തര്‍ജ്ജനി

അജിത്

Resonance,
അരുളപ്പാട് ദേവീ ക്ഷേത്രത്തിനു സമീപം,
ചേവരമ്പലം,
കോഴിക്കോട് 17
ഫോണ്‍: 94475 40414
ഇ-മെയില്‍: ajit63@gmail.com

Visit Home Page ...

കവിത

ലക്ഷം വീടുകളിലെ അടുപ്പ്

തുരുമ്പിച്ച ഇരുമ്പടുപ്പുള്ള
ആ വീടിന്റെ ചായ്പില്‍
വിരലുകള്‍ കൊത്തിക്കൊണ്ടുവന്ന
ഉണങ്ങിയ ഇലകള്‍
കലപില കൂട്ടുന്നുണ്ടാവും...

ചൂടിക്കയറിന്റെ നര്‍ത്തകി
ചീവീടിന്റെ ചിലങ്കയണിഞ്ഞ്
മുടി പിരിച്ചുകൊണ്ട്
റാന്തലിന്റെ നിഴല്‍ക്കൂത്താടാന്‍
ഇറങ്ങി വരുന്നുണ്ടാവും...

ഈര്‍ച്ചപ്പൊടി നിറച്ച
അടുപ്പിന്റെ നട്ടെല്ലിനുചുറ്റും
അവളുടെ
കാല്‍‌വിരലുകളുടെ അഞ്ചുതിരിയിട്ട
ദാരുചിത്രമുണ്ടാവും...

പുകയില്ലാത്ത അടുപ്പാവും മുന്‍‌പ്
അവസാനത്തെ
ആളിക്കത്തലിനു മുന്‍‌പ്
കുഴി മാന്തി, കൊള്ളി വെക്കുമ്പോള്‍
നുരയും പതയുമൊലിച്ചിറങ്ങുന്ന
വായുമേന്തി
തിളങ്ങുന്ന കാതുകളുമായ് നിന്നിരുന്ന
തുരുമ്പിച്ച അടുപ്പ്...

ഇപ്പോള്‍
കലപില കൂട്ടുന്ന ചവയിലാച്ചികള്‍ക്കൊപ്പം
വാഴത്തടത്തിലെ ഉച്ചത്തണലിലുണ്ടാവും...

Subscribe Tharjani |