തര്‍ജ്ജനി

രോഷ്ണി സ്വപ്ന

സാരംഗ്‌
ഈസ്റ്റ്‌ നട
ഇരിങ്ങാലക്കുട -680121
തൃശ്ശൂര്‍

Visit Home Page ...

കഥ

പരേതന്‌ പറയാനുള്ളത്‌

ജീവിച്ച ജീവിതത്തിന്റെ അടയാളങ്ങള്‍, സന്തോഷിച്ചതിന്റെ കണക്ക്‌, വേദനിച്ചതിന്റെ പട്ടിക, മുറിഞ്ഞതിന്റേയും, മുറിവു കൂടിയതിന്റേയും ശരികള്‍, തെറ്റുകള്‍, ഉറക്കത്തിന്റേയും, ഉണര്‍ച്ചയുടേയും തെളിവെടുപ്പുകള്‍! മകനായും, കാമുകനായും, ഭര്‍ത്താവായും, അച്ഛനായും, ഉദ്യോഗസ്ഥനായുമൊക്കെ ഒരു മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത കണക്കുകളുടെ ആകെത്തുകയാണോ അയാളുടെ സമം?

ഒരു മനുഷ്യന്‍ എന്തായിരുന്നുവെന്നതിന്‌ പകരം ഒരൊറ്റ വാക്കുണ്ടായിരിക്കുമോ? മരണശേഷം ഒന്നുമില്ലായ്മയില്‍ നിന്നുകൊണ്ട്‌ ഒരു മനുഷ്യന്‍ അയാളെത്തന്നെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതെങ്ങിനെ? സ്വാഭാവിക മരണങ്ങളാണങ്കില്‍ ആ വ്യക്തിയെക്കുറിച്ച്‌ ഭാഷയില്‍ നിന്ന്‌ കണ്ടെടുക്കപ്പെടാവുന്നതില്‍ ഏറ്റവും അനുയോജ്യമായ വാക്കുകള്‍കൊണ്ട്‌ അലങ്കാരങ്ങള്‍ തീര്‍ക്കുന്നു. ജീവിതംകൊണ്ട്‌ മഹാന്മാരായവര്‍ ആരുമറിയാതെ പത്രക്കടലാസിന്റെ ഒരു മൂലയിലേയ്ക്ക്‌ ഒരൊറ്റ കോളം വാര്‍ത്തയായി ചുരുങ്ങിപ്പോകുന്നു. പത്രമാഫീസിലെ ഇത്രയും കാലത്തെ ജോലിത്തിരക്കിനിടയില്‍ ഞാന്‍ അധികവും ചെയ്തിട്ടുള്ളത്‌ മരണ വാര്‍ത്തകള്‍ ഒരുക്കുകയെന്നതാണ്‌. ചരമകോളങ്ങളിലേയ്ക്ക്‌ ഉറ്റുനോക്കും വിധത്തില്‍ തുറിച്ച കണ്ണുകളോടെ ഭീതി പൂണ്ടിരിക്കുന്നവരുടെ ചിത്രങ്ങള്‍, ജീവിതത്തിന്റെ അത്യാനന്ദത്തിനിടയിലെടുത്ത ഫോട്ടോയുമായി ആത്മഹത്യാ കോളത്തിലേയ്ക്ക്‌ വരുന്നവര്‍, പ്രണയകാലത്തെ വസന്തം വിതറുന്ന പുഞ്ചിരിയുമായി കടക്കെണികളില്‍ മുങ്ങിമരിച്ചവര്‍...

ഒരു മരണത്തെ ഏത്‌ അടരിലേയ്ക്കാണ്‌ നാം പരിഗണിക്കേണ്ടത്‌? അഥവാ മരണത്തെ നിരീക്ഷിക്കുവാനായി യാദൃശ്ചികമായി മരണസ്ഥലങ്ങളെ സന്ദര്‍ശ്ശിക്കുകയാണോ മരണപ്പെട്ടവരെ നേര്‍ക്കു നേര്‍ കാണുകയാണോ വേണ്ടത്‌? ഞാന്‍ ആലോചിക്കാറുണ്ട്‌ മരണത്തെ യാദൃശ്ചികമെന്ന കള്ളിയിലേയ്ക്കു നീക്കി നിര്‍ത്തി അറിയാന്‍ ശ്രമിക്കുമ്പോള്‍ നാം തന്നത്താനെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിപ്പിക്കുന്നു. പകരം സ്ഥിരം ഒഴിച്ചിടുന്ന പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും, ഒരു പെട്ടി കോളം വാര്‍ത്തയുമായി മരണം മാത്രം ബാക്കി നില്‍ക്കുന്നു.

ഇത്തരം ചിന്തകളില്‍ നിന്ന്‌ വേറിട്ട്‌ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങളില്‍ക്കൂടി സ്വാഭാവികതയില്‍ നിന്ന്‌ മാറി അതിന്‌ തുകല്‍ വിരിവുകള്‍ പൊട്ടിയൊലിച്ച ചോരയുടേതോ, അറുക്കപ്പെട്ട മാംസ അടരുകളുടെ ചുവപ്പും, ഇളം വെളുപ്പും ഇടകലര്‍ന്ന കൊഴുത്ത കാഴ്ചയുടേതോ ഒക്കെ ഇഴപിരിഞ്ഞ ഒരു മടുപ്പിന്റെ അനുഭവമാണുണ്ടാവുക. മരണത്തിനു തൊട്ടുമുന്‍പനുഭവിച്ച തീവ്രയാതനയുടേയും, കൊടും പീഢയുടേയും ചുളിവുകളില്‍ക്കൂടി ഉറുമ്പരിച്ച്‌, വേദനിച്ചുകിടക്കുന്ന മുഖങ്ങളുടെ നേര്‍ക്കുനോക്കുമ്പോള്‍, ആ മരണത്തിന്‌, അതു കഴിഞ്ഞ്കഴിയുമ്പോള്‍ വലിയൊരു ലളിതവത്കരണം നടക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്‌. മരണത്തിന്റെ നിര്‍യുക്തികതയും, നൈരാശ്യവും, ലാളിത്യവും നമ്മെ അതിലേയ്ക്ക്‌ കുടുതല്‍ ആഴത്തിലേയ്ക്ക്‌ ആകര്‍ഷിക്കുകയും ചെയ്യും.

