തര്‍ജ്ജനി

പി.കെ.നാണു

മുക്കാളി,
വടകര

Visit Home Page ...

കഥ

കഥയ്ക്കു പുറത്തുള്ളവര്‍

ഒരു കഥയുടെ തുടക്കവും അവസാനവും എങ്ങനെ എഴുതണമെന്ന രൂപം മനസ്സിലുണ്ടായാല്‍ മതി - കഥയെഴുതുന്നത്‌ പിന്നെ ഏറെ പ്രയാസമുള്ള കാര്യമൊന്നുമല്ല. തുടക്കത്തിന്റേയും അവസാനത്തിന്റേയും ഇടയ്ക്ക്‌ എന്തുമാകാം.

സ്ത്രീരിയലുകളില്‍ നിന്നും കണ്ണുനീരിയലുകളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ചാനലുകള്‍ അതിവേഗം മാറിക്കടക്കുമ്പോള്‍ വന്നുവീണ ഹിന്ദി ചാനലില്‍ ഒരു ഉറുദു കഥയെഴുത്തുകാരനാണ്‌ ചാനലുമായുള്ള അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞത്‌. ഇപ്പറഞ്ഞതിലൊരു പുതുമയില്ലേ എന്നു തോന്നി. ഉറുദു കഥയെഴുത്തുകാരന്റെ പേരറിയില്ല. ഇടയ്ക്ക്‌ വെച്ചാണ്‌ ഞാന്‍ ചാനല്‍ അഭിമുഖത്തില്‍ വന്നു പെട്ടത്‌. ഹിന്ദി ചാനലില്‍ തന്നെ തുടരാന്‍ തോന്നിയെങ്കിലും, അഭിമുഖം അവസാനിക്കും മുമ്പ്‌ സിഗ്നല്‍ തകരാറിലായി.

അതേ! ഒരു കഥയടെ തുടക്കമാണ്‌ ഞാന്‍ മുകളിലെഴുതിയത്‌. കഥയുടെ അവസാനം എങ്ങനെയായിരിക്കണമെന്നുള്ള ആശയം എന്റെ മനസ്സിലുണ്ട്‌. കഥയുടെ തുടക്കം കുറിച്ചയുടനെ കഥാന്ത്യം എഴുതുന്നത്‌ കഥയില്ലായ്മയായിരിക്കും. ഇനിയിവിടെ എഴുതുന്നത്‌ തുടക്കത്തിന്റേയും അവസാനത്തിന്റേയും ഇടയ്ക്ക്‌ എഴുതാനുള്ളവ. കഥയില്ലാത്ത ഒരവസ്ഥയാണ്‌.എന്നാല്‍ കഥാപാത്രങ്ങള്‍ ഉണ്ടുതാനും.ഈ കഥാപാത്രങ്ങളാകട്ടെ,ഏതാണ്ട്‌ മൂന്ന്‌ കൊല്ലങ്ങള്‍ക്കു മുമ്പേ എഴുതിവെച്ച ചില കുറിപ്പുകളില്‍ നിന്ന്‌ ഉറക്കമുണര്‍ത്തി ഞാന്‍ വിളിച്ചു കൊണ്ടു വന്നതാണ്‌.

ഒന്ന്‌:എടച്ചേന കുങ്കന്‍

മലവാരത്ത്‌ ദീര്‍ഘനിദ്രയിലായിരുന്ന കുങ്കന്റെ മേല്‍ 2003 ഫിബ്രുവരിമാസം 19ാ‍ം തിയ്യതി നനവുള്ള ചരല്‍ക്കല്ലുകള്‍ മാതിരി എന്തോ വീണ്‌, അയാളെ ഉറക്കത്തില്‍ നിന്നുണര്‍ത്തി.വര്‍ദ്ധിച്ച ശുണ്ഠിയോടെ കുങ്കന്‍ ചാടിയെഴുന്നേറ്റ്‌ നോക്കിയപ്പോള്‍ , ചരല്‍ക്കല്ലുകളോ മഴത്തുള്ളികളോ ആയിരുന്നില്ല ദേഹത്ത്‌ വീണത്‌. മുത്തങ്ങയിലെ ആദിവാസികളുടെ ചോരത്തുള്ളികളായിരുന്നു അവയെന്ന്‌ അയാളറിഞ്ഞു. പഴയ ചരിത്രം ചെയ്തു കൂട്ടിയ ഞായക്കേടുകള്‍ ഇപ്പേഴും തുടര്‍ന്നു പോരുന്നതില്‍ മനംനൊന്ത്‌ കുങ്കന്‍ അരിശത്തോടെ താഴ്‌വാരത്തിലേക്കിറങ്ങി. പഴയ വഴികളൊക്കെ മാറിയിരുന്നുവെങ്കിലും പഴയ കൂറിനും വീറിനും പകയ്ക്കും കുറവുണ്ടായിരുന്നില്ല.

