തര്‍ജ്ജനി

കുഴൂര്‍ വില്‍‌സണ്‍

ഇ-മെയില്‍: kuzhoor@gmail.com
വെബ്: വിശാഖം
www.kuzhur.com

Visit Home Page ...

കവിത

റിഹേഴ്സല്‍

മഴ പെയ്യുമ്പോള്‍
കുടയിങ്ങനെ
പെയ്യാത്തപ്പോള്‍
അങ്ങനെ

ക്ലാസ്സില്‍
വാട്ടര്‍ ബോട്ടില്‍
വെക്കേണ്ട വിധം

ടിഫിന്‍ ബോക്സ്
ചായപ്പെന്‍സിലുകള്‍
ബാഗിന്റെ പേരു്

നെയിം സ്ലിപ്പുകള്‍
എല്ലാം ശരിയല്ലേ

അവന്‍ ഒത്തു നോക്കി

പുറത്തു മഴ പെയ്യുന്നുണ്ടെന്നു
എപ്പോഴും വിചാരിച്ചാല്‍
കുടയൊരിക്കലും
മറക്കുകയില്ല കുട്ടാ
അമ്മ പറയുന്നു

ഈ അമ്മയ്ക്കെന്തറിയാം

എല്ലാം ശരി തന്നെ

ഒരു നൂറു തവണയെങ്കിലും
പരിശീലനം നടത്തിക്കാണും
സ്ക്കൂളില്‍ പോകുമ്പോള്‍
കുട പിടിക്കുവാന്‍


ഒരിക്കലും
റിഹേഴ്സല്‍ നടത്തിയില്ല എങ്കിലും
എത്ര ക്യത്യമായി
ടാങ്കര്‍ ലോറി കയറി ചിതറിയത്
അവന്‍
സാക്ഷാത്കരിച്ചിരിക്കുന്നു

കുട അവിടെ
ചോറ്റുപ്പാത്രം തുറന്നിവിടെ
വാട്ടര്‍ ബോട്ടില്‍
നെയിംസ്ലിപ്പുകള്‍

ചായപ്പെന്‍സിലുകള്‍
അവിടെ ഇവിടെ.

Subscribe Tharjani |
Submitted by hari on Wed, 2007-01-03 20:01.

വായിച്ച് ചിതറിപ്പോയി....
വിത്സാ, നോവുന്ന കവിതയ്ക്ക് നന്ദി.