്ടായിരുന്നു.തിരക്കിട്ട്‌ ഉള്ളില്‍ കടക്കുമ്പോള്‍ തിരിഞ്ഞു നോക്കി. കൂട്ടത്തില്‍ അയാളുണ്ടോ..? സീറ്റിലിരുന്ന്‌ പുറത്തേക്ക്‌ വീണ്ടും നോക്കി ‘കൂട്ടത്തില്‍ അയാളുണ്ടോ..?

ജൂലായ്‌ ഏഴ്‌. ബുധന്‍

ഓഫീസ്‌ വിട്ടയുടനെ വീട്ടിലേക്കു പോന്നു. വാക്കു പാലിക്കണം.ഇല്ലെങ്കില്‍ മല്ലികയുടെ മുഖം വാടും. അതു കാണാന്‍ വയ്യ.
മല്ലികയ്ക്കെന്നും ക്ലാസ്സിക്കല്‍ കലാരൂപങ്ങളോടായിരുന്നു താല്‍പര്യം. മോഹിനിയാട്ടവും ഭരതനാട്യവും സംഗീത കച്ചേരികളും അവളിഷ്ടപ്പെട്ടു. എനിയ്ക്കു വല്ലാതെ ബോറടിയ്ക്കും. പലപ്പോഴും ഞാനൊഴിഞ്ഞു മാറും. പിന്നെ ആതിരയ്ക്കും സൂനിമയ്ക്കും വേണ്ടി കൂടെ പോകും.അവരും നൃത്തം പഠിക്കുന്നുണ്ട്‌.
എല്ലാവരും ഒരുങ്ങിയിരിപ്പുണ്ടായിരുന്നു.ഒരു ഓട്ടോറിക്ഷ പിടിച്ച്‌ നേരെ ടാഗോര്‍ സെന്റനറി ഹാളിലേയ്ക്ക്‌ ഓടി.

സേതുമാധവന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നു. ഹംസധ്വനി രാഗത്തില്‍ വാതാപി കീര്‍ത്തനം.
സദസ്സ്‌ നിശ്ശബ്ദമാണ്‌.എല്ലാവരും ലയിച്ചിരിക്കുന്നു....
പുല്ലാങ്കുഴലില്‍ കല്യാ‍ണി രാഗമാണത്രെ സേതുവിന്‌ ഇഷ്ടം -മല്ലിക പറഞ്ഞു. കച്ചേരികളില്‍ മൂന്നു വര്‍ണ്ണം പാടിയാണ്‌ കീര്‍ത്തനങ്ങളിലേക്ക്‌ കടക്കുക. ആഭോഗിരാഗത്തില്‍ എവരിബോത, മോഹന രാഗത്തില്‍ നിന്നു കോരി, ശ്രീരാഗത്തില്‍ സ്വാമി നിന്നെ കോരി എന്നീ വര്‍ണ്ണങ്ങളാണ്‌ സേതു പാടിയത്‌.ലയിച്ചിരുന്നു പോയി...

പുറത്തു കടന്നപ്പോള്‍ വേണു ഗോപനെ കണ്ടു. സംവിധായകന്‍.ചില ടി.വി.സീരിയലുകള്‍ ചെയ്തിട്ടുണ്ട്‌.കുറച്ചു ബോധമുള്ള കക്ഷിയാണ്‌. കൈ വീശി വേണു അരികിലേക്കു വന്നു.കൂടെ കേമറാമേനുമുണ്ട്‌.
--സാറ്‌ ഞാന്‍ പറഞ്ഞ കാരൃം മറന്നു..?
--എന്ത്‌?
സത്യത്തില്‍ ഞാനത്‌ മറന്നു പോയിരുന്നു.ടി.വി.സീരിയലിന്‌ ഒരു കഥ. സ്ക്രിപ്റ്റ്‌. ആ മീഡിയം എനിക്കു ചേരുന്നതല്ല.അവനോട്‌ ഞാനതു പലവട്ടം പറഞ്ഞതാണ്‌.
--ആത്മകഥാരൂപത്തിലങ്ങെഴുതിയാല്‍ മതി.ഒരു പാട്‌ അനുഭവങ്ങളില്ലെ? ഞങ്ങള്‍ക്കെങ്കിലും ഉപയോഗപ്പെടട്ടെ , അല്ലേ ചേച്ചി...?
മല്ലിക ചിരിച്ചു.
അവന്റെ തമാശ എനിക്കു ശരിയ്ക്കും പിടിച്ചു.
--മരിച്ചു കഴിഞ്ഞിട്ട്‌ ആത്മകഥയെഴുതുന്നതാണ്‌ നല്ലത്‌ വേണുഗോപാ...എങ്കില്‍ കഥ മുഴുവനാക്കാം.എല്ലാം തുറന്നെഴുതാം.ജീവിച്ചിരിക്കുമ്പോള്‍ തന്നെ എഴുതിയാല്‍ അതു പകുതിയാവും. പിന്നെ മറ്റുള്ളോര്‌ എന്തു വിചാരിക്കുംന്നുള്ള പേടിയും വേണ്ട..

ഞാനുറക്കെ ചിരിച്ചു.

