തര്‍ജ്ജനി

ജി.എസ്സ്‌.ശുഭ

email: gs.subha@gmail.com

Visit Home Page ...

കഥ

കബന്ധങ്ങള്‍ക്കിടയിലെ ജാരന്‍

പാമ്പും കോണിയും കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അരികിലേക്ക്‌ ചെന്ന് ഊര്‍ന്ന് തുടങ്ങിയ തട്ടം തലയിലേക്ക്‌ വലിച്ചിട്ട്‌ നഫീസു ദീര്‍ഘമായൊന്ന് നിശ്വസിച്ചു. ഒരു നിശ്വാസം കൊണ്ട്‌ തണുക്കുന്നതായിരുന്നില്ല ഉള്ളിലെ ആധികള്‍. അടയാളം നോക്കി ശിക്ഷ വിധിക്കുന്നവര്‍ നാട്ടിലാകെ അഴിഞ്ഞാടുകയാണ്‌. അവര്‍ക്ക്‌ അനായാസം കണ്ടെത്താവുന്ന അടയാളങ്ങളിലൊന്നാണല്ലോ തട്ടമെന്ന് തെല്ലൊരാവലാതിയൊടെ അവളോര്‍ത്തു. നിരുപദ്രകരമായൊരു ശിരോവസ്ത്രം പോലും ആസന്നഭീഷണിയായേക്കാവുന്ന ഈ സാഹചര്യം നഫീസുവിനെ പേടിപ്പിക്കാതിരുന്നില്ല.

പെട്ടെന്നുണ്ടായ ഗേറ്റിന്റെ തേഞ്ഞകരച്ചിലില്‍ നഫീസുവും കുട്ടികളും ഒരുമിച്ച്‌ വിളറി. കുട്ടികള്‍ അവളുടെ അയഞ്ഞുതൂങ്ങിയ മാക്സിയില്‍ അള്ളിപ്പിടിച്ചു, അവളവരെ തന്നോട്‌ ചേര്‍ത്ത്‌ നിര്‍ത്തി. മുറ്റത്ത്‌ വടക്കേവീട്ടിലെ കദീശുമ്മയുടെ സ്വരമറിഞ്ഞപ്പോള്‍ വിറച്ചു നിന്നതിന്റെ ജാള്യം മറച്ച്‌ അവരോടവള്‍ വിശേഷം തിരക്കി. കദീശുമ്മ തന്റെ ആശങ്കകളുടെ കൂട തുറന്നു.പരിചയങ്ങളോര്‍ക്കാതെ അയല്‍സ്നേഹങ്ങളില്ലാതെ ആര്‍ക്കും ആരെയും കൊല്ലാവുന്ന ഈ നാട്ടില്‍ ജീവിതത്തിന്‌ എന്തുറപ്പാണുള്ളതെന്ന് അവര്‍ സങ്കടപ്പെട്ടു. തീനും കുടിയുമില്ലാതെ സമാധാനമായ്‌ ഒരുറക്കം പോലുമില്ലാതെ എത്രനാളെന്നു വച്ചിട്ടാണ്‌ ഇവിടെ ഇങ്ങനെ?

അകലെ ഏതെങ്കിലും ബന്ധുവീട്ടില്‍ അഭയം തേടാനാണ്‌ കദീശുമ്മായുടെ തിരുമാനം നഫീസുവിനെയും കുട്ടികളെയും കുടെകൂട്ടാനുള്ള സന്നദ്ധതയോടെയാണ്‌ അവരുടെ വരവ്‌. തിരിച്ചറിവാകത്ത രണ്ട്‌ കുഞ്ഞുങ്ങളുമായി നഫീസു അവിടെ തങ്ങരുതെന്ന് കദീശുമ്മ ഉപദേശിച്ചു. അവളുടെ മരവിച്ച മനസ്സ്‌ വെറുതെ മൂളിക്കേട്ടു. ഒറ്റപ്പെട്ടു താമസിക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന വിപത്തുക്കളെക്കുറിച്ച്‌ അവര്‍ സൂചനകളും പ്രവചനങ്ങളും അവതരിപ്പിക്കുന്നതിനിടയില്‍ അനവസരത്തില്‍ നഫീസു അറിയിച്ചു
"എന്നെ ആരും ഒന്നും ചെയ്യില്ല കദീശുമ്മാ, ഇങ്ങള്‌ പൊയ്ക്കോളി"
അവര്‍ വല്ലാതായി
"കരുതിക്കോ നഫീസ്വോ ഇതൊന്നും നല്ലേനാവൂല്ല"

