തര്‍ജ്ജനി

അനിത തമ്പി

നീലാംബരി, നെടുമ്പാറ, ഏണിക്കര, കരകുളം പി.ഒ., തിരുവനന്തപുരം- 695 564

Visit Home Page ...

കവിത

പ്രണയത്തെപ്പറ്റി, പഴയ മട്ടില്‍.

മന്ത്രവാദിയെപ്പോലെ നീയൊറ്റ
ക്കയ്യുവീശലാല്‍ പച്ചയായ് മാറ്റി
ആര്‍ത്തലച്ചു പായും പുഴ വക്കില്‍
നട്ടുപോന്ന പെണ്‍കുട്ടിക്കു വേണ്ടി
നീലവാനം വരയ്ക്കുന്നു മിന്നല്‍
മാരിവില്ലുകള്‍ കാര്‍മുകില്‍മാല.
മാറി മാറി, വളര്‍മതീബിംബം,
കൊച്ചുകൊച്ചു നക്ഷത്രങ്ങള്‍, സൂര്യന്‍-

പച്ചയായ പെണ്‍കുട്ടിക്കു താഴെ
ആര്‍ത്തുപായുന്ന വന്‍പുഴ, വക്കില്‍
താണിടിഞ്ഞു വീഴുന്ന മണ്‍ തിട്ട.

വേരിറക്കുവാനാവാത്ത വെള്ള-
ക്കുത്തില്‍ വീണുപോവാതെ,
തളിര്‍ക്കാനായുമാദിമ ജീവന്റെ
കണ്ണാല്‍
കാണ്‍കയാണ് പച്ചച്ച പെണ്‍കുട്ടി
വാനിലെച്ചിത്രവേലകള്‍ നിത്യം.

Subscribe Tharjani |