ദിനം പ്രതി മരണങ്ങളുടെ കണക്കുകളുമായി എന്നെ കാത്തിരിക്കുന്ന നീല ഫയലുകള്‍ക്കിടയില്‍ നിന്ന്‌ ഒരേ വാര്‍ത്തകളെന്ന്‌ തോന്നിക്കുന്ന ചില മാതൃകകള്‍ക്കുള്ളിലേയ്ക്ക്‌, പേര്‌, സ്ഥലം, വയസ്സ്‌ എന്നിവമാത്രം മാറ്റിയെഴുതപ്പെടുന്നു. ഒരേ കാരണങ്ങള്‍, ആത്മഹത്യ, അപകടം, വാര്‍ദ്ധക്യം... മരണത്തിന്‌ മറ്റൊരു കാരണങ്ങളുമില്ലേ? ഈ എഴുത്ത്‌ എനിയ്ക്ക്‌ മടുത്തിരുന്നു, ഞാനത്‌ ഒരിയ്ക്കല്‍ ബ്യൂറോ ചീഫിനോട്‌ പറയുകയും ചെയ്തതാണ്‌. വര്‍ഷങ്ങളായി മരണ വാര്‍ത്തകള്‍ എഴുതി ശീലമുള്ള എനിയ്ക്ക്‌ മറ്റൊരു സെക്ഷന്‍ തരാന്‍ അദ്ദേഹം വിമുഖനാണെന്ന്‌ മനസ്സിലായതോടെ വീണ്ടും റോഡപകടങ്ങളുടേയും, ആത്മഹത്യകളുടേയും, കൊലപാതകങ്ങളുടേയും വിളര്‍ത്ത ഇടങ്ങള്‍ സന്ദര്‍ശിക്കുകയും, തീര്‍ത്തും നിസംഗനായിത്തന്നെ വാര്‍ത്തകള്‍ എഴുതുകയും ചെയ്തു. ഇതിനിടയില്‍ എന്റെ ഓഫീസ്‌ സ്ഥിതിചെയ്യുന്ന കെട്ടിടം ഇളം നീല നിറത്തില്‍ നിന്ന്‌ ഇളം വെള്ള നിറത്തിലേയ്ക്ക്‌ മാറി.

ആയിടയ്ക്ക്‌ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു വ്യാഴാഴ്ച കാലത്ത്‌ ഇളം കറുപ്പു നിറത്തില്‍ മെലിഞ്ഞ ആ മനുഷ്യന്‍ എന്റെ ഓഫീസില്‍ കയറി വന്നു. ചില്ലുവാതില്‍പ്പുറത്ത്‌ തന്റെ പഴകിയ തോല്‍ച്ചെരിപ്പ്‌ സസൂക്ഷ്മം അഴിച്ചു വച്ച്‌ അയാള്‍ അകത്തേയ്ക്കു കയറിവന്നു. മൂന്നു വരികളിലായി സജ്ജീകരിച്ചിരിക്കുന്നമേശകള്‍ക്കിടയിലൂടെ സാവധാനം നടന്ന്‌ ഏറ്റവും പിന്നിലെ വരിയിലെ രണ്ടാമത്തെ മേശയ്ക്കരികില്‍ എന്റെ മുന്നില്‍ വന്നു നിന്നു. അയാളുടെ സാന്നിദ്ധ്യത്തില്‍ എന്തോ പഴകിയ ഗന്ധം ഉയരുന്നുണ്ടായിരുന്നു.. അസാമാന്യമായ നീണ്ട വിരലുകള്‍ക്ക്‌ എല്ലുകളുടെ മുഖഛായയായിരുന്നു. എന്റെ മുന്നില്‍ വന്ന്‌ ഒരു സ്റ്റൂള്‍ വലിച്ചിട്ട്‌ ഇരുന്നതിനു ശേഷം അയാള്‍ ചോദിച്ചു.

"മരണവാര്‍ത്തകള്‍ എവിടെയാണ്‌ എടുക്കുക?" എന്റെ മറുപടിയ്ക്ക്‌ കാത്തു നില്‍ക്കാതെ തന്നെ അയാള്‍ തുടര്‍ന്നു. "അല്ല ഇതു തന്നെയാണ്‌ മരണത്തിനെപ്പോഴും എല്ലാറ്റിന്റേയും പിന്നില്‍ പതുങ്ങിയിരിക്കാനാണല്ലോ ഇഷ്ടം!"

അയാള്‍ മധ്യവസ്കനായിരുന്നു.

എങ്കിലും കാലത്തിന്റെ പഴക്കം കൂടിച്ചേര്‍ന്ന്‌ അയാളെ വൃദ്ധനെന്ന്‌ തോന്നിപ്പിച്ചു. ചുളിവുകള്‍ വീണ നെറ്റിയും, കവിള്‍ തൊലിപ്പുറവും, നരച്ച മുടിയിഴകളും... വലിയ ചെവികളും... അയാള്‍ കുറച്ചു നിമിഷങ്ങള്‍ ഓഫീസിനുള്ളിലുടെ കണ്ണുകളയച്ചു. പിന്നീട്‌ ഒരു താളം വീണ്ടെടുത്തതുപോലെ പീഡിതമായ കണ്ണുകളോടെ, എന്നോടെന്നതിലുപരി, ആത്മഗതമായി പറഞ്ഞു.

"എല്ലാം ഒരു മേല്‍ക്കൂരയ്ക്കു താഴെ."

അയാളുടെ നിസ്സംഗതയില്‍ എനിയ്ക്ക്‌ കൗതുകം തോന്നി. ലോകത്തിലെ ഏറ്റവും നിസ്സംഗന്‍ ഞാനാണ്‌ എന്നാണ്‌ എന്നായിരുന്നു എന്റെ വിചാരം. പക്ഷേ ഇതുവരെ കാണാത്ത ഒരു മനുഷ്യന്റെ മുഖത്തേയ്ക്ക്‌ ഒറ്റമാത്ര നോക്കിയതോടെ എനിയ്ക്ക്‌ ആ അഭിപ്രായത്തില്‍ നിന്ന്‌ മാറേണ്ടിവന്നു.

തലയാട്ടിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു- പകുതി ആത്മഗതമായിത്തന്നെ- "മേല്‍ക്കൂര എന്നൊന്നില്ലല്ലോ ഒക്കെ നമ്മള്‍ പണിതു കൊണ്ടു വരുന്ന ഒരു സങ്കല്‍പം മാത്രം..."

"ശരിയാണ്‌. ഒരുതരം അടിസ്ഥാനമില്ലായ്മ. അല്ലേ?" എന്റെ ആത്മഗതത്തിന്‌ മറുപടിയെന്നോണം അയാള്‍ പെട്ടെന്ന്‌ പറഞ്ഞു. എനിക്കല്‍ഭുതം തോന്നി ഒപ്പം വാശിയും. അലസമായ ഒരു നേരത്ത്‌ വന്ന്‌ ഒരാള്‍ എന്റെ ജോലി കൂടുതല്‍ അലസമാക്കുന്നതായി തോന്നി. അതുകൊണ്ടു തന്നെ ഞാന്‍ പെട്ടെന്ന്‌ കാര്യത്തിലേയ്ക്ക്‌ കടന്നു.

"മരിച്ചയാളുടെ പേരും വിശദവിവരങ്ങളും, ഫോട്ടോ ഉണ്ടെങ്കിലതും ഇതാ ഈ പേപ്പറില്‍ എഴുതിത്തന്നാല്‍ വേഗം പോകാം."

"അതിന്റെ ആവശ്യമില്ല. ഞാന്‍ വിശദമായി എഴുതിക്കൊണ്ടു വന്നിട്ടുണ്ട്‌."

"നോക്കട്ടെ തെറ്റുകള്‍ വല്ലതുമുണ്ടെങ്കില്‍ തിരുത്തിയിട്ട്‌ കൊടുക്കാം."