തന്റെ പ്രതിഷേധം വിശദീകരിക്കാതെ കദീശുമ്മ തിരിച്ചിറങ്ങി. അവരുടെ മാറ്റം നഫീസുവിനും വേവലാതിയുണ്ടാക്കി. അവര്‍ക്കിടയില്‍ ശ്രോതാക്കളായി ഒതുങ്ങിനിന്ന കുട്ടികള്‍ പലപല ചോദ്യങ്ങളുമായി നഫീസുവിന്‌ നേരെ ചെന്നു. സംരക്ഷണത്തിന്‌ ആരുമില്ലാത്ത ആ കുടുംബത്തിലേക്ക്‌ അക്രമികള്‍ എത്തിയേക്കാനുള്ള സാധ്യത കുട്ടികളെ ഭയപ്പെടുത്തി. മക്കളെ ആശ്വസിപ്പിക്കാനുള്ള നഫീസുവിന്റെ ശ്രമങ്ങളും പാഴായി.

എല്ലാം പോലീസ്‌ നിയന്ത്രണത്തിലാണെന്ന് ഉച്ച ഭാഷണികള്‍ അവകാശപ്പെടുമ്പോഴും ഒന്നും ആരുടേയും നിയന്ത്രണത്തിലല്ലെന്ന് നഫീസുവിന്‌ തോന്നി.

പിളര്‍ന്ന തലയോട്ടിയും പാതിതുറന്ന കണ്ണുമായി പത്രത്താളില്‍ കണ്ട അപ്പുട്ടിയേട്ടനെ ഓര്‍ത്ത്‌ അവള്‍ നടുങ്ങി. തൊട്ടയലത്ത്‌ അത്തരത്തിലൊരു ദാരുണ സംഭവം നടന്നിട്ട്‌ ദിവസങ്ങളായെങ്കിലും നഫീസുവിന്‌ അവിടേക്കൊന്ന് ചെല്ലാന്‍ കഴിഞ്ഞില്ല. അവരുടെ ദുഃഖം തന്റേയും കുടുംബത്തിന്റേയും ദുഃഖമായിരുന്നിട്ടും അതില്‍ പങ്കുചേരാനുള്ള അവകാശം തനിക്ക്‌ നിഷേധിക്കപ്പെട്ടു. നഫീസുവിന്റെ കണ്ണുകള്‍ നനഞ്ഞു.കുട്ടികളെ നേരത്തെ കിടത്തിയുറക്കി അവള്‍ വെറുതെയെന്നോണം ഉണര്‍ന്നിരുന്നു.

അപ്പുട്ടിയേട്ടന്റെ കടയ്ക്ക്‌ മുന്നിലെത്തിയപ്പോള്‍ വേദവ്യാസന്റെ നെഞ്ചിന്‌ കനം കൂടി. മുപ്പതുവര്‍ഷത്തെ പഴക്കമെങ്കിലുമുള്ള കട. വാടകസൈക്കിളുകള്‍ പുറത്ത്‌ നിരത്തിവെച്ച്‌ അപ്പുട്ടിയേട്ടന്‍ പത്രം വായിക്കാറുള്ളയിടം. കടത്തിണ്ണയിലെ ഉണങ്ങിയ ചോരക്കറ നോക്കി വേദവ്യാസന്‍ നെടുവീര്‍പ്പിട്ടു. ദൂരെ പോലിസ്‌ വാഹനത്തിന്റെ വെളിച്ചം തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ കടയുടെ പിന്നിലേക്ക്‌ ഒളിച്ചു. ജീപ്പ്‌ നിര്‍ത്താതെ കടന്നുപോയി. മറവില്‍ നിന്നും വെളിയിലേക്ക്‌ വരുമ്പോള്‍ തങ്ങളുടെ പക്ഷത്ത്‌ ഒരു മരണം കുടുതലാണെന്നറിഞ്ഞതില്‍ അയാള്‍ അസ്വസ്ഥനായി.

