തര്‍ജ്ജനി

മനോജ്‌ ജാതവേദര്‌

Visit Home Page ...

കഥ

ഒരു ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഒളിച്ചോട്ടത്തിന്റെ കഥ

വിഭജനത്തിനു മുന്‍പ്‌ രമേശന്റേയും സുജാതയുടേയും ആദ്യ രാത്രിയില്‍ എന്തു നടന്നുവെന്ന്‌ നമുക്കറിഞ്ഞുകൂടാ. ആദ്യ രാത്രിയുടെ വാതില്‍ അവര്‍ എല്ലാവരേയും പോലെ അടച്ചിട്ടിരിക്കുകയായിരുന്നു. ചില ദൃക്‌സാക്ഷികള്‍ പറഞ്ഞത്‌, രക്തം ഒരു ചാലായി ഒഴുകി അടഞ്ഞ വാതില്‍ കടന്ന്‌ പുറത്തേയ്ക്ക്‌ വന്നു എന്നാണ്‌. (ചില ഗ്രാമീണ ഗോത്ര വര്‍ഗ്ഗങ്ങളില്‍ ഇങ്ങനെ ആദ്യ രാത്രിയില്‍ തക്തം ഉത്പാദിപ്പിക്കപ്പെടുക എന്നതും ഒരു നിര്‍ബന്ധ ആചാരമാണെന്ന്‌ നമുക്കറിയാം.)

നമുക്കറിയാവുന്ന വസ്തുതകള്‍ ഇപ്രകാരമാണ്‌. വിഭജനത്തിന്റെ ആദ്യകാരണങ്ങള്‍ ആദ്യരാത്രിയിലെ ലൈറ്റിനെച്ചൊല്ലിയായിരുന്നു. ലൈറ്റിടാതെ തനിയ്ക്ക്‌ ഉറങ്ങാനാവില്ലെന്ന്‌ രമേശന്‍. ലൈറ്റിട്ടാല്‍ തനിയ്ക്ക്‌ ഉറങ്ങാനാവില്ലെന്ന്‌ സുജാത. ഇപ്രകാരം പരസ്പരം തര്‍ക്കിച്ചും സ്വന്തം വാദങ്ങളില്‍ ഉറച്ചു നിന്നും അവര്‍ തങ്ങളുടെ പ്രഥമ രാത്രിയെ ഉറക്കമില്ലാത്തതും അവിസ്മരണീയവുമാക്കിത്തീര്‍ത്തു.

അതിനെപ്പറ്റി രമേശന്‍ പിന്നീടു പറഞ്ഞത്‌:

കുട്ടിക്കാലം മുതലെ ലൈറ്റിട്ട്‌ ഉറങ്ങുകയാണ്‌ എന്റെ ശീലം. ഉറക്കത്തില്‍ ഞാന്‍ പണ്ട്‌ പേടിസ്വപ്നങ്ങള്‍ കാണാറുണ്ടായിരുന്നു. കിടന്നയുടനെ ഉറങ്ങിപ്പോകുന്ന എനിയ്ക്ക്‌ ചെറിയ ഒരു ഉറക്കത്തിനുശേഷം ഉണരുമ്പോള്‍ മുറിയിലെ കട്ടിപിടിച്ച ഇരുട്ട്‌ മറ്റേതോ അറിയപ്പെടാത്ത ഭൂഖണ്ഡത്തിലെത്തിച്ചേരുന്ന പ്രതീതി ഉളവാക്കുമായിരുന്നു. ഉറക്കത്തില്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ട്‌ ഉണരുകയും പിന്നീട്‌ രാത്രിമുഴുവന്‍ ഉറക്കമില്ലാതെ കഴിച്ചു കൂട്ടുകയും ചെയ്ത ആ കാലത്തിലൊരിയ്ക്കല്‍ യാദൃശ്ചികമായി എന്റെ അമ്മാവന്മാരിലൊരാളാണ്‌ എന്റെ ഉറക്കമില്ലായ്മയുടെ യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ചത്‌. ഉറക്കത്തിനുമീതെ അമ്മാവന്‍ കത്തിച്ചുവച്ച ആ ഒറ്റ ബള്‍ബിന്റെ വെളിച്ചം എനിയ്ക്ക്‌ വല്ലാത്തൊരു പുതപ്പും സുരക്ഷിതത്വവുമായിത്തീര്‍ന്നു. അന്നേ ശീലമായതാണത്‌. ഇനി അത്‌ ഉപേക്ഷിയ്ക്കുവാന്‍ കഴിയില്ല.