"ഉണ്ടാകാന്‍ വഴിയില്ല. അല്ല ഉണ്ടാകില്ല. ഞാന്‍ സമയമെടുത്ത്‌ എഴുതിയതാണ്‌. .?"

"അതിന്നര്‍ത്ഥം?"

"ഒരു വര്‍ഷമായി ഞാന്‍ ഇത്‌ എഴുതാന്‍ ശ്രമിക്കുന്നു. ഇന്നലെയാണ്‌ മുഴുവനാക്കാന്‍ സാധിച്ചത്‌."

ഞാന്‍ ചോദിച്ചു - "അപ്പോള്‍ എന്നാണ്‌ മരിച്ചത്‌? നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്‌ മരണ വാര്‍ത്തയോ? അതോ ചരമവാര്‍ത്തയോ?"

"മരണവാര്‍ത്തതന്നെ. പക്ഷെ ആള്‍ മരിച്ചിട്ടില്ല. എന്താ ജീവിച്ചിരിക്കുന്നവര്‍ക്ക്‌ മരണവാര്‍ത്തകള്‍ എഴുതി സൂക്ഷിക്കുവാനുള്ള അവകാശമില്ലേ?"

എനിക്കൊന്നും പറയാനില്ലായിരുന്നു. ഒരു പക്ഷേ, ഈ മനുഷ്യന്‍ ഭ്രാന്തനോ അല്ലാത്തപക്ഷം ആരോ കളിപ്പിയ്ക്കാനായി മനഃപൂര്‍വ്വം ഇയാളെ ഞങ്ങളുടെ ഓഫീസിലേയ്ക്കയച്ചതോ ആകാം. കാരണം ഞാനീകേട്ടത്‌ അതുവരെ അന്യമായിരുന്ന ഒന്നായിരുന്നു. എന്റെ ചിന്തകള്‍ക്കൊപ്പം ഓടിവന്ന്‌ ആ മനുഷ്യന്‍ ചോദിച്ചു.

"നിങ്ങളെങ്ങിനെയാണ്‌ മരണ വാര്‍ത്തകള്‍ എഴുതാറ്‌? ഒന്നുമല്ല-വെറുതെ അറിയാനുള്ള ആഗ്രഹം കൊണ്ട്‌ ചോദിച്ചതാണ്‌."

അയാളുടെ മുഖഭാവം കൃത്യമായി വേര്‍തിരിച്ചെടുക്കുക പ്രയാസമായിരുന്നു. എന്റെ മുന്നില്‍ നിരത്തി വച്ചിരിക്കുന്ന കടലാസുകളിലേയ്ക്ക്‌ തീര്‍ത്തും നിര്‍വ്വികാരനും നിസ്സംഗനുമായി അയാള്‍ കണ്മോടിച്ചു ഒരു നിമിഷം എന്റെ മേശപ്പുറത്തെ വാര്‍ത്താ ചീളുകളെ അയാളില്‍ നിന്നൊളിപ്പിയ്ക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങള്‍ കിട്ടാതെ ഞാന്‍ അസ്വസ്ഥനായി അതു ശ്രദ്ധിച്ചിട്ടാണെന്ന്‌ തോന്നി അയാള്‍ പറഞ്ഞു.

"സാരമില്ല എനിയ്ക്കറിയാം വെറുമൊരു ഔപചാരിക വാര്‍ത്തമാത്രം. അല്ലേ? ഇന്നയിടത്തെ, ഇയാള്‍, ഇത്ര വയസ്സ്‌... അന്തരിച്ചു, നിര്യാതനായി. പരേതന്റെ മക്കള്‍... പരേതന്റെ സ്ഥാപനങ്ങള്‍... പരേതന്‍...പരേതന്‍... ഒരു തരം നാടകീയത അനാവശ്യമായ വിവരണങ്ങള്‍. മക്കളുടെ ജോലിപ്പേരുകള്‍ അവര്‍ താമസിയ്ക്കുന്ന വിദേശ രാജ്യങ്ങള്‍ എല്ലാമുണ്ടാകും. പക്ഷേ മരണം-മരണം മാത്രം നിര്‍വ്വീര്യമാക്കപ്പെടുന്നു. അല്ലേ? അതല്ലേ സംഭവിയ്ക്കാറ്‌?"

എനിയ്ക്ക്‌ ജാള്യം തോന്നി നിസ്സംഗനായി ഞാനിരുന്നു. എങ്ങികിലും എന്റെ ജോലിയുടെ നേര്‍ക്ക്‌ കുത്തനെ ഒരു വാള്‍ കുത്തി നിര്‍ത്തുകയായിരുന്നു അയാള്‍. സത്യമാണെങ്കിലും അതിനോടു പൊരുത്തപ്പെടാന്‍ എനിയ്ക്ക്‌ കഴിഞ്ഞില്ല.

"നിയമങ്ങള്‍! കാലങ്ങളായി തുടര്‍ന്നു പോരുന്ന ചില ചട്ടക്കൂട്ടുകള്‍ എന്നു കരുതിയാല്‍ മതി."

ഞാന്‍ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചു.

"എന്തു നിയമങ്ങള്‍ മനുഷ്യാ. മരണത്തിനെന്തു നിയമം? നിങ്ങളെ അറിയിച്ചിട്ടാണോ വളവുകളില്‍ അപകടങ്ങള്‍ പതിയിരിക്കുക. തൊട്ടു മുന്‍പുള്ള നിമിഷം വരെ ആര്‍ത്തുല്ലസിച്ചു നടന്നിരുന്ന ഒരു കുട്ടി മരണപ്പെടാന്‍ തീരുമാനിക്കും മുമ്പ്‌ നിങ്ങളെ വിളിച്ചു പറയുമോ? മരണം ആകെ വിഴുങ്ങും മുമ്പ്‌ നിങ്ങളെ വിളിച്ചു പറയുമോ? മരണം ആകെ വിഴുങ്ങും മുമ്പ്‌ ആ വ്യക്തി എന്താണ്‌ അനുഭവിച്ചിരുന്നതെന്ന്‌ ഊഹിയ്ക്കാന്‍ പോലും നിങ്ങള്‍ക്കായിട്ടുണ്ടോ? എന്നിട്ട്‌ വാര്‍ത്തകളില്‍ നിങ്ങള്‍ എഴുതുന്നു"

-മരണത്തിന്‌ തൊട്ടു മുമ്പുപോലും പരേതന്‍ സന്തോഷവാനായിരുന്നു. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍. മരണം വാര്‍ത്തകള്‍ക്കു കാത്തു നില്‍ക്കുന്നില്ല സുഹൃത്തേ..?

വിചിത്രമായ ഈ അനുഭവത്തെ ഞാന്‍ എങ്ങിനെയാണ്‌ വിവരിക്കേണ്ടത്‌ എന്നറിയില്ല. എന്റെ മുന്നില്‍ ഒരു സുപ്രഭാതത്തില്‍ ഞാനറിയാത്ത ഒരു മനുഷ്യന്‍ കടന്നു വരുന്നു. അയാള്‍ മരണത്തെക്കുറിച്ചു സംസാരിയ്ക്കുന്നു. എനിയ്ക്ക്‌ ഞാനറിയാതെ തന്നെ ഒരു തണുപ്പ്‌ അനുഭവപ്പെടും.