ജൂലായ്‌ ആറ്‌. ചൊവ്വ

ഇന്ന്‌ ബാങ്കില്‍ ഒരുപാട്‌ ജോലിയുണ്ടായിരുന്നു. ബാക്കി വെച്ച്‌ ബാക്കി വെച്ച്‌ എല്ലാം കുന്നു കൂടി. ഏഴുമണിയായിക്കാണണം പുറത്തിറങ്ങിയപ്പോള്‍. റോഡില്‍ സന്ധ്യാ‍ വിളക്കുകള്‍ മിന്നിത്തുടങ്ങിയിരിക്കുന്നു. ഇരുട്ടു പരന്നു തുടങ്ങി. വാഹനങ്ങളുടെ ചവിട്ടടിയില്‍പ്പെടാതെ ഓരം പറ്റി നടന്നു. ടൗണ്‍ ഹാളിന്നടുത്തെത്തിയപ്പോള്‍ ജനക്കൂട്ടം കണ്ടു.മൈക്കില്‍ നിന്നും നല്ല പരിചയമുള്ള ശബ്ദം.എത്തി നോക്കിയപ്പോള്‍ നിസാര്‍ അഹമ്മദ്‌ പ്രസംഗിക്കുന്നു. സ്റ്റേജില്‍ വലിയ ബാനര്‍.

‘ഫാസിസത്തിന്റെ കാലത്തെ എഴുത്തുകാര്‍.‘

ഓ, മറന്നു.നിസാര്‍ വിളിച്ചിരുന്നതാണ്‌ പ്രസംഗിക്കാന്‍.... ഒരു പാവമാണ്‌ നിസാര്‍ അഹമ്മദ്‌. പത്രത്തില്‍ പേരടിച്ചു വരണമെന്നു മാത്രമേയുള്ളു. എന്താണെഴുതുന്നതെന്നും പറയുന്നതെന്നും അവനു തന്നെ അറിഞ്ഞു കൂടാ.ഏതെങ്കിലും വാരിക കൈയില്‍ ചുരുട്ടിപ്പിടിച്ചു നടക്കുന്നവരൊക്കെ നിസാറിന്‌ എഴുത്തുകാരാണ്‌. അവരുടെ ഭാര്യമാരെക്കുറിച്ചൊക്കെ പുള്ളി ഫീച്ചര്‍ എഴതിക്കളയും. കൂട്ടത്തില്‍ ജേക്കബ്‌ കുരുവിലങ്ങാടുണ്ട്‌. അജിത്‌ തമ്പുരാനും. ഇനിയവരുടെ ഊഴമായിരിക്കും. കഥയും കവിതയും ലേഖനവും നാടകവുമെല്ലാം ഒറ്റയടിക്ക്‌ നിരന്തരം എഴുതുന്നവര്‍.ഭാഗ്യവാന്മാര്‍.അസൂയ തോന്നുന്നു. സാഹിത്യത്തില്‍ സ്പെഷലൈസേഷന്റെ കാലം കഴിഞ്ഞു.
പാവം വായനക്കാര്‍.

സ്റ്റേജില്‍ മറ്റൊരാള്‍ കൂടിയുണ്ടല്ലൊ. ആരാണത്‌? ഉവ്വ്‌. സഹസ്രനാമം. പുള്ളിയില്ലെങ്കില്‍ എന്തോന്ന്‌ പരിപാടി ? സ്റ്റേജ് മാനിയാക്ക്‌. എവിടെ സ്റ്റേജ് കണ്ടാലും പുള്ളി വായില്‍ തോന്നിയതൊക്കെ കയറിപ്പറയും. എല്ലാവരോടും പുച്ഛമാണ്‌. സാഹിത്യമായാലും കലയായാലും രാഷ്ട്രീയമായാലും......കൈയടിക്കാന്‍ കൂടെയുള്ളവരും.

ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഒഴിഞ്ഞുമാറി വേഗം നടന്നു.

നേരെ ചാരായ ഷാപ്പിലേക്ക്‌. അതാവും ഭേദം. അവിടത്തെ ചര്‍ച്ച ഇതിനേക്കാള്‍ ജനകീയമാണ്‌. ആത്മാര്‍ത്ഥതയുള്ളതാണ്‌. അവിടെ ഫാസിസമില്ല.എഴുത്തുകാരുമില്ല. വെറും മനുഷ്യര്‍‍.സാധാരണ മനുഷ്യര്‍.

പച്ചമനുഷ്യര്‍‍....

ജൂലായ്‌ അഞ്ച്‌. തിങ്കള്‍

ചരമം

സുഹൃത്തേ,

എന്റെ മരണം നിങ്ങളെ അറിയിക്കുന്നതില്‍ എനിക്കതിയായ സന്തോഷമുണ്ട്‌. ഇന്നു പുലര്‍ച്ചെ നാലര മണിക്കായിരുന്നു അന്ത്യം. ഉറക്കത്തില്‍ നാലേ ഇരുപത്തഞ്ചിന്‌ ആരോ എന്റെ നെഞ്ചിലേക്ക്‌ ഓടിക്കയറുന്നതായി തോന്നി. എന്നിട്ട്‌ എടാ പട്ടീ , നായിന്റെ മോനേ , കഴുവേറിടെ മോനേ എന്നെല്ലാം സ്നേഹപൂര്‍വ്വം വിളിച്ച്‌, നീയിത്ര കാലം ഞങ്ങളെ പറ്റിച്ചു നടന്നു , ഇനി വിടില്ലെടാ എന്നും പറഞ്ഞ്‌ എന്റെ ഹ്യദയം പിടിച്ചു ഞെരിച്ചു.
സുഖകരമായ ഒരു വേദന അനുഭവപ്പെട്ടു എനിക്ക്‌....

നാലര മണിക്ക്‌ ഞാന്‍ കണ്ണടച്ചു. ചിലര്‍ കരയുന്നതും മറ്റു ചിലര്‍ കലപില ശബ്ദമുണ്ടാക്കുന്നതും കേട്ടു. മഹാബോറായിരുന്നു....

ശവ സംസ്ക്കാരം വൈകീട്ട്‌ നടന്നു. സമയം ഓര്‍ക്കുന്നില്ല. അല്ലെങ്കിലും മരണത്തിലെ കൃത്യനിഷ്ഠ മറ്റു കര്‍മ്മങ്ങളില്‍ നാം പാലിക്കാറില്ലല്ലോ. പതിനാറടിയന്തിരത്തിന്‌ താങ്കള്‍ വരുമല്ലോ..