ഇനിയും വീടാത്ത ആ കടം അപ്പുട്ടിയേട്ടന്റേതായിരിക്കുമോ? വേദവ്യാസനില്‍ പകതിളച്ചു. കഴുത്തിനുപിറകിലൂടെ കൈയ്യിട്ട്‌ ഷര്‍ട്ടിനും ബനിയനും ഇടയിലിരിക്കുന്ന വടിവാളില്‍ തൊട്ട്‌ അയാള്‍ കരുത്ത്‌ നേടി.
നിരത്തിനേക്കാള്‍ ഇടവഴികളിലായിരിക്കും യാത്രസുരക്ഷിതം. റോന്തുചുറ്റുന്ന പോലീസുകാര്‍ ചോദ്യവും പറച്ചിലുമില്ലാതെ കണ്ണില്‍ പെടുന്നവരെയൊക്കെ വണ്ടിയിലിട്ട്‌ കൊണ്ടുപോകുകയാണ്‌. ആയുധവുമായി പിടിക്കപ്പെടാതിരിക്കാന്‍ സൂക്ഷിക്കണം. വേദവ്യാസന്‍ പെട്ടെന്ന് റോഡുമുറിച്ചുകടന്ന് ഇടവഴിയിലേക്കിറങ്ങി.

ധൃതിനീക്കങ്ങളുടെ താല്‍ക്കാലിക വിജയത്തില്‍ ആശ്വസിക്കാന്‍ ശ്രമിക്കവേ ഭീതി അയാളിലേക്ക്‌ രൂപം മാറിവന്നു. എതിര്‍പക്ഷത്തുള്ളവരുടെ മുന്നില്‍പെട്ടാല്‍ അക്രമിക്കപ്പെടുമെന്നതില്‍ സംശയമില്ല. ശത്രുക്കള്‍ക്കെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട നിര്‍ണ്ണായക സമയത്ത്‌ സ്വന്തം പക്ഷത്തുള്ളവര്‍ കണ്ടാലും പ്രശ്നമാണ്‌. തനിച്ച്‌ എങ്ങോട്ട്‌ പോകുന്നുവെന്ന് ചോദിച്ചാല്‍ വേദവ്യാസന്‌ മറുപടിപറയാന്‍ കഴിയില്ലായിരുന്നു. കാലിനടിയില്‍പെട്ട കരിയിലകള്‍ അമരുന്ന ശബ്ദം പോലും കേള്‍പ്പിക്കാതിരിക്കാന്‍ അയാള്‍ കരുതലോടെ ചുവട്‌ വച്ചു.

അതിസാഹസികമായ ആ യാത്രയില്‍ മരണഭയവും അയാള്‍ക്കൊപ്പം മുന്നേറി. അസമയത്ത്‌ ഈ വഴിയിലൂടെ നടക്കുമ്പോള്‍ കലപില കൂട്ടി തുണയാവാറുള്ള രാക്കിളികളും തെരുവ്പട്ടികളും ഇന്നയാളെ തനിച്ചാക്കിയിരിക്കുന്നു. വിജനതയെക്കാള്‍ നിശ്ശബ്ദതയാണ്‌ അയാളില്‍ നടുക്കമുണ്ടാക്കിയത്‌. ലോകത്തിലെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയ മനുഷ്യരില്‍ ഒരാളായി വേദവ്യാസന്‍.