രേഖപ്പെടുത്തിയതോ രേഖപ്പെടുത്താത്തതോ അല്ല. രേഖപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന മരണങ്ങളെയാണ്‌ എന്റെ പേന അന്വേഷിയ്ക്കുന്നത്‌. ഒരു മരണം രേഖപ്പെടുത്തുന്ന നിമിഷം തൊട്ട്‌ മുമ്പ്‌ നടന്ന എല്ലാ മരണങ്ങളേയും അസാധുവാക്കുന്നു. കാരണം ഒരു മരണം മറ്റൊന്നിനെ നിര്‍വ്വീര്യമാക്കുന്നുവെന്നാണ്‌ സത്യം. മരണമെന്നത്‌ ശുദ്ധീകരിക്കപ്പെടാനുള്ള ഒന്നാകുന്നു. ജീവിതത്തെ സംബന്ധിക്കുന്ന ഏകസത്യം.

ഇങ്ങനെയൊക്കെപ്പറയണമെന്നു തോന്നിയെങ്കിലും ചോദിച്ചത്‌ മറ്റൊന്നായിരുന്നു. "എന്താണ്‌ നിങ്ങള്‍ ഇങ്ങനെ പറയുന്നത്‌?" ഭാവനയില്‍ നിന്ന്‌ മെനഞ്ഞെടുക്കാന്‍ പറ്റിയ ഒന്നല്ലല്ലോ മരണ വാര്‍ത്തകള്‍! എത്രയേറെ വ്യത്യസ്തതകളുണ്ടെങ്കിലും എല്ലാ മരണ വാര്‍ത്തകള്‍ക്കും ഒരു പൊതു സ്വഭാവമുണ്ട്‌. മരണപ്പെട്ടവരെക്കുറിച്ച്‌ ആരും മോശം പറയില്ലല്ലോ!

ഞാന്‍ ഒരു ചെറിയ സംവാദത്തിനു മുതിര്‍ന്നു. പക്ഷെ അയാള്‍ വിട്ടു തരുന്ന ലക്ഷണമില്ലായിരുന്നു.

"മരണത്തെക്കുറിച്ചു പറയാനാകുക മരണം അനുഭവിച്ചവര്‍ക്കാണ്‌. പക്ഷെ അവര്‍ അവശേഷിയ്ക്കുന്നുമില്ലല്ലോ!"

അയാളുടെ വാക്കുകളില്‍ അഗാധമായ ഒരു ദൂഃഖം ഉണ്ടായിരുന്നു.

"എനിയ്ക്കൊരു ഗ്ലാസ്സ്‌ വെള്ളം കിട്ടുമോ?" പരവശനായിക്കൊണ്ട്‌ അയാള്‍ ചോദിച്ചു. ഭീകരമായതെന്തോ അയാളുടെ മനസ്സിനെ അലട്ടുന്നുണ്ടെന്ന്‌ എനിയ്ക്ക്‌ തോന്നി. അയാള്‍ വെള്ളം കുടിച്ചുകൊണ്ട്‌ പറഞ്ഞു.

"ഓരോ മരണത്തിലൂടേയും നാം കൂടുതലായെന്തോ അറിയുന്നുണ്ട്‌. പക്ഷേ നമ്മള്‍ അത്‌ സമ്മതിയ്ക്കാറില്ലെന്ന്‌ മാത്രം. ഓരോ വ്യക്തിയും, അയാള്‍ എത്ര ദുഷ്ടനായിരുന്നാലും, വാഴ്ത്തപ്പെടുകയാണ്‌ മരണശേഷം. പക്ഷേ അതു കാണാന്‍ അയാള്‍ ഉണ്ടായിരിക്കുകയില്ല-എന്നുമാത്രം. നിങ്ങള്‍ പത്രക്കാര്‍ക്ക്‌ ഇതൊരു ബിസിനസ്‌ മാത്രമാണ്‌. ഇപ്പോള്‍ നിങ്ങളുടെ മേശ വലിപ്പില്‍ എത്ര പ്രശസ്തരുടെ, എത്ര മന്ത്രിമാരുടെ മരണവാര്‍ത്ത ഉണ്ടായിരിക്കും? രോഗക്കിടക്കയില്‍ കിടക്കുന്ന മന്ത്രിമാരുടെ കിട്ടാവുന്നിടത്തോളം നന്മകള്‍ ശേഖരിച്ച്‌ ഫോട്ടോ പതിച്ച്‌, തീയതിയും, സമയവും മാത്രം ഒഴിച്ചിട്ട വാര്‍ത്തകള്‍ നിങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നില്ലേ?"

ഞാന്‍ പെട്ടെന്ന്‌ എന്റെ മേശ വലിപ്പിന്റെ പിടിയില്‍ മുറുകെ പിടിച്ചു. രഹസ്യങ്ങളുടെ കടലിലേയ്ക്കാണ്‌ അപരിചിതനായ ഈ മനുഷ്യന്‍ നീന്തിക്കയറാന്‍ ശ്രമിക്കുന്നത്‌. എനിയിക്ക്‌ ഭീതി തോന്നി.

"അങ്ങനെയൊന്നുമില്ല." എന്റെ ശബ്ദം ചെറുതായി വിറച്ചു എന്നു തോന്നി.

"ഉണ്ട്‌. നിങ്ങള്‍ക്കിത്‌ ബിസിനസ്‌ മാത്രമാണ്‌. അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ മരണ വാര്‍ത്തകളെ വേര്‍തിരിച്ച്‌, മുന്‍പേജ്‌, ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ പേജ്‌, കളര്‍ പേജ്‌... എന്നിങ്ങനെ തരം തിരിയ്ക്കുന്നത്‌? നിങ്ങള്‍ക്കറിയുമോ? ഒരു വ്യക്തി ഏറ്റവും കൂടുതല്‍ സ്വപ്നം കാണുക അവന്റെ മരണത്തെക്കുറിച്ചായിരിയ്ക്കും. മരണശേഷത്തേക്കു വേണ്ടിയാണ്‌ അവന്‍ ജീവിതത്തില്‍ കരുതി വയ്പുകള്‍ നടത്തുന്നത്‌. ഒരാള്‍ ജീവിതത്തില്‍ ഏറെ കഷ്ടപ്പെട്ട്‌ സമ്പാദിക്കുന്നത്‌ തന്റെ മരണശേഷം തന്നെ സ്നേഹിക്കുന്നവരുടെ സുരക്ഷയ്ക്കുവേണ്ടിയിട്ടാണ്‌. പക്ഷേ, നിങ്ങള്‍ മരണങ്ങളെ ലഘൂകരിയ്ക്കുന്നു, ലളിതവത്കരിക്കുന്നു."