നന്ദി.നമസ്ക്കാരം

വിധേയന്‍.

എഴുതി ത്തീര്‍ന്നപ്പോള്‍ സുനിതയ്ക്കു കൊടുത്തു. കഥ വായിക്കുമ്പോള്‍സുനിതയുടെ കണ്ണുകള്‍ ഒരിക്കലും അടയാറില്ല.അല്ലെങ്കിലും വളരെ അപൂര്‍വ്വമായേ അതൊന്ന്‌ ചിമ്മുന്നതുപോലും ഞാന്‍ കണ്ടിട്ടുള്ളു.അതെന്നില്‍ കൗതുകമുണര്‍ത്തി. ഉറങ്ങുമ്പോഴും അതങ്ങിനെയായിരിക്കുമോ? അടയാതെ ഉറങ്ങുന്നുണ്ടാവുമോ?അതോ അറിയാതെ അടയുന്നുണ്ടാവുമോ..?

ഞാനവളുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചു.

എന്റെ കഥകളുടെ ആദ്യത്തെ വായനക്കാരി സുനിതയാണ്‌.
‘ഈ കഥ വായിച്ച്‌ എനിയ്ക്ക്‌ പേടിയാവുന്നു.....‘ അവള്‍ പറഞ്ഞു.
‘കുറേക്കാലമായി ഈ കഥ എന്റെ നെഞ്ചിനകത്ത്‌ എരിഞ്ഞു തീരുകയായിരുന്നു. ഇപ്പോഴാണത്‌ പെട്ടിത്തെറിച്ചത്‌...‘
‘വേണ്ട. ഇതാര്‍ക്കും അയക്കേണ്ട എന്റെ പക്കലിരിക്കട്ടെ.‘

അവള്‍ കഥ മടക്കി അവളുടെ അലമാറയില്‍ വെച്ചു.

ജൂലായ്‌ നാല്‌. ഞായര്‍

കണ്ണടച്ചിരിക്കുമ്പോള്‍ നല്ല സുഖമുണ്ട്‌.എന്തൊക്കെയോ ഭാരങ്ങള്‍ ഇറക്കിവെച്ച പോലെ.പ്രത്യയ ശാസ്ത്രങ്ങളുടെ ഭാരം. പാഠം മാസിക.വിജയന്‍മാഷ്‌.സുധീഷ്‌.എംപി പരമേശ്വരന്‍. നാലാം ലോക സിദ്ധാന്തം.ക്ലാസ്സിക്കല്‍ കമ്മ്യൂണിസം. ഡോ.ഇഖ്‌ബാല്‍. റിച്ചാഡ്‌ ഫ്രാങ്ക്‌. വിദേശ ധനസഹായം. സിഐഎ . വര്‍ഗ്ഗ രാഷ്ട്രീയം. വര്‍ഗ്ഗീയ ഫാസിസം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം. എ ഡി ബി വായ്പ. ശാസ്ത്ര സാഹിത്യ പരിഷത്ത്‌. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വേള്‍ഡ്‌ സോഷൃല്‍ഫോറം. സാംസ്ക്കാരികാധിനിവേശം. ആഗോളവത്ക്കരണം. ഉദാരവത്കരണം. വികേന്ദ്രീകൃതാസൂത്രണം. മള്‍ട്ടിനാഷനല്‍കേപ്പിറ്റലിസം.സി കെ ജാനു. ആദിവാസി പുനരധിവാസം. ജനകീയാസൂത്രണം. തോമസ്‌ ഐസക്‌.മുത്തങ്ങ. പ്ലാച്ചിമട. കിള്ളി. സാറാജോസഫ്‌. സക്കറിയ......
സച്ചിദാനന്ദനെവിടെപ്പോയി..? കേരളത്തിലില്ലാഞ്ഞത്‌ നന്നായി. ആരാണിപ്പോള്‍ ബൂര്‍ഷ്വാ ? വര്‍ഗ്ഗ ശത്രു ? ചിന്തയും പ്രയോഗവും തമ്മില്‍ ദൂരമെത്ര?

എഴുന്നേറ്റ്‌ പുറത്തിറങ്ങി. തലവേദന കൂടുന്നു. ഡോ.വാസുദേവനെ കാണണം.പഴയ നക്സലൈറ്റ്‌. ഇന്ന്‌ നഗരത്തിലെ ഏറ്റവും പ്രശസ്തനായ ന്യൂറോളജിസ്റ്റാണ്‌.കാണണമെങ്കില്‍ മുന്‍കൂര്‍ ബുക്ക്‌ ചെയ്യണം. നൂറ്റമ്പതു രൂപ പരിശോധനാ ഫീസ്‌. എങ്കിലും ഇപ്പോഴും ഇടതു പക്ഷ അനുഭാവിയാണ്‌. ആയിരത്തിതൊള്ളായിരത്തിഎഴുപത്താറ്‌. അടിയന്തരാവസ്ഥയുടെ ദിനങ്ങള്‍. കായണ്ണ പോലീസ്‌ സ്റ്റേഷന്‍. സഖാക്കള്‍.വെടിപൊട്ടുന്ന ശബ്ദം. രോദനം.ചുമരില്‍പ്പതിഞ്ഞ ചോരപ്പാടുകള്‍. പിടയുന്ന പോലീസ്‌...