ഇരുവശങ്ങളിലും വെള്ളചെമ്പരത്തികള്‍ പൂത്തുനില്‍ക്കുന്ന പഴയഗേറ്റിന്റെ സാമീപ്യം അയാളുടെ ഹൃദയമിടിപ്പിന്റെ എണ്ണം പെരുക്കി. ഗേറ്റ്‌ തുറന്ന് ചുറ്റുപാടുകള്‍ നിരീക്ഷിച്ച്‌ വീടിന്‌ പിറകുവശത്തെത്തിയ വേദവ്യാസന്‍ തനിക്ക്‌ സുപരിചിമായ അടുക്കളവാതില്‍ തള്ളിനോക്കി. അകത്ത്നിന്ന് അടച്ചിരിക്കുന്നു. ജനലഴികളിലൂടെ കൈയ്യിട്ട്‌ തുറക്കാനാഞ്ഞെങ്കിലും പതിവ്‌ തെറ്റിച്ച്‌ ജനലും കുറ്റിയിട്ടുണ്ട്‌. ക്ഷമ നശിച്ച്‌ വാതിലില്‍ മുട്ടി. അകത്ത്‌ അനക്കമുണ്ടായില്ല. ദിവസങ്ങളായി അയാളില്‍ പമ്മിക്കിടന്നിരുന്ന ചെറിയൊരാശങ്ക വളരാന്‍ തുടങ്ങി.

അരുതാത്തതെന്തെങ്കിലും സംഭവിച്ചിരിക്കുമോ? വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടന്നാലോ? സംശയമുള്ള ആരെങ്കിലും തന്റെ വരവും കാത്ത്‌ അകത്തിരിക്കുന്നുണ്ടാകുമോ? ചിന്തകള്‍ അയാളുടെ ബോധത്തെ പലവശങ്ങളിലേക്കും പറിച്ചെടുത്തു.