അതിനെപ്പറ്റി സുജാത പറഞ്ഞത്‌:

കുട്ടിക്കാലം എന്നത്‌ എല്ലാവര്‍ക്കും പൊതുവായുള്ള കാര്യമല്ലേ. എനി‌യ്ക്കും അതുപോലെ ഒരുപാട്‌ കാര്യങ്ങള്‍ പറയാനുണ്ട്‌. എങ്കിലും ഒരു കഥയെഴുത്തുകാരി കൂടിയായ എനിയ്ക്ക്‌ വാക്കുകളുടെ കാര്യത്തില്‍ കുറച്ചൊക്കെ മിതത്വം പുലര്‍ത്തേണ്ടതുണ്ട്‌. എന്നെ സംബന്ധിച്ചിടത്തോളം, രാത്രി മുറിയില്‍ ലൈറ്റ്‌ കത്തിക്കിടന്നാല്‍ ഉറക്കം പോയി എന്നര്‍ത്ഥം. ഇരുട്ടാണ്‌ എന്നെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വം. അതെനി‌യ്ക്ക്‌ സ്വപ്നങ്ങളെ കൂട്ടിനു കൊണ്ടു വരുന്നു. സ്വപ്നങ്ങളോട്‌ സല്ലപിച്ചും സ്വപ്നങ്ങളില്‍ അഭിരമിച്ചും ഞാന്‍ ഉറങ്ങുന്നു. ചിലപ്പോഴെല്ലാം വെളുപ്പിനെ ഉണരുമ്പോള്‍ കനത്ത മഴയ്ക്കുശേഷം ഇലത്തുള്ളികളില്‍ നിന്നും ഒന്നോ രണ്ടോ മഴത്തുള്ളികള്‍ മഴയുടെ ഓര്‍മ്മകളെപ്പോലെ പൊട്ടിവീഴുന്നതുമാതിരി, സ്വപ്നത്തിന്റെ പൊട്ടും പൊടിയും എന്റെ കണ്ണുകളില്‍ തങ്ങിനില്‍പുണ്ടാവും. അപ്പോഴൊക്കെയും കണ്ണൊന്ന്‌ കഴുകിത്തുടയ്ക്കുക പോലും ചെയ്യാതെയാണ്‌ ഞാന്‍ എന്തെങ്കിലും എഴുതാറ്‌. അതാണ്‌ എന്റെ വായനക്കാര്‍ കൂടുതലിഷ്ടപ്പെടുന്നതും...

ഇവര്‍ പറഞ്ഞതില്‍നിന്ന്‌ രണ്ടുപേരും വിഭിന്ന പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരാണെന്ന്‌ നമ്മള്‍ മനസ്സിലാക്കി. സുജാത ഒരെഴുത്തുകാരിയാണെന്നല്ലാതെ കോളേജ്‌ പ്രൊഫസറാണെന്ന്‌ ഒരിയ്ക്കലും അവകാശപ്പെടുന്നില്ല. എന്നാല്‍ രമേശന്‍ അങ്ങിനെയല്ല. താന്‍ ഒരെഞ്ചിനീയറാണെന്നും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നതുപോലെ താന്‍ അതില്‍ അഭിമാനം കൊള്ളുന്നുവെന്നും പ്രസ്താവിക്കുന്നതില്‍ അയാള്‍ മടിയ്ക്കുന്നില്ല.