അയാള്‍ ഒരു പ്രവാചകനെപ്പോലെ സംസാരിക്കുന്നതായി എനിയ്ക്കു തോന്നി. അയാളുടെ ചലനങ്ങളും ഭാഷയുമൊക്കെ വ്യത്യസ്തമാണെന്ന്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞു. അയാള്‍ക്കൊപ്പം എത്താന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ സംസാരം ആവശ്യത്തിലധികം വാചാലമാകുന്നുവോ എന്ന്‌ എനിയ്ക്ക്‌ തോന്നി. വസ്തുതകളില്‍ നിന്നു മാറി മറ്റേതോ വഴികളിലുടെ ഞങ്ങള്‍ നടന്നു പോയെക്കുമെന്നോര്‍ത്ത്‌ ഞങ്ങള്‍ ഭയന്നു. മരണം ഞങ്ങളെ ആവാഹിച്ചു കൊണ്ടുപോയെക്കുമോയെന്നും അതില്‍ ഞങ്ങള്‍ സ്വയം അലിഞ്ഞു പോകുമോയെന്നുമൊരു അലട്ടല്‍ എന്നെ ബാധിച്ചു.

മരണ വാര്‍ത്തകള്‍ എഴുതുന്ന റിപ്പോര്‍ട്ടറായിരിക്കുകയെന്ന എന്റെ പ്രശ്നവുമായി ഞാന്‍ ഒന്നു കൂടി അഭിമുഖീകരിച്ചു. എന്റെ വാര്‍ത്തകള്‍ക്കു വിഷയമായ ഒട്ടേറെ വ്യക്തികള്‍ഒരേ മുഖഭാവത്തോടെ എന്റെ മുന്നില്‍ നില്‍ക്കുന്നതായി എനിയ്ക്കു തോന്നി. അതിനിടയില്‍ നിന്ന്‌ മെല്ലിച്ച മുഖമുള്ള ഈ മദ്ധ്യവസ്കന്‍ എന്നെ കണ്ണിമപൂട്ടാതെ നോക്കുന്നു. അയാളുടേത്‌ കുറ്റപ്പെടുത്തുന്ന മുഖഭാവമായിരുന്നു. അയാള്‍കൊണ്ടുവന്നത്‌ ആരുടെ മരണ വാര്‍ത്തയായിരിക്കുമെന്നു എന്നെ കുഴക്കി. ഒരു കണക്കില്‍ അയാള്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ എനിക്കുമറിയാം. ഞങ്ങള്‍ പത്രക്കാര്‍ ഒരു മരണ വാര്‍ത്തയുമായി എത്തുന്നവരോട്‌ വിലപേശാറുണ്ട്‌. ആദ്യപേജല്‍ നിറങ്ങളില്‍ അച്ചടിക്കുവാനായി നിര്‍ബന്ധിക്കും. അല്ലെങ്കില്‍ ഉള്‍പേജുകളില്‍ കറുപ്പിലും വെളുപ്പിലും പടര്‍ത്താനായിരിക്കും ശ്രമം- വര്‍ത്തതരുന്നയാളാകട്ടെ, ഏറ്റവും ചെലവു കുറച്ച്‌, വാര്‍ത്ത വരുത്തുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചു ചോദിക്കും. "മരണപ്പെട്ടുവെന്ന്‌ അറിഞ്ഞാല്‍ മതി. ഇതൊരു ചടങ്ങു മാത്രം. മരിച്ചശേഷം ആരും തിരിഞ്ഞു നോക്കിയില്ല. വേണ്ടത്ര ശ്രദ്ധിച്ചില്ല എന്ന്‌ ആരും പറയരുതല്ലോ!" ഇത്തരത്തിലായിരിക്കും മിക്കവരുടേയും പ്രശ്നങ്ങള്‍. ആര്‌ പരാതി പറയാന്‍! പറയേണ്ടയാള്‍ അവശേഷിക്കുകയില്ലല്ലോ? എന്ന്‌ ഇപ്പോള്‍ മുന്നിലിരിക്കുന്ന വ്യക്തി പറയുന്നു. എനിക്കയാളോട്‌ അനുതാപം തോന്നി. അയാള്‍ക്കു നേരെ കൈനീട്ടി ഞാന്‍ ചോദിച്ചു.

"നിങ്ങള്‍ എന്താണ്‌ ആഗ്രഹിക്കുന്നത്‌?"

അയാള്‍ പതിയെ എന്റെ കൈപിടിച്ചു. വളരെ നേര്‍ത്ത്‌ , ഇടറിയതെങ്കിലും കനമുള്ള ശബ്ദത്തില്‍ പറഞ്ഞു

"മരണമാണ്‌, ജീവിതത്തെ നിര്‍വ്വചിക്കുന്നത്‌. ജീവിതത്തിന്റെ ഊര്‍ജ്ജവും വെളിച്ചവും നിലനിര്‍ത്തുന്നത്‌ മരണമാണ്‌. ജീവിതത്തിന്റെ ഉടുപ്പാണ്‌ മരണം. ഒരാളും ആ ഉടുപ്പ്‌ അണിയാതെ പോകുന്നില്ല. ജീവിതത്തെ നഗ്നമാക്കുകയാണ്‌ മരണം ചെയ്യുന്നത്‌. നഗ്നമാണ്‌ ജീവിതം. നാം അതറിയുന്നില്ല എന്നേയുള്ളൂ. പക്ഷെ, ഓരോ മരണത്തിനോടും നിങ്ങള്‍ കാണിക്കുന്ന ഈ നിസ്സംഗതയുണ്ടല്ലോ! എന്തോ എനിക്കതു സഹിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എത്രയോ മരണങ്ങളിലൂടെ കടന്നുവന്നവനായതുകൊണ്ടാവാം. ജീവിതത്തില്‍ മറ്റൊന്നിനും സ്ഥാനമില്ല എന്നെനിയ്ക്കു തോന്നുന്നു. ഒരുപാട്‌ മരണങ്ങള്‍ കണ്ടു. ഒരുപാട്‌ ജീവിതങ്ങള്‍ കണ്ടു.... പക്ഷെ..."

അയാള്‍ വീണ്ടും വെള്ളം കുടിച്ചു. എന്തോ എനിക്ക്‌ ആ മനുഷ്യനോട്‌ പെട്ടെന്ന്‌ വല്ലാത്തൊരടുപ്പം തോന്നി. അയാളുടെ കണ്ണുകളില്‍ വല്ലാത്തൊരു പീഡയുടെ ആഴമുണ്ടായിരുന്നു.

"എല്ലാം വേറെയാണ്‌ അല്ലേ? നിങ്ങള്‍ക്കെങ്ങിനെ ഒരു ഒറ്റ മനുഷ്യനെ സ്പര്‍ശ്ശിക്കാനാവും അല്ലേ? ക്ഷമിയ്ക്കണം. ഞാന്‍ നിങ്ങളുടെ ഒരുപാട്‌ സമയം അപഹരിച്ചു. ക്ഷമിയ്ക്കണം. സ്വന്തം മരണത്തെക്കുറിച്ച്‌ അറിയാത്തവര്‍ക്ക്‌ എന്താണ്‌ ജീവിയ്ക്കാന്‍ അവകാശം? വാര്‍ത്തകള്‍ക്കപ്പുറം ഓരോ മരണങ്ങള്‍ക്കും പറയാന്‍ ഏറെയുണ്ടാകും."