ഒരു വട്ടം കൂടി കതകില്‍ തട്ടി ഫലമില്ലായ്മയില്‍ വിഷണ്ണനായി നില്‍ക്കുമ്പോള്‍ അയാളുടെ നിരാശയിലേക്ക്‌ അകത്ത്‌ നിന്നാരോ വാതില്‍ തുറന്നു. തരിച്ചുപോയ അയാളുടെ കണ്ണുകളിലേക്ക്‌ നഫീസു ഇറങ്ങി വന്നു.
അനക്കമില്ലാത്ത രണ്ട്‌ നിമിഷങ്ങള്‍ക്ക്‌ ശേഷം വീണ്ടുകിട്ടിയ പരിസരബോധം അവരെ അകത്താക്കി വാതിലടച്ചു.
"നിയെന്താ വാതിലു കുറ്റിയിട്ടത്‌?
"ഇങ്ങന്ത്തെ സമയായതോണ്ട്‌..." നഫീസു സംശയത്തോടെ വിക്കി.
"വല്ലാത്ത തിരക്കായിരുന്നു." വേദവ്യാസന്‍ തനിക്കൊപ്പം ഒരാഴ്ച പിന്നിട്ട ഷര്‍ട്ടുകളിലൊന്ന് തറയിലേക്കെറിഞ്ഞു. അയാളുടെ അവശതയിലേക്ക്‌ സഹതാപത്തോടെ നോക്കിയ നഫീസു സഹായിക്കാനടുത്തു. അവളെ തള്ളിമാറ്റിയ വേദവ്യാസന്‍ രണ്ടാമത്തെ ഷര്‍ട്ടിനും ബനിയനും ഇടയില്‍ നിന്ന് ശ്രദ്ധയോടെ വടിവാള്‍ വലിച്ചെടുത്തു.
നഫീസു വിറങ്ങലിച്ചു.
നിലത്തിട്ട ഷര്‍ട്ടിനുമീതേക്ക്‌ വാളിറക്കിവെച്ച്‌ ശേഷിച്ച മേല്‍ വസ്ത്രങ്ങളും ഊരിമാറ്റിയ വേദവ്യാസന്‍ നഫീസുവിന്‌ മുന്നില്‍ ധീരനായി.
"പേടിച്ച്‌ പോയോ?"
"ഞാന്‍ വിചാരിച്ചു ഇങ്ങളെന്നെ കൊല്ലാന്‍ പോവ്വാന്ന്" നഫീസു സങ്കടപ്പെട്ടു.
"നൂറ്‌ കൂട്ടം പ്രശ്നങ്ങളാണ്‌,അതിനിടയില്‍ ഒരാശ്വാസത്തിന്‌ വന്നപ്പോള്‍ അവളുടെ ഒടുക്കത്തെ മാഞ്ഞാണം" വേദവ്യാസന്‍ അക്രമവാസനയോടെ അവളുടെ തട്ടം കവര്‍ന്നെടുത്ത്‌ വാളിനുമുകളിലേക്കെറിഞ്ഞു. അയാളുടെ ആര്‍ത്തി അവള്‍ക്കിഷ്ടമായി.അവളുടെ പുറം കഴുത്തില്‍ ചുംബിക്കുന്ന അയാളോട്‌ അവള്‍ കുറുമ്പോടെ കൊഞ്ചി.
"ഇങ്ങക്കിന്നെന്താ വേറൊരുമണം"
വേദവ്യാസന്‍ നിവര്‍ന്നു.
"ഇത്‌ ചോരയുടെ മണമാ നഫീസൂ" അയാളുടെ അഭിമാനം അവള്‍ക്ക്‌ അറപ്പായി. അവളയാളില്‍ നിന്നും തന്ത്രപൂര്‍വ്വം തെന്നിമാറി.
"ഇങ്ങളെത്രാളെ കൊന്നു?"
മുടിയിഴകളില്‍ തഴുകി അയാളവളെ മെരുക്കാനൊരുങ്ങി.
"ഞാനൊരു വാളെടുത്ത്‌ കാണുന്നോരെയൊക്കെ വെട്ടിക്കൊല്ല്വൊന്ന്വല്ല"
വെറുപ്പോടെ അയാളെ നോക്കി നിന്ന നഫീസുവിന്റെ ചുണ്ടുകളയാള്‍ സ്വന്തമാക്കി.
"ആളെതെകക്കാന്‍ ഇങ്ങള്‌ ഇന്നിം കൊല്ല്വോ?" അധരങ്ങള്‍ സ്വതന്ത്രമായപ്പോള്‍ തന്നെ അവളത്‌ ഉപയോഗപ്പെടുത്തി.
"വേണ്ടിവന്നാ കൊല്ലും" വേദവ്യാസന്റെ ശബ്ദവും ശ്വാസവും നഫീസുവിലേക്ക്‌ ആഴ്‌ന്നിറങ്ങി. അവള്‍ മൂകയായി.അതയാള്‍ക്ക്‌ കരുത്തുമായി. ഒരു നുഴഞ്ഞുകയറ്റക്കാരന്റെ സാമര്‍ത്ഥ്യത്തോടെ അവളുടെ മാറിടത്തിനുനേരെ നീങ്ങുമ്പോള്‍ അയാള്‍ തമാശപോലെ പറഞ്ഞു.