അതിനെപ്പറ്റി സുജാത പറയുന്നത്:

രമേശന്‍ ഒരു ജനാധിപത്യ പാര്‍ട്ടിയല്ല. അയാളുടെ രൂപവും ഭാവവും പോലും പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത ഒരു ഭരണാധികാരിയെ ഓര്‍മ്മിപ്പിയ്ക്കുന്നു. കുടുംബം ഒരു ഇരുണ്ട മറയ്ക്കുള്ളിലാണെന്നാണ്‌ രമേശന്റെ വിചാരം. അവിടെ സ്വതന്ത്ര ചിന്തയുടേയും എതിര്‍പ്പിന്റേയും കാറ്റും വെളിച്ചവും കടന്നു വരുന്നത്‌ അയാള്‍ ഭയയ്ക്കുന്നു. എപ്പോഴും ഒരു അരക്ഷിതത്വം. ആരെങ്കിലും തന്നെ അട്ടിമറിച്ച് അധികാരം കവര്‍ന്നെടുത്താലോ എന്നു ഭയന്നാണ്‌ എപ്പോഴും, ഓരോ നിമിഷവും രമേശന്‍ ജീവിയ്ക്കുന്നതുപോലും. അതുകൊണ്ടു തന്നെ എപ്പോഴെങ്കിലും, എവിടെയെങ്കിലും തന്റെ നിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ അപ്പോള്‍ത്തന്നെ അയാള്‍ അസ്വസ്ഥനും ക്രൂദ്ധനുമാകുന്നു. വല്ലാത്ത ഒരസഹിഷ്ണുത അയാള്‍ വിമര്‍ശനങ്ങളുടെ നേരെ പുലര്‍ത്തുന്നു.

ഇതിനോട്‌ രമേശന്‍ പ്രതികരിച്ചത്:

സുജാത പറഞ്ഞതിനെ നിഷേധിയ്ക്കാനും തിരിച്ച്‌ തര്‍ക്കിയ്ക്കാനും ഞാനില്ല. ഒരെഴുത്തുകാരി കൂടിയായതുകൊണ്ട്‌ സ്വന്തം വാദഗതികള്‍ സ്ഥാപിച്ചെടുക്കാന്‍ അവള്‍ക്ക്‌ പ്രത്യേകം കഴിവുണ്ടെന്ന്‌ ഞാന്‍ സമ്മതിയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത്‌ സ്വതന്ത്രചിന്താഗതിയെ നിഷേധിയ്ക്കലോ വിമര്‍ശനങ്ങളുടെ നേരെ അസഹിഷ്ണുത പുലര്‍ത്തലോ ഒന്നുമല്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എന്താണ്‌ ഈ സ്വതന്ത്ര ചിന്താഗതി? എന്താണ്‌ ഈ ജനാധിപത്യം? ആരെങ്കിലും എന്തെങ്കിലുമൊന്ന്‌ പറയുന്നതിനു മുമ്പേ വിമര്‍ശനവുമായി അവരുടെ നേരെ ചാടി വീഴുക. കണ്ണില്‍ കണ്ടതിനെയെല്ലാം എതിര്‍ക്കുക. ശരിയോ, തെറ്റോ എന്നു നോക്കാതെ കാര്യങ്ങളുടെ യഥാര്‍ത്ഥ ആത്മാവറിയാതെ വിമര്‍ശിക്കുക. ഇതൊക്കെയല്ലേ നമ്മുടെ രാജ്യത്ത്‌ നടക്കുന്നത്‌. അങ്ങിനെ നോക്കിയാല്‍, ശരിയാണ്‌ ഞാനൊരു പട്ടാളച്ചിട്ടക്കാരനാണ്‌. ജനാധിപത്യ വിരുദ്ധനാണ്‌. പക്ഷെ ഒന്നുണ്ട്‌. എന്റെ കുടുംബം. അതിന്റെ സാംസ്കാരികവും സാമുഹ്യവുമായ ഉത്തമനം. അതുമാത്രമെ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ.

സുജാത: എന്നു മാത്രമല്ല, രമാശന്‍ ഒരു ഫണ്ടമെന്റലിസ്റ്റു കൂടിയാണ്‌.

രമേശന്‍: സുജാത ഒരു സ്വപ്നജീവിയായതാണ്‌ ഇതിനെല്ലാം കാരണം.

സുജാത: രമേശന്‍ ഒരു മതമൗലികവാദിയാണ്‌. ഞാന്‍ അമ്പലത്തില്‍ പോകണമെന്നു പറയാന്‍ രമേശന്‌ എന്താണധികാരം?

രമേശന്‍: ഞാന്‍ ഫണ്ടമെന്റലിസ്റ്റും മതമൗലികവാദിയും മാത്രമല്ല, ഒരു ഭര്‍ത്താവും കൂടിയാണ്‌. അതാണ്‌ എന്റെ അധികാരം.

