തര്‍ജ്ജനി

വി. മുസഫര്‍ അഹമ്മദ്‌

സബ് എഡിറ്റര്‍, മലയാളം ന്യൂസ്, ജിദ്ദ.

ഫോണ്‍:

ഇ-മെയില്‍:

വെബ്:

Visit Home Page ...

കവിത

പൂവും കൊമ്പും

അവള്‍ എന്തു തിന്നാലും
അത്‌ പൂക്കളായി മാറും
മുടിപ്പൂവ്‌
പീലിപ്പൂവ്‌
കണ്‍പൂവ്‌
ചുണ്ടു പൂവ്‌
രോമപ്പൂവ്‌
മുലപ്പൂവ്‌
വിരല്‍പ്പൂവ്‌
നഖപ്പൂവ്‌
കരള്‍പ്പൂവ്‌
എന്നിങ്ങനെ.
തൊണ്ടയില്‍
കുടുങ്ങിയ
മീന്‍ മുള്ളുപോലും
മുള്‍ പൂവായിട്ടുണ്ട്‌

അയാള്‍ എന്തു
തിന്നാലും
അത്‌ കൊമ്പുകളാവും
മുടിക്കൊമ്പ്‌
പീലിക്കൊമ്പ്‌
കണ്‍കൊമ്പ്‌
ചുണ്ടുകൊമ്പ്‌
രോമക്കൊമ്പ്‌
മീശക്കൊമ്പ്‌
വിരല്‍ക്കൊമ്പ്‌
നഖക്കൊമ്പ്‌
ഭുജക്കൊമ്പ്‌
കരള്‍ക്കൊമ്പ്‌
എന്നിങ്ങനെ
പല്ലിനടിയില്‍
കുടുങ്ങിയ
ഇറച്ചിക്കഷണം
പോലും കൊമ്പായിട്ടുണ്ട്‌.

ആണിന്റെയും
പെണ്ണിന്റെയും
അടയാളങ്ങള്‍
പൂവും കൊമ്പുമാകാത്തതിനാല്‍
അവര്‍ക്ക്‌ കുട്ടികള്‍ പിറന്നു
അവരുടെ പെണ്‍കുഞ്ഞ്‌
ഒരു പൂവാണന്ന്
തെറ്റിദ്ധരിച്ച്‌ പറന്നെത്തിയ
വണ്ടുകള്‍ പൊടുന്നനെ
പൂക്കളായി ഞെട്ടറ്റു.
അവരുടെ ആണ്‍കുഞ്ഞ്‌
ഒരു കൊമ്പെന്നു കരുതി
മുയല്‍ക്കുട്ടികള്‍
കാരറ്റ്‌ കാടുകളില്‍
ഒളിഞ്ഞു.

Subscribe Tharjani |