.മെഡിക്കല്‍ കോളേജ്‌ ഹോസ്റ്റലിലെ സഖാവു്‌വാസുവിന്റെ മുറി. സഖാവ്‌ കെ.വി. ശബ്ദം താഴ്ത്തി പ്രസംഗിക്കുന്നു. ഒടുവില്‍ മാപ്പു സാക്ഷിയായി വാസു. ജയില്‍ വാസം. ഉരുട്ടല്‍ . ഗരുഢന്‍ തൂക്കം. സാങ്കല്‍പിക കസേര. ലിംഗത്തില്‍ ആണി കയറ്റല്‍. കാവടിയാട്ടം.

ഒന്നര വര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ ആശുപത്രി കയറിയിങ്ങാനേ നേരമുണ്ടായുള്ളു. വാസു അപ്പോഴേക്കും ഡോ.വാസുദേവനായി മാറിയിരുന്നു. ഇന്ന്‌ പരിശോധനയില്ലാത്തതു കൊണ്ട്‌ വാസു വീട്ടിലുണ്ടാവും.... മനോഹരമായ ഒരു വീടാണവന്റേത്‌.പഴയ നാലുകെട്ടിന്റെ മാതൃകയില്‍. നമ്മുടെ തനതുകലകളുടെ അനുരണനങ്ങള്‍ വീട്ടിലും ചുറ്റുവട്ടത്തും നിറഞ്ഞു നില്‍ക്കുന്നു. പുറത്തെ പൂന്തോട്ടത്തിലെ ആട്ടുകട്ടിലില്‍ അവന്‍ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു.

എന്നെയവന്‍ അടുത്തു്‌ പിടിച്ചിരുത്തി.സ്റ്റീരിയോവില്‍ നിന്നും ഉമ്പായിയുടെ ഗസലുകള്‍ ഞങ്ങളെ തഴുകി...ചെറുപ്പത്തില്‌ നമ്മള്‍ രണ്ടും മണ്ണുവാരി കളിച്ചതും...ഒരു സ്വപ്നലോകത്തിലെത്തിയ പോലെ തോന്നി.ഇപ്പോള്‍ തലവേദനയേയില്ല.

ഞാനെന്റെ പ്രശ്നം അവതരിപ്പിച്ചു.
നിന്നെ കാണുമ്പോഴാണ്‌ എനിക്കാകെയൊരാശ്വാസം, അവന്‍ തുടര്‍ന്നു...പഴയ കാലമൊക്കെ ഓര്‍ത്തു പോകും. ശത്രു നമ്മള്‍ക്കിടയില്‍ത്തന്നെയുള്ളപ്പോള്‍ ആര്‍ക്കാണ്‌ തലവേദനയില്ലാതിരിക്കുക..? ഒരോ ദിനവും ഓരോ മനുഷ്യനും ഓരോ സംഭവവും നമുക്ക്‌ അപായ സൂചന നല്‍കുന്നു....
‘അതുകൊണ്ട്‌ ദത്തന്‍ ഒന്നുമേ ആലോചിക്കാതിരിക്കുക. നന്നായി ഉറങ്ങുക. തലവേദന താനേ പോയ്ക്കോളും.‘

പിന്നേയും അവന്‍ തുടര്‍ന്നു, ഇന്നത്തെ കാലത്ത്‌ ഷെനെയുടെ മാര്‍ഗ്ഗമാണ്‌ അഭികാമ്യം. സമൂഹത്തിലെ തിന്മകള്‍ക്കിടയില്‍ സ്വയം ഒരു കള്ളന്റെ റോള്‍.ഏറ്റവും നെറിയുള്ള വേഷം അതാണെന്നുറപ്പിച്ച താത്വിക നിലപാട്‌. യാത്ര പറഞ്ഞു്‌ വേഗം സ്ഥലം വിട്ടു.

ജൂലായ്‌ മൂന്ന്‌. ശനി

ദുപ്പട്ടയുടെ ചുളിവുകള്‍ നേരെയാക്കി മാറോടുചേര്‍ത്തുപിടിച്ച്‌ എത്സാസാമുവല്‍ സദസ്സിനെ നോക്കി ചുണ്ടുകളനക്കി.

മണ്ണാങ്കട്ടയും കരിയിലയും

‘മഞ്ഞിന്റെ നുനുത്ത മേലാപ്പണിഞ്ഞ ഒരു ഡിസംബര്‍ രാത്രിയായിരുന്നു അത്‌. കരയില്‍ തിരമാലകള്‍ ചിത്രങ്ങള്‍ വരയ്ക്കുകയും അവ തനിയെ മാഞ്ഞുപോകുകയും ചെയ്തു കൊണ്ടിരുന്നു. നിലാവത്തു്‌ വള്ളങ്ങളുടെ നിഴലില്‍ അവര്‍ ഇരുന്നു. മൗനത്തിന്റെ വാല്മീകത്തിലേക്ക്‌ അവര്‍ തീര്‍ത്തും ഒതുങ്ങിക്കൂടുകയായിരുന്നു.....?