ഇപ്രകാരമാണ്‌ അവര്‍ക്കിടയില്‍ വിഭജനം വന്ന വഴിയെന്ന്‌ നമ്മള്‍ മനസ്സിലാക്കി. വിഭജനം വന്ന സമയത്ത്‌ അവര്‍ക്ക്‌ രണ്ട്‌ കുട്ടികളായിരുന്നു. ഇരട്ടക്കുട്ടികളായ അവരെ നമുക്ക്‌ ബോബനെന്നും മോളിയെന്നും വിളിയ്ക്കാം. ഇത്‌ നമ്മള്‍ സൗകര്യപൂര്‍വ്വം വിളിയ്ക്കുന്നുവെന്നേയുള്ളു. കാരണം അവരുടെ ഔദ്യോഗിക നാമങ്ങള്‍ മറ്റെന്തൊക്കെയോ ആണ്‌. അതിനെപ്പറ്റി സുജാതയും രമേശനും ഒന്നും തുറന്നു പറയുന്നില്ല.

അതിനെപ്പറ്റി രമേശന്‍ പറഞ്ഞത്‌:

കുട്ടികളുടെ കാര്യം ഓര്‍ക്കുമ്പോള്‍ ശരിയാണ്‌ വേദനയില്ലാതെയില്ല.പക്ഷേ എന്തു ചെയ്യാനാണ്‌! ഒത്തുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ വേര്‍പിരിയുന്നതുതന്നെയാണ്‌ ഉചിതം. അവരവുടെ ജീവിതമെങ്കിലും പുരോഗമിയ്ക്കുമല്ലോ. ബോബനെ ഞാന്‍ വളര്‍ത്തും എന്നെപ്പോലെത്തന്നെ ഒരെഞ്ചിനീയറാക്കും. അതു കാണുമ്പോള്‍, ഒരു പക്ഷേ, അന്നായിരിയ്ക്കും സുജാതയ്ക്കു മനസ്സിലാവുക, അവള്‍ക്കെന്താണു നഷ്ടപ്പെട്ടതെന്ന്‌.

ദീര്‍ഘ നേരത്തെ മൗനത്തിനുശേഷം സുജാത പറഞ്ഞത്‌:

കുട്ടികള്‍ക്ക്‌ ഒരു യോജിച്ച പേരു കണ്ടു പിടിയ്ക്കുന്നതിനുപോലും കഴിയാതെ പിരിയേണ്ടി വന്നതില്‍ വിഷമമില്ലാതില്ല. (വീണ്ടും ദീര്‍ഘനേരം മൗനം.) മോളി എന്നോടൊപ്പം വളരട്ടെ. അവള്‍ ആരായിത്തീരും എന്നൊന്നും ഞാന്‍ വ്യാകുലപ്പെടുന്നില്ല. മറ്റെല്ലാത്തിനുമുപരി ഞാനവള്‍ക്ക്‌ സ്വാതന്ത്ര്യം കൊടുക്കും, ജീവിതം കൊടുക്കും. അവള്‍ ആരായിത്തീര്‍ന്നില്ലെങ്കിലും അവളായിത്തീരണം. അത്രയുമെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതുമതിയെനിയ്ക്ക്‌. അത്‌ എനി‌യ്ക്കു മാത്രമേ ചെയ്യാന്‍ കഴിയൂ എന്നുമറിയാം.

ഇങ്ങനെയൊക്കെയാണ്‌ വിഭജനം ചരിത്രപരമായ ഒരാവശ്യമായിത്തീര്‍ന്നതെങ്കിലും അതിന്റെ നിര്‍വ്വഹണം വിചാരിയ്ക്കുന്നതുപോലെ എളുപ്പമായിരുന്നില്ല. കേസ്‌ കുടുംബ കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ പല ദിവസങ്ങളിലും രമേശന്‍ ഹാജരില്ലാത്ത കാരണത്താല്‍ കേസ്‌ മാറ്റിവെയ്ക്കേണ്ടിവന്നു. കോടതി മുറ്റത്തെ മരച്ചുവട്ടില്‍ തനിച്ചിരിയ്ക്കുന്ന സുജാത അന്നത്തെ പതിവു കാഴ്ചകളിലൊന്നായിരുന്നു. അത്തരമൊരു ഫോട്ടോ ഒരിയ്ക്കല്‍ പത്രത്തില്‍ അടിച്ചു വരുകയും ചെയ്തു. അതിനെപ്പറ്റി രമേശന്‍ പറഞ്ഞത്‌, ഒരെഴുത്തുകാരി എന്ന നിലയില്‍ സ്വയം മാര്‍ക്കറ്റ്‌ ചെയ്യാന്‍ സുജാത സ്വന്തം ജീവിതവും ഉപയോഗപ്പെടുത്തുകയാണെന്നാണ്‌. വിഭജനം ചരിത്രപരമായ ഒരാവശ്യമാകയാല്‍ കോടതി പോലെ ഒരു മൂന്നാം കമ്മിറ്റിയുടെ മാദ്ധ്യസ്ഥം അതിലംഗീകരിയ്ക്കാനാവില്ലെന്നായിരുന്നു അയാളുടെ വാദം.

