തര്‍ജ്ജനി

ഒ. പി. സുരേഷ്

ദേശാഭിമാനി, കോഴിക്കോട് 32

ഫോണ്‍: 09447065129

ഇ-മെയില്‍: opsuresh@gmail.com

Visit Home Page ...

കവിത

കേരളം വളരുന്നു

പകുതിയിലേറെപ്പേരും
സര്‍ക്കാര്‍ ജീവനക്കാരോ
ആഗ്രഹിച്ച് കിട്ടാ‍തെ
മറ്റ് ജോലി ചെയ്യുന്നവരോ
ഒന്നും ചെയ്യാതിരിക്കുന്നവരോ
പലതും ചെയ്ത് ഒന്നുമാകാതിരിക്കുന്നവരോ
ആകയാല്‍, കേരളമേ
നീയൊരു സര്‍ക്കാര്‍ സംസ്ഥാനം
ഇടപാടുകളെല്ലാം ഔദ്യോഗികം.

ഏറെക്കുറെ എല്ലാവരും
ഇംഗ്ലീഷ് സംസാരിക്കുന്നവരോ
ശ്രമിച്ച് പരാജയപ്പെട്ട്
ഒച്ച താഴ്ത്തിയ മാതൃഭാഷയോ
ഒന്നും പറയാത്തവരോ
എന്തെങ്കിലുമൊക്കെ
പറഞ്ഞ് തുലക്കുന്നവരോ
ആകയാല്‍, മലയാളമേ
നീ, കാലഹരണപ്പെട്ട
ഒരു കാവ്യബിംബം.
വിനിമയങ്ങളെല്ലാം
വിഴുപ്പലക്കലുകള്‍.

ആളുകളേറെയും
കുടിയേറിപ്പാര്‍ത്തവരോ
കുടിയൊഴിഞ്ഞുപോയവരോ
വിരുന്നുകാരോ
നാടു തെണ്ടി നടന്ന്
പല രാജ്യങ്ങള്‍ നേടിയവരോ

ഒന്നും നേടാ‍ത്തവരോട്
എല്ലാം നഷ്ടപ്പെട്ടവരോ
ആകയാല്‍, കൈരളി
വ്യാമോഹങ്ങളുടെ സ്വന്തം നാട്
കാഴ്ചയിലെപ്പോഴും
അക്കരപ്പച്ചകള്‍.

സ്വന്തം അടുക്കളത്തോട്ടം
അയല്‍ നാട്ടില്‍ വളര്‍ത്തിയവര്‍
സ്വന്തം പണപ്പെട്ടി
മറ്റ് നാടുകളില്‍ സൂക്ഷിച്ചവര്‍
വേരുകളും വേദനകളുമില്ലാത്ത
തലമുറകളുടെ ആഘോഷം
ഔദാര്യങ്ങളുടെ ആനപ്പുറത്ത്
പൊങ്ങച്ചങ്ങളുടെ തിടമ്പേറ്റം.

നാടു വിട്ടു പോയവരുടെ
ഓര്‍മ്മകളില്‍ മാത്രം
ജീവനുള്ള ദേശമേ,
അഞ്ചുകൊല്ലം കഴിഞ്ഞാല്‍
നീയും പെന്‍ഷന്‍ പറ്റും.
വളര്‍ച്ചയുടെ സായംകാലം
നടു നിവര്‍ത്തി നില്‍ക്കുവാന്‍
മതിയോ,
അഞ്ചുപതിറ്റാണ്ടിന്റെ
ചോര്‍ന്നു പോകുന്ന
ആത്മബലം?

Subscribe Tharjani |