കഥയുടെ ഒഴുക്കില്‍ എത്സാസാമുവലിന്റെ കണ്ണുകള്‍ നിറയുകയും ചുണ്ടുകള്‍ വിറയ്ക്കുകയും സ്വരം ഒരു ഗദ്ഗദത്തിന്റെ വക്കിലെത്തുകയും ചെയ്തു.
ശ്മശാന മൂകതയായിരുന്നു സദസ്സില്‍. ശില്‍പശാലയില്‍ പങ്കെടുത്തവരുടെയെല്ലാം നോട്ടം അവളില്‍ തറച്ചു നിന്നു. പത്തിരുപതു്‌ പേരേയുള്ളുവെങ്കിലും അവരില്‍ പല തരക്കാരുണ്ടായിരുന്നു.അദ്ധ്യാ‍പകര്‍, ഗുമസ്തര്‍, ബാങ്ക്‌ ജീവനക്കാര്‍, നഴ്സ്‌, പത്രപ്രവര്‍ത്തകര്‍, വക്കീല്‍ തുടങ്ങി സെയ്‌ല്സ്‌ റെപ്രസെന്റേറ്റീവുകള്‍ വരെ. അതില്‍ ചിലര്‍ എത്സയുടെ കഥയുടെ ഒഴുക്കില്‍ പരമീനുകള്‍ കണക്കെ മുങ്ങിത്താഴുകയും ആ നെടുനിശ്വാസങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തു. കൂട്ടത്തില്‍ ഒരു യുവതി മാത്രം ഫെമിനിസ്റ്റുചിന്താഗതിയുള്ളവളായിരിക്കണം കോട്ടുവായ്‌ കൈകൊണ്ടൊതുക്കി കസേരയില്‍ നിവര്‍ന്നിരുന്ന്‌ തന്റെ നീരസം പ്രകടമാക്കി.അവളുടെ കാതുകളില്‍ കമ്മലോ, കൈകളില്‍ വളകളോ ,കഴുത്തില്‍ മാലയോ, വിരലുകളില്‍ മോതിരമോ ഉണ്ടായിരുന്നില്ല.വളരെ അലങ്കോലപ്പെട്ട ഒരു വേഷധാരണമായിരുന്നു അവളുടേത്‌.

പ്ലാറ്റ്ഫോമില്‍ എത്സയ്ക്കരികിലായ്‌ ഇരിക്കുന്ന ആ മുഖ്യ പ്രഭാഷകന്‍ മേശ
മേല്‍ കൈകളൂന്നി തന്റെ കണ്‍കോണുകളാല്‍ എത്സയെ ആപാദചൂഢം ഉഴിയുകയായിരുന്നു. കഥയേക്കള്‍ മനോഹരം തന്റെ ശരീരം തന്നെ. ഉത്തരാധുനികത -ലാവണൃവും ദര്‍ശനവും.അയാള്‍ ഇടയ്ക്കിടെ ഉമിനീരിറക്കി. എത്സാസാമുവലാകട്ടെ അതൊന്നും അറിയുന്നില്ല.അവരുടെ കഥ കാലവും ദേശവും വിട്ട്‌ ഒഴുകിക്കൊണ്ടിരുന്നു. കഥയിലെ കഥാപാത്രത്തെപ്പോലെ ഇടയ്ക്കിടെ വികാരവതിയായി , നിര്‍ത്തി, പിന്നെയും തുടര്‍ന്നു.സദസ്സില്‍ ചിലരെയെങ്കിലും അതൊന്നു്‌ നീരസപ്പെടുത്താതിരുന്നില്ല.അവസാനം ഒരു നീണ്ട നെടുവീര്‍പ്പില്‍ അവര്‍ കഥ അവസാനിപ്പിച്ചു.

‘പരിദേവനം തീര്‍ത്ത അവസാദമായി എന്റെ ഗായത്രി. നിനക്ക്‌ സ്നേഹത്തില്‍ തീര്‍ത്ത ഏതു ശില്‍പമാണ്‌ ഞാന്‍ നല്‍കേണ്ടതു്‌...?.‘
സദസ്സില്‍ കൈയടി ഉയര്‍ന്നു.ദൂരദര്‍ശനില്‍ കാണുന്ന മുശായിര പോലെ പല രും വ,വ,വ.. എന്നു്‌ പറയുന്നതു കേട്ടു. കഥ വിലയിരുത്താന്‍ കയറിവരില്‍ ഒരാള്‍ കഥ വളരെ ട്രന്‍സ്പേരന്റാണെന്നും കഥാതന്തുവിന്റെ ടെമ്പോ ആദ്യമേ നഷ്ടപ്പെട്ടുവെന്നും കഥയുടെ ട്വിസ്റ്റ്‌ ഒട്ടും ശരിയായില്ലെന്നും വിലപിച്ചു.
വല്ലാതെ ബോറടിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റു. നിസാര്‍ അഹമ്മദാണെന്റെ കൈയേല്‍ കയറിപ്പിടിച്ചത്‌.

--ദത്തന്‍ സാര്‍ വല്ലതും പറഞ്ഞിട്ടു പോ..., അവന്‍ നിര്‍ബ്ബന്ധിച്ചു.
--അതു വേണോ..?
--പിന്നല്ലാതെ.

ഈ കഥ ഒരു പീറക്കഥയാണ്‌. എത്സാസാമുവല്‍ ഇനി കഥയെഴുതരുത്‌. വായനക്കാരെ ഇങ്ങിനെ ഭര്‍ത്സിക്കരുത്‌. കഥാസാഹിത്യത്തെ ഇങ്ങിനെ വസ്ത്രാക്ഷേപം ചെയ്യരുത്‌....കാലത്തോടു കലഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അഥവാ സംവദിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒന്നുമെഴുതരുത്‌. അതു നിലനില്‍ക്കില്ല. ഈ സത്യം എത്സാസാമുവല്‍ മനസ്സിലാക്കുന്നതു നന്ന്‌.