കുറ്റ്യാടിച്ചുരം കടന്ന്‌ എത്രയും വേഗം തലശ്ശേരിയിലെത്തുകയായിരുന്നു കുങ്കന്റെ ഉദ്ദേശ്യം. ലോഗന്‍ സായിപ്പിനോട്‌ ഒന്നു രണ്ട്‌ ഞായം ചോദിക്കാനുണ്ട്‌.

തലശ്ശേരിയിലെത്തി ഒടിഞ്ഞ്‌ ചുരുണ്ട്‌ കിടക്കുന്ന ലോഗന്‍ സായിപ്പിന്റെ മുമ്പില്‍ ചങ്കൂറ്റത്തോടെ എടച്ചേന കുങ്കന്‍ നിന്നു. സായിപ്പിന്റെ നേരെ വിരല്‍ ചുണ്ടി അരിശമടക്കാതെ പറഞ്ഞു-

ചരിത്രത്തില്‍ ഒന്നോ രണ്ടോ വരികള്‍ മാത്രമേ സായിപ്പടക്കമുള്ള ചരിത്രകാരന്മാര്‍ എനിക്കു വേണ്ടി തന്നിട്ടുള്ളൂ. ഞായക്കേടാണ്‌ കാട്ടിയത്‌. ഒന്നോ രണ്ടോ വരികളില്‍ ഒരു ഒളിപ്പോരാളിയുടെ സമരചരിത്രമോ പശ്ചാത്തലമോ ഒതുങ്ങുകയില്ലെന്ന്‌ സായിപ്പിനറിയാഞ്ഞിട്ടല്ല. ഒന്നോ രണ്ടോ വരികളില്‍ മാത്രം ഒതുങ്ങുന്ന ഒരു ഒളിപ്പോരാളിയില്‍ നിന്ന്‌ പിന്‍തലമുറ പ്രചോദനം കൊള്ളുകയില്ലെന്ന്‌ മനസ്സിലാക്കിയിട്ടാണ്‌ സായിപ്പിത്‌ ചെയ്തതെന്ന്‌ എനിക്കറിയാം. ചരിത്രത്തിലേക്ക്‌ അതിക്രമിച്ച്‌ കടക്കുന്നവരുടെ നെറികെട്ട കാലമായി ഇക്കാലം മാറിയിരിക്കുന്നു. അപ്പപ്പോഴത്തെ ആവശ്യമനുസരിച്ച്‌ പഴയ ചരിത്രം തിരുത്തിയെഴുതുന്ന തോന്നിയവാസികളുടെ കാലമാണിപ്പോള്‍ ‍. പഴയ ഗോത്രത്തലവന്റെ ഭാരമൊക്കെ ഉപേക്ഷിച്ചിട്ടാണ്‌ ഞാനിപ്പോള്‍ മലയിറങ്ങി വന്നിട്ടുള്ളത്‌. സ്വന്തം കാടും ഭൂമിയും നഷ്ടപ്പെട്ട നഗ്നനായ ഒരു ആദിവായിയായിട്ട്‌! ചരിത്രത്തിന്റെ എല്ലാ പുറങ്ങളിലും സ്ഥാനം പിടിക്കനുള്ള ആവേശവുമായിട്ട്‌. നിങ്ങളുടെ നാടൊക്കെ ചരിത്രത്തിന്റെ ഊക്കന്‍ കാടാക്കിമാറ്റി ഞാന്‍ നായാട്ടിനിറങ്ങും. പടവാളിനിപ്പോള്‍ പഴയ മൂര്‍ച്ചയൊന്നുമില്ല സായിപ്പേ-

എടച്ചേന കുങ്കന്‍ തന്റെ പടവാള്‍ ആകാശത്തേക്ക്‌ നിട്ടിയെറിഞ്ഞു. തുരുമ്പിച്ചൊരു സീല്‍ക്കാരത്തോടെ വാള്‍ എവിടേക്കോ പറന്നു പോയി, തീ തുപ്പുന്ന പരശ്ശതം അമ്പുകളായി രൂപാന്തരപ്പെട്ട്‌ തിരിച്ചു വന്നു.