അയാളുടെ മുഖം പെട്ടെന്ന്‌ പ്രകാശിച്ചു. കണ്ണുകള്‍ നിറഞ്ഞു. സത്യത്തില്‍ വാര്‍ത്തയില്‍ വരുന്ന മൃതരോട്‌ ഒരു തരത്തിലുമുള്ള സഹാനുഭൂതിയോ സഹതാപമോ തോന്നാറുണ്ടായിരുന്നില്ല. വാര്‍ത്തകള്‍ എഴുതുന്നു, അയയ്ക്കുന്നു എന്നുമാത്രം! അതിനപ്പുറത്തേക്ക്‌ മരണപ്പെട്ടവരില്‍ എനിക്ക്‌ യാതൊരു താത്പര്യങ്ങളും ഉണ്ടായിരുന്നില്ല. പക്ഷെ, ഈ മനുഷ്യന്‍ എന്നെ മറ്റെന്തിനെക്കുറിച്ചെക്കെയോ ഓര്‍മ്മിപ്പിക്കുകയാണല്ലോ!

അയാള്‍ ലേശം വിറക്കുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു.

"വേണമെന്നു വച്ചിട്ടല്ല. എല്ലാം ഒരു സിസ്റ്റത്തിന്റെ ഭാഗമാകുമ്പോള്‍ വരുന്ന സ്വാഭാവികമായ നിര്‍വ്വികാരത എന്നുമാത്രം"

"നിങ്ങള്‍ ഇപ്പറഞ്ഞതില്‍ വല്ല ആത്മര്‍ത്ഥതയുമുണ്ടോ? ഒരിക്കലെങ്കിലും നിങ്ങള്‍ മറിച്ച്‌ ആലോചിച്ചിട്ടുണ്ടോ? എത്രയേറെ മരണങ്ങളെക്കുറിച്ച്‌ നിങ്ങള്‍ എഴുതി? നിങ്ങളുടെ തന്നെ മരണം നിങ്ങളുടെ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുകയെന്നത്‌ എങ്ങിനെയായിരിക്കുമെന്ന്‌ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇന്ന പത്രത്തിലെ റിപ്പോര്‍ട്ടറായിരുന്നു എന്നതിലപ്പുറം ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന ഏതെങ്കിലും പ്രവര്‍ത്തിയെ പരാമര്‍ശിച്ച്‌ എന്തെങ്കിലും....? ഉണ്ടാവില്ല."

എനിക്ക്‌ വല്ലാതെ തോന്നി. എന്റെ മരണത്തിനു ശേഷം എന്തു നടക്കുമെന്ന അസ്വസ്ഥത എന്നെ ചൂഴ്‌ന്നു. അഗാതമായ ഒരു ശൂന്യത അയാളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു.

"എല്ലാം വെറുതെയാകുന്നു." അയാളുടെ ശബ്ദം താഴ്‌ന്നു പോയി. നേര്‍ത്തു നേര്‍ത്തു വന്നു. കയ്യിലിരുന്ന ഒരു നീളന്‍ കവര്‍ എന്റെ മേശപ്പുറത്തു വച്ചു.

"ഇത്‌ എന്റെ മരണക്കുറിപ്പാണ്‌. എന്നെങ്കിലും ഞാന്‍ മരുക്കുമ്പോള്‍ ഈ കുറിപ്പാവണം പ്രസിദ്ധീകരിക്കേണ്ടത്‌. ഓരോരുത്തരും അതര്‍ഹിക്കുന്നുണ്ട്‌. ചുരുക്കം അവനവന്റെ തന്നെ മരണക്കുറിപ്പ്‌ എഴുതാനെങ്കിലും..."

ഇത്രയും പറഞ്ഞ്‌ അയാള്‍ ഓഫീസ്‌ വിട്ടുപോയി. എന്റെ ഓഫീസിനു പുറത്തേക്ക്‌ അയാളുടെ കാലടികളും ലക്ഷ്യവും മാഞ്ഞുപോയി.

എന്താണയാള്‍ പറഞ്ഞതെന്ന്‌ എനിയ്ക്ക്‌ വീണ്ടും വീണ്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ഏതാണ്ടോരു മൂടലില്‍ കേട്ടതുപോലെ തോന്നിച്ചു. ഞാനയാളെ തിരിച്ചു വിളിച്ചില്ല. ഓഫീസിലെ പങ്കകളും നാഴിക മണികളും ആരവങ്ങളുയര്‍ത്തിക്കൊണ്ടിരുന്നു. എത്ര ലളിതമാണെങ്കിലും അയാള്‍ പകര്‍ന്നു തന്ന അറിവുകള്‍ക്കും, തിരിച്ചറിവുകള്‍ക്കും ഒരു പുതിയ മുഖമുണ്ടായിരുന്നു. നിമിഷം തോറും മരണപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്ക്‌ പിന്നീട്‌ അവരെക്കുറിച്ച്‌ ചിന്തിക്കാനുള്ള അവസരമില്ലല്ലോ! അയാള്‍ എനിക്ക്‌ പകര്‍ന്നു തരാന്‍ തുനിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ മറ്റേതെങ്കിലുമൊരു രൂപത്തില്‍ അയാളുടെ ഉള്ളില്‍ പൂതലിച്ചു കിടക്കുന്നുണ്ടായിരിക്കാം. അതിനുള്ളില്‍ അയാള്‍ സ്വയം കണ്ടെടുത്ത കാഴ്ചകളില്‍ നിന്ന്‌ മരണത്തെ സംബന്ധിക്കുന്നവയെ മാറ്റി സൂക്ഷിച്ചിട്ടുണ്ടാവാം.

അയാള്‍ കയറി വന്നതിനുശേഷം ഒരു തവണ പോലും ചിരിക്കുകയുണ്ടായില്ല. ഓരോ വാക്കും ഉച്ചരിക്കുമ്പോഴും അടിസ്ഥാനപരമായ നിര്‍വ്വികാരതയായിരുന്നു അയാളില്‍. അവസാനം തന്റെ മരണക്കുറിപ്പാണെന്ന്‌ പറഞ്ഞപ്പോഴും ഒരു തരിപോലും വികാരധീനനാകാതെയാണയാള്‍ നിലകൊണ്ടത്‌. അതുവരെ ഞാന്‍ പിന്‍തുടര്‍ന്നു പോന്നിരുന്ന മനോഭാവത്തിനു നേരെയാണ്‌ അയാള്‍ തന്റെ വിശ്വാസങ്ങളുടേയും, ഉറപ്പുകളുടേയും കത്തി കുത്തിയിറക്കിയിരിക്കുന്നത്‌. എല്ലാ മരണങ്ങളും എന്റെ നേരെ വിരല്‍ ചൂണ്ടുന്നത്‌ പിന്നീടെനിക്ക്‌ കാണാനായി. ചുറ്റുമുള്ള മരണങ്ങളുടെ തുടര്‍ച്ച നമ്മുടേതു കൂടിയാണ്‌ എന്നയാള്‍ പറഞ്ഞിരുന്നു. അതുകൊണ്ട്‌ മറ്റുള്ളവരുടെ മരണങ്ങളേയും നമ്മുടേതാക്കി കണക്കാക്കപ്പെടേണ്ടതല്ലേ എന്നായിരുന്നു അയാള്‍ ചോദിച്ചത്‌. ചോദ്യത്തേക്കാള്‍ അതിനൊരു ഉറച്ച പ്രസ്താവനയുടെ മുഖഛായയായിരുന്നു. ചോദ്യമായാലും ഉത്തരമായാലും അവ എന്നിലേയ്ക്ക്‌ കുടഞ്ഞുകൊണ്ടാണ്‌ അയാള്‍ പോയത്‌. അതിലാകട്ടെ മരണം മാത്രമേ ഉള്ളൂ. ഓരോരുത്തരുടെ മരണവും സ്വന്തം മരണം. സ്വന്തം നഷ്ടം.