ജൂലായ്‌ രണ്ട്‌. വെള്ളി

ഇന്നു്‌ ബാങ്കില്‍ മുരളി വന്നു. അവനൊരു പുസ്തകം കൊണ്ടുത്തന്നു.സൂസന്‍സോണ്‍ടാഗിന്റെ ‘റിഗാഡിംഗ്‌ ദ പെയിന്‍ ഓഫ്‌ അദേര്‍സ്‌‘ മറ്റുള്ളവരുടെ വേദനയെക്കുറിച്ച്‌. ഓണ്‍ ഫോട്ടോഗ്രാഫിയുടെ എഴുത്തുകാരി. ആ ഗ്രന്ഥം ഒരിക്കലെന്നെ വല്ലാതെ ഉലച്ചിരുന്നു.കേമറ കള്ളം പറയില്ലെന്നും ആ സത്യം സംവേദമാക്കുന്ന ദുരന്തങ്ങള്‍ വാക്കുകള്‍ക്കതീതമാണെന്നും അവര്‍ പറയുന്നു. വേദനയുടെ സ്പന്ദനങ്ങള്‍ ഇതുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മറ്റൊരു മീഡിയമില്ല.യുദ്ധത്തിന്റെ കെടുതികള്‍ എത്രമാത്രം ഭീകരമാണ്‌. സെപ്തംബര്‍ പതിനൊന്നില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്കും,പിന്നീട്‌ ഇറാക്കിലേക്കും....ബോസ്നിയ, റുവാണ്ട, ബാലി, ചെസ്നിയ, പാലസ്തീന്‍.

ഇന്നിനി ബാങ്കില്‍ ഒന്നിലും ശ്രദ്ധ ചെലുത്താന്‍ കഴിയില്ല.കണക്കുകളെല്ലാം തെറ്റും. മറ്റുള്ളവരുടെ വേദനകള്‍ എന്നെ വേട്ടയാടാന്‍ തുടങ്ങി....
വീട്ടിലെത്തിപ്പോള്‍ മല്ലിക ചോദിച്ചു. ഉം. എന്തു പറ്റി..?
പുസ്തകം മേശപ്പുറത്തു വെച്ചു്‌ ടി.വി. ഓണ്‍ ചെയ്തു.വാര്‍ത്തകളുടെ സമയമാണ്‌.
---ചായ എടുക്കട്ടെ.
---ങ്ഹാ..വല്ലാത്ത തലവേദന.
---എന്തു പറ്റി?
അവള്‍ അടുത്തു വന്നിരുന്ന്‌ നെറ്റിയിലും കഴുത്തിലും തലോടി. വിരലുകള്‍ തണുത്തിരിക്കുന്നു. സുനിതയുടെ സ്പര്‍ശം കുറച്ചുകൂടി മൃദുവാണെന്നു തോന്നി.മല്ലിക തലോടുമ്പോള്‍ അങ്ങിനെയൊന്നും തോന്നാത്തതെന്തേ?
-- ഇപ്പോഴായിട്ട്‌ ഇടയ്ക്കിടെ ഉണ്ടല്ലൊ.ഒരു അനാസിന്‍ എടുക്കട്ടെ?
-ങ്ഹാ.

മല്ലിക ഒന്നുകൂടെ എന്നോടു്‌ ചേര്‍ന്നിരുന്നു.പിന്നെ മടിയില്‍ തല ചേര്‍ത്തുവെച്ച്‌ എന്നെ കിടത്തി കൊച്ചുകുട്ടിയെ എന്ന പോലെ തലോടി. ആതിരയും സൂനിമയും സ്ക്കൂളില്‍ നിന്നെത്തിയിട്ടുണ്ടാവില്ല.ബഹളമൊന്നും കേള്‍ക്കാനില്ല.ചിലങ്കയുടെ ശബ്ദവുമില്ല.
---ഇപ്പോള്‍ കുറവുണ്ടോ..?
---ഉം.
---ഇങ്ങിനെ വെച്ചിരിക്കണോ?ഒരു ന്യൂ‍റോളജിസ്റ്റിനെ കാണിച്ചാലെന്താ? കുറേക്കാലായില്ലേ തുടങ്ങീട്ട്‌..
---ഉം .
---ആ ഡോക്ടര്‍ വാസുദേവനെ കാണിക്ക്‌. ആള്‍ക്ക്‌ നല്ല പേരാ..
---കാണിക്കാം.
ടി.വി .സ്ക്രീനില്‍ മുഖങ്ങള്‍ മിന്നിമറയുന്നു.നിഴലും വെളിച്ചവും ഇടകലരുന്നു..

ഉറങ്ങിപ്പോയതറിഞ്ഞില്ല.

ജൂലായ്‌ ഒന്ന്‌. വ്യാ‍ഴം

ഉച്ച തിരിഞ്ഞു്‌ ഹാഫ്‌ ഡേ ലീവെഴുതി വെച്ചു്‌ ബാങ്കില്‍ നിന്നിറങ്ങി. നേരെ സുനിതയുടെ വീട്ടിലേക്കു തിരിച്ചു.
അവള്‍ ചോദിച്ചു എന്തേ ഈ നേരത്ത്‌ ?
നിന്നെ ഞാന്‍ ബലാത്സംഗം ചെയ്യാന്‍ പോണു---ഞാന്‍ പറഞ്ഞു.
ങ്ഹാ..പിന്നെ

...ഇപ്പോള്‍ ഞാന്‍ സുനിതയെ ചുംബിക്കുകയാണ്‌. എന്റെ ചുണ്ടുകള്‍ ചൂണ്ടപോലെ അവളെ കോര്‍ത്തെടുത്തു വലിക്കുകയാണ്‌.സുനിത കുരുങ്ങിയ മത്സ്യം കണക്കെ പിടഞ്ഞു. നങ്കീസ്‌ വലിച്ചു പിടിച്ച്‌ ഞാനവളെ കൂടയിലേക്കിട്ടു. ഞാനവളുടെ വസ്ത്രങ്ങളോരോന്നായി അഴിച്ചെടുത്തു.ഇപ്പോള്‍ സുനിത പൂര്‍ണ്ണ നഗ്നയാണ്‌.കറേ നേരം നോക്കി നിന്നു. പിന്നെ ഞാനവളുടെ കൈകാലുകള്‍ ഓരോന്നായി കട്ടിലിന്റെ അഴികളോട്‌
ചേര്‍ത്തു കെട്ടിയിട്ടു.
സുനിത ചിരിക്കുകയായിരുന്നു
---ഇതെന്തു പറ്റി..? എന്ത്‌ ഭ്രാന്താ കാണിക്കണത്‌...?
പോക്കറ്റില്‍ക്കിടന്ന പക്ഷിത്തൂവലെടുത്ത്‌ ഞാനവളുടെ ശരീരമാകമാനം തലോടി. അവള്‍ പിടഞ്ഞു.കൈകാലുകള്‍ വലിഞ്ഞുമുറുകി.
വേട്ടപ്പട്ടിയെപ്പോലെ ഞാന്‍ നിന്നു കിതച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനവളുടെ കെട്ടുകളഴിച്ചു വിട്ടു. വസത്രങ്ങളോരോന്ന്‌ തപ്പിത്തിരഞ്ഞു്‌ ധരിക്കുമ്പോള്‍ അവള്‍ പിറുപിറുക്കുന്നതു കേട്ടു. ശരിയ്ക്കും വട്ടു തന്നെ..