സുജാത: എനിയ്ക്കൊന്നും പറയാനില്ല. മൂന്നാം കക്ഷി, മാദ്ധ്യസ്ഥം എന്നൊക്കെപ്പറയാന്‍ ഇത്‌ ഇന്ത്യാ-പാക്കിസ്ഥാന്‍ തര്‍ക്കമൊന്നുമല്ലല്ലോ.

എന്നിരുന്നാലും ഒടുവില്‍ രമേശന്‍ കുടുംബക്കോടതിയില്‍ ഹാജരായെന്നും നേരത്തേ പറഞ്ഞതുപോലെയുള്ള സ്റ്റേറ്റ്മെന്റുകള്‍ നല്‍കിയെന്നും ഇത്രത്തോളം വായിച്ചതില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാം. അങ്ങിനെയാണ്‌ വിഭജനം യാഥാര്‍ത്ഥ്യമായതും രമേശനും സുജാതയും രണ്ട്‌ പരമാധികാര രാഷ്ട്രങ്ങളായതും പ്രയപുര്‍ത്തിയാകുന്നതുവരെ കുട്ടികളുടെ കാര്യത്തിലുണ്ടായിരുന്ന തീരുമാനം ഇപ്രകാരമായിരുന്നു. ബോബന്‍ രമേശന്റെയൊപ്പവും മോളി സുജാതയോടൊപ്പവും വളരും. എന്നാല്‍ മാസത്തിലൊരിയ്ക്കല്‍ രണ്ടുകുട്ടിളേയും മാറ്റിപ്പാര്‍പ്പിക്കാം. അപ്രകാരം ബോബന്‍ മാസത്തില്‍ രണ്ടു ദിവസം അമ്മയോടൊപ്പവും മോളി അച്ഛനോടൊപ്പവും കഴിയണം.

അതിനെപ്പറ്റി ബോബന്‍ പറഞ്ഞത്‌:

മോളിയും, അച്ഛന്‍, അമ്മ, എല്ലാവരും കൂടിയാണ്‌ കഴിയുന്നതെങ്കില്‍ അതായിരുന്നേനെ കൂടുതല്‍ നല്ലത്‌

അതിനെപ്പറ്റി ചോദിച്ചപ്പോള്‍ മോളി പറഞ്ഞത്‌“:

എനിയ്ക്ക്‌ അച്ഛനേയും അമ്മയേയും ബോബനേയും ഇഷ്ടമാ.

ഇതിനെപ്പറ്റി സുജാതയോടു ചോദിച്ചാല്‍ സുജാത ഇങ്ങിനെ മറുപടി നല്‍കിയേയ്ക്കും:

ശരിയാണ്‌, നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നത്‌ ഒരെഴുത്തുകാരന്‍ അഥവാ എഴുത്തുകാരി തന്റെ കഥാപാത്രങ്ങളെ വളര്‍ത്തുന്നതുപോലെയാണ്‌. അവര്‍ എന്തൊക്കെയോ ആയിത്തീരണമെന്ന്‌ നമ്മള്‍ ആഗ്രഹിക്കുന്നു. അവര്‍ മറ്റെന്തൊക്കെയോ ആയിത്തീരുന്നു. കഥാപാത്രങ്ങള്‍ എഴുത്തുകാരന്റെ ഭാവനയുടേയും പ്രതീക്ഷകളുടേയും സീമകള്‍ക്കപ്പുറം വളര്‍ന്നു പോവുന്നതുപോലെ കുട്ടികള്‍ അച്ഛനമ്മമാരുടേയും... ആര്‍ക്കറിയാം, അവരുടെ മനസ്സില്‍ മറ്റെന്തൊക്കെയോ ഉണ്ട്‌. അല്ലെങ്കില്‍ ഉണ്ടായിരുന്നിരിയ്ക്കാം.