കുങ്കന്‍ ഞായം പറച്ചില്‍ നിറുത്തിയില്ല. ചുവടൊന്നു മാറ്റി പയറ്റാനാണ്‌ ഞാനിറങ്ങിപ്പുറപ്പെട്ടത്‌. കാണുന്നില്ലേ, ഞാന്‍ നയിച്ച വംശത്തോട്‌ കാണിക്കുന്ന ഞായക്കേടുകള്‍ .

രോഷാകുലനായി തന്റെ മുമ്പില്‍ വിറച്ചു നില്‍ക്കുന്ന കുങ്കനെ നോക്കി ലോഗന്‍ സായിപ്പ്‌ പറഞ്ഞു-

കാലമേറെ കഴിഞ്ഞു പോയിരിക്കുന്നുവല്ലോ, കുങ്കാ? നിയൊരുപാട്‌ വയസ്സനായില്ലേ? രാഷ്ട്രീയാധികാരം തോക്കിന്‍ കുഴലിലൂടെയല്ല ഭരിക്കുന്നവരുടെ ഔദാര്യത്തിലൂടെയാണെന്നതാണ്‌ പുതിയ ഞായം. അതല്ല, അധികാരം അമ്പിന്‍മുനയിലൂടെയാണ്‌ പിടിച്ചെടുക്കേണ്ടതെന്ന,നീ നയിച്ച വംശത്തിന്റെ പുതുതലമുറയുടെ ഞായത്തിന്‌ ശത്രുഹാനി വരുത്താന്‍ പറ്റുന്ന മൂര്‍ച്ചയൊന്നുമില്ല. ഇനിയേത്‌ വഴി വേണമെന്ന്‌ നിന്റെ യാത്രയില്‍ നീ തിരിച്ചറിയും.

കുങ്കന്‍ പറഞ്ഞു - സായിപ്പേ, ഔദാര്യത്തില്‍ പട്ടയത്തിനുവേണ്ടി കൈനീട്ടാന്‍ ഞാനില്ല. ജന്മപ്പരപ്പിന്റെ അവകാശത്തിനായി ഞാന്‍ അട്ടഹസിക്കും. അമ്പിന്‍മുനകൊണ്ട്‌ ഞാന്‍ ചരിത്രം തിരുത്തിയെഴുതും.

ലോഗന്‍ സായിപ്പ്‌ പറഞ്ഞു - എന്നലങ്ങനെയാവട്ടെ. ഇനി ചരിത്രം നീയെഴുതുക. ഞാനീ വഴിയോരത്ത്‌ ചുരുണ്ട്കൂടി , വെറുമൊരു സാക്ഷിയായി കിടന്നോട്ടെ.

രണ്ട്‌: പറശ്ശിനിക്കടവ്‌ മുത്തപ്പന്റെ ഭക്തനും പൂരക്കളിപ്രേമിയുമായ ഒരാള്‍

ഇദ്ദേഹം വാസ്തവത്തില്‍ ദൈവവിശ്വാസിയായിരുന്നില്ല. നിരീശ്വരവാദിയായിരുന്നു എന്നല്ല സൂചന. തന്റെ താല്പര്യത്തിന്‌ ചേരാത്തതും വംശത്തോട്‌ ഐക്യപ്പെടാത്തതുമായ ഈശ്വരന്മാരുടെ പ്രീതിക്കായി ഒന്നും ചെയ്തിരുന്നില്ല എന്നാണുദ്ദേശിച്ചത്‌. പറശ്ശിനിക്കടവ്‌ മുത്തപ്പനെയായിരുന്നു മുത്തപ്പനെയാണ് ഇദ്ദേഹം ആരാധിച്ചിരുന്നത്‌. ഏത്‌ നല്ല കാര്യത്തോടനുബന്ധിച്ചും മുത്തപ്പന്റെ പേരില്‍ ഇദ്ദേഹം പയങ്കുറ്റി നിവേദിച്ചിരുന്നു. വീടിന്റ വടക്കേ മുറ്റത്ത്‌ പുല്പായവിരിയിട്ട്‌, നാക്കിലവെച്ച്‌ അതില്‍ കള്ളും ചുട്ടെടുത്ത ഉണക്കമീന്‍ ‍, പപ്പടം, തേങ്ങാപ്പൂള്‍ ‌, പയര്‍പുഴുക്ക്‌ തുടങ്ങിയ ഉപദംശങ്ങളും. മകന്‍ ഉദ്യോഗം തേടി ബോംബേയിലേക്ക്‌ വണ്ടി കയറിയ ദിവസം മുത്തപ്പനായി ഒരു പയംകുറ്റി. മകന്റെ ആദ്യശമ്പളം മണിയോര്‍ഡറായി കൈപ്പറ്റിയ ദിവസം ഒരു പയംകുറ്റി. ഓരോ നല്ലകാര്യത്തിന്റേയും പേരില്‍ ഓരോ പയംകുറ്റി.