ജൂണ്‍ മുപ്പതു്‌. ബുധന്‍

---വേണ്ട. അതു വേണ്ട. ശരിയല്ല.ഞാനിതിനൊക്കെ എന്നും എതിരാണ്‌..
മുരളി കോപിച്ചു. പോടാ, ഇപ്പോഴെല്ലാവരും മീഡിയകളില്‍ വന്നു കിട്ടാന്‍ പാടുപെടുന്ന കാലമാ. അപ്പോഴാ നിന്റെ ഒഴിഞ്ഞു മാറല്‌..
ഞാനവനോടു ചോദിച്ചു. നിനക്കെന്നെ നന്നായറിയാവുന്നതല്ലേ..?

---പുതിയ പിള്ളേരാണടേയ്‌. ആദ്യ ലക്കമാ. എന്തെങ്കിലും എക്സ്ക്ലൂസിവായി വേണമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തന്നാ സജ്ജസ്റ്റ്‌ ചെയ്തതു്‌.ഇന്റര്‍വ്യൂ തരപ്പെടുത്തിത്തരാമെന്ന്‌ അങ്ങേറ്റും പോയി.
---വേണ്ട.ശരിയാവില്ല.
---കുറച്ചു സ്റ്റഫുള്ള സാധനങ്ങളാ. പുറംപോച്ചല്ല. ഇടതു പക്ഷ ആഭിമുഖ്യമുള്ള വരാ.അങ്ങു്‌ രക്ഷപ്പെട്ടോട്ടടേയ്‌. അവരിപ്പം ഇങ്ങെത്തും.നീയൊന്ന്‌ സഹകരിയ്ക്ക്‌..
മല്ലികയും അവനു കൂട്ടു ചേര്‍ന്നു.ശരി. ജീവിതത്തിലാദ്യമായ്‌ ഒരു ഇന്റര്‍വ്യൂവിന്‌ നിന്നു കൊടുക്കുകയാണ്‌. ഫോട്ടോ പാടില്ല.
ശരി സമ്മതിച്ചു.
നാവെടുക്കും മുമ്പ്‌ അവരെത്തി. ഒക്കെ പിള്ളേരാണ്‌. രണ്ടെണ്ണത്തിന്‌ താടിയുണ്ട്‌. ഫ്രെഞ്ചു താടി. ജീന്‍സും ടീ ഷര്‍ട്ടും. പഴയ കാലത്തെപ്പോലെ തോളില്‍ സഞ്ചിയില്ല. എല്ലാവര്‍ക്കും ഇരിക്കാന്‍ കസേരകളില്ലായിരുന്നു. കുറച്ചുപേര്‍ തിണ്ടിന്മേല്‍ കയറിയിരുന്നു. സംയമനം മാസിക. പേരു കൊള്ളാം. പ്രസക്തി. പ്രേരണ. യെനാന്‍. സംക്രമണം.
..ഓര്‍മ്മകളില്‍ മിന്നിമറയുന്നു.

ഒരാള്‍ . അടിയന്തിരാവസ്ഥയില്‍ നിന്നും തുടങ്ങാം. അതിന്റെ ഇരുപത്തൊമ്പതാം വാര്‍ഷികമാണല്ലൊ ഇപ്പോള്‍. പഴയ ഓര്‍മ്മകള്‍ ..?
ഈ കാലത്തെ നമ്മുടെ ഏറ്റവും വലിയ സിദ്ധി മറവിയാണ്‌. ഓര്‍മ്മകള്‍ നമ്മെ അസ്വസ്ഥരാക്കും.അതുകൊണ്ടു തന്നെ മറവി നമ്മെ ഒന്നും അറിയാത്തവരെപ്പോലെ ജീവിക്കാനനുവദിക്കുന്നു.
മറ്റൊരാള്‍ . താങ്കളുടെ കഥകളില്‍ രാഷ്ട്രീയവും ലൈംഗികതയും എല്ലാം കലര്‍ന്നിരിക്കുന്നു.ഒന്ന്‌ വിശദീകരിക്കാമോ..?
ഏതൊരു വികാരവും അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ നിര്‍മ്മിതിയാണ്‌.

ആത്മാര്‍ത്ഥതയുള്ള രണ്ടു കാര്യമേ ഈ ലോകത്തിലുള്ളു. സെക്സും എഴുത്തും. മറ്റുള്ളവയെല്ലാം കപടമാണ്‌.