വാസ്തവത്തില്‍ കുട്ടികളുടെ മനസ്സ്‌ വായിച്ചെടുക്കുന്നതില്‍ മുതിര്‍ന്നവര്‍ക്കു പറ്റിയ തെറ്റെന്ന്‌ ഇതിനെ വിളിയ്ക്കാം. അല്ലെങ്കില്‍ പരസ്പരം കാണുന്നത്‌ അപൂര്‍വ്വമായ ഈ ചെറിയ കുട്ടികള്‍ അതിസമര്‍ത്ഥമായി ഒരു ഒളിച്ചോട്ടം പ്ലാന്‍ ചെയ്തത്‌ മുതിര്‍ന്നവര്‍ അറിയാതെ പോയതെങ്ങിനെ?

ബോബനും മോളിയും ഒളിച്ചോട്ടസമയത്ത്‌ യഥാക്രമം അച്ഛനമ്മമാര്‍ക്കെഴുതിയ കത്തിലെ വരികള്‍ ശ്രദ്ധിക്കുക:

ഒന്നിച്ചു താമസിയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ആ വിവരം കാണിച്ച്‌ പത്രത്തില്‍ പരസ്യം ചെയ്യുക. എന്നാല്‍ ഞങ്ങള്‍ തിരിച്ചു വരാം. പത്രത്തില്‍ പരസ്യം വന്നതിന്റെ തൊട്ടടുത്ത ദിവസം കുടുംബ കോടതിയില്‍ രാവിലെ പത്തുമണിയ്ക്ക്‌ വന്നാല്‍ മതി. ഞങ്ങള്‍ അവിടെക്കാണും.

കത്തിലെ വാചകങ്ങള്‍ക്കുപോലും മാറ്റമില്ല. ബോബനുവേണ്ടി മോളിയും മോളിയ്ക്കുവേണ്ടി ബോബനുമാണ്‌ എഴുതുന്നതെന്ന്‌ അതില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. അക്ഷരങ്ങള്‍ ചിരപരിചിതമല്ലാത്തതിനാല്‍ രമേശന്‌ സുജാതയുമായും സുജാതയ്ക്ക്‌ രമേശനുമായും ചെറിയ ആശയ വിനിമയങ്ങള്‍ നടത്തേണ്ടി വന്നു സ്ഥിരീകരിയ്ക്കാന്‍.

രമേശന്‍: അപ്പോളതു തന്നെ, അവര്‍ നമ്മളേക്കാള്‍ വേഗത്തില്‍ വളര്‍ന്നുപോയിരിയ്ക്കുന്നു.

സുജാത: എന്തൊക്കെയാണെങ്കിലും മോളി ഒരു പെണ്ണല്ലേ കൊച്ചു കുട്ടിയാണെങ്കിലും. അവള്‍ സ്വന്തം പരിമിതികളെപ്പറ്റി ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ.

മറ്റൊരവസരത്തിലാണെങ്കില്‍ സ്ത്രീയെപ്പറ്റിയും പിരമിതികളെപ്പറ്റിയുമുള്ള ഈ പരാമര്‍ശത്തെപ്പറ്റി സുജാതയോട്‌ നമുക്ക്‌ ഒരു വിശദീകരണം തേടാമായിരുന്നു. പ്രായേണ എഴുത്തുകാര്‍ക്കില്ലാത്തതും വായനക്കാര്‍ക്കുള്ളതുമായ ഔചിത്യം എന്ന നല്ല ഗുണം ഈ സമയത്ത്‌ നമ്മെ നിശബ്ദരാക്കുന്നു. കേള്‍വിക്കാര്‍ മാത്രമാകുന്നു.

