തര്‍ജ്ജനി

സെബാസ്റ്റ്യന്‍

കവിതാസംഗമം, എറണാകുളം, കേരളം
ഫോണ്‍:
9387222562

Visit Home Page ...

കവിത

തൊട്ടിയെ ചേര്‍ത്തു പിടിച്ച മുളങ്കമ്പുകള്‍

തിരിച്ചു പോരുമ്പോള്‍
എന്നെ നിന്റെ പോക്കറ്റിലിട്ടു,
നീയറിയാതെ
ഞാന്‍

പോകുമെന്ന്‌
അറിഞ്ഞമാത്രയില്‍
ഹ്രസ്വമായകാഴ്ചയും
സംസാരവും മതിയാവാതെ
ഉള്ളും ദേഹവും
വേഗത്തില്‍ ചുരുക്കി
രൂപരഹിതനായ്‌
പോക്കറ്റിലേയ്ക്ക്‌
കയറുകയായിരുന്നു.

തിരിച്ചു പോന്ന ഞാന്‍
വെറും ശൂന്യന്‍.

വീട്ടിലെത്തുമ്പോള്‍
എന്നെ നീ എന്തു ചെയ്യും?
കൂട്ടില്‍ കിളിയായോ
ചങ്ങലയില്‍ നായയായോ
തൊഴുത്തില്‍ പശുവായോ
ഒതുക്കരുത്‌

സ്വതന്ത്രമായ്‌ വിടണം
എങ്കില്‍ ആ നിമിഷം മുതല്‍
ഞാന്‍ പരിണമിക്കും
ആയുസ്സു മുഴുവന്‍
നിന്റെ നാസാഗ്രങ്ങളിലൂടെ വരുന്ന
പ്രാണനായ്‌

Subscribe Tharjani |