മറ്റൊരാള്‍ . സ്നേഹം വളരെ ആപേക്ഷികമായി എടുക്കുന്നവരാണ്‌ മിക്ക കഥാപാത്രങ്ങളും . എന്നാല്‍ ലൈംഗികത അങ്ങനെയല്ല..സെക്സ്‌ പാപമാണെന്നു കരുതുന്നവര്‍ക്കു നേരെയുള്ള നിഷേധിക്കലിന്റെ ഫലമാണത്‌.അതു വളരെ ഡിവൈന്‍ ആയ ഒരു കാരൃമാണ്‌. അതു പോലെ ഡിവൈന്‍ ആയ ഒന്നു തന്നെയാണ്‌ സ്നേഹവും. എന്നെ എതിര്‍ക്കുന്നവരെയും വെറുക്കുന്നവരെയുമൊക്കെ എനിയ്ക്കു സ്നേഹമാണ്‌. ഏതൊരു വ്യക്തിയെ കാണുമ്പോഴും സ്നേഹമല്ലാതെ മറ്റൊന്നും എനിയ്ക്കു തോന്നാറില്ല.എന്നാല്‍ സ്നേഹം ഉല്‍പാദിപ്പിക്കുന്നതാകട്ടെ സ്വാര്‍ത്ഥതയാണ്‌.ഒരു തരം പോസസ്സീവ്നെസ്സിലേക്ക്‌. സ്നേഹത്തിന്റേതാണ്‌ ഏറ്റവും കാഠിന്യമേറിയ ബന്ധനമെന്നു പറഞ്ഞതാരാണ്‌..?

മറ്റൊരാള്‍ . താങ്കളുടെ തലമുറയിലെ മറ്റു കഥാകൃത്തുകളുമായി താരതമ്യം ചെയ്യുമ്പോള്‍ താങ്കളുടെ കഥകള്‍ പുതിയ കാലവുമായി ചേര്‍ന്നു നില്‍ക്കുന്നതായി കാണപ്പെടുന്നു.
ജിദ്ദു കൃഷ്ണമൂര്‍ത്തിയെ കടമെടുത്തു പറയട്ടെ? നിങ്ങളൊരിക്കലും താരതമ്യം നടത്താതിരിക്കുമ്പോള്‍ , എതിരിടാനുള്ള ഒരു രൂപം നിങ്ങള്‍ക്കു മുമ്പില്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ ജീവിതം സ്വച്ഛവും സത്യപൂര്‍ണ്ണവുമായി മാറുകയാണ്‌.അപ്പോള്‍ നിങ്ങളുടെ മനസ്സ്‌ വളരെ വിശാലവും കൂര്‍മ്മവും സംവേദനമുള്ളതുമായി മാറുകയാണ്‌.നിങ്ങളുടെ ആലോചനകളില്‍,വാക്കുകളില്‍,കര്‍മ്മങ്ങളില്‍ അയത്നത നിറയുകയാണ്‌.നിങ്ങള്‍ അപ്പോള്‍ എന്താണോ അതാവുകയാണ്‌.താരതമ്യമില്ലാതെയും മൗലികമായും ജീവിക്കുന്നതിന്റെ മഹിമ നമുക്കറിയില്ല. അതുകൊണ്ടാവണം അക്രമവും
മാത്സര്യവും ഹിംസയും നമ്മുടെ ജീവിതത്തെ പിന്തുടരുന്നത്‌. അതു നമ്മുടെ കാഴ്ചപ്പാടിനെയും ബാധിക്കുന്നു.

മറ്റൊരാള്‍ . ആത്യന്തികമായി കഥയില്‍ നിന്നുത്ഭവിക്കുന്ന ദര്‍ശനം..

ഒരു കഥയും ദര്‍ശനങ്ങളുടെ പേരില്‍ വായിക്കപ്പെടുന്നത്‌ ശരിയല്ല.കഥകള്‍ ആരെയും തിരുത്തുന്നില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലാണെങ്കില്‍ ഭൗതികമായ തിരുത്തപ്പെടലുകള്‍ക്കൊണ്ടു മാത്രമായില്ല. മനസ്സിന്റെയും ഹ്യദയത്തിന്റെയും തലച്ചോറിന്റെയും കൂട്ടായ്മയില്‍ നിന്നു വേണം തുടങ്ങാന്‍.അന്തിമ വിശകലനത്തില്‍ മാറ്റത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ നമ്മള്‍ക്കാവണം.തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനുമുള്ള ആര്‍ജ്ജവം. അതാണാവശ്യം---വിമര്‍ശനാത്മക വിവേചന ശേഷി..

മറ്റൊരാള്‍ . വായനക്കാര്‍ക്ക്‌ കഥാപാത്രങ്ങളുമായി സാത്മ്യം പ്രാപിക്കാനുതകുന്ന ഒരവസ്ഥാ വിശേഷം പ്രദാനം ചെയ്യുന്ന ഒട്ടനവധി കഥകള്‍ താങ്കളുടേതായിട്ടുണ്ട്‌. ഉദാഹരണമായി..

ഈ ചോദ്യം ബാലിശമാണ്‌. ഉത്തരം പറയാന്‍ ഞാന്‍ ബാധ്യസ്ഥനുമല്ല. എം.ടിയുടെ ഒരു കഥാപാത്രം പറയുന്നില്ലേ, യഥാര്‍ത്ഥ സ്വഭാവമെന്തെന്ന്‌ ആര്‍ക്കും മനസ്സിലാവരുത്‌. അനവധി സ്വഭാവങ്ങള്‍ വേണം. കുപ്പായം പോലെ പല നിറത്തില്‍ അ മാറ്റിക്കൊണ്ടിരിക്കണം.എപ്പോഴും ആള്‍‍ക്കാര്‍ക്ക്‌ പിഴയ്ക്കണം...

മറ്റൊരാള്‍ . ഇനി വ്യക്തിപരമായ ചില ചോദ്യങ്ങള്‍..

നിങ്ങള്‍ക്കു പോകാം.

Subscribe Tharjani |