സുജാത: അങ്ങിനെയാണ്‌ ഞാനും രമേശനും ഒന്നിയ്ക്കാന്‍ തീരുമാനിച്ചത്‌. സര്‍വ്വോപരി ഞങ്ങള്‍ അച്ഛനമ്മമാര്‍ കൂടിയാണല്ലോ. കുറഞ്ഞൊരു കാലംകൊണ്ട്‌ കുട്ടികള്‍ ഞങ്ങളുടെ ജീവിതത്തേയും ജീവിത വീക്ഷണത്തേയും മാറ്റി മറിച്ചു എന്നുള്ളത്‌ സത്യമാണ്‌. എനിയ്ക്ക്‌ ഒരു പക്ഷേ രമേശനേയും രമേശന്‌ ഒരു പക്ഷേ എന്നേയും ഒഴിവാക്കാനായേക്കും....

ഇത്രയുമായപ്പോള്‍ രമേശന്‍ ഇടപെട്ടു: സുജാതയെ ഒഴിവാക്കണമെന്നാഗ്രഹമുണ്ടായിട്ടല്ല. സ്നേഹമില്ലാഞ്ഞിട്ടുമല്ല.

രമേശന്‍ ഒന്നു നിര്‍ത്തിയപ്പോള്‍ നീണ്ട ഒരിടവേള.

സുജാത, ഒരു ദീര്‍ഘ നിശ്വാസത്തോടെ: പോകട്ടെ. കഴിഞ്ഞകാര്യങ്ങള്‍ ഇനിപ്പറഞ്ഞിട്ടെന്ത്‌? അന്ന്‌ ഞങ്ങള്‍ക്ക്‌ ഞങ്ങള്‍ തന്നെയായിരുന്നു വലുത്‌. പിന്നെ കുട്ടികള്‍ വളര്‍ന്നപ്പോള്‍, അവര്‍ ഞങ്ങളേക്കാള്‍ മനസ്സുകൊണ്ടെങ്കിലും വലുതായപ്പോള്‍...

രമേശന്‍: അവരുടെ പല പ്രശ്നങ്ങളും ഞങ്ങള്‍ക്ക്‌ ഒറ്റയ്ക്ക്‌ പരിഹരിക്കാവുന്നതായിരുന്നില്ല. ഒരു പക്ഷേ കുട്ടികളുടെ ഈ ഒളിച്ചോട്ടവും തുടര്‍ന്നുള്ള പ്രശ്നങ്ങളുമില്ലായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ കാലക്രമേണ ഒന്നിച്ചേനെ. ചിലപ്പോള്‍ ഇത്ര വേഗത്തിലാവുമായിരുന്നില്ലെന്നു മാത്രം.

രമേശന്റെ ഈ വാക്കുകളോട്‌ ചേര്‍ത്തു വായിക്കാന്‍ സുജാതയുടെ സ്റ്റേറ്റുമെന്റുകളൊന്നുമില്ല. മേല്‍പറഞ്ഞപ്രകാരം പത്രത്തില്‍ അവര്‍ പരസ്യം ചെയ്തിരുന്നതായും പത്രത്തില്‍ പറഞ്ഞപ്രകാരം കുടുംബകോടതിയിലെത്തി കുട്ടികളെ സ്വീകരിച്ചുവെന്നതിനും രേഖകളും സാക്ഷികളുമുണ്ട്‌. കുടുംബകോടതിയില്‍ ഒന്നിച്ചു ജീവിയ്ക്കാന്‍ സമ്മതമാണെന്ന്‌ അവര്‍ എഴുതിക്കൊടുത്തതായും കാണുന്നുണ്ട്‌. പിന്നീട്‌ അവര്‍ എങ്ങോട്ടാണ്‌ പോയതെന്നതിന്‌ തെളിവുകളൊന്നുമില്ല. വിഭജനക്കാലത്ത്‌ അവരെ സംരക്ഷിച്ചു നിര്‍ത്തിയ രമേശന്റേയും, സുജാതയുടേയും വീട്ടുകാരെ കൂടാതെ അവര്‍ വന്നതുതന്നെ ഈയൊരു പ്രത്യേക ഉദ്ദേശ്യം വെച്ചുകൊണ്ടായിരിക്കണം. സുജാതയുടേതായി അവസാനം പ്രസിദ്ധീകരിച്ചു വന്ന “ഒരു ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഒളിച്ചോട്ടത്തിന്‍ കഥ“ എന്ന കഥയില്‍ അതിനെപ്പറ്റി ചില സൂചനകളുണ്ട്‌.