തന്റെ നല്ലകാലത്തെ മീനമാസങ്ങളില്‍ ഇദ്ദേഹം വളപട്ടണം പുഴയ്ക്ക്‌ വടക്കു നിന്ന്‌ പൂരക്കളി സംഘങ്ങളെ വരുത്തി മത്സരങ്ങള്‍ നടത്തി. വിസ്തരിച്ചു കെട്ടിയ ഓലപ്പന്തലിന്‌
കീഴില്‍ വന്ദനവും പാട്ടും കേള്‍ക്കാവുന്ന വിധത്തില്‍ കളരിനിലങ്ങള്‍ നിരപ്പാക്കി, അടിച്ചൊതുക്കി, മെഴുകി തയ്യാറാക്കി. ഉശിരുള്ള പൂരക്കളി പണിക്കര്‍മാരുടെ മേല്‍നോട്ടത്തില്‍ സന്ധ്യയ്ക്ക്‌ ശേഷം കത്തിത്തിളങ്ങുന്ന നിലവിളക്കുകള്‍ക്കു ചുറ്റും പൂരക്കളി മത്സരം - പാട്ടു പാടി, താളംപിടിച്ച്‌, ചുവടുവെച്ച്‌, മെയ്‌വഴക്കവും മെയ്യഭ്യാസവും സമൃദ്ധമായി പ്രദര്‍ശിപ്പിച്ചു. കാമം വിയര്‍ത്ത പൂരക്കളിമേനികള്‍ക്ക്‌ കീഴെ, കളരിനിലം വിവശയും രതിമൂര്‍ച്ഛ നേടിയവളുമായി തളര്‍ന്നു മയങ്ങി. പോര്‍വിളിച്ചാഹ്ലാദിച്ച്‌, കളരിയെ തൊഴുത്‌ പൂരക്കളിക്കാര്‍ പിന്‍വാങ്ങി.

പൂരക്കളിക്കാരുടെ ആതിഥേയനായ ഈ കഥാപാത്രം തന്റെ വംശത്തിന്റെ അസാധാരണമായ കരുത്തും വാഗ്വിലാസവും തുറന്ന കളരിനിലങ്ങളില്‍ കാഴ്ചക്കാര്‍ക്ക്‌ മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയതില്‍ ചങ്കൂറ്റം കൊണ്ടു. അങ്കം ജയിച്ച ചേകവനെപ്പോലെ, ആകാശത്തെ കീറി ഉറുമി ചുഴറ്റി ഇടി മിന്നലുണ്ടാക്കി, ദൈവങ്ങളെ പ്രകോപിപ്പിച്ചു. അങ്ങനെ തന്റെ അസ്തിത്വത്തിന്റെ ഭൂമിക നെഞ്ചൂക്കോടെ അടയാളപ്പെടുത്തി വമ്പനായി.

കഥയുടെ അവസാനം ഇങ്ങനെ:

മുകളില്‍ പറഞ്ഞ കഥാപാത്രങ്ങള്‍ ഒരു പാതിരാത്രി എന്നെ വിളിച്ചുണര്‍ത്തി ചോദിച്ചു - എന്തായിത്‌ കഥ? ഈയിടെയായി കഥകളൊന്നും എഴുതാറില്ലേ? പാതിരാത്രി ഉറക്കം കെടുത്തിയതിലുള്ള നീരസം ഒട്ടും മറച്ചു വെക്കാതെ ഞാന്‍ ചാടിയെഴുന്നേറ്റ്‌ അവര്‍ക്കു നേരെ വിരല്‍ ചൂണ്ടി രൂക്ഷമായി പറഞ്ഞു - കടക്ക്‌ പുറത്ത്‌. കഥകളെഴുതുന്നതു നിറുത്തി. ഞാനിപ്പോള്‍ ജീവിതമെഴുതാനുള്ള ബേജാറിലാണ്‌.

കഥാപാത്രങ്ങളെ വെളിയിലേക്കോടിച്ച്‌ ഞാനെന്റെ കഥയുടെ വാതില്‍ കൊട്ടിയടച്ചു.

Subscribe Tharjani |