"നീ എന്നെ കൊല്ല്വോന്നാ എന്റെ പേടി"
"ഇങ്ങളെ കൊല്ലാന്‍ ഇനിക്ക്‌ കത്തിം കൊടുവാളുമൊന്നും വേണ്ട" ചെറിയൊരു ശൂന്യതയ്ക്ക്‌ പിറകേവന്ന നഫീസുവിന്റെ പ്രസ്താവന ആത്മവിശ്വാസം നിറഞ്ഞതായിരുന്നു.
"ഇങ്ങളെന്തൊക്കെ പറഞ്ഞാലും വയറ്റിലുള്ള പെണ്ണീനോട്‌ ചെയ്തത്‌ വേണ്ടില്ലേര്‌ന്ന്, ഇങ്ങളും അക്കൂട്ടത്തിലിണ്ടേര്‌ന്നോ?"
വേദവ്യാസന്‍ നഫീസുവിനെ തറയിലേക്ക്‌ ചായ്ച്ചുവീഴ്ത്തി
"അപ്പം വികലാംഗനായ ഞങ്ങളെയാളെ കൊന്നതോ?"
കൃത്യമായ ഒരുത്തരം അവള്‍ക്കുണ്ടായില്ല. അവളിലേക്കെത്തുന്ന അയാളെ സ്വീകരിക്കുന്നതിനിടയില്‍ നഫീസു ന്യായം കണ്ടെത്തി.
"ആദ്യം പ്രശ്നംണ്ടാക്കീത്‌ ഇങ്ങളാള്‍ക്കാരാ"
അവളുടെ പ്രകോപനം അയാളുടെ ആവേശം കൂട്ടി. തന്റെ കടന്നുകയറ്റത്തിന്റെ കറുത്ത അടയാളങ്ങള്‍ അവശേഷിപ്പിക്കണമെന്ന് തീരുമാനിച്ചിറങ്ങിയ പോരാളിയെപ്പോലെ നഫീസുവിലൂടെ സഞ്ചരിക്കവേ അയാളും വാക്കുകളും കനപ്പെട്ടു.
"കാരണംണ്ടാക്കിയത്‌ നിങ്ങളല്ലേ? വിദേശപണം പറ്റുന്നില്ലേ നിന്റാളുകള്‍.... രാജ്യദ്രോഹികള്‍"
വേദവ്യാസനിലെ മൃഗത്തെ, അയാളുടെ ദാക്ഷിണ്യമില്ലാത്ത ചലനങ്ങളെ സഹിക്കാന്‍ കഴിയാതെ വന്ന നഫീസു തടുക്കാന്‍ കൊതിച്ചു.
"ഇങ്ങളതുമാത്രാണോ ഈ രാജ്യം? ഇങ്ങള്‍ക്ക്‌ മാത്രേള്ളോ രാജിയ സ്നേഹം?"
"വേദവ്യാസന്‍ കിതച്ചുപോയെങ്കിലും പൊരുതാന്‍ തന്നെയുറച്ചു.
"നിങ്ങളെയൊന്നും കൂറ്‌ ഇവിടെയല്ല അതോണ്ടല്ലേ ഇന്‍ഡ്യ രണ്ട്‌ കഷണായത്‌"
നഫീസു അന്തം വിട്ടു. അവള്‍ക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അവളുടെ തകര്‍ച്ചയിലേക്ക്‌ ആഴ്‌ന്നിറങ്ങി അയാള്‍ വിജയത്തിലേക്ക്‌ കുതിച്ചു.
നഫീസു മറ്റെല്ലാം മറന്നു. ഈ നാട്ടില്‍ ജീവിച്ചുമരിച്ച തന്റെ പൂര്‍വ്വികര്‍ക്കുപോലും പങ്കില്ലാത്ത കാര്യം. അതിന്റെ പാപഭാരമാണ്‌ ഇപ്പോഴും തന്റെ കൂട്ടക്കാര്‍ക്ക്‌ ചുമക്കേണ്ടിവരുന്നത്‌.

അവളുടെ നിസംഗതയിലേക്ക്‌ വേദവ്യാസന്റെ ആശ്വസത്തിന്റെ ശബ്ദമുയര്‍ന്നു. നഫീസു നീറിപ്പുകഞ്ഞു.
ഷര്‍ട്ടിനടിയിലേക്ക്‌ പവിത്രതയോടെ വടിവാള്‍ തിരുകിവെച്ച്‌ വേദവ്യാസന്‍ വാതില്‍ തുറന്നു. ഇരുട്ടിലേക്കിറങ്ങിയ അയാള്‍ തിരിഞ്ഞുനോക്കാതെ നടന്നകന്നു. പിറകില്‍ കൊട്ടിയടച്ച വാതിലും ചാരി നഫീസു തളര്‍ന്നുനിന്നു

Subscribe Tharjani |