അയാള്‍ പോയതിനുശേഷം മൂന്നുമാസങ്ങള്‍ കഴിഞ്ഞു. അയാള്‍ വച്ചിട്ടുപോയ കവര്‍ കടല്‍പൂവു വിതറിയ പേപ്പര്‍ വെയ്റ്റിനു കീഴെ, ആരും സ്പര്‍ശിക്കപ്പെടാതെ തന്നെ ഇരിക്കുന്നുണ്ട്‌. ഇപ്പോഴും പത്രമാഫീസിലെ ചില്ലു ജനാലകള്‍ക്കപ്പുറം കോറിഡോര്‍, സ്ഫടികത്തിന്റെ മങ്ങിയതെങ്കിലും ജലദൃശ്യങ്ങള്‍. കെട്ടിടത്തിനു നടുവിലെ ഒഴിഞ്ഞ ഇടത്തിലെയ്ക്ക്‌ വെറുതെയെങ്കിലും വന്ന്‌ എത്തിനോക്കുന്നവര്‍. അപ്പുറത്തെ ഭാഗത്ത്‌ നേര്‍ക്കു നേര്‍ തുറന്നിട്ട ബ്ലോക്കുകള്‍. വസ്ത്രങ്ങള്‍ തയ്യാറാക്കുന്ന ഒരു ഷോപ്പ്‌. മൊബെയില്‍ ഫോണുകളുടേത്‌ ഒന്ന്‌. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള വാച്ചുകള്‍ നിരത്തിവച്ചിരിക്കുന്നു, മറ്റൊരു കടയില്‍. സ്ഥിരമായി നാലു വര്‍ഷമായി ഈ ബില്‍ഡിംഗിന്റെ മുന്നിലെത്തുന്നു. ഇടതുനിന്ന്‌ രണ്ടാമത്തെ കസേരയിലിരിക്കുന്നു. തൊട്ടപ്പുറത്തിരിക്കുന്നവനോട്‌ പതിവുപോലെ കുട്ടികളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നു. അയാള്‍ എന്നും പകുതിനിരാശനായതുപോലെ ഒന്നു മൂളുന്നു. എന്നും ഇതു തന്നെ ആവര്‍ത്തിക്കുന്നു.

അയാള്‍ വിശേഷപ്പെട്ട ഒരു വ്യക്തിയോ, കാഴ്ചയില്‍ പ്രത്യേകതയുള്ളവനോ ഒന്നുമായിരുന്നില്ല. പക്ഷേ മുഴങ്ങുന്ന ഒരു നിശബ്ദതയുടെ ഗാഭീര്യമോ അഗാധതയുടെ ആഴമോ എന്നൊക്കെ തോന്നിപ്പിക്കും വിധം എന്തോ അയാളുടെ സ്വഭാവത്തിനുണ്ടായിരുന്നു അയാള്‍ പറഞ്ഞതുമുഴുവന്‍ മരണത്തെക്കുറിച്ചായിരുന്നതിനാല്‍ തന്നെ തിരിച്ചെടുക്കാനാവാത്ത ഒരു തണുപ്പ്‌ ആ വാക്കുകളില്‍ ഉണ്ടായിരുന്നുവെന്ന്‌ എനിക്ക്‌ തോന്നിയിരുന്നു.

അയാള്‍ മേശപ്പുറത്തു വച്ചു പോയ അയാളുടെ തന്നെ മരണ വാര്‍ത്ത ഞാന്‍ ദിവസത്തില്‍ പല പ്രാവശ്യങ്ങളിലായി എടുത്തു നോക്കാറുണ്ട്‌. പക്ഷേ ആ തവിട്ടു നിറക്കവര്‍പൊട്ടിച്ച്‌ അതൊന്നു വായിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. വല്ലാത്തൊരു അസ്വസ്ഥതയോടും അതേ സമയം ഉല്‍കണ്ഠയോടുമാണ്‌ ഞാന്‍ അയാളുടെ സംശയങ്ങങ്ങളും അഭിപ്രായങ്ങളും കേട്ടത്‌. ഒരു പക്ഷേ അയാളുടെ സംശയങ്ങളില്‍ നിന്നും അയാള്‍ സ്വയം അടര്‍ന്നു പോയിട്ടുണ്ടാകാം. ഓഫീസില്‍ അയാള്‍ വന്നു പോയിട്ട്‌ എകദേശം മൂന്നു മാസമായി കാണുമെങ്കിലും ഞാനീ ഓഫീസിലേക്ക്‌ പ്രവേശിക്കുമ്പോഴും എന്റെ കസേരയില്‍ ഇരിക്കുമ്പോഴുമെല്ലാം തന്നെ തീര്‍ത്തും അദൃശ്യവും, സ്വകാര്യവുമായ ഒരിടത്തു നിന്നുകൊണ്ട്‌ അയാള്‍ എന്നെ നോക്കുന്നതായി എനിക്ക്‌ തോന്നുന്നുണ്ട്‌. അയാളുടെ ചോദ്യങ്ങള്‍ ഓരോ ആള്‍ രൂപങ്ങളായി എന്റെ മേശക്കു ചുറ്റും നടക്കുന്നതായി ഞാന്‍ സങ്കല്‍പിക്കുന്നു. എല്ലാ മരണങ്ങളും സാധാരണത്വത്തില്‍ നിന്ന്‌ അസാധാരണത്വത്തിലേക്കും, തിരിച്ചും കുടുമാറുന്നത്‌ ഞാന്‍ കാണുന്നു. എന്റെ ബ്യൂറോ ചീഫ്‌ ബുള്‍ഗാന്‍ താടിയും, വലിയ ചതുരകക്കണ്ണടയുമായി ഓഫീസിനെ വിഹഗ വീക്ഷണത്തിനു വിധേയമാക്കുമ്പോള്‍ ഈ ആള്‍ രൂപങ്ങള്‍ ആ നോട്ടത്തില്‍ നിന്ന്‌ വഴുതിക്കളിക്കുന്നു. മരണപ്പെട്ടവരെക്കുറിച്ചെഴുതാന്‍ നിങ്ങള്‍ക്കെന്തവകാശം എന്ന അയാളുടെ ചോദ്യം എന്നെ വീണ്ടും വീണ്ടും കുഴക്കുന്നു. ഒരാള്‍ മരണത്തിലേയ്ക്കു നടക്കുമ്പോള്‍ അയാളെന്താകും അനുഭവിച്ചിട്ടുണ്ടാകുകയെന്നറിയാതെ അയാളുടെ മരണത്തെക്കുറിച്ച്‌ കഥമെനയുന്നതിലെ അയുക്തിയെക്കുറിച്ച്‌ അയാളുടെ ശബ്ദം ഉയരുന്നു. സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കാതെ അയാളുടെ സംശയങ്ങള്‍ എന്നിലേക്കുപകര്‍ന്നുകൊണ്ട്വിരമിക്കുകയാണ്‌ അയാള്‍ ചെയ്തത്‌! മരണം ഒരുത്തരവും, ഒരു ചോദ്യവും അവശേഷിപ്പിക്കുന്നില്ല എന്നതു തന്നെയാണ്‌ സത്യം എന്നെന്നെ പഠിപ്പിച്ചുകൊണ്ട്‌.