സുജാത കഥയിലെഴുതിയിരുന്നത്‌: കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക്‌ വഴികാട്ടുന്നതു പോലെയായിരുന്നു അത്‌. ഈ ഒളിച്ചോട്ടം, സ്വപ്നതുല്യം. വളരെയേറെ ചിന്തിച്ചശേഷമാണ്‌ ഞാനും ദിനേശനും (കഥയിലെ ഭര്‍ത്താവിന്‌ സുജാത നല്‍കിയ പേര്‌) ഒളിച്ചോടാന്‍ തീരുമാനിച്ചത്‌. ഒരു ഭ്രാന്തമായ ആവേശത്തോടെ ഞങ്ങള്‍, ഞങ്ങളുടെ തന്നെ ചരിത്രത്തില്‍ നിന്നും ഭൂതകാലത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒരു പ്രഭാതത്തില്‍ ഉണര്‍ന്നു നോക്കുമ്പോള്‍ പരസ്പരം കാര്‍ഗിലിലും സിയാച്ചിനിലും പടവെട്ടുന്ന രാജ്യങ്ങള്‍ തന്നെ അപ്രത്യക്ഷമാകുന്നതുപോലെ, ഞങ്ങള്‍ ഞങ്ങളില്‍ നിന്നു തന്നെ അപ്രത്യക്ഷമാകുകയായിരുന്നു. ഭൂപടത്തില്‍ ഒരു പ്രഭാതത്തില്‍ ഞങ്ങളുടെ രാജ്യങ്ങള്‍ മൊട്ടക്കുന്നുകളായി മാറിയതുകണ്ട്‌ ഞങ്ങള്‍ ആനന്ദിച്ചു. ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ പൊരുള്‍ നഷ്ടമായി, ആത്മാവ്‌ നഷ്ടമായി, ശരീരം നഷ്ടമായി ശരീരത്തിന്റെ ഭാരം കുറഞ്ഞപ്പോള്‍ ഞങ്ങള്‍ അതുപേക്ഷിച്ച്‌ പക്ഷികളേപ്പോലെ പറന്നു പോയി. ഞങ്ങളുടെ കുഞ്ഞുങ്ങളേയും ഒപ്പം കൊണ്ടുപോയി. ഇവിടെ നിന്നാല്‍ ഇനിയും വിഭജനത്തിന്റെ ഓര്‍മ്മകള്‍ ഞങ്ങളെ ആവേശിച്ചാലോ എന്നായിരുന്നു ഞങ്ങളുടെ ഭയം. ഈ പറന്നുപോകുന്ന പോക്കില്‍ എവിടെയെങ്കിലും മനുഷ്യരുപേക്ഷിച്ചിട്ടുപോയ വീടുകള്‍ കണ്ടാല്‍, ഭൂപടത്തില്‍ വിജനമായ വെളിമ്പറമ്പുകള്‍ കണ്ടാല്‍ അവിടെ ഞാനും ദിനേശനും പറന്നിറങ്ങും. അവിടെ ഞങ്ങളുടെ മറ്റൊരു രാജ്യം സ്ഥാപിക്കും. യുദ്ധങ്ങളില്ലാത്ത, കാലുഷ്യങ്ങളില്ലാത്ത, ആഹ്ലാദത്തിന്റേയും സമാധാനത്തിന്റേയും രാജ്യം.

ഇപ്രകാരം സുജാത എഴുതിയ “ഒരു ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഒളിച്ചോട്ടത്തിന്റെ കഥ“ എന്ന കഥ അവസാനിയ്ക്കുന്നു. തുടര്‍ന്ന്‌ അവരെപ്പറ്റി ഒന്നും കേള്‍ക്കുയുണ്ടായില്ല. എന്നാല്‍ പുതിയ ചില എഴുത്തുകാര്‍ ശ്രദ്ധയില്‍പ്പെട്ടത്‌ മറ്റേതെങ്കിലും തൂലികാ നാമത്തില്‍ സുജാത എഴുതുന്നതാണോ എന്നറിയാന്‍ പോലീസും മലയാളം പി.എച്ച്‌.ഡി. ക്കാരും അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

Subscribe Tharjani |