എന്റെ ഓഫീസിന്റെ ഘടനക്കോ, പ്രവര്‍ത്തന രീതിക്കോ, ഇതുവരെയായിട്ടു മാറ്റമൊന്നും വന്നിട്ടില്ല. U ആകൃതിയിലുള്ള ബില്‍ഡിംഗ്‌, ഇളം വെള്ളനിറം, പലതരം ഷോപ്പുകള്‍, കിടക്കകളും തലയിണകളും വില്‍ക്കുന്ന ഒരു വലിയ ഷോറൂം, അതിനപ്പുറം എന്റെ പത്രം, ബ്യൂറോ ചീഫ്‌, ബുള്‍ഗാന്‍, ചതുരക്കണ്ണട പന്ത്രണ്ട്‌ സ്റ്റാഫുകള്‍, ഡസ്കിലുള്ളവരും, ഫോട്ടോഗ്രാഫര്‍മാരും, റിപ്പോര്‍ട്ടര്‍മാരും, സബ്‌ എഡിറ്ററുമടങ്ങുന്ന ഒരു വലിയ നിശബ്ദത. രണ്ടാമത്തെ വരിയില്‍ എന്റെ മേശ, കസേര, സ്ഫടികഗോളത്തിനുള്ളില്‍ കടല്‍പ്പുക്കളുടെ ഓറഞ്ചു നിറം പടര്‍ത്തിയ പേപ്പര്‍വെയ്റ്റ്‌. അതിനിടയില്‍ ഇപ്പോഴും പൊട്ടിയ്ക്കാതെ വച്ചിരിക്കുന്ന കവര്‍. മരണകോളത്തിലേക്ക്‌ എന്നെഴുതി ഒപ്പിട്ട ആ കവറിനുള്ളില്‍ എന്തായിരിക്കും എന്നെനിയ്ക്ക്‌ അറിയില്ല. ഊഹംപോലുമില്ല. പക്ഷെ, എന്റെ മരണശേഷം പ്രസിദ്ധീകരിക്കുക എന്ന ഉറപ്പില്‍ ഇവിടെ നിക്ഷേപിച്ചു പോയ ഈ കവര്‍ ഒരു പക്ഷെ, ഒരുപാടു രഹസ്യങ്ങളുടെ നിധികുംഭമാകാം. തന്റെ മരണം എങ്ങനെ ചിത്രീകരിയ്ക്കപ്പെടണമെന്ന ഒരു മനുഷ്യന്റെ ഉത്കടമായ ആഗ്രഹമായിരിക്കാം. പക്ഷെ, ഓരോതവണയും ആ കവര്‍ എന്റെ കണ്ണില്‍പ്പെടുമ്പോഴൊക്കെ അടിയിലെഴുതിയിരിക്കുന്ന ഒപ്പ്‌ പതിയെ മായുകയും പകരം അവിടെ എന്റെ പേരും ഒപ്പും തെളിയുന്നതായി തോന്നുകയും ചെയ്യുന്നു. ഒരു പക്ഷെ, അതു തുറന്നാല്‍ക്കാണുന്നത്‌ എന്റെതന്നെ ഫോട്ടോയും എന്റെ തന്നെ മരണവാര്‍ത്തയുമാകുമോ എന്ന നിസ്വാര്‍ത്ഥമായ ഒരു ഭീതി എന്നെ പൊതിയുന്നു. എന്തായാലും അതിനുള്ളിലുള്ളത്‌ മരണം മാത്രമാണ്‌. ഒരോ മനുഷ്യനും അടിയില്‍ പേരെഴുതി ഒപ്പിടാവുന്നരീതിയിലൊരു മരണവാര്‍ത്ത... ഓരോ വരിയിലും മരണം........ ഓരോ വാക്കിലും മരണം........... എന്തിനാണ്‌ അയാള്‍ അത്‌ എന്റെ കൈയ്യിലേയ്ക്ക്‌ ഏല്‍പിച്ചിരിക്കുന്നത്‌? ഒരു പക്ഷെ, ആ കവറിനുള്ളില്‍ വെറുമൊരു വെള്ളക്കടലാസ്‌ മാത്രമായിരിക്കുമോ? ഉത്കണ്ഠകള്‍ക്കും ഭീതികള്‍ക്കും എന്നെ വിട്ടുപോകാന്‍ ഇതുവരെയായിട്ടും സാധിച്ചിട്ടില്ല. ഈ കവര്‍പൊട്ടിയ്ക്കാതെ എന്റെ മേശപ്പുറത്ത്‌ കിടക്കുന്ന കാലമത്രയും ഓരോ മരണവാര്‍ത്തയിലേക്കും എന്റെ പേനത്തുമ്പ്‌ നീളുമ്പോള്‍, എന്റെ ഹൃദയം അകാരണമായി മരണപ്പെട്ടവനു വേണ്ടി വേദനിക്കുകയും ഓരോ മുഖങ്ങളിലും ഞാന്‍ അയാളുടെ മുഖം കാണുകയും, അത്‌ പിന്നീട്‌ എന്റെ മുഖഛായയിലേയ്ക്ക്‌ പടരുന്നതുമായും അനുഭവിക്കുന്നു. മുന്‍പ്‌ മരണവാര്‍ത്തകള്‍ എഴുതിയിരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന വികാരരഹിതമായ ഒരു തരം നിസ്സംഗതയില്‍ നിന്ന്‌ നഷ്ടത്തിന്റെ വേദനയിലേക്ക്‌ എന്റെ മനസ്സിനെ മാറ്റിപ്പായിയ്ക്കാന്‍ കഴിഞ്ഞതാണ്‌ അയാള്‍ക്കു ചെയ്യാന്‍ കഴിഞ്ഞത്‌. ഒരു പക്ഷെ, അയാള്‍ ഉദ്ദേശിച്ചതും അതുതന്നെയായിരിയ്ക്കാം.

Subscribe Tharjani |